എന്തുകൊണ്ട് ദലിത് രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയവും ഒന്നിച്ചു പോകില്ല – എസ് എം രാജ്
മാര്‍ക്സിയന്‍ വര്‍ഗ്ഗരാഷ്ട്രീയത്തിന് പരിഹരിക്കാന്‍ പറ്റുന്നതിലും സങ്കീര്‍ണ്ണമാണ് ഇന്ത്യയിലെ ജാതിയധിഷ്ടിത സാമൂഹ്യ വ്യവസ്ഥിതി ഇന്ത്യന്‍ സാഹചര്യത്തില്‍ മുതലാളി എന്നത് ജാതി കൊണ്ടും സമ്പത്തുകൊണ്ടും ഒരു വര്‍ഗ്ഗം ആയപ്പോള്‍ തൊഴിലാളി അങ്ങനെ ഒരു വര്‍ഗ്ഗമായി മാറിയില്ല .ജാതിയും മതവും കൊണ്ട് കൃത്യമായി വേര്‍തിരിക്കപ്പെട്ട ,തടവറയില്‍ അടക്കപ്പെട്ട വിഭാഗങ്ങളായി തൊഴിലാളി അസംഘടിതമായി നിന്നു .ഒരേ സാമ്പത്തിക സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും അവര്‍ അനുഭവിച്ച സാമൂഹ്യ സാഹചര്യങ്ങള്‍ വ്യത്യസ്തം ആയിരുന്നു
കേരളത്തിലെ ദലിത് ജനവിഭാഗങ്ങളില്‍ നല്ലൊരു ശതമാനവും ഇന്നും ഇടതുപക്ഷത്തിനൊപ്പം ആണ് . നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ ‘ എന്ന പാട്ട് പാടിനടന്ന കാലത്തും ശേഷം ”കോരാ ചാത്താ നിങ്ങളറിഞ്ഞോ നമ്മക്കും നമ്മക്കും സ്വാതന്ത്ര്യം ‘ എന്ന പാട്ടുപാടി നടന്ന കാലത്തും ഉണ്ടായിരുന്ന പോലത്തെ സമ്പൂര്‍ണ്ണ വിധേയത്വം ഒന്നും പുതുതലമുറ ദലിതുകള്‍ക്ക് ഇടതുപക്ഷ പ്രസ്ഥാനത്തോട് ഇല്ല എന്നിരിക്കിലും ഇന്നും പുതുതലമുറ അവരുടെ ആദ്യ രാഷ്ട്രീയ വാഹനമായി കരുതുന്നത് ഇടതുപക്ഷത്തെ തന്നെയാണ് .പാര്‍ട്ടിയുടെ ചരിത്രവും മുദ്രാവാക്യം വിളികളും ഒരു വശത്ത് നില്‍ക്കുകയും അതുമായി യാതൊരു ബന്ധവുമില്ലാതെ അവരുടെ പ്രവര്‍ത്തികളും നില്‍ക്കുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ പോലും വിട്ടുപോകാന്‍ കഴിയാതെ ദലിത് ജനതകള്‍ ഈയാംപാറ്റകളെ പോലെ ദൂരെയെങ്ങോ ഉദിച്ചു നില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന വിപ്ലവനക്ഷത്രം തേടി അലയുകയാണ്.
ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ തലതൊട്ടപ്പനായ ഡാങ്കെയും കൂട്ടരും ഒരിക്കല്‍ അംബേദ്കറെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം അവരെ അഭിസംബോധന ചെയ്തത് ‘സഖാക്കള്‍’ എന്നായിരുന്നില്ല മറിച്ച് ‘ബ്രാഹ്മിന്‍ ബോയ്സ് ‘ എന്നായിരുന്നു . ഇന്ത്യയില്‍ കമ്യൂണിസം ഉണ്ടാക്കാന്‍ റഷ്യക്കാര്‍ ഏല്‍പ്പിച്ച പണിക്കാര്‍ അപ്പണിക്ക് കൊള്ളാത്തവര്‍ ആണെന്ന് അംബേദ്കര്‍ ഭംഗ്യന്തരേണേ സൂചിപ്പിക്കുകയായി രുന്നു . കമ്യൂണിസം ഉണ്ടാക്കാന്‍ ബ്രാഹ്മണരേ ഏല്‍പ്പിച്ച റഷ്യക്കാര്‍ക്ക് തെറ്റുപറ്റിപ്പോയി എന്ന് അന്ന് അംബേദ്കര്‍ പറഞ്ഞത് ഇന്നും ശരിയായി തന്നെ നില്‍ക്കുന്നു . എന്തുകൊണ്ടായിരിക്കാം അംബേദ്കര്‍ ഇന്ത്യന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ക്സിസത്തിന് കഴിയില്ലെന്ന് പറയാനുള്ള കാരണം . 1952 ലേ തിരഞ്ഞെടുപ്പില്‍ ഡാങ്കേ പരസ്യമായി തന്റെ അനുയായികളോട് പറഞ്ഞത് ‘ നിങ്ങള്‍ നിങ്ങളുടെ വോട്ട് അസാധുവാക്കിയാലും വിരോധമില്ല എന്നാല്‍ അതൊരിക്കലും അംബേദ്കര്‍ക്ക് കൊടുക്കരുത് ‘ എന്നാണ് . തന്നെ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തി വീഴ്ത്തിയ കമ്യൂണിസ്റ്റുകളോടും സോഷ്യലിസ്റ്റുകളോടും തനിക്കുള്ള ദേഷ്യം, കൊതിക്കെറുവ് മാത്രമായിരുന്നുവോ അംബേദ്കറുടെ മാര്‍ക്സിസ്റ്റ് വിരോധം. ഒരിക്കലുമായിരുന്നില്ല ,ആകാനും ഇടയില്ല.
മാര്‍ക്സിയന്‍ വര്‍ഗ്ഗരാഷ്ട്രീയത്തിന് പരിഹരിക്കാന്‍ പറ്റുന്നതിലും സങ്കീര്‍ണ്ണമാണ് ഇന്ത്യയിലെ ജാതിയധിഷ്ടിത സാമൂഹ്യ വ്യവസ്ഥിതി .രാഷ്ട്രീയ ബോധം കൊണ്ടും സാമ്പത്തിക ബന്ധങ്ങളുടെ വ്യതിരിക്തത കൊണ്ടും കൃത്യമായും തൊഴിലാളിയെന്നും മുതലാളിയെന്നും വേര്‍തിരിയുന്ന ,പരസ്പരം ശത്രുപക്ഷത്തു നില്‍ക്കുന്ന രണ്ടുവര്‍ഗ്ഗങ്ങള്‍ അന്ത്യന്തികമായി വര്‍ഗ്ഗ സമരത്തില്‍ ഏര്‍പ്പെടുമെന്നും ഒടുവില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം വരുമെന്നുമാണ് മാര്‍ക്സ് സ്വപ്നം കണ്ടത് .എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ മുതലാളി എന്നത് ജാതി കൊണ്ടും സമ്പത്തുകൊണ്ടും
ഒരു വര്‍ഗ്ഗം ആയപ്പോള്‍ തൊഴിലാളി അങ്ങനെ ഒരു വര്‍ഗ്ഗമായി മാറിയില്ല .ജാതിയും മതവും കൊണ്ട് കൃത്യമായി വേര്‍തിരിക്കപ്പെട്ട ,തടവറയില്‍ അടക്കപ്പെട്ട വിഭാഗങ്ങളായി തൊഴിലാളി അസംഘടിതമായി നിന്നു .ഒരേ സാമ്പത്തിക സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും അവര്‍ അനുഭവിച്ച സാമൂഹ്യ സാഹചര്യങ്ങള്‍ വ്യത്യസ്തം ആയിരുന്നു . നമ്പൂതിരി തൊഴിലാളിയേയും പുലയ തൊഴിലാളിയേയും സഖാവ് എന്ന് വിളിച്ചുവെങ്കിലും അവര്‍ ഫലത്തില്‍ തമ്പ്രാനും പെലയനും തന്നെയായി നിന്നു .സഖാവ് എന്ന വിളി ഒരു കാപട്യം മാത്രമായിരുന്നു .സവര്‍ണ്ണ മുതലാളിയും തമ്പ്രാനും അവരുടെ പാര്‍ട്ടിയുടെ കൊടി ഏതായാലും രാഷ്ട്രീയാധികാരത്തിന്റെ ഗുണ ഫലങ്ങള്‍ മുഴുവനും അനുഭവിച്ചപ്പോള്‍ തൊഴിലാളി ജാതിയുടേയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ അസംഘടിതരാക്കപ്പെടുകയും അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തു .നാളിതുവരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം ഇതാണ് . ഈ പ്രശ്നത്തെ എങ്ങനെയാണ് ഇടതുപക്ഷത്തിന് അല്ലെങ്കില്‍ കമ്യൂണിസത്തിന് പരിഹരിക്കാന്‍ കഴിയുക .
ഹിന്ദുക്കള്‍ നൂറ്റാണ്ടുകളോളമായി തുടര്‍ന്നുവരുന്ന കൊടിയ ജാതിപീഡനങ്ങളുടെ ഉല്‍പ്പന്നമാണ് ദലിത് സമൂഹങ്ങള്‍ . അത്തരം സമൂഹങ്ങളേയും അധികാരത്തിന്റെയും സാമൂഹ്യപദവികളുടേയും എല്ലാ സുഖസൌകര്യങ്ങളും നൂറ്റാണ്ടുകളോളം അനുഭവിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ്ണ ഹിന്ദുക്കളേയും ഒരേമട്ടില്‍ തൊഴിലാളി എന്ന് പറഞ്ഞ് അവരുടെ പ്രശ്നങ്ങള്‍ സാമ്പത്തികം മാത്രമാണെന്ന് കമ്യൂണിസ്റ്റുകള്‍ പറയുമെന്ന് അംബേദ്കര്‍ ദീര്‍ഘദര്‍ശനം ചെയ്തതാണ് ”ബ്രാഹ്മിന്‍ ബോയ്സ് ‘ എന്ന വിളി .സ്വന്തം തറവാടും ഭൂമിയും അധികാരവും സാമൂഹ്യപദവികളും ഒരിഞ്ചു പോലും കളയാതെ നിലനിര്‍ത്തുവാന്‍ ഒരു രാത്രി ഉണ്ടുവെളുത്തപ്പോള്‍ ചുവന്ന കൌപീനം ധരിച്ചതിലൂടെ സവര്‍ണ്ണര്‍ക്ക് കഴിഞ്ഞു .തമ്പ്രാനും ഇല്ല പെലയനും ഇല്ല എല്ലാവരും സഖാക്കള്‍ ആണ് എന്ന് പറയുന്നത് , ബ്രാഹ്മണനും ഇല്ല ശൂദ്രനും ഇല്ല എല്ലാവരും ബ്രഹ്മം ആണെന്നു പറയുന്നതുപോല ത്തെ ശുദ്ധ അസംബന്ധമാണ് .
ദലിതരുടെ പ്രശ്നം ചരിത്രപരമായി അവര്‍ അനുഭവിക്കുന്ന ജാതിയുടെ പ്രശ്നമാണ് . അധികാരവും അറിവും ഭൂമിയും മറ്റു വിഭവങ്ങളും അവര്‍ക്കില്ലാതെ പോയത് ജാതിയുടെ പ്രശ്നമാണ് ,അല്ലാതെ ദലിതരുടെ പൂര്‍വ്വികള്‍ സംബന്ധം നടത്തിയതുകൊണ്ടോ ,പുളികുടിയും സര്‍വ്വാണി സദ്യയും നടത്തിയതുകൊണ്ടോ ,കഥകളിയും മാമാങ്കവും നടത്തിയതുകൊണ്ടോ ആയിരുന്നില്ല .അതുകൊണ്ട് തന്നെ ദലിതരുടെ ദാരിദ്ര്യവും നമ്പൂതിരിയുടെ ദാരിദ്ര്യവും ഒന്നാണെന്ന് ഏതു വര്‍ഗ്ഗ സിദ്ധാന്തം ഉപയോഗിച്ച് പറഞ്ഞാലും എന്തൊക്കെ താത്വിക സാധൂകരണം നടത്തിയാലും ബോധമുള്ള ഒരു ദലിതനും ആ വാദം സ്വീകരിക്കില്ല .ജാതീയമായി പിന്നോക്കം നിര്‍ത്തിയ ജനതകള്‍ക്ക് ഭൂമിയും അധികാരവും വിദ്യാഭ്യാസവും കൊടുത്ത് മുന്നോട്ടു കൊണ്ടുവരുവാനും പൊതുസമൂഹത്തില്‍ ആര്‍ക്കൊപ്പവും നില്ക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം .അതുമാത്രമാണ് അതിന്റെ ഒരേയൊരു ലക്ഷ്യം .വര്‍ഗ്ഗ സിദ്ധാന്തം തമ്പ്രാനേയും പുലയനേയും അവരുടെ സാമൂഹ്യ ചരിത്രത്തെ പരിഗണിക്കാതെ ഒരേ കള്ളിയില്‍ ഇടുന്നു . ഇന്ത്യയിലെ വര്‍ഗ്ഗം എന്നത് ജാതിയാല്‍ നിര്‍മ്മിക്കപ്പെട്ട കൂട്ടങ്ങള്‍ ആണെന്ന് അംബേദ്കര്‍ പറയുമ്പോള്‍ അദ്ധേഹത്തിന്റെ വര്‍ഗ്ഗം (Class) എന്നത് മാര്‍ക്സിയന്‍ ക്ലാസില്‍ നിന്നും വ്യത്യസ്തം ആണെന്ന് കാണാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല .എന്നാല്‍ ഒരു ബ്രാഹ്മണ സഖാവിന് ഒരിക്കലും വര്‍ഗ്ഗത്തിന്റെ മൂലകാരണമായ ജാതിയെ കണ്ടെത്തുവാന്‍ കഴിയില്ല കാരണം ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ മാത്രം വിഡ്ഢിയല്ലല്ലോ സവര്‍ണ്ണ സഖാക്കള്‍ .
”Castes in India: Their Genesis, Mechanism and Development’ എന്ന തന്റെ ലേഖനത്തില്‍ ക്ലാസിന്റെ പുറകിലെ ജാതിയെപറ്റി അംബേദ്കര്‍ പറഞ്ഞത് 1916 ല്‍ ആണ്. അതായത് 1952 ലേ ഇലക്ഷനില്‍ തോറ്റതുകൊണ്ടല്ല അംബേദ്കര്‍ കമ്യൂണിസ്റ്റുകളെ ചീത്ത പറഞ്ഞതെന്ന് സാരം .ദലിത് രാഷ്ട്രീയവും ദലിത് സ്വത്വ രാഷ്ട്രീയവും അഭിസംബോധന ചെയ്യുന്നത് വര്‍ഗ്ഗം കൊണ്ട് ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ മറച്ചുവച്ചിരിക്കുന്ന ജാതിയുടെ പ്രശ്നങ്ങളെയാണ് . കമ്യൂണിസ്റ്റ് സിദ്ധാന്തം ജാതിയുടെ പ്രശ്നം പരിഹരിക്കാന്‍ അപര്യാപ്തമാണ് ,പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധീശത്വം ബ്രാഹ്മണ സഖാക്കളുടെ കൈകളില്‍ ഇരിക്കുമ്പോള്‍ . ദലിത് ആദിവാസി ജനതകളെ തങ്ങള്‍ക്ക് തുല്യരായി വളര്‍ത്തുവാന്‍ അല്ല ബ്രാഹ്മണ സഖാക്കള്‍ ശ്രമിക്കുന്നത് മറിച്ച് ഉടമ അടിമയേയും ,ജന്മി കുടിയാനേയും എങ്ങനെയാണോ ”സംരക്ഷിച്ചു ‘ നിര്‍ത്തിയത് അതുപോലെ തന്നെയാണ് ഇന്നും ബ്രാഹ്മണ സഖാക്കള്‍ അവരെ കൊണ്ടു നടക്കുന്നത് .
വര്‍ഗ്ഗത്തിന്റെ പുറകിലെ ജാതിയെ കണ്ടപ്പോള്‍ ആണ് അംബേദ്കര്‍ സാമൂഹ്യമായ സംവരണം എന്ന് പറഞ്ഞത്. വര്‍ഗ്ഗത്തിനു പുറകിലെ ജാതിയെ കാണാനുള്ള അകകണ്ണുകള്‍ ബ്രാഹ്മണ സഖാക്കള്‍ക്ക് ഇല്ലാത്തതിനാല്‍ ആണവര്‍ സാമ്പത്തിക സംവരണത്തെപറ്റി വാചാലര്‍ ആകുന്നത്. ഇവിടെയാണ് അംബേദ്കറുടെ ”ബ്രാഹ്മിന്‍ ബോയ്സ്” എന്ന വിളി ഒരു വെറും വിളി അല്ലാതെയാകുന്നത്. അംബേദ്കറുടെ ആ വിളിയുടെ സാംഗത്യവും സാരസ്വവും തിരിച്ചറിഞ്ഞാല്‍ പിന്നെ ഒരു ദലിതനും ആദിവാസിക്കും യാതൊരു സംശയവും ഉണ്ടാകില്ല ”ജാതി വേണോ വര്‍ഗ്ഗം വേണോ ‘ എന്നൊരു തിരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ ഏതു സ്വീകരിക്കണം എന്ന കാര്യത്തില്‍ ..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
അജയൻ
July 29, 2019 at 10:17 am
സിപിഐ ഇതു മനസിലാക്കി നേതൃ സ്ഥാനങ്ങളിൽ മാറ്റങ്ങൾ കാണാൻ തുടങ്ങി…
സിപിഎം മാറേണ്ടതായിരിക്കുന്നു…
സവർണ മേധാവിത്ത ഭരണം…
പണം കൊടുത്ത് ഗവണ്മെന്റ് പണാധിപത്യത്തെ നിലയ്ക്ക് നിർത്താൻ ഇന്ത്യയിൽ ഭൂരിപക്ഷ മുള്ള അവര്ണരും ജനാധിപത്യ പാർലിമെന്റ്റി സംവിധാനങ്ങളിലേയ്ക്കുവരണം അതു കമ്മ്യൂണിസ്റ് പാർട്ടികൾ ശ്രദ്ധിക്കണം…
Sudhakaran v
July 30, 2019 at 11:56 am
ലേഖനം വളെരെ നന്നായിരുന്നു.അംബേദ്കറുടെ കമ്യൂണിസ്റ്റ് കാഴ്ചപ്പാട് വളരെ വ്യക്തമായി വരച്ച് കാണിച്ച ലേഖകനു നന്ദി. വീണ്ടും ഇത്തരം ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു –