മലബാര്‍ കലാപത്തെ സംഘ്പരിവാര്‍ ഭയപ്പെടുന്നതെന്തുകൊണ്ട്?

ചില സവര്‍ണ്ണ ഹിന്ദു ജന്‍മിമാരെപ്പോലെ കൊണ്ടോട്ടി തങ്ങള്‍, മണ്ടാടിയില്‍ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ തുടങ്ങി സമരത്തിന് എതിര് നിന്ന മുസ്ലിം പ്രമാണിമാരുണ്ടായിരുന്നു.സമരത്തോട് എതിര്‍പ്പുള്ള കോവിലകങ്ങളും ജന്‍മി തറവാടുകളും അക്രമിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. സമാനമായി സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച തറവാടുകളെ സംരക്ഷിച്ചിട്ടുമുണ്ട്. തൂക്കിലേറ്റിയതും വാരിയം കുന്നന്റെ സമര ചരിത്രത്തിലുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍, സാമ്രാജ്യത്വത്തോടൊപ്പം നില്‍ക്കുന്ന സവര്‍ണ്ണ ജന്‍മിമാര്‍ക്കെതിരെ സമരക്കാര്‍ ആയുധമുപയോഗിച്ച് പോരാടിയിട്ടുണ്ട്. ആക്രമിക്കാനും സംരക്ഷിക്കപ്പെടാനുമുള്ള മാനദണ്ഡം ജാതീയതയോ മതവിശ്വാസമോ ആയിരുന്നില്ല സാമ്രാജ്യത്വ വരുദ്ധതയും സാമ്രാജ്യത്വ അനുഭാവവുമായിരുന്നു

മലബാര്‍ പ്രക്ഷോഭം വീണ്ടും വാര്‍ത്തകളിലെത്തുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രക്ഷോഭ ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ 1921 ലെ മലബാര്‍ പ്രക്ഷോഭം അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കപ്പെടേണ്ട സന്ദര്‍ഭത്തില്‍ അനുസ്മരിക്കപ്പെടുക സ്വാഭാവികമാണ്. പക്ഷേ അത്തരത്തിലല്ല പെട്ടെന്ന് മീഡിയകളില്‍ വന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) തയാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസ്ലിയാര്‍ ഉള്‍പ്പെടെയുള്ള 387 രക്തസാക്ഷികളെ പട്ടികയില്‍ നിന്ന് പുറത്താക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുകയും ചരിത്രം മായ്ച്ച കളഞ്ഞ് സ്വന്തം വംശീയ വ്യാഖ്യാനങ്ങളെ കുത്തി നിറക്കാമെന്ന് കരുതുന്ന സംഘ്പരിവാര്‍ നിയന്ത്രിത ഭരണകൂടത്തില്‍ നിന്ന് ഇത്തരമൊരു നീക്കം നടക്കുന്നതില്‍ അത്ഭുതമില്ല. തീര്‍ച്ചയായും സംഘ്പരിവാറുയര്‍ത്തുന്ന വംശിയ സവര്‍ണ്ണ ദേശീയതയുടെ എതിര്‍ പക്ഷത്താണ് മലബാര്‍ പ്രക്ഷോഭവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും.

മലബാര്‍ സമരത്തെക്കുറിച്ചുള്ള വസ്തുതകള്‍ ഒട്ടുമിക്കതും ലഭ്യമാണിപ്പോള്‍. എങ്കിലും അത് സമ്പൂര്‍ണ്ണാണെന്ന് പറഞ്ഞുകൂട. ‘മാപ്പിള പഠനങ്ങള്‍’ എന്ന പുസ്തകത്തില്‍ ഡോ. എം. ഗംഗാധരന്‍ ചൂണ്ടിക്കാട്ടുന്നത് ‘കേരള ചരിത്രത്തില്‍ ഏറ്റവുമധികം ഗവേഷണപഠനങ്ങള്‍ നടന്നിട്ടുള്ളത് 1921-ലെ കലാപം അടക്കമുള്ള മലബാറിലെ മാപ്പിള കലാപങ്ങളെക്കുറിച്ചാണ്” എന്നാണ്. ഈ അടുത്ത ദിവസങ്ങളിലാണ് പത്രപ്രവര്‍ത്തകനായ സമീല്‍ ഇല്ലിക്കല്‍ തന്റെ ഗവേഷണങ്ങളുടെ വിവരങ്ങളായി പൂക്കോട്ടൂര്‍ യുദ്ധത്തില്‍ മരിച്ച ബ്രിട്ടീഷ് പട്ടാളക്കാരുടെ എണ്ണം 90 ആണ് എന്നത് സംബന്ധിച്ച് ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത വിവരം വസ്തുതകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്. സമീല്‍ തന്നെ പോത്തുവെട്ടിപ്പാറ യുദ്ധത്തെ സംബന്ധിച്ച വാമൊഴി സ്മരണകളും പ്രസിദ്ധപ്പെടുത്തിയിരുന്നു. കേരള ചരിത്രത്തില്‍ ഏറ്റവും ഗവേഷണ പഠനങ്ങള്‍ നടന്നു എന്നിരിക്കിലും ഇനിയും പല വിവരങ്ങളും പുറത്തുവരാനുണ്ട് എന്നതിലേക്കാണ് ഇത് സൂചന നല്‍കുന്നത്.

പുറത്തു വന്ന വ്യവ്ഥാപിതമായും അല്ലാത്തതുമായ ചരിത്ര വിവരങ്ങളില്‍ ഭിന്ന പാഠങ്ങളായാണ് ഈ സമരം വിലയിരുത്തപ്പെട്ടിട്ടുള്ളത്.. കാര്‍ഷിക കലാപമായും ജന്മിത്വത്തിനെതിരെയുള്ള പോരാട്ടമായും ദേശീയ സമരങ്ങളുടെ ഭാഗമാണ് എന്ന നിലയിലും വര്‍ഗീയ കലാപമായും ഒക്കെ ഈ സമരത്തെ വ്യാഖ്യാനിച്ചവരുണ്ട്.. ചരിത്രം ഏകശിലാ വ്യാഖ്യാനമല്ലാത്തതിനാല്‍ വസ്തുതാപരമായതും അല്ലാത്തതുമായ പല രൂപങ്ങളും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തെ വളച്ചൊടിച്ച ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ദേശീയ പ്രസ്ഥാനവും ഏകശിലാരൂപത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്. ഗാന്ധിയുടെ അഹിംസാത്മക സത്യഗ്രഹ സമരം അതിലൊന്നുമാത്രമാണ്. ഭഗത് സിങ്ങിന്റെ ധാര മറ്റൊന്നാണ്. ഖിലാഫത്ത് പ്രസ്ഥാനം വേറൊന്നാണ്. സുഭാഷ് ചന്ദ്രബോസും ഐ.എന്‍.എ യും പ്രതിനിധാനം ചെയ്യുന്നത് മറ്റൊരു ധാരയാണ്. ഇതിലെല്ലാം വ്യതിചലനങ്ങളുമുണ്ടായിട്ടുണ്ട്. ടിപ്പു സുല്‍ത്താനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്തോട് നേര്‍ക്ക് നേരെ യുദ്ധം ചെയ്തു എന്നതും ചുരുങ്ങിയ ദിവസങ്ങളിലേക്കെങ്കിലും സ്വതന്ത്ര രാജ്യം പരിമിതമായ ഭൂപ്രദേശത്താണെങ്കിലും സ്ഥാപിച്ചു എന്നതും മലബാര്‍ സമരത്തിന്റെ പ്രത്യേകതയാണ്.

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും അടങ്ങുന്ന മലബാര്‍ സമരത്തിന്റെ നേതൃനിരയെ കൊള്ളക്കാരും വര്‍ഗീയ വാദികളുമായി ചിത്രികരിക്കുയാണ് ഇന്ന്.കൊള്ളക്കാരും കലാപകാരികളും കൊലയീളികളുമായി വാരിയം കുന്നനെയും ആലിമുസ്ലിയാരെയും ബ്രിട്ടീഷുകാരും അവരുടെ പാദസേവകരും ചൂഷകവര്‍ഗവുമായ ജന്‍മിമാരും ആയിരുന്നു ചിത്രീകരിച്ചത്. പില്‍ക്കാലത്ത് സ്വാതന്ത്ര്യ പോരാട്ടങ്ങളായി വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയിലെ എല്ലാ ബഹുജന പ്രക്ഷോഭങ്ങളെയും ബ്രിട്ടീഷുകാരും ചൂഷക ജന്‍മിമാരും ഇത്തരത്തില്‍ തന്നെയാണ് വിശേഷിപ്പിക്കുന്നത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അവര്‍ക്ക് ശിപായി ലഹളയായിരുന്നല്ലോ. ഭഗത്സിംഗു സുഭാഷ് ചന്ദ്രബോസും ചന്ദ്രശേഖര ആസാദും ഗാന്ധിയും നെഹ്‌റുവുമെല്ലാം ബ്രിട്ടീഷുകാര്‍ക്ക് കലാപകാരികളും കുഴപ്പക്കാരുമായിരുന്നല്ലോ. സമാനമായി തന്നെയാണ് വാരിയം കുന്നനെയും ആലി മുസ്ലിയാരെയും അത്തരത്തില്‍ വിശേഷിപ്പിക്കപ്പെട്ടത്.

തീര്‍ച്ചയായും ആലിമുസ്ലിയാരെയും വാരിയം കുന്നനെയും മതവിശ്വാസത്തിന്റെ ആശയങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വകഭേദം തന്നെയായാണ് ആലമുസ്ലിയാരുടെ പോരാട്ടം. 1894 ല്‍ ജ്യേഷ്ഠന്‍ ബ്രിട്ടീഷുകാരാല്‍ വധിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞാണ് അതുവരെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന കവരത്തി ഉപേക്ഷിച്ച് ജന്‍മനാടായ ഏറനാട്ടിലേക്ക് ആലിമുസ്ലിയാര്‍ വരുന്നത് തന്നെ തിരൂരങ്ങാടിയില്‍. മതാദ്ധ്യാപകന്‍ എന്നനിലയിലുള്ള പ്രവര്‍ത്തനത്തോടൊപ്പം തന്നെ എം.പി. നാരായണ മേനോന്‍, കട്ടിലശ്ശേരി മുസ്ലിയാര്‍ എന്നിവരുമായി സൗഹൃദം സ്ഥാപിച്ച് കോണ്‍ഗ്രസിലേക്കും പിന്നീട് നിസ്സഹകരണ പ്രസ്ഥാനത്തിലേക്കും അദ്ദേഹം കടന്നു വരുന്നുണ്ട്. ഗാന്ധിജിയും ഷൗക്കത്തലിയും പങ്കെടുത്ത കോണഗ്രസിന്റെ കോഴിക്കോട് സമ്മേളനത്തില്‍ ചെമ്പ്രശ്ശേരി തങ്ങള്‍, വാരിയന്‍ കുന്നത്ത് എന്നിവരോടൊപ്പം പ്രതേക ക്ഷണിതാവായി സംബന്ധിച്ച ശേഷമാണ് അദ്ദഹം ഖിലാഫത്ത് സമരത്തിന്റെ ഏറനാട്ടിലെ നേതൃത്വം ഏറ്റെടുത്തത്.അദ്ദേഹത്തെ മത-ആത്മീയതയില്‍ പിന്തുടരുന്ന നിരവധിപേരാണ് പിന്നീട് സമരരംഗത്തേക്ക് വന്നത്.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാകട്ടെ പതിറ്റാണ്ടുകളായി ബ്രീട്ടീഷ് സര്‍ക്കാരിനെതിരെ സമരം നയിച്ച തുടുംബ പാരമ്പര്യത്തില്‍ നിന്നാണ് വരുന്നത്. അദ്ദേഹം ജനിച്ച ചക്കിപറമ്പന്‍ കുടംബത്തിന്റെ സ്വത്ത് വകകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. അതുകാരണമാണ് വാരിയം കുന്നത്ത് തൊടിയിലേക്ക് അദ്ദേഹത്തിന് താമസം മാറേണ്ടി വന്നതു തന്നെ. രണ്ടു തവണ നാടുവിടേണ്ടി വന്ന അദ്ദഹം 1915 ല്‍ മടങ്ങിയെത്തിയ ശേഷമാണ് ബ്രിട്ടീഷുകാരെ മലബാറില്‍ നിന്ന് കെട്ടുകെട്ടിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ തുടങ്ങിയത്.

