ആശങ്കകള്‍ ബാക്കിയാക്കി കേരളാ ബാങ്ക്

കെ.കെ. രാജു കാത്തിരിപ്പിനു വിരാമമിട്ട് കേരളാ ബാങ്കിന്റെ രൂപീകരണത്തിനു മുന്നോടിയായി നിയോഗിക്കപ്പെട്ട ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടു. കേരളത്തിലെ സഹകരണമേഖലയുടെ ശാക്തീകരണത്തിനു വഴിയൊരുക്കുമെന്നുള്ള പ്രതീക്ഷയെ തകര്‍ക്കുന്ന ചില നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം ആസ്ഥാനമാക്കി രൂപീകരിക്കുന്ന കേരളാ ബാങ്കിനു കേന്ദ്ര ഭരണസമിതി കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങള്‍ ആസ്ഥാനമാക്കി മൂന്നു മേഖലാ ഭരണസമിതികള്‍ക്കൂടി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, കേരളാ ബാങ്ക് രൂപീകരണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള വി.ആര്‍. രവീന്ദ്രനാഥ് അധ്യക്ഷനായുള്ള ടാസ്‌ക് ഫോഴ്സ് തിരുവനന്തപുരം ആസ്ഥാനമായുള്ള കേന്ദ്ര ഭരണസമിതിയെ മാത്രമാണു […]

kkകെ.കെ. രാജു

കാത്തിരിപ്പിനു വിരാമമിട്ട് കേരളാ ബാങ്കിന്റെ രൂപീകരണത്തിനു മുന്നോടിയായി നിയോഗിക്കപ്പെട്ട ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടു. കേരളത്തിലെ സഹകരണമേഖലയുടെ ശാക്തീകരണത്തിനു വഴിയൊരുക്കുമെന്നുള്ള പ്രതീക്ഷയെ തകര്‍ക്കുന്ന ചില നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
തിരുവനന്തപുരം ആസ്ഥാനമാക്കി രൂപീകരിക്കുന്ന കേരളാ ബാങ്കിനു കേന്ദ്ര ഭരണസമിതി കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങള്‍ ആസ്ഥാനമാക്കി മൂന്നു മേഖലാ ഭരണസമിതികള്‍ക്കൂടി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
പക്ഷേ, കേരളാ ബാങ്ക് രൂപീകരണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള വി.ആര്‍. രവീന്ദ്രനാഥ് അധ്യക്ഷനായുള്ള ടാസ്‌ക് ഫോഴ്സ് തിരുവനന്തപുരം ആസ്ഥാനമായുള്ള കേന്ദ്ര ഭരണസമിതിയെ മാത്രമാണു ശിപാര്‍ശ ചെയ്യുന്നത്. ഏഴ് മേഖലാ ഓഫീസുകളുണ്ടെങ്കിലും മേഖലാ ഭരണസമിതികള്‍ ശിപാര്‍ശ ചെയ്യപ്പെട്ടിട്ടില്ല.
22 അംഗ കേന്ദ്ര ഭരണസമിതിയിലുള്ള 14 പേരെ ഓരോ ജില്ലയിലെയും പ്രാഥമിക സഹകരണ വായ്പാസംഘങ്ങളില്‍നിന്നു തെരഞ്ഞെടുക്കും. അവര്‍ക്കു നിശ്ചിത വിദ്യാഭ്യാസ യോഗ്യത നിര്‍ദേശിച്ചിട്ടുണ്ട്. അപ്പക്സ് സംഘങ്ങളില്‍നിന്ന് രണ്ടു പേരെയും സാങ്കേതിക മികവുള്ളവരില്‍നിന്നു മൂന്ന് പേരെയും നോമിനേറ്റ് ചെയ്യും. സഹകരണ ഡിപ്പോര്‍ട്ട്മെന്റില്‍നിന്നും, നബാര്‍ഡില്‍നിന്നും ഓരോ പ്രതിനിധികള്‍ ഉണ്ടാകും.
ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറപ്പിച്ച് പടുത്തുയര്‍ത്തിയിട്ടുള്ള ത്രിതല സഹകരണ സംവിധാനത്തിലെ സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ കേരളാ ബാങ്കായി പരിണമിക്കുമ്പോള്‍ സഹകരണ ജനാധിപത്യം പൂര്‍ണമായോ ഭാഗികമായോ പിഴുതെറിയപ്പെടുന്നു. കേരളാ ബാങ്കിന്റെ കേന്ദ്ര ഭരണസമിതി പൂര്‍ണമായും ജനാധിപത്യരഹിത നോമിനേറ്ററി ഭരണ സംവിധാനമായി മാറ്റപ്പെടുന്നു.
സഹകരണ മേഖലയില്‍ ഘടനാപരമായ മാറ്റം വരുത്തി ജില്ലാ ബാങ്കുകളെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രായോഗികത ഇല്ലാത്ത നിരവധി സങ്കല്‍പങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ എഴുതപ്പെട്ടിട്ടുള്ള തിരക്കഥയായേ ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ടിനെ കാണാന്‍കഴിയൂ.
സഹകരണരംഗത്ത് ഏറ്റവും കരുത്തോടെ അറ്റാദായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ ക്രിയാത്മകമായ പദ്ധതികളും പ്രവര്‍ത്തനരേഖയുമില്ലാതെ 341 കോടിയിലധികം രൂപയുടെ നഷ്ടവും 600 കോടിയിലധികം രൂപയുടെ നിഷ്‌ക്രിയ ആസ്തിയുമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാല്‍ അത് സഹകരണ മേഖലയുടെ സമൂലമായ നാശത്തിനേ വഴിയൊരുക്കൂ.
കേരളാ ബാങ്ക് ലക്ഷ്യംവയ്ക്കുന്നത് സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള വായ്പകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള വായ്പകള്‍, കോര്‍പ്പറേറ്റ് വായ്പകള്‍, കണ്‍സോര്‍ഷ്യം വായ്പകള്‍ തുടങ്ങിയവയാണ്.
കേരളാ ബാങ്കില്‍ വ്യക്തിഗത ഇടപാടുകള്‍ ഇല്ല. സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകള്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പകളില്‍ 1,000 കോടിയിലധികം രൂപ നിഷ്‌ക്രിയ ആസ്തിയായി അവശേഷിക്കുമ്പോള്‍ ഇത്തരം വായ്പകളില്‍ ലക്ഷ്യംവയ്ക്കുന്നത് ഗുണകരമോ എന്ന് ചര്‍ച്ച ചെയ്യപ്പെടണം.
കേരളാ ബാങ്കിന് ആകെ 120 മുതല്‍ 150 ശാഖകളെ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. പ്രാഥമിക സഹകരണ സംഘങ്ങളുള്ള സ്ഥലങ്ങളിലേയും 20 കോടി രൂപയുടെ നിക്ഷേപവും സമാനമായ വായ്പകളുമില്ലാത്ത സ്ഥലങ്ങളിലെയും ജില്ലാ ബാങ്ക് ശാഖകളെല്ലാം നിര്‍ത്തലാക്കാന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നു. മാത്രമല്ല കേരളാ ബാങ്ക് ശാഖകള്‍ ജില്ലാ ആസ്ഥാനങ്ങളിലും സുപ്രധാന പട്ടണങ്ങളിലും മാത്രം മതിയെന്നും നിഷ്‌കര്‍ഷിക്കുന്നു.
ആ നിലയ്ക്ക് ജില്ലാ ബാങ്കുകളുടെ 80 ശതമാനം ബ്രാഞ്ചുകളും നിര്‍ത്തലാക്കപ്പെടും. ആകെയുള്ള 783 ജില്ലാ ബാങ്ക് ശാഖകളില്‍ 650 ശാഖകള്‍ നിര്‍ത്തലാക്കാനാണു സാധ്യത. അങ്ങനെ നിര്‍ത്തലാക്കപ്പെടുന്ന ശാഖകളിലെ ഇടപാടുകാര്‍ ആ പ്രദേശത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ ആശ്രയിക്കുമെന്ന് അനുമാനിക്കപ്പെടുന്നു.
ആധുനിക ബാങ്കിങ് സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജില്ലാ ബാങ്കിലെ ഇടപാടുകാര്‍ പ്രാഥമിക സഹകരണ സംഘങ്ങളെ ആശ്രയിക്കുമെന്ന ചിന്ത തികച്ചും അസംഭവ്യമാണ്.അവര്‍ സ്വാഭാവികമായും നവ സ്വകാര്യ ബാങ്കുകളിലേക്കും മറ്റ് സ്വകാര്യ ബാങ്കുകളിലേക്കും ചേക്കേറാന്‍ നിര്‍ബന്ധിതരായിത്തീരും. അതു കേരളത്തില്‍ നവസ്വകാര്യ ബാങ്കുകളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. നോട്ട് നിരോധനത്തിനുശേഷം കേരളംകണ്ട ഏറ്റവും വലിയ വെല്ലുവിളിയായി കേരളാ ബാങ്ക് മാറുകയും ചെയ്യും.
ശ്രീരാം കമ്മിറ്റി എല്ലാ വിഭാഗം സഹകരണ സ്ഥാപനങ്ങള്‍ക്കും അംഗത്വം നിര്‍ദേശിച്ചിരുന്നെങ്കിലും രവീന്ദ്രനാഥ് അധ്യക്ഷനായുള്ള ടാസ്‌ക് ഫോഴ്സ് പ്രസ്തുത നിര്‍ദേശത്തില്‍ മാറ്റം വരുത്തി അംഗത്വം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് മാത്രമാക്കി നിജപ്പെടുത്തിയിരിക്കുന്നു.
ഇതു മൂലം ജില്ലാ ബാങ്കുകളിലെ അംഗ സംഘങ്ങളില്‍ 87 ശതമാനത്തോളം വരുന്ന വായ്പേതര സംഘങ്ങളുടെ അംഗത്വം നഷ്ടപ്പെടുന്നതിന് വഴിയൊരുക്കും.
കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ കേരളാ ബാങ്കിന്റെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്ന ബിസിനസ് കറസ്പോണ്ടന്റുകളായിമാറും. അവര്‍ കേരളാ ബാങ്കിന്റെ കോര്‍ബാങ്കിങ് സംവിധാനവുമായി പൊരുത്തപ്പെടുന്ന പൊതുവായ സോഫ്റ്റ്വേറിലേക്കു മാറേണ്ടിവരും.
അവര്‍ക്ക് അംഗങ്ങളില്‍നിന്നു മാത്രം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും അംഗങ്ങള്‍ക്കു മാത്രം വായ്പകള്‍ നല്‍കുകയും ചെയ്യാം. മറ്റ് ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ ഇടപാടുകാര്‍ക്കു ലഭ്യമാകണമെങ്കില്‍ പ്രാഥമിക സംഘങ്ങള്‍ കേരളാ ബാങ്കിനെ ആശ്രയിക്കേണ്ടിവരും. അതിന് അവര്‍ ഫീസ് നല്‍കേണ്ടതായും വരും.
കോര്‍പ്പറേറ്റ് വായ്പകളെ ലക്ഷ്യംവച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചപ്പോള്‍ കേരളത്തിലെ സാധാരണക്കാര്‍ ആശ്വസിച്ചത് സഹകരണ ബാങ്കുകളുടെ കരുത്തിലായിരുന്നു.
കേരളത്തിലെ 70 ശതമാനത്തിലധികം ജനങ്ങളും അവരുടെ സാധാരണ ആവശ്യങ്ങളായ ക്യഷി, ചെറുകിട വ്യാപാരം, വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയ്ക്ക് ആശ്രയിക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളെയാണ്.
ത്രിതല സഹകരണ സംവിധാനം ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ 52,456 കോടി രുപയുടെ നിക്ഷേപവും 27,946 കോടി രൂപയുടെ വായ്പയുമായി അറ്റാദായത്തി പ്രവര്‍ത്തിക്കുന്ന ജില്ലാ ബാങ്കുകളെ ഇല്ലാതാക്കി കേരളാ ബാങ്ക് രൂപകരിക്കുന്നത് ശാഖകള്‍ കുറച്ചും പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ മാറ്റം വരുത്തിയുമാണെങ്കില്‍ അതു കാര്‍ഷിക മേഖലയുടേയും സഹകരണ മേഖലയുടേയും സമൂലമായ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും.

കോട്ടയം ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply