സിപിഎം ജനാധിപത്യ പാര്‍ട്ടിയാകുമോ?

24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുകയാണ്. അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കുകയും അതിനായി പ്രവര്‍ത്തകരെ സജ്ജരാക്കുകയും ചെയ്യുക എന്നതായിരിക്കും ഈ സമ്മേളനത്തില്‍ നടക്കാന്‍ പോകുന്നത്. ആ ലക്ഷ്യത്തിലായിരിക്കും നവകേരളത്തിനുള്ള പുതുവഴികള്‍ എന്ന രേഖ അവതരിപ്പിക്കുകയും പിണറായിയടക്കമുള്ളവര്‍ക്ക് പ്രായത്തിലും തവണയിലും ഇളവുകള്‍ നല്‍കാന്‍ പോകുന്നതും പലരേയും വെട്ടിനിരത്താന്‍ പോകുന്നതും. അതിനേക്കാളുപരി കേരള ജനതക്ക് ക്രിയാത്മകമായ എന്തെങ്കിലും സന്ദേശം ഈ സമ്മേളനത്തിലൂടെ ലഭിക്കുമോ എന്നത് കാത്തിരുന്നു കാണാം.

തികച്ചും ജനാധിപത്യപരമായ രീതിയിലാണ് തങ്ങള്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാറ് എന്നാണ് സിപിഎം എന്നും അവകാശപ്പെടാറുള്ളത്. ജനാധിപത്യപ്രക്രിയയിലൂടെ തന്നെയാണ് സിപിഎമ്മും എല്‍ഡിഎഫും അധികാരത്തിലെത്തുന്നതും. അതുകൊണ്ടുമാത്രം ഒരു പാര്‍ട്ടി ജനാധിപത്യ പാര്‍ട്ടിയാകണമെന്നില്ല. ഹിറ്റ്‌ലറും മുസോളനിയും മോദിയുമൊക്കെ അധികാരത്തിലെത്തിയത് ജനാധിപത്യ സംവിധാനങ്ങളെ തന്ത്രപൂര്‍വ്വം ഉപയോഗിച്ചാണ്. വിഷയം ജനാധിപത്യത്തോടുള്ള സത്യസന്ധമായ നിലപാടാണ്. ലോകമാകെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആത്യന്തികമായി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല എന്നും അവര്‍ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്നും പാര്‍ട്ടിക്കകത്തുപോലും ജനാധിപത്യ പ്രക്രിയകള്‍ നടത്തുന്നില്ല എന്നും ആര്‍ക്കാണ് അറിയാത്തത്. എന്നാല്‍ ഇന്ത്യയിലെ ജനാധിപത്യപ്രക്രിയയില്‍ ഇത്രയും കാലം പങ്കെടുത്തിട്ടും ഒരു ജനാധിപത്യപാര്‍ട്ടിയാകാന്‍ സിപിഎമ്മിനായിട്ടുണ്ടോ? ആശയപരമായും പ്രായോഗികമായും ആയിട്ടില്ല എന്നു തന്നെയാണ് മറുപടി. ഉണ്ടെങ്കിലത് പാര്‍ട്ടി രേഖകളില്‍ കാണുമല്ലോ. എന്നാല്‍ സിപിഎമ്മിന്റെ ഭരണഘടന തന്നെ പരിശോധിക്കൂ. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് പാര്‍ട്ടിയെന്നും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് ലക്ഷ്യമെന്നും അത് കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട്. ഇതിന്റെ അര്‍ത്ഥം വളരെ വ്യക്തമാണല്ലോ. കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്ത് വലിയൊരു ഭാഗത്തു അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെല്ലാം ജനാധിപത്യവിരുദ്ധമായിരുന്നു. ഒരിടത്തും ജനാധിപത്യപ്രക്രിയയുണ്ടായിരുന്നില്ല. പലയിടത്തും കുടുംബവാഴ്ചപോലുമായിരുന്നു. എതിരാളികളെ മാത്രമല്ല, പാര്‍ട്ടിയിലെ തന്നെ വ്യത്യസ്ഥ അഭിപ്രായം പറഞ്ഞിരുന്ന ഉന്നതരെ പോലും ശാരീരികമായി ഉന്മൂലനം ചെയ്തു. ട്രോട്‌സ്‌കി മുതല്‍ ടി പി വരെ. അതുകൊണ്ടൊക്കെ തന്നെയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ ഈ രാഷ്ട്രങ്ങളിലെല്ലാം നടന്നത് ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളായത്. അവയെ എത്ര ഭയാനകമായിട്ടായിരുന്നു ഭരണകൂടങ്ങള്‍ നേരിട്ടതെന്നതിന് ടിയനന്‍മെന്‍ സ്‌ക്വയര്‍ സാക്ഷി. എന്നിട്ടും ആ പോരാട്ടങ്ങള്‍ക്കു മുന്നില്‍ കമ്യൂണിസ്റ്റ് സമഗ്രാധിപത്യ ഭരണകൂടങ്ങളെല്ലാം തകര്‍ന്നു വീഴുകയായിരുന്നു.

ലോകം ഇന്നോളം സാക്ഷ്യം വഹിച്ച രാജഭരണം, ഫ്യൂഡലിസം, മതരാഷ്ട്രം, ജനാധിപത്യം, കമ്യൂണിസം എന്നിവയിലെല്ലാം താരതമ്യേന പുരോഗമനപരം ജനാധിപത്യമാണെന്നും അതിനെ കൂടുതല്‍ കരുത്തുള്ളതാക്കുക എന്നതാണ് മാനവരാശിയുടെ സമകാലിക കടമയെന്നുമുള്ള സന്ദേശമാണ് ആ പോരാട്ടങ്ങള്‍ നല്‍കിയത്. ലോകത്തെ പല രാഷ്ട്രങ്ങളിലുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആ സന്ദേശം മനസ്സിലാക്കി സ്വയം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളായി മാറാന്‍ തയ്യാറായി. എന്നാല്‍ മനുഷ്യനു കുരങ്ങനാകാനാകില്ല എന്ന ഇ എം എസ് തിയറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയിലെ പാര്‍ട്ടികള്‍ ഇത്തരമൊരു മാറ്റത്തിനു തയ്യാറായില്ല. അതേസമയം ഇന്ത്യ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമല്ലാത്തതിനാലും രണ്ടോമൂന്നോ സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുള്ളതിനാലും അതൊന്നും കാര്യമായി ബാധിച്ചില്ല എന്നു മാത്രം. തങ്ങളുടെ ലക്ഷ്യവും മാര്‍ഗ്ഗവും സത്യത്തില്‍ ഇതല്ല എന്നാണ് പാര്‍ലിമെന്റിനേയും സമരമാര്‍ഗ്ഗമാക്കുകയാണ് എന്ന അവകാശവാദത്തിലൂടെ അവര്‍ നല്‍കിയത്. ഭരണമുള്ള സംസ്ഥാനങ്ങളില്‍ പലപ്പോഴും അവര്‍ സ്വന്തം സ്വഭാവം പ്രകടമാക്കുകയും ചെയ്തു. എന്നാല്‍ ഒരു പരിധി വിട്ടാല്‍ ജനാധിപത്യവാദികള്‍ അതംഗീകരിക്കില്ല എന്നതിനു തെളിവാണ് ബംഗാള്‍. ചരിത്രപരവും സമകാലികവുമായ പല കാരണങ്ങളുമുള്ളതിനാല്‍ കേരളം അത്രക്കെത്തിയില്ല എന്നു മാത്രം. അപ്പോഴും തങ്ങളുടെ ഭരണഘടനയോ ലക്ഷ്യമോ മാറ്റാന്‍ അവര്‍ തയ്യാറായിട്ടില്ല സിപിഐ തയ്യാറായിട്ടുപോലും. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ പേരില്‍, അവരുടെ മുന്നണിപോരാളി എന്ന അവകാശവാദത്തില്‍ പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം എന്നുതന്നെയാണ് വ്യക്തമാക്കുന്നത്. മാത്രമല്ല, ജനാധിപത്യകേന്ദ്രീകരണം എന്ന കേള്‍ക്കാന്‍ രസമുള്ള സംഘടനാ സംവിധാനത്തിലൂടെ അധികാരം ഒന്നടങ്കം ഒരു നേതാവിലേക്കെത്തുന്ന ചരിത്രമാണ് ലോകമെങ്ങും പാര്‍ട്ടിക്കുള്ളത്. കേരളത്തില്‍ ഇപ്പോഴത് കൂടുതല്‍ പ്രകടമാണ്. വര്‍ദ്ധിക്കുന്ന വ്യക്തിപൂജയും ക്യാപ്റ്റന്‍ വിളിയും പ്രതിപക്ഷ ബഹുമാനമില്ലായ്മയും നേതാക്കള്‍ക്കുവേണ്ടി എന്ത് അനീതിയേയും ന്യായീകരിക്കുന്ന അണികളും അതിന്റെ ലക്ഷണങ്ങളാണ്. മൂന്നാം ഭരണം ലക്ഷ്യമാക്കുമ്പോള്‍ ഈ പ്രവണതകള്‍ വര്‍ദ്ധിക്കുകയാണ്. തങ്ങള്‍ വിപ്ലവം നടത്താനായി ജനിച്ച, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്മാരാണെന്നു ധരിച്ചുവെച്ചിരിക്കുന്ന മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ ശരീരഭാഷ പോലും അഹന്തയുടേതല്ലേ? ജനാധിപത്യ സംവിധാനത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ ആവശ്യമില്ലല്ലോ. മറിച്ച് എല്ലാവരും മറ്റു ജോലികളോടൊപ്പം രാഷ്ട്രീയപ്രവര്‍ത്തകര്‍ കൂടി ആകുകയല്ലേ വേണ്ടത്?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബ്രാഞ്ച് മുതല്‍ അഖിലേന്ത്യവരെ ജനാധിപത്യരീതിയില്‍ സമ്മേളനം നടക്കുന്നു എന്നവകാശപ്പെടുന്നതില്‍ സത്യത്തില്‍ ഒരര്‍ത്ഥവുമില്ല. മുകളില്‍ നിന്നുള്ള രേഖകളെല്ലാം അംഗീകരിക്കലാണ് മിക്കവാറും നടക്കുന്നത്. ജനാധിപത്യത്തിന്റെ അടുിത്തറയായ തെരഞ്ഞെടുപ്പ് എന്ന പ്രക്രിയ ഏതെങ്കിലും ഘടകത്തില്‍ നടക്കുന്നുണ്ടോ? അഥവാ ആരെങ്കിലും മത്സരിക്കാന്‍ തയ്യാറായാല്‍ പിന്നീട് എന്തു സംഭവിക്കുമെന്നതിന് ഒരുപാട് ഉദാഹരണങ്ങളുണ്ടല്ലോ. പാര്‍ട്ടിയാണ് പ്രധാനം എന്നതിന്‍എറ പേരില്‍ സ്വന്തം അഭിപ്രായം പുറത്തുപറയാന്‍ ആര്‍ക്കും അനുമതിയില്ല. അവസാനം പാര്‍ട്ടിയെന്നത് ഒരു വ്യക്തി മാത്രമാകുമെന്നത് വേറെ കാര്യം. പാര്‍ട്ടിയല്ല, ജനങ്ങളാണ് പ്രധാനം എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം എന്നാണിവര്‍ മനസിലാക്കുക? സ്വന്തം സംഘടനക്കകത്ത് ജനാധിപത്യമില്ലെങ്കില്‍ സമൂഹത്തിലതിനായി നിലനില്‍ക്കാനാവുമോ? രാഷ്ട്രീയമായും സംഘടനാപരമായും ജനാധിപത്യം അംഗീകരിക്കാന്‍ ഇനിയെങ്കിലും പാര്‍ട്ടി തയ്യാറാവുമോ? അതിനെ അടവായോ തന്ത്രമായോ കാണുന്ന സമീപനം മാറ്റണം. പ്രതിപക്ഷ ബഹുമാനം അതിന്റെ ജീവവായുവാക്കണം. ഓരോ തീരുമാനമെടുക്കുമ്പോഴും ജനങ്ങളുടെ അഭിപ്രായമറിയാന്‍ പരമാവധി ശ്രമിക്കണം. വിവരാവകാശനിയമത്തിന് കീഴ്പെടണം. ജനാധിപത്യത്തിന്റെ അടിത്തറയാണ് സുതാര്യത എന്നംഗീകരിക്കണം. ജനാധിപത്യസംവിധാനത്തില്‍ ജനങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ഒരു രഹസ്യവും പാര്‍ട്ടിക്കാവശ്യമില്ല എന്നു പ്രഖ്യാപിക്കണം.

ഇതൊക്കെ വെറും ഒരു ആഗ്രഹം മാത്രമാണെന്നറിയായ്കയല്ല. പോട്ടെ, ഇനി തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്നൊക്കെ പറയുമ്പോഴും അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളോടുള്ള നിലപാടെന്താണെന്നു പാര്‍ട്ടി സമ്മേളനം നടക്കുമ്പോള്‍ തന്നെ ആശാ വര്‍ക്കേഴ്‌സിന്റെ സമരച്ചോടുള്ള സമീപനത്തില്‍ നിന്നു വ്യക്തമാണ്. കീടങ്ങള്‍, അരാജകവാദികള്‍, സുരേഷ് ഗോപിയുടെ ഉമ്മ വാങ്ങാന്‍ വന്നവര്‍, പാട്ടക്കുലുക്കികള്‍, വലതുപക്ഷ തീവ്രവാദികള്‍ എന്നൊക്കെയല്ലേ അവരെ വിശേഷിപ്പിച്ചത്. പതിവുപോലെ ഈ സമരത്തിലും മുസ്ലിം തീവ്രവാദി സാന്നിധ്യവും കണ്ടുപിടിച്ചു. മറുവശത്താകട്ടെ സമരങ്ങളെയെല്ലാം അധിക്ഷേപിക്കലല്ലാതെ, കഴിഞ്ഞ ഒമ്പതു വര്‍ഷമായി കാര്യമായ ഒരു സമരവും നടത്താന്‍ പാര്‍ട്ടിയോ അനുബന്ധ സംഘടനകളോ തയ്യാറാകുന്നില്ല. അതേസമയത്തുതന്നെ പി എസ് സി അംഗങ്ങള്‍ക്ക് സമരം ചെയ്യാതെ തന്നെ നാലുലക്ഷത്തോളം വേതനവും വന്‍ ആനുകൂല്യങ്ങളും നല്‍കുന്നതിലൂടെ ്‌സര്‍ക്കാര്‍ താല്‍്പ്പര്യം വ്യക്തം.

ജനാധിപത്യത്തോടുള്ള നിലപാടിന്റെ തുടര്‍ച്ചയായാണ് സാമൂഹ്യനീതിയേയും കുറിച്ച് പറയുന്നത്. അടുത്ത കാലത്ത് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. വ്യവസായവിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്സ് രൂപം കൊടുത്ത വര്‍ഗ്ഗസമരസിദ്ധാന്തത്തെ അതേപടി ഇറക്കുമതി ചെയ്യുകയാണ് ഇവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്തത്. ഇന്ത്യയുടെ അനന്തമായ വൈവിധ്യങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ജാതികളുമൊന്നും അവര്‍ പരിഗണിച്ചതേയില്ല. അതിലേറ്റവും പ്രധാനം ജാതിവ്യവസ്ഥ തന്നെ. എന്നാലതിനെ മുതലാളിത്തതിന്റെ സൃഷ്ടിയായി കാണുകയും വര്‍ഗ്ഗസമരത്തിലൂടെ അതിനു പരിഹാരം കാണാമെന്നു പ്രഖ്യാപിക്കുകയുമായിരുന്നു പാര്‍ട്ടി ചെയ്തത്. എല്ലാവിഷയത്തേയും സാമ്പത്തിക മാത്രവാദത്തിലൊതുക്കിയത് അങ്ങനെയാണ്. അംബേദ്കറെ ബ്രിട്ടീഷ് ചാരനായും അധിക്ഷേപിച്ചു. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്ന ഈ സമീപനമാണ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് വിഘാതമായ ഒരു കാരണം. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഇവിടെ നടന്ന കീഴാളമുന്നേറ്റങ്ങളോട് ഐക്യപ്പെട്ടതിനാല്‍ അവര്‍ക്ക് വളരാന്‍ കഴിഞ്ഞു എന്നത് ശരിയാണ്. എന്നാല്‍ സാമ്പത്തികനീതി എന്ന അജണ്ടയിലൊതുങ്ങിയ പാര്‍ട്ടിക്ക് ഇവിടേയും ദളിത്, ആദിവാസി, സ്ത്രീ പ്രശ്നങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയാതിരുന്നത് സ്വാഭാവികം മാത്രം. ദളിതരേയും ആദിവാസികളേയും മറ്റും കര്‍ഷകതൊഴിലാളി എന്ന സംജ്ഞയിലൊതുക്കിയത് അങ്ങനെയാണ്. ഇന്നും കേരളത്തിലെ ആദിവാസികള്‍ രാജ്യത്തെ മറ്റു പ്രദേശങ്ങളിലെ ആദിവാസികളേക്കാള്‍ പുറകിലായതിനും സ്വയംഭരണമോ വനാവകാശമോ പോലും നടപ്പാക്കാത്തതിനു കാരണവും അതാണ്. ദളിതര്‍ പതിനായിരകണക്കിനു കോളനികളിലൊതുങ്ങാനും അടിസ്ഥാനകാരണം അവരുടെ സ്വത്വത്തെ അംഗീകരിക്കാതിരുന്നതു തന്നെ. സാമ്പത്തികസംവരണവാദത്തിനു പുറകിലെ രാഷ്ട്രീയവും മറ്റൊന്നല്ല. അതിനായി ആദ്യം ശബ്ദമുയര്‍ത്തിയത് ഇ എം എസ് ആണല്ലോ. സംവരണത്തിന്റെ രാഷ്ട്രീയത്തിന്റെ അന്തസത്ത ചോര്‍ത്തുന്ന EWS ന്റെ ഏറ്റവും വലിയ വക്താക്കള്‍ ആരാണ്?

അതുപോലെതന്നെ വര്‍ഗ്ഗസമരത്തിലൂടെ മാത്രമേ സ്ത്രീപ്രശ്നവും പരിഹരിക്കപ്പെടൂ എന്നു വാദിക്കുന്ന എത്രയോ നേതാക്കളെ ഇപ്പോഴും കാണാം. സീതാറാം യെച്ചൂരിയെപോലുള്ള നേതാക്കള്‍ സാമൂഹ്യനീതിയെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു എങ്കിലും കേരളത്തിലെ നേതാക്കള്‍ക്ക് അതിപ്പോഴും മനസ്സിലായിട്ടില്ല. സ്വത്വരാഷ്ട്രീയം എന്നാണ് അവര്‍ ഈ രാഷ്ട്രീയത്തെ ആക്ഷേപിക്കുന്നത്. ഈ നിലപാട് പുനപരിശോധിക്കാന്‍ ഇനിയെങ്കിലും പാര്‍ട്ടി തയ്യാറാകുമെന്നു പ്രതീക്ഷിക്കട്ടെ. മുസ്ലിം ന്യൂനപക്ഷങ്ങളെ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ ചെയ്യുന്നതിനേക്കാള്‍ അതിരൂക്ഷമായി അധിക്ഷേപിക്കുകയും തീവ്രവാദികളെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയമായി അക്രമിക്കുകയും ചെയ്യുന്നതും കാണാതിരുന്നു കൂട. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാര്‍ ഫാസിസ്റ്റല്ല എന്ന നിലപാടും മുന്നോട്ടുവെക്കുന്നു. ക്ലാസിക്കള്‍ ഫാസിസത്തില്‍ നിന്ന് എങ്ങനെയാണ് നവ ഫാസിസം വ്യത്യസ്ഥമാകുന്നതെന്ന് കെ ഇ എന്നെ പോലുള്ളവര്‍ എത്രയോ വിശദീകരിക്കുന്നു. അതുപോലും പാര്‍ട്ടിയോ നേതാക്കളോ കേള്‍ക്കുന്നില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്നാമതായി പറയാനുദ്ദേശിക്കുന്നത് പാര്‍ട്ടി ഒരു കേരളപാര്‍ട്ടിയായി മാറണമെന്നാണ്. തീര്‍ച്ചയായും ഇതു കേള്‍ക്കുമ്പോള്‍ പലരും നെറ്റി ചുളിക്കുമെന്നുറപ്പ്. പക്ഷെ ഫലത്തില്‍ ഇപ്പോള്‍ അത് അങ്ങനെതന്നെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരൊറ്റ ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം അതിശക്തമാകുന്ന കാലമാണിത്. അതിനോടു ശക്തമായി പ്രതികരിക്കാനാവാതെ, പലപ്പോഴും കേന്ദ്രത്തോട് യാചിക്കുന്ന അവസ്ഥയിലേക്ക് കേരളസര്‍ക്കാര്‍ മാറാന്‍ കാരണം സിപിഎം ഒരു പ്രാദേശിക പാര്‍ട്ടിയല്ല എന്നതാണ്. വയനാട് മഹാദുരന്തത്തില്‍ പോലും കേന്ദ്രം കേരളത്തോട് ഏറ്റവും ക്രൂരമായി നിലപാടെടുത്തിട്ടും പതിവു പ്രതികരണമല്ലാതെ ശക്തമായ ഒരു നീക്കമുണ്ടായോ? തങ്ങള്‍ക്കവകാശപ്പെട്ട പണം തന്നില്ലെങ്കില്‍ അങ്ങോട്ടുള്ള നികുതികളും തരില്ല എന്നു തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനു പറയാന്‍ കഴിയുന്നത് ഡിഎംകെ ഒരു പ്രാദേശിക പാര്‍ട്ടിയായതിനാലാണ്. കേരളത്തിനുമാവശ്യം മറ്റു പല സംസ്ഥാനങ്ങളിലുമുള്ള പോലെ, കേന്ദ്രത്തോട് ശക്തമായ നിലപാടെടുക്കുന്ന പ്രാദേശിക പ്രസ്ഥാനമാണ്.

നിര്‍ഭാഗ്യവശാല്‍ അത്തരമൊന്ന് കേരളത്തില്‍ ഇന്നോളമുണ്ടായിട്ടില്ല. പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും സ്വാഭാവികമായും അഖിലേന്ത്യാ താല്‍പ്പര്യങ്ങളായിരുന്നു പ്രധാനം. കേരളകോണ്‍ഗ്രസാകട്ടെ റബര്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കായാണ് നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ എന്നും അവഗണനയുടെ ചരിത്രമാണ് കേരളം നേരിട്ടുള്ളത്. മുമ്പൊക്കെ അതിനെതിരെ ശക്തമായ ചില സമരങ്ങള്‍ നടന്നിരുന്നു. സമീപകാലത്ത് അതുമില്ല. ഇപ്പോള്‍ സാധ്യമാകുക, ഫലത്തില്‍ പ്രാദേശികപാര്‍ട്ടിയായ സിപിഎം, ഒരിക്കല്‍ യെച്ചൂരി തമാശരൂപത്തില്‍ പറഞ്ഞപോലെ പ്രാഥമികമായി കേരളത്തിനുവേണ്ടി നിലകൊള്ളുന്ന ഒന്നായി മാറുക എന്നതാണ്. ഒപ്പം കാലഹരണപ്പെട്ട, ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത കമ്യൂണിസ്റ്റ് എന്ന പേരുമാറ്റി ഒരു കേരള പേരു സ്വീകരിക്കുകയും വേണം. ചരിത്രപ്രധാനമായ ഈ രാഷ്ട്രീയ മുഹൂര്‍ത്തത്തില്‍ ഇത്തരത്തില്‍ ദീര്‍ഘകാലത്തെ മുന്നില്‍ കണ്ടുള്ള, ജനാധിപത്യപരവും സാമൂഹ്യനീതിയിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ നിലപാട് സ്വീകരിക്കാന്‍ സിപിഎം തയ്യാറാകുമോ? ഒരു സാധ്യതയുമില്ല എന്നറിയാമെങ്കിലും അതാവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ടല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply