ജയിക്കേണ്ടത് ഇടതുപക്ഷം; പക്ഷെ, അതിനുണ്ടാവണം ഇടതുപക്ഷ രാഷ്ട്രീയം
ഡോ ആസാദ് തങ്ങളെ അഭിസംബോധന ചെയ്യാതെ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളാരംഭിക്കാന്‍ സാധ്യമല്ലെന്ന് ഇടതുപക്ഷത്തെ പ്രത്യാശാപൂര്‍വ്വം കാത്തിരിക്കുന്നവര്‍ കണക്കുകൂട്ടുന്നുണ്ട്. അതു പ്രകടന പത്രികയെക്കുറിച്ചുള്ള പകല്‍ക്കിനാവല്ല. ഒരു ലഘുലേഖ വീശിക്കാണിച്ച് എളുപ്പം കടന്നുപോകാവുന്ന തെരുവുയോഗത്തിലെ കാണികളല്ല അവര്‍. അടിസ്ഥാന വികസന സംരംഭങ്ങളുടെ നടത്തിപ്പിന് അതിവേഗ – വിസ്തൃത പാതകളൊരുക്കാന്‍ മണ്ണും ജീവിതവും പിടിച്ചു പറിക്കപ്പെട്ടവര്‍, നെല്‍വയലുകളും നീര്‍ത്തടങ്ങളും അപഹരിക്കപ്പെട്ടവര്‍, മാലിന്യ മഴകള്‍ക്കും വിഷസ്‌ഫോടനങ്ങള്‍ക്കും ഇരകളാക്കപ്പെട്ടവര്‍, പാര്‍ക്കാന്‍ വീടും അധ്വാനിക്കാന്‍ മണ്ണും വന്നുചേരുമെന്ന കാത്തിരിപ്പിന് കബളിപ്പിക്കപ്പെട്ടവര്‍, ഇതു നിങ്ങളുടെ ലോകമല്ലാ ഇക്കാണുന്നതൊന്നും […]
തങ്ങളെ അഭിസംബോധന ചെയ്യാതെ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളാരംഭിക്കാന്‍ സാധ്യമല്ലെന്ന് ഇടതുപക്ഷത്തെ പ്രത്യാശാപൂര്‍വ്വം കാത്തിരിക്കുന്നവര്‍ കണക്കുകൂട്ടുന്നുണ്ട്. അതു പ്രകടന പത്രികയെക്കുറിച്ചുള്ള പകല്‍ക്കിനാവല്ല. ഒരു ലഘുലേഖ വീശിക്കാണിച്ച് എളുപ്പം കടന്നുപോകാവുന്ന തെരുവുയോഗത്തിലെ കാണികളല്ല അവര്‍. അടിസ്ഥാന വികസന സംരംഭങ്ങളുടെ നടത്തിപ്പിന് അതിവേഗ – വിസ്തൃത പാതകളൊരുക്കാന്‍ മണ്ണും ജീവിതവും പിടിച്ചു പറിക്കപ്പെട്ടവര്‍, നെല്‍വയലുകളും നീര്‍ത്തടങ്ങളും അപഹരിക്കപ്പെട്ടവര്‍, മാലിന്യ മഴകള്‍ക്കും വിഷസ്‌ഫോടനങ്ങള്‍ക്കും ഇരകളാക്കപ്പെട്ടവര്‍, പാര്‍ക്കാന്‍ വീടും അധ്വാനിക്കാന്‍ മണ്ണും വന്നുചേരുമെന്ന കാത്തിരിപ്പിന് കബളിപ്പിക്കപ്പെട്ടവര്‍, ഇതു നിങ്ങളുടെ ലോകമല്ലാ ഇക്കാണുന്നതൊന്നും നിങ്ങളുടേതല്ലാ എന്ന് എപ്പോഴും ആട്ടിയോടിക്കപ്പെടുന്നവര്‍, അരക്ഷിതരും അസംഘടിതരുമായി അടിമകളെപ്പോലെ തൊഴിലെടുക്കാനും അവിചാരിതമായി എടുത്തെറിയപ്പെടാനും നിര്‍ബന്ധിക്കപ്പെടുന്നവര്‍,.. ആ നിര അങ്ങനെ നീണ്ടുപോകും. അവരുടെ വീര്‍പ്പുകളും പിടച്ചിലുകളും പ്രതിഷേധങ്ങളും പൊട്ടിത്തെറികളും നീണ്ടുനീണ്ടു പോകുന്ന പ്രക്ഷോഭങ്ങളും പലേടങ്ങളിലായി ടാര്‍പ്പായച്ചായ്പ്പില്‍ അണയാത്ത മുദ്രാവാക്യങ്ങളുടെ തീനാളങ്ങളുയര്‍ത്തുന്നുണ്ട്. അവരാണ് കാത്തിരിക്കുന്നത്.
അവരോടൊന്നു പറയൂ. ഈ വേദന ഞങ്ങളുടേതുകൂടിയാണ്. ഈ പ്രക്ഷോഭം നയിക്കാനാണ് ഞങ്ങളെ വിജയിപ്പിക്കേണ്ടത്. ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ പിന്നെ കുടിയൊഴിപ്പിക്കലുകളില്ല. അമ്പത്തിയേഴിലെ വാഗ്ദാനത്തില്‍നിന്ന് ഒരിഞ്ചുപോലും പിറകോട്ടു പോകില്ല. വികസനമെന്നത് മനുഷ്യരുടെ മുഴുവന്‍ പുരോഗതിയാണ്. സമസ്തജീവജാലങ്ങളെയും പരിരക്ഷിക്കുന്ന വിശാലമായ പരിസ്ഥിതി ബോധം ഞങ്ങളെ നയിക്കുന്നു. നീര്‍ത്തടങ്ങള്‍ നികത്തുകയില്ല. കുന്നുകളിടിക്കില്ല. ജലസ്‌ത്രോതസ്സുകള്‍ മലിനമാക്കില്ല. പാറ ജല വന മണ്ണ് വായു മാഫിയകള്‍ക്ക് കീഴടങ്ങുകയില്ല. പൗരന്മാരുടെ ജനാധിപത്യാവകാശം സംരക്ഷിക്കപ്പെടും. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന, അനീതികള്‍ വിതക്കപ്പെടുന്ന എല്ലായിടങ്ങളിലും ഉയരുന്ന സമരങ്ങളില്‍ ഞങ്ങളുമുണ്ടാവും. പറയാനാവുമോ അങ്ങനെ?
അന്താരാഷ്ട്ര ധനമേധാവിത്ത സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും വിടുപണി നടത്തുന്ന രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയമല്ല. അങ്ങനെ വന്നു ഭവിച്ചുവെങ്കിലോ പറയാം മാപ്പ്. തിരുത്താന്‍ ഇതാ തയ്യാറാവുന്നു. പറയുമോ അങ്ങനെ? ഞങ്ങള്‍ക്കു തെറ്റു പറ്റില്ല, അവസാനത്തെ വിചാരണ ഞങ്ങളുടേതാണ്. കൊലയാളികളെന്ന് ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥ പറയുന്നതുകൊണ്ട് ആരും കുറ്റവാളിയാവില്ല. ഞങ്ങളുടെ അന്വേഷണത്തിലും ബോധ്യമാവണം എന്നിങ്ങനെയുള്ള ഞങ്ങള്‍മേന്മയുടെ ധാര്‍ഷ്ട്യം ഉപേക്ഷിക്കാനാവുമോ നിങ്ങള്‍ക്ക്? സാമാന്യ ജനങ്ങള്‍ക്കു ബാധകമായതൊക്കെയും ഞങ്ങള്‍ക്കും ബാധകമാണ് എന്നു വിനീതമായി അംഗീകരിക്കാനാവുമോ? ജനങ്ങള്‍ക്കു നിഷേധിക്കപ്പെടുന്ന ഒരു സുഖവും ഞങ്ങള്‍ക്കു വേണ്ട എന്നു കോര്‍പറേറ്റുകളെ തള്ളിപ്പറയാനാവുമോ നിങ്ങള്‍ക്ക്?
കൊണ്ടുവരാമോ ഭൂപരിഷ്‌ക്കരണത്തിന്റെ അടുത്ത ഘട്ടം? കൃഷി, വ്യവസായം, പാര്‍പ്പിടം, വനം, എന്നിങ്ങനെ ഭൂമിയെ തിരിക്കാമോ? ഒരാള്‍ക്കു കൈവശം വെക്കാവുന്ന പരമാവധി ഭൂമി പതിനഞ്ചേക്കര്‍ എന്നത് പുതിയ സാഹചര്യത്തില്‍ ആനുപാതികമായി കുറയ്ക്കാനും മിച്ച ഭൂമി കണ്ടെത്താനും കരുത്തു കാട്ടുമോ? യുദ്ധകാലാടിസ്ഥാനത്തില്‍ ഭൂരഹിതരെയും ഭവന രഹിതരെയും പുനരധിവസിപ്പിക്കലാണ് രാജ്യം ആവശ്യപ്പെടുന്ന അടിയന്തിര വികസനമെന്ന് തിരിച്ചറിയാന്‍ സന്നദ്ധമാവുമോ? മുന്‍ഗണനാക്രമങ്ങള്‍ മാറുന്നത് നിഷ്‌ക്കളങ്കമായല്ലെന്നും കൊടും കൊള്ളയുടെ കൂട്ടിരിക്കല്‍മൂലമാണെന്നും സമ്മതിക്കാനാവുമോ? വിവേചനഭീകരതക്കിരയാവുന്ന ആദിവാസി ദളിത കീഴാള ജീവിതങ്ങളെ കൂട്ടിപ്പിടിച്ചേ ഏതുയരങ്ങളിലേക്കും കേരളീയ ജനതക്ക് ഉയരേണ്ടതുള്ളൂ എന്നു ധീരമായി പ്രഖ്യാപിക്കാനാവുമോ? നമ്മുടെ മണ്ണും ധനവും സമ്പത്തും കൊള്ളയടിച്ച് വീര്‍ത്തു തടിച്ചവരില്‍നിന്ന് അതു തിരിച്ചു പിടിക്കാന്‍ ത്രാണിയുണ്ടാവുമോ?
വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, നികുതി, സാമൂഹിക ക്ഷേമം, വ്യവസായം, കൃഷി ഇങ്ങനെ മേഖല ഏതുമാവട്ടെ, ജനപക്ഷ നിലപാടുകളാണ് പ്രധാനമെന്ന് പൊരുതി നില്‍ക്കാന്‍ കോര്‍പറേറ്റ് തമ്പുരാന്മാരെ പിണക്കേണ്ടിവരും. ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ക്കു തല കുനിച്ച് ഒപ്പുവെച്ച ഭൂതകാലത്തോട് കലഹിക്കേണ്ടി വരും. നവലിബറല്‍ ഭ്രമക്കാഴ്ച്ചയില്‍ സോഷ്യലിസമെന്ന മോഹലോകംതന്നെ കളഞ്ഞു കുളിച്ച ഉദാസീനതക്ക് പരിഹാരം തേടേണ്ടിവരും. എല്ലാ ഭൂഖണ്ഡങ്ങളിലും പുതിയ പോരാട്ടങ്ങള്‍ ആ പഴയ മുദ്രാവാക്യത്തിലേക്ക് മടങ്ങി വരികയാണ്. ബദല്‍ സോഷ്യലിസം മാത്രം. അതു പറയാന്‍ ഇടതു പക്ഷത്തിനാവണം. അഥവാ അപ്പോള്‍ മാത്രമേ പേരും പതാകയും എന്തു തന്നെയായാലും പ്രസ്ഥാനം ഇടതുപക്ഷമായിത്തീരൂ.
ജനങ്ങള്‍ ഇടതുപക്ഷത്തെ പ്രതീക്ഷയായി കാണുമ്പോള്‍, അവരെ അഭിമുഖീകരിക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് മരുപടി നല്‍കാനും ഇടതുപക്ഷത്തിന് ബാധ്യതയുണ്ട്. നിങ്ങള്‍ ആരുടെ കൂടെ എന്ന വളരെ പഴയ ആ ചോദ്യമാണ് ഇപ്പോഴും ഉത്തരം കാത്തു കഴിയുന്നത്. ഒപ്പമുണ്ട് ഒപ്പമുണ്ട് എന്നു പലപ്പോഴായി മോഹിപ്പിച്ചവരൊക്കെ ധനാഢ്യരുടെയും മൂലധനശക്തികളുടെയും പങ്കുകാരാണല്ലോ എന്ന ഖേദമാണ് ജനങ്ങളെക്കൊണ്ട് ആ ചോദ്യം ചോദിപ്പിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in