ഐസക്കില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു

കുറച്ചുകാലമായി പാര്‍ട്ടി രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെടാതെ ജൈവകൃഷിയും സോഷ്യല്‍ മീഡിയ ഇടപെടലുകളുമായി കഴിഞ്ഞിരുന്ന ഡോ തോമസ് ഐസക് സി പി എം – എസ് എന്‍ ഡി പി തര്‍ക്കത്തില്‍ ഇടപെട്ട് രംഗത്തുവന്നിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെതന്നെയാണ് അ്‌ദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതാണ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ”ഈഴവരടക്കമുളള കേരളത്തിലെ പിന്നാക്ക കീഴാള്‍ സമുദായങ്ങളുടെ ഉന്നമനത്തിന് ഇടതുപക്ഷം എന്തു ചെയ്തു എന്ന ചോദ്യം ചിലര്‍ ഉന്നയിക്കുകയാണ്. അതിനുത്തരം പറയാം. പക്ഷേ, ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന വര്‍ഗീയ […]

ISAC

കുറച്ചുകാലമായി പാര്‍ട്ടി രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെടാതെ ജൈവകൃഷിയും സോഷ്യല്‍ മീഡിയ ഇടപെടലുകളുമായി കഴിഞ്ഞിരുന്ന ഡോ തോമസ് ഐസക് സി പി എം – എസ് എന്‍ ഡി പി തര്‍ക്കത്തില്‍ ഇടപെട്ട് രംഗത്തുവന്നിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെതന്നെയാണ് അ്‌ദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.
ഇതാണ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ”ഈഴവരടക്കമുളള കേരളത്തിലെ പിന്നാക്ക കീഴാള്‍ സമുദായങ്ങളുടെ ഉന്നമനത്തിന് ഇടതുപക്ഷം എന്തു ചെയ്തു എന്ന ചോദ്യം ചിലര്‍ ഉന്നയിക്കുകയാണ്. അതിനുത്തരം പറയാം. പക്ഷേ, ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന വര്‍ഗീയ വലതുപക്ഷത്തിന് ഇക്കാര്യത്തില്‍ എന്തു പങ്കാണുളളതെന്ന് ചോദ്യകര്‍ത്താക്കള്‍ വിശദീകരിക്കണം.
കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തൂ. മഹാരാഷ്ട്ര സംസ്ഥാനമെടുക്കാം. മഹാത്മാ ഫൂലെയുടെയും അംബേദ്കറിന്റെയും നാടാണത്. അവിടെ ദളിതരും പിന്നാക്കക്കാരും ഇന്നും ക്രൂരമായ വിവേചനമാണ് അനുഭവിക്കുന്നത്. ഒരുകാലത്ത് കേരളത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ. എന്നാല്‍ എന്തുകൊണ്ടാണ് മഹാരാഷ്ട്രയടക്കമുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കേരളവും തമ്മില്‍ സാമൂഹ്യാവസ്ഥയില്‍ വലിയ വ്യത്യാസമുണ്ടായത്?
ശ്രീനാരായണ ഗുരു തുടങ്ങിവെച്ച ജാതിവിരുദ്ധ നവോത്ഥാന പ്രസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയതുകൊണ്ടാണ് കേരളം വ്യത്യസ്തമായത്. ഇടതു പക്ഷമാണ് അതു ചെയ്തത്. 1957ലെ വിമോചന സമരക്കാര്‍ കേരളത്തില്‍ മുഴക്കിയ മുദ്രാവാക്യങ്ങളോര്‍മ്മയില്ലേ? മന്ത്രിമാരായിരുന്ന സ. ഗൗരിയമ്മയെയും സ. ചാത്തന്‍ മാസ്റ്ററെയും ജാതി പറഞ്ഞാക്ഷേപിക്കുന്ന മുദ്രാവാക്യങ്ങള്‍ അന്ന് യഥേഷ്ടം മുഴങ്ങിയിരുന്നു. ഇടതുപക്ഷം സാധ്യമാക്കിയ അവര്‍ണന്റെ അധികാരപങ്കാളിത്തം സവര്‍ണ പൊതുബോധത്തെ അത്രമാത്രം വിറളിപിടിപ്പിച്ചിരുന്നു.
ഭൂപരിഷ്‌കരണത്തിലൂടെ കേരളത്തിലെ സവര്‍ണമേല്‍ക്കോയ്മയുടെ സാമ്പത്തികാടിത്തറ തകര്‍ത്തതും ഇടതുപക്ഷമാണ്. സവര്‍ണരുടെ കുത്തകയായിരുന്ന ഭൂമി പിന്നാക്ക വിഭാഗങ്ങളുടെ കൈയിലെത്തിയത് ഭൂപരിഷ്‌കരണത്തിലൂടെയാണ്. വിമോചന സമരത്തിനു ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭൂപരിഷ്‌കരണത്തെ എങ്ങനെ അട്ടിമറിച്ചുവെന്നും ചരിത്രം വിശദീകരിച്ചു തരും.
പിന്നാക്ക വിഭാഗങ്ങളിലെ മഹാഭൂരിപക്ഷവും കൂലിവേലക്കാരോ കര്‍ഷകത്തൊഴിലാളികളോ ആയിരുന്നു. മെച്ചപ്പെട്ട കൂലിയ്ക്കും തൊഴില്‍സാഹചര്യങ്ങള്‍ക്കും ജീവിതത്തിനും വേണ്ടി അവരെ സംഘടിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായി സംഘടിച്ച് ഒരു കൊടിക്കീഴില്‍ അണിനിരന്ന പട്ടിണിപ്പാവങ്ങളുടെ പിന്‍മുറക്കാരാണ് ഇന്നത്തെ ഇടതുപക്ഷം. അതുകൊണ്ട് ഇടതുപക്ഷം വേറെ, പിന്നാക്ക ദളിത് വിഭാഗക്കാര്‍ വേറെ എന്ന വേര്‍തിരിവു വേണ്ട.
ഒരു ലൈബ്രറി അവതരിപ്പിച്ച നിശ്ചലദൃശ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്താല്‍ ഈ ചരിത്രം ജനം വിസ്മരിക്കുമെന്ന് കരുതരുത്. അങ്ങനെ ചരിത്രം തമസ്‌കരിച്ച് പിന്നാക്ക വിഭാഗങ്ങളെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ക്കൊണ്ടു കെട്ടാമെന്ന ചിന്ത വലിയ വ്യാമോഹമാണ്.”
പ്രിയ ഐസക്, എസ് എന്‍ ഡി പിക്കോ ബി ജെ പിക്കോ മറുപടി പറയാന്‍ ഈ പോസ്റ്റ് ധാരാളമാണ്. എന്നാല്‍ അതല്ലല്ലോ ഐസക്കില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷക്കാര്‍ നിരന്തരം ആവര്‍ത്തിക്കുന്ന പല്ലവിയാണിവ. മറ്റുപല സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യുക. തമ്മില്‍ ഭേദം കേരളമാണെന്നും അതിനു കാരണം ഇടതുക്ഷമാണെന്നും പറയുക. ഈ തന്ത്രം തന്നെയാണ് ഐസക്കും ആവര്‍ത്തിക്കുന്നത്.
ഒന്നാമതായി ഇന്ത്യയെന്നത് അനന്തമായ വൈവിധ്യങ്ങളുടെ നാടാണ്. സ്വതന്ത്രരാജ്യങ്ങള്‍ തന്നെയാകാവുന്ന സംസ്ഥാനങ്ങളാണ് പലതും. സ്വാതന്ത്ര്യസമരകാലത്ത് സിപിഐ തന്നെ അത്തരം നിലപാട് മുന്നോട്ടുവെച്ചിരുന്നു. അങ്ങനെയാണ് ഇ എം എസ് കേരളം മലയാളികളുടെ മാതൃഭൂമി എന്ന പ്രസിദ്ധഗ്രസ്ഥം എഴുതിയത്. സ്വാതന്ത്ര്യാനനതരം ബലം പ്രയോഗിച്ചാണ് ഇന്ത്യയെ ഒന്നാക്കിയത്. എന്നിട്ടും ഇത്രയും കാലം ഒരു രാഷ്ട്രമായിട്ടും ദേശീയപ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നു. അത്തരം സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങലുമായി താരതമ്യം ചെയ്ത് നമ്മുടെ അവസ്ഥ മെച്ചമാണെന്നു പറയുന്നതില്‍ എന്തര്‍ത്ഥം? ഇനി അഥവാ അങ്ങനെതന്നെ എന്നു വെക്കുക. എങ്കില്‍ തിരി്ച്ചും കുറെ ചോദ്യങ്ങള്‍ ചോദിക്കാമ്ലലോ. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസ അനാചാര നിരോധന നിയമം പാസാക്കിയില്ലേ? യു പിയില്‍ ദളിത് സ്ത്രീ മുഖ്യമന്ത്രിയായില്ലേ? തമിഴ് നാട്ടില്‍ വര്‍ഗ്ഗീയ കലാപങ്ങളുണ്ടോ? രാജസ്ഥാനില്‍ കേരളത്തിലേതിന്റെ പത്തിരട്ടിയോളേപേരല്ലേ ഐ ഐ ടിയില്‍ പ്രവേശനം നേടുന്നത്. കേരളത്തിലല്ലേ സ്ത്രീകളുടചെ സഞ്ാരസ്വാതന്ത്ര്യം കൂടുതല്‍ തടയപ്പെട്ടിരിക്കുന്നത്. ദളിത് സാഹിത്യം, ആദിവാസി ഭൂമി, അവരുടെ സ്വയം നിര്‍ണ്ണയാവകാശം എന്നിവയില്‍ നമ്മുടെ സ്ഥാനം എവിടെയാണ്?
സത്യത്തില്‍ പരിശോധിക്കേണ്ടത് നമുക്കെന്തുപറ്റിയെന്നാണ്? കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ നവോത്ഥാനമുന്നേറ്റങ്ങള്‍ക്ക് എന്തുപറ്റിയെന്നാണ്? എവിടെയാണത് തടയപ്പെത്? തടയപ്പെട്ടു എന്നുറപ്പ്. ഇല്ലെങ്കില്‍ ഇ എം എസിന്റെ നാലുമക്കളും നമ്പൂതിരി ഇല്ലങ്ങളില്‍ നിന്ന് വിവാഹിതരാകുമായിരുന്നില്ല. മുത്തങ്ങയും ചങ്ങറയും ഉണ്ടാകുമായിരുന്നില്ല. പറയ വിഭാഗത്തില്‍ പെട്ട കുട്ടിക പഠിക്കുന്നതിനാല്‍ പേരാമ്പ്ര സ്‌കൂളില്‍ കുട്ടികളുടെ കിട്ടാത്ത അവസ്ഥ ഉണ്ടാകുമായിരുന്നില്ല. മുളയന്‍ മജിസ്‌ട്രേറ്റായാല്‍ എന്ന ചൊല്ല് നിലനില്‍ക്കുമായിരുന്നില്ല. ശക്തമായ കുട്ടംകുളം പ്രക്ഷോഭങ്ങളിലൂടെ വഴി നടക്കാനുള്ള ്അവകാശം നേടിയ ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിനു ചുറ്റുമുള്ള വഴി വീണ്ടും അടച്ചു കെട്ടുമായിരുന്നില്ല. തേക്കിന്‍കാട് മൈതാനം വടക്കുംനാഥ ക്ഷേത്രമൈതാനമാകുമായിരുന്നില്ല. ഇന്നും മലയാളി ജാതിവാലില്‍ അഭിരമിക്കുമായിരുന്നില്ല. സ്വന്തം ജാതിയില്‍ നിന്നും മതത്തില്‍ നിന്നും മാത്രം വിവാഹങ്ങള്‍ നടക്കുമായിരുന്നില്ല. എസ് സി, എസ് ടി വിഭാഗങ്ങള്‍ ക്ഷമിക്കുക എന്ന ആമുഖത്തോടെ മിശ്രവിവാഹത്തിനുള്ള പരസ്യങ്ങള്‍ വരുമായിരുന്നില്ല. പയ്യന്നൂരില്‍ സ്വന്തമായി ഓട്ടോയോടിച്ചു ജീവിക്കാന്‍ ശ്രമിച്ച ചിത്രലേഖ എന്ന ദളിത് യുവതി ചിത്രലേഖ വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുമായിരുന്നില്ല. ഒരു വശത്ത് നാരായണഗുരു ചില്ലുകൂട്ടില്‍ അടക്കപ്പെടുകയും മറുവശത്ത് ഗുരുസ്ഥാപിച്ച ക്ഷേത്രങ്ങളില്‍ സവര്‍ണ്ണര്‍ പോകാതിരിക്കുകയും ചെയ്യുമായിരുന്നില്ല. വെള്ളാപ്പള്ളി എസ് എന്‍ ഡി പി നേതാവാകുമായിരുന്നില്ല. നരേന്ദ്രമോദ് പുലയസമ്മേളനത്തിലും ശശികല ടീച്ചര്‍ എസ് എന്‍ ഡി പി സമ്മേളനത്തിലും മുഖ്യാതിഥിയാകുമായിരുന്നില്ല. ക്ഷേത്രപ്രവേശനം ഹൈന്ദവവിഭാഗത്തില്‍ ഒതുങ്ങുമായിരുന്നില്ല. ക്ഷേത്രചടങ്ങുകള്‍ നിര്‍വ്വഹിക്കാന്‍ അവര്‍ണ്ണര്‍ക്കും സ്ത്രീകള്‍ക്കും അവകാശം ലഭിക്കുമായിരുന്നു. കമ്യൂണിസ്റ്റുകാര്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുമായിരുന്നില്ല. വര്‍ഗ്ഗീയവിരുദ്ധപോരാട്ടം കണ്ണൂര്‍ മോഡല്‍ കൊലകളാകുമായിരുന്നില്ല. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സാമുദായിക രാഷ്ട്രീയം ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പടുമായിരുന്നില്ല. എന്തുകൊണ്ട് നമ്മുടെ പ്രയാണം തടസ്സപ്പെട്ടു എന്നായിരുന്നു ഐസക് പരിശോധിക്കേണ്ടിയിരുന്നത്. അല്ലാതെ താരതമ്യം ചെയ്തും ന്റപ്പൂപ്പനൊരാനേണ്ടാര്‍ന്നു എന്നു പറഞ്ഞ് ആനന്ദിക്കുകയുമായിരുന്നില്ല.
സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നവോതാഥാനമായിരുന്നു കേരളത്തിന്റെ സവിശേഷത. ഇടതുപക്ഷം മാത്രമല്ല, ദേശീയ പ്രസ്ഥാനങ്ങളും കൃസ്ത്യന്‍ മിഷണറിമാരും അന്നത്തെ മാധ്യമങ്ങളും പല സവര്‍ണ്ണസംഘടനകളും നേതാക്കളും എഴുത്തുകാരുമെല്ലാം ആ പ്രസ്ഥാനത്തോട് ഐക്യപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചായയിരുന്നു ഐക്യകേരളവും. എന്നാല്‍ അതിനുശേഷമായിരുന്നു കേരളം അടിമുടി കക്ഷിരാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും നവോത്ഥാനധാര ഉപേക്ഷിക്കപ്പെടുകയും ചെയ്്തത്. അതില്‍ കമ്യൂണിസ്റ്റുകാരടക്കം എല്ലാ പ്രസ്ഥാനങ്ങള്‍ക്കും പങ്കുണ്ട്. 1957ലെ മന്ത്രിസഭക്കെതിരായി നടന്ന സമരത്തില്‍ മന്ത്രിമാരായിരുന്ന ഗൗരിയമ്മയെയും ചാത്തന്‍ മാസ്റ്ററെയും ജാതി പറഞ്ഞാക്ഷേപിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിരുന്നതായി ഐസക് പറയുന്നുണ്ടല്ലോ. ശരിയാണ്. ്‌പ്പോഴും ഒരു കാര്യം ഐസക് മറക്കരുത്. അതേമന്ത്രിസഭയില്‍ നമ്പൂതിരിപ്പാടും കൃഷ്ണയ്യരുമടക്കും പേരിനുപുറകില്‍ ജാതിവാല്‍ വെച്ചവര്‍ പലരുമുണ്ടായിരുന്നു. .ഗൗരിയമ്മക്കും ചാത്തന്‍ മാസ്റ്റര്‍ക്കും അതു പറ്റുമായിരുന്നില്ലല്ലോ. എന്തിന്, കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ അയ്യങ്കാളിക്കു സ്ഥാനമുണ്ടായില്ലല്ലോ. ഐസക് മറ്റൊരു രീതിയില്‍ ശമ്മതിക്കുന്നപോലെ നവോത്ഥാനമുന്നേറ്റങ്ങള്‍ ഏറ്റവും ഗുണം ചെയ്തത് കമ്യൂണിസ്റ്റ് പാര്‍്ട്ടിക്കായിരുന്നു. എന്നാല്‍ പിന്നീടവര്‍ ആ ധാര ഉപേക്ഷിച്ച് വര്‍ഗ്ഗസമരവക്താക്കളാകുകയായിരുന്നു. അതോടെ രാഷ്ട്രീയാധികാരം അധസ്ഥിതന് അന്യമായി. ജാതി ഇല്ലാതായി എന്ന മിഥ്യാധാരണ ശക്തമായി. മണ്ഡല്‍ കമ്മീഷനുശേഷം ഇന്ത്യയിലുണ്ടായ മുന്നേറ്റങ്ങളെ പോലും കേരളത്തില്‍ തടഞ്ഞുനിര്‍ത്തി.
ഐസക്കില്‍ നിന്ന് നിലവാരും കുറഞ്ഞ മറുപടികളല്ല കേരളം പ്രതീക്ഷിക്കുന്നത്. കുറെക്കൂടി വിശലമായ, സത്യസന്ധമായ വിലയിരുത്തലാണ്. പാര്‍ട്ടി അച്ചടക്കമെന്ന വാളിനെ കുറിച്ചറിയായ്കയല്ല. എങ്കിലും ജൈവകൃഷിയിലും മറ്റും മുന്നോട്ടുപോയപോലെ കുറെക്കൂടി മുന്നോട്ടുപോകാന്‍ ഐസക്കിനു കഴിയേണ്ടതാണ്. കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply