അഭിമന്യു : ചര്‍ച്ച ചെയ്യണം ഭൂപ്രശ്‌നവും.
മഹാരാജാസ് കോളേജില്‍ അഭിമന്യു എന്ന എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന ആദിവാസി വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ട സംഭവത്തില്‍ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ പ്രശ്‌നങ്ങളെ കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നല്ലത്. സമാധാനപരമായ കാമ്പസ് അന്തരീക്ഷം വളര്‍ന്നുവരാന്‍ ഈ ചര്‍ച്ചകളും പ്രതിഷേധങ്ങളും സഹായിക്കുമെങ്കില്‍ അത്രയും നന്ന്. അതേസമയം അഭിമന്യുവിന്റെ ജീവിതവും മരണവും ഉയര്‍ത്തുന്ന മറ്റു ചില ചോദ്യങ്ങളുണ്ട്. കേരളം ഇനിയും കാര്യമായി അഭിമുഖീകരിക്കാത്തതും അവഗണിച്ചതുമായ ചോദ്യങ്ങള്‍. ആ മേഖലയിലേക്കും ചര്‍ച്ചകള്‍ നീങ്ങേണ്ടിയിരിക്കുന്നു. ഇപ്പോഴില്ലെങ്കില്‍ […]
മഹാരാജാസ് കോളേജില്‍ അഭിമന്യു എന്ന എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന ആദിവാസി വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ട സംഭവത്തില്‍ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ പ്രശ്‌നങ്ങളെ കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നല്ലത്. സമാധാനപരമായ കാമ്പസ് അന്തരീക്ഷം വളര്‍ന്നുവരാന്‍ ഈ ചര്‍ച്ചകളും പ്രതിഷേധങ്ങളും സഹായിക്കുമെങ്കില്‍ അത്രയും നന്ന്. അതേസമയം അഭിമന്യുവിന്റെ ജീവിതവും മരണവും ഉയര്‍ത്തുന്ന മറ്റു ചില ചോദ്യങ്ങളുണ്ട്. കേരളം ഇനിയും കാര്യമായി അഭിമുഖീകരിക്കാത്തതും അവഗണിച്ചതുമായ ചോദ്യങ്ങള്‍. ആ മേഖലയിലേക്കും ചര്‍ച്ചകള്‍ നീങ്ങേണ്ടിയിരിക്കുന്നു. ഇപ്പോഴില്ലെങ്കില്‍ പിന്നീടൊരിക്കലുമതുണ്ടാകില്ല.
അഭിമന്യുവിന്റെ കുടുംബത്തിന് കര്യമായ സഹായങ്ങള്‍ സര്‍ക്കാരും പാര്‍ട്ടിയും നല്‍കുമെന്ന് കരുതാം. അത് സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ സ്വന്തമായി ആറടി സ്ഥലമോ കിടപ്പാടമോ ഇല്ലാത്ത. ഉണ്ടെങ്കില്‍ അഭിമന്യുവിന്റേതുപോലെ ഒറ്റമുറികളില്‍ കഴിയുന്ന ലക്ഷകണക്കിനു കുടുംബങ്ങള്‍ ഇന്നും കേരളത്തിലുണ്ട് എന്നതാണ് വസ്തുത. അഭിമന്യു തമിഴ് ആദിവാസി കുടുംബത്തിലാണ് ജനിച്ചത്. മാതാപിതാക്കള്‍ തോട്ടം തൊഴിലാളികള്‍. ഐക്യകേരളം രൂപം കൊണ്ട് ആറ് ദശകം കഴിഞ്ഞിട്ടും കേരളത്തിലെ ആദിവാസികള്‍, ദലിതര്‍, ദലിത് ക്രൈസ്തവര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍ സമൂഹങ്ങള്‍ തുടങ്ങിയവര്‍ക്ക് രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഭൂ അധികാരത്തില്‍ ഒരിടവുമില്ല എന്നതാണ് വസ്തുത. പ്രകൃതി-വനം-മണ്ണ്-തണ്ണീര്‍തടങ്ങള്‍-കടല്‍ തുടങ്ങിയ മേഖലകളെ ആശ്രയിച്ച് ജീവിച്ചുവന്ന ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ ഇന്ന് കോളനികള്‍, ചേരികള്‍, പുറമ്പോക്കുകള്‍ തുടങ്ങിയവയിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണ്. ഏറെ കൊട്ടിഘോഷിച്ച ഭൂപരിഷ്‌കരണ നടപടികള്‍ കൊണ്ട് ഇവര്‍ക്കൊരു ഗുണുമുണ്ടായില്ല. മാത്രമല്ല, അത് വന്‍കിട എസ്റ്റേറ്റുകളെയും ഭൂവുടമകളെയും ബാധിച്ചതുമില്ല. ജാതിവ്യവസ്ഥയ്ക്ക് പോറല്‍പോലും ഏല്‍പിച്ചില്ല. വനം-പ്രകൃതി-മണ്ണ് എന്നിവയെ ആശ്രയിച്ച് ജീവിച്ചുവന്ന ആദിവാസി ദലിത് പാരമ്പര്യസമൂഹങ്ങളുടെ വിഭവാധികാരം സംരക്ഷിക്കാന്‍ യാതൊരുവിധ നിയമനിര്‍മ്മാണവും പിന്നീട് നടന്നില്ല. കൃഷിഭൂമിയില്‍ ഇപ്പോഴും കോര്‍പ്പറേറ്റുകളും ഭൂമാഫിയകളും കുത്തക നിലനിര്‍ത്തുകയാണ്. റവന്യൂഭൂമിയുടെ 58 % (ഏതാണ്ട് 5 ലക്ഷം ഏക്കര്‍) ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിടക്കാര്‍ വ്യാജരേഖകളിലൂടെ കൈവശം വച്ചുവരികയാണൈന്ന് സര്‍ക്കാര്‍ നിയോഗിച്ച രാജമാണിക്യം റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നു. ഭൂപരിഷ്‌കരണത്തിന് ശേഷവും ദളിതരും മറ്റു പാര്‍ശ്വവല്‍കൃതരും 3 സെന്റിലേക്കും 5 സെന്റിലേക്കുമാണ് ആട്ടിപ്പായിക്കപ്പെട്ടത്. വന്‍കിട തോട്ടങ്ങളിലെ തൊഴിലാളികളുടെ അവസ്ഥയും പരമദയനീയമാണ്. തോട്ടം മുതലാളിമാരും സര്‍ക്കാരും ട്രേഡ് യൂണിയന്‍ നേതാക്കളും ചേര്‍ന്ന് അവരെ എങ്ങനെയെല്ലാമാണ് കൊള്ളയടിക്കുന്നതെന്ന് മൂന്നാര്‍ പെമ്പിളൈ ഒരമൈ സമരത്തിലൂടെ കേരളം കണ്ടതാണ്. ഇത്തരത്തില്‍ പ്രബുദ്ധകേരളം വഞ്ചിച്ച ഒരു സാമൂഹ്യവിഭാഗത്തില്‍ നിന്നുതന്നെയാണ് അഭിമന്യുവും വരുന്നത്. അവന്റെ കുടുംബത്തിന്റെ അവസ്ഥ എല്ലാവരും കണ്ടല്ലോ. ഇതാണ് കേരളത്തിലെ ലക്ഷകണക്കിനു വരുന്ന, മേല്‍സൂചിപ്പിച്ച വിഭാഗങ്ങള്‍ നേരിടുന്ന അവസ്ഥ.
ഇത്തരമൊരു സാഹചര്യത്തില്‍ പോലും അനധികൃതമായി തോട്ടങ്ങള്‍ കയ്യടക്കിയിരിക്കുന്ന കുത്തകകളെ സംരക്ഷിക്കുകയാണ് മുന്‍സര്‍ക്കാരുകളെ പോലെ, അഭിമന്യുവിന്റെ സംഘടനയുടെ പിതൃസംഘടന നയിക്കുന്ന സര്‍ക്കാരും ചെയ്യുന്നതെന്നതാണ് മറ്റൊരു ദുരന്തം. ഇപ്പോഴിതാ തോട്ടം മേഖലയെ പരിസ്ഥിതി ദുര്‍ബ്ബലമേഖലകളില്‍ നിന്ന് ഒഴിവാക്കുന്ന തീരുമാനം തന്നെ നോക്കുക. തോട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 9 ഇന പരിപാടി സത്യത്തില്‍ ഒരു കെണിയാണ്. ഭൂപരിഷ്‌ക്കരണത്തില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കിയത് വഴി തൊഴിലാളികളുടെ പേരില്‍ മുതലാളിമാരാണ് സംരക്ഷിക്കപ്പെട്ടതെന്ന ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. വളഞ്ഞ വഴിയില്‍ ഉടമാവകാശം തോട്ടം മുതലാളിമാര്‍ക്ക് സ്ഥാപിച്ചു നല്‍കുന്നതാണ് 9 ഇന പരിപാടിയുടെ ഉള്ളടക്കം. നൂറ്റാണ്ടുകളായി മനുഷ്യാദ്ധ്വാനത്തിന്റെ ഫലമാണ് തോട്ടങ്ങളെന്നും അവ സംരക്ഷിക്കപ്പെടണമെന്നും പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ അധ്വാനിച്ച അഭിമന്യുവിന്റെതുപോലുള്ള കുടുംബങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. പകരം ഭൂരഹിതര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത് ലൈഫ് എന്ന പദ്ധതിയാണ്. ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമിയും ഭവന രഹിതര്‍ക്ക് 400 സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള 5 ലക്ഷത്തോളം ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് പാര്‍ശ്വവല്‍കൃതരെ വീണ്ടും കോളനിവല്‍ക്കരിക്കാനുള്ള നടപടിയാണത്. മേപ്പാടി, ചെങ്ങറ, അരിപ്പ, ആറളം, മുത്തങ്ങ തുടങ്ങി നിരവധി കേന്ദങ്ങളില്‍ നടക്കുന്ന ഭൂസമരങ്ങളെ അവഗണിച്ചാണ് ഒരുതുണ്ട് ഭൂമി പോലും നല്‍കാതെ, വിഭവാധികാരത്തിനും സാമൂഹിക നീതിക്കും ഭൂമി എന്ന മര്‍മ്മപ്രധാനമായ ആവശ്യത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നത്. ടാറ്റ, ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകകള്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈവശം വെയ്ക്കുന്ന 5 ലക്ഷത്തിലധികം വരുന്ന തോട്ടം ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് തള്ളികളയുന്ന സര്‍ക്കാര്‍ അവരുടെ ഒരു സെന്റ് ഭൂമി പോലും പിടിച്ചെടുക്കാതെയാണ് ലൈഫ് എന്ന പദ്ധതിയെ പറ്റി കൊട്ടിഘോഷിക്കുന്നത്. ഈ വഞ്ചനയെങ്കിലും ഈയവസരത്തില്‍ വിളിച്ചുപറയേണ്ടതുണ്ട്. ഒപ്പം ഏതു പ്രസ്ഥാനമാണെങ്കിലും കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും മിക്കവാറും പേര്‍ ഇത്തരത്തിലുള്ള അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നു വരുന്നവരാണെന്ന വസ്തുതയും തിരിച്ചറിയണം. അത്തരത്തില്‍ ചാവേറുകളാകേണ്ടവരാണോ ഇവര്‍? അഭിമന്യുവിന്റെ മരണം കേവലം കക്ഷിരാഷ്ട്രീയചര്‍ച്ചകളിലൊതുക്കാതെ അവരുള്‍പ്പെടെയുള്ള പീഡിതസമൂഹങ്ങളുടെ സാമൂഹ്യനീതിക്കായുള്ള ഊര്‍ജ്ജമാക്കാനാണ് ജനാധിപത്യശക്തികള്‍ ശ്രമിക്കേണ്ടത് – ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തോടൊപ്പം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in