ക്യാമ്പില്‍ നിന്നും ജാതി കോളനികളിലേക്ക് തിരിച്ചു പോകുന്നവര്‍ക്ക് പറയാനുള്ളത്.
എസ് എം രാജ് മേലാളനും കീഴാളനും ഒന്നിച്ചുണ്ടുറങ്ങിയ കാല്‍പ്പനീക ക്യാമ്പ് വിശേഷങ്ങള്‍ കഴിഞ്ഞുവെങ്കില്‍ നമുക്കൊരല്‍പ്പം കാര്യം പറയാം . സമ്പന്നതയില്‍ കഴിഞ്ഞ ആളുകള്‍ ഒരു നിമിഷം കൊണ്ട് കിടപ്പാടം പോയതിന്റെ ,ഭക്ഷണം ഇല്ലാത്തതിന്റെ വസ്ത്രം ഇല്ലാത്തതിന്റെ ,വെള്ളം ഇല്ലാത്തതിന്റെ ,മരുന്നും കറണ്ടും ഇല്ലാത്തതിന്റെ ,എല്ലാത്തിനുമുപരി ഒറ്റപ്പെടലിന്റെ കടുത്ത വേദനകള്‍ അറിഞ്ഞ ക്യാമ്പ് ദിനങ്ങള്‍ കഴിഞ്ഞ് അവരവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയിരിക്കുകയാണ് .അവരില്‍ മിക്കവര്‍ക്കും ക്യാമ്പ് വലിയ തിരിച്ചറിവിന്റെ ഉള്‍വിളികളുടെ കാലമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ നിരന്തരം കാണുന്നുണ്ട് . ജാതിക്കും […]
എസ് എം രാജ്
മേലാളനും കീഴാളനും ഒന്നിച്ചുണ്ടുറങ്ങിയ കാല്‍പ്പനീക ക്യാമ്പ് വിശേഷങ്ങള്‍ കഴിഞ്ഞുവെങ്കില്‍ നമുക്കൊരല്‍പ്പം കാര്യം പറയാം . സമ്പന്നതയില്‍ കഴിഞ്ഞ ആളുകള്‍ ഒരു നിമിഷം കൊണ്ട് കിടപ്പാടം പോയതിന്റെ ,ഭക്ഷണം ഇല്ലാത്തതിന്റെ വസ്ത്രം ഇല്ലാത്തതിന്റെ ,വെള്ളം ഇല്ലാത്തതിന്റെ ,മരുന്നും കറണ്ടും ഇല്ലാത്തതിന്റെ ,എല്ലാത്തിനുമുപരി ഒറ്റപ്പെടലിന്റെ കടുത്ത വേദനകള്‍ അറിഞ്ഞ ക്യാമ്പ് ദിനങ്ങള്‍ കഴിഞ്ഞ് അവരവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയിരിക്കുകയാണ് .അവരില്‍ മിക്കവര്‍ക്കും ക്യാമ്പ് വലിയ തിരിച്ചറിവിന്റെ ഉള്‍വിളികളുടെ കാലമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ നിരന്തരം കാണുന്നുണ്ട് . ജാതിക്കും മതത്തിനുമതീതമായി മനുഷ്യര്‍ പരസ്പരം സ്‌നേഹിച്ച ,താങ്ങും തണലുമായി നിന്നതിന്റെ മഹാകാവ്യങ്ങള്‍ ചമയക്കുന്ന മേല്‍ജാതി ഇടത്തരക്കാര്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. നിങ്ങള്‍ ഏതാനും ദിവസങ്ങള്‍ മാത്രം അനുഭവിച്ച ദുരിതങ്ങളേക്കാള്‍ വലിയ ദുരിതങ്ങള്‍ കഴിഞ്ഞ അറുപത് വര്‍ഷത്തിലേറെയായി അനുഭവിക്കുന്ന ഒരു കൂട്ടം ജനങ്ങള്‍ നിങ്ങളുടെ കണ്മുന്‍പില്‍ തന്നെയുണ്ട് . നിങ്ങള്‍ ജാതി കോളനികള്‍ എന്ന് ഓമനപ്പേരിട്ട്,കളിയാക്കി അയിത്തം പാലിച്ച് അകറ്റി നിര്‍ത്തിയിരിക്കുന്ന 26128 പട്ടികജാതി കോളനികളിലും ,4500 പട്ടികവര്‍ഗ്ഗ കോളനികളിലുമായി താമസിക്കുന്ന ദലിത് ജനതകളാണവര്‍ .ഈ കണക്ക് സര്‍ക്കാര്‍ പറയുന്നതാണ് .ഈ മേഖലയില്‍ പഠനം നടത്തിയ Maya Pramod നെ പോലുള്ളവര്‍ പറയുന്നത് അമ്പതിനായിരത്തിനു മുകളില്‍ പട്ടികജാതി കോളനികളും ഏട്ടായിരത്തിനു മുകളില്‍ പട്ടികവര്‍ഗ്ഗ കോളനികളും ഉണ്ടെന്നാണ് .
നിങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പ് ജാതിരഹിത മലയാളി ഇടം ആയിരുന്നുവെങ്കില്‍ ദലിതര്‍ക്ക് ജാതി മാത്രമുള്ള ഇടങ്ങള്‍ ആണ് കോളനികള്‍. നൂറ്റാണ്ടുകളോളം സവര്‍ണ്ണ ജന്മിയുടെ അടിമകളായി ,മൃഗങ്ങളേക്കാള്‍ മോശം സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വന്നവരാണ് ഇന്ന് കോളനിയില്‍ കഴിയുന്നവരുടെ പൂര്‍വ്വികര്‍ . കേരളത്തിലെ സവര്‍ണ്ണ ജന്മിത്വം അവരെ മാടുകളെപോലെ വില്‍ക്കുകയും ,രാപകല്‍ ഭക്ഷണം പോലും നല്‍കാതെ ജോലിയെടുപ്പിക്കുകയും ,നോട്ടം കൊണ്ട് പോലും ഒരിറ്റു പ്രതിഷേധം കാണിച്ചാല്‍ കൊന്നുകളയുകയും ചെയ്ത ഭൂതകാലത്തിലൂടെ കടന്നുവന്നവരാണ് ഇന്ന് കോളനികളില്‍ താമസിക്കുന്നവര്‍ .ഭൂമിയില്ലാത്തവര്‍ക്ക് സവര്‍ണ്ണ സഖാക്കള്‍ ഭൂമി കൊടുത്തപ്പോള്‍ അവരുടെ കണ്ണില്‍ പെടാന്മാത്രം വലുപ്പമില്ലാതെ പോയ ”ചെറുമക്കളുടെ ” പിന്‍തലമുറകളാണ് ഇന്ന് കോളനികളില്‍ കഴിയുന്നത് .
ജാതി കോളനികളില്‍ അയിത്തക്കാരായി ,അസ്പ്രശ്യരായി ,താഴ്ന്നവര്‍ ആയി ഇക്കാലമത്രയും നാവടക്കി മുണ്ടു മുറുക്കി കഴിഞ്ഞ ദലിതര്‍ക്ക് വീടുണ്ടോയെന്ന് നിങ്ങളില്‍ ആരെങ്കിലും അന്വേഷിച്ചിരുന്നുവോ .അവര്‍ക്ക് കുടിക്കാന്‍ വെള്ളവും തിന്നാന്‍ ഭക്ഷണവും ഉടുക്കാന്‍ വസ്ത്രവും ഉണ്ടോയെന്ന് നിങ്ങള്‍ ഒരിക്കലെങ്കിലും അന്വേഷിച്ചിരുന്നുവോ . അവരുടെ കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പോകുന്നുണ്ടോയെന്ന് നിങ്ങള്‍ തിരക്കിയോ ,എന്തുകൊണ്ട് അവരുടെ മക്കള്‍ പാതിവഴിയില്‍ പഠിത്തം നിര്‍ത്തുന്നതെന്ന് നിങ്ങള്‍ക്കറിയാമോ . അവര്‍ക്ക് വീട്ടിലേക്ക് പോകാന്‍ റോഡുണ്ടോയെന്ന് നിങ്ങള്‍ തിരക്കിയോ.അവരുടെ കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നു മരിച്ചത് ,അമ്മമാര്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാതെ ചോരവാര്‍ന്നു മരിച്ചത് നിങ്ങള്‍ അറിഞ്ഞുവോ . അവരുടെ വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ അടക്കാന്‍ അടുക്കളയില്‍ മണ്ണ് മാന്തിയപ്പോള്‍ നിങ്ങള്‍ ചിരിക്കുകയായിരുന്നു. ഭൂമിക്കായി അവര്‍ മുത്തങ്ങയിലും ചെങ്ങറയിലും സമരം ചെയ്തപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കൊച്ചു സുഖങ്ങളില്‍ രമിക്കുയായിരുന്നു . കേരള നിയമസഭയുടെ മുന്നില്‍ കുടില്‍ കെട്ടി തങ്ങളുടെ തട്ടിയെടുത്ത ഭൂമിക്കായി ആദിവാസികള്‍ സമരം ചെയ്തപ്പോള്‍ അനര്‍ഹമായി കൈവശം വെച്ചനുഭവിക്കുന്ന നിങ്ങളുടെ ഭൂമികള്‍ തട്ടിയെടുക്കാന്‍ വരുന്നവരായി കരുതി ഒപ്പം നില്‍ക്കാതെ ഒറ്റുകാരുടെ ,ആരാച്ചാരുടെ വേഷം കെട്ടി നിങ്ങള്‍ അരങ്ങു തകര്‍ത്തു .ഇന്നും തൊട്ടു കൂടാത്തവരായി ,ദൃഷ്ടിയില്‍ പെട്ടാലും കുഴപ്പമുള്ളവരായി എല്ലാവരാലും ഒറ്റപ്പെടുത്തുന്നവരായി അവര്‍ ജാതി കോളനികളില്‍ കഴിയുകയാണ് .സഖാക്കളായി ,ഗാന്ധിയന്മാരായി ,ധീര ദേശാഭിമാനികളായി ,രാജ്യസ്‌നേഹികളായി .
കേരളം അതിജീവിക്കുകയാണ് എന്ന് കഥ പറയുന്നവരോട് കഴിഞ്ഞ അറുപതു വര്‍ഷമായി അതിജീവിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് എന്ത് താദാത്മ്യം ആണ് ഉള്ളത് .ജാതിയില്ലാത്ത കേരളത്തെ നിങ്ങള്‍ കാല്‍പ്പനീകവല്‍ക്കരിക്കുമ്പോള്‍ ജാതിയുള്ള കേരളം നിത്യാനുഭവം ആകുന്നവര്‍ക്ക് നിങ്ങളോട് എന്ത് താദാത്മ്യം ആണുള്ളത് .കേരളത്തിലെ ജാതി കോളനികള്‍ അതേപടി നിലനിര്‍ത്തുന്ന, ,ഭൂരഹിതരായ ആദിവാസി ദലിതുകള്‍ക്ക് ഭൂമി നല്‍കാത്ത ഒരു നവകേരളം അതാരുടെ നിര്‍മ്മിതി ആണെങ്കിലും അത് പഴയ ഭൂപരിഷ്‌കരണം പോലെ ശൂന്യ സ്വയംഭോഗം മാത്രമായിരിക്കും .കേരളം പോലുള്ള ജാതി വെറിയന്മാര്‍ ഭരിക്കുന്ന ഒരു സ്ഥലത്ത് ഇപ്പോഴും ദലിതര്‍ ബാക്കി നില്‍ക്കുന്നു എന്നത് ഒരു ലോകാത്ഭുതമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിക്കണം .ഒരു വിനീതമായ അപേക്ഷയാണ് .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in