എന്തുകൊണ്ട് മലയാളി പുരുഷന്മാര്‍ പ്രണയത്തിന്റെ പേരില്‍ കൊലപാതകികളാകുന്നു? – അരവിന്ദ് ഇന്‍ഡിജനസ്

കേരളത്തിലെ പൊതുബോധത്തിനകത്തു മധ്യവര്‍ഗ പിന്നോക്ക സമൂഹങ്ങളിലെ സ്ത്രീകളുടെ ഇടയില്‍ വളരെ പതുക്കെ നടക്കുന്ന ഒരു സാമൂഹിക മാറ്റമായി വേണം ഇതിനെ ബോധ്യപ്പെടുവാന്‍. മുമ്പ് സൂചിപ്പിച്ച സ്ത്രീ മുന്നേറ്റങ്ങളും വ്യക്തി ജീവിതത്തില്‍ സ്ത്രീകളുടെ ജീവിത പരിസരങ്ങളില്‍ ഉണ്ടായിട്ടുള്ള പുരോഗമനപരമായ മാറ്റവും പരസപരം ത്വരിതപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയുന്നു. തങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ ഏതൊരു സാധാരണക്കാരിയായ സ്ത്രീയും തങ്ങളുടെ സ്വതന്ത്രമായ നിലപാടുകള്‍ ശക്തമായി ഉയര്‍ത്തിപിടിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് ഈ കൊലപാതകങ്ങള്‍ നമുക്ക് തെളിയിച്ചു തരുന്നത്.

 

അടുത്തകാലത്തായി പ്രണയത്തിന്റെ പേരില്‍ സ്ത്രീകള്‍ ക്രൂരമായി കൊലചെയ്യപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ദേശവ്യാപകമായി പ്രണയം നിഷേധിക്കുന്നതിന് പേരില്‍ സ്ത്രീകളുടെ നേരെ ആസിഡ് ആക്രമണങ്ങളും കയ്യേറ്റങ്ങളും മുമ്പുണ്ടായിരുന്നു. ഇപ്പോള്‍ കേരളത്തിലും ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇതൊരു പുതിയ സാമൂഹിക പ്രശ്‌നമായി പരിഗണിക്കേണ്ടതുണ്ട്. സ്ത്രീകള്‍ പ്രണയം നിഷേധിക്കുന്നതുകൊണ്ട് ക്രൂരമായി കൊല്ലപ്പെടുന്നത് ഗൗരവതരമായ ഒരു പ്രശ്‌നമായി തന്നെ കരുതേണ്ടതുണ്ട്. ഏറ്റവും സാധാരണക്കാരായ സ്ത്രീകളാണ് കൊല്ലപ്പെടുന്നവര്‍. പെട്ടെന്നു സമൂഹത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള ആളുകള്‍ വര്‍ധിക്കുന്നു എന്ന് കരുതാനാകില്ല. ക്രിമിനല്‍ സ്വഭാവം സമൂഹത്തില്‍ പെട്ടെന്ന് ഒരു കാലഘട്ടത്തില്‍ വര്‍ധിക്കുകയില്ല. സ്ത്രീകള്‍ ഇത്തരത്തില്‍ പ്രണയത്തിന്റെ പേരില്‍ കൊലപാതകം ചെയ്യപ്പെടുന്നതിന് മറ്റുകാരണങ്ങള്‍ ഉണ്ട്. അതെന്താണെന്നു പരിശോധിക്കുകയാണിവിടെ.

സൂചിപ്പിച്ചതുപോലെ ക്രിമിനല്‍ സഭാവമുള്ള ആളുകള്‍ സമൂഹത്തില്‍ ഒരു പ്രത്യേക സമയത്തു വര്‍ധിച്ചു വരുന്നതുകൊണ്ടല്ല ഈ കൊലപാതകങ്ങള്‍ സംഭവിക്കുന്നത്. മറിച്ചു, ഏതൊരു സാധാരണക്കാരനായ പുരുഷനെയും ക്രിമിനലാക്കാന്‍ കഴിയുന്ന ഒരു സവിശേഷത കേരളത്തിലെ മധ്യവര്‍ഗത്തിന്റെ പ്രണയബന്ധങ്ങളില്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതുകൊണ്ടാണ്. മലയാളി സമൂഹത്തിനുള്ളില്‍ വിവാഹമോചനങ്ങള്‍ക്കുണ്ടായ വര്‍ധനയുമായി ഇതിനെ ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. 2012 നു ശേഷം വിവാഹമോചനങ്ങളില്‍ ഏകദേശം 350% വര്‍ധന 2016 വരെയുള്ള വര്‍ഷങ്ങളില്‍ ഉണ്ടായി. നിലവില്‍ അതിന്റെ തോത് അതിലേറെ സ്വാഭാവികമായി വര്‍ധിച്ചിരിയ്ക്കാം. അതിന്റെ സുപ്രധാനമായ കാരണമായി അക്കാലത്തെ സാമൂഹിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത് സ്ത്രീകള്‍ സമൂഹത്തില്‍ നേടിയെടുക്കുന്ന സാമൂഹിക അധികാരത്തിന്റെ ലക്ഷണമായിട്ടാണ്. സ്ത്രീകള്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹികമായും മുന്നേറുന്നത് കുടുംബബന്ധങ്ങളില്‍ മാത്രമല്ല എല്ലാ സാമൂഹിക ബന്ധങ്ങളിലും അവരുടെ തീരുമാനമെടുക്കാനുള്ള കഴിവ് വര്‍ധിപ്പിച്ചിരിക്കുന്നു. ഈ മാറ്റം മധ്യവര്‍ഗ സ്ത്രീകളില്‍ മാത്രമല്ല പിന്നോക്ക സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും വരുന്ന സ്ത്രീകളില്‍കൂടി പ്രകടമാണ്.

മികച്ച വിദ്യാഭ്യാസം, തൊഴില്‍ സാഹചര്യങ്ങള്‍, മെച്ചപ്പെട്ട വേതനം എന്നിവയെല്ലാം സ്ത്രീകള്‍ നേടിയെടുക്കുന്നതിന് ലക്ഷണങ്ങള്‍ കുടുംബബന്ധങ്ങളില്‍ സാമൂഹ്യ ബന്ധങ്ങളിലെല്ലാം വ്യക്തമാകുന്നത് ഇങ്ങനെ മാത്രമല്ല. സ്ത്രീകള്‍ നമ്മുടെ ഇടയില്‍ നടത്തിയ സാമൂഹികമായ മുന്നേറ്റങ്ങളെക്കൂടി ആ നിലക്ക് പരിശോധിക്കേണ്ടതുണ്ട്. ഈ അടുത്തകാലത്തായി സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ സാമൂഹിക മുന്നേറ്റങ്ങളെ ഈ പരിശോധനയില്‍ ഉള്‍ക്കൊള്ളിക്കേണ്ടത് ആ നിലക്ക് അനിവാര്യമാണ്.

1. കേരളത്തിലെ അസംഘടിത സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഉയര്‍ന്നു വന്ന പെണ്‍കൂട്ട്

2. അവര്‍ നേതൃത്വം നല്‍കിയ മൂത്രപുര സമരം

3. കേരളത്തിലെ ടെക്സ്റ്റയില്‍ മേഖലയില്‍ പടര്‍ന്നു പിടിച്ച പെണ്‍കൂട്ട് നേതൃത്വം നല്‍കിയ ഇരിപ്പു സമരം

4. സ്ത്രീ സമൂഹം ഏറ്റവും കൂടുതല്‍ തൊഴിലെടുക്കുന്ന നഴ്‌സിംഗ് തൊഴിലാളികള്‍ നടത്തിയ സമരം

5. മൂന്നാറിലെ ഏറ്റവും പിന്നോക്ക സമൂഹമായ തോട്ടം തൊഴിലാളി സ്ത്രീകള്‍ നടത്തിയ പെന്പിളൈ ഒരുമൈ മുന്നേറ്റം

6. കേരളത്തിലെ ആകെ മൊത്തം കാമ്പുസുകളില്‍ ഹോസ്റ്റല്‍ സമയം പുനര്‍ക്രമീകരിക്കുന്നതിനായി വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ അങ്ങോളമിങ്ങോളം നടന്ന ‘ബ്രേക്ക് ദി കര്‍ഫ്യൂ’ എന്ന മുന്നേറ്റം

7. ദശാബ്ദങ്ങളായി കാത്തലിക് സഭ എന്ന വലിയ അധികാര സംവിധാനത്തിന്റെ പുരുഷാധിപത്യത്തെയും ചൂഷണത്തെയും ചോദ്യം ചെയ്തു ഉയര്‍ന്നു വന്ന കന്യാസ്ത്രീകളുടെ സമരം

8. സിപിഎം എന്ന അധികാര സംവിധാനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ചിത്രലേഖയുടെ പോരാട്ടം

9. സ്ത്രീകളുടെ ശക്തമായ സാന്നിധ്യം കൊണ്ട് കേരളത്തിന്റെ പൊതുബോധത്തെ പിടിച്ചു കുലുക്കിയ ‘കിസ് ഓഫ് ലവ്’ മുന്നേറ്റം

10. 2009 മുതല്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രൈഡ് മാര്‍ച്ചുകള്‍

11. കാലങ്ങളായി അടിച്ചമര്‍ത്തലും ചൂഷണവും നേരിട്ട മലയാള സിനിമയിലെ നടിമാരുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന ‘വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ്’

12. തന്റെ വിശ്വാസത്തിനുവേണ്ടി ഹാദിയ നടത്തിയ സമാനതകളില്ലാത്ത നിലപാടിന്റെ പോരാട്ടം

13. ദളിത് സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ ”മീ ടൂ” മുന്നേറ്റം

14. ഏറ്റവുമൊടുവില്‍ ബ്രഹ്മണ്യത്തിനെതിരെ ശബരിമലയില്‍ ബിന്ദു അമ്മിണിയും കനകദുര്‍ഗയും നടത്തിയ പോരാട്ടം

15. സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ച സംഘപരിവാറിനെത്തിയ സംഘടിപ്പിക്കപ്പെട്ട വനിതാമതില്‍

ഈ കഴിഞ്ഞ കാലഘട്ടത്തില്‍ അതായതു ഒരു പത്തുവര്‍ഷത്തിനിടയിലും സ്ത്രീകളുടെ നേതൃത്വത്തില്‍ ഉണ്ടായിട്ടുള്ള സാമൂഹിക മുന്നേറ്റങ്ങളാണിവ. സമൂഹത്തിലെ ഉയര്‍ന്ന സാമൂഹിക വിഭാഗങ്ങളില്‍ നിന്ന് മുതല്‍ ഏറ്റവും താഴെ തട്ടില്‍ വരെ ഉള്ള സ്ത്രീകള്‍ സംഘടിതമായും ഒറ്റക്കും തങ്ങളുടെ പ്രശ്‌നങ്ങളെ കേരളത്തിന്റെ പൊതുബോധത്തിനു മുന്നില്‍ ചര്‍ച്ചക്ക് വച്ചിട്ടുണ്ട്. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചെറുതും വലുതും സൂക്ഷമവുമായ കരുത്തുറ്റ സ്ത്രീ മുന്നേറ്റങ്ങള്‍ ഏറ്റവും സാധാരണക്കാരായ സ്ത്രീകളിലേക്ക് വരെ എത്തപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളും നവമാധ്യമങ്ങളും നവ സിനിമകളും ഈ മുന്നേറ്റത്തില്‍ അവരുടേതായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഈ സാമൂഹിക മുന്നേറ്റങ്ങള്‍ എല്ലാം തന്നെ അവരുടെ തൊഴിലിടങ്ങളുടെ പിന്നോക്കാവസ്ഥയില്‍ കാര്യമായ മാറ്റമെങ്കിലും വരുത്തിയിട്ടുണ്ട്. അവരുടെ സാമ്പത്തിക സാഹചര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സാഹചര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്തിനേറെ പറയുന്നു കുടുംബങ്ങള്‍ക്കകത്തുപോലും സ്ത്രീകള്‍ തീരുമാനമെടുക്കുന്നതിന് പങ്കെടുക്കുവാന്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് ബോധ്യപ്പെടുന്നത്. ഇതിനെ കുടുംബബന്ധങ്ങളിലെ വ്യക്തിബന്ധങ്ങളിലും വരെ തടയുവാനായി നമ്മുടെ സമൂഹത്തിലെ അധീശത്വബോധം പുതിയ വാക്കുകള്‍ സൃഷ്ടിക്കുന്നു എന്നുപോലും ചെറിയ മാറ്റമല്ല. സ്ലീവ്ലെസ് ഫെമിനിസമെന്നും, സൊസൈറ്റി ലേഡിയെന്നുമുല്ല പഴയകാല അധിക്ഷേപങ്ങളും കുറച്ചു കാലഘട്ടങ്ങള്‍ക്ക് ശേഷം തിരിച്ചുവന്നത് ഫെമിനിച്ചി എന്ന പേരിലാണ്. എത്രമാത്രം അധീശത്വം ഈ സമൂഹത്തില്‍ നിലനില്കുന്നതുകൊണ്ടാണ് അങ്ങനെ ഒരു വാക്ക് പൊതുസമൂഹത്തില്‍ വീണ്ടും പ്രയോഗിക്കപ്പെടുന്നത്.ഫെമിനിച്ചി എന്ന വാക്ക് നമ്മുടെ കുടുംബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലും ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. സ്വതന്ത്രമായ എല്ലാ നിലപാടിനെയും അത് റദ്ദു ചെയുന്നുണ്ട്. എന്നാല്‍ ഇത്തരം വെര്‍ബല്‍ അബ്യുസുകളെയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ഇവിടുത്തെ ഓരോ സ്ത്രീയും തങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ നിലപാടെടുക്കുന്നത് എന്നാണ് ഈ ഉയര്‍ന്ന സാമൂഹിക മുന്നേറ്റങ്ങളും വിവാഹമോചന തോതും സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ ശക്തമായ നിലപാടുകള്‍ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കാരണമാകുകയും അതുപോലെ തന്നെ തിരിച്ചു സാമൂഹിക മുന്നേറ്റങ്ങള്‍ തിരിച്ചു പൊതു സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ സ്ത്രീകള്‍ക്കും ശക്തമായ നിലപാടുകള്‍ എടുക്കുന്നതിനുള്ള ആത്മവിശ്വാസം നല്‍കുകയും ചെയുന്നുണ്ട് എന്നതാണ് വാസ്തവം.

ഈ അടിസ്ഥാന നിലപാടുകളില്‍ നിന്ന് വേണം നിലവില്‍ നമ്മുട സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ പ്രണയത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ പരിശോധിക്കുവാന്‍. കൊല്ലപ്പെടുന്ന സ്ത്രീകളെല്ലാം പ്രതികളോടോ അക്രമികളോടോ വഴങ്ങിക്കൊടുക്കുവാന്‍ തയ്യാറായിരുന്നില്ല. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ അരുത് അല്ലെങ്കില്‍ NO എന്ന് പറയേണ്ട സന്ദര്‍ഭങ്ങളില്‍ അവരെല്ലാം ശക്തമായി അത് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപടിന്റെ പേരിലാണ് അവര്‍ കൊല്ലപ്പെടുന്നത്. പ്രണയം നിശേഷിക്കുന്നതിന്റെ പേരില്‍ മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ ഇതുപോലെ ക്രൂരമായി കൊല്ലപ്പെട്ടിരുന്നുവോ എന്നത് സംശയകരമാണ്. അതിക്രമങ്ങള്‍ എല്ലാകാലവും ഉണ്ടായിരുന്നെങ്കിലും പ്രണയത്തിന്റെ പേരില്‍ ഇത് കൊലപാതകങ്ങള്‍ അത്ര സ്വാഭാവികമായിരുന്നില്ല. ഇത് തെളിയിക്കുന്നത് സമൂഹത്തില്‍ പൊട്ടന്‍ഷ്യല്‍ ക്രിമിനലുകള്‍ വര്‍ധിച്ചു എന്നല്ല. മറിച്ചു മുമ്പ് പറഞ്ഞതുപോലെ യുവാക്കളുടെ വ്യക്തിബന്ധങ്ങള്‍ക്കിടയില്‍ ഏറ്റവും സാദാരണക്കാരനായ പുരുഷനെപോലും ക്രിമിനലാക്കാന്‍ കഴിയുന്ന ഒരു മാറ്റം സംഭവിച്ചിട്ടുണ്ട് എന്നാണ്. സാമൂഹിക മുന്നേറ്റങ്ങളെയും സ്ത്രീകള്‍ സമൂഹത്തില്‍ നേടിയെടുത്ത പുരോഗമനപരമായ സാമൂഹിക സൂചികകളെയും പരിഗണിച്ചു പരിശോധിക്കുമ്പോള്‍ അതു വ്യക്തമാകും. വ്യക്തിബന്ധങ്ങളില്‍ സ്ത്രീകള്‍ തീരുമാനമെടുക്കുന്നതിന് തോത് മുന്‍കാലങ്ങളെ അപേക്ഷിച്ചു വര്‍ധിച്ചിരിക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ചു ഭീഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിക്കൊടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിരിക്കുന്നു. തങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ വഴങ്ങികൊടുക്കേണ്ടതായ ആവശ്യമില്ലെന്നു സ്ത്രീകള്‍ക്ക് ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതിനനുസരിച്ചു അവര്‍ നിലപാടുകളെടുക്കുന്നു. സ്ത്രീകളുടെ വഴങ്ങികൊടുക്കാത്ത ഈ ശക്തമായ നിലപാട് അംഗീകരിക്കാനാവാത്ത പുരുഷനാണ് ക്രിമിനലാകുന്നത്. പുരുഷന്മാര്‍ എല്ലാ കാലത്തും സാമൂഹികമായ ബോധ്യങ്ങളില്‍ മാറ്റമില്ലാതെ തുടരുകയും എന്നാല്‍ സ്ത്രീകള്‍ തങ്ങളുടെ വ്യക്തിപരമായ അവകാശങ്ങളെക്കുറിച്ചു ബോധമുള്ളവരായി മാറുകയും ചെയുന്നു എന്നതാണ് പ്രാഥമികമായ വസ്തുത.

കേരളത്തിലെ പൊതുബോധത്തിനകത്തു മധ്യവര്‍ഗ പിന്നോക്ക സമൂഹങ്ങളിലെ സ്ത്രീകളുടെ ഇടയില്‍ വളരെ പതുക്കെ നടക്കുന്ന ഒരു സാമൂഹിക മാറ്റമായി വേണം ഇതിനെ ബോധ്യപ്പെടുവാന്‍. മുമ്പ് സൂചിപ്പിച്ച സ്ത്രീ മുന്നേറ്റങ്ങളും വ്യക്തി ജീവിതത്തില്‍ സ്ത്രീകളുടെ ജീവിത പരിസരങ്ങളില്‍ ഉണ്ടായിട്ടുള്ള പുരോഗമനപരമായ മാറ്റവും പരസപരം ത്വരിതപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയുന്നു. തങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ ഏതൊരു സാധാരണക്കാരിയായ സ്ത്രീയും തങ്ങളുടെ സ്വതന്ത്രമായ നിലപാടുകള്‍ ശക്തമായി ഉയര്‍ത്തിപിടിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് ഈ കൊലപാതകങ്ങള്‍ നമുക്ക് തെളിയിച്ചു തരുന്നത്. കൊല്ലപ്പെടുന്ന ഓരോ സ്ത്രീയും വ്യക്തിബന്ധങ്ങളിലെ അവരുടെ നിലപാടുകളുടെ പേരിലാണ് ജീവന്‍ കളയുന്നത്. ഇതെല്ലം തെളിയിക്കുന്നത് നമ്മുടെ സമൂഹമിപ്പോള്‍ കടന്നുപോയികൊണ്ടിരിക്കുന്നത് സൂക്ഷമമായി ഒരു സ്ത്രീ കീഴാള വിപ്ലവത്തിലൂടെയാണ്. അത് വളരെ സൂക്ഷമമാണ്. നമുക്കിടയില്‍ അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. മുമ്പ് പറഞ്ഞ സ്ത്രീ മുന്നേറ്റങ്ങളുടെ സൂക്ഷമായ ഒരു തുടര്‍ച്ചയാണത്. തെരുവില്‍ അകത്തളങ്ങളില്‍ പ്രണയത്തിന്റെ പേരില്‍ പിടഞ്ഞുവീണു മരിക്കുന്ന ഓരോ സ്ത്രീയും ഈ സാമൂഹിക മുന്നേറ്റത്തിലെ രക്തസാക്ഷികളാണ്. അവരുടെ മരണങ്ങളെ മഹത്വവല്‍ക്കരിക്കലല്ല. സൂക്ഷമായി പരിശോധിക്കുകയാണ് വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis, Kerala | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply