അദ്വാനിയും ഇന്ത്യന്‍ രാഷ്ട്രീയവും

പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ രാജി അവസാനം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിച്ചു. പാര്‍ട്ടിക്ക് താല്‍ക്കാലിക ആശ്വാസം. എന്നാല്‍ അദ്വാനിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന കാര്യത്തില്‍ മോഡിയും മറ്റു നേതാക്കളും ആശങ്കയിലാണ്. അത് സ്വാഭാവികമാണു താനും. ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിച്ചിട്ടും അത് വാജ്‌പേയിക്കു വിട്ടുകൊടുത്ത അദ്വാനിക്ക് ഒരിക്കലെങ്കിലും അതിനുള്ള അവസരം നല്‍കണമെന്ന് ബിജെപിയില്‍ ഒരു വിഭാഗവും ജനങ്ങളില്‍ ഒരു വിഭാഗവും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു സഹതാപ തരംഗത്തിന്റെ ഓളങ്ങളിലാണ് ഇന്ന് […]

adwani

പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ രാജി അവസാനം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിച്ചു. പാര്‍ട്ടിക്ക് താല്‍ക്കാലിക ആശ്വാസം. എന്നാല്‍ അദ്വാനിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന കാര്യത്തില്‍ മോഡിയും മറ്റു നേതാക്കളും ആശങ്കയിലാണ്. അത് സ്വാഭാവികമാണു താനും. ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിച്ചിട്ടും അത് വാജ്‌പേയിക്കു വിട്ടുകൊടുത്ത അദ്വാനിക്ക് ഒരിക്കലെങ്കിലും അതിനുള്ള അവസരം നല്‍കണമെന്ന് ബിജെപിയില്‍ ഒരു വിഭാഗവും ജനങ്ങളില്‍ ഒരു വിഭാഗവും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു സഹതാപ തരംഗത്തിന്റെ ഓളങ്ങളിലാണ് ഇന്ന് അദ്വാനി. മറുവശത്ത് നരേന്ദ്രമോഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ മിതവാദിയായതിനാല്‍ അദ്വാനിയെ പിന്തുണക്കുന്ന വലിയൊരു വിഭാഗം വേറെയുമുണ്ട്. ഇതെല്ലാം മുതലെടുക്കാനുള്ള പരമാവധി ശ്രമത്തിലാണ് അദ്ദേഹം.

സംഗതികള്‍ ഇങ്ങനെയാണെങ്കിലും അത്രക്കു ലളിതമായി ഈ വിഷയം വിലയിരുത്തിയാല്‍ മതിയാകില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച രണ്ടു വലിയ മുന്നേറ്റങ്ങളില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് അദ്വാനി. ഒന്നില്‍ പുരോഗമനപരവും രണ്ടാമത്തേതില്‍ നിഷേധാത്മകവുമായ പങ്കായിരുന്നു അത്. അടിയന്തരാവസ്ഥക്കെതിരായ മുന്നേറ്റമായിരുന്നു ആദ്യത്തേത്. ആര്‍ എസ് എസും ജനസംഘവുമായിരുന്നു അന്ന് അദ്വാനി. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ജനതാപാര്‍ട്ടിയില്‍ ജനസംഘവും ലയിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ ജനതാപര്‍ട്ടി അധികാരത്തിലേറി. അത്തരത്തില്‍ ഇന്ത്യ കണ്ട രണ്ടാം സ്വാതന്ത്ര്യ സമരത്തില്‍ മൊറാര്‍ജി ദേശായിക്കും ഫെര്‍ണാണ്ടസിനും വാജ്‌പേയിക്കുമൊക്കെ ഒപ്പം അദ്ദേഹം നിര്‍ണ്ണായക പങ്കു വഹിച്ചു.
കടകവിരുദ്ധമായ നിലപാടുകളുള്ള സോഷ്യലിസ്റ്റുകളേയും ജനസംഘക്കാരേയും പോലുള്ള പാര്‍ട്ടികളെ കൂട്ടിക്കെട്ടി ജയപ്രകാസ് രൂപം കൊടുത്ത ജനതാപാര്‍ട്ടിക്കും സര്‍ക്കാരിനും സ്വാഭാവികമായും അധികം ആയുസ്സുണ്ടായില്ല. ജനതാപാര്‍ട്ടി ഛിന്നഭിന്നമായി. എന്നാല്‍ ചരിത്രത്തിന്റെ ട്രാജഡിയെന്നു പറയട്ടെ, ഫാസിസത്തിനെതിരായി രൂപം കൊണ്ട ജനതാപാര്‍ട്ടി തകര്‍ന്നപ്പോള്‍ അതില്‍ നിന്ന് ഏറ്റവും മെച്ചമുണ്ടാക്കിയതും ഫാസിസ്റ്റുകളായിരുന്നു. പിന്നീട് ബിജെപിയായി മാറിയ ജനസംഘത്തിനായിരുന്നു ഈ പരീക്ഷണം ഏറ്റവും മെച്ചമായത്. ജനതാ പാര്‍ട്ടിയില്‍ ലയിച്ചിരുന്ന മറ്റു പാര്‍ട്ടികളെല്ലാം തകരുകയും എന്നും ആര്‍എസ്എസിനാല്‍ നിയന്ത്രിച്ചുവന്ന ബിജെപി വളരുകയും ചെയ്തു. സ്വാതന്ത്ര്യം മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക പങ്കു നേടാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്ന ആര്‍എസ്എസ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലെത്തിയത് അങ്ങനെയാണ്. പ്രതീക്ഷിക്കാതെയാണെങ്കിലും ജെപിക്കു പറ്റിയ ഒരു രാഷ്ട്രീയ അബദ്ധമായി ഇതെന്നും നിലനില്‍ക്കും.
ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റി മറിച്ച സംഭവവികാസങ്ങളായിരുന്നു പിന്നീടുള്ള ഒന്നു രണ്ടു ദശകങ്ങളില്‍ നടന്നത്. അതില്‍ ഒരു പക്ഷത്തിന്റെ തലപ്പത്ത് അദ്വാനിയായിരുന്നു. വിപി സിംഗ് തുറന്നു വിട്ട മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന ഭൂതമായിരുന്നു ഈ മാറ്റങ്ങള്‍ക്ക് സത്യത്തില്‍ കാരണമായത്. ഹിന്ദുസമൂഹത്തെ ഏകശിലാഖണ്ഡമാക്കാനുള്ള ആര്‍എസ്എസ് ബിജെപി രാഷ്ട്രീയ അജണ്ടയെയാണ് മണ്ഡല്‍ തകര്‍ത്തത്. സ്വാതന്ത്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാത് അങ്ങനെയാണ്. വര്‍ണ്ണപരമായും വര്‍ഗ്ഗപരമായും സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് ആദ്യമായി നേതാക്കളും മുഖ്യമന്ത്രിമാരും ഉയര്‍ന്നു വന്നു. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ ബിജെപിയും ആര്‍എസ്എസും ചരിത്രത്തില്‍ നിന്ന് ബാബറി മസ്ജിദ് പൊക്കിയെടുക്കുകയായിരുന്നു. ഒരു ശത്രുവിനെ കൃത്രിമമായി സൃഷ്ടിച്ച്, അതു ചൂണ്ടികാട്ടി ഹിന്ദുഐക്യം ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതിന്റെ ബുദ്ധികേന്ദ്രം അദ്വാനി തന്നെയായിരുന്നു. അതൊരു പരിധിവരെ വിജയിച്ചു. ബിജെപി അധികാരത്തിലുമെത്തി. എന്നാല്‍ അദ്വാനിക്കുപകരം കൂടുതല്‍ പ്രതിച്ഛായയുണ്ടായിരുന്ന, മിതവാദിയുമായിരുന്ന വാജ്‌പേയാണ് പ്രധാനമന്ത്രിയായത്. അദ്വാനിയുടെ കൂടി അഭിപ്രായത്തോടെയായിരുന്നു അത്. അദ്വാനിയാകട്ടെ പാര്‍ട്ടിയെ നയിക്കുകയായിരുന്നു. അടുത്ത അവസരത്തില്‍ താനായിരിക്കും പ്രധാനമന്ത്രിയെന്നു അദ്ദേഹം ഉറപ്പിച്ചിരുന്നിരിക്കണം.
എന്നാല്‍ ആ പ്രതീക്ഷയാണ് പിന്നീട് തകര്‍ന്നത്. അടുത്ത രണ്ടുതവണയും യുപിഎ അധികാരത്തിലെത്തി. പ്രതിപക്ഷത്തിരുന്നു ബിജെപി കിതച്ചു. പ്രായാധിക്യമാകട്ടെ അദ്വാനിയെ തളര്‍ത്തി കൊണ്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നരേന്ദ്രമോഡിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വരവ്. ബാബറി മസ്ജിദിനെ അദ്വാനി ആയുധമാക്കിയെപോലെ ഗുജറാത്തിലെ വംശഹത്യയെയായിരുന്നു മോഡി ആയുധമാക്കിയത്. തുടര്‍ന്ന് അദ്വാനിക്ക് മിതവാദിയെന്നും മോഡിക്ക് തീവ്രഹിന്ദുത്വവാദിയെന്നുമുള്ള വിശേഷണം ലഭിക്കുകയായിരുന്നു. തീവ്രഹിന്ദുത്വത്തോടൊപ്പം വികസന മുദ്രാവാക്യവുമായി മോഡി മുന്നേറി. കോര്‍പ്പറേറ്റുകള്‍ക്കും മോഡി പ്രിയങ്കരനായി. അതോടെ അദ്വാനി കൂടുതല്‍ കൂടുതല്‍ ദുര്‍ബലനാകുകയായിരുന്നു.
വരുന്ന തിരഞ്ഞെടുപ്പ് എങ്ങനെയെങ്കിലും ജയിക്കുക എന്നത് ബിജെപിയുടെ ആവശ്യമാണ്. ഒരിക്കല്‍ കൂടി പ്രതിപക്ഷത്തിരിക്കുന്നത് പാര്‍ട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചില്ലറയാകില്ല എന്ന് നേതാക്കള്‍ക്കറിയാം. ആര്‍എസ്എസും അതു മനസ്സിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്വാനിയേക്കാല്‍ പാര്‍ട്ടിയെ നയിക്കാന്‍ മോഡിയാണ് മെച്ചമെന്ന തീരുമാനമുണ്ടായിരിക്കുന്നത്. ഇപ്പോള്‍ അദ്വാനിയെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ പോലും സത്യത്തില്‍ ആ അഭിപ്രായക്കാരാണ്. പണ്ടു താന്‍ മാറി നിന്ന് വാജ്‌പേയിക്ക് അവസരം നല്‍കിയ പോലെ മോഡി തനിക്കവസരം നല്‍കുമെന്ന പ്രതീക്ഷയും അദ്വാനിക്കില്ല. മാറിയ സാഹചര്യത്തില്‍ അതു നടക്കില്ലെന്നു അദ്ദേഹത്തിനറിയാം. അതുകൊണ്ടാണ് അവസാന ശ്രമമെന്ന നിലയില്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് അദ്വാനി രാജി വെച്ചത്. ആര്‍എസ്എസിന്റെ കടുത്ത സമ്മര്‍ദ്ദമാണ് ഇപ്പോള്‍ രാജി പിന്‍വലിക്കാന്‍ കാരണമായത്. എങ്കിലും പ്രധാനമന്ത്രിയാകുക എന്ന തന്റെ അവസാന ആഗ്രഹം അദ്വാനി കൈവിടുമോ എന്ന കാര്യം സംശയമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply