എന്തുകൊണ്ട് ജനകീയ രാഷ്ട്രീയ മുന്നണി? – ഡോ ആസാദ്‌

ജനകീയ രാഷ്ട്രീയം അതിജീവനത്തിന്റെ പിടച്ചിലുകളാണ്. വായ്പാകെണിയും കോര്‍പറേറ്റ് അധിനിവേശവും ലാഭമാത്ര ചിന്തകളിലൂന്നിയ വികസനവും പ്രകൃതിയിലും ജീവിതത്തിലും ഏല്‍പ്പിക്കുന്ന ആഘാതങ്ങളോടുള്ള പ്രതികരണമായാണ് ജനകീയ രാഷ്ട്രീയം ഉരുത്തിരിയുന്നത്.

സംസ്ഥാനത്തു നടക്കുന്ന ജനകീയ സമര പ്രതിനിധികളുടെ കൂടിച്ചേരലില്‍ രൂപം കൊണ്ട ജനകീയ രാഷ്ട്രീയ മുന്നണിയുടെ പ്രസക്തിയേയും ലക്ഷ്യങ്ങളേയും പ്രവര്‍ത്തനങ്ങളേയും കുറിച്ചാണ് ഡോ ആസാദ് വിശദീകരിക്കുന്നത്.

കേരള രാഷ്ട്രീയം നെടുകെ പിളര്‍ന്നു കിടപ്പാണ്. ഒരു ഭാഗത്തു ഭരണകൂട രാഷ്ട്രീയം. മറുഭാഗത്ത് ജനകീയ രാഷ്ട്രീയം. വ്യവസ്ഥാപിതവും അധികാര ബദ്ധവുമായ പാര്‍ട്ടികളും മുന്നണികളും ഒരേ താല്‍പ്പര്യങ്ങളുടെ വ്യത്യസ്ത മുഖങ്ങളാണ് പ്രകടിപ്പിക്കുന്നത്. അതാവട്ടെ, ഇരകളെയും അഭയാര്‍ത്ഥികളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കോര്‍പറേറ്റ് വികസനാഭാസവും, അഴിമതിയില്‍ മുങ്ങിയ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും, ദല്ലാള്‍പ്പണത്തിലും ഒറ്റുകാശിലും ഭ്രമിക്കുന്ന ഇടനില വ്യവഹാരവും, മനുഷ്യരെ ഭിന്നിപ്പിക്കുന്ന ജാതി/മത/ ലിംഗ വിവേചനവും കൂടിക്കലര്‍ന്ന അവിശുദ്ധവും ജനവിരുദ്ധവുമായ രാഷ്ട്രീയ പാളയമായിരിക്കുന്നു.

*ജനകീയ രാഷ്ട്രീയം* അതിജീവന സമരങ്ങളുടെ അനവധി മുഖങ്ങളായി ചിതറിക്കിടപ്പാണ്. ഏകാന്ത സഹനങ്ങളായി, ഒറ്റയൊറ്റ പ്രതിഷേധങ്ങളായി, ചെറുത്തു നില്‍പ്പുകളായി, നിരന്തരവും ദീര്‍ഘവുമായ പ്രക്ഷോഭങ്ങളായി അവ തുടരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ കൊണ്ട് കേരളീയ ജീവിതത്തിന്റെ ഹൃദയസ്പന്ദമായി അതു മാറിയിട്ടുണ്ട്. നിരന്തരം അടിച്ചമര്‍ത്തപ്പെട്ടും പ്രാന്തവല്‍ക്കരിക്കപ്പെട്ടും അവ നിലച്ചുകൊള്ളും എന്നാണ് അധികാര രാഷ്ട്രീയത്തിന്റെ വിചാരം. അതു പക്ഷെ പാഴ്ക്കിനാവാണെന്ന് അതിജീവന സമരങ്ങളുടെ ഒത്തുകൂടലുകള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഭരണകൂട രാഷ്ട്രീയവും ജനകീയ രാഷ്ട്രീയവും തമ്മിലുള്ള പിളര്‍പ്പും ദാര്‍ശനികവും ധാര്‍മ്മികവുമായ അകലവും കൂടുതല്‍ക്കൂടുതല്‍ വ്യക്തമാവുകയാണ്. കോര്‍പറേറ്റ് ധനാര്‍ത്തിയില്‍ ലോകത്തെ പുനര്‍ ക്രമീകരിക്കാനുള്ള ആഗോള ഉപജാപങ്ങളുടെയും നടത്തിപ്പിന്റെയും ഭാഗമാണ് നമ്മുടെ ഭരണകൂടവും. അതിന്റെ താല്‍പ്പര്യങ്ങളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നില്ല അധികാരബദ്ധ രാഷ്ട്രീയ കക്ഷികളും മുന്നണികളും. ജനങ്ങളുടെ ജീവിതവും സഹനവും അവരുടെ പരിഗണനയില്‍ വരില്ല. ജനങ്ങളെ തലമുറകളോളം പണയംവെച്ചും വിറ്റും പണമുണ്ടാക്കാം എന്നു വന്നിട്ടുണ്ട്.

ജനകീയ രാഷ്ട്രീയം അതിജീവനത്തിന്റെ പിടച്ചിലുകളാണ്. വായ്പാകെണിയും കോര്‍പറേറ്റ് അധിനിവേശവും ലാഭമാത്ര ചിന്തകളിലൂന്നിയ വികസനവും പ്രകൃതിയിലും ജീവിതത്തിലും ഏല്‍പ്പിക്കുന്ന ആഘാതങ്ങളോടുള്ള പ്രതികരണമായാണ് ജനകീയ രാഷ്ട്രീയം ഉരുത്തിരിയുന്നത്. അവ വളര്‍ന്നു പൊന്തിയ ഇടങ്ങള്‍ നോക്കാം. അതില്‍ ആദ്യത്തേതാണ് പരിസ്ഥിതി സമരങ്ങള്‍. ശുദ്ധ ജലത്തിനും വായുവിനും മണ്ണിനുമുള്ള പൗരന്മാരുടെ അവകാശ സമരം മാത്രമല്ല ജൈവവൈവിദ്ധ്യം നശിക്കാതെ നില നിര്‍ത്താനുള്ള ജീവി വര്‍ഗത്തിന്റെ പിടച്ചില്‍കൂടിയാണ് അവിടെയുള്ളത്. മലകളുടെയും നദികളുടെയും വയലുകളുടെയും കായലുകളുടെയും ഇതര നീര്‍ത്തടങ്ങളുടെയും സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. അവയ്‌ക്കെതിരെ എല്ലാ നിയമങ്ങളും ലംഘിച്ചുള്ള കയ്യേറ്റം പെരുകുമ്പോള്‍ സമരമല്ലാതെ വഴിയില്ല.

മണ്ണും മണലും പാറയും വനവും വയലും കായലും കടലും അക്രമിച്ചു മുന്നേറുന്ന ധനമുതലാളിത്തവും ഭരണകൂട രാഷ്ട്രീയവും ചോദ്യം ചെയ്യപ്പെടുന്നു. ക്വാറി വിരുദ്ധ സമരങ്ങളായി, വയല്‍ നികത്തല്‍ വിരുദ്ധ സമരങ്ങളായി, മലിനീകരണ വിരുദ്ധ സമരങ്ങളായി അനവധി സമരമുഖങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു. ഓരോ പ്രദേശത്തേക്കും ഇത്തരം സമരങ്ങള്‍ വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

മണ്ണിനുവേണ്ടിയുള്ള സമരത്തിനു നീണ്ട ചരിത്രമുണ്ട്. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയ സംസ്ഥാനമെന്നാണ് കേരളത്തിന്റെ ഒരു ഖ്യാതി. ഇപ്പോഴും കിടപ്പാടമില്ലാതെ അലയുന്നത് ലക്ഷങ്ങളാണ്. ദളിതരും ആദിവാസികളും തോട്ടം തൊഴിലാളികളും ഭൂരഹിത കര്‍ഷകരും കുടിയിറക്കപ്പെട്ടവരോ അഭയാര്‍ത്ഥികളോ ആയി മാറിയ വികസനത്തിന്റെ ഇരകളും മണ്ണിനു വേണ്ടി സമരം തുടരുകയാണ്.

തൊഴിലിനും തൊഴില്‍ സുരക്ഷയ്ക്കും മിനിമം വേതനത്തിനുമുള്ള സമരങ്ങള്‍ എങ്ങുമെത്തിയില്ല. സംഘടിത മേഖലയെക്കാള്‍ ബൃഹത്താണ് അസംഘടിത മേഖല. അവിടെ മനുഷ്യാവകാശ ധ്വംസനങ്ങളും ധാരാളമാണ്. സംഘടിത പ്രസ്ഥാനങ്ങള്‍ ഈ മേഖലയെ കൈവിട്ട മട്ടാണ്. ഭരണകൂടം കോര്‍പറേറ്റ് പ്രീതിക്കു നടത്തുന്ന സാമ്പത്തിക പുനര്‍ ക്രമീകരണത്തിന്റെ പ്രത്യക്ഷ ഇരകളാണിവര്‍.

ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും ഉറപ്പു നല്‍കുന്ന ക്ഷേമപദ്ധതികളും നിയമ പരിരക്ഷയും ലഭ്യമാവുന്നതിന് പലമട്ടു സമരങ്ങള്‍ വേണ്ടിവരുന്നു. വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടേറിയറ്റുവരെ നിരന്തരം കയറിയിറങ്ങി നിരാശരാകുന്ന മനുഷ്യരുടെ പലവിധ ചെറുത്തു നില്‍പ്പുകളുണ്ട്. വിവരാവകാശ നിയമവും നിയമ സാക്ഷരതയും ജനങ്ങളിലെത്തിക്കാന്‍ യത്‌നിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ഏകാന്ത സമരങ്ങളും കാണേണ്ടതുണ്ട്.

സാധ്യതാ പഠനങ്ങളും സാമൂഹികവും പാരിസ്ഥിതികവുമായ ആഘാത പഠനങ്ങളും ജനാഭിപ്രായവും പരിഗണിക്കാതെയുള്ള വികസന തീവ്രവാദം ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമായി മാറുന്നു. ദേശീയപാത, ഗെയില്‍, അതിവേഗ തീവണ്ടിപ്പാത തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ പതിറ്റാണ്ടു പിന്നിടുകയാണ് സമരമുഖങ്ങള്‍. പുനരധിവാസം നടത്താതെയുള്ള വികസനം വികസനമല്ല, പണാധികാരത്തിന്റെ അതിക്രമമാണെന്ന് നാം മനസ്സിലാക്കുന്നു.

ജാതീയമോ സാമുദായികമോ ലിംഗപരമോ ആയ വിവേചനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. തെരുവില്‍ ചോരവീഴാത്ത ദിവസമില്ല. പീഡനങ്ങളും കയ്യേറ്റങ്ങളും മറ്റതിക്രമങ്ങളും വര്‍ദ്ധിച്ചതേയുള്ളു. സ്വത്തിലേക്കും ജീവിതത്തിലേയ്ക്കും കടന്നു കയറി അധികാരം സ്ഥാപിക്കുകയാണ് പണമുതലാളിത്തം. വായ്പാ കെണിയും ജനവിരുദ്ധ നിയമങ്ങളും സര്‍ഫാസി നിയമംപോലുള്ള ഭീകരതകള്‍ കെട്ടഴിച്ചു വിട്ടിരിക്കുന്നു.

കോര്‍പറേറ്റുവത്ക്കരണവും അതിനനുസൃതമായ നിയമ നിര്‍മാണവും ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസവും ആരോഗ്യവും പോലുള്ള മര്‍മ്മപ്രധാനമായ തുറകളെ പണമുതലാളിത്തം വിഴുങ്ങിയിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളെല്ലാം പണംകൊടുത്തു മാത്രം ലഭ്യമാകും വിധം പുനര്‍ ക്രമീകരിക്കപ്പെട്ടു. കുടിവെള്ളം മുതല്‍ യാത്രാസൗകര്യംവരെ പണം കൊടുത്തേ സാധ്യമാകൂ എന്നുവന്നു. വ്യക്തികള്‍ക്കു മേലുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും കലഹങ്ങളും പിടിച്ചു പറിയും ക്രമ സമാധാന ഭംഗങ്ങളും തുടര്‍ക്കഥയാവുന്നു.

ഭരണകൂട രാഷ്ട്രീയം അതിന്റെ സൈനികരായ ഭരണ പ്രതിപക്ഷ പാര്‍ട്ടികളിലൂടെ ജനങ്ങള്‍ക്കെതിരെ നടത്തുന്ന യുദ്ധത്തെക്കുറിച്ചു നമുക്കിപ്പോള്‍ നല്ല ബോധ്യമുണ്ട്. അവരുടെ ജനവിരുദ്ധ രാഷ്ട്രീയം പകല്‍വെളിച്ചംപോലെ പ്രകടമാണ്. ഈ സാഹചര്യത്തിലാണ് ഉത്തര കേരളത്തിലെ സമര പ്രവര്‍ത്തകരും അനുഭാവികളും ഒരൊത്തു ചേരലിനു തയ്യാറായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചരിത്ര പ്രസിദ്ധമായ തിരുനാവായയില്‍ *ജനകീയം* എന്ന പേരില്‍ ഒരു സഹവാസ ക്യാമ്പു നടന്നു.

വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍നിന്നുള്ള പങ്കാളിത്തമാണ് ഉണ്ടായത്. സമര സമിതികളുടെ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നു. പല തവണ ഇത്തരം ഒത്തുചേരലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതല്‍പ്പം വേറിട്ടതായി. സമരസമിതികളുടെ ഏകോപനം എന്ന ആശയമല്ല, എല്ലാ സമരവേദികളുടെയും രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന പൊതു പ്രസ്ഥാനം എന്ന ആശയമാണ് മുന്നോട്ടു വെയ്ക്കപ്പെട്ടത്. ഒറ്റപ്പെട്ട വ്യക്തികള്‍ക്കും സമര വേദികള്‍ക്കും പൊരുതുന്ന മുന്നേറ്റങ്ങള്‍ക്കും ഒത്തു ചേരാവുന്ന പൊതു പ്രസ്ഥാനം.

അങ്ങനെയൊരു പ്രസ്ഥാനം രാഷ്ട്രീയേതരമല്ല. ഭരണകൂട രാഷ്ട്രീയത്തിന്റെയും ധനമുതലാളിത്ത വികസനാഭാസത്തിന്റെയും രാഷ്ട്രീയത്തെ നേരിടാന്‍ *ജനകീയ രാഷ്ട്രീയമാണ്* ഉയര്‍ത്തി നാട്ടേണ്ടതെന്ന് ക്യാമ്പ് ഏകകണ്ഠമായി തീരുമാനിച്ചു. അതുകൊണ്ടു *ജനകീയ രാഷ്ട്രീയ മുന്നണി* (People’s Political Front) എന്ന പേരിനപ്പുറം മറ്റൊരു പേരും പ്രസക്തമാവില്ലെന്നും വന്നു.

ഇത്തരമൊരു പൊതു പ്രസ്ഥാനം ഒരേകമുഖ രാഷ്ട്രീയ മുന്നണിയായി നില നില്‍ക്കേണ്ടതല്ല. സാമൂഹിക ഗവേഷണത്തിന്റെ സമാന്തരവും ജനകീയവുമായ അന്വേഷണങ്ങള്‍ വേണം. വിവരാവകാശവും വിവിധ നിയമ പരിരക്ഷകളും സംബന്ധിച്ചു ജനങ്ങളില്‍ പുതിയ സാക്ഷരതാ പ്രസ്ഥാനത്തിനു തുടക്കം കുറിക്കണം. പാരിസ്ഥിതികവും സാമൂഹികവുമായ ജാഗ്രത കെടാതെ നില്‍ക്കണം. ലോകത്തിലെ പുത്തന്‍ ഉണര്‍വ്വുകളുടെ രാഷ്ട്രീയം വിശകലന വിധേയമാക്കണം. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും കര്‍ശനമായ അച്ചടക്കത്തിലൂടെ സുതാര്യവും വീറുറ്റതുമായ മുന്നേറ്റം സാധ്യമാണെന്നു തെളിയിക്കണം. അതിനു *ജനകീയ രാഷ്ട്രീയം* ഉയര്‍ത്തിപ്പിടിക്കണം.

തിരുന്നാവായയിലെ കൂടിച്ചേരലിന്റെ ഈ സന്ദേശം തെക്കന്‍ കേരളത്തിലും ഗൗരവപൂര്‍ണമായ ചര്‍ച്ചയ്ക്കു വകവെയ്ക്കും. അവിടെ ഉരുത്തിരിയുന്ന അഭിപ്രായവും വിലപ്പെട്ടതാവും. ആവശ്യമായ കരുതലോടെയും തിരുത്തലോടെയും ഒരു സംസ്ഥാന ഏകീകരണം വേണമെന്ന് തിരുന്നാവായയിലെ കൂട്ടായ്മ ആഗ്രഹിക്കുന്നു.

2019 ജൂലായ് 13, 14 തീയതികളിലെ നിളാതീരത്തെ കൂടിയിരിപ്പ് ചരിത്രത്തിന്റെ ഭാഗമാവും. ഇന്നോളമുള്ള രാഷ്ട്രീയ ദര്‍ശനങ്ങളുടെ നിരാകരണമല്ല, ജനവിരുദ്ധമായ അവയുടെ വ്യാഖ്യാനങ്ങളും ആവിഷ്‌കാരങ്ങളുമാണ് നിര്‍ദ്ദയം കുടഞ്ഞെറിഞ്ഞിട്ടുള്ളത്. ജനാഭിമുഖ്യമുള്ള രാഷ്ട്രീയ ഉണര്‍വ്വുകളെ അഭിവാദ്യം ചെയ്യാനോ സ്വാംശീകരിക്കാനോ നമ്മള്‍ മടിക്കുന്നില്ല. ഭരണകൂട- ധനമുതലാളിത്ത മാഫിയാ രാഷ്ട്രീയത്തിനെതിരെ *ജനകീയ രാഷ്ട്രീയം എന്ന ഒറ്റ മുദ്രാവാക്യത്തിലേക്ക് നാം കേരളത്തെ ക്ഷണിക്കുന്നു.* നാളെയുടെ രാഷ്ട്രീയം എളിമയോടെ, എന്നാല്‍ തീഷ്ണതയോടെ തിരുനാവായയില്‍ തെളിഞ്ഞു വന്നിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “എന്തുകൊണ്ട് ജനകീയ രാഷ്ട്രീയ മുന്നണി? – ഡോ ആസാദ്‌

  1. good attempt….!!

Leave a Reply