എന്തുകൊണ്ട് ജാതി സെന്‍സസ് അനിവാര്യം?

ജാതി സെന്‍സസ് ആവശ്യത്തിന് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പച്ചിടത്തോളം പഴക്കമുണ്ട്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യ ഗണന കണക്കാക്കിയത് ബ്രട്ടീഷുകാര്‍ 1931 ല്‍ നടത്തിയ സെന്‍സസ് ആശ്രയിച്ചാണെന്നും അത് മാനദണ്ഡമായി അപ്പോള്‍ കാണാനാവില്ലെന്നുമാണ് പിന്നാക്ക സംവരണത്തിന് എതിരെ ഉയര്‍ത്തിയ ഒരു വാദം. അന്നേ സംവരണത്തിന് ജെനുവിനായി വാദിച്ചവര്‍ മേലാല്‍ ജാതി സെന്‍സസ് നടത്തി സംവരണത്തിന്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതൊരു വനരോദനമായി അവശേഷിച്ചു

കാനേഷുമാരിയില്‍ ജാതിപരമായ സ്ഥിതി വിവരങ്ങളും ശേഖരിക്കണം എന്ന നിലപാട് വിവാദമായി തുടരുകയാണ്. ഇപ്പോള്‍ ബീഹാര്‍ സംസ്ഥാന സര്‍ക്കാര്‍ സെന്‍സസില്‍ ജാതിയുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രസിദ്ധീകരിച്ചതാണ് ചില ആളുകളുകള്‍ക്ക് പ്രകോപനം ഉണ്ടാക്കിയത്. ബിജെപിയുടെ ചില നേതാക്കള്‍ ജാതി സെന്‍സസ് നടത്താനുള്ള ശ്രമം രാജ്യം വിഭജിക്കുന്ന നടപടിയാണെന്ന് വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. കേരളത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജാതി സെന്‍സസിനെതിരെ രംഗപ്രവേശം ചെയ്തു കഴിഞ്ഞു. അദ്ദേഹവും രാജ്യത്തെ വിഭജിക്കും എന്നാണ് അഭിപ്രായപ്പെട്ടത്.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് പറഞ്ഞുകൊണ്ടാണ് ബീഹാര്‍ നടപടിയെ രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തത്. പിന്നാക്ക വിഭാഗങ്ങളുടെയും അതി പിന്നാക്ക വിഭാഗങ്ങളുടെയും അംഗബലത്തിന്റെ സത്യം ബിജെപിയെയും അവരുടെ മൂല സംഘടനയായ ആര്‍എസ്എസിനെയും വിറളി പിടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ന്യൂനപക്ഷ പ്രീണനം എന്ന ആരോപണത്തിന്റെ അടിത്തറയില്‍ രൂക്ഷമായ ജാതി അസമത്വവും ക്രൂരമായ വിവേചനങ്ങളും മറച്ചും അപ്രകാരം ഉണ്ടെങ്കില്‍ തന്നെ അവയൊന്നും തങ്ങളുടെ ഭാഗമല്ലെന്ന് ഭാവിച്ചുകൊണ്ടും ഹിന്ദു വര്‍ഗീയതയില്‍ ജനങ്ങളെ ഏകീകരിച്ച് വോട്ട് ബാങ്ക് ഒരുവിധത്തില്‍ ആക്കി മാറ്റിയതിന്റെ ശക്തി ചോര്‍ന്ന് പോകുന്ന ഭയമാണ് അവരെ വിറളി പിടിപ്പിക്കുന്നത്.

