തമിഴ്-മലയാളം യുവ സിനിമകള്‍ എന്തുകൊണ്ട് വ്യത്യസ്തമാകുന്നു?
കഴിഞ്ഞ കുറച്ചു മാസങ്ങളുടെ കണക്കെടുത്താല്‍ അനേകം യുവ സംവിധായകര്‍ക്ക് ഒടിടി പ്ലാറ്റുഫോമുകള്‍ വഴി അവരുടെ സിനിമകള്‍ കാണികളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കാണാം. താരങ്ങളെ ആശ്രയിക്കാതെ പുതിയ അഭിനേതാക്കളെ വെച്ചുതന്നെ തങ്ങളുടെ പ്രമേയങ്ങള്‍ സിനിമകളാക്കാന്‍ യുവാക്കള്‍ക്ക് സാധിക്കുന്നുണ്ട്. തികച്ചും താര പ്രൗഢിയില്‍ നിര്‍മ്മിച്ച പടങ്ങള്‍ പോലും ആ വഴിക്കു വരാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഈ യുവ സംവിധായകര്‍ എടുക്കുന്ന പടങ്ങളുടെ പൊതുസ്വഭാവങ്ങള്‍ അന്വേഷിച്ചു പോകുമ്പോഴാണ് നമ്മള്‍ ഒന്നിരുന്നു ചിന്തിക്കേണ്ട അവസ്ഥയുണ്ടാകുന്നത്. ഈ അന്വേഷണം തുടങ്ങേണ്ടത് മലയാളത്തിലല്ല, തമിഴിലാണ് എന്നതാണ് ഒരു വൈചിത്ര്യം.
ഒടിടി പ്ലാറ്റ്‌ഫോമില്‍ പുറത്തു വന്ന ജയ് ഭീം എന്ന തമിഴ് സിനിമയാണ് പ്രശ്‌നഹേതു. നമുക്കിപ്പോള്‍ അറിയാം, ഓണ്‍ലൈന്‍ ചലച്ചിത്രങ്ങളുടെ ജനകീയതയുടെ ബെഞ്ച്മാര്‍ക്ക് ആയ IMDb (ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്) യില്‍ ജയ് ഭീം ഇപ്പോള്‍ ഗ്ലോബല്‍ തലത്തില്‍ തന്നെ ഒന്നാം സ്ഥാനത്താണെന്ന് The Shawshank Redemption , Godfather എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് ജയ് ഭീം ഈ സ്ഥാനത്തു എത്തിയിട്ടുള്ളത്.
ജയ് ഭീം പറയുന്ന കഥ, പക്ഷെ, തമിഴ്‌നാട്ടില്‍ നടന്ന ഒരു ലോക്കപ്പ് കൊലപാതകത്തിന്റെയും അതില്‍ ദാരുണമായി കൊല്ലപ്പെട്ട ഇരുള വിഭാഗത്തില്‍ പെട്ട യുവാവിന്റെ വിധവ നീതിക്കുവേണ്ടി പോരാടുന്നതിന്റെയും കഥയാണ്. അതില്‍ സത്യം പുറത്തു കൊണ്ടുവരാന്‍ അവളെ സഹായിക്കുന്നതു മാര്‍ക്‌സ്, പെരിയാര്‍, അംബേദ്കര്‍ എന്നിവരുടെ ആശയങ്ങളാല്‍ പ്രചോദിതനായ ഒരു വക്കീലാണ്. ഇത് 1993 ല്‍ നടന്ന കഥയാണെന്നും കേസ് വാദിച്ച വക്കീല്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു എന്നും അദ്ദേഹത്തെ 1998 ല്‍ പാര്‍ട്ടിയില്‍ നിന്ന് പറത്താക്കിയതാണ് എന്നതുമൊക്കെ ചരിത്രമാണ്. ഒരു പൈസ പോലും വാങ്ങാതെയാണ് അദ്ദേഹം ഈ കേസ് വാദിച്ചത് എന്നും, പിന്നീട് ജഡ്ജിയായ അദ്ദേഹം ഒരു ലക്ഷത്തോളം വരുന്ന കേസുകള്‍ തീര്‍പ്പാക്കിയിരുന്നു എന്നും നമുക്കറിയാം.
ഇത്രയും തീക്ഷ്ണമായ ഒരു വിഷയമാണ് താര നടനായ സൂര്യ നിര്‍മ്മിക്കുകയും ജ്ഞാനവേല്‍ സംവിധാനം ചെയ്യുകയും സൂര്യ തന്നെ വക്കീലിന്റെ വേഷമിടുകയും ചെയ്ത ഈ ചിത്രം കൈകാര്യം ചെയ്തത്. ഇതിനു മുന്നോടിയായി തമിഴിലെ യുവ സംവിധായകരുടെ ഒരു പറ്റം തമിഴ് സിനിമകള്‍ വന്നു കഴിഞ്ഞിരുന്നു, എല്ലാം തമിഴ് നാട്ടിലെ ജാതിപ്രശ്‌നത്തെ മുന്‍നിര്‍ത്തിയുള്ള സിനിമകള്‍.
ഈ പശ്ചാത്തലത്തിലാണ് മലയാളത്തിലെ യുവ സംവിധായകരുടെയും തമിഴ് യുവ സംവിധായകരുടെയും സിനിമകള്‍ തമ്മില്‍ വ്യത്യാസപ്പെടുന്നത് എങ്ങനെയാണെന്ന് നമ്മള്‍ കാണേണ്ടത്. ‘തിങ്കളാഴ്ച നിശ്ചയം’ വരെ എത്തിനില്‍ക്കുന്ന മലയാള യുവ സംവിധായകരുടെ സിനിമകളില്‍ കാണുന്ന പ്രമേയങ്ങളൊക്കെ തന്നെ ചില പ്രത്യേക താല്‍പര്യങ്ങള്‍ക്കു വിധേയമായി ഇടത്തരം മധ്യവര്‍ഗ മലയാളികള്‍ വിഹരിക്കുന്ന ഒരു സവര്‍ണ പരിസരത്തു തന്നെ ചുറ്റിക്കറങ്ങുന്നവയാണ് (കഥാപാത്രങ്ങള്‍ ഏതു മതമാണെന്നു നോക്കിയിട്ടു കാര്യമില്ല. മധ്യവര്‍ഗ മതമാണ് അവരുടെ മതം.) ഉദാ: ജോജി, ആര്‍ക്കറിയാം, ഗ്രേറ്റ്ഇന്ത്യന്‍ കിച്ചന്‍, നായാട്ട്, ആണും പെണ്ണും, സണ്ണി മുതലായവ. പ്രണയം, കുടുംബം, സമുദായ അന്തസ്സ് എന്നീ കുറ്റികള്‍ക്ക് ചുറ്റുമാണ് അവ കറങ്ങുന്നതു. വേറെ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇവര്‍ക്ക് ഇല്ലാത്തപോലെയാണ്. ഈ ചങ്ങലയുടെ ഇങ്ങേയറ്റം അലങ്കരിക്കുന്നത് കനകം, കാമിനി, കലഹം എന്ന പടമാണ്. കഥയ്‌ക്കൊരു വിഷയം പോലുമില്ലാത്ത തരത്തിലാണ് ആശയദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടുന്ന ഈ പടം. അതേസമയം, ഇതേ രീതിയില്‍, ഇതേ മാധ്യമം ഉപയോഗിച്ച് കൊണ്ട് ഉയര്‍ന്നുവരുന്ന തമിഴ് യുവ സംവിധായകരുടെ പടങ്ങള്‍ പൊതുവെ ഇത്തരം പ്രമേയങ്ങള്‍ അല്ല, സവര്‍ണ വിരുദ്ധ നിലപാടുകളാണ് എടുക്കുന്നത്. പരിയേറും പെരുമാള്‍, കര്‍ണന്‍, സര്‍പ്പട്ട പരമ്പരയ്, അസുരന്‍, മാടത്തി, ജയ് ഭീം എന്നിവ ചില ഉദാഹരണങ്ങള്‍.
ഇത് കേട്ടാലുടന്‍ കേരളത്തില്‍ ജാതിയില്ല, അതൊക്കെ അന്തക്കാലം എന്ന് പറയുന്ന അധികം നിഷ്‌കളങ്കതയൊന്നുമില്ലാത്ത കുറെ ആള്‍ക്കാര്‍ ചാടി വീഴും. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന കുറച്ചു പേര് അതിനോട് ചേരും. നവോത്ഥാനത്തോടെ കേരളത്തില്‍ എല്ലാവരും ഒന്നായി എന്ന് പറയുന്ന നിഷ്‌ക്കളങ്കരും ഇക്കൂട്ടത്തില്‍ അണി ചേരും. ജാതി പ്രകടമാവുന്ന, ജാതി കൊലപാതകങ്ങള്‍ വരെയെത്തുന്ന. പോലീസ് മേല്ജാതിക്കാരുടെ പക്ഷം പിടിക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ ഉണ്ടായാലും ഇവര്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ഈ വിഭാഗങ്ങളില്‍ നിന്ന് വരുന്ന യുവ സംവിധായകര്‍ക്ക് ഇതൊന്നും സിനിമയ്ക്ക് വിഷയമാക്കാന്‍ പറ്റിയ പ്രമേയങ്ങള്‍ അല്ലാതാവുന്നതു വെറുതെയല്ല. (ഞാന്‍ ഒരു പൊതു ട്രെന്‍ഡിന്റെ കാര്യമാണ് പറയുന്നത്. ഒറ്റപ്പെട്ട സംവിധായകരെയോ അവരുടെ സിനിമകളെകുറിച്ചോ അല്ല. സിനിമയ്ക്ക് വേണ്ടിത്തന്നെ സിനിമയെടുക്കുന്ന സംവിധായകര്‍ വേറെയുണ്ട്. അവരെ കുറിച്ചുമല്ല ഈ കുറിപ്പ്. ഉദാ: ചുരുളി എന്ന സിനിമയേക്കുറിച്ചു ഒരു പ്രബന്ധം തന്നെ എഴുതാനുണ്ട്. അതും ഈ കുറിപ്പിന്റെ പരിധിയില്‍ വരുന്നില്ല.)
തമിഴ് പരിസരമല്ല മലയാളത്തിന്റേതു എന്നതും ഒരു ഒഴികഴിവായി പറയുന്നുണ്ട്. ഇതു എല്ലാവര്‍ക്കുമെന്ന പോലെ എനിക്കും അറിയാം. തമിഴ് രാഷ്ട്രീയമല്ല കേരള രാഷ്ട്രീയം എന്നതും ഏവര്‍ക്കും (എനിക്കും) അറിയാം. വര്‍ഗ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ കേരളത്തിലെ രാഷ്ട്രീയം പൊതുവെ ദളിത് വിരുദ്ധമാണെന്നു ദലിതുകള്‍ പതിവായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യാറുണ്ട്. (ജയ് ഭീം പോലും ദളിത് വിരുദ്ധമാണെന്നു പറയുന്ന മലയാളി / തമിഴ് ബുദ്ധിജീവികളും ഉണ്ട്. കേരളത്തിലെ കമ്മ്യൂണിസ്‌റ് രാഷ്ട്രീയം തന്നെ പൊതുവെ ദളിത് വിരുദ്ധമാണെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.) ഈ സമൂഹ പരിസ്ഥിതിയില്‍ നിന്നുകൊണ്ട് വേണം കേരളത്തിലെ യുവ സംവിധായകരുടെ പടങ്ങളെ കാണാന്‍, അവ എന്തുകൊണ്ട് മേല്‍പ്പറഞ്ഞ പൊതു രീതിയില്‍നിന്ന് വ്യതിചലിക്കാതെ മധ്യവര്‍ഗങ്ങളെ രസിപ്പിക്കാനും ചിരിപ്പിക്കാനുമുള്ള താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമാകുന്നു എന്നത് വിശദീകരിക്കാന്‍ വേണ്ടിയെങ്കിലും.
തമിഴ് രാഷ്ട്രീയത്തില്‍ ആണിവേരായി നില്‍ക്കുന്ന ഒന്നാണ് പെരിയാരുടെ ചിന്തകള്‍, അവയില്‍നിന്ന്, അംബേദ്കറിലേക്കു കടക്കാന്‍ അധികം ദൂരമില്ല. വിടുതലൈ ചിരുതൈകള്‍ കക്ഷി എന്ന പൂര്‍ണമായും ദളിത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിക്ക് പ്രമുഖ സ്ഥാനം നിലനില്‍ക്കുന്ന ഒന്നുകൂടിയാണ് തമിഴ് രാഷ്ട്രീയം. മാത്രമല്ല, കമ്മ്യൂണിസ്റ്റ് ആശയങ്ങളും പെരിയാര്‍/അംബേദ്കര്‍ എന്നിവരുടെ ആശയങ്ങളും കുറച്ചൊക്കെ ഒന്നിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. (ജയ് ഭീം ഇതിനു ഒരുദാഹരണമാണ്.) അതുകൊണ്ടാണ് അവിടെയുള്ള യുവ സംവിധായകരുടെ താല്പര്യങ്ങള്‍ വ്യത്യസ്തമാവുന്നത്.
വീണ്ടും വിശദമാക്കുകയാണെങ്കില്‍ ഈയവസ്ഥയെ ഇങ്ങനെയും കാണാം. ഒരു ഹിന്ദു ദേശീയ പാര്‍ട്ടി ഭരിക്കുന്ന ഇന്ത്യയില്‍, മലയാളി യുവ സംവിധായകരുടെ സിനിമകള്‍ ആ ദേശീയതയ്ക്കും അവരുടെ സവര്‍ണ നിലപാടുകള്‍ക്കും അപ്പുറം പോകുന്നില്ല. പക്ഷെ, തമിഴ് യുവ സംവിധായകരുടെ സിനിമകള്‍ ആ ദേശീയതയ്ക്കു എതിരായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ തന്നെ അവ വടക്കേഇന്ത്യന്‍ ബ്രാഹ്മണിക് സങ്കല്‍പ്പത്തിലെ ഇന്ത്യന്‍ ദേശീയതയെ ചെറുക്കുന്നു, അതിനോട് കലഹിക്കുന്നു. ഫെഡറല്‍ സമൂഹമെന്ന സങ്കല്‍പ്പത്തില്‍ ജീവിക്കുന്ന കേരളത്തിലെ ‘മതനിരപേക്ഷ സമൂഹം’ അതിനാല്‍ തന്നെ ഇന്ത്യന്‍ ദേശീയതയെന്ന സങ്കല്‍പ്പത്തെ മറികടക്കല്‍ തങ്ങളുടെ ദൗത്യമായി കാണുന്നില്ല. ജാതിപ്രശ്‌നത്തെ കുറിച്ചാണെങ്കിലും ഈ തമിഴ് സിനിമകള്‍ യഥാര്‍ത്ഥത്തില്‍ അതാണ് ചെയ്യുന്നത്.
ചുരുക്കത്തില്‍ അന്തസ്സാരശൂന്യമായ പടമെടുപ്പില്‍ നിന്ന് മലയാള യുവ സംവിധായകര്‍ പിന്‍വലിയേണ്ടതുണ്ട്. സാങ്കേതികത്തികവ് കൊണ്ട് മാത്രം ഒരു പടം ഗ്ലോബല്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയില്ല. അതിനു പ്രമേയത്തിന്റെ പിന്‍ബലം ആവശ്യമുണ്ട്. കുടുംബവും പ്രണയവും ആഭിജാത്യവും വിലപ്പോകാത്ത ചരക്കുകളാണ്.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in