ആലിമുസ്ലിയാരെ അറസ്റ്റ് ചെയ്യാനുള്ള പട്ടാളത്തിന്റെ നീക്കമാണ് സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്ന പ്രക്ഷോഭത്തിലേക്ക് പെട്ടെന്നെത്തിയത്. അദ്ദേഹം 1921 ആഗസ്റ്റ് 21 ന് സ്ഥാപിച്ച രാജ്യത്തിന് മലയാള രാജ്യം എന്നാണ് പേര് നല്‍കിയത്. വ്യവസ്ഥാപിതമായ രീതിയില്‍ ഭരണം കെട്ടിപ്പടുക്കാന്‍ ഹാജിക്ക് കഴിഞ്ഞിരുന്നു. സമാന്തര സര്‍ക്കാര്‍, കോടതികള്‍, നികുതി കേന്ദ്രങ്ങള്‍, ഭക്ഷ്യ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍, സൈന്യം, നിയമ പോലീസ്, എന്നിവ സ്ഥാപിച്ചു. രാഷ്ട്രത്തിലുള്ളവര്‍ക്കു പാസ്‌പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തി. മൂഴികുളത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ഈ പോരാട്ടത്തില്‍ വാരിയം കുന്ന് കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെയുണ്ടായിരുന്നു.വാര്യന്‍കുന്നന്റെ സേനയില്‍ നാലിലൊന്ന് ദളിതരും മറ്റുവിഭാഗക്കാരുമായിരുന്നു. സൈന്യത്തെയും, ആയുധങ്ങളെയും ഒരുക്കുവാനുള്ള സമ്പത്ത് സംഭാവന ചെയ്തത് വെട്ടിക്കാട്ട് ഭട്ടതിരിയും, പാണ്ടിയാട്ട് നാരായണന്‍ നമ്പീശനുമായിരുന്നു.

ചില സവര്‍ണ്ണ ഹിന്ദു ജന്‍മിമാരെപ്പോലെ കൊണ്ടോട്ടി തങ്ങള്‍, മണ്ടാടിയില്‍ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ തുടങ്ങി സമരത്തിന് എതിര് നിന്ന മുസ്ലിം പ്രമാണിമാരുണ്ടായിരുന്നു.സമരത്തോട് എതിര്‍പ്പുള്ള കോവിലകങ്ങളും ജന്‍മി തറവാടുകളും അക്രമിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. സമാനമായി സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച തറവാടുകളെ സംരക്ഷിച്ചിട്ടുമുണ്ട്. ആക്രമിക്കാനും സംരക്ഷിക്കപ്പെടാനുമുള്ള മാനദണ്ഡം ജാതീയതയോ മതവിശ്വാസമോ ആയിരുന്നില്ല സാമ്രാജ്യത്വ വരുദ്ധതയും സാമ്രാജ്യത്വ അനുഭാവവുമായിരുന്നു

ഹിന്ദുക്കളോട് വിവേചനം പാടില്ല എന്നത് മലയാള രാജ്യത്തിന്റെ പ്രഖ്യാപനമായിരുന്നു. പൊതു ജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളും കടകളും കൊള്ളനടത്തുകയൊ ചെയ്യുന്നവരെ വിചാരണ ചെയ്ത് തക്കതായ ശിക്ഷ നല്‍കിയിരുന്നു. കൃത്യമായ ന്യായാന്യായങ്ങള്‍ പുറപ്പെടുവിച്ചുമിരുന്നു. നിര്‍ബന്ധിത മതംമാറ്റം നടത്തിയ സ്വന്തം അനുയായികളായ നാലുപേരെ തൂക്കിലേറ്റിയതും വാരിയം കുന്നന്റെ സമര ചരിത്രത്തിലുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍, സാമ്രാജ്യത്വത്തോടൊപ്പം നില്‍ക്കുന്ന സവര്‍ണ്ണ ജന്‍മിമാര്‍ക്കെതിരെ സമരക്കാര്‍ ആയുധമുപയോഗിച്ച് പോരാടിയിട്ടുണ്ട്. അതൊക്കെ ബ്രിട്ടീഷ് രാജിനെതിരായ പോരാട്ടങ്ങളാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമ്രാജ്യത്വ വിരുദ്ധതയേയും ബഹുസ്വര ദേശീയതയെയും ഭയപ്പെടുന്ന സംഘ്പരിവാര്‍ മലബാര്‍ സമരത്തെ വര്‍ഗീയമായി ചിത്രീകിരക്കുന്നത് സ്വാഭാവികം മാത്രമാണ്. ചരിത്രത്തെ തമസ്‌കരിച്ചും ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ കുളിച്ചുമൂടിയും മാത്രമേ തങ്ങളുടെ ഇരുണ്ട ചരിത്രം മറച്ച് പിടിക്കാനാവൂ. മലബാര്‍ കലാപത്തെ വര്‍ഗീയ കലാപമായും മതംമാറ്റാനുള്ള ലഹളയായും ചിത്രീകരിക്കുന്നവര്‍ ബ്രീട്ടീഷ് രാജിന്റെ അടിമകളായ അന്നത്തെ സവര്‍ണ്ണ ജന്‍മിമാരുടെ വക്താക്കളാണ്. കര്‍ഷകതൊഴിലാളികളും ദലിതുകളും സാമാന്യ ജനവും പിന്തുണച്ച സമരപോരാട്ടത്തെ വികൃതമാക്കി പൈശാചിക വത്കരിക്കുക എന്നത് മാത്രമാണ് ചരിത്ര ഗവേഷണ കൌണസില്‍ ചെയ്യുന്നത്.

സാമ്രാജ്യത്വവിരുദ്ധത, ജന്മിത്ത വിരുദ്ധത, സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചുമുള്ള മതാധിഷ്ഠിതമായ പ്രത്യയശാസ്ത്ര ബോധം, ദേശീയ സ്വാതന്ത്ര്യ വീക്ഷണം തുടങ്ങി സാമ്രാജ്യത്വവിരുദ്ധമായ ഒരു ബഹുജന പ്രക്ഷോഭത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉള്ളടങ്ങിയ അതിശക്തമായ ഒരധിനിവേശ വിരുദ്ധ പോരാട്ടമായിരുന്നു മലബാര്‍ സമരം. അധിനിവേശത്തിന്റെ ചരിത്രം തുടങ്ങുന്ന വാസ്‌കോഡഗാമയുടെ കാപ്പാട് പ്രവേശം നടന്ന 1498 മെയ് 20 മുതല്‍ തന്നെ അതിനെതിരായ ചെറുത്തു നില്‍പും അധിനിവേശക്കാരുടെ ദാസ്യപ്പണി ചെയ്യുന്നവരുടെ ചരിത്രവും ആരംഭിച്ചിരുന്നു. ആ ചരിത്ര പരമ്പരയുടെ ഉജ്വലമായ ഏടാണ് മലബാര്‍ കലാപം. അതിനെ വര്‍ഗീയ വത്കരിക്കാനും തെറ്റായി പ്രചരിപ്പിക്കാനും ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെയും ജന്‍മിത്വത്തിനും ജാതീയതയ്ക്കുമെതിരായ പോരാട്ടത്തിനും എതിര് നില്‍ക്കുന്നവരാണ്.

നൂറ്റാണ്ട് പിന്നിട്ടിട്ടും സംഘ്പരിവാറിനെ ഈ കലാപം അസ്വസ്ഥപ്പെടുത്തുന്നുണ്ട്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം പറയാനില്ലാത്ത മാപ്പെഴുതിയ ചരിത്രം മാത്രമുള്ള വംശവെറിയും പ്രകൃത സവര്‍ണ്ണ ബോധവും .മാത്രം കൈമുതലായ ഒരു കൂട്ടര്‍ മലബാര്‍ സമരത്തെ മാത്രമല്ല ജന്മിത്വ വിരുദ്ധ സമരങ്ങളെയും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെയുമെല്ലാം ഭയക്കും. ഗാന്ധിയുടെ ഇടനെഞ്ചിലേക്ക് വെടിയുതിര്‍ത്തത് ആ ഭയമുള്ളതിനാലാണ്. മലബാര്‍ കലാപത്തെ പൈശാചികവത്കരിക്കാന്‍ ശ്രമിക്കുന്നതും ആ ഭയത്തില്‍ തന്നെയാണ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply