എന്തുകൊണ്ട് ഇന്ത്യാമുന്നണി വിജയിക്കണം?

2024ലെ തെരഞ്ഞെടുപ്പില്‍ നമ്മുടെ മുന്നിലുള്ള ഒരു ഓപ്ഷനുണ്ട്. 2014ലും 2019ലും ഇല്ലാതിരുന്ന ഓപ്ഷന്‍. അതാണ് ഇന്ത്യാ മുന്നണി. അന്നവര്‍ക്ക് വഴക്ക് തീര്‍ന്ന് ഇന്ത്യയെ കുറിച്ചാലോചിക്കാന്‍ പോലും സമയം കിട്ടാിയിരുന്നില്ല. എന്നാലിന്നതല്ല സ്ഥിതി. കണ്‍മുന്നിലെ അപകടം തിരിച്ചറിഞ്ഞ്, പല നിലപാടുകളിലും വി്ട്ടുവീഴ്ച ചെയ്ത്, ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ അജണ്ടയില്‍ അവര്‍ ഒന്നിച്ചിരിക്കുന്നു – ഇന്ത്യയെ തകര്‍ക്കുന്ന ബിജെപി സര്‍ക്കാരിനെ പുറത്താക്കുക, INDIA സഖ്യത്തെ വിജയിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എറണാകുളത്തു നടന്ന സേവ് ഇന്ത്യാ കണ്‍വെന്‍ഷനില്‍ സണ്ണി എം കപിക്കാട് നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്തരൂപം

വളരെ സന്നിഗ്ധമായ ഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്.. മൂന്നാം വട്ടം ബിജെപി അധികാരത്തില്‍ വന്നേക്കാവുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ അത് സൃഷ്ടിക്കാവുന്ന അനന്തരഫലങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ചെറുതല്ല. അത്തരം രാഷ്ട്രീയമായ ആശങ്കകളെ സമാഹരിച്ച് സംഘപരിവാര്‍ ശക്തികള്‍ ഇനിയൊരിക്കലും അധികാരത്തില്‍ വരാതിരിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നാലോചിക്കേണ്ട സന്ദര്‍ഭമാണിത്. പലതരത്തിലുള്ള ഭിന്നതകള്‍ നമുക്കിടയിലുണ്ടാകും. അത് സ്വാഭാവികം. അവ നിലനിര്‍ത്തി തന്നെ വിശാലമായ ഐക്യം കെട്ടിപ്പടുക്കേണ്ട സന്ദര്‍ഭമാണിത്. ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാന്‍ നമ്മുടെ മുന്നിലുളള ഒരേയൊരു വഴി അത്തരത്തില്‍ വിശാലമായ ഐക്യം മാത്രമാണ്.

1925നു മുന്നെതന്നെ ഉണ്ടായിരുന്ന സൂചനകള്‍ തന്നെയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. 25 മുതല്‍ അതിനു സംഘടിതരൂപം വന്നു എന്നു മാത്രം. അന്ന് അഞ്ചോളം ബ്രാഹ്മണരാണ് പൂനയില്‍ യോഗം ചേര്‍ന്ന് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നു പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സിന്റെ സുവര്‍ണകാലമായിരുന്നു അത്. ഇന്ത്യ അന്നത് ചിരിച്ചുതള്ളി. സമനില തെറ്റിയവര്‍ പറയുന്ന വിഷയങ്ങളൊന്നും പരിഗണിക്കേണ്ടതുപോലുമില്ല എന്നായിരുന്നു പൊതു ധാരണ. എന്നാല്‍ 89-ാം വര്‍ഷം സംഘപരിവാര്‍ ആശയങ്ങള്‍ പരിപൂര്‍ണമായി നടപ്പാക്കുന്ന പ്രധാനമന്ത്രി സൃഷ്ടിക്കപ്പെട്ടു. ഇക്കാലത്തെല്ലാം നമ്മളും നമ്മുടെ ധാരയില്‍ പ്രവര്‍ത്തിച്ച മുന്‍തലമുറയുമെല്ലാം ഇവിടെ ഉണ്ടായിരുന്നു. അവരെന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം നമ്മുടെ മുന്നിലുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവര്‍ തര്‍ക്കിക്കുകയായിരുന്നു.. ഇന്ത്യയെ സോഷ്ടലിസ്റ്റ് സമൂഹമാക്കാനോ നീതിപൂര്‍വ്വമായ സമൂഹമാക്കാനോ ജനാധിപത്യസമൂഹമാക്കാനോ പ്രവര്‍ത്തിക്കുന്നതിനപ്പുറം മാര്‍ക്‌സിസ്റ്റുകളാണോ ഗാന്ധിയന്മാരാണോ അംബേദ്കറൈറ്റുകളാണോ ലോഹ്യയിസ്റ്റുകളാണോ ശരി എന്നതൊക്കെയായിരുന്നു തര്‍ക്കവിഷയം. ഈ തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യ മറ്റൊരു രാഷ്ട്രമായി രൂപാന്തരപ്പെടുകയായിരുന്നു. അത്തരം തര്‍ക്കങ്ങളല്ല ഇന്നു പ്രധാനം. എല്ലാവര്‍ക്കും യോജിക്കാവുന്ന പൊതുലക്ഷ്യം പ്രഖ്യാപി്ക്കുക. അവിടെയെത്താന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് നടപ്പാക്കാനാകുക എന്നാലോചിക്കുക, അവ നടപ്പാക്കിയാല്‍ ഉണ്ടാകുന്ന റിസള്‍ട്ടിനെ കുറിച്ചും നമുക്കൊരു സങ്കല്‍പ്പം വേണം.

ദീര്‍ഘകാല പരിപാടിയല്ല ഇന്നത്തെ അടിയന്തരാവശ്യം.. ഈ തെരഞ്ഞെടുപ്പില്‍ പൗരന്മാര്‍ ചെയ്യേണ്ടതായ രാഷ്ട്രീയകടമ എന്തായിരിക്കണം എന്നതാണ് ഇപ്പോഴത്തെ വിഷയം. സേവ് ഇന്ത്യ കാമ്പയിനില്‍ പ്രധാന രണ്ടു കാര്യങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ഇന്ത്യയെ തകര്‍ക്കുന്ന ബിജെപി സര്‍ക്കാരിനെ പുറത്താക്കുക എന്നതാണ് ആദ്യത്തേത്. ബിജെപി എന്നത് തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പേരായി തെറ്റിദ്ധരിക്കരുത്. അങ്ങനെ ധരിച്ചാല്‍ ഇന്ത്യയിലെ പാര്‍ലിമെന്ററി രാഷ്ട്രീയത്തിന്റെ ഏറ്റവും ഗുരുതരമായ തെറ്റായ മനസ്സിലാക്കലാകും. ബിജെപി എന്നത് കേവലമായ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പേരല്ല. പല തരത്തിലിടപെടുന്ന നൂറോളം സംഘടനകള്‍, ജനങ്ങളെ നേരിട്ടാക്രമിക്കുന്നവര്‍, പതിയിരുന്നാക്രമിക്കുന്നവര്‍, യൂണിവേഴ്‌സിറ്റികള്‍ പിടിച്ചടക്കുന്നവര്‍, ശാസ്ത്രലോകം പിടിച്ചെടുക്കുന്നവര്‍, കരിക്കുലം നിര്‍ണ്ണയിക്കുന്നവര്‍, രാഷ്ട്രീയ അടവുകള്‍ പ്രയോഗിക്കുന്നവര്‍, കോടിക്കണക്കിനു രൂപ അനധികൃതമായി സമ്പാദിച്ച് അവയിറക്കി എംഎല്‍എമാരേയും എംപിമാരേയും വിലക്കെടുത്ത് ഗവണ്മന്റിനെ അട്ടിമറിക്കുന്നവര്‍, ദേശീയസമ്പത്ത് കൊള്ളയടിക്കുന്നവര്‍ തുടങ്ങി വളരെ വിപുലമായ ശൃംഖലയുടെ പാര്‍ലിമെന്ററി പ്രാതിനിധ്യത്തിന്റെ പേരാണ് ബിജെപി. അങ്ങനെ മനസ്സിലാക്കുന്നില്ലെങ്കില്‍, കേവലമൊരു പാര്‍ട്ടിയോടുള്ള വിരോധമായിട്ടാണ് കാണുന്നതെങ്കില്‍ നമുക്ക് ഒരുകാലത്തും അവരെ പരാജയപ്പെടുത്താനാവില്ല.

ബിജെപി വിരുദ്ധ കാമ്പയിന്‍ എന്നത് ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തെ തകര്‍ത്ത് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാര്‍ ആലോചനയുടേയും ഭാവനയുടേയും കടക്കല്‍ കത്തിവെക്കുന്ന ഒന്നാകണം. ജനാധിപത്യത്തേയും ജനാധിപത്യമൂല്യങ്ങളേയും മതേതരത്വത്തേയും ഫെഡറലിസത്തേയും സാമൂഹ്യനീതിയേയും സമഭാവനയേയും വീണ്ടെടുക്കുന്ന ഒരു സമൂഹത്തേയും രാഷ്ട്രത്തേയും ഭാവന ചെയ്തുകൊണ്ടു മാത്രമേ ബിജെപി വിരുദ്ധ കാമ്പയിനിനെ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ കഴിയു. വിശദാംശങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടാകാം. എന്നാല്‍ ഇക്കാര്യത്തില്‍ തര്‍ക്കത്തിനു പ്രസക്തിയില്ല. കാരണം ശത്രു അതിവിപുലമായ ശൃംഖലയാണ്. പല രൂപത്തിലാണത് ഇടപെടുന്നത്.. ആ ഇടപെടലിനെ നോര്‍മലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വന്‍രീതിയില്‍ നമ്മുടെ മാധ്യമ മേഖലയില്‍ നടക്കുന്നു. cow vigilant എന്ന പദം തന്നെ നോക്കൂ. അവന്റെ വീട്ടില്‍ പശുവിറച്ചി ഉണ്ട് എന്നു പറഞ്ഞ് ഒരു സംഘം ചെന്ന് വിളിച്ചിറക്കി വെട്ടിക്കൊല്ലുന്ന കുറ്റകൃത്യത്തിലേര്‍പ്പെട്ടവരെ cow vigilant എന്നു വിളിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തോന്നുന്നത് യാദൃച്ഛികമല്ല. ഇതൊക്കെ ഗോ സംരക്ഷണത്തിനായി നടത്തുന്ന ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനമാണെന്ന് പിന്‍വാതിലിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുന്ന കുറ്റകൃത്യത്തിലാണ് അവരേര്‍പ്പെടുന്നത്. അവര്‍ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളും നോര്‍മലൈസ് ചെയ്യുന്നു. അതിനവര്‍ക്ക് ഏജന്‍സികളുണ്ട്. സമൂഹത്തില്‍ അവര്‍ക്കുവേണ്ടി വാദിക്കുന്നവരുണ്ട്.. അവര്‍ ചെയ്യുന്ന ശരിയെ കുറിച്ച് പറയുന്നവരുണ്ട്.. അവര്‍ക്ക് യുക്തികള്‍ നിര്‍മ്മിച്ചു കൊടുക്കുന്ന അക്കാദമികവും അനക്കാദമികവുമായ വലിയൊരു ജ്ഞനമണ്ഡലം ഇന്ത്യയില്‍ തുറന്നിട്ടുണ്ട്..ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാല്‍ ഇല്ലാതാകുന്നതല്ല സംഘപരിവാറിന്റെ രാഷ്ട്രീയവും അവരുടെ സംഘടനാ സംവിധാനവും എന്നതും ഓര്‍ക്കേണ്ടതാണ്.

തെരഞ്ഞെടുപ്പെന്നത് കോണ്‍ക്രീറ്റായ ഒരു സിറ്റുവേഷനാണ്.. രണ്ടുപേര്‍ ഏറ്റുമുട്ടുന്നു. രണ്ടുപേരോടും നമുക്ക് താല്‍പ്പര്യമില്ലായിരിക്കാം.. എങ്കില്‍കൂടി അതിലൊരാളെ തെരഞ്ഞെടുക്കേണ്ടി വരുന്നു എന്നതാണ് നമ്മുടെ വിധി. താരതമ്യേന ഭേദമായ ഒരാളെ, കൂടുതല്‍ അപകടകാരിയല്ലാത്തെ ഒരാളെ. ഇതൊരു പുതിയ കാര്യമല്ല. ഇന്നുവരേയും അതു തന്നെയാണ് സംഭവിച്ചത്. ബഹുജനങ്ങള്‍ക്ക താല്‍പ്പര്യമുള്ള എത്രപേര്‍ തരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നത് സംശയാസ്പദമാണ്. ഇന്നിത് വളരെ ഗുരുതരമായിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് പിഴച്ചാല്‍ നഷ്ടപ്പെടുന്നത് ഇന്ത്യാ മഹാരാജ്യമാണ്. RSS  മേധാവി മോഹന്‍ ഭഗവത് പറയുന്നത് കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കതിരായ അതിക്രമങ്ങളും നടക്കുന്നത് നിങ്ങളുടെ ഇന്ത്യയിലാണ്, ഞങ്ങളുടെ ഭാരതത്തിലല്ല എന്നാണ്. എത്ര വിചിത്രമെന്നു നമുക്ക് തോന്നാം. എന്നാല്‍ ആ യുക്തിക്ക് ജീവനുണ്ട് എന്നു മനസ്സിലാക്കണം. ഒരേ ഭൂപ്രദേശത്തിരുന്ന് രണ്ടു ഇമാജിനേഷനെ സൃഷടിക്കുകയും ഞങ്ങളുടെ ഭാരതം പവിത്ര പുണ്യഭൂമിയാണ് എന്ന സംഘപരിവാര്‍ സിദ്ധാന്തത്തെ മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കുകയും ഇന്ത്യക്കുവേണ്ടി വാദിക്കുന്നവര്‍ മുഴുവന്‍ കുറ്റവാളികളാണെന്നു വാദിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രഖ്യാപനമാണത്. അത്തരം അപകടകരമായൊരു സ്ഥിതിയില്‍ ഈ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ മോദി ഒരുവട്ടം കൂടി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ സംബന്ധിച്ചുണ്ടാകാവുന്ന അതിഭീകരമായ തകര്‍ച്ചയെ മുന്‍നിര്‍ത്തി ഒരു തെരഞ്ഞെടുപ്പു നടത്താന്‍ നാം ബാധ്യസ്ഥരാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇവിടെ നമ്മുടെ മുന്നിലുള്ള ഒരു ഓപ്ഷന്‍, കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഇല്ലാതിരുന്നതാണ്. 2014ലും 2019ലും ഇല്ലാതിരുന്ന ഓപ്ഷനാണത്. there is no other option എന്ന അവസ്ഥയായിരുന്നു അന്ന്. പണ്ട് ലോക ബാങ്ക് കടന്നു വന്ന സമയത്ത് there is no alternative എന്നു കേട്ടിരുന്നപോലെ. 2019ല്‍ വേറെ ഒരു ഓപ്ഷനില്ല ബിജെപി മാത്രം എന്നതായിരുന്നു അവസ്ഥ. മറുവശത്ത് ആരേയും കാണാമായിരുന്നില്ല. അവര്‍ക്ക് വഴക്ക് തീര്‍ന്ന് ഇന്ത്യയെ കുറിച്ചാലോചിക്കാന്‍ പോലും സമയം കിട്ടാത്ത അവസ്ഥയായിരുന്നു.. എന്നാലിന്നതല്ല സ്ഥിതി. അപകടം മനസ്സിലാക്കിയ അവര്‍ മാറിയിരിക്കുന്നു. പതിറ്റാണ്ടുകള്‍ അധികാരം കയ്യാളിയിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അടക്കം അധികാരത്തിന്റെ മണ്ഡലത്തില്‍ നിന്നു പൂര്‍ണ്ണമായും തൂത്തെറിയപ്പെടുന്ന സ്ാധ്യത അവര്‍ കാണുന്നു. ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ കക്ഷികളാകട്ടെ ഒരു ദേശീയ നേതൃത്വത്തിന്റെ അഭാവം അധികാര മത്സരത്തില്‍ അനുഭവിക്കുന്നു. ഇതു തമ്മില്‍ കൂട്ടിയോജിച്ച സന്ദര്‍ഭത്തിലാണ് ഇന്ത്യാ മുന്നണി എന്ന സങ്കല്‍പ്പം പ്രവര്‍ത്തന ക്ഷമമാകുന്നത്.

ഇന്ത്യാ മുന്നണി രൂപപ്പെട്ടത് വലിയ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായികൊണ്ടാണ്. ഇപ്പോഴും പ്രശ്‌നങ്ങള്‍ ബാക്കിയായിട്ടുണ്ടെങ്കിലും വലിയ തര്‍ക്കങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാക്കിയിട്ടുണ്ട്.. കേരളം പോലെയല്ല, നോര്‍ത്തില്‍ ഇന്ത്യാ മുന്നണിക്ക് വലിയ സ്വീകാര്യത കിട്ടിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുടെ ഒരു കിരണം ഇന്ത്യന്‍ ദേശീയ രാഷ്ട്രീയ മണ്ഡലത്തില്‍ ഉദിച്ചിരിക്കുകയാണ്. ഇവരെല്ലാവരും ശരിയയ നിലപാടെടുത്തിട്ടുള്ളവരാണ് എന്നൊന്നും പറയാനാകില്ല. മുന്നണിയിലെ പല പാര്‍ട്ടികളുടേയും പല നയങ്ങളോടും നമുക്ക് വിയോജിപ്പുണ്ടാകും. വിയോജിപ്പുകളും യോജിപ്പുകളും ചര്‍ച്ച ചെയ്ത് പിരിഞ്ഞുപോകുകയല്ല വേണ്ടത്. വളരെ വലിയ വിയോജിപ്പുകളുള്ള കക്ഷികള്‍ ഒന്നു ചേര്‍ന്ന് ബിജെപിയെ തറപറ്റിക്കാന്‍ ഒരു പ്ലാറ്റ് ഫോം രൂപീകരിച്ച സ്ഥിതിക്കും അവരേറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യത്തെ കേന്ദ്രീകരിച്ച കാമ്പയിന്‍ – പൊളിറ്രിക്കല്‍ ഹിന്ദുവിനെ നെുകെ പിളര്‍ക്കുന്ന കാസ്റ്റ് സെന്‍സസ് – ആരംഭിച്ച സ്ഥിതിക്കും അത് പച്ചപിടിച്ചാല്‍ ബിജെപി അധികാരത്തില്‍ നിന്നു പുറത്തുപോകേണ്ടിവരുമെന്നുറപ്പ്.. വോട്ടുചെയ്യുന്ന മനുഷ്യരെ തിരിച്ചുപിടിക്കലാണല്ലോ രാഷ്ട്രീയപ്രവര്‍ത്തനം. കഴിഞ്ഞ തവണ ബിജെപിക്ക് 42 ശതമാനം പിന്നോക്ക വിഭാഗങ്ങളുടെ വോട്ടു ലഭിച്ചു. എന്നാലിന്ന് എന്‍ഡിഎയിലുള്ള പിന്നോക്ക പ്രാതിനിധ്യമുള്ള പല പാര്‍ട്ടികളും ജാതി സെന്‍സസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ അത് വലിയ ചലനങ്ങളുണ്ടാക്കുമെന്നുറപ്പ്.

കഴിഞ്ഞ 10 വര്‍ഷമായി ബിജെപി നടപ്പാക്കിയ നയങ്ങളെ പരിശോധിച്ച് എന്തുകൊണ്ട് ഇനിയുമവര്‍ക്ക് വോട്ടുചെയ്യാന്‍ പാടില്ല എന്നു വ്യക്തമായി പറയാന്‍ കഴിയണം,. മാര്‍ക്‌സ്, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യവാചകമായി യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയുരുക്കുന്നു എന്നെഴുതിയല്ലോ. സമാനമായ അവസ്ഥയാണ് ഇന്ന് ഇന്ത്യയുടേയതും. ഇന്ത്യയെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. നമ്മുടെ ചിന്തകള തന്നെ അത് സ്വാധീനിക്കുന്നു. നമ്മള്‍ അറിയാതെതന്നെ ആര്‍ എസ് എസോ ബിജെപിയോ ആകുന്നു. ഞാന്‍ വലിയ പുരോഗമനവാദിയാണ്, എന്നാല്‍ എന്റെ ബന്ധുക്കളെല്ലാം ബിജെപിയായി മാറുന്ന വിധം നമ്മല്‍ ഒറ്റപ്പെട്ടുപോകുകയാണ്. അവരെ നമുക്ക് കണ്‍വിന്‍സ് ചെയ്യാനാകുന്നില്ല. അവരുടെ ജീവിതത്തിലേക്ക് സാധാരണ രാഷ്ട്രീയം കടന്നുവരുന്ന വഴികളിലൂടെയല്ല സംഘപരിവാര്‍ കടന്നുവരുന്നത്. മറ്റുചില വഴികളിലൂടെയാണ്. നമ്മുടെ സാംസ്‌കാരികബോധത്തെ, രാഷ്ട്രീയ ബോധത്തെ, സൗന്ദര്യദര്‍ശനങ്ങളെ ഒക്കെ സ്വാധീനിച്ചാണത്. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭൂതം സമൂഹത്തെ പിടികൂടിയാല്‍ എന്തൊക്കെ സംഭവിക്കാമോ അതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. ജാതിമൂല്യങ്ങളും വര്‍ണമൂല്യങ്ങളും സ്ത്രീവിരുുദ്ധതയും ചാതുര്‍വര്‍ണ്യവും ബ്രാഹ്മണ മേധാവിത്വവും പാട്രിയാക്കിയുമെല്ലാം അതിന്റെ റോളുകള്‍ നിര്‍വ്വഹിക്കുന്നു. ബ്രാഹ്മണരെ പൂജിച്ചാല്‍ എന്താ കുഴപ്പം എന്നു ചോദിക്കാന്‍ ഒരു മടിയുമില്ലാത്ത പ്രജകള്‍ ജീവിക്കുന്ന ഒരു പ്രദേശമായി ഇന്ത്യ മാറിയിരിക്കുന്നു. അയിത്തത്തെ ആചാരത്തിന്റെ ഭാഗമായി കണ്ടാല്‍ പോരേ എന്നാണ് ചോദിക്കുന്നത്. സ്ത്രീകള്‍ പീഡനത്തിനെതിരെ കേസുകൊടുക്കാന്‍ പോയാന്‍ പോലീസ് സേന ഒന്നടങ്കം മോറലിസ്റ്റുകളായി, വന്ന സ്ത്രീയുടെ ഭാവിയെ കുറിച്ച് അവരുടെ കുടുംബത്തിനുപോലും ഇല്ലാത്ത ഉത്കണ്ഠയാണ് പങ്കുവെക്കുക. എന്തതിക്രമത്തേയും ന്യായീകരിക്കാന്‍ ഇവിടെ ആളുണ്ട്. നിങ്ങളീ പറയുന്ന വേദവും ഇതിഹാസവുമൊക്കെ ഞങ്ങളുടേതു കൂടിയാണെന്നവകാശപ്പെടുന്നവരേയും കാണാനുണ്ട്. അതിലൊരര്‍ത്ഥവുമില്ല. അതവരെ ശക്തിപ്പെടുത്തുകയേ ഉള്ളു.

ഇന്ത്യാമുന്നണിയെ തെരഞ്ഞെടുക്കുക എന്നതു മാത്രമാണ് ഇപ്പോള്‍ ഇന്ത്യയിലെ പൗരന്മാര്‍ക്കു മുന്നിലുള്ള വഴി. അതെങ്ങിനെ നിറവേറ്റണം? മോദി ഒരു അത്ഭുതമനുഷ്യനാണെന്നാണ് പത്തുവര്‍ഷമായി മാധ്യമങ്ങള്‍ നമ്മോട് പറയുന്നത്. തീര്‍ച്ചയായും അല്‍ഭുതമനുഷ്യനാണ്. ഇത്രയും വിവരക്കേട് പറയാന്‍ അത്ഭുത മനുഷ്യര്‍ക്കേ കഴിയൂ. യുദ്ധത്തിനു പോകുന്ന വിമാനങ്ങള്‍ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പോയാല്‍ റഡാറിനു പിടിക്കാനാകില്ല എന്നുപോലും അദ്ദേഹം പറഞ്ഞല്ലോ. സമൂഹത്തെ കുറിച്ച് ഒരു ധാരണയും ഇല്ലാത്തൊരാള്‍. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയായ നിര്‍മ്മലാ സീതാരാമന്റെ ജീവിതപങ്കാളി പോലും പറയുന്നു സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് മോദിക്ക് ഒരു ചുക്കുമറിയില്ലെന്ന്. പറഞ്ഞത് തമിഴ് പട്ടരായതിനാല്‍ അകത്തുപോയില്ല എന്നുമാത്രം. ഗണപതി പ്ലാസ്റ്റിക് സര്‍ജ്ജറിക്കു ിേധേയനായി എന്നു പറഞ്ഞതും മോദിയാണല്ലോ. ഇന്ത്യാ മുന്നണി രൂപപ്പെട്ടതോടെ, മോദിക്കും സംഘപരിവാറിനുമെതിരെ കര്‍ശനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ, ഇത്തരം വാചാടോപങ്ങള്‍ ജനം തള്ളിക്കളയാന്‍ ആരംഭിച്ചിട്ടുണ്ട്. ജനങ്ങളുടെ പൗരബോധം ഉയര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് നല്ലതായിരുന്നോ എന്നാണവര്‍ ചോദിക്കുന്നത്. അതല്ല പ്രശ്‌നം. ഈ അധികാരം കൈവശം വെച്ച് ഇവരെന്തു ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. അതുമായി ബന്ധപ്പെട്ട് ഏതാനും ചോദ്യങ്ങള്‍ മുന്നോട്ടുവെച്ച് ആന്റി ബിജെപി കാമ്പയിന്‍ ആരംഭിക്കുക എന്നതാണ് നമ്മലളപ്പോള്‍ ചെയ്യേണ്ടത്. ഏറ്റവും പ്രധാനം ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെ അടിസ്ഥാനപരമായി അട്ടിമറിക്കുന്ന നിരവധി നിയമനിര്‍മ്മാണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഒരു ഗവണ്മന്‍ാണ് 10 വര്‍ഷമായി ഭരിക്കുന്നത്. ഇന്ത്യയുടെ ഐക്യം നിലനില്‍ക്കുന്നത് നാനാത്വത്തില്‍ ഏകത്വത്തിലാണ് എന്നാണല്ലോ പറയറ്. ഇത് സത്യത്തില്‍ ബ്രഹ്മവാദത്തില്‍ നിന്ന് വ്യത്യസ്ഥമല്ല. പ്രാതിഭാസിക സത്യത്തില്‍ പലതായി തോന്നാം, ആത്യന്തിക സത്യത്തില്‍ നമ്മളെല്ലാം ഒന്നാണ് എന്നു പറയുന്നത് സാംസ്‌കാരികമായ ചില സാദൃശ്യങ്ങളെ മുന്നില്‍ വെച്ചാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഒരു ദേശരാഷ്ട്രമാകുന്നത്, വ്യത്യസ്ഥതകളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാകുന്നത്, എല്ലവരേയും അംഗീകരിക്കുന്ന ഭരണഘടനയും നിയമവ്യവസ്ഥയും ഉള്ളതുകൊണ്ടാണ്. അതിനാല്‍ തന്നെ ഭരണഘടന തിരുത്തുക എന്നത് സംഘപരിവാറിന്റെ ആവശ്യമാണ്.

വളരെ പ്രധാനപ്പെട്ട മേഖലകളില്‍ തന്നെയാണ് അവര്‍ തിരുത്തലുകളുമായി വരുന്നത്. അതിലൊന്നാണ് പൗരത്വ ഭേദഗതി നിയമം. എത്ര ഹീനമായ നിയമമാണത്. നമ്മുടെ അയല്‍ രാജ്യങ്ങളിലെ മുസ്ലിമുകളല്ലാത്ത എല്ലാവരേയും സ്വീകരിക്കാമെന്നും മുസ്ലിമുകളെ സ്വീകരിക്കേണ്ടതില്ലെന്നും നിയമം പാസാക്കിയ ഗവണ്മന്റാണിത്. സ്വന്തം ജനതക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഗവണ്മന്റ്. രോഹിങ്ക്യന്‍ അഭയര്‍ത്ഥികളൊക്കെ കൊടുംഭീകരരാണെന്നാണ് മോദി പറയുന്നത്. പൗരത്വനിയമത്തിനെതിരെ വലിയ സമരങ്ങള്‍ നടന്നു. ഇന്ത്യന്‍ പട്ടാളത്തിനു മുന്നില്‍ നിന്നൊരു സംഘി സമരക്കാരെ വെല്ലുവിളിക്കുന്നതുപോലും നമ്മള്‍ കണ്ടു. ഷാഹിന്‍ബാഗില്‍ നടന്ന സ്ത്രീകളുടെ സമരത്തെ വെല്ലുവിളിച്ച സംഘിയെ കണ്ടത് പോലീസ് സംരക്ഷണത്തോടെയാണ്. സ്‌റ്റേറ്റ് തന്നെ തുണിയുരിഞ്ഞ് സുന്നത്ത് ചെയ്തിട്ടുണ്ടോ എന്നു നോക്കുന്നതുപോലും സര്‍വ്വ സാധാരണമായി. അങ്ങനെ ഒരു ജനതയെ അപമാനിക്കാനും തകര്‍ക്കാനും ശ്രമിച്ചതിന്റെ ഭാഗമായി ആ വിഭാഗം വലിയ ഭയത്തിിലാണ്. മോദിക്കെതിരെ എന്താണ് ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെന്താണ് ചില മതേതരവാദികള്‍ ചോദിക്കുന്നത്. സ്ഥാനാര്‍ത്ഥിയും മരിക്കും, നിര്‍ത്തുന്നവരും മരിക്കും. അത്രതന്നെ. അത്രമേല്‍ ഭയമാണ് എവിടേയും. പൗരസമൂഹം ഈ വിഷയം ഏറ്റെടുത്ത് മുന്നോട്ടുവന്നാല്‍ മാത്രമേ അവര്‍ക്ക് തെരുവിലേക്കുപോലും വരാനാവൂ. ഇന്ന് അവരുടെ അഭയകേന്ദ്രമായിട്ടാണ് ഇന്ത്യാ മുന്നണി മാറിയിരിക്കുന്നത്.

കാശ്മീരിനെ വിഭജിച്ച സമയത്ത് പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ, ഒരാള്‍ക്ക് ഒരു പട്ടാളം എന്ന രീതിയില്‍ വിന്യസിച്ച് നടത്തിയത് കൊടിയ മര്‍ദ്ദനങ്ങളാണ്. ആരോട് ചെദിച്ചാണ് ഇത് ചെയ്തത്? ജനപ്രതിനിധികളോട് ചോദിച്ചോ? ഇന്ത്യന്‍ ഭരണഘടന രൂപം കൊള്ളുന്നതിനു മുമ്പുള്ള കരാരാണ് നിയമവിരുദ്ധമായി അട്ടിമറിച്ചത്. പത്രക്കാരെ കാണാറില്ല പാര്‍ലിമെന്റില്‍ മറുപടി പറയാറില്ല. ആരു ചോദിച്ചാലും മിണ്ടാറില്ല. ജനങ്ങളോടോ പാര്‍ലിമെന്റിനോടോ ഉത്തരവാദിത്തമില്ലാത്ത പ്രധാനമന്ത്രി ജനങ്ങളെ രണ്ടുമൂന്നുമാസം തടവിലിട്ട് ഒരു സംസ്ഥാനത്തെ വിഭജിച്ചു. ഇന്ത്യക്കകത്ത് മുസ്ലിം ഭൂരിപക്ഷമുള്ള ഒരേയൊരു സംസ്ഥാനാമണ് ജമ്മുകാശ്മീര്‍. അവിടെ മാത്രമേ ഒരു മുസ്ലിം ഭരണാധികാരി ഉണ്ടാകൂ. അതിനി വേണ്ട എന്നാണ് മോദി പറയുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ പാര്‍ലിമെന്റ് മന്ദിരമുണ്ടാക്കിയപ്പോള്‍ രാഷ്ട്രപതിയെ വിളിച്ചില്ല. അവര്‍ ആദിവാസിയായതിനാലാണെന്നാണല്ലോ പറയപ്പെടുന്നത്. ലാഭമുണ്ടെങ്കില്‍ ആദിവാസിയായാലും വിളിക്കും. പക്ഷെ അവരൊരു വിധവയാണ്. വിധവയെ സല്‍ക്കര്‍മ്മങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നത് സനാതന ധര്‍മ്മണാണ്. അതിനാലാണ് രാഷ്ട്രപതിയെ വിളിക്കാതിരുന്നത്. വട്ടത്തിലുള്ള പഴയ പാര്‍ലിമെന്റ് മന്ദിരം വേണ്ടെന്നു വെച്ചതോ? കമ്മീഷന്‍ അടിച്ച് മാറ്റാനാണത് ചെയ്തത് എന്നൊക്കെ പറയുന്നതല്ല ശരി. ഹിന്ദുശാസ്ത്രത്തിനകത്ത് കെട്ടിടം വട്ടത്തില്‍ വെക്കാന്‍ പാടില്ല. അത് ചതുര്‍ഭുജമോ പഞ്ചഭുജമോ ആകണം. അതാണ് കാരണം. വളരെ കൃത്യമായി ഇന്ത്യയുടെ ബ്രാഹ്മണിക് പാരമ്പര്യവുമായി കെട്ടുപിണഞ്ഞ കാര്യങ്ങളാണ് നടക്കുന്നത്.

മൂന്നാമത് കാര്‍ഷിക നിയമങ്ങള്‍. ഒരു വര്‍ഷകാലമാണ് അതിനെതിരെ പോരാട്ടം നടന്നത്. സിക്കുകാരായതിനാല്‍ മാത്രമാണത് ംസഭവിച്ചത്. അവര്‍ പോരാളികളാണ്. അവരുടെ മുന്നില്‍ മാത്രമാണ് മോദി പരാജയപ്പെട്ട് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ആ കരാര്‍ നടപ്പായില്ല എന്നത് വേറെ കാര്യം. കര്‍ഷകരെ മോദി വഞ്ചിക്കുകയായിരുന്നു. സവര്‍ണ്ണ സംവരണത്തിലേക്കുവരാം. . EWS. ഇന്ത്യയിലെ മുഴുവന്‍പേരും സവര്‍ണ്ണ സംവരണത്തിനാി വാദിച്ചതു നാം കണ്ടു. 1932 മുതല്‍ ഇന്ത്യയില്‍ നടന്ന സംവരണവിരുദ്ധമായ വലിയ പ്രചാരണത്തിന്റെ തുടര്‍ച്ചയാണത്. സംവരണമെന്നത് പാവപ്പെട്ടവര്‍ നടത്തിയ സമരങ്ങളുടെ ഭാഗമായി ഉണ്ടായ ഭരണഘടനാ വ്യവസ്ഥയല്ല. മറിച്ച് ബഹിഷ്‌കൃതര്‍ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമാണത്. മുസ്ലിമുകളാണ് ആദ്യം സംവരണം ആവശ്യപ്പെട്ടത്. ദളിതര്‍, ആദിവാസികള്‍, പിന്നോക്കക്കാര്‍ തുടങ്ങിയവര്‍ നടത്തിയ പ്രാതിനിധ്യത്തിനായുള്ള പ്രക്ഷോഭങ്ങളാണ് സംവരണം നടപ്പാക്കാന്‍ കാരണമായത്. അതിനെ പിന്നീട് പാവപ്പെട്ടവരുടെ സംഭവമാക്കി മാറ്റുകയായിരുന്നു. ഭരണഘടനയെ വളച്ചൊടിച്ചാണത് ചെയ്തത്. ഭരണഘടനയുടെ 43-ാം വകുപ്പില്‍ ഇന്ത്യയിലെ മുഴുവന്‍ പൗരന്മാരുടേയും സമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കായി പരിശ്രമിക്കേണ്ടതാണ് എന്നു പറയുന്നു. മോദി കണ്ടെത്തിയത് 16-ാം വകുപ്പ് അതിനെതിരാണെന്നാണ്. ഏതെങ്കിലും വിഭാഗം സാമൂഹ്യമായോ വിദ്യാഭ്യാസപരമായോ പിന്നിലാണെന്നു ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് സംവരണം നല്‍കണമെന്നാണ് അതില്‍ പറയുന്നത്. സാമ്പത്തിക മാനദണ്ഡമില്ല. 43-ാം വകുപ്പിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് EWS നടപ്പാക്കിയത്. സംവരണത്തിന്റെ യുക്തിയെ തന്നെ ചോദ്യം ചെയ്ത ഭരണഘടനാ ബേദഗതി. പക്ഷെ ബിഎസ്പിയടക്കം എല്ലാവരും പിന്തുണച്ചു. ബിജെപി വരുദ്ധ സംഗതിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല കാര്യങ്ങള്‍ എന്നര്‍ത്ഥം.

വിദ്യാഭ്യാസനയത്തിലേക്കു വന്നാലോ? ശാസ്ത്രബോധ്യമുള്ള ഒരു സമൂഹത്തിന് അംഗീകരിക്കാവുന്ന ഒന്നല്ല പുതിയ വിദ്യാഭ്യാാസനയം മുന്നോട്ടുവെക്കുന്ന ജ്ഞാനപദ്ധതി. വടക്കെ ഇന്ത്യയില്‍ സാമ്പാറിനു പകരം ചാണകം കലക്കി വിളമ്പുന്നുണ്ടത്രെ. വിശ്വാസമാണല്ലോ പ്രധാനം. അപ്പോള്‍ അതും നടക്കും. ഒരു ചിന്താശേഷിയുമില്ലാത്ത പ്രജകളെ സൃഷ്ടിക്കുന്ന പദ്ധതിയാണ് പുതിയ വിദ്യാഭ്യാസ നയം. അപ്പര്‍ ക്ലാസ് കാസ്റ്റിനുമാത്രം എത്താവുന്ന ഒന്നായി വിദ്യാഭ്യാസം മാറാന്‍ പോകുന്നു. എന്തൊക്കെ പറഞ്ഞാലും ഒരുപരിധിവരെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള അവസരം ഇവിടെ ഉണ്ടായിരുന്നു. അതില്ലാതാകുന്നു. വലിയൊരു വിഭാഗം മിച്ചം തൊഴില്‍ സേനയായി പുറന്തള്ളപ്പെടും. ചെറിയൊരു വിഭാഗം മാത്ര സോഫ്‌സിക്കേറ്റഡ് മാര്‍ക്കറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നു. 10 വര്‍ഷത്തിനിടയില്‍ 174000 വിദ്യാര്‍ത്ഥികള്‍ ഉന്നതമേഖലയില്‍ ആത്മഹത്യ ചെയ്തതായി ക്രൈം ബ്യൂറോ കണക്കുകള്‍ തന്നെ പറയുന്നുണ്ട്. പുതിയ വിദ്യാഭ്യാസനയത്തില്‍ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരെ കുറിച്ച് മിണ്ടുന്നതേയില്ല. വിദേശസര്‍വ്വകലാശാലകള്‍ വ്യാപകമാകാന്‍ പോകുന്നു. അവിടെ എന്ചു നടക്കണമെന്നെല്ലാം അവര്‍ തീരുമാനിക്കും. പിന്നെ മോദിയുടെ ജോലി എന്താണ്? വിദ്യാഭ്യാസത്തിന്റെ എല്ലാ ഗുണങ്ങളും നശിപ്പിക്കുന്ന ഒന്നാണ് പുതിയ നയം.

വനസംരക്ഷണനിയമം ഉള്ളതിനാലാണ് രാജ്യത്ത് കാട് കുറച്ചെങ്കിലും ബാക്കിയുള്ളത്. അതുകൂടി നഷ്ടപ്പെടുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്. കാടിന്റെ മുകളില്‍ ആദിവാസികള്‍ക്കുള്ള അവകാശങ്ങള്‍ ഇല്ലാതാക്കി കോര്‍പ്പറേറ്റുകള്‍ക്ക് കയറിയിറങ്ങാവുന്ന ഇടമാക്കി മാറ്റും. തീരദേശത്ത ബ്ലൂ എക്കോണി.യെ കുറിച്ചും അറിയാമല്ലോ. പഴയതുപോലുള്ള സ്വകാര്യവല്‍ക്കരണമല്ല നടക്കുന്നത്. രാജ്യത്തിന്റെ ദേശീയസമ്പത്ത് വന്‍കിടക്കാര്‍ക്ക് തീറെഴുതികൊടുക്കുന്ന വലിയൊരു പദ്ധതിയാണത്. അദാനി തന്നെ മുന്നില്‍. എണ്ണകളുടെ വില അവര്‍ നിശ്ചയിക്കും. ലോകത്ത് പെട്രോളിന്റെ വില ഏറ്റവും കുറഞ്ഞാലും ഇവിടെ വില കൂടും. റവന്യൂ ഉണ്ടാക്കാനാണത്രെ. അതെകുറിച്ചുള്ള ചോദ്യത്തിന് മലയാളിയായ കേന്ദ്രമന്ത്രി പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ. ഇത്തരക്കാരാണ് നമ്മെ ഭരിക്കുന്നത്. സ്ത്രീസംവരണനിയമമൊക്കെ പാസായി. എന്നാല്‍ എന്നാണത് നടപ്പാകുക? മാത്രമല്ല എല്ലാ വിഭാഗത്തിലെ സ്ത്രീകള്‍ക്കും പ്രാതിനിധ്യം ലഭിക്കുമോ? ഭരണഘടന എന്താണാവോ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്നത് അതെല്ലാം ഇല്ലാതാകുന്നു എന്നര്‍ത്ഥം. മുസ്ലിമുകള്‍ ഏറെ അരക്ഷിതരാണ്. ജുഡീഷ്യറിയില്‍ എന്തൊക്കെയാണ് നടക്കുന്നത്. നിയമവാഴ്ച എന്നൊരു കാര്യം അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറിക്കുന്ന ഭരണാഘടനാ ഭേദഗതികള്‍ വരുന്നു.

ഫാസിസത്തിനു വളക്കൂറുള്ള മണ്ണായി രാജ്യം മാറിയിരിക്കുന്നു എന്നു സാരം. ആസൂത്രിത കലാപങ്ങള്‍ വ്യാപകമാകുന്നു. അവ ദലിത് വിരുദ്ധമോ മുസ്ലിം വിരുദ്ധമോ കൃസ്ത്യന്‍ വിരുദ്ധമോ ആദിവാസി വിരുദ്ധമോ ആകാം. വ്യത്യസ്ഥ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ അകത്താകും. മിനിമം രാജ്യദ്രഹകുറ്റം ലഭിക്കും. 14 കൊല്ലം കഴിഞ്ഞാല്‍ നിരപരാധിയായി പുറത്തുവരാം. മറ്റൊന്ന് സാമ്പത്തിക മേഖലയിലെ അട്ടിമറികളാണ്. അതും പ്രധാനമാണ്. വര്‍ഗ്ഗീയം, ഹിന്ദുത്വം എന്നിവ മാത്രം പറഞ്ഞ് ബിജെപിയെ നേരിട്ടാല്‍ പോര. സാമ്പത്തിക മേഖലയിലെ മാറ്റങ്ങള്‍ മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്നത് പ്രധാനമാണ്. വിദേശശക്തികള്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണത്രെ. ലോകത്തുതന്നെ ഏറ്റവും ദരിദ്രരായ ജനതയാണ് നാം. 25 കോടി മനുഷ്യര്‍ പരമദരിദ്രരാണ്. എന്നിട്ടോ? കോര്‍പ്പറേറ്റുകള്‍ക്ക് 30 ശതമാനം ടാക്‌സ് ഉണ്ടായിരുന്നത് 22 ആക്കി. ടാക്‌സില്‍ 64 ശതമാനവും 70 ശതമാനത്തോളം വരുന്ന സാധാരണക്കാരുടെ തലയിലാണ്. എന്നാല്‍ ബാക്കി 30 ശതമാനമാണ് സമ്പത്തിന്റെ സമ്പത്തിന്റെ 90 ശതമാനം കയ്യടക്കിയിരിക്കുന്നത്. അവര്‍ ടാക്‌സിന്റെ 36 ശതമാനം മാത്രം അടച്ചാല്‍ മതി. സുസ്ഥിരമായ ജോലിയോ വരുമാനമോ ഇല്ലാതെ സാമൂഹ്യമായി പുറന്തള്ളപ്പെട്ടവരുടെ ജീവിതം ദുസഹമായിരിക്കുന്നു. സ്‌റേറ്റിനെ ഉപയോഗിച്ച് നിയമനിര്‍മ്മാണം നടത്തി അവരെ നിശബ്ദരാക്കുന്നു. ഫെഡറല്‍ മൂല്യളേയും ജനാധിമൂല്യങ്ങളെയും മാനിക്കുന്നില്ല. ഭരണഘടനാവാഴ്ചക്ക് വില കൊടുക്കുന്നില്ല.

ഈ അവസ്ഥ തുടര്‍ന്നാല്‍ ഇന്ത്യയെന്ന മതേതര ജനാധിരപത്യ ഫെഡറല്‍ രാഷ്ട്രം നിലനില്‍ക്കില്ല. അതിനാല്‍ ഇവര്‍ക്കെതിരെയായിരിക്കണം ജനവിധി. ആ ലക്ഷ്യത്തോടെയുള്ള കര്‍മ്മപദ്ധതി തയ്യാറാക്കി ഇടപെടണം. ബിജെപിക്ക് ആരും വോട്ടുചെയ്യില്ല എന്നുറപ്പു വരുത്തുന്ന രീതിയില്‍ ഇടപെടാന്‍ കഴിയണം. കേരളത്തില്‍ ഇപ്പോള്‍ അവര്‍ക്ക് സീറ്റു ലഭിക്കാനുള്ള സാധ്യത ഇല്ലെങ്കിലും അതെല്ലാം മാറാന്‍ വലിയ ബുദ്ധിമുട്ടില്ല. സംഘി സ്‌റ്റേറ്റായി കേരളവും മാറികൊണ്ടിരിക്കുകയാണ്. അതിനെതിരെ ഒറ്റകെട്ടായി ബിജെപിയെ പരാജയപ്പെടുത്തുക എന്ന സിംങ്കില്‍ പോയന്റില്‍ യോജിച്ച പ്രവര്‍ത്തനം നടത്താനാവണം. അതാണ് ജനാധിപത്യ ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply