ഇവര്‍ തമാശക്കാര്‍

ഒരുവശത്ത് നാരായണഗുരുവും കുമാരനാശാനും മറ്റും വളര്‍ത്തിയെടുത്ത എസ്എന്‍ഡിപി പ്രസ്ഥാനം. മറുവശത്ത് മന്നത്ത് പത്മനാഭന്‍ രൂപം കൊടുത്ത എന്‍എസ്എസ്. മഹാകഷ്ടമെന്നു പറയട്ടെ, ഈ രണ്ടുപ്രസ്ഥാനങ്ങളുടേയും തലപ്പത്ത് ഇന്ന് തമാശക്കാരാണ് ഇരിക്കുന്നത്. പരസ്പരം ആശ്ലേഷിച്ചും ശകാരിച്ചും ഇവര്‍ കാലംകഴിക്കുന്നു. കേരളത്തിലെ നായന്മാരുടെ പോപ്പായ തന്നെ കാണാതെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പോയ സംഭവത്തില്‍ സുകുമാരന്‍ നായരുടെ കലിയടങ്ങുന്നില്ല. സുധീരന്‍ പിന്നോക്കക്കാരനാണെന്നതോര്‍ക്കുമ്പോഴാണ് കലി കൂടിവരുന്നത്. നായന്മാരായ ചെന്നിത്തലയും തിരുവഞ്ചൂരും മാത്രമല്ല, യുഡിഎഫിലെ മിക്കവാറും […]

download

ഒരുവശത്ത് നാരായണഗുരുവും കുമാരനാശാനും മറ്റും വളര്‍ത്തിയെടുത്ത എസ്എന്‍ഡിപി പ്രസ്ഥാനം. മറുവശത്ത് മന്നത്ത് പത്മനാഭന്‍ രൂപം കൊടുത്ത എന്‍എസ്എസ്. മഹാകഷ്ടമെന്നു പറയട്ടെ, ഈ രണ്ടുപ്രസ്ഥാനങ്ങളുടേയും തലപ്പത്ത് ഇന്ന് തമാശക്കാരാണ് ഇരിക്കുന്നത്. പരസ്പരം ആശ്ലേഷിച്ചും ശകാരിച്ചും ഇവര്‍ കാലംകഴിക്കുന്നു.

കേരളത്തിലെ നായന്മാരുടെ പോപ്പായ തന്നെ കാണാതെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പോയ സംഭവത്തില്‍ സുകുമാരന്‍ നായരുടെ കലിയടങ്ങുന്നില്ല. സുധീരന്‍ പിന്നോക്കക്കാരനാണെന്നതോര്‍ക്കുമ്പോഴാണ് കലി കൂടിവരുന്നത്. നായന്മാരായ ചെന്നിത്തലയും തിരുവഞ്ചൂരും മാത്രമല്ല, യുഡിഎഫിലെ മിക്കവാറും നേതാക്കള്‍ തന്നെ കണ്ട് അനുഗ്രഹം വാങ്ങുമ്പോള്‍ സുധീരന്റേത് ധിക്കാരമായല്ലേ അദ്ദേഹത്തിനു കാണാന്‍ കഴിയൂ. വെള്ളാപ്പള്ളിയാകട്ടെ, അതില്‍ തന്നെ കയറിപിടിച്ചു. മഹാനായ മന്നത്ത് പത്മനാഭന്‍ ഇരുന്ന കസേരയുടെ മഹത്വമറിയാത്ത മന്ദബുദ്ധിയാണ് സുകുമാരന്‍ നായര്‍ എന്നു പറഞ്ഞ വെള്ളാപ്പിള്ളി സുധീരന്റെ പ്രസിഡന്റ് സ്ഥാനം ഈഴവനായതുകൊണ്ടാണെന്നും പറഞ്ഞുവെച്ചു. എന്നാല്‍ സംവരണത്തിന്റെ ആനുകൂല്യത്തിലല്ല താന്‍ കെ.പി.സി.സി. പ്രസിഡന്റായതെന്നും കോണ്‍ഗ്രസുകാരനായതുകൊണ്ടാണന്നും ഇക്കാര്യത്തില്‍ ഒരു ബാഹ്യശക്തിയുടെയും സഹായം ഉണ്ടായിട്ടില്ലെന്നും കയ്യോടെ സുധീരന്‍ മറുപടി പറഞ്ഞു.
എന്‍.എസ്.എസ് ആരെയും ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിച്ചിട്ടില്ല, കൂടിക്കാഴ്ചയ്ക്ക് സമയം തേടണമായിരുന്നു, ആര്‍ക്കും ഞെരങ്ങാനുള്ള സ്ഥലമല്ല മന്നം സമാധി എന്നിങ്ങനെ പോയി സുകുമാരന്‍ നായരുടെ ശകാരങ്ങള്‍. സുധീരന് വക്കാലത്തായി എത്തിയ വെള്ളാപ്പള്ളി പറഞ്ഞതാകട്ടെ ഇങ്ങനെ. കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുംഭനോ അതോ ശുനകനോ എന്ന വരിയാണ് ഓര്‍മ വരുന്നത്. സുകുമാരന്‍ നായര്‍ക്ക് വിവരം വഴിയേപോയിട്ടില്ല. വായാടിത്തംപറഞ്ഞ് മാന്യന്മാരെ ചവിട്ടിത്താഴ്ത്തുന്നത് സുകുമാരന്‍നായരുടെ ശീലമാണ്. ഇയാള്‍ ആരാ? തമ്പുരാനോ? സുധീരന്‍ പെരുന്നയില്‍ പോകാന്‍ പാടില്ലായിരുന്നു. സുധീരനോട് സുകുമാരന്‍ നായര്‍ ചെയ്തത് മര്യാദകേടാണ്. സുധീരന് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇനി സുകുമാരന്‍നായരുമായി സംസാരിക്കരുത്. പ്രവര്‍ത്തനംകൊണ്ടല്ല, സംവരണംകൊണ്ട് കിട്ടിയതാണ് സുധീരന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം. ഇവിരില്‍ ആരെ സ്വീകരിക്കാം, ആരെ തള്ളാം?
കഴിഞ്ഞില്ല. യോഗനാദത്തില്‍ എഴുതിയ ലേഖനത്തില്‍ വെള്ളാപ്പള്ളി പറയുന്നതിങ്ങനെ. പിന്നോക്കദലിത് വിഭാഗങ്ങളുടെ ഐക്യത്തിന് തുരങ്കംവെക്കുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് ഭണ്ഡാരത്തില്‍ നിറയുന്ന ഇത്തരക്കാരുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള പണത്തില്‍ മാത്രം അയിത്തമില്ല, ആ പണം കൊണ്ട് ഉടുക്കാനും ഉണ്ണാനും പുടവ വാങ്ങാനും മുന്നാക്കക്കാര്‍ക്ക് ഉളുപ്പില്ല, കൊട്ടാരവും അമ്പലവും നിര്‍മിക്കാന്‍ പിന്നാക്കക്കാര്‍ വേണം, ബിംബം കൊത്താനും പിന്നാക്ക വിഭാഗങ്ങള്‍ തന്നെ വേണം, എന്നാല്‍, പ്രതിഷ്ഠ നടത്തിക്കഴിയുമ്പോള്‍ ആ പ്രതിഷ്ഠയിലും അമ്പലത്തിലും തൊട്ടു കൂടാത്തവരായി പിന്നാക്കക്കാരെ മാറ്റിനിര്‍ത്തുകയാണ്. ഭൂരിപക്ഷ സാമുദായിക ഐക്യമെന്നത് നായരീഴവ ഐക്യമല്ല. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ കൂട്ടായ്മയാണ്. ഇതില്‍ ഒരു കണ്ണി മാത്രമാണ് എന്‍.എസ്.എസ്. പട്ടികജാതിവര്‍ഗ വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്ന സമീപനം ഉണ്ടാകുമ്പോഴൊക്കെ അതിനെ എതിര്‍ത്തിട്ടുള്ള ആളാണ് സുകുമാരന്‍ നായര്‍. ചാതുര്‍വര്‍ണ്യ സംസ്‌കാരത്തിന്റെ അംശം നിലനില്‍ക്കുന്നതിന്റെ തെളിവാണിത്.
ഇതെല്ലാം വായിക്കുമ്പോള്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇരുവരും കെട്ടിപ്പിടിച്ച് മഹത്തായ നായര്‍ – ഈഴവ ഐക്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. അതിനു ഏതാനും വര്‍ഷം മുമ്പ് വെള്ളാപ്പിള്ളി തന്നെ പ്രഖ്യാപിച്ചിരുന്ന പിന്നോക്ക് – ദളിത് – ന്യൂനപക്ഷ ഐക്യം എന്ന ഏറെ പ്രസക്തമായ രാഷ്ട്രീയ നിലപാട് തള്ളിക്കളഞ്ഞാണ് നായര്‍ – ഈഴന ഐക്യത്തിനായി ഇരുവരും ഒന്നിച്ചത്. എന്നാല്‍ സംവരണത്തില്‍ തട്ടി അതു തകരുമെന്ന് സാമന്യബുദ്ധിയുള്ള ആര്‍ക്കുമറിയാമായിരുന്നു. ഇപ്പോഴിതാ അതുതന്നെ സംഭവിച്ചിരിക്കുന്നു. എന്നാല്‍ ഇക്കാലത്തിനിടയില്‍ കേരള രാഷ്ട്രീയത്തെ കയ്യിലെടുക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് ഇരുവരും വിശ്വസിക്കുന്ന അവസ്ഥയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. അതിനു പ്രധാന കാരണക്കാര്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പൊതുവില്‍ യുഡിഎഫും തന്നെ. കഴിഞ്ഞില്ല, പരസ്പരം തെറി വിളിക്കുമ്പോഴും ഇരുവരും മോദിയുടെ പാളയത്തിലേക്ക് ആനയിക്കപ്പെടുകയാണെന്ന് നിരീക്ഷകര്‍ കരുതുന്നു. അധസ്ഥിതരെ കുറിച്ച് ഘോരഘോരം പറയുന്ന വെള്ളാപ്പള്ളി കേരളത്തിലെ കീഴാളരുടെ ഏതെങ്കിലും വിഷയത്തില്‍ ഇടപെടുന്നുണ്ടോ? അവരുടെ ജനാധിപത്യാവകാശങ്ങള്‍ക്കോ ഭൂമിക്കുവേണ്ടയോ ഉള്ള ഏതെങ്കിലും പോരാട്ടത്തില്‍ ഭാഗഭാക്കാകുന്നുണ്ടോ? സുകുമാരന്‍ നായര്‍ എങ്ങനെയാണ് താഴേക്ക് നോക്കുന്നത് അതുപോലെതന്നെ വെള്ളാപ്പള്ളിയും താഴേക്ക് നോക്കുന്നത്. തമാശകള്‍ പറയുന്ന കാര്യത്തിലെന്ന പോലെ ഇക്കാര്യത്തിലും ഇവരൊരുപോലെ തന്നെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഇവര്‍ തമാശക്കാര്‍

  1. kollam kallaki

Leave a Reply