എന്തുകൊണ്ട് സിപിഎം, ഭാരത് ജോഡോ യാത്രയെ എതിര്‍ക്കുന്നു?
ബിജെപിയുടെ വെറുപ്പിന്റേയും ഭിന്നിപ്പിന്റേയും രാഷ്ട്രീയത്തെ ചെറുക്കുക എന്നതാണ്, എന്നതുമാത്രമാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് പലവട്ടം രാഹുല്‍ഗാന്ധി വ്യക്തമാക്കിയതാണ്. കഴിഞ്ഞ ദിവസം മറ്റൊരു മറുപടിക്കായി മാധ്യമപ്രവര്‍ത്തകര്‍ ഏറെ ശ്രമിച്ചെങ്കിലും രാഹുലിനു മറ്റൊരു മറുപടി ഉണ്ടായിരുന്നില്ല. സിപിഎമ്മിനോ പിണറായിക്കോ കേരളസര്‍ക്കാരിനോ എതിരെ ഒരു വാക്കെങ്കിലും കിട്ടാനുളള അവരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നിട്ടുപോലും തുടക്കം മുതലെ കേരളത്തിലെ സിപിഎം നേതാക്കളും അണികളും യാത്രക്കെതിരെയുള്ള അക്രമണം തുടരുകയാണ്. ഇപ്പോഴിതാ പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി തന്നെ യാത്രക്കെതിരെ രംഗത്തുവന്നിരിക്കുന്നു. എന്തുകൊണ്ടാണ് ഭാരത് ജോഡോ യാത്ര സിപിഎമ്മിനെ ഇത്രമാത്രം പ്രകോപിതമാക്കുന്നത്?
ഇന്ത്യന്‍ ജനതയെ മത നിരപേക്ഷവും ജനാധിപത്യ പരവുമായി ഏകീകരീക്കുകയും ഫാസിസ്റ്റു ശക്തികളെ ഒററപ്പെടുത്തുകയും ചെയ്യാന്‍ കഴിഞ്ഞാലെ ഹിന്ദുത്വഫാസിസത്തെ അധികാരത്തില്‍ നിന്ന് പുറംതളളാന്‍ സാധിക്കുകയുളളു. അതിന് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ നില ഉറപ്പിക്കുകയും ദുര്‍ബലകേന്ദ്രങ്ങളില്‍ ഉയര്‍ന്നു വരാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. അതിന് കോണ്‍ഗ്രസ് അതിന്റെ ശേഷിയും സാദ്ധ്യതകളും സൗകര്യങ്ങളും വിലയിരുത്തി പ്രയോറട്ടി നിശ്ചയിച്ചുളള പ്രവര്‍ത്തനമാണ് നടത്തേണ്ടത്. എവിടെയൊക്കെ പദയാത്ര നടത്തണം, എപ്പോള്‍ നടത്തണം, എവിടെ പദയാത്ര പ്രായോഗികമല്ല, പദയാത്ര പ്രായോഗികമല്ലാത്ത മേഖലയില്‍ എന്തു പ്രവര്‍ത്തനമാണ് സംഘടിപ്പിക്കേണ്ടത് ഇതെല്ലാം ആ പാര്‍ട്ടിയെടുക്കേണ്ട തീരുമാനമാണ്. അതില്‍ CPM ന് കാര്യമില്ലല്ലോ. പൊന്നു ഉരുക്കുന്നിടത്ത് പൂച്ചക്ക് എന്തു കാര്യം?
ഇവിടെ CPM നെ അലട്ടുന്ന യഥാര്‍ത്ഥ വിഷയം എന്താണ്? കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്രനടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും മതനിരപേക്ഷ ജനാധിപത്യകക്ഷികള്‍ക്ക് ഉത്തേജനം നല്‍കാനും സഹായിക്കും. അത് കേരളത്തില്‍ BJP ക്കും CPMനും ഹിതകരമല്ല. നഷ്ടം ഉണ്ടാക്കും. ഇവിടെ കോണ്‍ഗ്രസ് ക്ഷീണിക്കുകയാണല്ലോ ഈ രണ്ടു കക്ഷികള്‍ക്കും ആവശ്യം. ഒരു സീററില്‍ പോലും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയാത്ത BJP ക്ക്, കോണ്‍ഗ്രസ് കേരളത്തില്‍ ശക്തിപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പിലും ചരിത്രം ആവര്‍ത്തിക്കുമെന്ന ഭയമുണ്ട്. മാത്രമല്ല കോണ്‍ഗ്രസ് വിമുക്ത ഭാരതമാണല്ലോ ലക്ഷ്യം. ഒരു സീറ്റില്‍ പോലും ജയിക്കില്ലെങ്കിലും കോണ്‍ഗ്രസിനെ കഴിയുന്നത്ര സീറ്റുകളില്‍ പരാജയപ്പെടുത്താനും ഫലത്തില്‍ CPM ജയിച്ചാലും കോണ്‍ഗ്രസ് ജയിക്കില്ലെന്ന് ഉറപ്പു വരുത്താനും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അതുകൊണ്ട് ഭാരത് ജോഡോ യാത്രയെ കരിതേച്ചു കാണിക്കാന്‍ അവര്‍ ഉടന്‍ തന്നെ രംഗത്തിറങ്ങുകയായിരുന്നു. ഗോവയില്‍ അഞ്ച് MLA മാരെ വിലക്കെടുക്കല്‍ പരിപാടി ഉചിതമായ സമയം നിശ്ചയിച്ച് നടപ്പാക്കുന്നത് നാം കണ്ടു. (കോണ്‍ഗ്രസിനെ മാത്രമല്ല ഇങ്ങനെ തകര്‍ക്കുന്നത്. ഭീഷണി പെടുത്തിയും വിലക്കെടുത്തും മററു ജനാധിപത്യപാര്‍ട്ടികളെയും തകര്‍ത്തു കൊണ്ടിരിക്കു ന്നു.) ഇത് കോണ്‍ഗ്രസിനെ തളര്‍ത്താന്‍ BJPയും CPMവും പദയാത്രക്കെതിരായ പ്രചരണത്തിന് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
യഥാര്‍ത്ഥത്തില്‍ പദയാത്ര BJP യേക്കാള്‍ ജീവന്മരണപ്രശ്‌നമായിരിക്കുന്നത് CPM നാണ്.അവര്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുമാത്രമാണ് കിട്ടിയത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ CPM പ്രാതിനിധ്യം ഉറപ്പാക്കണമെങ്കില്‍ കേരളത്തില്‍ നിന്ന് ഏതാനും സീറ്റ് കോണ്‍ഗ്രസിനെ തോല്പിച്ച നേടിയെടുക്കണം. അതല്ലാതെ കേരളത്തിനു പുറത്ത് മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ മുമ്പില്‍ കുമ്പിട്ട് യാചിച്ച് ചുരുക്കം സീറ്റുകളില്‍ മത്സരിച്ചു നേടിയെടുക്കണം. ബൂത്തില്‍ പോലും ഇരിക്കാന്‍ ആളില്ലാത്ത അഖിലേന്ത്യാ പാര്‍ട്ടിയാണല്ലോ. ‘കുന്തോം കൊടചക്രവു’മാണല്ലോ കയ്യിലിരിപ്പ്. 2024 ല്‍ ആരെങ്കിലും ലോകസഭ കാണണമെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് കെണിയണം. ഈ രാഷ്ട്രീയലക്ഷ്യത്തോടെ ഭാരത് ജോഡോ യാത്രക്കെതിരെ ഒന്നും പറയാനില്ലാഞ്ഞിട്ടും വെറുവാചപ്പുകയാണ്.
കോണ്‍ഗ്രസ് കേരളത്തില്‍ പദയാത്ര നടത്തുന്നത് ശരിയല്ലെന്നാണ് CPM ഉപദേശിക്കുന്നത്. കുറക്കന്‍ കോഴിയെ ഉപദേശിക്കുന്ന പോലെയുണ്ട്. ഇപ്പോള്‍ കേന്ദ്രനേതൃത്വത്തിന് അഖിലേന്ത്യയില്‍ വിശാലമായി തെണ്ടുന്ന കാര്യവും അടവുനയം പൊളിയാതെ സൂക്ഷിക്കേണ്ട കാര്യവും ഓര്‍മ്മ വന്നു. ഗോവിന്ദന്‍ ഉള്‍പ്പെടെയുളളവരുടെ നാവിന് അല്പം ബ്രയിക്ക് ഇടാന്‍ കേന്ദ്രനേതൃത്വം ഇടപെട്ടുവെന്ന് കേട്ടു. CPM ‘മഹത്തായ ഇടതുപക്ഷ’ മാണെന്നാണ് അവകാശവാദം. ഭരണഘടന പൊളിച്ചടുക്കി മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥ തകര്‍ത്ത് തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിക്കലാണല്ലോ ലക്ഷ്യം. നൂറു കൊല്ലമായി സോവിറ്റ് യൂണിയനിലെ പോലെ തടവറ തീര്‍ക്കാന്‍ സ്വപ്നം കാണുന്നു.
RSS ഉം കമ്മ്യൂണിസ്റ്റുകളും തടവറ തീര്‍ക്കുന്നതിന് അന്നും ഇന്നും എതിരായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്ലാതെ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാന്‍ ഇന്ന് കഴിയില്ലെന്ന് കപട ജനാധിപത്യ വാദികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അറിയാം. ഇന്ത്യയില്‍ എല്ലാ ബൂത്തിലും ഇരിക്കാന്‍ ആളുകളുളള ഏക പ്രതിപക്ഷ പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണല്ലോ. CPM രൂപം കൊണ്ട കാലം മുതല്‍ RSS നെ പോലെതന്നെ കോണ്‍ഗ്രസിന്റെ ‘ഭരണ കുത്തക’ അവസാനിപ്പിക്കാന്‍ പോരാടുകയാണ്. RSS ഉപയോഗിക്കുന്ന വാക്ക് വ്യത്യസ്ഥമാണെന്നു മാത്രം. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്നാണ് അവര്‍ പറയുന്നത്. അതിന് ഉത്സാഹിച്ച് വിലക്കെടുക്കലും ഭീഷണിയും തുടരുന്നു. അന്തം കമ്മികള്‍ ഇതുകണ്ട് സന്തോഷിച്ച് തുളളിച്ചാടുകയാണ്.
കോണ്‍ഗ്രസ് വിമുക്തമാക്കുന്നതിനെപ്പററി CPM ന് ആലോചിക്കാന്‍ ഇപ്പോള്‍ കൂര പൊങ്ങുന്നത് കേരളത്തില്‍ മാത്രമാണ്. ആ പണി ഇടതടവില്ലാതെ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പദയാത്ര കേരളത്തില്‍ നടത്തുന്നതിനെ വിമര്‍ശിക്കാനും അതോടൊപ്പം നാറ്റിക്കാനും ഇറങ്ങിയിരിക്കുന്നത്. ഇത്തരം രാഷ്ട്രീയ താല്‍പര്യം വെച്ചുകൊണ്ട് നൂറു വര്‍ഷമായി കൊണ്ടു നടന്ന അടവുനയ കുതന്ത്രങ്ങളാണ് ഇപ്പോഴും കയ്യില്‍ ഇരി ക്കുന്നത്.പൊളിഞ്ഞ ഒരു തത്വശാസ്ത്രവും കപട ജനാധിപത്യവും കൊണ്ടുളള കളി കേരളത്തില്‍ തുടരുകയാണ്.ഫാസിസം സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കാന്‍ നൂറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷവും അതിനു തന്നെ നൂറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വലതുപക്ഷമായ RSS/BJP യും ഒരുപോലെ ഫാസിസ്റ്റാണല്ലോ. ഒരു കൂട്ടര്‍ മാര്‍ക്‌സിസ്റ്റ് വിശ്വാസത്തെയും മറ്റൊരു കൂട്ടര്‍ ഹിന്ദുമതത്തെയും ഉപയോഗപ്പെടുത്തുന്നു. അതു മാത്രമാണ് വ്യത്യാസം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇടതുപക്ഷമെന്നു വിളിച്ചാലും വലതുപക്ഷമെന്നു വിളിച്ചാലും ഫാസിസം ഫാസിസമാണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍ പറയുന്നത് കോണ്‍ഗ്രസാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്നാണ്. ഇപ്പോഴും ഇടതുപക്ഷമെന്ന വാക്കില്‍ മഹത്വം കാണുന്ന ചിന്താക്കുഴപ്പത്തിലാണ് സതീശന്‍. ഫാസിസത്തിന് മറുമരുന്ന് മത നിരപേക്ഷ ജനാധിപത്യമാണ്. ‘ഇടതുപക്ഷ’മെന്ന് അവകാശപ്പെടുകയും അതിന്റെ കുത്തക അവകാശപ്പെടുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകള്‍ ആധുനിക ശാസ്ത്രയുഗത്തില്‍ കോടിക്കണക്കിനു മനുഷ്യര്‍ മരിക്കുകയും കൊല ചെയ്യപ്പെടുകയും ചെയ്ത മനുഷ്യനിര്‍മ്മിത മഹാദുരന്തമാണ് ലോകത്ത് സൃഷ്ടിച്ചത് .മനുഷ്യസമൂഹത്തിന് തടവറ തീര്‍ത്തവരാണ്. ഇത് വിസ്മരിച്ചു കൊണ്ട് അവര്‍ ധരിക്കുന്ന തൊപ്പിയായ ‘ഇടതുപക്ഷം ‘ കോണ്‍ഗ്രസിന്റെ തലയില്‍ വെച്ചു നടക്കുന്ന കോണ്‍ഗ്രസ് നേതാവ് തിരുത്തുമെന്ന് വെറുതെ പ്രതീക്ഷിക്കുന്നു. എളുപ്പത്തിലൊന്നും തിരുത്തില്ലല്ലോ. കമ്മ്യൂണിസ്റ്റുകളെ ഭയന്ന് 65 വര്‍ഷമായി ഏതാണ്ട് അവരുടെ ട്രാക്കില്‍ സഞ്ചരിച്ച കോണ്‍ഗ്രസിന്റെ നേതാവിന് അവരുടെ കപടവേഷം പിച്ചി ചീന്താന്‍ വേണ്ടത്ര കഴിയുന്നില്ല. ഇവിടെ കമ്മ്യൂണിസ്റ്റുകളെ തുറന്നു കാട്ടി കൊണ്ടു തന്നെ, കേരളത്തിനു പുറത്ത് BJP യെ തോല്‍പ്പിക്കാന്‍ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശത്രൂവിന്റെ ശത്രുവായ CPM നെ ഉപയോഗപ്പെടുത്തുന്നതിനെ കേരളത്തിലെ ജനങ്ങളും മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളും അംഗീകരിക്കും. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ നാം അത് കണ്ടതാണ്.
ഇന്ത്യയെ RSS ന്റെ കയ്യില്‍ എത്തിച്ച കോണ്‍ഗ്രസ് RSS/BJP യുടെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ മതനിരപേക്ഷ ജനാധിപത്യ കക്ഷികളുമായി എന്തു വില കൊടുത്തും കൈ കോര്‍ക്കാന്‍ ബാദ്ധ്യസ്ഥരാണ്. ഈ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായ ചരിത്രപ്രധാനമായ പ്രവര്‍ത്തനത്തിനാണ് ഭാരത് ജോഡോ യാത്രക്ക് നേതൃത്വം കൊടുത്തു കൊണ്ട് രാഹുല്‍ ഗാന്ധിരംഗത്തിറങ്ങിയിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി വിധിയെഴുതാന്‍ എല്ലാവരെയും അണി നിരത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ മഹാത്മഗാന്ധി അതാണ് ചെയ്യാന്‍ ശ്രമിച്ചത്. കോണ്‍ഗ്രസ് സ്വന്തം വീഴ്ചകള്‍ മനസ്സിലാക്കി തിരുത്താനും രാജ്യത്തെ രക്ഷിക്കാനും പോരാടുകയാണ്. ഈ സാഹചര്യത്തില്‍ സ്വയം നിയന്ത്രിക്കാന്‍ CPM കേന്ദ്രനേതൃത്വം തയ്യാറാകുന്നത് ഉചിതം തന്നെ. ശകലം വകതിരിവ് ഉണ്ടായതു പോലെ തോന്നുന്നു. സ്വയംരക്ഷക്കും നല്ലതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in