അതെ മിസ്റ്റര്‍ രഞ്ജിത്.. ഞങ്ങളിപ്പോള്‍ നായ്ക്കള്‍ തന്നെ….

സാംസ്‌കാരികരംഗത്തുനിന്നും വളരെ മോശപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ കേരളത്തില്‍ കേള്‍ക്കുന്നത്. ആ വാര്‍ത്തകളിലെ പ്രധാന കഥാപാത്രങ്ങളാകട്ടെ മലയാളികള്‍ പൊതുവില്‍ ഏറെ ബഹുമാനിക്കുന്ന സിനിമാ സംവിധായകരായ രഞ്ജിത്തും അടൂര്‍ ഗോപാലകൃഷ്ണനും മറ്റും മറ്റും. വിവാദങ്ങള്‍ ആംരംഭിച്ച് ഏറെ ദിവസമായിട്ടും ഇടെപടാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി തയ്യാറാകുന്നില്ല എന്നതാണ് ഏറെ ഖേദകരം.

കേരളത്തിന്റെ അഭിമാനമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന, ഐ എഫ് എഫ് കെ എന്ന അന്താരാഷ്ട്ര ചലചിത്രോത്സവവുമായി ബന്ധപ്പെട്ട് ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ ചില പ്രസ്താവനകള്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ അവസാനിച്ചിട്ടില്ല. ചലചിത്രോത്സവത്തില്‍, താല്‍പ്പര്യമുള്ള ചിത്രങ്ങള്‍ക്ക് ഏറെ പണിപ്പെട്ട് സീറ്റുകള്‍ ബുക്ക് ചെയ്ത് സമയത്ത് തിയറ്ററുകളിലെത്തിയ പല ഡെലിഗേറ്റുകള്‍ക്കും പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് വളരെ മോശപ്പെട്ട പരാമര്‍ശങ്ങള്‍ രഞ്ജിത്തില്‍ നിന്നുണ്ടായത്. ബുക്ക് ചെയ്യേണ്ട സമയത്ത് ഉറങ്ങിയാല്‍ സീറ്റു ലഭിക്കില്ല, തോളില്‍ സഞ്ചിയിട്ടു നടന്നാല്‍ സിനിമ കാണാനാകില്ല, ഭാഗ്യവാന്മാര്‍ക്ക് കാണാനുള്ളതാണ് സിനിമ എന്നിങ്ങനെ പോയി അദ്ദേഹത്തിന്റെ വാക്കുകള്‍. മാത്രമല്ല, പല സിനിമകള്‍ക്കും റിസര്‍വ് ചെയ്ത് സിനിമ കാണാന്‍ കഴിയാത്തവരാണ് പ്രതിഷേധിച്ചതെന്നു മറച്ചുവെച്ച് മമ്മുട്ടി അഭിനയിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരിയുടെ സി്‌നിമ കാണാന്‍ കഴിയാത്തവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് അദ്ദേഹം വളച്ചൊടിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ചവരെ പോലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിച്ച് കലാപശ്രമത്തിനു കേസെടുക്കുകയും ചെയ്തു. അതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരേയും വളരെ മോശപ്പെട്ട രീതിയിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

സ്വാഭാവികമായും ഇതിനെതിരെ ചലചിത്രമേളയുടെ സമാപനവേദിയില്‍ പ്രതിഷേധമുയര്‍ന്നു. രഞ്ജിത്ത് പ്രംസഗിക്കാന്‍ വന്നപ്പോള്‍ ചില ഡെലിഗേറ്റുകള്‍ കൂവി പ്രതിഷേധിച്ചു. കൂവിയുള്ള പ്രതിഷേധം ഒരു നാട്ടുനടപ്പുരീതിയാണ്. അതിനു കാരണമായ വിഷയത്തോട് വിനയത്തോടെ പ്രതികരിക്കാനാണ് ഉത്തരവാദിത്തമുള്ളവര്‍ ചെയ്യേണ്ടത്. ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും രഞ്ജിത് പറയുമെന്നാണ് അവിടെയുണ്ടായിരുന്ന എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ സംഭവിച്ചത് അതായിരുന്നില്ല. താനിരിക്കുന്ന പദവിയുടെ പ്രാധാന്യം പോലും തിരിച്ചറിയാതെ, വേദിയിലുണ്ടായിരുന്നവരെ പോലും പരിഗണിക്കാതെ 12 വയസ്സുമുതല്‍, എസ് എഫ് ഐ കാലം മുതല്‍ താനീ കൂവല്‍ കേള്‍ക്കുകയാണെന്നും ഇതിനെ വെറും അപശബ്ദമായേ കാണുന്നുള്ളു എന്നും അങ്ങനെയൊന്നും തന്നെ കൂവിതോല്‍പ്പിക്കാനാവില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞില്ല. പിറ്റേന്ന് മാധ്യമങ്ങളോട് പ്രതികരിക്കവേ, വയനാട്ടിലുള്ള സ്വന്തം വീട്ടില്‍ ഇടക്കുപോകുമ്പോള്‍, താനാണ് ഉടമയെന്നു തിരിച്ചറിയാതെ നായ കുരക്കുന്നതുപോലെയാണ് ഈ കൂവലുകള്‍ എന്നും അദ്ദേഹം ഉപമിച്ചു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒരിക്കലും ആ പദിവിയിലിരിക്കുന്നവര്‍ പറയേണ്ട വാക്കുകളല്ല ഇത്. വാസ്തവത്തില്‍ അക്കാദമി ചെയര്‍മാകാനാകാന്‍ ഉചിതനായ വ്യക്തിയാണോ എന്നതുതന്നെയാണ് പരിശോധിക്കേണ്ടത്. തന്റെ സിനിമകളോടുള്ള പല അഭിപ്രായങ്ങളോടും മുന്നെ ഇദ്ദേഹം പ്രതികരിച്ചിട്ടുള്ളത് ഇതേശൈലിയിലാണ്. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ (കു)പ്രസിദ്ധമായ പല സിനികളിലേയും മാടമ്പി സ്വഭാവത്തോടെയുള്ള നായക കഥാപാത്രങ്ങളെതന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നത്. ആ സവര്‍ണ്ണ, പൗരുഷ കഥാപാത്രങ്ങളുടെ വായില്‍ അദ്ദേഹം വെച്ചുകൊടുത്തിട്ടുള്ള പല ഡയലോഗുകളും ദളിത്. മുസ്ലിം, ന്യൂനപക്ഷ വിരുദ്ധമായിരുന്നു. ‘എടോ മംഗലശേരി മുറ്റത്ത് വന്ന് വസ്തുവില്‍ക്കുന്നോ എന്ന് ചോദിക്കാനുള്ള ധൈര്യമോ നിനക്ക്? നിന്റെ വാപ്പ അന്ത്രു മാപ്പിള്ള ഈ പടിപ്പുരക്കിപ്പുറം കാല് കുത്തിയിട്ടില്ല… പുഴക്കരപറമ്പില്‍ നിന്ന് അയാള്‍ തേങ്ങാ മോഷ്ടിച്ചപ്പോള്‍ ഈ പുളിയന്‍ മാവിലാ ഇവിടുത്തെ പണിക്കാര് പിടിച്ച് കെട്ടി തല്ലിയത്…എടാ നിന്നെയും നിന്റെ വാപ്പയെയും ചുടാനുള്ള പണം നീലകണ്ഠന്‍ ഈ കൈയ്യില്‍ കൂടി പറത്തിയിട്ടുണ്ട്’… എത്രയോ മംഗലശ്ശേരി നീലകണ്ഠന്‍മാര്‍ക്ക് അദ്ദേഹം ജന്മം കൊടുത്തു. ബോംബു ലഭിക്കുന്നത് കണ്ണൂരായിട്ടും അദ്ദേഹത്തിന്റെ സിനിമയിലത് മലപ്പുറത്താണ്. കുട്ടികളെ പ്രസവിക്കാന്‍ മാത്രമുള്ളവരാണ് രഞ്ജിത്തിന്റെ പല സ്ത്രീകഥാപാത്രങ്ങളും. മലയാളം കണ്ട ഏറ്റവും സ്ത്രീവിരുദ്ധമായ ചിത്രം ഒരുപക്ഷെ ലീല ആയിരിക്കും.

ഇതൊക്കെ സിനിമയല്ലേ, ഭാവനയല്ലേ, യാഥാര്‍ത്ഥ്യമല്ലല്ലോ എന്ന സ്വാഭാവികമായും ചോദിക്കാം. ആയിരിക്കാം. എന്നാലതിലൂടെ മലയാള സിനിമ എത്രയോ കാലത്തേക്ക് പുറകോട്ടു നടക്കുകയായിരുന്നു. ദരിദ്ര, ദളിത്, മുസ്ലിം, സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള എത്രയോ സിനിമകള്‍ ആദ്യകാലത്ത് മലയാളി കണ്ടിട്ടുണ്ട്. അതില്‍ നിന്നുള്ള പുറകോട്ടുപോക്കിനുള്ള പല കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രഞ്ജിതിന്റെ ആദ്യകാല സിനിമകള്‍. സവര്‍ണ്ണ പൗരുഷ ബിംബങ്ങളുടെ ആക്രോശങ്ങളായി കുറെ കാലത്തേക്ക് സിനിമ മാറി. സിനിമക്കകത്തുമാത്രമല്ല, പുറത്തും അതുതന്നെയവസ്ഥ. വിരലിലെണ്ണാവുന്ന ചില താരസിംഹങ്ങളുടെ നിയന്ത്രണത്തിലേക്ക് സിനിമ വീഴാന്‍ ഇതും പ്രധാന കാരണമായി. നടികളവരുടെ അലങ്കാരങ്ങളായി മാറി. ഇസേമയത്തുതന്നെ കേരളത്തിന്റെ സാമൂഹ്യരംഗത്ത് ദളിത് – സ്ത്രീ – മുസ്ലിം വിരുദ്ധത ശക്തമായതും ഒരു കാലത്ത് നാം ആട്ടിയോടിച്ചു എന്നഭിമാനിക്കുന്ന സവര്‍ണ്ണ മൂല്യങ്ങള്‍ തിരിച്ചുവരുകയും ചെയ്തു. ഇതിലെല്ലാം മുഖ്യങ്കാണ് രഞ്ജിത് വഹിച്ചത്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും താനങ്ങനെ തന്നെയാണെന്ന് വീണ്ടും വീണ്ടും അദ്ദേഹം തെളിയിക്കുകയും ചെയ്യുന്നു. കോഴി്‌കോട് നടന്ന ഫെസ്റ്റിവലില്‍ വനിതാ സംവിധായകരുമായി ഉണ്ടായ വിവാദത്തിലും അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ തന്നെയായിരുന്നല്ലോ.

ചലചിത്ര അക്കാദമിപോലുള്ള ഒരു സ്ഥാപനത്തിന്റെ അധ്യക്ഷനാകാനും IFFK പോലുള്ള ഒരു വലിയ മേളക്ക് നേതൃത്വം കൊടുക്കാനും എന്തര്‍ഹതയാണ് രഞ്ജിത്തിനുള്ളത് എന്ന ചോദ്യം തന്നെയാണ് പ്രസക്തം. അത്, മറ്റൊന്നുമല്ല അദ്ദേഹം പറഞ്ഞപോലെ SFI കാലം മുതല്‍ കൂവല്‍ കേള്‍ക്കാന്‍ തയ്യാറായതുതന്നെ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. രഞ്ജിത്തിനെ കോഴിക്കോട് നിന്ന് മത്സരിപ്പിച്ച് നിയമസഭയിലെത്തിക്കാനായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നീക്കം. എന്നാല്‍ പ്രാദശിക നേതാക്കളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് അതു നടക്കാതിരുന്നത്. തുടര്‍ന്നാണ് അദ്ദേഹത്തെ പോലുള്ള ഒരു കമ്മേഴ്‌സ്യല്‍ സിനിമക്കാരന് ഒരിക്കലംു യോജിക്കാത്ത ഈ പദവി നല്‍കാന്‍ പാര്‍ട്ടിയും സര്‍ക്കാരും തീരുമാനിക്കുന്നത്. ലോകമെങ്ങും ഫെസ്റ്റിവല്‍ വേളകള്‍ ആഘോഷങ്ങളുടേയും പ്രതിഷേധങ്ങളുടേയും ഇടം കൂടുിയാണ്, കേരളത്തിലും അങ്ങനെതന്നെയാണെന്നുപോലും അദ്ദേഹത്തിനറിയില്ല. അദ്ദേഹം IFFK കളില്‍ അദ്ദേഹം ഒരു സ്ഥിരം സാന്നിധ്യം പോലുമായിരുന്നില്ല. ഇനിയെങ്കിലും സംഭവിച്ച തെറ്റു തിരുത്താനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. മേള നടത്തിപ്പില്‍ തെറ്റുകള്‍ പറ്റിയെന്ന് ചെയര്‍മാന്‍ സമ്മതിച്ചില്ലെങ്കിലും മന്ത്രി അതു സമ്മതിക്കുകയുണ്ടായി. അപ്പറഞ്ഞത് ആത്മാര്‍ത്ഥമാണെങ്കില്‍ തെറ്റു തിരുത്താനാണ് മന്ത്രി തയ്യാറാകേണ്ടത്. രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തിരുത്തിയ തെറ്റുതന്നെയാണ് തിരുത്തേണ്ടത്. അടുത്ത മേളക്കുമുന്നെങ്കിലും അത്തരമൊരു തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സത്യത്തില്‍ സമാനമായ വാക്കുകള്‍ കേരളം നേരത്തെയും കേട്ടിട്ടുണ്ട്. അതാകട്ടെ സമാന്തരസിനിമയുടെ വക്താവായ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നാണ്. എല്ലാവര്‍ക്കും കാണാനുള്ളതല്ല ഫെസ്റ്റിവലെന്നും എല്ലാവര്‍ക്കും പഠിക്കാനുള്ളതല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം പറയുന്നത്. സിനിമ ഒ ടി ടിയിലോ മൊബൈലിലോ കാണാനുള്ളതല്ല എന്ന്. സ്വന്തം അഭിപ്രായം അദ്ദേഹത്തിനു പറയാ.ം എന്നാല്‍ അത്തരത്തില്‍ സിനിമ കാണുന്നവരെ പുച്ഛിക്കുകയും സോഷ്യല്‍ മീഡിയയിലും മറ്റും സിനിമകളെ വിമര്‍ശിച്ച് എഴുതുന്നവരെ സാമൂഹ്യവിരുദ്ധരെന്നു വിശേഷിപ്പിക്കുകയുമാണ് അടൂര്‍ ചെയ്തത്. അതിന്റെ തുടര്‍ച്ചയായിതന്നെ വേണം അദ്ദേഹം ചെയര്‍മാനായിരിക്കുന്ന കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നടക്കുന്ന സംഭവങ്ങളേയും നോക്കികാണാന്‍. കെ ആര്‍ നാരാ.ണന്റെ പേരിലുള്ള ഇന്‍സ്റ്റിട്യൂട്ടില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ നടത്തുന്ന ജാതിയ പീഡനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന് ഒരുപാട് ദിവസങ്ങളായി. വിദ്യാര്‍ത്ഥികള്‍ സമരമാരംഭിച്ചിട്ടും ദിവസങ്ങളായി. അര്‍ഹതയുണ്ടാിട്ടും സീറ്റു കൊടുക്കാതിരുന്ന ദളിത് വിദ്യാര്‍ത്ഥി ശരത് സത്യജിത് റായ് ഇന്‍സ്റ്റിട്യൂട്ടില്‍ സീറ്റു നേടി. എന്നാല്‍ ്‌സഥാപനത്തിന്റെ ചെയര്‍മാന്‍ പദവിയിരിക്കുന്ന അടൂര്‍ വിഷയമെന്താണെന്നുപോലും മനസ്സിലാക്കാതെ ഡയറക്ടറെ സംരക്ഷിക്കുകയാമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വൈകിയാണെങ്കിലും പ്രശ്‌നമന്വേഷിക്കാന്‍ മൂന്നംഗസമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ കേരളത്തിലെ സാംസ്‌കാരിക ലോകം ഏറെക്കുറെ നിശബ്ദാമാണെന്നതാണ് ഏറ്റവും ഖേദകരം. അതിനുള്ള കാരണം വ്യക്തമാണ്. 12 വയസ്സുമുതല്‍ എസ് എഫ് ഐക്കുവേണ്ടി കൂവല്‍ കേട്ടവനാണ് താന്‍ എന്ന രഞ്ജിത്തിന്റെ പ്രഖ്യാപനത്തില്‍ എല്ലാമുണ്ട്. നമ്മുടെ സാംസ്‌കാരിക നായകരും ബുദ്ധിജീവികളുമെല്ലാം തങ്ങളുടെ ചിന്താശക്തി ഭരണകൂടത്തിനു പണയം വെച്ചിരിക്കുന്നു എന്നതാണ് വാസ്തവം. അതിനു പകരമാണവര്‍ക്ക് പല സ്ഥാനങ്ങളും പുരസ്‌കാരങ്ങളും ലഭിക്കുന്നത്. കേരളത്തിലെ ബുദ്ധിജീവികളില്‍ 80 ശതമാനവും കമ്യൂണിസ്റ്റുകാരാണെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവനയുടെയും യഥാര്‍്തഥ പൊരുള്‍ മറ്റൊന്നല്ല. സില്‍വര്‍ലൈനിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ പൗരമുഖ്യരില്‍ ഒരാള്‍ അടൂരായിരുന്നു എന്നതും മറക്കാറായില്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളി സമരത്തിനെതിരേയും നിരവധി നായകര്‍ രംഗത്തുവന്നല്ലോ. അത്തരം സാഹചര്യത്തില്‍ ഇതെല്ലാം സംഭവിക്കും. കേവലം കുരക്കുന്ന നായ്ക്കളായി നാം മാറാതിരുന്നാലാണ് അത്ഭുതപ്പെടേണ്ടതുള്ളു. നമുക്ക് കുരച്ചുകൊണ്ടിരിക്കാം….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply