ഈ ബില്ലിനെ ഭയക്കുന്നതാര് ?

രാജീവ് സദാനന്ദന്‍ ആശുപത്രികളുടെമേല്‍ സാമൂഹിക നിയന്ത്രണം വേണമെന്ന ആവശ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പലതവണ ഇതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടുമുണ്ട്. എന്നാല്‍, ശക്തമായ ലോബികള്‍ ആ ശ്രമങ്ങളെയൊക്കെ ചെറുത്തുതോല്‍പിച്ചു. ഇതിനായി പുതിയൊരു ബില്‍ നിയമസഭയുടെ കഴിഞ്ഞസമ്മേളനത്തില്‍ അവതരിപ്പിച്ചു. പിന്നാലെ, പ്രതീക്ഷിച്ചതുപോലെ അതിനെതിരായ പടയൊരുക്കവും ആരംഭിച്ചുകഴിഞ്ഞു. സബ്ജക്ട് കമ്മിറ്റി പരിശോധന ആരംഭിക്കുമ്പോള്‍ത്തന്നെ എതിര്‍പ്പു മൂര്‍ധന്യത്തില്‍ എത്തിക്കാനാണു ലോബികളുടെ ശ്രമം. എന്നാല്‍, പ്രധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഈ ബില്‍ പാസാക്കാനാണു സര്‍ക്കാര്‍ ശ്രമം. കാരണം, ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഈ ശ്രമത്തിനു […]

hhh

രാജീവ് സദാനന്ദന്‍

ആശുപത്രികളുടെമേല്‍ സാമൂഹിക നിയന്ത്രണം വേണമെന്ന ആവശ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പലതവണ ഇതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടുമുണ്ട്. എന്നാല്‍, ശക്തമായ ലോബികള്‍ ആ ശ്രമങ്ങളെയൊക്കെ ചെറുത്തുതോല്‍പിച്ചു. ഇതിനായി പുതിയൊരു ബില്‍ നിയമസഭയുടെ കഴിഞ്ഞസമ്മേളനത്തില്‍ അവതരിപ്പിച്ചു. പിന്നാലെ, പ്രതീക്ഷിച്ചതുപോലെ അതിനെതിരായ പടയൊരുക്കവും ആരംഭിച്ചുകഴിഞ്ഞു. സബ്ജക്ട് കമ്മിറ്റി പരിശോധന ആരംഭിക്കുമ്പോള്‍ത്തന്നെ എതിര്‍പ്പു മൂര്‍ധന്യത്തില്‍ എത്തിക്കാനാണു ലോബികളുടെ ശ്രമം. എന്നാല്‍, പ്രധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഈ ബില്‍ പാസാക്കാനാണു സര്‍ക്കാര്‍ ശ്രമം. കാരണം, ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഈ ശ്രമത്തിനു ജനപിന്തുണയുമുണ്ട്. ഇത്തവണ ഈ ബില്ലിനെ പരാജയപ്പെടുത്തുന്നത് എളുപ്പമാവില്ല.

ബില്ലിനെ എതിര്‍ക്കുന്നവര്‍ അതു പഠിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അവരുടെ മാതൃസംഘടനകള്‍ കേന്ദ്ര ബില്ലിനെ എതിര്‍ത്ത അതേ വാദഗതികളാണ് ഇക്കൂട്ടരും ഉയര്‍ത്തുന്നത്. കേന്ദ്രനിയമവും മറ്റു ചില സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമങ്ങളും പരിശോധിച്ച് അപ്രായോഗികവും അനാവശ്യവുമായ വ്യവസ്ഥകള്‍ ഒഴിവാക്കി, ചെറുകിട ആശുപത്രികള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള പ്രയാസങ്ങള്‍ പരമാവധി കുറച്ചിട്ടാണു ബില്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ചെറുകിട ആശുപത്രികള്‍ കേരളത്തിന്റെ ആരോഗ്യരംഗത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന സമീപനം തന്നെ ചട്ടങ്ങള്‍ തയാറാക്കുമ്പോഴും സ്വീകരിക്കും.

നിയമം നിലവില്‍വന്നുകഴിയുമ്പോള്‍ ആശുപത്രിക്കും ഡയഗ്‌നോസ്റ്റിക് ലബോറട്ടറിക്കും അത് ഏതുവിഭാഗത്തില്‍പെട്ടതാണെങ്കിലും, ആരുടെ ഉടമസ്ഥതയില്‍ ഉള്ളതാണെങ്കിലും റജിസ്‌ട്രേഷന്‍ ഇല്ലാതെ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഒഴിവാക്കിയിട്ടുള്ളത് ഒരു ഡോക്ടര്‍ കണ്‍സല്‍ട്ടേഷന്‍ മാത്രം നടത്തുന്ന സ്ഥാപനങ്ങളും പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളും മാത്രം. ജില്ലാതല അതോറിറ്റിയാണു റജിസ്‌ട്രേഷന്‍ നല്‍കേണ്ടത്. സംസ്ഥാന അതോറിറ്റി നിശ്ചയിക്കുന്ന കുറഞ്ഞ മാനദണ്ഡങ്ങള്‍ കൈവരിച്ച സ്ഥാപനങ്ങള്‍ക്കേ റജിസ്‌ട്രേഷന്‍ നല്‍കൂ. പ്രധാനമായും ജീവനക്കാരുടെ യോഗ്യതകള്‍, മിനിമം സൗകര്യങ്ങള്‍ എന്നിവ ആയിരിക്കും ഈ മാനദണ്ഡങ്ങളില്‍പെടുക. ഇപ്പോള്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ രണ്ടു വര്‍ഷത്തിനകം ഈ യോഗ്യത കൈവരിച്ചാല്‍ മതി. അതുവരെ താല്‍ക്കാലിക റജിസ്‌ട്രേഷന്‍ ലഭ്യമാകും. ഇതു ചെറുകിട ആശുപത്രികളെ ദോഷകരമായി ബാധിക്കും എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കാരണം ഇന്നു കേരളത്തില്‍ ഇത്രയെങ്കിലും സൗകര്യങ്ങള്‍ ഇല്ലാത്ത ഒരു ആശുപത്രിയെയും സമൂഹം അംഗീകരിക്കില്ല. ഈ വ്യവസ്ഥയെ വ്യാജ ഡോക്ടര്‍മാര്‍ മാത്രം ഭയന്നാല്‍ മതി.

നിയമം നടപ്പില്‍ വരുമ്പോള്‍ പ്രകടമായ മാറ്റം ഉണ്ടാകാന്‍പോകുന്നത് ആശുപത്രികള്‍ പാലിക്കേണ്ടിവരുന്ന സുതാര്യതയിലാണ്. ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവരങ്ങള്‍, ആശുപത്രിയിലെയും ലാബിലെയും സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസ്, സൗകര്യങ്ങള്‍ എന്നിവ എല്ലാവര്‍ക്കും ലഭ്യമാവണം. ആശുപത്രിയില്‍ നടത്തിയ പരിശോധനയുടെ ഫലം, നല്‍കിയ ചികില്‍സയുടെ വിവരം, മരുന്നുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ രോഗിക്കു നല്‍കണം. നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്ന ആശുപത്രികളില്‍ ഇപ്പോള്‍ത്തന്നെ ഈ സുതാര്യത ഉണ്ട്. എല്ലാ സ്ഥാപനങ്ങളിലെയും നിരക്കുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന കേന്ദ്രനിയമത്തിലെ വ്യവസ്ഥ അപ്രായോഗികമായതിനാല്‍ അത് ഒഴിവാക്കിയിട്ടുണ്ട്. നിരക്കുകള്‍ അതതു സ്ഥാപനങ്ങള്‍ നിശ്ചയിച്ചു പ്രദര്‍ശിപ്പിക്കണം.

ഈ നിയമം കേരളത്തിലെ ആരോഗ്യരംഗത്തു വമ്പിച്ച മാറ്റങ്ങളുണ്ടാക്കുമെന്നതില്‍ സംശയമില്ല. വര്‍ധിച്ച സുതാര്യത രോഗികളെയും അവരുടെ കൂട്ടായ്മകളെയും ശാക്തീകരിക്കും. ആശുപത്രികളുടെ അവകാശവാദങ്ങളുടെ നിജസ്ഥിതി എല്ലാവര്‍ക്കും പരിശോധിക്കാന്‍ കഴിയും. നിരക്കുകളെയും സൗകര്യങ്ങളെയും കുറിച്ചുള്ള വിവരം പൊതുസമൂഹത്തിലെത്തുമ്പോള്‍ നമ്മുടെ മിടുക്കരായ ‘ഐടി കുട്ടികള്‍’ അവ താരതമ്യം ചെയ്യാന്‍ കഴിയുന്ന സോഫ്റ്റ്വെയറും ആപ്പുകളും ഇറക്കും. സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്ടര്‍മാര്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന രേഖകള്‍ പരിശോധിച്ചു പാളിച്ചകള്‍ പുറത്തുകൊണ്ടുവരും. രോഗികളെ പറ്റിച്ച്, പബ്ലിക് റിലേഷന്‍കൊണ്ടു പിടിച്ചുനില്‍ക്കുന്ന ചില ഭിഷഗ്വരന്മാരുടെ തനിനിറം വെളിവായേക്കും. ഇതൊക്കെ ചില വ്യക്തികള്‍ക്കു പ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും സമൂഹത്തിനു ഗുണകരമാകും. ബില്ലില്‍ ചില ന്യൂനതകള്‍ ഉണ്ടാവാം. അവ ചര്‍ച്ച ചെയ്തു പരിഹരിക്കണം. പൊതുജനാരോഗ്യത്തില്‍ താല്‍പര്യമുള്ളവര്‍ ബില്ലിനെ കണ്ണുമടച്ച് എതിര്‍ക്കാതെ, കഴിയുന്നത്ര കുറ്റമറ്റതാക്കാന്‍ സഹായിക്കുകയാണു വേണ്ടത്.

(ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണു ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply