
വേടന്റെ പാട്ടിനെ ആര്‍ക്കാണ് പേടി?
മലയാള റാപ്പ് സംഗീതലോകത്ത് ഒരു കൊടുങ്കാറ്റുപോലെ കടന്നുവന്ന കലാകാരനാണ് ഹിരണ്‍ദാസ് മുരളി എന്ന വേടന്‍. സാമൂഹിക അനീതികള്‍ക്കെതിരെയുള്ള മൂര്‍ച്ചയേറിയ രാഷ്ട്രീയ പ്രഖ്യാപനങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയും. നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും മാറ്റിനിര്‍ത്തപ്പെട്ടവരുടെ വേദനയും രോഷവും പ്രതിരോധവുമാണ്, നൂറ്റാണ്ടുകളായി നിശബ്ദരാക്കപ്പെട്ട ഒരു ജനതയുടെ ശബ്ദമാണ്അദ്ദേഹത്തിന്റെ പാട്ടുകളില്‍ അഗ്‌നിയായി പടരുന്നത്. താന്‍ എഴുതുന്ന ഓരോ വരിയും താന്‍ അനുഭവിച്ച വഞ്ചനയുടെയും വേദനയുടെയും ഭാഗമാണെന്ന് അദ്ദേഹം പറയുന്നു. ചെറുപ്പത്തില്‍ നിറത്തിന്റെ പേരില്‍ കേട്ട കളിയാക്കലായ വേടന്‍ എന്ന പേര് പിന്നീട് സ്വയം സ്വീകരിച്ചതിലൂടെ, അടിച്ചമര്‍ത്തലിന്റെ അടയാളങ്ങളെ ശക്തിയുടെ ചിഹ്നമാക്കി മാറ്റുന്ന രാഷ്ട്രീയ നിലപാട് അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ജാതീയ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പ്രതിഷേധം എന്നതിലുപരിപരിസ്ഥിതി, ചരിത്രം, വര്‍ഗ്ഗം, സ്ത്രീവാദം, അധികാരം തുടങ്ങിയ വിവിധ ആശയങ്ങളെ ഒരുമിച്ച് ചേര്‍ത്തുനിര്‍ത്തുന്ന ഒരു ശക്തമായ സാംസ്‌കാരിക പ്രഖ്യാപനമാണ്. പരിസ്ഥിതി സ്ത്രീവാദം (Eco-feminism), കീഴാള പഠനം (Subaltern Studies) തുടങ്ങിയ സൈദ്ധാന്തിക ചട്ടക്കൂടുകളിലൂടെ വിശകലനം ചെയ്യുമ്പോള്‍ അതിന്റെ രാഷ്ട്രീയ ആഴം കൂടുതല്‍ വ്യക്തമാകും.
കാവ്യാത്മകമായ പതിവ് വഴക്കങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വേടന്റെ പാട്ടുകളെ സമീപിക്കുന്നത് യുക്തിസഹമല്ല. നമ്മള്‍ കേട്ടുശീലിച്ച ചലച്ചിത്രഗാനങ്ങളും ലളിത ഗാനങ്ങളും പൊതുവെ കാവ്യാത്മകവും അലങ്കാരങ്ങള്‍ നിറഞ്ഞതുമാണ്. പ്രണയം, വിരഹം, പ്രകൃതി വര്‍ണ്ണന തുടങ്ങിയ വിഷയങ്ങള്‍ മൃദുവായി അവതരിപ്പിക്കുന്നവയാണ് ഇവയില്‍ മിക്കതും എന്നതിനാല്‍ അതിനനുസരിച്ച് വഴക്കം വന്നവയാണ് നമ്മുടെ ആസ്വാദനശീലം. വാക്കുകള്‍ പലപ്പോഴും ഈണത്തിനനുസരിച്ച് ക്രമീകരിക്കപ്പെടുന്നു. അര്‍ത്ഥത്തെക്കാള്‍ ശബ്ദഭംഗിക്ക് പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇവയില്‍ ഏറെയും. പല്ലവി, അനുപല്ലവി, ചരണം എന്ന ഘടന ഇവ പിന്തുടരുന്നുണ്ട്. പല്ലവി ഗാനത്തിന്റെ പ്രധാന ആശയം ആവര്‍ത്തിക്കുമ്പോള്‍, ചരണങ്ങള്‍ കഥയോ വര്‍ണ്ണനയോ വിശദാംശങ്ങളോ നല്‍കുന്നു. ഇത് ഈണത്തിന്റെ ആവര്‍ത്തനത്തിലൂടെ കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു ഘടന നല്‍കുന്നു. ഇവിടെ ഈണമാണ് (Melody) രാജാവ്. എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് വേടന്റെ ശൈലി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വേടന്റെ പാട്ടുകള്‍ ജാതിവിരുദ്ധ പോരാട്ടത്തിന്റെ തീവ്രതയും, പ്രകൃതിയും സ്ത്രീയും അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ചുള്ള പരിസ്ഥിതി സ്ത്രീവാദത്തിന്റെ ഉള്‍ക്കാഴ്ചയും, ചരിത്രത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവരുടെ ശബ്ദമാകാനുള്ള കീഴാള ശ്രമവും സമന്വയിപ്പിക്കുന്ന ഒരു സമഗ്ര രാഷ്ട്രീയ പ്രബന്ധമാണ്. അത് അനീതിക്കെതിരായ ഒരായുധവും, ചൂഷണങ്ങളില്ലാത്ത ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള സ്വപ്നവുമാണ് പങ്കുവെക്കുന്നത്. അദ്ദേഹത്തിന്റെ ഭാഷ കാവ്യാത്മകമല്ല, മറിച്ച് പച്ചയായതും നേരിട്ടുള്ളതുമാണ് (Raw and Direct). അത് തെരുവിന്റെയും സാധാരണ മനുഷ്യന്റെയും ഭാഷയാണ്. സമൂഹത്തില്‍ കേള്‍ക്കാന്‍ മടിക്കുന്ന വാക്കുകളും (ഉദാ: മൈര്) പ്രയോഗങ്ങളും അദ്ദേഹം ബോധപൂര്‍വ്വം ഉപയോഗിക്കുന്നു. ഇത് കേവലം ഒരു പ്രയോഗമല്ല, മറിച്ച് സവര്‍ണ്ണവും ശുദ്ധമെന്ന് കരുതുന്നതുമായ ഭാഷാസങ്കല്‍പ്പങ്ങളോടുള്ള ഒരു രാഷ്ട്രീയ വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ വിഷയങ്ങള്‍ പ്രണയമല്ല, മറിച്ച് ജാതി, അധികാരം, അനീതി, ചെറുത്തുനില്‍പ്പ് എന്നിവയൊക്കെചേര്‍ന്നതാണ്. വേടന്റെ ഓരോ വാക്കും ഒരു രാഷ്ട്രീയ പ്രസ്താവനയാണ്.
വേടന്റെ ഗാനങ്ങള്‍ പരമ്പരാഗത ഘടനയെ പൊളിച്ചെഴുതുന്നു. രേഖീയമായ കഥപറച്ചിലാണ് (Linear Narrative) മിക്ക ഗാനങ്ങളിലും ഉള്ളത്. ഒരു ചോദ്യത്തില്‍ നിന്നോ പ്രസ്താവനയില്‍ നിന്നോ ആരംഭിച്ച്, പടിപടിയായി ആശയം വികസിപ്പിച്ച്, ഒരു തീവ്രമായ ക്ലൈമാക്‌സിലേക്ക് എത്തുന്ന രീതിയാണ് അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളിലും കാണാന്‍ കഴിയുന്നത്. Voice of the Voiceless എന്ന ഗാനം ഭൂമിയുടെ രാഷ്ട്രീയം പറഞ്ഞ്, അധ്വാനത്തിന്റെ ചൂഷണചരിത്രത്തിലൂടെ കടന്നുപോയി, ജാതീയ അസ്തിത്വത്തിന്റെ പ്രഖ്യാപനത്തില്‍ കത്തിക്കയറി, പ്രതിരോധത്തിന്റെ ആഹ്വാനത്തില്‍ അവസാനിക്കുന്നു. ഇവിടെ ഈണമല്ല, താളമാണ് (Rhythm/Beat) അടിസ്ഥാനം. ആ താളത്തിനൊപ്പമാണ് വാക്കുകളുടെ പ്രവാഹം. ഗാനങ്ങളുടെ RAP സ്വഭാവമാണ് ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം. റാപ്പിന്റെ ജീവന്‍ താളത്തിലുള്ള വാക്കുകളുടെ വിന്യാസമാണത്. വേടന്റെ റാപ്പില്‍, വാക്കുകള്‍ കേവലം അര്‍ത്ഥം നല്‍കുക മാത്രമല്ല, ഒരു താളവാദ്യം (Percussion Instrument) പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വാക്കുകള്‍ക്കിടയിലുള്ള വേഗത, നിര്‍ത്തലുകള്‍, ഊന്നലുകള്‍ എന്നിവയെല്ലാം ഗാനത്തിന്റെ വൈകാരിക തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ഇത് കേള്‍വിക്കാരന്റെ ചിന്തയെയും ഒപ്പം ശരീരത്തെയും പിടിച്ചിരുത്തുന്ന ഒന്നാണ്.
പരമ്പരാഗത ഗാനങ്ങളിലേപ്പോലെ പ്രാസങ്ങള്‍ (അനുപ്രാസം, അന്ത്യപ്രാസം) റാപ്പിലും കാണാം. എന്നാല്‍ ഇവിടെ പ്രാസം ഒരു കാവ്യാത്മക അലങ്കാരം എന്നതിലുപരി, താളം മുറിയാതെ ഒഴുക്ക് നിലനിര്‍ത്താനുമുള്ള ഒരു ഉപകരണമാണ്. വേടന്റെ വരികളില്‍ ഇത് വ്യക്തമാണ്. ‘നടുവൊടിഞ്’, ‘വറ്റി വാര്‍ന്ന്’, ‘ചതിച്ച്, ‘കൊതിച്ച്’പോലുള്ള അന്ത്യപ്രാസങ്ങളും, വരികള്‍ക്കുള്ളിലെ പ്രാസങ്ങളും (Internal Rhymes) ഒരുമിച്ച് ചേര്‍ന്ന് ഒരു തുടര്‍ച്ചയായ താളാത്മക അനുഭവം നല്‍കുന്ന രീതി അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ ശക്തമായി ഉണ്ട്.
ആഖ്യാനത്തിലെ തീവ്രത (Aggressive Delivery)യാണ് RAP ന്റെ മറ്റൊരു പ്രത്യേകത. റാപ്പില്‍ ശബ്ദത്തിന്റെ പരുക്കന്‍ ഭാവവും സത്യസന്ധതയുമാണ് പ്രധാനം. വേടന്റെ ശബ്ദത്തിലെ രോഷം, വേദന, പുച്ഛം, നിശ്ചയദാര്‍ഢ്യം എന്നിവയെല്ലാം ഉള്ളടക്കത്തിന്റെ ഭാഗമാണ്.
വേടന്‍ റാപ്പ് എന്ന സംഗീതരൂപം തിരഞ്ഞെടുത്തത് ഒരു യാദൃശ്ചികതയായി കാണാന്‍ കഴിയില്ല. അതൊരു ബോധപൂര്‍വമായ രാഷ്ട്രീയ തീരുമാനമാണ്. പരമ്പരാഗത സംഗീതരൂപങ്ങളുടെ സൗന്ദര്യശാസ്ത്ര സങ്കല്‍പ്പങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാത്ത, അതിനെ പൊളിച്ചെഴുതുന്ന ഒരു രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേത്. ശബ്ദമില്ലാത്തവരുടെ ശബ്ദം കേവലം മധുരതരമായ പാട്ടായി ഒതുങ്ങേണ്ട ഒന്നല്ല. അധികാരരൂപങ്ങളുടെ മുഖത്ത് ആഞ്ഞടിക്കുന്ന, താളാത്മകമായ അതേസമയം തീവ്രതയുള്ള മുദ്രാവാക്യങ്ങളുടെ ഘടനയാണ് അതിനുള്ളത്. അതിന് ഏറ്റവും അനുയോജ്യമായ സംഗീതരൂപമാണ് റാപ്പ്. വേടന്റെ പാട്ടുകളുടെ രചനാരീതി, ഘടന, റാപ്പ് ശൈലി എന്നിവ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വേടന്റെ പാട്ടുകളില്‍ കാത്തിരിപ്പും ക്ഷമയും അവസാനിച്ച ഒരു ജനതയുടെ പോരാട്ടത്തിനുള്ള ആഹ്വാനമുണ്ട്. അഗ്‌നിയിലും കണ്ണീരിലും കുതിര്‍ന്നു വളര്‍ന്ന ഒരു തലമുറയുടെ പ്രതിനിധിയായാണ് വേടന്‍ സംസാരിക്കുന്നത്. എന്നിരുന്നാലും പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും തീപ്പൊരി അവയിലുണ്ട്. Voice of the Voiceless എന്ന ഗാനത്തിലെ ആത്യന്തികമായ മാറ്റത്തിന് ഒരു തരി കനല്‍ മാത്രം മതിയെന്ന ഓര്‍മ്മപ്പെടുത്തല്‍, അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉള്ളിലെ കെടാത്ത തീയാണ്.
കാട് കട്ടവന്റെ നാട്ടില്‍ ചോറ് കട്ടവന്‍ മരിക്കും
കൂറ് കെട്ടവന്‍ ഭരിച്ചാല്‍ ഊര് കട്ടവന്‍മുടിക്കും
പ്രകൃതിയെ കൊള്ളയടിക്കുന്ന വന്‍കിടക്കാരനും വിശപ്പടക്കാന്‍ മോഷ്ടിക്കുന്ന ദരിദ്രനും തമ്മിലുള്ള വൈരുദ്ധ്യം ഇവിടെ വ്യക്തമാണ്. നീതിന്യായ വ്യവസ്ഥയുടെ വര്‍ഗ്ഗപരമായ പക്ഷപാതിത്വത്തെ എന്നപോലെ സമകാലിക രാഷ്ട്രീയത്തിലെ കപട ദേശീയതയെയും വേടന്‍ വിമര്‍ശിക്കുന്നു:
വാക്കെടുത്തവന്‍ ദേശദ്രോഹി തീവ്രവാദി
ഭരണകൂടത്തിനെതിരെ വാക്കുകളിലൂടെയും കലയിലൂടെയും പ്രതികരിക്കുന്നവരെ ദേശദ്രോഹി എന്ന് മുദ്രകുത്തുന്നതിലൂടെ, അടിച്ചമര്‍ത്തലിന്റെ വിവിധ രൂപങ്ങള്‍ എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെന്ന് വേടന്‍ വ്യക്തമാക്കുന്നു.
അഗ്‌നിയില്‍ കുരുത്ത് കണ്ണീരാഴിയില്‍ കുളിച്ച്
തുണ്ട് മണ്ണിനായ് കൊതിച്ച് മണ്ണ് നിന്നെന്ന ചതിച്ച്
കനലൊരു തരി മതി ഒരുതരി മതി തരി മതി.
ഇത്, കീഴാളന് സംസാരിക്കാന്‍ കഴിയുമോ (Can the Subaltern Speak?) എന്ന ഗായത്രി സ്പിവാക്കിന്റെ ചോദ്യത്തിനുള്ള സംഗീതാത്മകമായ മറുപടിയായി മാറുന്നു. ജാതി, വര്‍ഗ്ഗം, ലിംഗം, പരിസ്ഥിതി ചൂഷണം, ഭരണകൂട ഭീകരത എന്നിവയെല്ലാം ഒരേ അധികാര വ്യവസ്ഥയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുന്നു.
നീര്‍നിലങ്ങളിന്‍ അടിമയാരുടമയാര്
നിലങ്ങളായിരം വേലിയില്‍ തിരിച്ചതാര്
മണ്ണ് പൊന്നാക്കി പൊന്ന് നിനക്കന്യമാക്കി
ഭൂമിയുടെയും പ്രകൃതി വിഭവങ്ങളുടെയും യഥാര്‍ത്ഥ ഉടമസ്ഥര്‍ ആരാണെന്നും ആരാണ് അതിനെ വേലികെട്ടിത്തിരിച്ച് സ്വന്തമാക്കിയതെന്നും വേടന്‍ ചോദിക്കുന്നു. വേലികള്‍ കേവലം ഭൗതികമായ അതിരുകളല്ല. മനുഷ്യരെ വിഭജിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സാമൂഹിക വേര്‍തിരിവുകളാണ് . പ്രകൃതിയെയും സ്ത്രീയെയും ഒരുപോലെ കീഴടക്കാനും ചൂഷണം ചെയ്യാനും ഉള്ള പുരുഷാധിപത്യ, മുതലാളിത്ത വ്യവസ്ഥയുടെ ശ്രമങ്ങളെ ഈ ചിന്താധാര തുറന്നുകാട്ടുന്നു. ‘മണ്ണ് പൊന്നാക്കി പൊന്ന് നിനക്കന്യമാക്കി’എന്ന വരി, പ്രകൃതിയെയും അധ്വാനത്തെയും ലാഭമുണ്ടാക്കാനുള്ള ഉപകരണമായി മാത്രം കാണുന്ന വ്യവസ്ഥയെ ചോദ്യം ചെയ്യുന്നു.
പേറ്റുനോവെടുത്ത തള്ള പള്ളയില്‍ കനല്‍ നിറക്കും
എന്ന വരി നോക്കുക. സൃഷ്ടിയുടെയും ജീവന്റെയും പ്രതീകമായ ‘അമ്മ’, വ്യവസ്ഥിതിയുടെ അനീതികള്‍ കാരണം ഉള്ളില്‍ പ്രതികാരത്തിന്റെ കനല്‍ നിറയ്ക്കുന്നു. ജീവന്‍ നല്‍കുന്നവളുടെ ഉള്ളില്‍ സംഹാരത്തിന്റെ അഗ്‌നി ജ്വലിക്കാന്‍ കാരണമാകുന്ന സാമൂഹിക സാഹചര്യങ്ങളെ വരച്ചുകാട്ടുന്നതിലൂടെ, മണ്ണും പെണ്ണും അനുഭവിക്കുന്ന വേദന ഒന്നാണെന്ന പരിസ്ഥിതി സ്ത്രീവാദത്തിന്റെ അടിസ്ഥാന തത്വം വേടന്‍ അടിവരയിടുന്നു. ചരിത്രത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട അരികുവല്‍കൃത ജനതയുടെ (Subalterns) ശബ്ദം വീണ്ടെടുക്കാനുള്ള ശ്രമമാണത്.
അടിമക്കേതിടം ചരിത്ര പുസ്തകങ്ങളില്‍
ഔദ്യോഗിക ചരിത്രം അരികുവല്‍കൃത ജനതയെ എങ്ങനെയാണ് തുടച്ചുനീക്കിയതെന്ന് വേടന്‍ ചോദിക്കുന്നു. രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും കഥകള്‍ക്കിടയില്‍, നാടിനെ നഗരമാക്കിയ അടിമയുടെ അധ്വാനവും ജീവിതവും എവിടെയും രേഖപ്പെടുത്തുന്നില്ല. എഴുതപ്പെടാത്ത ആ ചരിത്രം സ്വയം രേഖപ്പെടുത്തുകയാണ് ഈ ഗാനം.
ഞാന്‍ പാണനല്ല പറയനല്ല പുലയനല്ല
നീ തമ്പുരാനുമല്ല ആണേല്‍ ഒരു മൈരുമില്ല
ഇത് കീഴാളന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രഖ്യാപനമാണ്. ഭരണകൂടവും സവര്‍ണ്ണസമൂഹവും ചാര്‍ത്തിക്കൊടുത്ത ജാതിയുടെ ലേബലുകള്‍ അവന്‍ നിഷേധിക്കുന്നു. അതോടൊപ്പം, അധികാരത്തിന്റെ പ്രതീകമായ തമ്പുരാനേയും അവന്‍ തള്ളിക്കളയുന്നു. മറ്റുള്ളവര്‍ നിര്‍വചിക്കുന്ന അസ്തിത്വം സ്വീകരിക്കാന്‍ തയ്യാറല്ലെന്നും, സ്വന്തം വ്യക്തിത്വം സ്വയം നിര്‍വചിക്കുമെന്നും ഉറപ്പിക്കുന്നു.
വേടന്റെ പാട്ടുകളെ വെറും മുറവിളികളായി തള്ളിക്കളയാന്‍ കഴിയില്ല. ഭൂമി, തൊഴില്‍, ജാതി, അധികാരം, ദേശീയത എന്നിവയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, അത് കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്നു. ഹിപ്-ഹോപ്പ് എന്ന ആഗോള സംഗീതരൂപത്തെ ഉപയോഗിച്ച് ഏറ്റവും പ്രാദേശികവും അതേസമയം ശക്തവുമായ രാഷ്ട്രീയ ഉള്ളടക്കം നല്‍കാന്‍ വേടന് കഴിയുന്നു. അദ്ദേഹത്തിന്റെ വരികള്‍ ഒരു തലമുറയുടെ മുഴുവന്‍ ശബ്ദമായി മാറുന്നത് അതുകൊണ്ടാണ്. നിശബ്ദതയില്‍ നിന്ന് ഉയര്‍ന്നുവരുന്ന രോഷത്തിന്റെയും പ്രതിരോധത്തിന്റെയും ശബ്ദമാണത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
