ഇറോമിന്റെ പോരാട്ടം 16-ാം വര്‍ഷത്തേക്ക്
ഇറോം ഷര്‍മിളക്ക് ഭക്ഷണം കഴിക്കണമെന്നുണ്ട്. അവര്‍ ഭക്ഷണം കഴിച്ചിട്ട് 15 വര്‍ഷം കഴിഞ്ഞു. ഇടക്കിടക്ക് മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിപ്പിക്കാന്‍ പോലീസ് ശ്രമിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടാതെ ഭക്ഷണം കഴിക്കില്ല എന്ന ദൃഢനിശ്ചയത്തില്‍ മണിപ്പൂരിന്റെ ഈ ഉരുക്കു വനിതക്ക് വിട്ടുവീഴ്ചയില്ല. എല്ലാ രുചികളും സ്വയം നിഷേധിച്ചു നിരാഹാരത്തിന്റെ ജയിലില്‍ ഇറോം പതിനാറാം വര്‍ഷത്തിലേക്ക്. ബീഫിലും ഭക്ഷണസ്വാതന്ത്ര്യത്തിലും സംഘര്‍ഷഭരിതമായ ഇന്ത്യന്‍ രാഷ്ടീയം, ആഗ്രഹമുണ്ടായിട്ടും ഒരു ഭക്ഷണവും കഴിക്കാത്ത ഇവരെ മറന്നോ? ഫാസിസത്തിനെതിരെ പ്രതികരിക്കുന്ന എഴുത്തുകാര്‍ പോലും ഈ […]
ഇറോം ഷര്‍മിളക്ക് ഭക്ഷണം കഴിക്കണമെന്നുണ്ട്. അവര്‍ ഭക്ഷണം കഴിച്ചിട്ട് 15 വര്‍ഷം കഴിഞ്ഞു. ഇടക്കിടക്ക് മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിപ്പിക്കാന്‍ പോലീസ് ശ്രമിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടാതെ ഭക്ഷണം കഴിക്കില്ല എന്ന ദൃഢനിശ്ചയത്തില്‍ മണിപ്പൂരിന്റെ ഈ ഉരുക്കു വനിതക്ക് വിട്ടുവീഴ്ചയില്ല. എല്ലാ രുചികളും സ്വയം നിഷേധിച്ചു നിരാഹാരത്തിന്റെ ജയിലില്‍ ഇറോം പതിനാറാം വര്‍ഷത്തിലേക്ക്. ബീഫിലും ഭക്ഷണസ്വാതന്ത്ര്യത്തിലും സംഘര്‍ഷഭരിതമായ ഇന്ത്യന്‍ രാഷ്ടീയം, ആഗ്രഹമുണ്ടായിട്ടും ഒരു ഭക്ഷണവും കഴിക്കാത്ത ഇവരെ മറന്നോ? ഫാസിസത്തിനെതിരെ പ്രതികരിക്കുന്ന എഴുത്തുകാര്‍ പോലും ഈ കവിയത്രിയെ മറന്നോ?
മണിപ്പൂരില്‍ സായുധ സൈന്യത്തിനു കൊടുത്തിരിക്കുന്ന പ്രത്യേക അധികാരം പിന്‍വലിക്കണമെന്നാണ് ഇറോം ഷര്‍മിള ഉന്നയിക്കുന്ന ആവശ്യം. 2000 നവംബര്‍ 2 നു മാലോം പട്ടണത്തില്‍ പത്തു ചെറുപ്പക്കാര്‍ പട്ടാളക്കാരുടെ വെടിയേറ്റു മരിച്ച സംഭവമാണ് സമരത്തിനു നിമിത്തമായത്. അന്ന് മരിച്ചവരില്‍, കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ അവാര്‍ഡ് നേടിയ ചന്ദ്രമണി (18) യുമുണ്ടായിരുന്നു. അന്ന് പുലര്‍ച്ചെ അസം റൈഫിള്‍സിന്റെ പട്രോളിംഗ് വാഹനത്തിന് തീവ്രവാദികള്‍ ബോംബ് വെച്ചതിനുള്ള അരിശം തീര്‍ക്കലായിരുന്നുവത്രേ, നിരപരാധികള്‍ക്ക് നേരെ െൈസന്യം ചെയ്തത്. അന്ന് 28 വയസ്സായിരുന്നു ഷര്‍മിളക്ക്. അതേക്കുറിച്ച് സഹോദരന്‍ സിംഗ്ഗജിത് സിംഗ് പറയുന്നതിങ്ങനെ: അതൊരു വ്യാഴാഴ്ചയായിരുന്നു. കുട്ടിയായിരിക്കുമ്പോഴേ, ഷര്‍മിള നിരാഹാര വ്രതത്തിനു വ്യാഴാഴ്ചയാണ് തിരഞ്ഞെടുക്കാറ്. അന്ന് തുടങ്ങിയ സമരം ഇന്നും തുടരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയുള്ള അറസ്റ്റുകളും വിട്ടയക്കലുകളുമായി സര്‍ക്കാര്‍ ഷര്‍മിളയെ നേരിടുന്നു. ലോകത്തെ ദൈര്‍ഘ്യമേറിയ നിരാഹാര വ്രതം നടത്തിയ വ്യക്തിയാണ് ഇന്നവര്‍. നാല്പത്തിമൂന്നുകാരിയായ ഇറോം ഷര്‍മിള സമരം തുടരുകയാണ്.
1958 സെപ്റ്റംബര്‍ 11നാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് 1958 (AF-SPA) പാസ്സാക്കിയത്. വെറും ആറു സെക്ഷനുകള്‍ മാത്രമുള്ള ഒരു നിയമമാണിത്. 1942 കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണകൂടം ക്വിറ്റ് ഇന്ത്യ സമരത്തെ അടിച്ചമര്‍ത്താന്‍ ഇതിനു തുല്യമായ ഒരു നിയമം ഉപയോഗിച്ചിരുന്നു. ഇതേ കാരണത്താല്‍, ഈ നിയമം അടിച്ചേല്‍പ്പിക്കുന്ന മേഖലകളില്‍ കടുത്ത പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകും എന്നൊരു ആരോപണം നിലനിന്നിരുന്നെങ്കിലും, അന്നത്തെ സാഹചര്യത്തില്‍ അത് പാസ്സാക്കപ്പെട്ടു. അന്നു നിലനിന്നിരുന്ന നാഗാലാന്‍ഡ് വിമോചന പ്രവര്‍ത്തനങ്ങളും സംസ്ഥാനസേനയുടെ അപര്യാപ്തതയും മൂലം, ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍മിക്ക് മേഖലകളില്‍ പൂര്‍ണ അധികാരം ആണ് ഈ നിയമം അനുശാസിച്ചിരുന്നത്. അന്നു കേന്ദ്രഭരണ പ്രദേശമായിരുന്ന മണിപ്പൂരിലും, അസ്സം, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വിമോചന വാദം വ്യാപകമായി അലയടിക്കുന്നുണ്ടായിരുന്നു.
ഈ നിയമം അന്നാട്ടിലെ ജനങ്ങളുടെ മേല്‍ സമ്പൂര്‍ണമായ ആധിപത്യമാണ് റിബലുകളെ അടിച്ചമര്‍ത്താനെന്ന പേരില്‍, അവിടെ പ്രവര്‍ത്തിച്ചിരുന്ന ആര്‍മി വിഭാഗമായ ആസ്സാം റൈഫിള്‍സിനു നേടിക്കൊടുത്തത്.
ആറു മാസം കൂടമ്പോള്‍ നിയമം പുനപരിശോധിക്കേണ്ടതുണ്ടായിട്ടും അതൊന്നും പതിവില്ല.. കേന്ദ്രമോ സംസ്ഥാനമോ സേനയുടെ റിേപ്പാര്‍ടുകള്‍ മാത്രം മുന്‍നിര്‍ത്തി പ്രശ്‌നബാധിത പദവി പുതുക്കനാണ് പതിവ്. നിയമത്തിന്റെ മറവില്‍ സംസ്ഥാനത്ത് സൈന്യം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിവരുന്നതെന്നു പറയുന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെയാണ്. തീവ്രവാദികളെ നേരിടാനെന്ന വ്യാജേന നിരപരാധികളെ വേട്ടയാടുകയും കൊന്നൊടുക്കുകയും ചെയ്യുന്നു. സൈനികരുട ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളും ഇവിടെ നിരവധിയാണ്. മാതാപിതാക്കളുടെയും മക്കളുടെയും സഹോദരന്മാരുടെയും മുന്നിലിട്ട് സ്തീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. ഇതിനെ ചോദ്യം ചെയ്യുന്നവരെ തീവ്രവാദികളും വിഘടനവാദികളുമായി മുദ്രകുത്തി തോക്കിനിരയാക്കുന്നു. തീവ്രവാദ, വിഘടനവാദികളുമായുള്ള ഏറ്റുമുട്ടലുകളെന്ന വ്യാജേനയാണ് സൈന്യം ഇവിടെ നിരപരാധികള്‍ക്കു നേരെ നിറയൊഴിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍ എച്ച് ആര്‍ സി) നടത്തിയ പഠനത്തില്‍ ഈ ഏറ്റുമുട്ടലുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഏറ്റുമുട്ടലില്‍ ഇരകളായവരുടെ പരാതിപ്രകാരം 44 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ 20 എണ്ണവും വ്യാജമാണെന്ന് കമ്മീഷന്‍ അടുത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ തന്നെ ‘അഫ്‌സ്പ’ നല്‍കുന്ന പ്രത്യേകാധികാരത്തിന്റെ ബലത്തില്‍ യാതൊരു ശിക്ഷാ നടപടിയും ഉണ്ടാകില്ലെന്ന ധൈര്യമാണ് സൈന്യത്തിനും പോലീസിനെ ഇത്തരം പ്രവണതകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. ഇതിന് മുമ്പ് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ അന്വേഷിച്ച സന്തോഷ് ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കണ്ടെത്തലുകളും സമാനമായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മണിപ്പൂരില്‍ നടന്ന 1,500 ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് സന്തോഷ് ഹെഗ്‌ഡെ സമിതിയെ സുപ്രീം കോടതി അന്വേഷണത്തിന് നിയോഗിച്ചത്. ആദ്യ ഘട്ടമായി ആറ് ഏറ്റുമുട്ടലുകള്‍ അന്വേഷിക്കാനായിരുന്നു കോടതി നിര്‍ദേശം. ഈ ആറ് സംഭവങ്ങളും വ്യാജമാണെന്നാണ് സന്തോഷ് ഹെഗ്‌ഡെയുടെ റിപ്പോര്‍ട്ടിലുള്ളത്. വളരെ ശക്തവും അപകടകരവുമായ അധികാരങ്ങള്‍ സൈന്യത്തിന് നല്‍കുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നിരിക്കെ നിയമത്തിന്റെ ദുരുപയോഗം തടയുന്നതിന് പര്യാപ്തമായ സംവിധാനങ്ങളൊന്നും തന്നെ മണിപ്പൂരിലില്ലെന്നും സമിതി ചൂണ്ടിക്കാണിച്ചിരുന്നു. സമിതിയുടെ കണ്ടെത്തലുകള്‍ ശരിയല്ലെന്നും തെളിവുകള്‍ പരിശോധിക്കാന്‍ കോടതി തയാറാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജനാ ദേശായി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പ്രതികരിച്ചത്. സ്വന്തം ഭാഗം ന്യായീകരിക്കാതെ വ്യാജ ഏറ്റുമുട്ടലുകള്‍ തടയാന്‍ നടപടി സ്വീകരിക്കുകയാണ് ഭരണകൂടം വേണ്ടതെന്നും മുന്നറിയിപ്പ് നല്‍കിയ കോടതി, വ്യാജ ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുകയാണെങ്കില്‍ തങ്ങള്‍ ന്യായാധിപ സ്ഥാനത്ത് തുടരുന്നത് അര്‍ഥശൂന്യമായി തോന്നുന്നുവെന്ന് വരെ പറയുകയുണ്ടായി.
ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇംഫാല്‍ മുനിസിപ്പല്‍ മേഖലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാംഗ്‌ഖേയ്, യൈസ്‌കുല്‍, താംഗ്മീബാന്ദ്, യൂരിപൊക്, സാഗോള്‍ബാന്ദ്, ഷിംഗ്ജാമേയ്, ഖുരായ് മണ്ഡലങ്ങളൊഴികെ സംസ്ഥാനത്തെ എല്ലായിടവും നിയമത്തിന്റെ പരിധിയിലാണ്. പുറത്തറിഞ്ഞതും അറിയാത്തതുമായി നിരവധി മനുഷ്യാവകാശ ധ്വംസനങ്ങളാണ് ആ മേഖലകളില്‍ ദിനം തോറും അരങ്ങു വാണത്. മനോരമ എന്ന എന്ന യുവതിയെ ബലാല്‍സംഗം ചെയ്ത് കൊന്നതിനെതിരെ സ്ത്രീകള്‍ പട്ടാള ക്യാമ്പിനു മുന്നില്‍ നടത്തിയ നഗ്‌നസമരം ലോകം ശ്രദ്ധിച്ചിരുന്നു. എ കെ ആന്റണി പ്രതിരോധ മന്ത്രിയായി അധികാരമേറ്റപ്പോള്‍ മണിപ്പൂര്‍, കാശ്മീര്‍ ജനതകളുടെ ദശാബ്ദങ്ങളായുള്ള ആവശ്യത്തിന് പരിഹാരമുണ്ടാകുെമന്ന് പ്രതീക്ഷക്കപ്പെട്ടിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. യുപിഎ സര്‍ക്കാരിന്‌റെ നടപടിതന്നെയാണ് ബിജെപിയും തുടരുന്നത്. മണിപ്പൂരിനെ വീണ്ടും പ്രശ്‌ന ബാധിത പ്രദേശമായി പ്രഖ്യാപിക്കുകയാണ് കേന്ദ്രം. അധികാരമേറ്റപ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സേനകള്‍ക്കുള്ള പ്രത്യേകാധികാര നിയമം പിന്‍വലിക്കുന്നതിനെ കുറിച്ച് പരാമര്‍ശിച്ചേക്കും എന്ന പ്രതീക്ഷയും നിലനിന്നിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. തീവ്രവാദം കൈവെടിയണമെന്ന ആഹ്വാനം നലി്കുകയാണ് അദ്ദേഹം ചെയ്തത്. പ്രധാനമന്ത്രി ഇറോം ശര്‍മ്മിളയെ മോദി കാണുമെന്ന പ്രതീക്ഷയും തകര്‍ന്നു. നേരത്തെ അവര്‍ ഡല്‍ഹിയില്‍ മോഡിയെ കാണാന്‍ രണ്ടു തവണ അനുമതി തേടിയിരുന്നു. പക്ഷെ അനുമതി ലഭിച്ചില്ല.
ഈ സാഹചര്യത്തിലാണ് ഒട്ടും തളരാതെ ഇറോമിന്റെ നിരാഹാര സമരം പതിനാറാം വര്‍ഷത്തിലേക്ക് കടക്കുന്നത്. ഇനിയും ഈ സമരത്തെ കണ്ടില്ലെങ്കില്‍ നമുക്കെങ്ങിനെ ജനാധിപത്യവാദിയാകാനാകും? ഗാന്ധിയാണ് രാഷ്ട്രപിതാവെന്നു പറയാന്‍ കഴിയും? മനുഷ്യവകാശത്തെ കുറിച്ച് സംസാരിക്കാന്‍ കഴിയും…?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in