ഉത്സവപറമ്പുകള്‍ ബലിക്കളങ്ങളാകുമ്പോള്‍

ഉത്സവസീസണാരംഭിക്കുമ്പോള്‍ എല്ലാ വര്‍ഷവും നടക്കുന്ന സംഭവങ്ങള്‍ ഇക്കുറിയും ആവര്‍ത്തിക്കുന്നു. ആരാധനാലയങ്ങളിലെ ആനയെഴുന്നള്ളിപ്പും വെടിക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഉദ്ദേശിക്കുന്നത്. എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നത് ഒരേ കാര്യം. ദുരന്തങ്ങള്‍ ഉണ്ടാകും. അധികൃതര്‍ നടപടികള്‍ പ്രഖ്യാപിക്കും. എന്നാല്‍ ഉത്സവപ്രേമികള്‍ രംഗത്തിറങ്ങും. സര്‍ക്കാര്‍ മുട്ടുമടക്കും. വര്‍ഷങ്ങളായി ഇതുതന്നെ ആവര്‍ത്തിക്കുന്നു. ആകെ ഉണ്ടായത് ചെറിയ മാറ്റങ്ങള്‍ മാത്രം. ഇക്കുറിയും ചരിത്രമാവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞോടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന രണ്ടുപേരെയാണ് ചവിട്ടിക്കൊന്നത്. ഉത്സവത്തോടൊപ്പം ഗൃഹപ്രവേശനത്തിനു കൂടി ആനയെ […]

tt

ഉത്സവസീസണാരംഭിക്കുമ്പോള്‍ എല്ലാ വര്‍ഷവും നടക്കുന്ന സംഭവങ്ങള്‍ ഇക്കുറിയും ആവര്‍ത്തിക്കുന്നു. ആരാധനാലയങ്ങളിലെ ആനയെഴുന്നള്ളിപ്പും വെടിക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഉദ്ദേശിക്കുന്നത്. എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നത് ഒരേ കാര്യം. ദുരന്തങ്ങള്‍ ഉണ്ടാകും. അധികൃതര്‍ നടപടികള്‍ പ്രഖ്യാപിക്കും. എന്നാല്‍ ഉത്സവപ്രേമികള്‍ രംഗത്തിറങ്ങും. സര്‍ക്കാര്‍ മുട്ടുമടക്കും. വര്‍ഷങ്ങളായി ഇതുതന്നെ ആവര്‍ത്തിക്കുന്നു. ആകെ ഉണ്ടായത് ചെറിയ മാറ്റങ്ങള്‍ മാത്രം.
ഇക്കുറിയും ചരിത്രമാവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞോടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന രണ്ടുപേരെയാണ് ചവിട്ടിക്കൊന്നത്. ഉത്സവത്തോടൊപ്പം ഗൃഹപ്രവേശനത്തിനു കൂടി ആനയെ എഴുന്നള്ളിക്കുകയായിരുന്നു. നിലനില്‍ക്കുന്ന നിയമപ്രകാരം ആനയെ എഴുന്നള്ളിക്കാനുള്ള വീതിയില്ലാത്ത തെരുവിലായിരുന്നു സംഭവം. ഒരിക്കലും ചെയ്യാന്‍ പാടില്ലാ്ത്ത വിധം ആനയുടെ തൊട്ടുപിറകില്‍ ചിലര്‍ പടക്കം പൊട്ടിച്ചതോടെയാണാ ആന ഓടിയത്. പണ്ടുതന്നെ പാപ്പാന്മാര്‍ കണ്ണടിച്ച് കളഞ്ഞ അന്ധനായ ആനയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന ദുരന്തമാണ് സംഭവിച്ചത്.
സംഭവത്തിനുശേഷം വനംവകുപ്പെടുത്ത തീരുമാനം യാതൊരു യാഥാര്‍ത്ഥ്യ ബോധവുമില്ലാത്തതാണ്. ആനക്ക് എഴുന്നള്ളിപ്പിന് രണ്ടാഴ്ചക്കു വിലക്ക്. പിന്നീട് ആരോഗ്യം പരിശോധിച്ച് തീരുമാനിക്കുമെന്ന്. ആനയുടെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമല്ല ഇത്തരം സംഭവങ്ങള്‍ക്ക് പ്രധാന കാരണം. പണത്തിനു വേണ്ടി മനുഷ്യരോടല്ല, മൃഗങ്ങളോടും എന്തു ക്രൂരതയും ചെയ്യുന്ന മനുഷ്യന്റെ ആര്‍ത്തിയാണ് പ്രധാന കാരണം. പിന്നെ ആചാരങ്ങളുടെ പേരില്‍ അവയെല്ലാം ന്യായീകരിക്കലും. അല്ലെങ്കില്‍ ഇതിനകം 13 പേരെ ഇതിനകം കൊന്നുകളഞ്ഞ ഈ ആനയെ ഇനിയും എഴുന്നള്ളിക്കാമെന്ന് ആലോചിക്കുകയില്ലല്ലോ.
അടിസ്ഥാനപരമായി ആന കാട്ടുമൃഗമാണ്. നാട്ടാന എന്ന പ്രയോഗം തന്നെ തെറ്റ്. എത്രശ്രമിച്ചാലും ആനയെ പൂര്‍ണ്ണമായി മെരുക്കാനാവില്ല. അതെല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ആനകളെ മെരുക്കാനും അക്രമാസക്തി കുറക്കാനും വേണ്ടി ചെയ്യുന്ന ക്രൂരതകള്‍ ഏറെയാണ്. കണ്ണിന്റെ കാഴ്ചശക്തി കളയുന്നതുവരെയെത്തും ഈ ക്രൂരത. മത്തങ്ങക്കുരുക്കള്‍ കൊണ്ട് കണ്ണില്‍ കിഴി കെട്ടിയാണ് കാഴ്ച കളയുക. മിക്കവാറും വലതുകണ്ണിന്റെ കാഴ്ചയാണ് കളയുക. റോഡിലൂടെ കൊണ്ടുപോകുമ്പോള്‍ വാഹനങ്ങളെ കണ്ട് അക്രമാസക്തനാകാതിരിക്കാനാണെ്രത അത്. അങ്ങനെ രാമചന്ദ്രന്റേതും കളഞ്ഞിരുന്നു. ചട്ടം പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ക്രൂരതകള്‍ വേറെ.
വാസ്തവത്തില്‍ വലിയ പ്രശ്നങ്ങളില്ലാതെയായിരുന്നു കേരളത്തിലെ ഉത്സവ സീസണ്‍ കടന്നു പോയിരുന്നത്. ആനയെ ഉപയോഗിച്ചുള്ള ധനസമ്പാദനം അന്ന് മുഖ്യ അജണ്ടയായിരുന്നില്ല. അപ്പോഴാണ് 1989മുതല്‍ തേക്കിന്‍കാട് മൈതാനിയില്‍ 100 ആനകളെ അണിനിരത്തി ഗജമേള ആരംഭിച്ചത്. ടൂറിസത്തെ േ്രപാത്സാഹിപ്പിക്കാനെന്ന പേരില്‍ ആരംഭിച്ച ഈ മേളക്ക് ലക്ഷകണക്കിനു രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ആനയെ ഒരു കറവപശുവാക്കാമെന്നു കണ്ടതിനെ തുടര്‍ന്ന് സംസ്ഥാത്തെ മറ്റു ഭാഗങ്ങളിലും ഗജമേളകള്‍ ആരംഭിച്ചു. അങ്ങനെ ആനകളെ പ്രദര്‍ശന വസ്തുവാക്കുന്നതുതന്നെ നിയമവിരുദ്ധമായിരുന്നു. ഒരു വിദേശി തന്നെയാണ് ഈ പരിപാടി നിര്‍ത്തിവെക്കാന്‍ മുഖ്യകാരണമായത്. ബ്രിട്ടീഷുകാരനായ ഇയാന്‍ റെഡ്മണ്ട്. ഇത് മൃഗപീഡനമാണെന്നാരോപിച്ച ഇദ്ദേഹം ആനേ്രപമി വെങ്കിടാചലത്തോടൊപ്പം തൃശൂര്‍ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തി. 1998ലായിരുന്നു അത്. തുടര്‍ന്ന് 99ല്‍തന്നെ ഗജമേള നിര്‍ത്തിവെച്ചു. എന്നാല്‍ അതിനിടെ നിരവധി പേര്‍ നിയമവിരുദ്ധമായി ആനകളെ കൈവശപ്പെടുത്തിയിരുന്നു. മുഖ്യമായും ബീഹാറിലെ സോണാപൂരു മേളയില്‍ നിന്നാണ് ആനകള്‍ എത്തിയത്. ഇവയെ കേരളത്തിലുടനീളം ലോറികളില്‍ കയറ്റി കൊണ്ടുപോയി എഴുന്നള്ളിക്കാന്‍ തുടങ്ങി. അതുവരെയില്ലാതിരുന്ന പലയിടത്തും പൂരങ്ങള്‍ ആരംഭിച്ചു. ഉണ്ടായിരുന്ന പൂരങ്ങളില്‍ ആനകളുടെ എണ്ണുംകൂടി. പെട്ടിക്കട ഉദ്ഘാടനത്തിനും പഞ്ചായത്ത് മെമ്പറെ സ്വീകരിക്കാനും ആന വേണമെന്നായി. അങ്ങനെയാണ് സംസ്ഥാനത്ത് ആനമാഫിയ തന്നെ രൂപം കൊണ്ടത്. ആനകളുടെ പീഡനപര്‍വ്വം ആരംഭിച്ചതും. മറുവശത്ത് സ്വാഭാവികമായ പ്രതികരണങ്ങളും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിനു പേരാണ് ആ പ്രതികരണങ്ങളില്‍ ഇല്ലാതായത്. ഇതിനിടയില്‍ യഥാര്‍ത്ഥ ആനസ്‌നേഹികളുടെ ശക്തമായ ഇടപെടലുകള്‍ മൂലം കുറെ മാറ്റങ്ങളൊക്കെ വന്നു. എന്നാലും ഇപ്പോഴും ഉത്സബലികള്‍ തുടരുകയാണ്. ആ പരമ്പരയിലെ അവസാനത്തേതാണ് ഗുരുവായൂരില്‍ കൊല്ലപ്പെട്ടവര്‍.
വെടിക്കെട്ടിന്റെ കാര്യവും അങ്ങനെതന്നെ. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ചര്‍ച്ചകള്‍, പ്രഖ്യാപനങ്ങള്‍, നിയന്ത്രണങ്ങള്‍. ഉത്സവങ്ങളടുക്കുമ്പോള്‍ എല്ലാം ലംഘിക്കപ്പെടും. വര്‍ഷങ്ങളായി അതു തുടരുന്നു. അതിനിടയിലായിരുന്നു രണ്ടുവര്‍ഷം മുമ്പ് നൂറില്‍ പരം പേര്‍ കൊല്ലപ്പെട്ട പുറ്റിംഗല്‍ അപകടം നടന്നത്. ലോകത്തെ ഞെട്ടിച്ച ആ സംഭവത്തിനു ശേഷം കുറെകൂടി ഗൗരവത്തോടെയുള്ള ഇടപെടല്‍ നടന്നു. നിയമങ്ങള്‍ കര്‍ക്കശമായി നടത്തുമെന്ന പ്രഖ്യാപനമുണ്ടായി നിരവധി ആരാധനാലയങ്ങളിലെ ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടുപേക്ഷിച്ചു. പലരും ഡിജിറ്റല്‍ വെടിക്കെട്ടിലേക്കുമാറി. പലരും അതിനായി ചിലവഴിക്കുന്ന പണം കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഒരു സ്ഥലത്തുപോലും ആചാരത്തെ അട്ടിമറിക്കുന്നതായി ആരോപിച്ച് ഒരു കലാപവും ഉണ്ടായില്ല. പൂരങ്ങളുടെ പൂരമായ തൃശൂരിലും പോയ വര്‍ഷം ആ ദിശയിലൊരു സ്റ്റെപ്പെങ്കിലും മു്ന്നോട്ടുവെച്ചിരുന്നെങ്കില്‍ അതുണ്ടാക്കുമായിരുന്ന മാറ്റം വളരെ ഗുണകരമാകുമായിരുന്നു. എന്നാലത് സംഭവിച്ചില്ല. അത്തരമൊരു നീക്കത്തെ അട്ടിമറിച്ചത് സ്ഥലം എം എല്‍ എയും മന്ത്രിയുമായ വി എസ് സുനില്‍ കുമാറാണെന്നതാണ് വൈരുദ്ധ്യം. തൃശൂര്‍ പൂരത്തിനു മാത്രം വെടിക്കെട്ട് നടത്തി എല്ലാവരും പുളകിതരായി.
ഈ വര്‍ഷമാകട്ടെ കാര്യങ്ങള്‍ കൂടുതല്‍ ആസൂത്രിതമായി. തൃശൂര്‍ പൂരത്തിനു മാസങ്ങള്‍ക്കുമുമ്പുതന്നെ മന്ത്രിയുടെ നേതൃത്വത്തില്‍ വെടിക്കെട്ടു നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പതിവുപോലെ സുരക്ഷാനടപടികളെടുക്കുമെന്നാെക്കെ പറയുന്നു. എന്നാല്‍ ഇപ്പോളും ഡിജിറ്റല്‍ വെടിക്കെട്ടിലേക്കുമാറാന്‍ തയ്യാറായിട്ടില്ല. കതിനയില്‍ നിന്ന് ഡൈനയിലേക്കുമാറിയപോലെ കാലാനുസൃതമായ മാറ്റം മാത്രമാണതെന്നു മനസ്സിലാക്കാന്‍ ഉത്സവപ്രേമികള്‍ എന്നവകാശപ്പെടുന്ന ആരും തയ്യാറല്ല. ഇനി സംഭവിക്കാന്‍ പോകുന്നത് ഒന്നാണ്. തൃശൂരിലാകാമെങ്കില്‍ ഞങ്ങള്‍ക്കും വേണമെന്നാവശ്യപ്പെട്ട് നിരവധി ഉത്സവകമ്മിറ്റികള്‍ രംഗത്തുവന്നിരിക്കുന്നു. പോയവര്‍ഷം നടക്കാതിരുന്ന മുഴുവന്‍ ഉത്സവങ്ങള്‍ക്കും വെടിക്കെട്ട് പുനസ്ഥാപിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഉത്സവപറമ്പുകള്‍ വീണ്ടും ബലിക്കളങ്ങളായാല്‍ ഞെട്ടേണ്ടതില്ല എന്നര്‍ത്ഥം. കരിയും വേണ്ട, കരിമരുന്നും വേണ്ട എന്നു പറഞ്ഞ ഗുരുവിനെ മറ്റെല്ലാ വിഷയങ്ങലിലുമെന്ന പോലെ ഇക്കാര്യത്തിലും നമുക്ക് മറക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply