കഷ്ടം ചിന്ത ജെറോം

രാഷ്ട്രീയത്തിലെ പുതുതലമുറ എത്രമാത്രം പഴയ തലമുറയാണെന്നതിന് മികച്ച ഉദാഹരണമാണ് എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ചിന്ത ജെറോം. ജെറോം രചിച്ച ചുംബനം, സമരം, ഇടതുപക്ഷം എന്ന പുസ്തകവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം മതി അതു സമര്‍ത്ഥിക്കാന്‍. ചുംബനസമരക്കാര്‍ അരാജ വാദികളാണ്,  സ്മാര്‍ട്ട് ഫോണുകളിലൂടെയും ലാപ്‌ടോപ്പിലൂടെയും വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് തെരുവുകളിലെ സമരവും ജീവിതവും അറിയില്ല, പരനാറികളെ പുണ്യവാളന്‍മാര്‍ ആക്കുന്നതാണ് സ്വാര്‍ത്ഥതയുടെ പുതുരാഷ്ട്രീയം എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. ഫാസിസത്തെ നേരിടുന്നത് അരാജകത്വം കൊണ്ടാണെന്ന് കരുതുന്നത് മൗഡ്യമാണ്,  […]

chinthaരാഷ്ട്രീയത്തിലെ പുതുതലമുറ എത്രമാത്രം പഴയ തലമുറയാണെന്നതിന് മികച്ച ഉദാഹരണമാണ് എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ചിന്ത ജെറോം. ജെറോം രചിച്ച ചുംബനം, സമരം, ഇടതുപക്ഷം എന്ന പുസ്തകവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം മതി അതു സമര്‍ത്ഥിക്കാന്‍.
ചുംബനസമരക്കാര്‍ അരാജ വാദികളാണ്,  സ്മാര്‍ട്ട് ഫോണുകളിലൂടെയും ലാപ്‌ടോപ്പിലൂടെയും വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് തെരുവുകളിലെ സമരവും ജീവിതവും അറിയില്ല, പരനാറികളെ പുണ്യവാളന്‍മാര്‍ ആക്കുന്നതാണ് സ്വാര്‍ത്ഥതയുടെ പുതുരാഷ്ട്രീയം എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. ഫാസിസത്തെ നേരിടുന്നത് അരാജകത്വം കൊണ്ടാണെന്ന് കരുതുന്നത് മൗഡ്യമാണ്,  അരാഷ്ട്രീയമാണ് ചുംബനസമരക്കാരുടെ രാഷ്ട്രീയം, യഥാര്‍ത്ഥ രാഷ്ട്രീയം ഇവരുടെ മനസ്സിന്റെ അതിരുകള്‍ക്കപ്പുറമാണെന്നും ചിന്താ ജെറോം പറയുന്നു.
രാഷ്ട്രീയത്തെപറ്റി മതമൗലികവാദികള്‍ക്കുസമാനമായി തങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ചില അന്ധവിശ്വാസങ്ങളില്‍ നിന്നു പുറത്തുകടക്കുന്നവരെ എന്നും ഇക്കൂട്ടര്‍ വിളിക്കുന്ന പേരുകളാണ് അരാഷ്ട്രീയവാദികള്‍, അരാജകവാദികള്‍ എന്നിങ്ങനെ. രാഷ്ട്രീയത്തില്‍ മാത്രമല്ല, തങ്ങളുടെ ചൊല്പ്പടിയില്‍ നില്ക്കാത്ത സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമല്ലാം അങ്ങനെതന്നെ. തങ്ങള്‍ നിശ്ചയിക്കുന്ന പുരോഗമനത്തിനപ്പുറം ചിന്തിക്കുന്നവരും എഴുതുന്നവരും സമരം ചെയുന്നവരുമെല്ലാം അരാജകവാദികളും അരാഷ്ട്രീയവാദികളും. ഫെമിനിസത്തേയും ഒരുകാലത്ത് അരാജകവാദമായി വ്യാഖ്യാനിച്ചവരാണ് സ്വന്തം നേതാക്കളെന്ന് ജെറോമിനറിയുമോ ആവോ?
ചിന്ത ജെറോമടക്കമുള്ളവരുടെ അന്ധവിശ്വാസം ഒന്നുമാത്രം. തങ്ങളുടെ പാര്‍ട്ടി മാത്രമാണ് ശരി. ആകാശത്തിനു കീഴെയുള്ള എല്ലാവിഷയങ്ങളെകുറിച്ചും പുരോഗമനനിലപാടെന്താണെന്ന് തങ്ങള്‍ തീരുമാനിക്കും. തങ്ങള്‍ ജനങ്ങളെ മുന്നില്‍ നിന്നു നയിക്കാന്‍ എവിടെ നിന്നോ പൊട്ടി വീണവര്‍. വിപ്ലവം തൊഴിലാക്കിയവര്‍. മതവിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗരാജ്യംപോലെ കമ്യൂണിസം എങ്ങനെ വരുമന്ന് മാര്‍ക്‌സ് എഴുതിവെച്ചിട്ടുണ്ട്. അതിനെന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ തന്നെ മതത്തില്‍ പുരോഹിതരെപോലെ, രാഷ്ട്രീയത്തില്‍ പാര്‍ട്ടി നേതാക്കള്‍ ചെയ്തുകൊള്ളും. മറ്റുള്ളവര്‍ അതനുസരിച്ചു നീങ്ങിയാല്‍ മതി.
ചുംബനസമരത്തെ കുറിച്ചുള്ള ജെറോമിന്റെ അഭിപ്രായങ്ങള്‍ ഇതിനപ്പുറം എന്താണ്? സാങ്കേതികപരമായ മാറ്റങ്ങള്‍ പോലും ജെറോം അംഗീകരിക്കുന്നില്ല. പത്രം പോലേയും മൈക്കുപോലേയും ചാനല്‍ പോലേയുമൊക്കെ കാലത്തിനനുസരിച്ച ഒരു മാധ്യമം മാത്രമാണ് ഇന്റര്‍നെറ്റും അനുബന്ധസംഭവങ്ങളും. (സൈബര്‍ പോരാളികളെന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലര്‍ അതിനേക്കാള്‍ മഹത്തരമാണെന്ന് കരുതിയിട്ടുണ്ടെന്നത് നിഷേധിക്കുന്നില്ല) അവയെല്ലാം ഉപയോഗിക്കുന്നവര്‍ ഇതിനെതിരെ ശബ്ദിക്കുന്നതെന്തിനാണാവോ? (അവയും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ടെന്നതുവേറെ കാര്യം. കുറെ വൈകുമെന്നുമാത്രം) ചുംബന സമരം നടന്നത് തെരുവില്‍ തന്നെയായിരുന്നല്ലോ. മതമൗലികവാദികളുടേയും പോലീസിന്റേയും പ്രഹരവും അവര്‍ക്കുലഭിച്ചു.
എന്താണാവോ അരാജകവാദം എന്നതുകൊണ്ട് ജെറോം ഉദ്ദേശിക്കുന്നത്. ലോകത്തെ പുതുതായ എല്ലാ ചിന്തകളേയും പഴമക്കാര്‍ അങ്ങനെയാണ് വിശേഷിപ്പിക്കാറ്. അവസാനത്തെ ഉദാഹരണം മോദി, കെജ്രിവാളിനെ വിശേഷിപ്പിച്ചതായിരുന്നു. അതിനുശേഷം ജെറോമിന്റേയും. പിന്നെ അരാഷ്ട്രീയം. നേരത്തെ സൂചിപ്പിച്ചപോലെ സിപിഎം ചെയുന്നതുമാത്രം രാഷ്ട്രീയമായവര്‍ക്ക് ഇത് അരാഷ്ട്രീയം തന്നെ. ആരുടേയും ആശിര്‍വാദത്തിനു വേണ്ടി അവര്‍ കാത്തുനിന്നില്ലല്ലോ. കേരളം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വിഷയങ്ങളായിരുന്നു പോയ വര്‍ഷം ചുംബനസമരത്തിലൂടേയും നില്പ്പുസമരത്തിലൂടേയും ഉന്നയിക്കപ്പെട്ടത്. അതുമനസ്സിലാക്കാന്‍ മുകളില്‍ സൂചിപ്പിച്ച അന്ധവിശ്വാസം മാറ്റിവെക്കണം. വളരെ ഗൗരവമായ രാഷ്ട്രീയവിഷയമുന്നയിക്കുന്ന കല്ല്യാണ്‍ സാരീസിലെ തൊഴിലാളികള്‍ നടത്തുന്ന സമരത്തിലും ഈ സമരങ്ങളെ പിന്തുണക്കുന്നവരെ മാത്രമേ കാണാനുള്ളു. ജെറോമിനെപോലുള്ളവരെ കാണാനില്ല. മാധ്യമങ്ങളേയും രാഷ്ട്രീയക്കാരേയും യൂണിയനുകളേയും കാണാനില്ല.
ഒരു ഘട്ടത്തില്‍ ചുംബനസമരത്തെ അനുകൂലിച്ച് മുന്നോട്ടുവന്ന എം എ ബേബിയാണ് പുസ്തകം പ്രകാശനം ചെയ്തതെന്നത് മറ്റൊരു വൈരുദ്ധ്യാധിഷ്ഠിതവാദം. പാര്‍ട്ടിയില്‍ സ്വതന്ത്രചിന്ത അനുവദിക്കില്ലെന്നതിന് മറ്റെന്ത് ഉദാഹരണം വേണം? സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാണ് പുസ്തകം പ്രകാശനം ചെയ്തത്. അപക്വമായ മാധ്യമങ്ങളാണ് ചുംബനസമരത്തെ പ്രമോട്ട് ചെയ്തത് എന്നാണത്രെ ബേബി പ്രസംഗിച്ചത്. ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “കഷ്ടം ചിന്ത ജെറോം

  1. ചിന്തയേക്കാൾ എത്രയോ ബേധമായിരുന്നു സിന്ധു അല്ലേ ???

    കഷ്ടം
    സ്വതന്ത്രചിന്ത ഇല്ലാത്ത വിപ്ലവം തൊഴിലാക്കിയവരിൽ ഒരുവൾ

  2. സി.പി.എമ്മിൽ പഴയ തലമുറയുടെ ക്ലോണുകൾ ആണു പുതിയ തലമുറ. ചിന്ത ജെറോമിനും തത്തമ്മേ പൂച്ച പൂച്ച എന്ന് ഉരുവിടാനേ കഴിയൂ. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മൗലികമായ ചിന്താശേഷിയുണ്ടെങ്കിൽ ആരും തന്നെ സി.പി.എമ്മിൽ നിന്ന് പുറത്ത് കടന്നിരിക്കും.

Leave a Reply