ഇതാ സാഹിത്യത്തിന്റെ കാവലാള്‍

ഐ ഗോപിനാഥ് 22 വര്‍ഷം രാജ്യത്തിന്റെ കാവല്‍ക്കാരന്‍. 25 വര്‍ഷമായി സാഹിത്യത്തിന്റെ കാവല്‍ക്കാരന്‍. കാവലാളുകള്‍ സ്വന്തം ജീവിതത്തിനു കാവല്‍ നില്‍ക്കാന്‍ മറന്നുപോകുന്നത് സ്വാഭാവികം. ഡേവിസേട്ടനു സംഭവിച്ചതും മറ്റൊന്നല്ല. എങ്കിലും ഈ മനുഷ്യന്‍ സന്തോഷവാനാണ് – പട്ടാള മേധാവികള്‍ക്കും സാഹിത്യമേധാവികള്‍ക്കുമിടയില്‍ ജീവിച്ചു തീര്‍ത്ത നീണ്ടവര്‍ഷങ്ങളില്‍… ഇന്ത്യാ – ചൈന യുദ്ധത്തിലും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനിലും പങ്കെടുത്ത അതേ ഗൗരവത്തോടെ ഇദ്ദേഹം ഇന്ന് സാഹിത്യ അക്കാദമിക്കും അതിനകത്തെ പതിനായിരക്കണക്കിനു വിലയേറിയ ഗ്രന്ഥങ്ങള്‍ക്കും കാവല്‍ നില്‍ക്കുന്നു – രാപ്പകല്‍ വ്യത്യാസമില്ലാതെ. 1962ലാണ് പട്ടാളത്തില്‍ […]

ddd

ഐ ഗോപിനാഥ്
22 വര്‍ഷം രാജ്യത്തിന്റെ കാവല്‍ക്കാരന്‍. 25 വര്‍ഷമായി സാഹിത്യത്തിന്റെ കാവല്‍ക്കാരന്‍. കാവലാളുകള്‍ സ്വന്തം ജീവിതത്തിനു കാവല്‍ നില്‍ക്കാന്‍ മറന്നുപോകുന്നത് സ്വാഭാവികം. ഡേവിസേട്ടനു സംഭവിച്ചതും മറ്റൊന്നല്ല. എങ്കിലും ഈ മനുഷ്യന്‍ സന്തോഷവാനാണ് – പട്ടാള മേധാവികള്‍ക്കും സാഹിത്യമേധാവികള്‍ക്കുമിടയില്‍ ജീവിച്ചു തീര്‍ത്ത നീണ്ടവര്‍ഷങ്ങളില്‍… ഇന്ത്യാ – ചൈന യുദ്ധത്തിലും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനിലും പങ്കെടുത്ത അതേ ഗൗരവത്തോടെ ഇദ്ദേഹം ഇന്ന് സാഹിത്യ അക്കാദമിക്കും അതിനകത്തെ പതിനായിരക്കണക്കിനു വിലയേറിയ ഗ്രന്ഥങ്ങള്‍ക്കും കാവല്‍ നില്‍ക്കുന്നു – രാപ്പകല്‍ വ്യത്യാസമില്ലാതെ.
1962ലാണ് പട്ടാളത്തില്‍ ചേര്‍ന്നത്. തൊഴിലനേഷണവുമായി നടക്കുമ്പോള്‍ ചായക്കടയില്‍ ഒരാള്‍ ഉറക്കെ പത്രം വായിക്കുന്നതു കേട്ടു. പട്ടാളത്തില്‍ ആളെ എടുക്കുന്നു. ഉടനെ ഓടി, സെലക്ഷന്‍ നടക്കുന്ന തൃശൂര്‍ പാലസ് ഗ്രൗണ്ടിലേക്ക്. പിറ്റേന്നുതന്നെ യാത്രയായി, 22 വര്‍ഷം നീണ്ട പട്ടാള ജീവിതത്തിലേക്ക്. ട്രക്ക് ഡ്രൈവറായിരുന്നു. കാശ്മീര്‍, ലഡാക്ക്, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, രാജസ്ഥാന്‍, ജലന്തര്‍…. പോകാത്തയിടങ്ങള്‍ കുറവ്. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഇന്ത്യാ – ചൈന യുദ്ധവും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും. രണ്ടിലും ജനറല്‍ എസ് എസ് വൈദ്യയോടൊപ്പം ഉണ്ടായിരുന്നു. ഡ്രൈവറായിരുന്നതിനാല്‍ ആരേയും സ്വന്തം കൈകള്‍ കൊണ്ട് കൊന്നിട്ടില്ല. എന്നാല്‍ എത്രയോ മരണങ്ങളും മൃതദേഹങ്ങളും.. മൃതദേഹങ്ങളില്‍ ചവിട്ടിയാണെങ്കിലും മുന്നോട്ട്.. അതാണ് പട്ടാളത്തിലെ നിയമം. മറ്റൊരു വികാരവും അവിടെയില്ല. സബാഷ് ജവാന്‍ എന്നു കേള്‍ക്കുമ്പോള്‍ സന്തോഷം. കൂടെയുണ്ടായിരുന്ന എത്രയോ പേര്‍ കൊല്ലപ്പെട്ടു. ഒരിക്കല്‍ പൊട്ടിത്തെറിച്ച ഷെല്‍ കഴുത്തില്‍ തറച്ച പാട് ഇപ്പോഴുമുണ്ട്.
1984ല്‍ തിരിച്ചുപോന്നപ്പോള്‍ പോയ സമയത്തെ അവസ്ഥ തന്നയായിരുന്നു. 22 വര്‍ഷം രാജ്യത്തെ കാത്തുസൂക്ഷിച്ചിട്ടും സ്വന്തമായി ഒരു വീടുണ്ടായിരുന്നില്ല. ജീവിതം ദുരിതമയം. ഭാര്യ ഓമന ബീഡി തെറുത്തുകിട്ടുന്ന തുച്ഛമായ വരുമാനം. വീണ്ടും ജോലി തേടി അലയല്‍ ആരംഭിച്ചു. അങ്ങനെയാണ് ജില്ലാ സൈനിക ബോര്‍ഡുവഴി കേരള സാഹിത്യ അക്കാദമിയില്‍ ദിവസക്കൂലിയില്‍ കാവല്‍ക്കാരന്റെ ജോലി ലഭിച്ചത്. 1988ല്‍. ജോലിക്ക് ജോയിന്‍ ചെയ്യാനായി കേറി ചെന്നപ്പോള്‍ തന്നെ മുന്‍ വാച്ച് മാന്റെ ചോദ്യം ഇതായിരുന്നു. ’ഏതാ പാര്‍ട്ടി?’ മറുപടി പറഞ്ഞു. ’നമ്മുടെ പാര്‍ട്ടിതന്നെ.’
24 മണിക്കൂറായിരുന്നു ജോലി. കൂലി 35 രൂപ. ജീവിതം വലിയ ചോദ്യചിഹ്നം തന്നെ. 22 വര്‍ഷം ആയിരകണക്കിനു കലോമീറ്റര്‍ അകലെയായിരുന്നപ്പോള്‍ വീട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ മൂന്നു കിലോമീറ്റര്‍ അകലെ. എന്നിട്ടും അതുതന്നെയവസ്ഥ. പട്ടാളത്തിലായപ്പോള്‍ ലീവു സമയത്തെങ്കിലും വീട്ടിലുണ്ടാകുമായിരുന്നു. ഇപ്പോള്‍ ദിവസക്കൂലിയായതിനാല്‍ അതുമില്ലാതായി. ലീവെടുത്താല്‍ വീടു പട്ടിണിയാകും. പാവം ഭാര്യ രാവിലെതന്നെ മൂന്നു നേരത്തേക്കുള്ള ആഹാരവുമായി അക്കാദമിയിലെത്തും. രണ്ടുപേരും വരാന്തയില്‍ ഒരുമിച്ചിരുന്നായിരുന്നു പ്രാതല്‍ കഴിക്കുക. വിവാഹം കഴിഞ്ഞിട്ടും വിരലിലെണ്ണാവുന്ന ദിവസം മാത്രം ഒരുമിച്ച് ജീവിക്കാന്‍ കഴിഞ്ഞ ഒരു ഭാര്യയുടെ ആഗ്രഹമായിരുന്നു അത്. എന്നാല്‍ സന്തോഷത്തോടെ തങ്ങള്‍ ഇരുവരും ആഹാരം കഴിക്കുന്നതുകണ്ടുപോലും പരാതി നല്‍കിയവര്‍ അക്കദമിയിലുണ്ടായിരുന്നുവെന്ന് പറയുന്നു ഡേവീസ്. 24 മണിക്കൂറുമുള്ള ജോലി വേണ്ട എന്ന് പല തവണ ഭാര്യ പറഞ്ഞു. എന്നാല്‍ പട്ടിണി കിടക്കുന്നതിനേക്കാള്‍ ഭേദമാകുമല്ലോ അതെന്നു കരുതി ജോലിയില്‍ തുടര്‍ന്നു. ഇന്ന് എഴുപതാം വയസ്സിലും തുടരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും താന്‍ സന്തോഷവാനാണെന്നു പറയും ഡേവീസ്. കാരണം കഴിഞ്ഞ കാല്‍നൂറ്റാണ്ടായി താന്‍ ഇടപെടുന്നത് സാഹിത്യത്തിലെ തമ്പുരാക്കന്മാരുമായി. ഗര്‍ജ്ജിക്കുന്ന സിംഹങ്ങളുമായി. വാര്‍ത്താമാധ്യമങ്ങളിലും സാഹിത്യമാസികകളിലും പുസ്തകലോകത്തുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന പ്രശസ്തരുമായി ഇടപെടുന്നതുതന്നെ ജീവിതത്തിനു സാഫല്യം നല്‍കുന്നതായി ഡേവീസ് പറയുന്നു. അപ്പോള്‍ എല്ലാ വിഷമങ്ങളും മറക്കുന്നു. ബഷീര്‍, തകഴി, മാധവിക്കുട്ടി, എംടി, സുകുമാര്‍ അഴിക്കോട്, കെ എം തരകന്‍, പവനന്‍, എം അച്യുതന്‍, എസ് ഗുപ്തന്‍ നായര്‍, കോവിലന്‍, പ്രേംജി, കാക്കനാടന്‍, എം ലീലാവതി, ജി കുമാരപ്പിള്ള, എം. കെ സാനു, എരുമേലി പരമേശ്വരന്‍ പിള്ള, യൂസഫലി കേച്ചേരി, പുനത്തില്‍ കുഞ്ഞബ്ദുള്ള, വികെഎന്‍, മുല്ലനഴി, ഐ വി ദാസ്, സിവി ശ്രീരാമന്‍, കെ എല്‍ മോഹനവര്‍മ്മ, എം മുകുന്ദന്‍…. എന്നിങ്ങനെ പട്ടിക നീളുന്നു. മറക്കാനാവാത്ത എത്രയോ അനുഭവങ്ങള്‍. എം ടിയോടും അഴിക്കോടിനോടും മാത്രമായിരുന്നു ചെറിയ ഭയം. രണ്ടുപേരും ഗൗരവക്കാര്‍. എം ടി ഇടക്കൊന്നു മുഖത്തുനോക്കും. ദിനേശ് ബീഡിക്കായിരിക്കും ആ നോട്ടം. എം ടി സ്ഥലത്തുണ്ടെങ്കില്‍ നേരത്തെ തന്നെ ബീഡി കരുതി വെക്കും. അഴിക്കോട് ഏറ്റവും അധികം പ്രസംഗിച്ചത് അക്കാദമി ഓഡിറ്റോറിയത്തിലാണ്. മുഴുവന്‍ മനസ്സിലാകാറില്ലെങ്കിലും കേട്ടിരിക്കാന്‍ നല്ല രസമാണ്. തകഴിക്ക് മധുരമില്ലാത്ത ചായ വേണമായിരുന്നു. ഇന്നത്തെ പോലെ പ്രമേഹ രോഗികള്‍ അന്നു കുറവായിരുന്നു. അപൂര്‍വ്വം പേരെ മധുരമില്ലാത്ത ചായ കുടിച്ചിരുന്നുള്ളു. വന്ന ഉടനെ തന്റെ ടിഎയും ഡിഎയുമൊക്കെ വാങ്ങിത്തരാന്‍ മറക്കരുതെന്ന് തകഴി പ്രത്യേകം ഓര്‍മ്മിച്ചിരുന്നു. ബഷീര്‍ ഒരിക്കല്‍ കാപ്പികുടിക്കാന്‍ ചില്ലറ തന്നത് ഒരിക്കലും മറക്കില്ല.
വികെഎന്റെ തമാശകള്‍ കേട്ട് ചിരിച്ചു ചിരിച്ചു മണ്ണു കപ്പുമായിരുന്നു. ചിലപ്പോള്‍ അത് അതിരുകടക്കും. ഒരിക്കല്‍ ലീലാവതി ടീച്ചര്‍ അക്കാര്യം പറഞ്ഞ് വഴക്കടിച്ചിരുന്നു. കാക്കനാടനും വികെഎനും സിവി ശ്രീരാമനും ചേര്‍ന്നാല്‍ ഉത്സവമായിരുന്നു. കമ്മിറ്റി കഴിഞ്ഞാല്‍ മൂന്നുപേരും ഇറങ്ങും. മിനുങ്ങാന്‍. പോകുമ്പോള്‍ 10 രൂപ പോക്കറ്റില്‍ വെച്ചുതരും. മൂന്നുപേരുടേയും തിരിച്ചുവരവ് രസമായിരിക്കും. പട്ടാളത്തിലെ ഫയര്‍മാന്‍ ലിഫ്റ്റ് ആണ് ഓര്‍മ്മവരുക. ശ്രീരാമന്റെ പോക്കറ്റില്‍ തനിക്കുള്ള പരിപ്പുവടയുണ്ടാകും. മൂന്നുപേരും ഇന്നില്ല. എന്നാലും മറക്കാനാകില്ല.
താല്‍ക്കാലിക ജീവനക്കാരനായ തനിക്ക് സ്ഥിരം ജീവനക്കാര്‍ക്കൊപ്പം പരിഗണന ആദ്യം നല്‍കിയത് എം കെ സാനുമാഷാണെന്ന് ഡേവീസ് ഓര്‍ക്കുന്നു. മുഴുവന്‍ ജീവനക്കാരുടേയും ഗ്രൂപ്പ് ഫോട്ടോ എടുക്കുകയായിരുന്നു. കസേരകളെല്ലാം യഥാസ്ഥാനത്തിട്ട് താന്‍ മാറി നില്‍ക്കുന്നത് മാഷ് കണ്ടു. എന്താണ് മാറിയതെന്നു ചോദിച്ചപ്പോള്‍ താല്‍ക്കാലിക ജീവനക്കാര്‍ ഗ്രൂപ്പ് ഫേട്ടോയില്‍ ഇരിക്കാറില്ല എന്നു മറുപടി പറഞ്ഞു. മാനേജരും അതു ശരിവെച്ചു. എന്നാല്‍ സാനുമാഷ് സമ്മതിച്ചില്ല. നിര്‍ബന്ധിച്ച് ഫോട്ടോയില്‍ നിര്‍ത്തി. സന്തോഷം കൊണ്ട് താനന്നു കരഞ്ഞെന്നും ഡേവീസ് പറയുന്നു. ഹോട്ടലില്‍ #ോപയി ദോശയും ഇഡ്ഡലിയും കഴിച്ച് ഏതാണ് ഇഷ്ടമെങ്കില്‍ അതു വാങ്ങികൊണ്ടുവരാനാണ് മാഷ് പറയുക.
മരിച്ചാലും തനിക്കു മറക്കാനാവാത്ത വ്യക്തിയായിരുന്നു ഐ വി ദാസെന്നു പറയുമ്പോള്‍ ഡേവീസിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കൊതുകുകടി സഹിച്ച് അക്കാദമി വരാന്തയില്‍ കിടന്നുറങ്ങിയിരുന്ന തന്റെ കിടപ്പ് അകത്തേക്ക് മാറ്റിയത് ഐ വി ദാസായിരുന്നു. അകത്തു കിടന്നില്ലെങ്കില്‍ ശബളം തരില്ല എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഡേവീസ് എന്ന കൃസ്തുശിഷ്യന്‍ എന്ന തലക്കെട്ടില്‍ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യചക്രവാളത്തില്‍ കുറിപ്പെഴുതി. അതിനേക്കാള്‍ രസകരമായ മറ്റൊരനുഭവം പറയുമ്പോള്‍ ഡേവീസിനു നാണം. പട്ടാളത്തില്‍ നിന്നു വന്നശേഷം മിക്കവാറും കിടപ്പ് അക്കാദമിയിലാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിനു വലിയ വിഷമമായി. ഒരു രാത്രി നിര്‍ബന്ധിച്ച് വീട്ടിലേക്ക് വിട്ടു. പോയി കുറെ നേരം കഴിഞ്ഞ് വന്നാല്‍ മതി എന്നു പറഞ്ഞു. ഓട്ടോയില്‍ പോകാന്‍ പണമില്ലാതിരുന്നതിനാല്‍ നടന്നും ഓടിയുമാണ് വീട്ടിലെത്തിയത്. രാത്രി ഒരുണിയോടെ തിരിച്ച്. പിന്നെ ഇടക്കിടെ ഇതാവര്‍ത്തിച്ചു. ഭാര്യക്കും സന്തോഷം. ഒരു രാത്രി തിരിച്ച് ഓടി വരുമ്പോള്‍ പോലീസ് പിടിച്ചു. ചോദ്യം ചെയ്തപ്പോള്‍ പേടിച്ച് ആദ്യം പത്രമെടുക്കാന്‍ പോകുകയാണെന്നു പറഞ്ഞു. പിന്നീട് സത്യം പറഞ്ഞപ്പോള്‍ അവര്‍ ജീപ്പില്‍ കയറ്റി അക്കാദമിയില്‍ എത്തിച്ചു.
ഇനിയും എത്രയോ അനുഭവങ്ങള്‍ എ മുകുന്ദനു ഊണാണ് കൂടുതല്‍ ഇഷ്ടം. അതും വീട്ടില്‍ നിന്നുള്ളത്. ഇടക്കിടെ തന്റെ ചോറുവാങ്ങി കഴിക്കും. പകരം പൊറോട്ട വാങ്ങിത്തരും. മോഹനവര്‍മ്മക്കാണെങ്കില്‍ ഷട്ടില്‍ കളിക്കാന്‍ കൂടണം. വര്‍മ്മ ഒരു പുസ്തകത്തില്‍ തന്നെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മുല്ലനഴി വന്നാല്‍ ലഹളമയമാണ്. പെരുമ്പടവം തന്നെ വിശേഷിപ്പിച്ചത് സാഹിത്യത്തിന്റെ കാരണവരായി. പുനത്തില്‍ വന്നാല്‍ നോണ്‍ വെജ് ഫുഡ് വാങ്ങണം.
ഇങ്ങനെയൊക്കെയാണ് ബന്ധങ്ങലെങ്കിലും കാര്യമായ വായനയൊന്നും ഡേവീസിനില്ല. വല്ലച്ചിറ മാധവന്റെ പുസ്തകങ്ങളാണ് ഏറെ വായിച്ചിട്ടുള്ളത്. നാലുകെട്ടടക്കം എംടിയുടേയും മാധവിക്കുട്ടിയുടേയും ഏതാനും പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. അത്രതന്നെ.
സ്വന്തം വീടുപോലെയാണ് ഈ മനുഷ്യന്‍ അക്കാദമിയെ പരിപാലിക്കുന്നത്. എല്ലാവരോടും ചിരിച്ച് സ്‌നേഹം മാത്രം നല്‍കി. പ്രസിദ്ധരായവര്‍ മാത്രമല്ല, അക്കാദമിയിലെ ജീവനക്കാരും ലൈബ്രറിയില്‍ വായിക്കാന്‍ വരുന്നവരും അക്കാദമി മുറ്റത്ത് എന്നുമെത്തുന്ന സഹൃദയരും ഓഡിറ്റോറിയത്തിലും മിനിഹാളിലും മറ്റും നിരന്തരമായി ചര്‍ച്ചകളും പരിപാടികളും സംഘടിപ്പിക്കുന്നവരുമെല്ലാം ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍. എങ്കിലും പഴയ കാലത്തുള്ളവരുടെയത്ര സ്‌നേഹം ഇപ്പോഴുള്ളവര്‍ക്കില്ല എന്നും കൂടുതലിടപെടാനുള്ള സമയം അവര്‍ക്കില്ലാത്തതാകാം കാരണമെന്നും ഡേവീസ് കരുതുന്നു. പുറത്തു പറയാന്‍ ഇഷ്ടപ്പെടാത്ത പല തിക്താനുഭവങ്ങളും പലരില്‍ നിന്നു നേരിട്ടിട്ടുണ്ട്. രാത്രി ഒറ്റക്കിരുന്നു കണ്ണീര്‍ വാര്‍ത്തിട്ടുണ്ട്. ആത്മഹത്യ കുറിച്ചുപോലും ചിന്തിച്ചിട്ടുണ്ട്. ഒരിക്കല്‍ അതിനായി ശ്രമിച്ചപ്പോള്‍ അസമയത്തു കയറിവന്ന കവി അയ്യപ്പനെ കണ്ട് ഭയപ്പെട്ടോടുകയായിരുന്നു.
എന്നാലും അക്കാദമി ജീവിതത്തില്‍ താന്‍ സന്തോഷവാനാണെന്നു ഡേവീസ് പറയുന്നു. ഇപ്പോള്‍ വരുമാനം കൂടി. രാത്രി മാത്രമേ ജോലിയുള്ളു. മകളുടെ വിവാഹം കഴിഞ്ഞു. മകനു ജോലിയുണ്ട്. ചെറിയൊരു വീടുമുണ്ട്. എന്നാലും ഒരു വിഷമം മാത്രം. ഇത്രയും വര്‍ഷം ജോലി ചെയ്തിട്ടും സ്ഥിരക്കാരനായില്ല. ഒരു ദിവസം ഇറങ്ങിപോകുമ്പോള്‍, അല്ലെങ്കില്‍ മരിച്ചുപോകുമ്പോള്‍ ഒന്നും ലഭിക്കില്ല. സ്വന്തം വീടുപോലെ കണ്ടിട്ടും അക്കാദമി രേഖകളില്‍ തന്റെ പേരുപോലും കാണില്ല. പല സെക്രട്ടറിമാരും അതിനായി ശ്രമിച്ചിരുന്നു. എന്നാല്‍ പ്രായമാണത്രെ തടസ്സമായത്. രാഷ്ട്രീയമായി ശ്രമിക്കാനുള്ള വഴിയൊന്നും അറിയുകയുമില്ല. എന്നാലും ഇപ്പോഴും ശ്രമം തുടരുന്നു. ആഗ്രഹം സഫലമാകുമെന്ന സ്വപ്നത്തില്‍ തന്നെയാണ് സാഹിത്യത്തിന്റെ ഈ കാവല്‍ക്കാരന്‍ ഓരോ രാത്രിയും കഴിച്ചുകൂട്ടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഇതാ സാഹിത്യത്തിന്റെ കാവലാള്‍

  1. Avatar for Critic Editor

    Suresh Nellikode

    ഡേവിസേട്ടനു പ്രണാമം. നന്മകള്‍ നേരുന്നു!

Leave a Reply