വിഴിഞ്ഞം മറ്റൊരു വല്ലാര്‍പ്പാടമാകുമോ?

സംസ്ഥാനത്ത് ഏറ്റവുമധികം വികസനപദ്ധതികള്‍ നടക്കുന്നത് തീരദേശത്തെ കേന്ദ്രീകരിച്ചാണ്. എന്നാല്‍ അതിന്റെ തീക്തഫലമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് അര്‍ഹമായ അവകാശങ്ങള്‍ ഒരിക്കലും കിട്ടാറില്ല. പ്രകൃതിദുരന്തങ്ങളാലും കൊടുങ്കാറ്റുകളാലും മറ്റും ജീവിതം ദുരിതമയമായിരിക്കുന്ന അവസ്ഥയിലാണ് തീരദേശത്തുടനീളം നാടിന്റെ വികസനമെന്നു കൊട്ടിഘോഷിച്ച പദ്ധതികള്‍ വരുന്നത്. ഇനിവരാന്‍ പോകുന്നത് തീരദേശ ഹൈവേ എന്ന ടൂറിസം പദ്ധതിയാണ്. കാടിന്റെ അവകാശം ആദിവാസികള്‍ക്കെന്ന പോലെ കടലിന്റെ പ്രാഥമിക അവകാശ മത്സ്യത്തൊഴിലാളികള്‍ക്കാണെന്ന വിഷയം പോലും പരിഗണിക്കപ്പെടുന്നില്ല – Repost
.

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിന് കേരളം ആവേശകരമായ സ്വീകരണം നല്‍കിയെന്നാണല്ലോ വാര്‍ത്ത. സംസ്ഥാനത്തിന്റെ സര്‍വതോമുഖ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഒരു പൊന്‍തൂവല്‍കൂടി എന്നാണ് ദേശാഭിമാനി പത്രം ഈ സന്ദര്‍ഭത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതിയുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ കടല്‍ക്കൊള്ള എന്ന ടൈറ്റിലില്‍ ആദ്യപേജ് മുഴുവന്‍ പദ്ധതിക്കെതിരെ എഴുതിയ പത്രമാണ് ദേശാഭിമാനി. 5000 കോടി രൂപയുടെ അഴിമതിക്കാണ് അദാനിയുമാ.യി ചേര്‍ന്ന് നടത്തുന്നതെന്ന് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്ന് ആക്ഷേപി്ച്ചു. നിലപാടുകള്‍ മാറാം. പക്ഷെ അതിനു ബോധ്യപ്പെടുന്ന ഒരു കാരണം വേണം. ഉമ്മന്‍ചാണ്ടിയും അദാനിയും ഒപ്പുവെച്ച കരാര്‍ തന്നെയാണ് പിണറായി സര്‍ക്കാരും നടപ്പാക്കിയത്, നടപ്പാക്കുന്നത്. പിന്നെങ്ങിനെയാണ് കൊള്ള, പൊന്‍തൂവലാകുന്നത് എന്ന് മനസ്സിലാകുന്നില്ല. അദാനിയുടെ പേരു പ്രിന്റ് ചെയ്ത ബലൂണുകള്‍ മുഖ്യമന്ത്രി പറപ്പിച്ച കാഴ്ചയും കേരളം കണ്ടല്ലോ…!!

കേരളരാഷ്ട്രീയത്തില്‍ ഇതൊരു പുതിയ കാര്യമൊന്നുമല്ല. കക്ഷിരാഷ്ട്രീയ താല്‍പ്പര്യം വെച്ച് സര്‍ക്കാരിനെതിരം രംഗത്തിറങ്ങുകയും പിന്നീട് തങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ അതുതന്നെ നടപ്പാക്കുകയും ചെയ്യുന്നവരാണ് ഇരുപക്ഷവും എന്നതാണ് യാഥാര്‍ത്ഥ്യം. അതുതന്നെയാണ് ഇവിടേയും സംഭവിച്ചത്. അതിന്റെ ഭാഗമാണ് പദ്ധതിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും. സത്യത്തില്‍ സര്‍ സി പിയുടെ കാലത്തുതന്നെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു എന്നതാണ് വസ്തുതയെന്ന് ചൂണ്ടികാട്ടപ്പെട്ടിട്ടുണ്ട്. കെ കരുണാകരനും വി എസിനും ഉമ്മന്‍ചാണ്ടിക്കും പിണറായിക്കുമൊക്കെ അതില്‍ പങ്കുണ്ട്. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഇക്കാര്യം മാന്യമായി ചൂണ്ടികാട്ടാനുള്ള ആര്‍ജ്ജവം കാണിച്ചു എന്നു പറയാതിരിക്കാനാവില്ല.

പദ്ധതിയുടെ നേട്ടങ്ങളെന്നപോലെ കോട്ടങ്ങളിലും പോരായ്മകളിലും ഇരുകൂട്ടര്‍ക്കും പങ്കുണ്ടെന്ന യാഥാര്‍ത്ഥ്യവും ഇതോടൊപ്പം ചൂണ്ടികാട്ടേണ്ടതുണ്ട്. ഇരുമുന്നണികളും എതിര്‍ക്കുന്ന, മോദിയുടെ വലംകൈയായ അദാനിയുടെ പദ്ധതിയാണ് വിഴിഞ്ഞം എന്ന രാഷ്ട്രീയ പ്രശ്‌നം പറയാതിരിക്കാനാവില്ല. ആറു മാസത്തിനുള്ളില്‍ വിഴിഞ്ഞം രാജ്യാന്തര പദ്ധതി പൂര്‍ണ സജ്ജമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അവകാശവാദം. 7,700 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന പദ്ധതിക്ക് 4,500 കോടി രൂപയാണ് സംസ്ഥാനം ചെലവാക്കുന്നത്. 818 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ബാക്കി തുകയാണ് സത്യത്തില്‍ അദാനി കണ്ടെത്തുന്നുള്ളു. അതാകട്ടെ കമ്പനിക്ക് നല്‍കിയിരിക്കുന്ന ഭൂമിയുടെ ഈടിന്മേല്‍ ബാങ്ക് വായ്പയായി ലഭിക്കും. വിഴിഞ്ഞം പോര്‍ട്ട് അദാനിക്ക് നല്‍കിയിരിക്കുന്നത് 40 വര്‍ഷത്തേക്കാണ്. ഇത് 60 വര്‍ഷത്തേക്ക് നീട്ടുകയും ആകാം. രാജ്യത്തെ മറ്റു തുറമുഖങ്ങളുടെ സ്വകാര്യകമ്പനികളുമായുള്ള കരാര്‍ 30 വര്‍ഷത്തേക്കാണ്. സംസ്ഥാന സര്‍ ക്കാരിന് വിഴിഞ്ഞം പദ്ധതിയില്‍ പ്രതിവര്‍ഷം ലഭിക്കാന്‍ പോകുന്ന ലാഭം 15 വര്‍ഷങ്ങള്‍ക്ക് ശേഷം 1% ആണ്. അതുവരെ ലാഭം കമ്പനിക്കാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

2011-2016 കാലഘട്ടത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലും നടത്തിപ്പ് സ്വകാര്യ കമ്പനിക്കും എന്ന രീതിയില്‍ ആയിരുന്നു വിഴിഞ്ഞം പദ്ധതി വിഭാവനം ചെയ്തത്. അന്നുപക്ഷെ കേന്ദ്രം നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിഴിഞ്ഞം വളരെയധികം പാരിസ്ഥിതിക ലോല പ്രദേശമാണ് എന്ന് വ്യക്തമാക്കുകയും അവിടെ യാതൊരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം വിഴിഞ്ഞം പോര്‍ട്ടിനു വേണ്ടി രണ്ടുതവണ സമര്‍പ്പിച്ച പരിസ്ഥിതി ആഘാത പഠനത്തിനുള്ള അപേക്ഷ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ തീരദേശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടതലുള്ള തീരത്ത് ഒരിക്കലും തുറമുഖങ്ങള്‍ നിര്‍മ്മിക്കാന്‍ പാടില്ലാത്തതാണ്. വലിയ രീതിയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള തീരമാണ് വിഴിഞ്ഞം. നിലവിലുള്ള ഹാര്‍ബര്‍ പതിനായിരക്കണക്കിന് മത്സ്യ ത്തൊഴിലാളികള്‍ അവരുടെ ജീവിതോപാധിയായി ഉപയോഗിക്കുന്നുണ്ട്. പുതിയ പോര്‍ട്ട് വരികയാണെങ്കില്‍ ഈ മത്സ്യത്തൊഴിലാളികളെ ബാധിക്കും. ജനസാന്ദ്രത കൂടിയ പ്രദേശമാണ് വിഴിഞ്ഞം. ഈ കാരണങ്ങളൊക്കെ ചൂണ്ടിക്കാണിച്ചാണ് മന്ത്രാലയം ആദ്യം അനുമതി നിഷേധിച്ചത്. എന്നാല്‍ പിന്നീട് സമ്മര്‍ദ്ദങ്ങളിലൂടെ അനുമതി നേടുകയായിരുന്നു.

കേന്ദ്ര മന്ത്രാലയത്തിനു പിന്നാലെ ഹരിത ട്രൈബ്യൂണലും പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ അവിടെ തുടര്‍വാദങ്ങള്‍ നടക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ കേസുമായി സുപ്രീം കോടതിയിലെത്തി. ആദ്യം സുപ്രീം കോടതിയുടെ വനം ബഞ്ച് കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയാണുണ്ടായത്. ഹരിത ട്രിബ്യൂണല്‍ അധികാരപരിധി ലംഘിച്ചെന്നും പദ്ധതിയുടെ വികസനപ്രാധാന്യം കണക്കിലെടുത്തില്ലെന്നും തുറമുഖ അധികൃതര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വികസനത്തിനൊപ്പംതന്നെ പ്രാധാന്യമുള്ളതാണ് പരിസ്ഥിതി സംരക്ഷണമെന്നാണ് അന്ന് വാദം കേട്ട സുപ്രീംകോടതി ജഡ്ജി കെ.എസ്. കേഹാര്‍ നിരീക്ഷിച്ചത്. കേസ് എത്രയും വേഗം വാദംകേട്ട് തീര്‍പ്പാക്കാന്‍ ഹരിത ട്രിബ്യൂണലിനോട് നിര്‍ദേശിക്കുന്നതല്ലേ ഉചിതമെന്നും കോടതി ആരാഞ്ഞു. തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പിന്നീട് പരിഗണിച്ചത്. സംസ്ഥാനത്തിന്റെയും തുറമുഖ അധികൃതരുടെയും വാദങ്ങള്‍ക്ക് അനുകൂലമായ സമീപനമാണ് ആ ബഞ്ചില്‍ നിന്നുമുണ്ടായത്. മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ വാദിച്ചാല്‍ പോരേയെന്നും വലിയ നിയമപ്രശ്നങ്ങളിലേക്ക് അവര്‍ കടക്കുന്നത് പദ്ധതി വൈകുന്നതിലേക്ക് എത്തിക്കുമെന്നും പദ്ധതി വൈകുന്നത് ശരിയല്ലെന്നുമാണ് ബഞ്ച് നിരീക്ഷിച്ചത്. അങ്ങനെയാണ് ഹരിത ട്രിബ്യൂണലിലെ തുടര്‍നടപടികള്‍ താത്കാലികമായി സ്‌റ്റേ ചെയ്യുന്ന നടപടിയിലേക്ക് സുപ്രീം കോടതി എത്തിയത്. വസ്തുതകള്‍ ഇതായിരിക്കെയാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള അനുമതിയാണെന്ന വ്യാജേന സര്‍ക്കാര്‍ മുന്നോട്ടുപോയത്. ആശങ്കപ്പെട്ടിരുന്നപോലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ തീരശോഷണം ശക്തമാകാന്‍ തുടങ്ങി. ഇപ്പോഴത് ആശങ്കാജനകമായി അവസ്ഥയിലാണ്..

സംസ്ഥാനത്ത് ഏറ്റവുമധികം വികസനപദ്ധതിഖല്‍ നടക്കുന്നത് തീരദേശത്തെ കേന്ദ്രീകരിച്ചാണ്. എന്നാല്‍ അതിന്റെ തീക്തഫലമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് അര്‍ഹമായ അവകാശങ്ങള്‍ ഒരിക്കലും കിട്ടാറില്ല. പ്രകൃതിദുരന്തങ്ങളാലും കൊടുങ്കാറ്റുകളാലും മറ്റും ജീവിതം ദുരിതമയമായിരിക്കുന്ന അവസ്ഥയിലാണ് തീരദേശത്തുടനീളം നാടിന്റെ വികസനമെന്നു കൊട്ടിഘോഷിച്ച പദ്ധതികള്‍ വരുന്നത്. ഇനിവരാന്‍ പോകുന്നത് തീരദേശ ഹൈവേ എന്ന ടൂറിസം പദ്ധതിയാണ്. കാടിന്റെ അവകാശം ആദിവാസികള്‍ക്കെന്ന പോലെ കടലിന്റെ പ്രാഥമിക അവകാശ മത്സ്യത്തൊഴിലാളികള്‍ക്കാണെന്ന വിഷയം പോലും പരിഗണിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു വിഴിഞ്ഞം പദ്ധതിക്കെതിരെ അവര്‍ ശക്തമായി രംഗത്തിറങ്ങിയത്.

തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വതപരിഹാരം കാണുക,, തീരശോഷണം മൂലം ഭവനം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ മനുഷ്യോചിതമല്ലാത്ത അവസ്ഥയില്‍ കഴിയുന്ന കുടുബങ്ങളെ അടിയന്തിരമായി വാടക പൂര്‍ണ്ണമായും നല്കി മാറ്റി പാര്‍പ്പിക്കുക, വീടും സ്ഥലവും നഷ്ടപ്പട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്കിക്കൊണ്ട് പുനഃരധിവസിപ്പിക്കുക, തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്തിനും കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയായതുമായ അദാനി തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ച് പ്രദേശവാസികളായ വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി സുതാര്യമായി പഠനം നടത്തുക, അനിയന്ത്രിതമായ മണ്ണെണ്ണ വിലവര്‍ദ്ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക; തമിഴ്നാട് മാതൃകയില്‍ മത്സ്യത്തൊഴിലാളികള്ക്ക് മണ്ണെണ്ണ ലഭ്യമാക്കുക, കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴില്‍ നഷ്ടപ്പെടുന്ന ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്ക്ക് മിനിമം വേതനം നല്കുക, മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക. തുടങ്ങി തികച്ചും ന്യായമായ ആവശ്യങ്ങളായിരുന്നു അവര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇപ്പോഴും അവക്ക് ന്യായമായ പരിഹാരം കണ്ടെത്തിയിട്ടില്ല. അറുപതിലധികം മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടമാക്കിയ മുതലപ്പൊഴിയെപ്പറ്റി പഠിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍പോലും ഒരു നടപടിയും ഉണ്ടാകുന്നില്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ നടത്തിയ സമരത്തെ എന്തൊക്കെ മാര്‍ഗ്ഗങ്ങളുപയോഗിച്ചാണ് സര്‍ക്കാര്‍ നേരിട്ടതെന്നു കേരളം കണ്ടു. പോലീസിനെ മാത്രമല്ല, നിരന്തരം അദാനിക്കെതിരെ സംസാരിക്കുന്ന എഴുത്തുകാരേയും സാംസ്‌കാരിക നായകരേയും വരെ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ രംഗത്തിറക്കി. അക്ഷരാര്‍ത്ഥത്തില്‍ സമരത്തെ അടിച്ചമര്‍ത്തുകയായിരുന്നു. എന്നിട്ട് അവസാന നിമിഷം തൊഴില്‍ നഷ്ടപ്പെടുന്ന 53 കട്ടമരത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം കൂട്ടികൊടുത്താണ് ഉദ്ഘാടന ചടങ്ങില്‍ പ്രതിഷേധമുണ്ടാകാതിരിക്കാനും പ്രാദേശികമായ സഭാനേതൃത്വത്തെ പങ്കെടുപ്പിക്കാനും കഴിഞ്ഞത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നാം കേട്ട അതേ അവകാശവാദങ്ങളോടെ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചിയിലെ വല്ലാര്‍പാടം തുറമുഖ പദ്ധതിയുടെ അനുഭവം ഓര്‍ക്കുന്നത് നന്നായിരിക്കും. പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിലുള്ള കൊച്ചി തുറമുഖം സ്വകാര്യവത്കരിച്ച് വികസനത്തിനായി ദുബൈ പോര്‍ട്ടിന് കൊട്ടിഘോഷിച്ച് കൈമാറിയ വല്ലാര്‍പാടത്തിന്റെ ഇന്നത്തെ അവസ്ഥ നമ്മുടെ മുന്നിലുണ്ട്. മൊത്തം ശേഷിയുടെ 30% പോലും വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലില്‍ ചരക്ക് കൈകാര്യം ചെയ്യുന്നില്ല. നൂറോളം പേര്‍ക്ക് മാത്രമാണ് അവിടെ സ്ഥിരം തൊഴില്‍ ലഭിച്ചത്. അന്താരാഷ്ട്ര കപ്പല്‍ച്ചാലിനോട് വളരെയടുത്ത് കിടക്കുന്നു എന്നതായിരുന്നു വല്ലാര്‍പാടത്തെയും ‘അനുകൂലഘടകം’. എന്നിട്ടും മദര്‍ഷിപ്പുകള്‍ എന്തുകൊണ്ട് വന്നില്ല എന്ന ചേദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ വിഷമിക്കുകയാണ് അധികൃതര്‍. മൂലമ്പള്ളിയില്‍ നാനൂറോളം കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയിറക്കിയ കാഴ്ച കേരളം മുഴുവന്‍ കണ്ടതാണ്. അവരില്‍ മിക്കവരും ഇപ്പോഴും തെരുവിലാണ്. ഏഴരകിലോമീറ്റര്‍ ദൂരത്തില്‍ റെയില്‍പാതയും 18 കിലോമീറ്റര്‍ നീളത്തില്‍ റോഡും വല്ലാര്‍പാടം ദ്വീപിലേക്ക് നിര്‍മ്മിച്ചു. 360 കോടി ചെലവഴിച്ചുണ്ടാക്കിയ റെയില്‍പാതയിലൂടെ ഒരു ട്രെയിനെങ്കിലും ഓടുന്നതുകാണാന്‍ സ്ഥലം വിട്ടുകൊടുത്തവര്‍ ഇടയ്ക്കിടെ നോക്കാറുണ്ട്. ഡ്രഡ്ജിംഗ് നടത്തി കൊച്ചിക്കായലിന്റെ ആഴം കൂട്ടി. ചാലുകീറി കപ്പല്‍ച്ചാലിന്റെ നീളം കൂട്ടി. എല്ലാ നിയമങ്ങളും മറികടന്ന് 258 ഹെക്ടര്‍ കായല്‍ അനായാസം നികത്തി. ഇതെല്ലാം ചെയ്തിട്ടും എന്താണ് സംഭവിച്ചതെന്നു പഠിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള തുറമുഖം വിഴിഞ്ഞത്ത് സ്ഥാപിക്കുമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വല്ലാര്‍പ്പാടത്തിന്റെ അനുഭവം വിഴിഞ്ഞത്ത് ആവര്‍ത്തിക്കില്ല എന്ന് ആഗ്രഹിക്കുക മാത്രമാണ് ഇനി ചെയ്യാനുള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply