എന്തു കൊണ്ടാണ് സര്‍ക്കാര്‍ സര്‍വ്വമത സമ്മേളന ശതാബ്ദി ആഘോഷിക്കാത്തത്?
‘മതവിമര്‍ശനമാണ് എല്ലാ വിമര്‍ശനത്തിന്റെയും ആരംഭം ‘ ‘മതമല്ല മനുഷ്യനാണ് പ്രധാനം’ ‘ജാതിവേണ്ട മതം വേണ്ട ‘ ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്നീ ഡോഗ്മകള്‍ അയവിറക്കുന്നവര്‍ക്ക് നാരായണഗുരു നടത്തിയ സര്‍വ്വമത സമ്മേളനം സ്വീകരിക്കാനാവില്ല.
1924-ല്‍ നാരായണഗുരു ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് നടത്തിയ സര്‍വ്വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികമാണ് 2024. ഇതിന്റെ നൂറാം വാര്‍ഷികം കേരള സര്‍ക്കാര്‍ ആചരിക്കാത്തത് എന്തുകൊണ്ടാണ്? ആര്‍ക്കുവേണമെങ്കിലും ആചരിച്ചു കൂടെ സര്‍ക്കാര്‍ തന്നെ ചെയ്യണം എന്ന് എന്താണ് ഇത്ര നിര്‍ബന്ധം? അതെ നമുക്കൊന്ന് ഇക്കാര്യം പരിശോധിക്കാം.
2016 – ല്‍ ജാതിയില്ല വിളംബരത്തിന്റെ നൂറാം വര്‍ഷം ആചരിക്കുന്നു സര്‍ക്കാര്‍ മുന്‍കൈയില്‍.
2017- ല്‍ സ്വാമി വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ 125 -ാമത് വാര്‍ഷികം സര്‍ക്കാര്‍ തലത്തില്‍ ആചരിക്കുന്നു.
2018-ല്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 -ാമത് വാര്‍ഷികം സര്‍ക്കാര്‍ തന്നെ ആചരിക്കുന്നു.
ഇതെല്ലാം ആഘോഷമാക്കിയ സര്‍ക്കാര്‍ എന്തുകൊണ്ടാണ് 2024 ലെ സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കാത്തത് എന്ന് ചോദിക്കാന്‍ ന്യായമില്ലേ?
(1) ജാതിയില്ല വിളംബരം എന്നത് ഗുരു അറിയാത്ത, പറയാത്ത നുണയായിരുന്നു. ജാതിയില്ല എന്ന് ഗുരു പറഞ്ഞിട്ടില്ല. ഗുരു ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജാതിയില്ല എന്നാല്‍ മനുഷ്യരല്ല, മനുഷ്യത്വം ഇല്ല എന്നാണ് അര്‍ത്ഥം. ഒരു ജാതി = മനുഷ്യജാതി, മനുഷ്യജാതി = മനുഷ്യത്വം ഉള്ള ജീവി എന്നാണ്. അനേക ജീവജാതികളില്‍ ഒന്നായ മനുഷ്യജാതി – ഒരു സ്പീഷീസ് ആണ്. അതാണ് മനുഷ്യന്‍ എന്നത്. അതാണ് ‘ഒരു ജാതി.’ ജാതിയില്ല എന്നതിനര്‍ത്ഥം മുകളില്‍ പറഞ്ഞതാണ്. വിളംബരം ഒരിക്കലും ഗുരു നടത്തിയിട്ടില്ല. 1920-ല്‍ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ‘സന്ദേശമാണ്’ നല്‍കിയത്. ജാതിവ്യവസ്ഥയുടെ എല്ലാ അനുകൂലനവും അനുഭവിക്കുന്നവര്‍ ഗുരുവിന്റെ ചുണ്ടില്‍ തിരുകി വെച്ചതാണ് വിളംബരവും ജാതിയില്ല എന്ന വചനവും.
മേധാവിത്വം ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍, പീഡനമേല്‍ക്കുന്നവര്‍ ജാതിമേധാവിത്വം തിരിച്ചറിയാതിരിക്കാന്‍, വേണ്ടിയുള്ള മൂടുപടം ഇടുവിക്കലാണ് ജാതിയില്ല എന്നത്. നിരന്തര സമരത്താല്‍ താഴ്ത്തപ്പെട്ട ജാതി വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന പരിഗണന പോലും അപകര്‍ഷമാക്കി, ജാതീയ പീഡനത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളെ തളര്‍ത്താന്‍ വേണ്ടിയുള്ള സവര്‍ണ ഗൂഢാലോചനയായിരുന്നു വിളംബര ആഘോഷം. സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് 30 സംഘടനകളെ കളത്തില്‍ ഇറക്കി 300 സ്ഥലത്ത് പ്രചരണം നടത്തിയതാണ് നാം കണ്ടത്.
ട്രംപിന്റെ വരവില്‍ ചേരികള്‍ മറച്ച മോദിയെ പോലെ സവര്‍ണ്ണത ജാതി എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാന്‍ ഇടതു സര്‍ക്കാരിലൂടെ നടത്തിയതാണ് ജാതിയില്ല വിളംബരം എന്ന നുണ. ഇത് ഹിന്ദു ഐക്യ വേദിക്കും വിശ്വഹിന്ദു പരിഷത്തിനും ആര്‍എസ്എസിനും വേണ്ടിയുള്ള പണിയായിരുന്നു. സവര്‍ണ്ണത ഇടതുപക്ഷത്തെ കൊണ്ട് ഹിന്ദു രാഷ്ട്രത്തിന്റെ കല്ലും മണ്ണും ചുമപ്പിച്ച കാഴ്ചയാണിത്.
( 2 ) 2017- സ്വാമി വിവേകാനന്ദന്‍ ബ്രാഹ്മണ്യത്തിന് പിന്തുണയായിരുന്നു. കായസ്ഥ ജാതി എങ്കിലും സവര്‍ണ പക്ഷപാതിയായിരുന്നു. ബ്രഹ്മജ്ഞാനികളെ അല്ല, ബ്രാഹ്മണ ജാതിയെയാണ് അദ്ദേഹം താങ്ങിപ്പോന്നത്. ജാതീയത മൂലം അവര്‍ണര്‍ മതം മാറുന്ന കണ്ടിട്ട് ദഹിക്കാതെ ഇങ്ങനെ പോയാല്‍ ബ്രാഹ്മണകുലം മുടിയും എന്നതായിരുന്നു പുള്ളിക്കാരന്റെ വേവലാതി. അതാണ് മദ്രാസിലെ പ്രസംഗത്തില്‍ മലബാറിലെ ബ്രാഹ്മണരെ ഭ്രാന്തന്മാരെന്ന് വിളിച്ചത്. അവരുടെ ഭവനങ്ങളെയാണ് ഭ്രാന്താലയം എന്ന് വിളിച്ചത്.അപകടം പറഞ്ഞുകൊടുത്തത്. ബ്രാഹ്മണര്‍ പാവങ്ങളാണെന്നും അവരെ സംരക്ഷിക്കണമെന്നും പേര്‍ത്തും പേര്‍ത്തും പറഞ്ഞു നട ന്നിരുന്നതും. ബ്രാഹ്മണര്‍ ഭ്രാന്താലയം എന്ന ദുഷ്‌പേര് കൂളായി കേരളത്തിന്റെ തലയിലേക്ക് ഇട്ടു. അത് പാടാന്‍ കുറെ പാണന്മാരെയും. അതിന്റെ പിറകെയാണ് സാമ്പത്തിക സംവരണം /സവര്‍ണ്ണ സംവരണം സര്‍ക്കാര്‍ നടത്തിയത്. അഗ്രഹാരത്തിന്റെ റിപ്പയറിങ് 20 ലക്ഷം,താഴ്ത്തപ്പെട്ട ജാതി വിഭാഗങ്ങള്‍ക്ക് വീടിന് നാല് ലക്ഷം എന്നതും ചേര്‍ത്തുവച്ചാല്‍ കാര്യം വ്യക്തം.
ഇത് ആരുടെ താല്‍പര്യമാണ്? കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് നിര്‍ദ്ദേശമനുസരിച്ച് സാമ്പത്തിക സംവരണത്തിന് ഒരുങ്ങുമ്പോഴാണ് അതിലും മുന്‍പ് ഇവിടെ ഇത് നടപ്പിലാക്കിയത്. കോടതി വിധികളിലൂടെ സംവരണം തന്നെ ഇല്ലായ്മ ചെയ്യുന്നവര്‍ക്ക് വഴിയൊരുക്കുകയായിരുന്നു കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. അതും കഴിഞ്ഞ് ദളിത് ക്രീമിലെയര്‍ വരെ വന്നെത്തി റിസര്‍വേഷന്‍ രംഗം. ജനതയെ മാനസികമായി വന്ധീകരിക്കുന്ന പണിയാണ് സര്‍ക്കാര്‍ ബോധപൂര്‍വം ചെയ്തത്.
( 3 ) 2018- ക്ഷേത്രപ്രവേശനം. സാധാരണ 25 -50 -75- 100 ഈ രീതിയിലാണ് കാലങ്ങളായി ആചരണങ്ങള്‍. ആചാര ലംഘകരായതിനാല്‍ 82-ാമത് വാര്‍ഷികം കേമമാക്കി. 1936 ലെ ക്ഷേത്രപ്രവേശന വിളംബര താല്പര്യം നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതാണ്. മതംമാറ്റ ഭീഷണി, ശ്രീനാരായണ മത സ്ഥാപന ആശങ്ക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയം, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വളര്‍ച്ച, കോണ്‍ഗ്രസ് പ്രസ്ഥാനം ഉച്ച-നീചതക്ക് എതിരാകുന്ന അവസ്ഥ, വഴി നടക്കാനുള്ള സമരങ്ങള്‍, അരുവി പ്പുറം മുതലുള്ള പ്രതിഷ്ഠയുടെ വിസ്‌ഫോടനം, നിവര്‍ത്തന പ്രക്ഷോഭം, മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍ etc ഇളക്കിമറിച്ച തിരുവിതാംകൂറില്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ പ്രയോഗിച്ച തന്ത്രമായിരുന്നു ക്ഷേത്രപടി തുറന്നു കൊടുക്കല്‍! മതില്‍ക്കെട്ടിനുള്ളില്‍ ആക്കി പുറത്തു പോകാതിരിക്കാന്‍ തളച്ചിട്ടു. അങ്ങനെ പടി വാതില്‍ ആണ് തുറന്നുകൊടുത്തത്. ബാലനായ രാജാവും അമ്മ രാജ്ഞിയും ഒരു റോളും ഇല്ലാത്ത നോക്കുകുത്തികള്‍ ആയിരുന്നു. അതാണല്ലോ 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചിട്ടും തിരുവിതാംകൂര്‍ ഹിന്ദു രാഷ്ട്രമായി നിലനിര്‍ത്താന്‍ ശ്രമിച്ചത്. ഈ മറിമായത്തെയാണ് ഇടത് സര്‍ക്കാര്‍ പൊതുജന ഖജനാവ് ഉപയോഗിച്ച് ആദര്‍ശവല്‍ക്കരിക്കാന്‍ 82-ാമത് വാര്‍ഷികവുമായി ഇറങ്ങിത്തിരിച്ചത്. പിന്നെയെങ്ങനെയാണ് രാജകുടുംബങ്ങള്‍ സാംസ്‌കാരിക ജീവിതത്തില്‍ വാഴ്ത്തപ്പെടാതിരിക്കുക? തറകളിലും കാവുകളിലും ആയിരുന്ന ആരാധനാരീതികള്‍ ഉപേക്ഷിക്കുന്ന അവസ്ഥവരെയായി. മലയാളികളെ സംഘിസ്ഥാന്റെ നിര്‍ മ്മിതിയില്‍ വളരെ തന്ത്രപൂര്‍വം അണി ചേര്‍ത്ത്
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഈ പശ്ചാത്തലത്തില്‍ നമ്മുടെ പ്രധാന ചിന്താവിഷയത്തിലേക്ക് അതായത് സര്‍വമത സമ്മേളനത്തിന്റെ നൂറാം വര്‍ഷം തമസ്‌കരിച്ചതിനെ വിലയിരുത്താന്‍ ശ്രമിക്കാം.
കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സെക്കുലറിസ്റ്റ്, റാഷണലിസ്റ്റ് , ഡെമോക്രാറ്റ് -പൊതു ബോധം മതനിഷേധപരമാണ്. അതിന്റെ ടെക്സ്റ്റ് ബുക്ക് അടിമത്തം പ്രകടമാണ്. അതിനാല്‍ മതപരമായ എന്തും വര്‍ഗീയമാണ് ഇവര്‍ക്ക്. ബഹുമത സമൂഹത്തില്‍ മത രഹിത മതേതരത്വം വിറ്റഴിക്കാന്‍ ശ്രമിച്ചു- പരാജയപ്പെട്ടു. മതത്തിന്റെ വാലില്‍ തൂങ്ങി നടക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇതിലെ പല ജനസുകളും. പകരം മത സഹിത മതേതരത്വം ആയിരുന്നു നയമെങ്കില്‍ കുറേകൂടി വേരുപിടിച്ചേനെ. ഇപ്പോള്‍ പടവലങ്ങ പോലെ വളരാനാണ് ഇക്കുട്ടരുടെ തലവിധി. അതു മാറ്റാന്‍ ഇന്ത്യന്‍ അവസ്ഥ തിരിച്ചറിയും വരെ ഇവര്‍ക്ക് ആവില്ല. മതമോ കാലങ്ങളായി ഉറവിടത്തിലെ വിശുദ്ധിയും പിന്നീട് പൗരോഹിത്യ നിയന്ത്രണത്തിലും ആയി പിറന്നതാണ്. അത് ആശയം മാത്രമല്ല സാമൂഹിക ജീവിത സംവിധാനവും കൂടിയാണ്.
ഈ സാമൂഹിക സംവിധാനത്തെ നിഷേധിച്ചുകൊണ്ട് ഒരു പ്രസ്ഥാനവും ഇവിടെ വളരില്ല. അതിന്റെ ആവശ്യകത അനിവാര്യം അല്ലെന്ന് തിരിച്ചറിഞ്ഞ് മത മൂല്യങ്ങളിലും, മത സാരങ്ങളിലും, മത പാരസ്പര്യത്തിലും, ഊന്നാന്‍ കഴിയാതെ വിമുഖമായി, സ്വാധീനം നേടാന്‍ ആകാതെ തളരുമ്പോള്‍, വോട്ടിനും നോട്ടിനും വേണ്ടി പാടിയ തത്വത്തെ അടിയറ വയ്ക്കുന്നതാണ് നാം കാണുന്നത്. പൗരോഹിത്യ മതം, സംഘടിത മതം അങ്ങനെ പുരോഗമന ശക്തികളെ പാദ നമസ്‌കാരം ചെയ്യിക്കുന്നു. ‘മതവിമര്‍ശനമാണ് എല്ലാ വിമര്‍ശനത്തിന്റെയും ആരംഭം ‘ ‘മതമല്ല മനുഷ്യനാണ് പ്രധാനം’ ‘ജാതിവേണ്ട മതം വേണ്ട ‘ ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്നീ ഡോഗ്മകള്‍ അയവിറക്കി ഇവര്‍ കാട്ടിക്കൂട്ടുന്നത് വളരെ അപകടമാണ്. ഇതിനാല്‍ നാരായണഗുരു നടത്തിയ സര്‍വ്വമത സമ്മേളനം സ്വീകരിക്കാന്‍ ഇവര്‍ക്കാവില്ല. സ്വയം വിമര്‍ശന പരിചയമില്ലാത്ത മേല്‍ പ്രസ്ഥാനങ്ങളും സര്‍ക്കാരുകളോ ഇവിടെ ആക്ടീവ് ആവില്ല.ഈ വിഷയത്തിലെ ആവിഷ്‌കാരങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇത് തിരിച്ചറിയാനാകും.
അനഭിലക്ഷണീയമായ ജീവിതവും ഭരണവും നടത്തുന്ന ഭരണാധികാരികള്‍ കൂട്ടിക്കൊടുപ്പിന്റെ മാര്‍ഗത്തിലേക്ക് കൂടുമാറുന്നതാണ് നാം കാണുന്നത്.അവര്‍ക്ക് നൂറാം വാര്‍ഷികം പല കാരണങ്ങളാല്‍ സ്വീകാര്യമല്ല.മുകളില്‍ പറഞ്ഞ ടെസ്റ്റ് ബുക്ക് സ്വാധീനം മാത്രമല്ല അതിലും വലിയ ഡീലുകളാണ് ഇക്കാര്യത്തില്‍ നിയന്ത്രിക്കുന്നത്. മത രാഷ്ട്രവാദത്തെ തടയാന്‍ മത പക്ഷത്തുനിന്ന് മതസൗഹാര്‍ദ്ദമോ, മത പാരസ്പര്യമോ മതസാരഗ്രാഹ്യമോ ആണ് ഉചിതമാകുക.അവിടെ സ്വമത മാത്ര വാദത്തിന്, അന്യമത വിദ്വേഷത്തിന് ഇടമില്ല. ആശയരംഗത്ത് മത രാഷ്ട്രവാദ ഭീഷണിക്ക് പകരമാണ് ഗുരുവിന്റെ ആവിഷ്‌കാരം. അതിന്റെ ഇന്നത്തെ പ്രാധാന്യം എന്നാല്‍ ആര്‍എസ്എസിന്റെ പദ്ധതിയെ തടയിടുക എന്ന് തന്നെയാണ്. കലാപങ്ങളെ ഒഴിവാക്കുക എന്നത് തന്നെയാണ്. ഇത്തരം സാധ്യതകളെ പ്രയോഗത്തില്‍ വരുത്താത്ത സര്‍ക്കാര്‍ വിലാസം മതേതരത്വം സൂക്ഷ്മ വിശകലനത്തില്‍ മതരാഷ്ട്രവാദത്തിന്റെ സഖാവാണ്. സവര്‍ണ്ണ ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതിക്ക് പിന്തുണയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 2016- 2017 -2018ല്‍- ചെയ്തതിന്റെ തുടര്‍ച്ചയും ഏറ്റവും അപകടകരമായ ഒറ്റുകൊടുക്കലുമാണിത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഘര്‍ഷ സമയത്തെ ശാന്തി യാത്രയല്ല നമുക്ക് ആവശ്യം. കലാപകാരികളെ ശിക്ഷിക്കലോ അല്ല, സംഘര്‍ഷങ്ങള്‍ ഉരുണ്ടുകൂടും മുന്‍പ് ഒഴിവാക്കലാണ് ഉത്തമ മാര്‍ഗം. അതിന് തയ്യാറാകാത്ത വാചക മേളക്കാരും ചാനല്‍ക്കാരും പപ്പരാസികളും സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും മന്ത്രിയും തന്ത്രിയും മഹാരാജാവും സാംസ്‌കാരിക പ്രവര്‍ത്തകരും അക്ഷന്തവ്യമായ അപരാധമാണ് കേരള ജനതയോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പറയാതിരിക്കാനാവില്ല. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ നടത്തിയിരുന്നുവെങ്കില്‍ എത്രയോ ഹൃദയങ്ങളിലേക്ക് ഈ സന്ദേശം എത്തിക്കാന്‍ കഴിയുമായിരുന്നു. മത ദ്വേഷത്തെ നിര്‍വീര്യമാക്കാമായിരുന്നു.
വാല്‍ക്കഷണം :-
മതദ്വേഷം ഇല്ലാത്ത മതാനുയായികള്‍, ആത്മീയരംഗത്തെ പ്രസ്ഥാനങ്ങള്‍, ആചാര്യന്മാര്‍ ഈ രംഗത്ത് ഇടപെടാന്‍ വൈകുന്നതിന്റെ ഫലം കേരള സമൂഹം ഏല്‍ക്കേണ്ടിവരുന്ന മുറിവുകളായിരിക്കും.! ഉത്തിഷ്ഠത; ജാഗ്രത.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in