ഗൃഹാതുരത്വത്തിന്റെ വായനാദിനവും വാരവും.
പുസ്തകവായനയെകുറിച്ചുള്ള പതിവുവാചാടോപങ്ങളുമായി ഒരു വായനാദിനവും വായനാവാരവും കടന്നു പോയി. മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ചതായി അവകാശപ്പെടുന്ന പി.എന്‍ പണിക്കറുടെ ചരമദിനമായ ജൂണ്‍ 19 ആണ് വായനാദിനമായി ആചരിക്കുന്നത്. തുടര്‍ന്നുള്ള വാരം വായനാവാരവും. വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും.. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്തമായ ഈ വരികളാണ് ഈ ദിനങ്ങളില്‍ ഏറ്റവും ഉദ്ധരിക്കപ്പെടുന്നത്. എന്നാല്‍ വായനയെന്നാല്‍ അച്ചടിച്ച പുസതകവായന മാത്രമാണെന്ന ധാരണയില്‍ വായന മരിക്കുന്നുവെന്ന വിങ്ങിപ്പൊട്ടലാണ് പലര്‍ക്കും. പുതുയുഗത്തില്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ആധിക്യം വായനയെ […]
പുസ്തകവായനയെകുറിച്ചുള്ള പതിവുവാചാടോപങ്ങളുമായി ഒരു വായനാദിനവും വായനാവാരവും കടന്നു പോയി. മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ചതായി അവകാശപ്പെടുന്ന പി.എന്‍ പണിക്കറുടെ ചരമദിനമായ ജൂണ്‍ 19 ആണ് വായനാദിനമായി ആചരിക്കുന്നത്. തുടര്‍ന്നുള്ള വാരം വായനാവാരവും.
വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും.. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്തമായ ഈ വരികളാണ് ഈ ദിനങ്ങളില്‍ ഏറ്റവും ഉദ്ധരിക്കപ്പെടുന്നത്. എന്നാല്‍ വായനയെന്നാല്‍ അച്ചടിച്ച പുസതകവായന മാത്രമാണെന്ന ധാരണയില്‍ വായന മരിക്കുന്നുവെന്ന വിങ്ങിപ്പൊട്ടലാണ് പലര്‍ക്കും. പുതുയുഗത്തില്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ആധിക്യം വായനയെ കൊല്ലുന്നു എന്ന് പറഞ്ഞ്, പുസ്തക ലോകത്തേക്ക് മലയാളിയെ തിരിച്ചു വിടാന്‍ ശ്രമിക്കുന്ന ഭൂതകാലത്തിന്റെ ഉപാസകരാണ് കൂടുതലും. പുസ്തക വായനയുടെ സുഖം ‘ഇവായന’ക്കുണ്ടാകുന്നില്ല എന്നാണവരുടെ അവകാശവാദം. മറ്റെല്ലാ വിഷയത്തിലുമെന്നപോലെ തങ്ങളുടെ കാലം മനോഹരമാണെന്നും പുതുതലമുറയെ എന്തിനുകൊള്ളാം എന്നുമുള്ള സ്ഥിരം പല്ലവിയാണ് ഈ ദിനങ്ങളില്‍ ഏറ്റവുമധികം മുഴങ്ങികേള്‍ക്കാറ്. ഇക്കുറിയും അതുതന്നെ.
വാസ്തവത്തില്‍ ആര്‍ക്കൊക്കെയാണ് ഇന്നത്തെ രീതിയിലുള്ള വായന അതേപടി നിലനില്‍ക്കണമെന്ന ആഗ്രഹമുള്ളത് എന്നു പരിശോധിക്കുന്നത് രസകരമായിരിക്കും. പത്രസ്ഥാപനങ്ങളും പുസ്തകപ്രസാധകരും എഴുത്തുകാരും മലയാളം അധ്യാപകരുമാണ് അതില്‍ മുന്നില്‍. ഇവരുടെ ഓരോരുത്തരുടേയും താല്‍പ്പര്യം പ്രകടം. അത് സാമൂഹ്യമാണെന്നു കരുതാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. സ്വന്തം നിലനില്‍പ്പിന്റെ താല്‍പ്പര്യത്തെ കേരളത്തിന്റെ പൊതുപ്രശ്‌നമായി അവതരിപ്പിക്കാന്‍ ഇവരെല്ലാം വിദഗ്ധരാണെന്നു മാത്രം. വായന എന്നതിനേക്കാള്‍ പുസ്തകവായന, പത്രവായന എന്നീ പദങ്ങളാണല്ലോ ഇവരെല്ലാം ഉപയോഗിക്കുന്നത്. ജനങ്ങള്‍ പുസ്തകം വാങ്ങി വായിച്ചില്ലെങ്കില്‍ പ്രസാധകര്‍ എന്തുചെയ്യും?എഴുത്തുകാര്‍ക്ക് പണം മാത്രമല്ല, സാംസ്‌കാരിക നായകരെന്ന പദവിയും നഷ്ടപ്പെടും. പത്രക്കാരുടെ കാര്യം പ്രതേകിച്ച് പറയാനില്ലല്ലോ. ഇ വായനക്കുമാത്രമല്ല, ഇംഗ്ലീഷ് പത്ര വായനക്കുപോലും അവരെതിരാണ്. പിന്നെ ഇപ്പോള്‍ ഇവരുടേയും ഓണ്‍ലൈന്‍ പതിപ്പുകള്‍ സജീവമായതിനാല്‍ ഇ വായനയെ കാര്യമായി എതിര്‍ക്കുന്നില്ല എ്ന്നു മാത്രം. അധ്യാപകരുടെ കാര്യമോ ? ഗുരുവിനും ശിഷ്യനുമിടയില്‍ പുസ്തകം ഗുരുതരമായ തടസ്സമാണെന്ന കുഞ്ഞുണ്ണിമാഷുടെ തന്നെ വരികള്‍ അവര്‍ ഉദ്ധരിക്കാറേയില്ല. ഇവര്‍ തന്നെയാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ അട്ടഹാസം മുഴക്കുന്നതിലും മുന്നില്‍ നില്‍ക്കുന്നത്.
ആരും പുസ്തകം വായിക്കേണ്ട എന്നല്ല പറഞ്ഞു വരുന്നത്. പുസ്തകവായന നിര്‍ബന്ധിച്ച് നിലനിര്‍ത്താനാകില്ല, ആവശ്യവുമില്ല എന്നാണ്. പുതുതലമുറ അവര്‍ക്കിഷ്ടപ്പെട്ട വിഷയം ഇഷ്ടപ്പെട്ട രീതിയില്‍ വായിക്കും. അത് പരമ്പരാഗത പുസ്തകം തന്നെ ആകണമെന്നില്ല. സിവിക് ചന്ദ്രന്‍ എഴുതിയപോലെ, ”പെട്രോളിന് മുമ്പ് കല്‍ക്കരിയായിരുന്നു ഇന്ധനം. കല്‍ക്കരി ഏതാണ്ട് തീര്‍ന്നതോടെ പുതിയൊരു ഇന്ധനം കണ്ടുപിടിക്കപ്പെട്ടു. പെട്രോളും ഡീസലും തീരുകയാണ്. പുതിയ ഒരു ഇന്ധനത്തിനുള്ള ഗവേഷണങ്ങള്‍ പൊടിപൊടിക്കുന്നു. ഇതിലെല്ലാം അസ്വാഭാവികമായി എന്തുണ്ട്? അച്ചടിയും പുസ്തകവും കണ്ടുപിടിക്കുന്നതിന് മുമ്പ് വാമൊഴിയായിരുന്നു വിനിമയ മാധ്യമം. പിന്നീടത് വരമൊഴിയായി. വരമൊഴി അവസാനിക്കുന്നത് സ്വാഭാവികം മാത്രം. ഈ ലോകം വാമൊഴിയുടേതോ വരമൊഴിയുടേതോ അല്ല, തിരമൊഴിയുടേതാണ്. പെട്രോള്‍ അവസാനിച്ച് കഴിഞ്ഞിട്ടും ഇപ്പോഴും കല്‍ക്കരി അടുപ്പുകള്‍ കത്തിക്കുന്നവരുണ്ടാകാം. പക്ഷേ ഇത് കല്‍ക്കരിയുടെ കാലമല്ലല്ലോ. കല്ക്കരി തിന്നല്ല ഒരു തീവണ്ടിയുമിപ്പോള്‍ കൂകിപ്പായുന്നത്. പുസ്തകം വന്നിട്ടും നാം വര്‍ത്തമാനം പറച്ചില്‍ അവസാനിപ്പിച്ചിട്ടില്ല. പുസ്തകം അവസാനിച്ചാലും പുസ്തക വായന അവസാനിക്കണമെന്നില്ല. എങ്കിലും പുസ്തകം അവസാനിച്ചു, വരമൊഴി അവസാനിച്ചു, ഇനി തിരമൊഴിയുടെ കാലം എന്ന് വിളിച്ചു പറയേണ്ട കാലമായിരിക്കുന്നു.
പെരുക്കപ്പട്ടിക മനഃപാഠമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. കണക്കു മാഷുടെ പിച്ചും തിരുമ്മും അടിയും കൊണ്ട് പതിനാറ് വരെയുള്ള പെരുക്കപ്പട്ടിക ഞാനും കാണാപ്പാഠമാക്കിയതാണ്. നല്ല കാര്യം. കൂര്‍ക്കം വലിച്ച് കിടക്കുമ്പോള്‍പോലും ചോദിച്ചോളൂ: പതിനാറ് പതിനാറ്? ഇരുന്നൂറ്റി അമ്പത്തിയാറ്. പതിമൂന്ന് പതിമൂന്ന്? നൂറ്റിഅറുപത്തി ഒമ്പത്. പന്ത്രണ്ട് പന്ത്രണ്ട്? നൂറ്റി നാല്‍പ്പത്തിനാല്. പക്ഷെ എല്‍.കെ.ജിയില്‍ പോകാന്‍ തുടങ്ങിയ എന്റെ കൊച്ചുമോള്‍ എന്തിന് എന്നെപോലെ പെരുക്കപ്പട്ടിക മനഃപ്പാഠമാക്കണം? അവളുടെ സ്‌കൂള്‍ ബാഗില്‍ കാല്‍ക്കുലേറ്റര്‍ ഉണ്ടല്ലോ, പിന്നെന്തിന്?” വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ, പുത്തനൊരായുധമാണ് നിനക്കത്, പുസ്തകം കൈയിലെടുക്കൂ എന്ന മുദ്രാവാക്യത്തിന്റഎ കാലമൊക്കെ കഴിഞ്ഞു എന്നര്‍ത്ഥം.
വായനയുമായി ബന്ധപ്പെട്ടുതന്നെയാണ് ലൈബ്രറികളുടേയും പ്രശ്‌നം. കേരളത്തിലങ്ങോളമിങ്ങോളമായി ആയിരകണക്കിനു ലൈബ്രറികളുണ്ട്. ഒരു കാലത്തെ സാമൂഹ്യജീവിതത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നവ. നാട്ടിലെ സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെ കേന്ദ്രവുമായിരുന്നു അവ. അതെല്ലാം സത്യം. എന്നാലിപ്പോഴെന്താണ് അവസ്ഥ? ഏതാനും നഗരങ്ങളിലെ പബ്ലിക് ലൈബ്രറികളില്‍ പുസ്തകമെടുക്കാനും വായിക്കാനും ഏതാനും പേര്‍ വരുന്നുണ്ടാകാം. 90 ശതമാനം ലൈബ്രറികളുടേയും അവസ്ഥ എന്താണ്? അംഗങ്ങള്‍ പുസ്തകമെടുത്തതായും തിരിച്ചുകൊണ്ടുവന്നതായും കള്ളരജിസ്റ്റര്‍ ഉണ്ടാക്കലാണ് ലൈബ്രേറിയന്റെ പ്രധാന തൊഴില്‍. നുണയാണെന്നറിഞ്ഞിട്ടും അതെല്ലാം നോക്കി വര്‍ഷാവര്‍ഷം കോടികണക്കിനുരൂപയാണ് ഈ ലൈബ്രറികള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നത്. അതും നേരത്തെ പറഞ്ഞ നമ്മുടെ നൊസ്റ്റാള്‍ജിയക്കുവേണ്ടിതന്നെ. ഒരിക്കല്‍ എന്‍ ബി എസിനെ രക്ഷിക്കാന്‍ വേണ്ടി സംസ്ഥാനത്തെ എല്ലാ സഹകരണസംഘങ്ങളിലും ലൈബ്രറി ആരംഭിച്ച് അവിടേക്കുള്ള പുസ്തകങ്ങള്‍ എന്‍ബിഎസില്‍ നിന്നു വാങ്ങിപ്പിക്കുകയുണ്ടായി. മന്ത്രിയായിരുന്ന ജി സുധാകരന്റെ ബുദ്ധിയായിരുന്നു അത്. ഏതെങ്കിലും സംഘത്തില്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ടോ? എന്‍ബിഎസ് രക്ഷപ്പെട്ടോ? ഈ ഗ്രാന്റ് നല്‍കുന്ന തുക അശരണരായ വൃദ്ധജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ഉപയോഗിച്ചെങ്കില്‍ എത്ര നന്നായിരിക്കും. കൃത്രിമ സാസ്വോച്ഛാസം നല്‍കി നിലനിര്‍ത്തേണ്ട ഒന്നല്ല പുസ്തകവായന. മറ്റൊന്നുകൂടി. പുതുതലമുറക്ക് വായനാശീലമില്ലെങ്കില്‍ അതില്‍ വായനയുടെ ഉപാസകരായിരുന്ന രക്ഷിതാക്കള്‍ക്കും പങ്കില്ലേ? അവരെ പാഠപുസ്തകങ്ങളൊഴികെ മറ്റെന്തെങ്കിലും വായിക്കാന്‍ അനുവദിക്കാറുണ്ടോ? കുട്ടികള്‍ അവര്‍ക്കാവശ്യമുള്ളത്, താല്‍പ്പര്യമുള്ള രീതിയില്‍ വായിക്കും. നമുക്കിഷ്ടപ്പെടുന്നതാവണം അവര്‍ക്കിഷ്ടപ്പെടുന്നതെന്നു ധരിക്കുന്നതാണ് തെറ്റ്. ഇ വായന വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുസ്തകങ്ങളേക്കാള്‍ എത്രയോ സൗകര്യപ്രദമാണത്.
മുമ്പ് വായനശാലകളില്‍ സര്‍ഗ്ഗാത്മക ചര്‍ച്ചകളും നടന്നിരുന്നു. ഇന്നതില്ല എന്നു വിലപിക്കുന്നവരും ഉണ്ട്. ഇന്നും ചര്‍ച്ചകളൊക്കെ നടക്കുന്നുണ്ട്. വായനശാലകളിലാവണമെന്നില്ല മാത്രം . ചിലപ്പോള്‍ ബാറുകളിലാകാം. അടുത്തയിടെ സാഹിത്യ അക്കാദമി ഹാളില്‍ ഒരു ചര്‍ച്ച നടക്കുമ്പോള്‍ പുറത്തിരുന്ന് ചര്‍ച്ചകള്‍ നടത്തിയിരുന്ന ചെറുപ്പക്കാരെ നോക്കി ചില പ്രാസംഗികര്‍ പറഞ്ഞത് യുവതലമുറ എന്തേ ഇങ്ങനെ പോകുന്നു എന്ന്? സത്യത്തില്‍ അകത്തെ ചര്‍ച്ചകളേക്കാള്‍ എത്രയോ ഉയര്‍ന്ന ചര്‍ച്ചകളാണ് പുറത്തു നടക്കുന്നത്. പണ്ടൊരിക്കല്‍ അക്കാദമി പ്രസിഡന്റായിരുന്ന എം മുകുന്ദന്‍ തന്നെ അത് സമ്മതിച്ചിരുന്നു. വായനയുടെ കാര്യത്തിലും ഇതാണ് ശരി. ഗൃഹാതുരത്വം പ്രഖ്യാപിക്കുന്ന ഈ വായനാദിനവും വായനാവാരവും അവയുമായി ബന്ധപ്പെട്ട സ്ഥിരം ചടങ്ങുകളും അവസാനിപ്പിക്കുകയാണ് ഉചിതം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in