താങ്കള്‍ പറയുന്ന ഇടതുപക്ഷം ആരാണ് വെട്രിമാരന്‍….?

സമൂഹത്തെ മുതലാളിവര്‍ഗ്ഗം, തൊഴിലാളി വര്‍ഗ്ഗം എന്ന രീതിയിലുള്ള വിഭജനവും ഇത്തരമൊരു ചിന്താഗതിയുടെ ഭാഗമാണല്ലോ. എന്തുമാത്രം സങ്കുചിതമാണ് ഈ വിഭജനവും എന്നു മനസ്സിലാക്കാന്‍ സാമാന്യരാഷ്ട്രീയബോധം മാത്രം മതി. ഗോത്രപരവും വര്‍ണപരവും ലിംഗപരവും ജാതിപരവുമായ വിഭജനങ്ങളെയൊന്നും ഇത് ഉള്‍ക്കൊള്ളുന്നില്ല. ഇന്ത്യയിലെ ജാതിവ്യവസ്ഥയോടും അംബേദ്കറോടും ഇടതുപക്ഷമെന്നവകാശപ്പെടുന്ന മിക്കവാറും പേര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് മാത്രം പരിശോധിച്ചാല്‍ അതു വ്യക്തമാകും. മൂന്നാംലോകരാഷ്ട്രങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ പങ്കുപറ്റുന്ന വികസിത രാഷ്ട്രങ്ങളിലെ തൊവിലാളികള്‍ക്ക് എന്തു ഇടതുപക്ഷബോധമാണുള്ളത്? അങ്ങോട്ടുപോകണ്ട, പ്ലാച്ചിമടിയിലും മാവൂരും മറ്റും പിറന്ന മണ്ണില്‍ ജീവിക്കാനായി സമരം ചെയ്ത ആദിവാസികളടക്കമുള്ളവര്‍ക്കെതിരെ, കൊക്കക്കോളക്കും ബിര്‍ളക്കുമൊപ്പം നിന്ന തൊഴിലാളികളോ?

ലോകത്താകെ രണ്ടുപക്ഷമേയുള്ളു, ഇടതുപക്ഷവും വലതുപക്ഷവും, ഇവയില്‍ പെടില്ല എന്നു പറയുന്നവരൊക്കെ വലതുപക്ഷമാണ് – പ്രശസ്ത തമിഴ് ചലചിത്രകാരന്‍ വെട്രിമാരന്റെ വാക്കുകളാണിത്. തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലചിത്രോത്സവ വേദിയിലാണ് അദ്ദേഹം ഇത്തരത്തില്‍ സംസാരിച്ചത്. ഇതൊരു പുതിയ വാദമൊന്നുമില്ല. കേരളത്തില്‍ പലരും നിരന്തരമായി വാദിക്കുന്ന ഒന്നാണിത്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? അടിസ്ഥാനപരമായിതന്നെ പ്രകൃതിയുടെ അനന്തമായ വൈവിധ്യത്തെ നിരാകരിക്കുന്നതാണ് ഈ വാദഗതി. ഭൗതികമായി മാത്രമല്ല ബൗധികമായും പ്രകൃതി അനന്തമാണ്. കോടിക്കണക്കിനു ജനങ്ങളുടെ അനന്തമായ ചിന്തകളേയും ആശയങ്ങളേയും രണ്ട് അറകളാക്കിതിരിക്കുക എന്നതു തന്നെ പ്രകൃതിവിരുദ്ധമാണ്.

ഫ്രാന്‍സില്‍ വിപ്ലവത്തിനു് മുമ്പ്, രാജഭരണത്തെ എതിര്‍ത്തിരുന്ന, സമൂലപരിഷ്‌കരണമാവശ്യപ്പെട്ടിരുന്ന, ചൂഷിതരുടെ പക്ഷം പിടിച്ചിരുന്ന പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇടത് വശത്താണ് ഇരുന്നിരുന്നത്. അങ്ങനെയാണ് ഇടതുപക്ഷം എന്ന വാക്കിന്റെ ഉദ്ഭവവും അതാണ് പുരോഗമനകരമെന്ന സങ്കല്‍പ്പത്തിനു കാരണവും.. അവരന്ന് വലതുപക്ഷത്താണ് ഇരുന്നിരുന്നെങ്കില്‍ ഈ വിശേഷണമെല്ലാം മറിച്ചാകുമായിരുന്നു എന്നത് അവിടെ നില്‍ക്കട്ടെ. ഒരു പ്രത്യേകസാഹചര്യത്തില്‍ പ്രത്യേക സ്ഥലത്തുണ്ടായ ഒരു സംഭവത്തെ മുന്‍നിര്‍ത്തി മാനവ സാമൂഹ്യ ചരിത്രത്തെ നിര്‍വ്വചിക്കുന്നതുതന്നെ എത്രയോ സങ്കുചിതമായ നിലപാടാണ്. നിലവിലെ വ്യവസ്ഥിതി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ വലതുപക്ഷമെന്നും മാറണണെന്നാഗ്രഹിക്കുന്നവര്‍ ഇടതുപക്ഷമെന്നും ഇക്കൂട്ടര്‍ വിശദീകരിക്കാറുണ്ട്. നിലവിവെ വ്യവസ്ഥിതി മാറണമെന്നും മാറണ്ട എന്നും ആഗ്രഹിക്കുന്നവരില്‍ തന്നെ എത്രയോ വൈവിധ്യമാര്‍ന്ന ചിന്താരീതികളാണുള്ളത്. ഇടതുപക്ഷമെന്നു പറയുന്നവര്‍ തന്നെ നിലവിലെ സാഹചര്യങ്ങള്‍ മാറണമെന്നാഗ്രഹിക്കുന്നുണ്ടോ? ഒരു മാറ്റവുമില്ലാത്ത ഏകകക്ഷിഭരണവും മരണം വരെ ഏക നേതാവു ഭരിക്കുന്നതും അതിനുശേഷം കഴിവതും കുടുംബാംഗങ്ങള്‍ ഭരിക്കുന്നതുമല്ലെ ഇടതുപക്ഷമെന്നും കമ്യൂണിസസ്റ്റെന്നും വിശേഷിക്കപ്പെടുന്ന രാജ്യങ്ങളില്‍ കാണുന്നത്. കേരളത്തിലും നമ്മള്‍ കേള്‍ക്കുന്നത് തുടര്‍ഭരണത്തെ കുറിച്ചല്ലേ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇടതുപക്ഷമെന്നതുകൊണ്ട് ഏതെങ്കിലും പാര്‍ട്ടിയെ അല്ല എന്നും വിശാലാര്‍ത്ഥത്തിലാണ് ആ പദം ഉപയോഗിക്കുന്നതെന്നും പലരും വിശദീകരിക്കാറുണ്ട്. ഇടതുപക്ഷമെന്നു പറയപ്പെടുന്ന വിഭാഗങ്ങളില്‍ എത്രയോ ഭിന്നതകളാണുള്ളത്. അവയില്‍ പലതും വളരെ രൂക്ഷവും ശത്രുതാപരവും പോലുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് തന്നെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറഞ്ഞതിന് എത്രയോ നേതാക്കള്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തില്‍ തന്നെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിനെ വധിച്ച് അധികകാലമായിട്ടില്ലല്ലോ. ഇടതുപക്ഷ ലഘുലേഖകല്‍ കൈവശം വെച്ചതിനു ഇടതുപക്ഷക്കാരായ രണ്ടു വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി എന്‍ഐഎക്ക് വിട്ടുകൊടുത്തപ്പോള്‍ അതിനെ ന്യായീകരിച്ചത് ഇടതുപക്ഷവും എതിര്‍ത്തത് വലതുപക്ഷവുമായിരുന്നല്ലോ. വിശാലമായ ഇടതുപക്ഷമെന്നൊക്കെ പറയുന്നത് എത്രയോ പൊള്ളയാണെന്നു ബോധ്യമാകാന്‍ ഇതുമാത്രം മതി. അത്തരത്തില്‍ ചിന്തിക്കാനുള്ള രാഷ്ട്രീയവിശാലതയുള്ള ഒരു ഇടതുപക്ഷപ്രസ്ഥാനവും ലോകത്തുണ്ടായിട്ടില്ല എന്നതാണ് സത്യം. കോണ്‍ഗ്രസ്സുകാരില്‍ പുരോഗമനകാരികള്‍ എന്നു സ്വയം വിശ്വസിക്കുന്നവരും തങ്ങള്‍ ഇടതുപക്ഷമാണെന്നു അവകാശപ്പെടുന്നതും കേള്‍ക്കാറുണ്ടല്ലോ.

ചൂഷിതരുടെയും പീഡിതരുടേയും പക്ഷം പിടിക്കലാണ് പുരോഗമനകരവും ഇടതുപക്ഷവുമെന്നും വാദിക്കുന്നവരുണ്ട്. കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നാം. എന്നാല്‍ ഈ പ്രസ്താവന നടത്തുമ്പോള്‍ കെ റെയിലിനെതിരെ സംസ്ഥാനത്തു നടക്കുന്ന ജനകീയ സമരത്തെ വെട്രിമാരന്‍ കണ്ടോ ആവോ? ആ സമരത്തില്‍ പങ്കെടുക്കുന്നവര്‍ ഇടതുപക്ഷ വിരുദ്ധരും സമരത്തിനെതിരെ രംഗത്തുവരുന്നവര്‍ ഇടതുപക്ഷക്കാരമാണെന്ന വ്യാഖ്യാനത്തെ അദ്ദേഹം അംഗീകരിക്കുമോ? കേരളരൂപീകരണത്തിനുശേഷം നടന്ന നിരവധി ജനകീയ മുന്നേറ്റങ്ങളില്‍ ഇടതുപക്ഷമെന്നവകാശപ്പെടുന്നവര്‍ ഏതുപക്ഷത്തായിരുന്നു എന്ന പരിശോധനയില്‍ ഈ അവകാശവാദത്തിന്റെ പൊള്ളത്തരം ബോധ്യമാകും. ഏതാനും ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടികാട്ടട്ടെ. കേരളത്തില്‍ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നവര്‍ ആദിവാസികളാണെന്നതില്‍ ആര്‍ക്കും ഭിന്നതയുണ്ടാകുകയില്ലല്ലോ. ആദിവാസികള്‍ തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിക്കുവേണ്ടി സമരം ചെയ്തപ്പോള്‍ ഇവരേതുപക്ഷത്തായിരുന്നു? സമരം ചെയ്തവരെ മുത്തങ്ങയിയല്‍ നിന്നിറക്കിവിടാനാവശ്യപ്പെട്ട് ഹര്‍ത്താല്‍ നടത്തിയത് ഇടതുപക്ഷമടക്കം മിക്കവാറും എല്ലാപാര്‍ട്ടികളും ചേര്‍ന്നായിരുന്നു. അതിനുമുമ്പ് തിരുവനന്തപുരത്ത് ആദിവാസികള്‍ കുടില്‍ കെട്ടി സമരം നടത്തിയപ്പോള്‍ തലസ്ഥാനനഗരത്തെ തൂറി വൃത്തിക്കേടാക്കിയെന്നാക്ഷേപിച്ചത് സാക്ഷാല്‍ വി എസ് അച്യുതാനന്ദനായിരുന്നു. ഭൂമിക്കായി ദളിതര്‍ നടത്തുന്ന ഐതിഹാസികമായ ചെങ്ങറ സമരത്തോടും നിലപാട് മറിച്ചാണോ? മുമ്പു സൂചിപ്പിച്ചതാണ് ഇടതുപക്ഷത്തിന്റെ നിര്‍വ്വചനമെങ്കില്‍ എങ്ങനെയാണവര്‍ക്ക് മുന്നോക്കസംവരണത്തിന്റെ വക്താക്കളാകാനാകുക? രാജമാണിക്യമടക്കമുള്ള കമ്മീഷനുകളുടെ ശുപാര്‍ശകള്‍ പ്രകാരം ഹാരസണും ടാറ്റയുമടക്കമുള്ളവര്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ലക്ഷകണക്കിനേക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ചെറുവിരലനക്കാത്തവരും നമുക്ക് ഇടതുപക്ഷമാണ്. ഏതൊരു സമൂഹത്തിലും പല രീതിയിലുള്ള പീഡനങ്ങള്‍ക്ക് വിധേയരായ സ്ത്രീകളുടെ പ്രസ്ഥാനങ്ങളോടും സമരങ്ങളോടും ഇവരെന്നുമെടുക്കുന്ന നിലപാട്, സ്വന്തം കുഞ്ഞിനായി പോരാടിയ അനുപമയോട് എടുത്ത നിലപാട് തന്നെയാണ്. വന്‍കിടപദ്ധതികള്‍ മൂലം ജീവിതം ദുസ്സഹമായ പാവപ്പെട്ട ജനങ്ങള്‍ സമരരംഗത്തിറങ്ങുമ്പോള്‍ തൊഴിലാളികളുടെ പേരുപറഞ്ഞ് മാനേജ്മെന്റിന്റെ ഒപ്പം ഇവര്‍ നിന്ന കാഴ്ചകള്‍ മാവൂരും പ്ലാച്ചിമടയിലും കാതിക്കുടത്തുമൊക്കെ നാം എത്രയോ കണ്ടു. മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ സമരത്തിലും നിലപാട് മറ്റൊന്നായിരുന്നില്ലല്ലോ. നഗരമാലിന്യങ്ങള്‍ ചുമക്കാന്‍ തയ്യാറല്ല എന്നു പ്രഖ്യാപിച്ച് വിളപ്പില്‍ശാല, ലാലൂര്‍ പോലുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ നടത്തിയ പോരാട്ടങ്ങളുടേയും എതിര്‍ഭാഗത്തായിരുന്നു ഇവര്‍. മിക്കപ്പോഴും ഇത്തരം വിഷയങ്ങളില്‍ സമരം ചെയ്യുന്നവരെയെല്ലാം സംഘപരിവാറുകാരെപോലെ മാവോയിസ്റ്റുകളും മുസ്ലിംതീവ്രവാദികളുമായി ആക്ഷേപിക്കുന്നതിലും ഇവര്‍ ഒട്ടും മോശമില്ല. ഭരണകൂടത്തിന്റെ ചൂഷണോപാധിയാണ് പോലീസെന്ന മാര്‍ക്‌സിസറ്റ് വ്യാഖ്യാനം ഇടതുപക്ഷ ഭരണത്തില്‍ ഭംഗിയായി നടപ്പാക്കുന്നതും നാം കാണുനന്ു. ഇടതുപക്ഷമെന്നുതന്നെ അവകാശപ്പെടുന്ന മാവോയിസ്റ്റുകളെ നിയമവിരുദ്ധമായി കൊല ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമൂഹത്തെ മുതലാളിവര്‍ഗ്ഗം, തൊഴിലാളി വര്‍ഗ്ഗം എന്ന രീതിയിലുള്ള വിഭജനവും ഇത്തരമൊരു ചിന്താഗതിയുടെ ഭാഗമാണല്ലോ. എന്തുമാത്രം സങ്കുചിതമാണി ഈ വിഭജനവും എന്നു മനസ്സിലാക്കാന്‍ സാമാന്യരാഷ്ട്രീയബോധം മാത്രം മതി. ഗോത്രപരവും വര്‍ണപരവും ലിംഗപരവും ജാതിപരവുമായ വിഭജനങ്ങളെയൊന്നും ഇത് ഉള്‍ക്കൊള്ളുന്നില്ല. ഇന്ത്യയിലെ ജാതിവ്യവസ്ഥയോടും അംബേദ്കറോടും ഇടതുപക്ഷമെന്നവകാശപ്പെടുന്ന മിക്കവാറും പേര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് മാത്രം പരിശോധിച്ചാല്‍ അതു വ്യക്തമാകും. മൂന്നാംലോകരാഷ്ട്രങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ പങ്കുപറ്റുന്ന വികസിത രാഷ്ട്രങ്ങളിലെ തൊവിലാളികള്‍ക്ക് എന്തു ഇടതുപക്ഷബോധമാണുള്ളത്? അങ്ങോട്ടുപോകണ്ട, പ്ലാച്ചിമടിയിലും മാവൂരും മറ്റും പിറന്ന മണ്ണില്‍ ജീവിക്കാനായി സമരം ചെയ്ത ആദിവാസികളടക്കമുള്ളവര്‍ക്കെതിരെ, കൊക്കക്കോളക്കും ബിര്‍ളക്കുമൊപ്പം നിന്ന തൊഴിലാളികളോ?

ഇന്ത്യയിലേയും കേരളത്തിലേയും സംഘടിത തൊഴിലാളിവര്‍ഗ്ഗത്തിനും ഇടതുപക്ഷത്തിനും യഥാര്‍ത്ഥ ചൂഷിതരോട് എന്തെങ്കിലും അനുഭാവമുണ്ടോ എന്നു പരിശോധിക്കാന്‍ സമകാലികമായ മറ്റൊരു ഉദാഹരണവും ചൂണ്ടികാട്ടാം. രാജ്യത്തെ ഒന്നടങ്കം സ്തംഭിച്ച് രണ്ടുദിവസത്തെ പൊതുപണിമുടക്കു വരുകയാണല്ലോ. അതുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിന്‍ പുറങ്ങളിലെല്ലാം ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകളിലെ മുദ്രാവാക്യങ്ങള്‍ പരിശോധിക്കുക. അവയില്‍ തൊണ്ണുൂറു ശതമാനവും താരതമ്യേന മെച്ചപ്പെട്ട ജീവിതം നയിക്കുന്ന, കൊവിഡ് കാലം പോലത്തുപോലും കാര്യമായ പ്രശ്‌നങ്ങള്‍ നേരിടാതിരുന്ന സംഘടിത വിഭാഗങ്ങളുടെ ആവശ്യങ്ങളാണ്. മഹാഭൂരിപക്ഷം വരുന്ന അസംഘടിതരായ, കൊവിഡ് കാലം പൂര്‍ണ്ണമായും തകര്‍ത്തവരുടെ ആവശ്യങ്ങള്‍ വളരെ കുറവ്. തകര്‍ന്നു തരിപ്പണമായ ദളിത് വിഭാഗത്തില്‍ പെട്ട പെട്ടിക്കടക്കാരനെപോലും ബൂര്‍ഷ്വാ എന്നു വിളിച്ചാക്ഷേപിക്കുന്ന യുജിസിക്കാരനേയും ബാങ്ക് ജീവനക്കാരനേയും മറ്റും കാണാവുന്ന പ്രദേശമാണല്ലോ കേരളം. അവരുടെ ആവശ്യങ്ങളാണ് പണിമുടക്കുമായി ബന്ധപ്പെട്ട് പ്രധാനമായും ഉന്നയിക്കുന്നത് എന്നതില്‍ നിന്നുതന്നെ സമൂഹത്തെ ഇടതുപക്ഷം, വലതുപക്ഷം അല്ലെങ്കില്‍ തൊഴിലാളി വര്‍ഗ്ഗം, മുതലാളി വര്‍ഗ്ഗം എന്ന രീതിയില്‍ വിഭജിക്കുന്നതിലെ അശാസ്ത്രീയത ബോധ്യമാകും. ഒരുപക്ഷെ ഇതുവരെ ഇടതുപക്ഷം അധികാരത്തിലെത്തിയിട്ടില്ലാത്തതിനാലും പൊതുവില്‍ ഒരു ദളിത് രാഷ്ട്രീയം നിലനില്‍ക്കുന്ന പ്രദേശമാണ് തമിഴ് നാട് എന്നതിനാലുമായിരിക്കാം വെട്രിമാരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നു കരുതാം. അതേസമയം തമിഴ് സിനിമ മുന്നോട്ട് വെക്കുന്നത് ദ്രാവിഡ രാഷ്ട്രീയമാണെന്നാണ് അതേവേദിയില്‍ അദ്ദേഹം പറഞ്ഞത്. ഇടതുപക്ഷരാഷ്ട്രീയം എന്നല്ല. ഒരു ഇടതുപക്ഷപാര്‍ട്ടിയുടെ സെക്രട്ടറിയെ മറ്റൊരു ഇടതുപക്ഷ പാര്‍ട്ടിക്കാര്‍ കൊന്നുകളഞ്ഞ പ്രദേശത്തിരുന്നാണ് താനിത് പറയുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലേ ആവോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply