കോണ്‍ഗ്രസ്സ് ബ്രാഹ്മണിക്കല്‍ അധികാര ഘടനക്കു പുറത്തുവരുമോ?

സ്വാതന്ത്ര സമര കാലഘട്ടത്തില്‍ തന്നെ ഇന്ത്യയുടെ പ്രത്യേകതയായ, ബ്രാഹ്മണിക്കല്‍ അധികാരഘടനയുടെ ഭാഗമായ വിവേചനത്തെ ഒരിക്കലും കോണ്‍ഗ്രസ് മനസിലാക്കിയിരുന്നില്ല. എന്ന് മാത്രമല്ല, കോണ്‍ഗ്രസ് ആ സവര്‍ണ്ണബോധ്യത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ സാമൂഹിക പരിഷ്‌കരണം കോണ്‍ഗ്രസിന്റെ നയമായിരുന്നില്ലായെന്നും കേവലം രാഷ്ട്രീയ പരിഷ്‌കരണം മാത്രമായിരുന്നു കോണ്‍ഗ്രസ് ചെയ്തിരുന്നത് എന്നുമാണ് ഡോക്ടര്‍ അംബ്ദേകര്‍ പറയുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസ്ഥാനമായാണ് കോണ്‍ഗ്രസിനെ അടയാളപ്പെടുത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം പേറുന്നു കോണ്‍ഗ്രസ്. വലിയ ജനാധിപത്യ രാജ്യമെന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടതല്‍ തവണ ഭരണത്തിലേറിയ പാര്‍ട്ടിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ആ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയെന്താണ്. അതിനുള്ള കാരണം എന്താണ്?

കോണ്‍ഗ്രസ് ഏല്ലാ കാലത്തും നിലനിര്‍ത്തിയിരുന്നത് സമൂഹത്തിന്റെ ബ്രാഹ്മണിക്കല്‍ ഹിന്ദുബോധമായിരുന്നു. സംഘപരിവാറിന്റെ വരവോടു കൂടി സമൂഹത്തിന്റെ ഹിന്ദുബോധത്തിന്റെ ത്രീവത കൂടുകയും അതോടുകൂടി കോണ്‍ഗ്രസ് രാഷ്ടീയചിത്രത്തില്‍ നിന്ന് പിന്തള്ളപ്പെടുകയുമാണ് ഉണ്ടായത്. ഇതിന് പ്രധാന കാരണം കോണ്‍ഗ്രസ് മുന്‍ കാലങ്ങളില്‍ എടുത്ത നയങ്ങള്‍ തന്നെയാണ്.

സ്വാതന്ത്ര സമര കാലഘട്ടത്തില്‍ തന്നെ ഇന്ത്യയുടെ പ്രത്യേകതയായ, ബ്രാഹ്മണിക്കല്‍ അധികാരഘടനയുടെ ഭാഗമായ വിവേചനത്തെ ഒരിക്കലും കോണ്‍ഗ്രസ് മനസിലാക്കിയിരുന്നില്ല. എന്ന് മാത്രമല്ല, കോണ്‍ഗ്രസ് ആ സവര്‍ണ്ണബോധ്യത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ സാമൂഹിക പരിഷ്‌കരണം കോണ്‍ഗ്രസിന്റെ നയമായിരുന്നില്ലായെന്നും കേവലം രാഷ്ട്രീയ പരിഷ്‌കരണം മാത്രമായിരുന്നു കോണ്‍ഗ്രസ് ചെയ്തിരുന്നത് എന്നുമാണ് ഡോക്ടര്‍ അംബ്ദേകര്‍ പറയുന്നത്.

ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തിന്റെ പിറ്റേ ദിവസം തന്നെ സാമൂഹിക പരിഷ്‌കരണ സമ്മേളനം നടന്നിരുന്നു. എന്നാല്‍ ഇനി സാമൂഹിക പരിഷ്‌കരണ സമ്മേളനം നടത്തിയാല്‍ വേദി തന്നെ കത്തിക്കും എന്നാണ് ബാലഗംഗാധര തിലകന്‍ പറഞ്ഞത്. എണ്ണയാട്ടുകാരും പുകയില വ്യാപാരികളും ചെരുപ്പുകുത്തികളൊക്കെ എന്തിനാണ് പ്രാതിനിധ്യത്തിന്റെ പേരില്‍ പരിപാടികളില്‍ പങ്കൈടുക്കുന്നത് എന്നൊക്കെയായിരുന്നു തിലകനും സര്‍ദാര്‍ വല്ലാഭായ് പട്ടേലുമാക്കെ ചോദിച്ചു കൊണ്ടിരുന്നത്. അടിത്തട്ട് വിഭാഗക്കാരെ സാമൂഹിക, രാഷ്ട്രീയ പങ്കാളിത്തതതില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന ബ്രാഹ്മണിക്കല്‍ അധീശ്വത ബോധത്തെ പേറി കൊണ്ടു തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോയിരുന്നത്.

ഭരണഘടനയെ കുറിച്ച് കോണ്‍ഗ്രസുമായി നടത്തുന്ന ഒരു ചര്‍ച്ച കൂടി ഡോക്ടര്‍ അംബ്ദേകര്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്രയും കാര്യങ്ങള്‍ എന്തിനാണ് ഭരണഘടനയില്‍ എഴുതി ചേര്‍ക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നത്. അതിനു അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ സാമൂഹിക ഭരണഘടനയെന്നത് മനുസ്മൃതിയാണെന്നും അതിന് മുകളില്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ അതെല്ലാം ഉള്‍പ്പെടുത്തേണ്ടതുണ്ട് എന്നു കൂടിയാണ്. ഇതു തന്നെയാണ് കമ്മ്യൂണല്‍ അവാര്‍ഡിന്റെ കാര്യത്തില്‍ ഗാന്ധിജിയുടെ മരണം വരെ നിരാഹാരത്തിലും സംഭവിക്കുന്നത്. അതിപ്പോള്‍ ഒന്നു കൂടി പ്രാധാന്യമര്‍ഹിക്കുന്നതാണ്. മുസ്ലിം, ആദിവാസി പ്രാതിനിധ്യമൊന്നും ഇപ്പോഴും ജനസംഖ്യ ആനുപാതികമായില്ല. എന്നു മാത്രമല്ല എസ്.സി/എസ്.ടി.സംവരണ കൊണ്ട് യഥാര്‍ഥ പ്രതിനിധികളാണോ ജയിക്കുന്നത് എന്നതു പോലും പ്രശ്‌നമാണ്. സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലുള്ള സംവരണത്തിന് പകരം സാമ്പത്തിക സംവരണമാണ് വേണ്ടത് എന്ന വാദത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും അനൂകൂലിക്കുന്നത് ഈ സാമൂഹിക സാഹചര്യങ്ങളെ മനസിലാക്കാതെയും ബ്രാഹ്മണിക്കല്‍ ബോധ്യത്തിലുമാണ്.

അതിനാല്‍ തന്നെ ഇന്ന് കാണുന്ന പശുരാഷ്ട്രീയത്തിന്റെ ആദ്യകാലരൂപം തുടങ്ങി വെച്ചതും കോണ്‍ഗ്രസായിരുന്നു. ഇന്ദിരാഗാന്ധി ദുര്‍ഗ്ഗയെന്നും ആണുങ്ങളേക്കാള്‍ വലുതാണെന്നും വിളിക്കാന്‍ തുടങ്ങിയത് പാക്കിസ്ഥാനെ മുഖ്യശത്രുവാക്കി കാണിച്ച് ഇലക്ഷനെ നേരിടുന്ന രീതി തുടങ്ങി വെച്ചായിരുന്നു. ഇന്ത്യയില്‍ 1975 ലാണ് അടിയന്തരവസ്ഥ പ്രഖ്യാപിക്കുന്നത്. ഇന്ദിര ഗാന്ധിയുടെ ഇലക്ഷന്‍ വിജയം റദ്ദാക്കിയപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. എതിര്‍ക്കുന്ന എല്ലാവരേയും അറസ്റ്റ് ചെയ്ത് ജയി ലടക്കുകയും മര്‍ദിക്കുകയും ചെയ്തത് ഭീകരമായിരുന്നു. അതിനൊപ്പം പാര്‍ട്ടി എന്ന നിലയില്‍ ആദ്യത്തെ വംശീയ കലാപം നടത്തിയതും മറ്റാരും ആയിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് ഭീകരമായ രീതിയില്‍ സിഖ് കൊലപാതകവും, മര്‍ദ്ദനവും ഉണ്ടായപ്പോള്‍ അതിനോട് പ്രതികരിച്ച രാജീവ് ഗാന്ധി പറഞ്ഞത് ഒരു വന്‍ മരം വീണാല്‍ അതിന്റെ ചുറ്റുമുള്ള ചെറുമരങ്ങള്‍ക്കും നാശം പറ്റുമെന്നാണ്.

എന്നിരുന്നാലും കോണ്‍ഗ്രസ്സ് ഭരണകാലത്ത് ശാസ്ത്ര, യുക്തിബോധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ അഭിമാനകരമായി പ്രവര്‍ത്തിക്കുന്ന ഐ.എസ്.ആര്‍.ഒ അടക്കം ഒട്ടേറെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു. ഒരു പരിധി വരെ സോഷ്യലിസ്റ്റ് സമീപനങ്ങളും കൈ കൊണ്ടിരുന്നു. ആസൂത്രണ കമ്മീഷനടക്കമുള്ള സ്ഥാപനങ്ങളും കൈ കൊണ്ടിരുന്നു. അതിനു ശേഷം പ്രിവേഴ്‌സ് പെന്‍ഷന്‍ നിര്‍ത്തലാക്കലും, ബാങ്കിംഗ് ദേശാസാല്‍ക്കരണമടക്കം പുരോഗമന നിലപാട് എടുക്കാന്‍ കഴിഞ്ഞിരുന്നു. വിവര സാങ്കേതിക വിദ്യയിലടക്കം വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ മാറി മാറി വന്ന കോണ്‍ഗ്രസ് ഗവര്‍ണ്‍മെന്റി്‌റിന് കഴിഞ്ഞിട്ടുണ്ട്.

മറുവശത്ത് ഫെഡറല്‍ ഘടനയെ സംരക്ഷിക്കാനും കോണ്‍ഗ്രസിന് കുറച്ചൊക്കെ കഴിഞ്ഞിരുന്നു. ഏതാനും സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടിരുന്നു എന്നത് അപവാദമാണെങ്കിലും കുറച്ചൊക്കെ അതിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് സംസ്ഥാന തലങ്ങളില്‍ ശക്തമായ നേതൃത്വങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് തകര്‍ക്കുകയും ദേശീയ നേതൃത്വം പാര്‍ട്ടിയെ കൈപിടിയില്‍ ഒതുക്കാന്‍ ശ്രമിച്ചതോടു കൂടി, പല സംസ്ഥാന നേത്യത്വങ്ങളും പാര്‍ട്ടി വിട്ടു. അതിനൊപ്പം പറയേണ്ടതാണ് കോണ്‍ഗ്രസിന്റെ കുടുംബാധിപത്യവും. ചരിത്രമൊക്കെ പറയാമെങ്കിലും ജനാധിപത്യത്തില്‍ പാരമ്പര്യം മാത്രമല്ലലോ ഉള്ളത്. അതിന്റെ പേരിലും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ടു. അതോടു കോണ്‍ഗ്രസിന് തകര്‍ച്ചയാരംഭിച്ചു.

ഇക്കാലയളവില്‍ ദലിത്, ആദിവാസി, മുസ്ലിം, പിന്നോക്ക വിഭാഗങ്ങളുടെ ആശയങ്ങള്‍ക്ക് പ്രാധാന്യം ലഭിച്ചിരുന്നില്ലെങ്കിലും ചെറിയ തോതില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നു. സംഘപരിവാര്‍ ശക്തമാക്കുന്നത് എല്‍. കെ.അദ്വാ്വാനിയുടെ രഥയാത്രയിലൂടെയും ബാബ്‌റി മസ്ജി്ദ് പൊളിക്കുന്നതിലൂടെയും ആയിരുന്നു. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല എന്നു മാത്രമല്ല, ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് കൂടി സംശയിക്കുന്നുവെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അതിനൊപ്പം കോണ്‍ഗ്രസ്, സംഘപരിവാറിനേക്കാള്‍ ഹിന്ദുത്വബോധത്തില്‍ എത്താന്‍ ശ്രമിക്കുക കൂടി ഉണ്ടായി. അതോടു കൂടി അവരുടെ വോട്ട് ബാങ്കായ ദലിത്, മുസ്ലിം വോട്ടുകളില്‍ വലിയ ചോര്‍ച്ച ഉണ്ടായി. അതാണ് യു.പി.യിലൊക്കെ കോണ്‍ഗ്രസിനു സംഭവിച്ചു കൊണ്ടിരിക്കുന്നത്.

സംഘപരിവാര്‍ ഹിന്ദു ബ്രാഹ്മണിക്കല്‍ ആശയം ഉള്‍കൊണ്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. അക്കൂട്ടത്തിലെ ഏറ്റവും വലിയ സംഘടനയാണ് ആര്‍ എസ്.എസ്. ഹിന്ദുരാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ സംസ്‌കാരിക സംഘടനയാണല്ലോ. അതൊരു അപകടകരമായ പ്രവര്‍ത്തനമാണ്. അത് കൊണ്ട് തന്നെയാണ് അവരുടെ രാഷ്ട്രീയരൂപമായ ബി.ജെ.പിക്കും സമഗ്രാധിപത്യത്തിന് കഴിയുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതിനെ മറികടക്കാന്‍ കഴിയാത്ത രാഷ്ട്രീയ ബോധമില്ലാത്ത ആളുകളുടെ ഒരു കൂട്ടമാണഅ. അതുകൊണ്ട് തന്നെയാണ് ബി.ജെ.പിക്ക് വിലക്കു വാങ്ങാന്‍ കഴിയുന്നവരായി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ മാറുന്നത്. അവരെ സംബന്ധിച്ചടത്തോളം ഒരേ ബ്രാഹ്മണിക്കല്‍ നിലപാട് സ്വീകരിക്കുന്നവരാണ് രണ്ടു പാര്‍ട്ടികളും. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുക എന്നത് അവരെ സംബന്ധിച്ചടത്തോളം പ്രശ്‌നമാകുന്നതല്ല.
അതിനൊപ്പം ഒരേ സാമ്പത്തിക നയങ്ങള്‍ തന്നെയാണല്ലേ ബി.ജെ.പിയും കോണ്‍ഗ്രസ്സും കൈകൊള്ളുന്നത്. ഇതെ സാമ്പത്തിക നയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അഴിമതിയുടെ കേന്ദ്രമായി മാറിയത്. കോണ്‍ഗ്രസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയുടെ പാര്‍ട്ടിയായി അധപതിച്ചു. അതുകൊണ്ടു തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും വിലക്ക് വാങ്ങാന്‍ കഴിയുന്നവരായി മാറുന്നത്.

ഇതിനൊപ്പമാണ് കോണ്‍ഗ്രസ് നേതൃത്വവും ജനപ്രതിനിധികളും നിഷ്‌ക്രിയരായി മാറുന്നതിനെയും നോക്കികാണേണ്ടത്. വോട്ടിംഗ് യന്ത്രത്തില്‍ നടന്ന അട്ടിമറി മറ്റു പാര്‍ട്ടികള്‍ ഉന്നയിച്ചപ്പോള്‍ അതു ഏറ്റെടുക്കാനോ ക്രിയാത്മകമായി പ്രതികരിക്കാനോ കോണ്‍ഗ്രസിനായില്ല. കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന വിവരാവകാശ നിയമത്തെ അട്ടിമറിക്കുമ്പോഴും അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസിനായില്ല. യു.എ.പി.എ, എന്‍.ഐ.എ നിയമങ്ങള്‍ വ്യക്തികളെ ബാധിക്കുന്നതായി മാറിയമ്പോഴും കോണ്‍ഗ്രസ് ബി.ജെ.പിക്കൊപ്പം നില്‍ക്കുകയായിരുന്നു. അതിനൊപ്പമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വ്യതസ്തമാണ് കാശ്മീര്‍ എന്നു പറയുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആ വിഷയത്തില്‍ തന്നെ ഭിന്നതയുണ്ടായതും ചീഫ് വിപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടായതും. ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം ഇല്ലെങ്കിലും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് പ്രതിപക്ഷത്ത് ഒരു ഐക്യം ഉണ്ടാകാന്‍ പോലും കഴിയുന്നില്ല. ഭരണത്തിനെതിരെ ചെറിയ പാര്‍ട്ടികളില്‍ നിന്ന് ഉണ്ടാവുന്ന എതിര്‍പ്പു പോലും ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. മാത്രമല്ല, പശുവിന്റെ പേരിലും ജയ് ശ്രീരാം വിളിക്കാത്തതിന്റെ പേരിലും ദലിതരും, മുസ്ലീങ്ങളും കൊല്ലപ്പെടുമ്പോഴും അതിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. ഭീമ കൊറാഗാവിന്റെ പേരില്‍ സ്വതന്ത്ര ബുദ്ധിജീവികളെ അറസ്റ്റ് ചെയ്യുമ്പോഴും, ഏല്ലാ ഭരണഘടന സ്ഥാപനങ്ങളെ കൈപിടിയിലൊതുക്കി കൊണ്ട് ഫാസിസം നടപ്പിലാക്കുമ്പോഴും കോണ്‍ഗ്രസ് അനങ്ങുന്നില്ല.

ഇതൊക്കെയാണെങ്കിലും കോണ്‍ഗ്രസിനു ഇനിയും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരും വിശ്വസിക്കുന്നവരും ധാരാളമുണ്ട്. എന്നാല്‍ ഇനി കോണ്‍ഗ്രസിനു എന്തെങ്കിലും സാദ്ധ്യതകള്‍ വേണമെങ്കില്‍ തന്നെ ബ്രാഹ്മണിക്കല്‍ അധികാരഘടനക്കു പുറത്ത് ജനാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരായി അവര്‍ മാറണം. അല്ലാതെ ഒരു പുതിയ പ്രസിഡന്‍ന്റിനെ തിരഞ്ഞെടുക്കാന്‍ പോലും കഴിയാെത, ഒരു കുടുംബത്തില്‍ മാത്രം കുറ്റിയടിക്കുന്നതുകൊണ്ടോ, അതില്‍തന്നെ ഒരു പുരോഗമന വ്യത്യസ്ത നിലപാടെടുക്കുന്ന രാഹുല്‍ ഗാന്ധിയുള്ളതുകൊണ്ടോ കോണ്‍ഗ്രസിന്റെ പതനം തടയാന്‍ കഴിയില്ല എന്നു തന്നെയാണ് കരുേതണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply