പെരുമാള്‍ മുരുഗന് ഐക്യദാര്‍ഢ്യം: എഴുത്തുകാര്‍ ഒത്തുചേര്‍ന്നു

വര്‍ഗീയ-ജാതി സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് തന്നിലെ എഴുത്തുകാരന്‍ മരിച്ചെന്ന് പ്രഖ്യാപിച്ച് എഴുത്തുവസാനിപ്പിച്ച പെരുമാള്‍ മുരുഗന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഴുത്തുകാര്‍ രംഗത്ത്. പെരുമാള്‍ മുരുഗന്റെ വിവാദമായ മാധോരു ഭഗന്‍ നോവലിന്റെ ഒരു ഭാഗം കൂട്ടായി വായിച്ചാണ് എഴുത്തുകാര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചത്. സാഹിത്യ അക്കാദമി പരിസരത്ത് നടന്ന ചടങ്ങ് പ്രശസ്ത എഴുത്തുകാരന്‍  എന്‍.എസ്. മാധവന്‍ ഉദ്ഘാടനംചെയ്തു. ഹിറ്റ്‌ലറുടെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യചെയ്ത വാള്‍ട്ടര്‍ ബഞ്ചമിനുശേഷം എഴുത്തിന്റെ മേഖലയില്‍നിന്ന് ആത്മഹത്യ ചെയ്ത ആദ്യ വ്യക്തിയായിരിക്കും പെരുമാള്‍ മുരുഗനെന്ന് അദ്ദേഹം പറഞ്ഞു. […]

ssssവര്‍ഗീയ-ജാതി സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് തന്നിലെ എഴുത്തുകാരന്‍ മരിച്ചെന്ന് പ്രഖ്യാപിച്ച് എഴുത്തുവസാനിപ്പിച്ച പെരുമാള്‍ മുരുഗന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഴുത്തുകാര്‍ രംഗത്ത്. പെരുമാള്‍ മുരുഗന്റെ വിവാദമായ മാധോരു ഭഗന്‍ നോവലിന്റെ ഒരു ഭാഗം കൂട്ടായി വായിച്ചാണ് എഴുത്തുകാര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചത്.
സാഹിത്യ അക്കാദമി പരിസരത്ത് നടന്ന ചടങ്ങ് പ്രശസ്ത എഴുത്തുകാരന്‍  എന്‍.എസ്. മാധവന്‍ ഉദ്ഘാടനംചെയ്തു. ഹിറ്റ്‌ലറുടെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യചെയ്ത വാള്‍ട്ടര്‍ ബഞ്ചമിനുശേഷം എഴുത്തിന്റെ മേഖലയില്‍നിന്ന് ആത്മഹത്യ ചെയ്ത ആദ്യ വ്യക്തിയായിരിക്കും പെരുമാള്‍ മുരുഗനെന്ന് അദ്ദേഹം പറഞ്ഞു. മതമൗലികവാദികളുടെ ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ ആശങ്കാജനകമായ അവസ്ഥയിലേക്കാണ് പോകുന്നത്. കേരളത്തിന് തൊട്ടടുത്ത് കോയമ്പത്തൂരിനടുത്താണ് ഈ സംഭവം നടന്നതെന്നത് മലയാളികളേയും ആശങ്കപ്പെടുത്തുന്നു. ഫാസിസത്തിനെതിരേ പ്രതികരിക്കേണ്ടത് എഴുത്തുകാരുടെ കടമയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കെ. വേണു, ജാതവേദന്‍ നമ്പൂതിരി, പ്രിയനന്ദനന്‍,  ഇ. സന്തോഷ്‌കുമാര്‍, ഐ. ഷണ്‍മുഖദാസ്, കെ.വി.വേണു, ഹിരണ്യന്‍, ശ്രീ പ്രതാപ്, പ്രേംപ്രസാദ്, സജീവന്‍ അന്തിക്കാട്, എ.വി. ശശിധരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മാധോരുഭഗന്‍ എന്ന നോവലിനും തനിക്കുമെതിരേ മതസംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെയും ഭീഷണിയെയും തുടര്‍ന്ന് തന്റെ എല്ലാ കൃതികളും  പിന്‍വലിക്കുകയാണെന്നും  എന്നെന്നേക്കുമായി എഴുത്തുജീവിതം അവസാനിപ്പിക്കുകയാണെന്നും തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന്‍ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ്.  

എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്‍ മരിച്ചു. അയാള്‍ ദൈവമല്ല,അതുകൊണ്ടുതന്നെ ഉയര്‍ത്തെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തില്‍ അയാള്‍ക്കൊട്ട് വിശ്വാസവുമില്ല. അധ്യാപകനാകയാല്‍ ഇനി മുതല്‍ അയാള്‍ വെറും അധ്യാപകനായി ജീവിച്ചുപോരും.
പെരുമാള്‍ മുരുഗനെ പിന്തുണയ്ക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത എല്ലാ മാധ്യമങ്ങള്‍ക്കും വാരികകള്‍ക്കും സുഹൃത്തുക്കള്‍ക്കും എഴുത്തുകാര്‍ക്കും സംഘടനകള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും നേതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റെല്ലാവര്‍ക്കും അയാള്‍ നന്ദി പറയുന്നു.
ഈ പ്രശ്‌നം മധോരുഭഗനോടുകൂടി അവസാനിക്കുന്നില്ല. അയാളുടെ ഏതെങ്കിലും പുസ്തകം പൊക്കിയെടുത്ത് ഏതെങ്കിലും സംഘടനകളോ വ്യക്തികളോ പ്രശ്‌നമുണ്ടാക്കിയേക്കാം. അതുകൊണ്ടു പെരുമാള്‍ മുരുഗന്‍ താഴെ പറയുന്ന അന്തിമ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു:
1. സമാഹരിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളൊഴികെ, തന്റെ എല്ലാ നോവലുകളും ചെറുകഥകളും ലേഖനങ്ങളും കവിതകളും പെരുമാള്‍ മുരുഗന്‍ പിന്‍വലിക്കുന്നു. ഈ പുസ്തകങ്ങളൊന്നും ഇനി വില്‍പ്പനയ്ക്കുണ്ടാവില്ലെന്ന് അയാള്‍ ഉറപ്പാക്കുന്നു.
2. തന്റെ പ്രസാധകരോട് തന്റെ പുസ്തകങ്ങള്‍ വില്‍ക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. തുടര്‍ന്നുള്ള അവരുടെ നഷ്ടം അയാള്‍ നികത്തിക്കൊള്ളും.
3. ഇതുവരെയായി അയാളുടെ പുസ്തകങ്ങള്‍ വാങ്ങിയവര്‍ക്ക് അത് കത്തിച്ചുകളയാവുന്നതാണ്. അയാളുടെ പുസ്തകം വാങ്ങിയത് ഒരു പാഴ്‌ച്ചെലവോ നഷ്ടമോ ആയി എന്നു കരുതുന്നവര്‍ക്ക് അയാള്‍ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നു.
4. ഇനി മുതല്‍ ഒരു ചടങ്ങിനും തന്നെ വിളിക്കരുതെന്ന് അയാള്‍ അഭ്യര്‍ഥിക്കുന്നു.
5. തന്റെ എല്ലാ പുസ്തകങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചതിനാല്‍, പ്രതിഷേധപ്രകടനങ്ങളില്‍ ഏര്‍പ്പെടുകയോ കുഴപ്പങ്ങളുണ്ടാക്കുകയോ ചെയ്യരുതെന്ന് ജാതി, മത, രാഷ്ട്രീയ സംഘടനകളോട് അയാള്‍ അഭ്യര്‍ഥിക്കുന്നു.
അയാളെ ഒറ്റയ്ക്ക് വിട്ടേക്കുക. എല്ലാവര്‍ക്കും നന്ദി.

തന്റെ പുസ്തകത്തെ ന്യായീകരിച്ചും സമാധാനം പുലര്‍ത്താന്‍ അഭ്യര്‍ഥിച്ചും ജനുവരി ഏഴിനു മുരുഗന്‍ എഴുതിയ കുറിപ്പ്.

മധോരുഭഗന്‍: ഒരു വിശദീകരണം

ഏതാണ്ട് 25 വര്‍ഷമായി ഞാന്‍ കവിതയും ചെറുകഥകളും നോവലുകളും എഴുതുന്നു. വിമര്‍ശകര്‍, മറ്റ് എഴുത്തുകാര്‍, വായനക്കാര്‍ എന്നിവരെല്ലാം എന്റെ പുസ്തകങ്ങളെ നല്ല രീതിയിലാണ് സ്വീകരിച്ചത്. നിരവധി സാഹിത്യ പുരസ്‌കാരങ്ങളും എനിക്കു ലഭിച്ചിട്ടുണ്ട്. തമിഴ്‌നാടിലെ കൊങ്കൂ പ്രദേശത്തെ സംസാരഭാഷയുടെ ഒരു നിഘണ്ടു ഉണ്ടാക്കുന്ന ഉദ്യമം ഒറ്റയ്ക്കാണ് ഞാന്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയത്. ഇതിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബഹുമതിയും ലഭിച്ചു. ഇതുകൂടാതെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം ജീവിച്ചിരുന്ന തിരുച്ചെങ്കോറ്റിലെ പണ്ഡിതനായിരുന്ന ടി.എ. മുത്തുസ്വാമിയുടെ കൊങ്കൂനാട് എന്ന ചരിത്രപുസ്തകം ഞാന്‍ സമാഹരിച്ച് പുറത്തിറക്കി. കൊങ്കൂ പ്രദേശത്തെ ലഘു നോവലുകളും ഞാന്‍ സമാഹരിച്ചിട്ടുണ്ട്. ഇങ്ങനെ, തിരുച്ചെങ്കോടിന്റെ കീര്‍ത്തിയും പ്രശസ്തിയും ഞാന്‍ വര്‍ധിപ്പിച്ചു എന്നാണ് ഞാന്‍ കരുതുന്നത്.
തിരുച്ചെങ്കോട് എന്റെ ജന്മനഗരമാണ്. ഇവിടെയാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എന്റെ നോവലുകളില്‍ ഈ നഗരത്തിന്റെ പേരുപയോഗിക്കുന്നത് അതിന്റെ കീര്‍ത്തി വര്‍ധിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അവിടത്തെ ജനങ്ങളുടെ പ്രത്യേകതയും സത്യസന്ധമായ പ്രവര്‍ത്തികളും കാണിക്കുന്ന തരത്തിലാണ് ഞാന്‍ എഴുതുന്നത്. ഈ രീതിയിലാണ് ഞാന്‍ 2010ല്‍ മധോരുഭഗന്‍ എഴുതിയത്. ഒരു നൂറ്റാണ്ട് മുമ്പുള്ള കാലഘട്ടം പശ്ചാത്തലമാക്കിയ നോവല്‍ കുട്ടികളില്ലാത്ത ദമ്പതികളുടെ വ്യഥകളാണ് പറയുന്നത്.
ജീവിതവും ഭാവനയും കഥയും സമന്വയിപ്പിക്കുന്നതാണ് നോവലെഴുത്ത്. ഒരു നോവലില്‍ കാണുന്നതൊക്കെ യഥാര്‍ഥ ജീവിതത്തില്‍ കണ്ടുകിട്ടില്ല. ഒരു നൂറ്റാണ്ടുമുമ്പുള്ള കാലത്തെ ആസ്പദമാക്കിയ മധോരുഭഗന്‍ എന്റെ കല്‍പനയില്‍ രൂപംകൊണ്ടതാണ്.
ഒരാളുടെ തലമുറത്തുടര്‍ച്ചയ്ക്കായി കുട്ടികളെ ജനിപ്പിക്കാനുള്ള ആഗ്രഹം കാലങ്ങളായുള്ളതാണ്. ഇന്നിപ്പോള്‍ അതിന് സഹായിക്കുന്ന പല സംവിധാനങ്ങളുമുണ്ട്. പണ്ട് അതില്ലായിരുന്നു. തന്റെ ഭര്‍ത്താവല്ലാത്ത ഒരാളുമായി ഇണചേര്‍ന്നു ഗര്‍ഭം ധരിക്കുന്ന രീതിയും നിലനിന്നിരുന്നു.
ആളുകള്‍ ഒത്തുചേരുന്ന ഉത്സവങ്ങള്‍ ഇതിന് അവസരം നല്കി. നാടോടിക്കഥകളിലും വായ്‌മൊഴിച്ചരിതങ്ങളിലും ഇതിന് സാക്ഷ്യമുണ്ട്. സാംസ്‌കാരിക നരവംശ ശാസ്ത്രജ്ഞരായ തിയോഡര്‍ ഭാസ്‌കരന്‍, എ. ശിവസുബ്രഹ്മണ്യം, എ.കെ. പെരുമാള്‍ എന്നിവരെല്ലാം ഈ വസ്തുതകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുച്ചെങ്കോട് ഉത്സവത്തിലെ ഇത്തരമൊരു സംഭവുമായി ബന്ധിപ്പിച്ചാണ് ഞാന്‍ മധോരുഭഗന്‍ എഴുതിയത്.
ഇങ്ങനെ ഗര്‍ഭം ധരിക്കാന്‍ ഉത്സവകാലത്ത് പരപുരുഷനുമായി ഇണചേരുന്ന രീതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള തര്‍ക്കവും നോവലിലുണ്ട്. അതിലെ ഒരു ചിത്രീകരണവും ഇന്നത്തെ കാലത്തെയല്ല, ഒരു നൂറ്റാണ്ട് മുമ്പുള്ള സമൂഹമാണ്.
ഇന്നത്തെ തിരുച്ചെങ്കോടല്ല നോവലിലേത്. അത് കാലങ്ങള്‍ക്ക് മുമ്പുള്ള ഒരു കല്‍പിത നഗരമാണ്. തിരുച്ചെങ്കോട് എന്ന പേര് മാറ്റിയാല്‍ അത് എവിടെയും സംഭവിക്കാം. സ്ത്രീകളുടെ അന്തര്‍ജീവിതം വെളിവാക്കുന്ന തരത്തിലാണു നോവല്‍. കുട്ടികളില്ലാത്ത സ്ത്രീകളുടെ ദുരിതം അതിലുണ്ട്. അത് സ്ത്രീകളെ അപമാനിക്കുന്നില്ല. കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് അവരുടെ കാഴ്ചപ്പാടാണ്. അതിനെ എഴുത്തുകാരനൊ സമൂഹത്തിനൊ ചാര്‍ത്തിക്കൊടുക്കരുത്.
ദൈവത്തിനെയോ ക്ഷേത്രത്തെയോ നിന്ദിക്കുന്ന ഒന്നും അതിലില്ല. ദൈവം എല്ലാവരുടെ ഉള്ളിലുമുണ്ട് എന്ന കാഴ്ചപ്പാടാണുള്ളത്. തിരുച്ചെങ്കോടിനെ നിന്ദിക്കാന്‍ എനിക്ക് ഉദ്ദേശമില്ല. കുട്ടികളില്ലാത്ത ദമ്പതികളുടെ വിവിധ പ്രാര്‍ത്ഥനകളും നിവേദ്യങ്ങളും നടക്കുന്ന ഒരു സ്ഥലമായാണ് ഞാന്‍ അതിനെ ചിത്രീകരിച്ചത്.
ജീവിതത്തെക്കുറിച്ച് നമ്മുടെ പൂര്‍വികരുടെ കാഴ്ചപ്പാട് നമ്മുടെതില്‍ നിന്നും ഏറെ വിഭിന്നമായിരുന്നു. നമ്മളുമായി താരതമ്യം ചെയ്തു അവരെ വിധിക്കുന്നതില്‍ അര്‍ത്ഥമില്ല. അവരെ മനസിലാക്കുകയും അറിയുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. മഹാഭാരതത്തിലും നമ്മുടെ നാടോടി പാരമ്പര്യത്തിലും നിന്നെല്ലാം ഉള്‍ക്കൊണ്ട പാരമ്പര്യത്തിന്റെ ഒരു ചെറിയ ഭാഗത്തെയാണ് നോവലില്‍ കഥാരൂപത്തിലാക്കിയത്. ഈ നോവലെഴുതുന്നതിലൂടെ ആരെയും വേദനിപ്പിക്കാന്‍ എനിക്ക് ഉദ്ദേശമില്ലായിരുന്നു എന്നു ഞാന്‍ വ്യക്തമാക്കട്ടെ.
എന്നാല്‍ ചിലര്‍ നോവലിനെ എതിര്‍ക്കുകയും അതിലെ ചില ഭാഗങ്ങളുടെ പകര്‍പ്പെടുത്ത് വിതരണം ചെയ്യുകയും ചെയ്തു. സ്ത്രീകളെയും നഗരത്തെയും അധിക്ഷേപിക്കുന്നു എന്നാരോപിച്ചു. ദുഃഖകരമെന്ന് പറയാം, ചിലരെല്ലാം ഈ പ്രചാരണത്തില്‍ വീണുപോയി. നോവല്‍ മുഴുവനായി വായിക്കുന്ന ഒരാള്‍ അതിനെ ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. പ്രതിഷേധിക്കുന്നവര്‍ എന്നോടു ഒരു വിശദീകരണവും ആവശ്യപ്പെട്ടില്ല. സംഭാഷണത്തിലും അവര്‍ക്ക് താല്‍പ്പര്യമില്ല. പ്രശ്‌നം രൂക്ഷമാക്കുകയാണ് അവരുടെ പ്രാഥമിക ലക്ഷ്യമെന്ന് തോന്നുന്നു.
ഈ പ്രചാരണത്തിന്റെ ഫലമായി നിരവധി തിരുച്ചെങ്കോടുകാര്‍ എനിക്കെതിരായി. നമ്മുടെ നഗരത്തെ അപമാനിക്കുന്നു എന്നു കരുതുന്ന അവരുടെ വേദന എനിക്ക് മനസിലാകും. അതൊന്നും എന്റെ ലക്ഷ്യമേയല്ല. പ്രതിഷേധക്കാര്‍ ബന്ദ് പോലുള്ള നടപടികളിലേക്കും നീങ്ങുന്നു എന്നറിയുന്നു.
എന്റെ എഴുത്ത് സാധാരണജനജീവിതത്തെ തടസപ്പെടുത്തുന്നു എന്നത് എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പണ്ടൊരിക്കല്‍ വാരണാസിയില്‍ വൈസ്രോയിയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുത്ത ഗാന്ധി, വൈസ്രോയിയുടെ വരവിന്റെ ഭാഗമായി ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനെക്കുറിച്ച്, നാട്ടുകാരുടെ ജീവിതത്തിലെ ഒരു ദിവസത്തെക്കാള്‍ ഒട്ടും വിലപ്പെട്ടതല്ല വൈസ്രോയിയുടെ ജീവന്‍ എന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്. ഗാന്ധിയില്‍നിന്നാണ് ഞാന്‍ പാഠം ഉള്‍ക്കൊള്ളുന്നത്. തിരുച്ചെങ്കോട്ടെ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെക്കാള്‍ വലുതല്ല എന്റെ പുസ്തകം.
എന്റെ നോവലില്‍ ഈ നഗരത്തിന്റെ പേരും അവിടത്തെ മറ്റു ചില സൂചകങ്ങളും കേന്ദ്രങ്ങളും ഉപയോഗിച്ചത് തെറ്റായെന്നു കരുതുന്ന ആളുകള്‍ക്കൊപ്പം ഞാന്‍ എന്റെ ഖേദം അറിയിക്കുന്നു. അടുത്ത പതിപ്പില്‍ തിരുച്ചെങ്കോടിനെ കുറിച്ചുള്ള എല്ലാ സൂചനകളും നീക്കം ചെയ്യാനും ഞാന്‍ ഉദ്ദേശിക്കുന്നു. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന പ്രതിഷേധപ്രകടനങ്ങളില്‍ നിന്നും പിന്മാറാന്‍ ഞാന്‍ എല്ലാ സംഘങ്ങളോടും  അഭ്യര്‍ത്ഥിക്കുന്നു.

(പരിഭാഷ: പി. പ്രമോദ്, സ്‌ക്രോള്‍.ഇന്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply