കേരള രാഷ്ട്രീയം വിഎസിലേക്കും വിഎമ്മിലേക്കും
സ്വന്തം പാര്‍ട്ടികള്‍ക്കകത്ത് കാര്യമായ സ്വാധീനമൊന്നും ഇല്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും സമ്മതരാണ് വിഎസും സുധീരനും. ആ ധൈര്യത്തിലാണ് പാര്‍ട്ടിക്കകത്ത് ഇവര്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്. കേന്ദ്രനേതൃത്വങ്ങളുടെ പിന്തുണ ഇരുകൂട്ടരും പ്രതീക്ഷിക്കുന്നു. ഇരുപാര്‍ട്ടികളിലും സംഘടനാ തെരഞ്ഞെടുപ്പാണ് വരുന്നത്. കൂടാതെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്. പിന്നെ നിയമസഭ. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഇവരുടെ പോരാട്ടം ശക്തമാകാനാണിട. സി.പി.എം. ജില്ലാസമ്മേളനങ്ങള്‍ ഇന്നു തുടങ്ങുകയാണ്. അതിനിടെയാണ് വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള പരസ്യയുദ്ധം മൂര്‍ഛിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതു തുടരുമെന്നു […]
സ്വന്തം പാര്‍ട്ടികള്‍ക്കകത്ത് കാര്യമായ സ്വാധീനമൊന്നും ഇല്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും സമ്മതരാണ് വിഎസും സുധീരനും. ആ ധൈര്യത്തിലാണ് പാര്‍ട്ടിക്കകത്ത് ഇവര്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്. കേന്ദ്രനേതൃത്വങ്ങളുടെ പിന്തുണ ഇരുകൂട്ടരും പ്രതീക്ഷിക്കുന്നു. ഇരുപാര്‍ട്ടികളിലും സംഘടനാ തെരഞ്ഞെടുപ്പാണ് വരുന്നത്. കൂടാതെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്. പിന്നെ നിയമസഭ. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഇവരുടെ പോരാട്ടം ശക്തമാകാനാണിട.
സി.പി.എം. ജില്ലാസമ്മേളനങ്ങള്‍ ഇന്നു തുടങ്ങുകയാണ്. അതിനിടെയാണ് വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള പരസ്യയുദ്ധം മൂര്‍ഛിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതു തുടരുമെന്നു വി.എസ്. പ്രഖ്യാപിച്ചു. പി. കൃഷ്‌ണപിള്ളസ്‌മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിഎസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രായം ചൂണ്ടിക്കാട്ടി തന്നെ മൂലയ്‌ക്കിരുത്താമെന്ന വ്യാമോഹം വേണ്ടെന്നും തെരഞ്ഞെടുപ്പുരംഗത്തുനിന്നു മാറാന്‍ ഉദ്ദേശ്യമില്ലെന്നും വി.എസ്. വ്യക്‌തമാക്കി. വി.എസിന്റെ നിലപാടു ശരിയല്ലെന്നും സ്‌മാരകം തകര്‍ത്ത സംഭവത്തില്‍ ആരായാലും പരസ്യപ്രസ്‌താവന ഒഴിവാക്കുന്നതാണു നല്ലതെന്നും പിണറായി മുന്നറിയിപ്പ് നല്‌കി. ടി.പി. വധക്കേസ് പ്രതിയുടെ പരോള്‍ സംബന്ധിച്ചും ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു.
കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത സംഭവത്തില്‍ വി.എസും ഏരിയാ കമ്മറ്റിയംഗം ടി.കെ. പളനിയും നടത്തിയ പ്രസ്‌താവനകള്‍ ശരിയല്ലെന്നാണു പിണറായി പ്രതികരിച്ചത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്‌തമാക്കിയിട്ടുള്ളതാണ്. വി.എസ്. അച്ചടക്കം ലംഘിച്ചോയെന്ന ചോദ്യത്തിന്, നിങ്ങള്‍ക്കങ്ങനെ അഭിപ്രായമുണ്ടെങ്കില്‍ ഉന്നയിക്കാമെന്നും വി.എസ്. ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലെ അഭിപ്രായമാണു പാര്‍ട്ടി വ്യക്‌തമാക്കിയതെന്നുമായിരുന്നു മറുപടി. തെരഞ്ഞെടുപ്പില്‍ വി.എസ്. തുടര്‍ന്നും സജീവമായി രംഗത്തുണ്ടാകും. അത് ഏതു രീതിയിലെന്നതു തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രമാണു തീരുമാനിക്കുന്നതെന്നും പിണറായി തന്ത്രപൂര്‌വ്വം. പറഞ്ഞു.
തെരഞ്ഞെടുപ്പുരംഗത്തുനിന്നു മാറാന്‍ തീരുമാനിച്ചിട്ടില്ലെന്നും താഴെ വീഴുംവരെ പാര്‍ട്ടിയെ സഹായിക്കാന്‍ ഒപ്പമുണ്ടാകുമെന്നും വി.എസ്. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. തനിക്കും പാര്‍ട്ടിക്കും സംഭവിച്ച വീഴ്‌ചകള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സ്വയംവിമര്‍ശനപരമായി പരിശോധിക്കണം. സംസ്‌ഥാന സെക്രട്ടറിയെന്ന നിലയില്‍ പിണറായിയുടെ കുറവുകള്‍ നേരത്തെയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവ പുതിയ സംസ്‌ഥാനസമിതി വിശദമായി പരിശോധിക്കണം. വിഎസിന്റെ വാക്കുകള്‍ പോരാട്ടസൂചനകള്‍ തന്നെയാണ്.
തുടര്‍ന്നും തെരഞ്ഞെടുപ്പുരംഗത്തുണ്ടാകുമെന്ന വി.എസിന്റെ പ്രഖ്യാപനം, പാര്‍ട്ടി പദവിയൊഴിഞ്ഞ് പാര്‍ലമെന്ററി രംഗത്തേക്കു കടക്കാന്‍ തയാറെടുക്കുന്ന പിണറായിക്കുള്ള വെല്ലുവിളിയാണ്. ടി.പി. വധക്കേസില്‍ കെ.സി. രാമചന്ദ്രനു പരോള്‍ കിട്ടിയത് അമ്മയുടെ മരണം മൂലമാണെന്നാണ് അറിഞ്ഞതെന്നും. നിയമാനുസൃതമായാണ് അദ്ദേഹത്തിനു ജാമ്യം ലഭിച്ചതെന്നും പിണറായി പറഞ്ഞു. രാമചന്ദ്രന്റെ പരോള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രിക്കു കത്തയച്ച പശ്‌ചാത്തലത്തിലാണു പാര്‍ട്ടി സെക്രട്ടറി വിരുദ്ധനിലപാടു വ്യക്‌തമാക്കിയത്. വരുംദിവസങ്ങള്‍ കലുഷിതമാകുമെന്നുതന്നെ പ്രതീക്ഷിക്കാം.
മറുവശത്ത് വിഷയം ഇപ്പോഴും മദ്യം തന്നെ. മദ്യവിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും യു.ഡി.എഫ്. സര്‍ക്കാരും ഒറ്റക്കെട്ടായാണു മുന്നോട്ടുപോകുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നു. അതേസമയം മദ്യനയവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിലുണ്ടായ ഭിന്നതകള്‍ തീര്‍ന്നെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത് ഏതു സാഹചര്യത്തിലാണെന്നു മനസിലാകുന്നില്ലെന്നു കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പ്രതികരിച്ചു.
പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. യോജിച്ചു പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വെല്ലാന്‍ ഒരു ശക്‌തിക്കുമാവില്ല. സര്‍ക്കാരിനെതിരേ സി.പി.എം. ഉന്നയിച്ച ആക്ഷേപങ്ങള്‍ ജനം ചെവിക്കൊണ്ടിരുന്നെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റ് യു.ഡി.എഫിനു കിട്ടുമായിരുന്നോയെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
അതേസമയം സര്‍ക്കാര്‍പാര്‍ട്ടി ഏകോപനസമിതി യോഗം ആറിനു വൈകിട്ട് അഞ്ചരയ്‌ക്കു ചേരുമെന്നും അതില്‍ മദ്യനയമുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ചര്‍ച്ചയ്‌ക്കു വരുമെന്നും ആ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ കമന്റ് എന്തിനെന്നു മനസിലാകുന്നില്ലെന്നുമാണ് വിഎം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.. മദ്യനയം സംബന്ധിച്ച തന്റെ നിലപാട് ശക്‌തമായി തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. നിലപാടുകള്‍ കാലത്തിനനുസരിച്ചോ സാഹചര്യമനുസരിച്ചോ മാറുന്നതല്ല. ജനപക്ഷയാത്ര നല്ല ആത്മവിശ്വാസം നല്‍കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്തായാലും ഒന്നുവ്യക്തം. കേരളരാഷ്ട്രീയം ഇനിയുള്ള ദിവസം സജീവമാകും. ഇരുപാര്‍ട്ടികളും നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ അകത്തുനിന്നായിരിക്കും. തീര്‍ച്ചയായും അതൊരു നല്ല പ്രതിഭാസമാണ്. ആശയസമരത്തിലൂടെ പാര്‍ട്ടികള്‍ സ്വയം നവീകരിക്കപ്പെടുകയാണ് ആദ്യം വേണ്ടത്. പിന്നീടാകാം മറ്റു പാര്‍ട്ടികളെ നന്നാക്കാന്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in