എന്തുകൊണ്ട് ആധുനിക വൈദ്യശാസ്ത്രം?

വാക്‌സിനുകള്‍ക്കെതിരായ വിരോധം പുതിയതല്ല. ഭൂരിഭാഗത്തിനും മോഡേണ്‍ മെഡിസിനോടുള്ള എതിര്‍പ്പിന്റെ ഭാഗമാണത്. ചിലര്‍ക്ക് വാക്‌സിനോടു മാത്രമേ എതിര്‍പ്പുള്ളു. കച്ചവടവല്‍ക്കരണവും യാന്ത്രിക സമീപനവുമാണ് ആധുനിക വൈദ്യത്തെ എതിര്‍ക്കുന്നതിന്റെ മുഖ്യ കാരണങ്ങള്‍. ആ എതിര്‍പ്പ് കോവിഡിനെതിരായ വാക്‌സിനെയും നിരാകരിക്കുന്നതിലെത്തുമ്പോള്‍ അതൊരു സാമൂഹ്യ വിപത്തായി മാറുകയാണ്.

ആധുനിക വൈദ്യത്തിന്റെ കച്ചവടവത്കരണത്തെ എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. വിശ്വാസ്യത ഉള്ളതിനെ മാത്രമേ കച്ചവടം ചെയ്യാന്‍ സാധിക്കൂ. അമൃതാണെന്ന് വിശ്വസിപ്പിക്കാന്‍ സാധിച്ചാല്‍ ആളുകള്‍ വിഷവും കോടികള്‍ കൊടുത്തു വാങ്ങിക്കുടിക്കും. വിശ്വസിപ്പിക്കാനാണ് പാട് . ആധുനിക വൈദ്യം മനുഷ്യലോകത്തിന്റെ വിശ്വസനീയത നേടിയെടുത്തു കഴിഞ്ഞിരിക്കുന്നു. അതിന്റെ മുന്നോട്ടു പോക്ക് ലോകത്തെങ്ങുമുള്ള സര്‍ക്കാറുകളും ഉന്നത ഗവേഷണ സ്ഥാപനങ്ങളും ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഏറ്റവുമധികം വിശ്വാസ്യതയുള്ളത് ആയതിനാല്‍ തന്നെ ഏറ്റവും വലിയ കച്ചവട സാധ്യതയും ആധുനിക വൈദ്യത്തിനു തന്നെയാണ്. മറ്റെല്ലാ മനുഷ്യവ്യവഹാരരംഗങ്ങളും പോലെ അതിന്റെ കച്ചവടവും ലാഭവും മാത്രം ലക്ഷ്യമാക്കിയുള്ള വലിയൊരു വിഭാഗം ആധുനിക വൈദ്യത്തെ ഒരു ഇരുണ്ട അധോലോകമാക്കി മാറ്റിയിട്ടുമുണ്ട്. അതിന്റെ പേരില്‍ മാത്രം അലോപ്പതിയെ ബഹിഷ്‌കരിക്കുകയാണെങ്കില്‍ ജീവിതത്തിലെ ഏതാണ്ടെല്ലാ രംഗങ്ങളും നമുക്ക് ബഹിഷ്‌കരിക്കേണ്ടിവരും. രാഷ്ട്രീയവും മതവും ആത്മീയതയും യുദ്ധവും സമാധാനവും വരെ നമ്മള്‍ സമര്‍ത്ഥന്‍മാരായ മനുഷ്യര്‍ കച്ചവടമാക്കിയിട്ടുണ്ടല്ലോ. കച്ചവടവല്‍ക്കരണത്തെ നിയമങ്ങളും നിയന്ത്രണങ്ങളും ബോധവല്‍ക്കരണങ്ങളും ഒപ്പം ചോദ്യം ചെയ്യാനുള്ള ആര്‍ജവവും കൊണ്ട് അവസാനിപ്പിക്കുകയേ വഴിയുള്ളു.

എന്തുകൊണ്ട് ആധുനിക വൈദ്യം ഇത്രമാത്രം വിശ്വസനീയമാവുന്നു.
ജൈവലോകത്തെക്കുറിച്ച് ലോകം ഇതുവരെ കരസ്ഥമാക്കിയ അറിവുകളുടെയെല്ലാം അടിസ്ഥാനത്തിലാണ് ആധുനിക വൈദ്യം പ്രവര്‍ത്തിക്കുന്നത് എന്നതാണ് അതിന്റെ പ്രധാന കാരണം. ജൈവലോകത്തെക്കുറിച്ചു മാത്രമല്ല അജീവിയ ലോകത്തെയും കുറിച്ചും മാനവ ലോകം ഇതുവരെ നേടിയിട്ടുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങളും അറിവുകളുമെല്ലാം അനുയോജ്യമായ ഇടങ്ങളില്‍ അലോപ്പതിയുടെ രൂപീകരണത്തിലും നടത്തിപ്പിലും സമന്വയിപ്പിച്ചിരിക്കുന്നു. മനുഷ്യന്‍ ലോകത്തെക്കുറിച്ച് നേടിയ വ്യത്യസ്തമായ അറിവുകളുടെയെല്ലാം സമഗ്രമായ വൈദ്യശാസ്ത്രപ്രയോഗമാണ് അലോപ്പതി എന്നു പറയാം.

ജീവലോകം എങ്ങിനെ പ്രവര്‍ത്തിക്കുന്നു. ഏതെല്ലാം ഘടകങ്ങള്‍ കൊണ്ടാണ് ജീവികളെ സംഘടിപ്പിച്ചിരിക്കുന്നത്. ജീവികളുടെ സ്ഥിതിയും വികാസവും പ്രജനനവും അവസാനം വിഘടനവും എങ്ങിനെ സംഭവിക്കുന്നു. അടിസ്ഥാന നിര്‍മാണ യൂണിറ്റുകളായ കോശങ്ങള്‍ മുതല്‍ സ്ഥൂല ഘടനകളായ വലിയ അവയവങ്ങള്‍ വരെ രൂപീകരിക്കപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും എങ്ങിനെയാണ് ?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജൈവശരീരം എന്ന വ്യത്യസ്തമായ അനേകം വ്യൂഹങ്ങളുടെ വ്യൂഹത്തിന്റെ നാശത്തിന് കാരണമാവുന്ന രോഗങ്ങള്‍ എന്തൊക്കെയാണ് ? ഈ ശരീരത്തിന്റെ തന്നെ സ്വാഭാവിക പ്രവര്‍ത്തന ഫലമായും വ്യത്യസ്ത അവസ്ഥകളോടുള്ള പ്രതികരണഫലമായും ഉണ്ടാവുന്ന രോഗങ്ങള്‍ എന്തൊക്കെയാണ് ? അതായത് ആന്തരിക കാരണങ്ങള്‍ എന്തൊക്കെയാണ് ? ശരീരബാഹ്യമായി ഉണ്ടാവുന്ന രോഗങ്ങളുടെ കാരണങ്ങള്‍ എന്തൊക്കെയാണ് ? അതായത് അപകടങ്ങള്‍, രോഗാണുക്കള്‍, വ്യത്യസ്ത ജൈവ, രാസവസ്തുക്കളുടെ സാന്നിധ്യം തുടങ്ങിയവ മൂലം ഉണ്ടാവുന്ന രോഗങ്ങള്‍ എന്തൊക്കെയാണ് ? ഇങ്ങിനെ ഏതാണ്ടെല്ലാ രോഗങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തുകയും അവയെ വര്‍ഗീകരിക്കുകയും ചെയ്യാന്‍ അലോപ്പതിക്ക് സാധിച്ചിട്ടുണ്ട്. ഇതിലുപരിയായി വളരെ പ്രധാനപ്പെട്ട കാര്യം ശരീരമെന്ന വ്യൂഹത്തിന്റെ സൂക്ഷ്മമായ വ്യത്യസ്തഘടനകളില്‍ രോഗങ്ങള്‍ ഉണ്ടാവുന്നതും അവ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതും ശരീരം അതിനെ പ്രതിരോധിക്കുന്നതും അതില്‍ നിന്ന് വിമുക്തി നേടുന്നതോ അതുമൂലം നാശം സംഭവിക്കുന്നതോ നിരീക്ഷിക്കാനും കണ്ടെത്താനും ഒട്ടുമിക്ക രോഗങ്ങളുടെയും കാര്യത്തില്‍ സാധ്യമായിട്ടുണ്ട്. ഉദാഹരണമായി ശരീരത്തില്‍ ഒരു മുറിവുണ്ടാവുമ്പോള്‍ സംഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ? എന്തെല്ലാം നാശങ്ങള്‍ അതുമൂലം എവിടെയെല്ലാം ഉണ്ടാവുന്നുണ്ട് ? മുറിവിന് ശരീരത്തിന്റെ പ്രതികരണങ്ങള്‍ എന്തെല്ലാമാണ് ? ഇതൊക്കെ തിരിച്ചറിയാനും ആ മുറിവിന്റെ റിപ്പയറിംഗ് വേണ്ട ഭാഗം കൃത്യമായി മനസിലാക്കാനും ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ആവശ്യമായ റിപ്പയറിംഗ് രീതി വികസിപ്പിച്ചെടുക്കാനും ആധുനിക വൈദ്യത്തിന് സാധിച്ചിട്ടുണ്ട്.

ഒരു രോഗാണു അകത്ത് പ്രവേശിക്കുമ്പോള്‍ എവിടെയൊക്കെ ചെന്നാണ് അത് ആക്രമിക്കുന്നതെന്നും അതുണ്ടാക്കുന്ന നാശങ്ങള്‍ ശരീര ഘടനയില്‍ എവിടെ എത്ര അളവിലാണെന്നും തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താന്‍ വലിയൊരളവോളം ആധുനിക വൈദ്യത്തിന് സാധ്യമായിട്ടുണ്ട്. ഒരു വാക്‌സിന്‍ അല്ലെങ്കില്‍ മരുന്ന് പ്രയോഗിക്കുമ്പോള്‍ രോഗാണുവിന്റെ ഏത് ഭാഗത്തെ അല്ലെങ്കില്‍ കഴിവിനെയാണ് അത് നിര്‍വീര്യമാക്കുകയോ പ്രവര്‍ത്തന രഹിതമാക്കുകയോ ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞാണ് അലോപ്പതിയില്‍ അതുപയോഗിക്കപ്പെടുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചില നിശ്ചിത സിദ്ധാന്തങ്ങള്‍ അടിസ്ഥാനപ്പെടുത്തി മാത്രം നിലനില്‍ക്കുന്ന മറ്റു വൈദ്യശാസ്ത്ര ശാഖകള്‍ക്ക് അവയുടെ സിദ്ധാന്തപരമായിത്തന്നെ ഇത്തരം സൂക്ഷമ ഘടനകളോ പ്രവര്‍ത്തനങ്ങളോ നിരീക്ഷിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യേണ്ട ആവശ്യം തന്നെയില്ല. ഉദാഹരണമായി ഒരു വൈറസ് മൂലമുണ്ടാവുന്ന അസുഖത്തിന് ഹോമിയോപ്പതി അനുസരിച്ച് ചികിത്സിക്കുകയാണെങ്കില്‍ ആ വൈറസ് ശരീരത്തിന്റെ ഏതേതു സൂക്ഷ്മഘടനകളില്‍ എന്തെല്ലാം മാറ്റമുണ്ടാക്കുന്നു എന്ന് നിരീക്ഷിക്കേണ്ട ആവശ്യം തന്നെയില്ല. കാരണം സമം സമത്തെ ശമിപ്പിക്കുന്നു എന്ന ഹോമിയോ തത്വമനുസരിച്ച് ഏതെല്ലാം ലക്ഷണങ്ങള്‍ രോഗി പ്രദര്‍ശിപ്പിക്കുന്നു എന്ന് മാത്രമേ നോക്കേണ്ടതുള്ളു. പഴയ കാലത്തിന്റെ പരിമിതമായ അറിവുകള്‍ മുന്നില്‍ വെച്ച് മനനം ചെയ്ത് രൂപീകരിക്കപ്പെട്ട ചില സിദ്ധാന്തങ്ങളാണ് ഹോമിയോ , ആയുര്‍വേദം തുടങ്ങിയ ചികിത്സാ ശാഖകളുടെ അടിസ്ഥാനം. തങ്ങളും ഇപ്പോള്‍ അലോപ്പതിയെപ്പോലെ തന്നെ ജൈവലോകത്തിന്റെയും മനുഷ്യ ശരീരത്തിന്റെയും മുഴുവന്‍ ഘടനകളും പ്രവര്‍ത്തനങ്ങളും വര്‍ഷങ്ങളോളം പഠിച്ചു തന്നെയാണ് ഡോക്ടര്‍മാരാവുന്നത് എന്ന് ഇവര്‍ അവകാശപ്പെടുന്നുണ്ട്. ഹോമിയോയുടെയും ആയുര്‍വേദത്തിന്റെയും മറ്റു ചെറുതും വലുതുമായ വൈദ്യശാസ്ത്ര ശാഖകളുടെയും പണ്ടേ രൂപീകരിക്കപ്പെട്ട സിദ്ധാന്തങ്ങള്‍ തന്നെയാണ് ശരിയെങ്കില്‍ അലോപ്പതിയിലെ പോലെ വിപുലമായ ശരീര ശാസ്ത്ര പഠനത്തിന്റെ ആവശ്യമെന്താണ് ? അത്തരം പഠനത്തെ ആശ്രയിക്കുന്നുവെങ്കില്‍ ആ സിദ്ധാന്തങ്ങള്‍ കൊണ്ട് മാത്രം ചികിത്സിക്കാന്‍ സാധ്യമല്ല എന്ന് അവര്‍ തന്നെ സമ്മതിക്കുന്നു എന്നു തന്നെയല്ലേ അതിനര്‍ഥം ?

ഈ വൈരുദ്ധ്യത്തെ മറ്റൊരു രീതിയില്‍ വിശദീകരിക്കാം. മനുഷ്യ ശരീരമടക്കമുള്ള ജൈവ ഘടനകളെല്ലാം അതി സങ്കീര്‍ണമാണ്. അനേകം അതി സൂക്ഷ്മ ഘടകങ്ങളും അസംഖ്യം സങ്കീര്‍ണമായ പ്രവര്‍ത്തന രീതികളും ഒന്നിനോടൊന്ന് സിങ്ക്രണൈ സു ചെയ്തു കൊണ്ടാണ് ശരീരം നില നില്‍ക്കുന്നത്. അതിന്റെ ഒരു വ്യൂഹത്തിന്റെ പ്രവര്‍ത്തനത്തിന് ചിലപ്പോള്‍ ശരീരത്തിനുള്ളിലും പുറത്തുമുള്ള നൂറുകണക്കിന് വ്യൂഹങ്ങളുമായുള്ള സമായോജനം സാധ്യമാവേണ്ടി വരും. ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ കമ്പ്യൂട്ടറിനെക്കാളും കോടിക്കണക്കി നിരട്ടി അല്ലെങ്കില്‍ അനന്തമായത്രയും സങ്കീര്‍ണമാണ് മനുഷ്യ ശരീരം.

മനുഷ്യ ശരീരത്തെ മെക്കാനിക്കല്‍ ഓട്ടോമാറ്റിക് ഡിജിറ്റല്‍ റോബോട്ടിക് നിര്‍മിത ബുദ്ധി ഘടകങ്ങളെല്ലാമുള്ള ഏറ്റവും പുതിയ സൂപ്പര്‍ കാറിനോടുപമിക്കുകയാണെങ്കില്‍ അതിന്റെ ഈ ഘടകങ്ങളെക്കുറിച്ചൊന്നുമറിയാതെ ചുറ്റികയും കോടാലിയുമെടുത്ത് റിപ്പയര്‍ ചെയ്യുകയാണ് ആയുര്‍വേദവും ഹോമിയോയുമടക്കമുള്ള എല്ലാ സിദ്ധാന്തശാഠ്യ വൈദ്യ ശാസ്ത്രങ്ങളും ചെയ്തു പോന്നത്. ഈ എല്ലാ അതിസങ്കീര്‍ണ ഘടനകളും മനസിലാക്കിയ ശേഷവും ചികിത്സിക്കാന്‍ പഴയ കൊല്ലന്റെ വര്‍ക്ക് ഷോപ്പും ടൂള്‍സും മതി എന്നാണ് ഈ സമാന്തര വൈദ്യശാഖകള്‍ പറയുന്നത്. ഒരു സൂപ്പര്‍ കാര്‍ കൈയ്യിലുള്ളവന്‍ അത് റിപ്പയര്‍ ചെയ്യാന്‍ കൊല്ലന്റെ ആലയില്‍ പോകുന്നില്ലെങ്കില്‍ അത് സാമാന്യ ബുദ്ധി മാത്രമാണ്. അതേസമയം അതി സങ്കീര്‍ണമായ ഈ വ്യൂഹങ്ങളുടെ വ്യൂഹത്തെക്കുറിച്ച് പൂര്‍ണമായല്ലെങ്കിലും ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സൂക്ഷ്മവും കൃത്യവുമായ ഉപകരണങ്ങള്‍ നിര്‍മിച്ച് റിപ്പയര്‍ ചെയ്യുകയാണ് ആധുനിക വൈദ്യം ചെയ്യുന്നത്.

ഇതോടൊപ്പം തന്നെ ലോകത്തെല്ലായിടത്തും വളര്‍ന്നു വന്ന വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളുടെയും ഇതര ശാസ്ത്ര ശാഖകളുടെയും അറിവുകള്‍ അലോപ്പതിയില്‍ സമന്വയിക്കുന്നുണ്ട് എന്നതും ഓര്‍മിക്കേണ്ടതാണ് . ഉദാഹരണമായി ഇസ് ലാമിക ലോകത്ത് മധ്യ കാല ഘട്ടങ്ങളില്‍ വൈദ്യശാസ്ത്ര മേഖലയില്‍ വലിയ കണ്ടുപിടുത്തങ്ങള്‍ നടക്കുകയുണ്ടായി. ഇബ്‌നു സീന. ഇമാം അല്‍ റാസി, തുടങ്ങി അനേകം പേര്‍ ഗവേഷണങ്ങള്‍ നടത്തുകയും നൂറുകണക്കിന് പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. ശരീരം കീറി മുറിച്ചു പഠിച്ചതിലൂടെ അക്കാലത്ത് നിലനിന്നിരുന്ന അനേകം അബദ്ധ ധാരണകള്‍ തിരുത്തിക്കുറിക്കപ്പെട്ടു. ഈ അറിവുകളെല്ലാം ആധുനിക വൈദ്യം സ്വാംശീകരിക്കുകയും അതിന്റെ വളര്‍ച്ചയുടെ അടിത്തറകളായി സ്വീകരിക്കുകയും ചെയ്തതാണ്. ഇന്നും അവയിലെ തിരുത്തപ്പെടാത്ത കാര്യങ്ങളെല്ലാം ആധുനിക വൈദ്യത്തിന്റെ ഭാഗമാണ്. ആധുനിക വൈദ്യം വലിയ ഒരളവോളം ഇസ്ലാമിക വൈദ്യം തന്നെയാണ് എന്നാണിതിനര്‍ഥം. അതേസമയം ഈ അറിവുകളുടെ നിര്‍മാതാക്കളായ അറബികള്‍ അതില്‍ നിന്നെല്ലാം പിന്നോട്ടു പോയി. തങ്ങളുടെ മുന്‍ഗാമികള്‍ എഴുതിയുണ്ടാക്കിയ പുസ്തകങ്ങള്‍ വായിച്ചു മനസിലാക്കാന്‍ പോലും കഴിവില്ലാത്തവരായി അവര്‍ മാറി. വ്യത്യസ്ത നാടുകളിലേക്ക് ഏറിയും കുറഞ്ഞും കൈമാറ്റം ചെയ്യപ്പെട്ട ആ വിപുലമായ അറിവുകളുടെ ഒരു വിദൂര അനുകരണം ഇന്നും യുനാനി, പ്രവാചക വൈദ്യം തുടങ്ങിയ പേരുകളില്‍ പല നാടുകളില്‍ നില നില്‍ക്കുന്നുണ്ട്. തുടര്‍ ഗവേഷണവും പഠനവും നിലച്ചതിനാല്‍ ഒരു തരം ഫോസില്‍ വൈദ്യം മാത്രമാണത്. പഴയ പുസ്തകങ്ങളിലെ അറിവുകളില്‍ തുടര്‍ പഠനങ്ങള്‍ നടത്തി അലോപ്പതി മുന്നേറിയപ്പോള്‍ പഴയ അബദ്ധങ്ങളില്‍ അടയിരുന്ന് ഇത്തരം വൈദ്യശാസ്ത്ര പ്രകടനങ്ങള്‍ വികൃതാനുകരണങ്ങളായി.

ഇന്ത്യയില്‍ ബുദ്ധ സുവര്‍ണകാലഘട്ടത്തില്‍ വളര്‍ന്നു വന്ന ആയുര്‍വേദത്തിന്റെ സ്ഥിതിയും ഇതു തന്നെയാണ്. ഇന്ത്യയുമായി നിരന്തര ബന്ധമുണ്ടായിരുന്ന അറബികള്‍ വൈദ്യ ശാസ്ത്രം ആരംഭിച്ചത് തന്നെ ആയുര്‍വേദത്തിന്റെ അടിത്തറയില്‍ നിന്നാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. പഴയതിനെ അതുപോലെ വള്ളിപുള്ളി തെറ്റാതെ അനുകരിക്കുമ്പോഴാണ് ആയുര്‍വേദം ഏറ്റവും ഫലപ്രദമാവുന്നത് എന്നതാണ് ഇപ്പോള്‍ പ്രബലമായി ക്കഴിഞ്ഞിരിക്കുന്ന പൊതുധാരണ. വ്യത്യസ്ത മരുന്നു കൂട്ടുകളില്‍ പഴയ ആയുര്‍വേദ ഗ്രന്ഥങ്ങളുടെ പേരുകള്‍ പ്രദര്‍ശിപ്പിച്ച് ഇത് ആധികാരികമാണ് എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് കാണാം. ആ മരുന്നു കൂട്ടുകള്‍ അവകാശപ്പെടുന്നതു പോലെ ഗുണം ചെയ്യുന്നുണ്ടോ എന്ന എന്തെങ്കിലും ശാസ്ത്രീയ പഠനം എവിടെയെങ്കിലും നടക്കുന്നതായി അറിയില്ല.

എന്നു മാത്രമല്ല, ആ പഴയ ഗ്രന്ഥവരികളില്‍ അക്കാലത്തെ അറിവുകള്‍ വെച്ച് പറഞ്ഞു പോയ മരുന്നുകൂട്ടുകള്‍ എതിരാളികള്‍ തെറ്റിക്കുന്നതായും അതിനാല്‍ ആ വരികള്‍ കടുകിട തെറ്റിക്കാത്ത തന്റെ കമ്പനിയുടെ മിശ്രണമാണ് ആധികാരികം എന്നും സ്ഥാപിക്കാനാണ് ഓരോ ആയുര്‍വേദ വൈദ്യന്‍മാരും കമ്പനികളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു ശാസ്ത്ര ശാഖയായി ഇവര്‍ തന്നെ ഇവരുടെ വൈദ്യശാഖകളെ അംഗീകരിക്കുന്നില്ല. പകരം അണുവിട മാറ്റാന്‍ പാടില്ലാത്ത സിദ്ധാന്തങ്ങള്‍ അഥവാ ഒരുതരം മതശാസനകളാണിവര്‍ക്ക് അതെല്ലാം. മനുഷ്യ ശരീരം വെച്ച് കളിക്കുന്ന ഈ മാരക ഗെയിമുകളില്‍ ഒരു വിധം സാമാന്യ ബോധമുള്ളവരൊന്നും തലവെക്കാത്തതിനു കാരണവും ഇതു തന്നെയാണ്.

ആയുര്‍വേദത്തിന്റെ പഞ്ചഭൂത – ത്രിദോഷ- അഷ്ടാംഗ സിദ്ധാന്തങ്ങള്‍ . അക്കാലത്തെ മികച്ച അറിവായിരുന്നു. പക്ഷേ അതിനു ശേഷമാണ് ജൈവലോകവും അജൈവലോകവും നിലനില്‍ക്കുന്നതിന്റെ ഏതാണ്ടെല്ലാ ശാസ്ത്രീയധാരണകളും മനുഷ്യര്‍ക്ക് നേടാന്‍ സാധിച്ചത്. അതൊന്നുമില്ലാത്ത കാലത്തുണ്ടായതായതിനാല്‍ ആയുര്‍വേദത്തിന് അതിനെയൊന്നും അടിസ്ഥാനമാക്കാനായില്ല എന്നത് സ്വാഭാവികം മാത്രമായിരുന്നു.

അവസാനമായി ഒരു കാര്യം കൂടി . ഈ ലേഖകന്‍ അലോപ്പതിയുടെയോ മറ്റേതെങ്കിലും വൈദ്യശാസ്ത്ര ശാഖയുടെയോ വക്താവല്ല. ഭൂരിഭാഗം അസുഖങ്ങള്‍ക്കും അലോപ്പതിയെത്തന്നെ ആശ്രയിക്കുമ്പോഴും ഇതര വൈദ്യശാസ്ത്ര ശാഖകളെയാണ് പല സന്ദര്‍ഭങ്ങളിലും ആശ്രയിക്കേണ്ടതെന്ന് കരുതുകയും ചെയ്യുന്നു.

വാക്‌സിന്‍ വിരോധത്തിന്റെയും കോവിഡ് മഹാമാരിയുടെ ദുരന്തമുഖത്തും സമാന്തര വാട്‌സപ്പ് വൈദ്യ ചികിത്സകളില്‍ വിശ്വാസമര്‍പ്പിച്ച് അപകടങ്ങള്‍ വരുത്തി വെക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ചിലത് കുറിച്ചുവെന്നേയുള്ളു. അലോപ്പതിയുടെ അമിതാശ്രയം വരുത്തി വെക്കുന്ന വിനകളെക്കുറിച്ചും സമാന്തര വൈദ്യത്തിന്റെ വ്യത്യസ്ത ധാരകള്‍ക്ക് സാമൂഹികവും രാഷ്ട്രീയവും നൈതികവുമായ വലിയ പ്രസക്തികളുണ്ടെന്നും ബോധ്യമുണ്ട്.
താരാശങ്കറിന്റെ ആരോഗ്യനികേതന്‍ പോലുള്ളവ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട് . എന്നാല്‍ അത് വിശദീകരിക്കേണ്ട സന്ദര്‍ഭം ഇതല്ല എന്ന് കരുതുന്നു എന്നു മാത്രം.
.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply