കരിമണല്‍ ഖനനവിവാദം : കാണാതെ പോകുന്നത്.
കരിമണല്‍ ഖനന വിവാദം കൊഴുക്കുകയാണ്. കരിമണല്‍ ഖനനം വേണോ വേണ്ടയോ, വേണമെങ്കില്‍ പൊതുമേഖലയില്‍ വേണമോ സ്വകാര്യ മേഖലയില്‍ വേണമോ എന്ന വിഷയമാണ് പ്രധാന ചര്‍ച്ച. പതിവുപോലെ രണ്ടുവിഷയത്തിലും ഏകപക്ഷിയമായ നിലപാടുകളാണ് ഇരുപക്ഷത്തും അണിനിരന്നിരിക്കുന്നവര്‍ സ്വീകരിക്കുന്നത് എന്നു കാണാം. മനുഷ്യസമൂഹം അടിസ്ഥാനപരമായി നേരിടുന്ന വിഷയങ്ങളാണ് സത്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. എന്നാല്‍ അതര്‍ഹിക്കുന്ന ഗൗരവത്തോടെ ഈ വിഷയത്തെ കാണുന്നുണ്ടോ എന്നതു തന്നെയാണ് പ്രസക്തമായ ചോദ്യം. പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തെ കുറിച്ചാണ് ആദ്യത്തെ പ്രശ്‌നം. പ്രകൃതിവിഭവങ്ങള്‍ മുഴുവന്‍ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്, അതു […]
കരിമണല്‍ ഖനന വിവാദം കൊഴുക്കുകയാണ്. കരിമണല്‍ ഖനനം വേണോ വേണ്ടയോ, വേണമെങ്കില്‍ പൊതുമേഖലയില്‍ വേണമോ സ്വകാര്യ മേഖലയില്‍ വേണമോ എന്ന വിഷയമാണ് പ്രധാന ചര്‍ച്ച. പതിവുപോലെ രണ്ടുവിഷയത്തിലും ഏകപക്ഷിയമായ നിലപാടുകളാണ് ഇരുപക്ഷത്തും അണിനിരന്നിരിക്കുന്നവര്‍ സ്വീകരിക്കുന്നത് എന്നു കാണാം. മനുഷ്യസമൂഹം അടിസ്ഥാനപരമായി നേരിടുന്ന വിഷയങ്ങളാണ് സത്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. എന്നാല്‍ അതര്‍ഹിക്കുന്ന ഗൗരവത്തോടെ ഈ വിഷയത്തെ കാണുന്നുണ്ടോ എന്നതു തന്നെയാണ് പ്രസക്തമായ ചോദ്യം.
പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തെ കുറിച്ചാണ് ആദ്യത്തെ പ്രശ്‌നം. പ്രകൃതിവിഭവങ്ങള്‍ മുഴുവന്‍ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്, അതു കൊള്ളയടിക്കാനുള്ള അവകാശം മനുഷ്യനില്ല എന്ന നിലപാട് പൂര്‍ണ്ണമായും ശരിയാണ്. എന്നാല്‍ അതിനാല്‍ മനുഷ്യന് അവയൊട്ടും അവകാശപ്പെട്ടതല്ല എന്ന നിലപാട് അങ്ങേ അറ്റത്തേതാണ്. അത് പരിസ്ഥിതി മൗലികവാദമാണ്. വികസനമൗലികവാദം പോലെ തന്നെ അപകടകരമാണത്.
നാമല്ലാം പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുന്നവര്‍ തന്നെ. പ്രകൃതിയെ കൊള്ളയടിക്കുകയല്ല, സമരസപ്പെട്ട് അതിന്റെ ഭാഗമായി ജീവിക്കുക. അതോടൊപ്പം മറ്റു മൃഗങ്ങളില്‍ വ്യത്യസ്ഥമായി പ്രകൃതിയെ മാറി നിന്ന് നോക്കികാണാന്‍ കഴിവുള്ളവരാണല്ലോ മനുഷ്യന്‍. അതനനുസരിച്ചുള്ള നിലപാടായിരിക്കണം സീകരിക്കേണ്ടത്. വരും തലമുറകള്‍ക്കും കൂടി അവകാശപ്പെട്ടതാണ് പ്രകൃതിവിഭവങ്ങള്‍ എന്നംഗീകരിച്ചുകൊണ്ടുതന്നെ അത് ന്യായമായ രീതിയില്‍ ഉപയോഗിക്കാനുള്ള അവകാശം നമുക്കുണ്ട്. അത് കരിമണല്‍ ഖനനത്തിനും ബാധകമാണ്. കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയാല്‍ ബഹുരാഷ്ട്രകുത്തകകള്‍ വന്ന് നമ്മെ കൊള്ളയടിക്കുമെന്നാണ് പ്രധാന പ്രചരണം. എങ്കിലത് നമ്മുടെയും സര്‍ക്കാരിന്റേയും പ്രസ്ഥാനങ്ങളുടേയും കഴിവുകേടാണ്. അതിനെയാണ് തിരുത്തണ്ടത്. സ്വയം പരിശോധിക്കാതെ എല്ലാറ്റിനും പുറം ശക്തികളെ കുറ്റപ്പെടുത്തുന്നതാണല്ലോ നമ്മുടെ നയം.
കരിമണല്‍ വിഷയം പോലെ തന്നെ പുഴ മണല്‍ വിഷയത്തിലും ഈപ്രശ്‌നം സജീവചര്‍ച്ചയായിട്ടുണ്ട്. കൊച്ചി മെട്രോക്കു വേണ്ടി ഭാരതപുഴയില്‍ നിന്ന് ണണലെടുക്കാമെന്ന ഇ എം ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണത്. പുഴകളില്‍ നിന്ന് മണല്‍ ഊറ്റിയെടുക്കുന്നത് അപകടകരമാണെന്ന അവബോധം ഇന്നുണ്ട്. എന്നാല്‍ അത് ലംഘിക്കപ്പെടുന്നുമുണ്ട്. പക്ഷെ ഭാരതപുഴ പോലെ മണല്‍ പുറത്തേക്ക് വിടുന്ന പുഴകളില്‍ നിന്ന് മണലെടുക്കാതിരിക്കുന്നത് പുഴയെ ഇല്ലാതാക്കുമെന്ന് പല വിദഗ്ധരും ചൂണ്ടികാട്ടുന്നുണ്ട്. മലയാളത്തിലെ പ്രിയ കഥാകാരനും എഞ്ചിനയറുമായ ആനന്ദ് പോലുള്ളവര്‍ ഈ അഭിപ്രായക്കാരനാണ്. തീര്‍ച്ചയായും ഈ വിഷയം കൂടുതല്‍ പഠനം അര്‍ഹിക്കുന്നുണ്ട്.
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റൊരു പ്രധാന വിഷയം പൊതു – സ്വകാര്യ മേഖലകളെ കുറിച്ചുള്ളതാണ്. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തെ കുറിച്ച് ഘോരഘോരം പ്രസംഗം കേള്‍ക്കുന്ന മലയാളികളെ മുഴുവന്‍ ഞെട്ടിച്ച് യൂണിയനുകള്‍ ഒന്നടങ്കം സ്വകാര്യ മേഖലക്കായി നിലകൊള്ളുമ്പോള്‍ മുതലാളിത്ത പാര്‍ട്ടികള്‍ എന്നാരോപിക്കപ്പെടുന്നവര്‍ പോലും പൊതു മേഖലക്കായി നിലകൊള്ളുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. സത്യത്തില്‍ ഇവ രണ്ടും നിലനില്‍ക്കുന്നതാണ് ഗുണകരം. പൊതുമേഖല മാത്രം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ അവസ്ഥ ആര്‍ക്കുമറിയാം. സോഷ്യലിസ്റ്റ രാഷ്ട്രങ്ങള്‍ എന്ന് ഓമനപേരിട്ട വിളിക്കപ്പെട്ടിരുന്ന രാഷ്ട്രങ്ങളില്‍ എന്താണ് സംഭവിച്ചിരുന്നതെന്നും ഇപ്പോല്‍ വ്യക്തമാണ്. നമ്മുടെ നാട്ടില്‍തന്നെ പൊതുമേഖല മാത്രം നിലനില്‍ക്കുന്ന മേഖലകള്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും നഷ്ടത്തിലും ജനവിരുദ്ധമായും മാറുന്ന സംഭവങ്ങള്‍ എത്രയോയാണ്. സ്വകാര്യമേഖല മത്സരത്തിനെത്തിയപ്പോള്‍ പൊതുമേഖല മെച്ചപ്പെടുന്ന അവസ്ഥയും കാണാം. ഇന്‍ഷ്വറന്‍സ്, ബാങ്കിംഗ്, മൊബൈല്‍., വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലയിലെല്ലാം ഈ പ്രവണത കാണാം. അതിനു കാരണം സ്വകാര്യമേഖലയുമായുള്ള മത്സരമാണ്. മറുവശത്ത് സ്വകാര്യമേഖല മാത്രമാണെങ്കില്‍ സംഭവിക്കുക കഴുത്തറപ്പന്‍ മത്സരമായിരിക്കും. സാമൂഹ്യപ്രതിബദ്ധത എന്ന വാക്കിന് അര്‍ത്ഥമില്ലാതാകും. ദുര്‍ബ്ബലര്‍ പരിഗണിക്കപ്പെടുകയില്ല. പൊതുമേഖലയുമായി മത്സരമുണ്ടാകുന്നത് സ്വാകാര്യമേഖലയേയും മാറ്റുന്നുണ്ട്.
കരിമണലായാലും മറ്റേതു പ്രശ്‌നമാണെങ്കിലും ഈ രണ്ടു നിലപാടുകളും പഠിച്ച് നിലപാടെടുക്കുകയാണ് വേണ്ടത്. എങ്കില്‍ ആരംഭത്തില്‍ സൂചിപ്പിച്ച ഇരുദിശയിലുമുള്ള മൗലികവാദത്തിലേക്ക് നാം എത്തിപ്പെടുകയില്ല. വികസനവും പരിസ്ഥിതിയുമായുള്ള വൈരുദ്ധ്യാധിഷ്ഠിതമായ ബന്ധമാണ് വളര്‍ത്തിയെടുക്കേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in