ജാതി കാനേഷുമാരി എന്ന് പറഞ്ഞാല്‍ ജാതി അടിസ്ഥാനത്തില്‍ ഓരോ ജാതിയും പരസ്പരമുള്ള ഏറ്റുമുട്ടല്‍ സൃഷ്ടിക്കും എന്നാണ് അവര്‍ അനുയായികളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ജാതിപരമായ സ്ഥിതിവിവരങ്ങള്‍ ശേഖരിക്കുന്നത് എങ്ങനെയാണ് മേല്‍പ്പറഞ്ഞ ഏറ്റുമുട്ടലിനും രാജ്യത്തിന്റെ വിഭജനത്തിനും ഇടയാക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാത്തതാണ്. ജാതി അതിനീചവും ക്രൂരവുമായ ഒരു സാമൂഹിക വ്യവസ്ഥയാണല്ലോ. അത് വിവേചനത്തിന്റെയും മാറ്റി നിര്‍ത്തലിന്റെയും അസമത്വത്തിന്റെയും ഒരു പ്രതിഭാസമാണ്. ചിലര്‍ കരുതിയതു പോലെയും കരുതുന്നതു പോലെ ജാതി ഒരു മനോഭാവവും വേണ്ടെന്ന് വെച്ചാല്‍ ഇല്ലാതാകുന്നതുമായ ഒന്നല്ല. ജാതി ഒരു ഘടനയും കൂടിയാണ്. കാള്‍ മാക്‌സിന്റെ വിശകലനത്തില്‍ പറയുന്നതുപോലെ അത് കേവലം ഉപരിഘടന അല്ലെങ്കില്‍ മേല്‍ക്കൂര മാത്രമല്ല. അദ്ദേഹം സാമ്പത്തിക അടിത്തറയില്‍മാത്രം സമൂഹത്തെ അപഗ്രഥിച്ച ആളാണ്. അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ സംബന്ധിച്ച് മറ്റെല്ലാ ഘടകങ്ങളെയും മതം, ജാതി, വംശബോധം, വര്‍ണം, ലിംഗം, തുടങ്ങി എല്ലാ ഭേദചിന്തകളും ഉപരിഘടനയുമായി മാത്രം ബന്ധപ്പെട്ടതാണ്. ശാസ്ത്രീയം എന്ന് പരിവേഷംകൂടി നല്‍കിക്കഴിഞ്ഞതോടെ ആ ചിന്ത ചോദ്യം ചെയ്യപ്പെടാത്ത ഒന്നായി ലോകത്തെല്ലായിടത്തും രൂഢമൂലമായി. തല്‍ഫലമായാണ് ഇന്ത്യയില്‍ ജാതിവ്യവസ്ഥ ഒരു സ്ഥായീഭാവംപോലെ കഴിഞ്ഞ മൂവായിരത്തിലധികം വര്‍ഷങ്ങളായി നിലനിന്നിട്ടും കമ്യൂനിസ്റ്റുകള്‍ അതിനെ കേവലമൊരു ഉപരിഘടനയാണെന്നും അടിസ്ഥാന ഘടനയായ സാമ്പത്തിക ഘടനയില്‍ മാറ്റം വരുന്നതിനനുസരിച്ച് താനെ മാറ്റംവരുമെന്നും കാണുവാന്‍ ഇടയായത്. അതിനാല്‍ സാമ്പത്തിക മാറ്റത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ജാതിപോലുള്ള ഉപരിഘടനയിലെ ഒരു പ്രശ്‌നം കാമ്പയിന്‍ എന്ന നിലയിലെ എടുക്കേണ്ടതുള്ളൂ എന്ന് അന്ധമായി വിശ്വസിച്ചത്. ജാതിയെയും മതത്തെയും ഒരേ ഗണത്തില്‍ പെടുത്തി പിന്‍തിരിപ്പന്‍ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന ശക്തികളായി അവര്‍ പ്രചാരണം നടത്തുകയും ചെയ്തു. എന്നാല്‍ മതമെന്നത് കേവലം വിശ്വാസപരമാണ്. അതിന്റെ വാച്യാര്‍ത്ഥംപോലെ അഭിപ്രായം മാറുമ്പോള്‍ അഥവാ വിശ്വാസം മാറുമ്പോള്‍ പഴയതിനെ മനുഷ്യന്‍ ഉപേക്ഷിക്കുകയും പുതിയ അഭിപ്രായം അഥവാ വിശ്വാസം സ്വീകരിക്കുകയും ചെയ്യുന്നു.

എന്നാല്‍ ജാതി അപ്രകാരമല്ല. ഒരാളുടെ ജന്മംകൊണ്ട് സമൂഹം ആ വ്യക്തിക്കുമേല്‍ ചാര്‍ത്തുന്നതാണ്. അതിന് രണ്ടുവശം ഉണ്ട്. ഒരു വ്യക്തി സ്വയം തെരഞ്ഞെടുക്കുകയല്ല ജാതി എന്നതുപോലെ വ്യക്തിപരമായ ആചരണം താന്‍ നടത്തുന്നില്ല എന്നതുകൊണ്ട് സാമൂഹികമായി ജാതി ഇല്ലാതാകുന്നില്ല. അക്കാര്യത്തില്‍ കമ്യൂനിസ്റ്റുകളെ വലിയ പിഴവിലേയ്ക്കാണ് അവരെ അവരുടെ ‘ശാസ്ത്രീയ’ പ്രത്യയശാസ്ത്രം വഴിതെറ്റിച്ചത്. കമ്യൂനിസ്റ്റുകള്‍ തുടക്കംമുതലേ സംവരണനയത്തെ എതിര്‍ത്തതിന് കാരണവും അതല്ലാതെ മറ്റൊന്നുമല്ല. ജാതി വിജ്ഞാനത്തിലും അധികാരത്തിലും അവസരങ്ങള്‍ നിഷേധിക്കുന്നു. അത് കഴിവുകള്‍ മുരടിപ്പിക്കുന്നു. കഴിവുകള്‍ മുരടിപ്പിക്കുന്നത് വീണ്ടും അവസരങ്ങള്‍ നിഷേധിക്കുന്നു. കഴിവില്ലാത്തത് അല്ല മറിച്ച് അവസരങ്ങള്‍ ലഭ്യമല്ലാത്തതാണ് പ്രശ്‌നം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കമ്യൂനിസ്റ്റുകള്‍ കേരളത്തില്‍ ആദ്യമായി അധികാരത്തിലേറിയ 1957 ല്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി ഒരു ഭരണ പരിഷ്‌കാരകമ്മിറ്റി രൂപീകരിക്കുകയും അത് ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് ശുപാര്‍ശ നടത്തുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനപ്രകാരം പട്ടികജാതി, പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തിയതിനാല്‍ അത് അവര്‍ക്ക് മാറ്റുവാന്‍ കഴിഞ്ഞില്ല. സാമ്പത്തിക സംവരണമെന്ന വിചിത്ര വാദം കമ്യൂനിസ്റ്റുകള്‍ ഏറ്റെടുക്കുകയും ചെയ്തു. അന്ന് മുതല്‍ ഇന്നോളം സാമ്പത്തിക സംവരണം എന്ന ജാതി സമൂഹത്തിലെ നല്ല മുദ്രാവാക്യമായി കമ്യൂനിസ്റ്റുകള്‍ അതിനെ കാണുന്നു. സാമ്പത്തിക സമത്വത്തിന് പകരം സാമ്പത്തിക സംവരണം അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. 1989 ല്‍ ദേശീയ മുന്നണിയുടെ വി.പി. സിംഗ് സര്‍ക്കാര്‍ അധികാരത്തിലേറി 1990 മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ പ്രഖ്യാപിക്കുന്നത് വരെ അവര്‍ സാമ്പത്തിക സംവരണം മാത്രം ഉയര്‍ത്തിപ്പിടിച്ചു. പിന്നോക്ക വിഭാഗങ്ങളുടെ വലിയ മുന്നേറ്റത്തിന്റെയും ഫലമായി ആണ് കോണ്‍ഗ്രസിനെ പുറത്താക്കി ദേശീയ മുന്നണിയുടെ വിശ്വനാഥ് പ്രതാപ്‌സിംഗ് അധികാരത്തില്‍ വന്നത്. എന്നാല്‍ അപ്പോഴും പാവങ്ങളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി സിപിഐഎം പ്രത്യേകിച്ചും കമ്യൂനിസ്റ്റ് നേതാവ് ഈ.എം.എസ്.നമ്പൂതിരിപ്പാട്. സാമൂഹ്യ സംവരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുലായം സിംഗ് യാദവിന്റെ നേതൃത്തില്‍ ഉത്തര പ്രദേശില്‍ നടത്തിയ നടത്തിയ സമരത്തെ അടിച്ചമര്‍ത്താന്‍ വിപിസിംഗ് അന്ന് ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് ആണ് ശ്രമിച്ചത്. ചിത്രം മാറിമറിഞ്ഞത് എപ്പോഴാണ്? വി.പി സിംഗിന്റെ നേതൃത്തില്‍ ദേശീയണമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വന്ന 1989ല്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. അന്ന് സോഷ്യലിസ്റ്റ് കോര്‍ഡിനേഷന്‍ പ്രൊഫ. കേശവ് റാവു ജാഠവ് നേതൃത്വം കൊടുത്ത് ദില്ലി ബോട്ട് ക്ലബില്‍ മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി നടത്തിയ ധര്‍ണയില്‍ സമത വിദ്യാര്‍ത്ഥി സംഘടനയെ പ്രതിനിധീകരിച്ച് ലേഖകന്‍ പങ്കെടുത്തിട്ടുണ്ട്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങളില്‍ നിന്ന് പ്രാതിനിധ്യം ആ സമരത്തിന് ഉണ്ടായിരുന്നു. അതുകൂടാതെ ഉത്തരേന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ അനവധിയായ സമരങ്ങള്‍ നടന്നു. അധികാരത്തില്‍ വന്നപ്പോള്‍ ജനതാദളിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുവാന്‍ വിമുഖത കാണിച്ച വിപി സിംഗ് ഹരിയാനയിലെ നേതാവും ഉപപ്രധാനമന്ത്രിയുമായ ദേവിലാലുമായി അഭിപ്രായഭിന്നതയുണ്ടാവുകയും ആഗസ്റ്റ് 9ന് കര്‍ഷകറാലി പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പാക്കുകയും വന്നപ്പോള്‍ പരീക്ഷണം എന്ന നിലയില്‍ മണ്ഡല്‍പ്രഖ്യാപനം നടത്തിയതാണ്. എന്നാല്‍ ആ പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ എന്ന പേരില്‍ മെരിറ്റ് സീറ്റുകള്‍ നഷ്ടപ്പെടും, തൊഴില്‍ കുറഞ്ഞുപോകും എന്നുമുള്ള ഭീതി ചെറുപ്പക്കാരുടെ ഇടയില്‍ പടര്‍ത്താന്‍ശ്രമം ഉണ്ടായി. അന്ന് കേജ്രിവാളിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഒരു എന്‍ജിഓയും ആ പ്രചാരണത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ഭീതിജനിപ്പിക്കും വിധം, സവര്‍ണ്ണ താല്‍പ്പര്യത്തിന്റെ വക്താക്കള്‍ ഉത്തരേന്ത്യന്‍ പട്ടണങ്ങളില്‍ ആത്മ ഹൂതിഎന്നൊരു സമരമുറ നടത്തുകയും ചെയ്തു. ആസൂത്രിതമായി തള്ളിയിട്ട് കൊല നടത്തുകയായിരുന്ന സംഗതി പിന്നീട് വെളിച്ചത്ത് വരികയുണ്ടായി. ആ സമരത്തിന്റെ കാറ്റഴിച്ചു വിട്ട സോഷ്യലിസ്റ്റ്‌നേതാവ് മധു ലിമായെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും പ്രമുഖ പത്രങ്ങളില്‍ എഴുതിയ ലേഖനമാണ്. കേരളത്തില്‍ മാതൃഭൂമി ആ ലേഖനം പ്രസിദ്ധീകരിച്ചു. ആ ലേഖനത്തിന്റെ ആദ്യഭാഗം തുടങ്ങുന്നത് പാര്‍ലമെന്റില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ബ്രാഹ്മണനായ നെഹ്രുവിന്റെ കൊച്ചുമകന്‍ രജീവ്ഗാന്ധി, ബിജെപിയുടെ സിന്ധി ബ്രാഹ്മണന്‍ ലാല്‍ കൃഷ്ണ അഡ്വാണി, സിപിഐ എം ലെ ബംഗാളി ബ്രാഹ്മണന്‍ സോമനാഥ ചാറ്റര്‍ജി, സിപിഐയിലെ മൈഥിലി ബ്രാഹ്മണന്‍ ഭോഗേന്ദ്ര ത്സാ എന്നിവര്‍ ആദ്യം എതിര്‍ക്കുകയുണ്ടായി എന്ന വസ്തുതയാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് ആ പരാമര്‍ശം ജാതിപരമായ 54 ശതമാനം പിന്നാക്ക വിഭാഗങ്ങളുടെ അധികാരപങ്കാളിത്തം കേവലം 6 ശതമാനത്തില്‍ താഴെമാത്രമാണ് എന്ന് സൂചിപ്പിക്കുന്നതായിരുന്നു. രാജ്യത്തെ വിഭജിക്കുമെന്ന വാദം അന്ന് വളരെ ശക്തിയോടെ ഉന്നയിച്ചതാണ് . അര്‍ത്ഥമില്ലാത്ത അത്തരം വാദഗതികളെയെല്ലാം ഖണ്ഡിച്ചുകൊണ്ടു പിന്നാക്ക സംവരണത്തിന്റെ ആവശ്യകത മധു ലിമായെ സമര്‍ത്ഥിച്ചു. അത് രാജ്യത്തൊട്ടാകെ പുതിയ ഒരു ചിന്താഗതി ശക്തമായി വേരുറപ്പിച്ചെടുത്തു. രാഷ്ട്രീയത്തിന്റെ ഒരു കേന്ദ്രവിഷയമായിതീര്‍ന്നു ജാതി. എന്നാല്‍ പ്രതിലോമ ശക്തികള്‍ വെറുതെ ഇരിക്കുകയായിരുന്നില്ല. അതിനെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളാണ് നൂറ്റാണ്ടുകളായുള്ള ജാതിയുടെ മനസ്സ് ശ്രമിച്ചത്.

കമ്യൂനിസ്റ്റ് നേതാവ് നമ്പൂതിരിപ്പാടും രാഷ്ട്രീയ നിലനില്പിന് ആയി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയ വി.പി സിംഗും അക്കൂട്ടത്തില്‍ വരുമെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടുന്നവരുണ്ടാകാം. സംവരണം നൂറ്റാണ്ടുകളായി അധികാരപങ്കാളിത്തം കിട്ടാതെ വന്നവര്‍ക്ക് മുന്‍ഗണനാപരമായി അവസരങ്ങള്‍ ഉറപ്പാക്കുന്നത് അട്ടിമറിക്കുന്നവിധം സാമ്പത്തികമായി പാവപ്പെട്ടവര്‍ക്ക്കൂടി സംവരണം നല്‍കണമെന്ന വാദ ഗതിയാണ് അവര്‍ ഉയര്‍ത്തിയത്. പിന്നീട് വി.പിസിംഗ് പത്ത് ശതമാനം സാമ്പത്തികമായ വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് സംവരണം വേണമെന്ന് വാദിച്ചു. കേള്‍ക്കുമ്പോള്‍ മധുരിക്കുന്നതാണ് പാവപ്പെട്ടവര്‍ക്കുള്ള സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം. ഏറെ വാചക കസര്‍ത്ത് നടത്തി, ബഹളം കൂട്ടിയ യോഗ്യത (മെരിറ്റ്) പ്രശ്‌നമല്ലാതായി മാറി. അതിന്റെ ജാതി പരമായ ഉദ്ദേശ്യം പിന്നീട് പ്രകടമായി കാണാവുന്നതാണ്. മുന്നാക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് സാമ്പത്തിക സംവരണം. പാവപ്പെട്ടവര്‍ ജാതിപരമായ പിന്നാക്ക വിഭാഗത്തില്‍പെട്ടവരുടെ ഇടയില്‍ ഇല്ലാത്തതുകൊണ്ടാണോ. ജാതി സംവരണം താഴ്ന്ന ജാതികളിലെ പാവപ്പെട്ടവര്‍ക്ക് അല്ല. അത് സാമുഹിക പിന്നോക്കാവസ്ഥയ്ക്ക് ആണല്ലോ. ഫലത്തില്‍ പകുതിപ്പേര്‍ക്ക് പിന്നാക്ക, മുന്നാക്ക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് അധികാരകുത്തക നിലനിര്‍ത്തുന്ന മുന്നാക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം എന്ന അവസ്ഥയുണ്ടാക്കും.

ബിജെപിയുടെ നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നാക്ക സംവരണം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിന് കുറച്ച്മുമ്പ് മാത്രമാണ് കമ്യൂനിസ്റ്റ് കക്ഷികള്‍ നേതൃത്വം നല്‍കുന്ന ഇടതു ജനാധിപത്യ മുന്നണിയുടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക സംവരണം കൊണ്ടുവന്നത് 90 ശതമാനം മുന്നാക്ക വിഭാഗം ജോലി ചെയ്യുന്ന അവിടെ വീണ്ടും പത്ത് ശതമാനം മുന്നാക്ക സംവരണം. സംവരണത്തിന്റെ അടിസ്ഥാനത്തില്‍ അല്പം വിഭിന്നമാണ് പൊതുസര്‍വീസ് എന്നിരിക്കിലും കാര്യമായ മാറ്റം ഉണ്ടാകാനിടയില്ല. അതാണ് രാജ്യത്തെ സംവരണം പരാജയപ്പെടുത്തുന്ന നയം എന്ന തിരിച്ചറിവ് ജാതി സെന്‍സസിന് വേണ്ടി വാദിക്കുന്നവര്‍ക്ക് ഉണ്ടാകണം. സംവരണത്തെ തകിടം മറിക്കുന്ന ഒരുപാട് പദ്ധതികള്‍ മുമ്പെന്ന പോലെ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

ജാതിപരമായ അസമത്വം നീക്കണമെന്നും സാമൂഹികസമത്വം സാമ്പത്തിക സമത്വം പോലെ കൈവരിക്കണമെന്നും വാദിക്കുമ്പോള്‍ സവര്‍ണ്ണരെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യണമെന്നാണോ? ഒരിക്കലുമല്ല, സമത്വപൂര്‍ണമായ സമൂഹം കൈവരിക്കുകയാണ് ലക്ഷ്യം. കുറച്ച്‌പേര്‍ക്ക് മാത്രം തൊഴില്‍ മതിയെന്നാണോ. അതുമല്ല. തൊഴില്‍ എന്ന ആവശ്യത്തിനല്ല മറിച്ച് അധികാര പങ്കാളിത്തമാണ് സംവരണത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് എസ്ഡിപിഐ പോലുള്ള ചില മുസ്ലീം സംഘടനകള്‍ ഉയര്‍ത്തിയത് പോലുള്ള മുദ്രാവാക്യങ്ങള്‍ ‘തങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി തങ്ങളുടെ വിഹിതം തന്നാല്‍മതി’ എന്നത് അസംഗതമാണെന്ന് പറയുന്നത്. വീതം വെച്ചു കൊടുക്കല്‍ അല്ല മറിച്ച് സമൂഹത്തിന്റെ പൊതുവായ ജനാധിപത്യവല്‍ക്കരണവും ലക്ഷ്യമാണ്. അതിന് മുന്നാക്ക, പിന്നാക്ക വിഭാഗങ്ങളുടെ ഐക്യമാണ് കൈവരിക്കേണ്ടത്. അതുകൊണ്ട് തന്നെ സമവാക്യ സംഖ്യാബലത്തിന്റെ കണക്കുകൂട്ടലുകള്‍ക്കല്ല പ്രസക്തി. അതേസമയം സാമൂഹികമായ പിന്നാക്ക വിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച് ആ വിഭാഗങ്ങളില്‍ അവബോധം ഉണ്ടാക്കുകയും വേണം.

പട്ടിക ജാതി, വര്‍ഗ സംവരണം വ്യവസ്ഥ ചെയ്ത ഭരണഘടനയില്‍ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തെ സംബന്ധിച്ച് ഉന്നയിച്ചപ്പോള്‍ അംബേദ്കറുടെ മറുപടി അത് തന്റെ കാര്യമല്ലെന്നായിരുന്നു. അതുകൊണ്ട് ഭരണഘടനയിലെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താവുന്നതാണ് എന്ന് പൊതുവായ വ്യവസ്ഥയ്ക്ക് പകരം ജാതികളുടെയും ഗോത്ര വിഭാഗങ്ങളുടെയും പട്ടികകള്‍പോലെ ഭരണഘടനയില്‍ മറ്റുപിന്നാക്ക വിഭാഗങ്ങളുടെ ജാതിപ്പട്ടിക ഉണ്ടാകാതിരുന്നത്.

ഡോ.ലോഹ്യയാണ് ബാബാ സാഹിബ് അംബേഢ്കറിന് ശേഷം രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത് ജാതിയെ കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും അദ്ദേഹം നേതൃത്വം കൊടുത്ത സമരങ്ങളും ആണ് മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ശക്തമായ ഉയര്‍ത്തെഴുന്നേല്പിനും മുന്നേറ്റത്തിനും വഴിവച്ചത്. അദ്ദേഹം വൈശ്യസമുദായത്തില്‍ പിറന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ശിഷ്യരും അതിന് വേണ്ടി നിലകൊണ്ടവരായ മധു ലിമായെ ബ്രാഹ്മണനായി ജനിച്ച സ്വാതന്ത്ര്യസമരസേനാനിയാണ്, കിഷന്‍ പട്ട്ണായ്ക്ക്, സച്ചിദാനന്ദസിന്‍ഹ, കേരളത്തില്‍നിന്നുള്ള ആര്‍എം മനയ്ക്കലാത്ത്, ഇന്ദുമതി കേല്‍ക്കര്‍, വിനായക് റാവും കുല്‍ക്കര്‍ണി, ഞ്ജാനേശ്വര്‍ മിശ്ര, ഡോ.യു.ആര്‍. അനന്തമൂര്‍ത്തി, പി.വി.കുര്യന്‍ തുടങ്ങിയവര്‍ ഡോ.ലോഹ്യയുടെ അടുത്ത അനുയായികളും പിഎസ്പിയില്‍നിന്ന് ലോഹ്യയെ പുറത്താക്കിയപ്പോള്‍ അദ്ദേഹത്തോടൊപ്പം നിലകൊണ്ടവരും ആണ്. ജാതിയെ കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവന്നതും ചെറുകിടയന്ത്രത്തിന്റെ ഉല്പാദനരീതിയും സോഷ്യലിസത്തിന് പുതിയ അര്‍ത്ഥവും നല്‍കിയതാണ് പി.എസ്.പിയില്‍ പിണര്‍പ്പ് ഉണ്ടാകുവാന്‍ കാരണം. മേ ല്‍ പരാമര്‍ശിച്ച സവര്‍ണ സമൂഹങ്ങളിലെ നേതാക്ക•ാരോടൊപ്പം അവര്‍ണരായ നല്ല ശിവം, രവി റായ്, മണിറാം ബാഗ്രി, ശാന്തവരി ഗോപാല ഗൗഡ, കെ.കെ. അബു സാഹിബ്, കെ.കെ. കണ്ണന്‍മാഷ്, പി.പി. വില്‍സണ്‍, കെ.പി. മുഹമ്മദ് തുടങ്ങിയ അവര്‍ണ സമൂഹങ്ങളിലെ നേതാക്ക•ാരും ലോഹ്യയുടെ ഒപ്പം അചഞ്ചലമായി അക്കാലത്ത് ഉറച്ച് നിന്നവരാണ്. സമാജവാദി ജനപരിഷത് രൂപം കൊടുത്തപ്പോള്‍ അതിന്റെ ആദ്യസെക്രട്ടറിമാരില്‍ ഒരാളായിരുന്ന സഞ്ജീവ് സാനെയുടെ ബ്രാഹ്മണനായ പിതാവ് സോഷ്യലിസ്റ്റ് പാര്‍ട്ടിയോടൊപ്പവും മാതാവ് പി എസ്.പിയില്‍ തുടരുകയും ആണ് ചെയ്തത്. ഡോ. ലോഹ്യ പുതിയ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിനൊപ്പം 1956 ല്‍ നിലകൊണ്ടവരാണ് അവര്‍. അന്ന് ആദ്യമായി, മറ്റൊരു പാര്‍ട്ടിയിലും അംഗീകരിക്കപ്പെടാത്ത നടപടിയായിരുന്നു കമ്മിറ്റികളിലെ 60 ശതമാനം അംഗങ്ങള്‍ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക, സ്ത്രീ വിഭാഗങ്ങളില്‍നിന്ന് ആയിരിക്കണം എന്ന് നിബന്ധന നടപ്പിലാക്കിയത്. രാജ്യത്തും അധികാരങ്ങള്‍ അപ്രകാരമായിരിക്കണം എന്ന തത്വമാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപിടിച്ചത്. അന്ന് അംഗീകരിക്കപ്പെടാത്ത ഒരു തത്വത്തിന് വേണ്ടി സവര്‍ണ്ണ വിഭാഗത്തില്‍പെട്ട അനവധി ആളുകള്‍ ആദര്‍ശപരമായ പ്രതിജ്ഞാബദ്ധത കാണിച്ചത് പ്രത്യയ ശാസ്ത്ര കാഴ്ചപ്പാട് വിഭിന്നമായതു കൊണ്ടാണ്. അന്ന് ഹിന്ദുത്വ വാദികളും നെഹ്രു ആശയക്കാരും കമ്യൂനിസ്റ്റുകളും ഈ രാജ്യത്ത് ഉണ്ടായിരുന്നു. അവരില്‍ ആര്‍ക്കും തോന്നാത്ത സംഗതി സോഷ്യലിസ്റ്റുകാരിലെ ആ ഒരു ധാരയ്ക്ക്മാത്രം തോന്നിയത് പ്രത്യയശാസ്ത്രം ഒന്നുകൊണ്ട് മാത്രവും മറ്റുള്ളവര്‍ക്ക് ഹിന്ദുത്വ, നെഹ്രു, മാക് സിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളായിരുന്നു എന്നതാണ്.

ഹിന്ദുകൃതികളുടെ ശരിയായ വായന എന്നതിനപ്പുറം പ്രത്യയ ശാസ്ത്രപരമായ മുന്‍വിധികളാണ് പ്രശ്‌നം. ജാതിയെ മൗലികമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്ന പ്രത്യയശാസ്ത്രം ഇല്ലെങ്കില്‍ ജാതി വിരുദ്ധമായ എതിര്‍പ്പുകൊണ്ട് ജാതി നിര്‍മ്മൂലനം സാധ്യമാവില്ല. കമ്മ്യൂനിസ്റ്റുകളും മുതലാളിത്ത വാദികളും പുരോഗമന വാദികളും ജാതിയ്‌ക്കെതിരായ നിലപാട് സ്വീകരിച്ചെങ്കിലും ജാതിയെ വിമര്‍ശന വിധേയമാക്കിയെങ്കിലും സംവരണത്തിന് അവര്‍ എതിരായ നിലപാട് സ്വീകരിക്കാന്‍ മറ്റൊരു കാരണവുമില്ല. കാള്‍ മാക്‌സ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ കുറിച്ചു കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ നിന്നിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ജാതി സമൂഹത്തില്‍ മാറ്റം വരുത്തുമെന്ന്. ഇന്ന് രണ്ടു നൂറ്റാണ്ട് കഴിയുമ്പോള്‍ ആധുനികത വിളമ്പുന്ന സര്‍വ്വകലാശാലകള്‍ സഹ വിദ്യാര്‍ത്ഥികളുടെയും ഗുരുക്ക•ാരുടെയും ജാതി പീഡനങ്ങളും അരങ്ങേറുന്നിടം ആണെന്ന്. മാക്‌സിന് അന്യമായ ജാതി എന്ന പ്രതിഭാസം, ആധുനിക സമൂഹത്തില്‍ നിലനില്‍ക്കില്ല എന്ന് അദ്ദേഹം ധരിച്ചു. അതേപോലെ ഇവിടുത്തെ കമ്യൂനിസ്റ്റുകള്‍ മാത്രമല്ല ആധുനിക വാദികളും പുരോഗമന വാദികളും ജനാധിപത്യവാദികളും നെഹ്രുവുമാണ് അപ്രകാരം ചിന്തിച്ചത്. ബ്രാഹ്മണവാദികള്‍ അതെല്ലാം കരുവാക്കുകയും ചെയ്തു. സംവരണത്തെ എതിര്‍ത്ത് ഇക്കൂട്ടര്‍ പറയുമ്പോള്‍ ബ്രഹ്മണ വാദികള്‍ക്ക് ബഹുസന്തോഷം. സമൂഹത്തില്‍ അത്തരം ചിന്തകള്‍ വ്യാപരിക്കുന്നത് അവരുടെ തന്ത്രപരമായ നീക്കങ്ങളിലൂടെ ഉയര്‍ന്നു വരുന്ന ജാതി വിരുദ്ധ മുന്നേറ്റങ്ങളെ ലക്ഷ്യങ്ങളില്‍ നിന്ന് വഴി തെറ്റിക്കുവാനാണ് ഇടയാക്കിയത്.

ജാതി സെന്‍സസ് ആവശ്യം

ജാതി സെന്‍സസ് ആവശ്യത്തിന് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പച്ചിടത്തോളം പഴക്കമുണ്ട്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യ ഗണന കണക്കാക്കിയത് ബ്രട്ടീഷുകാര്‍ 1931 ല്‍ നടത്തിയ സെന്‍സസ് ആശ്രയിച്ചാണെന്നും അത് മാനദണ്ഡമായി അപ്പോള്‍ കാണാനാവില്ലെന്നുമാണ് പിന്നാക്ക സംവരണത്തിന് എതിരെ ഉയര്‍ത്തിയ ഒരു വാദം. അന്നേ സംവരണത്തിന് ജെനുവിനായി വാദിച്ചവര്‍ മേലാല്‍ ജാതി സെന്‍സസ് നടത്തി സംവരണത്തിന്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതൊരു വനരോദനമായി അവശേഷിച്ചതല്ലാതെ ജാതി കണക്കെടുപ്പില്ലാതെ സംവരണത്തിനെതിരെ ആശയപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ 2011 ലെ സെന്‍സസ് ആരംഭിക്കുന്നതിന് മുന്‍്പ് ജാതികൂടി ഉള്‍ച്ചേര്‍ക്കണം എന്നൊരാവശ്യം ഉയര്‍ന്നു. എന്നാല്‍ അപ്പോഴത്തെ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസും കമ്യൂനിസ്റ്റുകളും മാത്രമല്ല ഒട്ടുമിക്ക വ്യവസ്ഥാപിത കക്ഷികളും അനുകൂലനിലപാട് കാണിച്ചില്ല. അന്ന് സമാജവാദി ജനപരിഷത് ആ ആവശ്യം ഉന്നയിക്കുകയും ചെയ്തു. അതിനെതുടര്‍ന്ന് ബീഹാറില്‍ നിന്നുള്ള ജാതി ജനഗണന അഭിയാന്‍/ ക്യാമ്പെയ്ന്‍ ഫോര്‍ കാസ്റ്റ് സെന്‍സസ് ബീഹാറില്‍ നിന്നുള്ള രാജ് നാരായന്‍ എന്ന യുവാവിന്റെ നേതൃത്തില്‍ ഒര പ്രചാരണ പരിപാടി യോജിപ്പുള്ളവരെല്ലാം ചേര്‍ന്ന് ആരംഭിച്ചു. ബീഹാര്‍, ഉത്തരപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേരുറപ്പിച്ച സമാജ് വാദിപാര്‍ട്ടി, ലാലു യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ എന്നിവ ജാതി സെന്‍സസ് എന്ന നിലപാട് എടുത്തിരുന്നെങ്കിലും അതില്‍ ഗൗരവമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ ബീഹാറിന്റെ സാമൂഹിക മണ്ഡലത്തില്‍ അത് നിറഞ്ഞുനിന്നു.

അതിനുശേഷം ഇപ്പോള്‍ പുറത്ത് വിട്ട ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്ത് വരാന്‍ ഇടയാക്കിയ തീരുമാനം എന്തായാലും ഒരു ഉചിതമായ തീരുമാനമാണ്. എന്നാല്‍ തെരഞ്ഞെടുപ്പിനെ മാത്രം കണക്കിലെടുത്താണ് ആ തീരുമാനമെങ്കില്‍ താല്‍ക്കാലികമായ ഫലത്തിന് അപ്പുറമൊന്നും സംഭവിക്കില്ല. ജാതി നിര്‍മ്മൂലനം ഉയര്‍ത്തിപ്പിടിച്ച് ആ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സമൂഹത്തില്‍ മാറ്റം വരുത്താത്ത നാട്യ കലാ പ്രകടനമയി തീരും. ജാതി നിര്‍മ്മൂലനമെന്നത് സമുദായങ്ങളെ ഇല്ലായ്മ ചെയ്യല്‍ അല്ല. അത് സാമൂഹിക സമത്വം കൈവരിക്കുന്ന സമൂര്‍ത്തമായ പദ്ധതികളാണ്. ഇതുവരെ മാറ്റിനിര്‍ത്തപ്പെട്ടവര്‍ മുന്നിലേക്ക് വരുമ്പോള്‍ അത് സാമൂഹിക സമത്വത്തിലേയ്ക്കുള്ള ആദ്യ ചവിട്ടുപടി കയറുകയാണ്. ജാതി സെന്‍സ് ഭിന്നതയല്ല ജാതിയുടെ സംഖ്യയോടൊപ്പം അതിന്റെ പ്രാതിനിധ്യക്കുറവ് ബോധ്യപ്പെടുത്തുന്ന ഒരു വിശകലനവും പ്രാതിനിധ്യത്തിന്റെ അപര്യാപ്തത പരിഹരിക്കേണ്ട ബോധ്യവും ആണ് നല്‍കുന്നത്.

ജാതി സെന്‍സസ് സമൂഹത്തില്‍ ഒരു ശരിയായ ബ്രാഹ്മണ വാദ വിരുദ്ധ ധ്രുവീകരണം ഉണ്ടാക്കിയെങ്കില്‍ കൃത്യമായ ബ്രാഹ്മണ വാദ വിരുദ്ധ രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മൗലികമായ മാറ്റം വരുത്തുവാന്‍ ശേഷിയുള്ളതാണ്. അത് കേവലം ബ്രാഹ്മണ വാദത്തിനെതിരെയുള്ള ആക്രോശങ്ങളോ ബ്രാഹ്മണര്‍ക്കെതിരെയുള്ള മുന്നേറ്റമല്ലെന്ന് തിരിച്ചറിവ് ഉണ്ടാകുമ്പോഴെ സമൂഹത്തില്‍ ആ മാറ്റം പ്രതിഫലിപ്പിക്കുവാന്‍ സാധിക്കൂ. ബി.ജെ.പി. നയിക്കുന്ന NDA മുന്നണിയിലെ ഘടക കക്ഷികളായ അനവധി പാര്‍ട്ടികള്‍ ജാതിസെന്‍സിന് അനുകൂലമായി നിലപാടു പ്രഖ്യാപിച്ചു കഴിഞ്ഞു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലാര്‍ അപ്ന ദള്‍, നി ഷാ ദ് പാര്‍ട്ടി, സുഗല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, തമിഴ് നാട്ടിലെ പട്ടാളി മക്കള്‍ കച്ചി, വോള്‍ ജാര്‍ഖണ്ഡ്, സുറ്റവാന്‍സ് യൂണിയന്‍ പാര്‍ട്ടി തുടങ്ങിയ ച.ഉ.അ കക്ഷികളാണ് നിലപാട് പ്രഖ്യാപിച്ചത്. അവയില്‍ പലതും എണ്ണത്തില്‍ കൂടുതലുള്ള പിന്നാക്ക സമുദായങ്ങളുടെ പാര്‍ട്ടികളില്‍ അവഗണിക്കപ്പെട്ട അതി പിന്നാക്ക സമുദായങ്ങളുടെ പാര്‍ട്ടികളാണ്. അത് ആ.ഖ.ജ യുടെ സ്വകാര്യത വര്‍ദ്ധിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ ചതുരംഗ കളിയാണ് .

സെന്‍സസില്‍ വിട്ടുപോകരുതാത്ത വിവരശേഖരണം

മുസ്ലീം സാമൂഹിക സ്ഥിതികളെക്കുറിച്ച് പഠിച്ച് തയ്യാറാക്കി സമര്‍പ്പിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചര്‍ റിപ്പോര്‍ട്ട് രാജ്യത്തെ ഏറ്റവും പതിതരായവര്‍ മുസ്ലീങ്ങളിലെ ദലിത ജാതികളില്‍ പെട്ടവരാണെന്ന സംഗതി പുറത്ത് കൊണ്ടുവന്നു. അവര്‍ക്ക് അധികാര പങ്കാളിത്തം ഇല്ലാത്തതാണ് അതിന് പ്രധാന കാരണം. ദലിത സ്റ്റാറ്റസ് നല്കുന്ന സംരക്ഷണം അവര്‍ക്ക് ഇല്ല. ഭരണഘടന ഡോ.അംബേദ്കറുടെ നേതൃത്തില്‍ തയ്യാറാക്കിയപ്പോള്‍ അവരെപ്പോലുള്ളവര്‍ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു പ്രസിഡന്‍ഷ്യല്‍ ഉത്തരവ് വഴിയാണ് ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധ, ജൈനമതക്കാര്‍ അല്ലാത്തവരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. അവരെ ഒഴിവാക്കിയ സവര്‍ണ്ണ ബുദ്ധി എത്രയോ കുടിലമാണ്. മുസ്ലീം മതത്തില്‍ ഉള്‍പ്പെട്ടവരെപോലെ മാറ്റി നിര്‍ത്തിയവരാണ് ക്രൈസ്തവ വിഭാഗത്തിലുള്ളവരും. അധികാരപങ്കാളിത്തം നിഷേധിക്കപ്പെട്ട അത്തരം ജനവിഭാഗങ്ങളുടെ പ്രത്യേകമായ കണക്കെടുപ്പ് ഒഴിച്ചുകൂടാനാവാത്തതാണ്.

അതുപോലെ ജാതി വിവരങ്ങള്‍ കാനേഷുമാരിയില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം സര്‍ക്കാര്‍ സര്‍വ്വീസിലെ ജാതി തിരിച്ചുള്ള വിവരശേഖരം ലഭ്യമാക്കുന്നില്ലെങ്കില്‍ ജാതി സെന്‍സസ് ലക്ഷ്യം നേടാത്ത അശ്വമേധം പോലെയാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply