വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷിക്കാന്‍ ആര്‍ക്കാണവകാശം?
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി മത്സരിച്ചാഘോഷിക്കുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തന്നെ കൊണ്ടുവന്ന് കോണ്‍ഗ്രസ്സ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. രാഹുല്‍ ഗാന്ധിയുടെ സന്ദേശവും സമ്മേളനത്തില്‍ വായിച്ചു. സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മുന്‍കൈയില്‍ ആരംഭിച്ച ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഏറെ ശ്രദ്ധേയമായത് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിദ്ധ്യം കൊണ്ടാണ്. അതേസമയം വൈക്കം സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം ഉണ്ടായില്ല.
ഏറ്റവും ആസുരമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ വൈക്കം സത്യാഗ്രഹം (Vaikom Satyagraha) പോലുള്ള ചരിത്രസംഭവം ഓര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ ആര്‍ക്കാണ് അതാഘോഷിക്കാന്‍ അര്‍ഹതയുള്ളത് എന്നതു പരിശോധിക്കേണ്ട വിഷയം തന്നെയാണ്. ആ ചരിത്രപോരാട്ടം മുന്നോട്ടുവെച്ച സന്ദേശവും രാഷ്ട്രീയവും മുന്നോട്ടുകൊണ്ടുപോകാന്‍ ഒന്നും ചെയ്യാത്തവര്‍ക്ക് ആ ചരിത്രസ്മരണയുടെ പൈതൃകം അവകാശപ്പെടാനും ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും അവകാശമുണ്ടോ എന്ന ചോദ്യം ചോദിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. എ ഐ സി സി സമ്മേളന തീരുമാനപ്രകാരമാണ് സത്യാഗ്രഹമാരംഭിക്കുന്നതെന്നും അതിനാല്‍ തന്നെ അതിന്റെ മുഴുവന്‍ അവകാശവും തങ്ങള്‍ക്കാണെന്നാണ് കോണ്‍ഗ്രസ് വാദം. ഖാര്‍ഗെയും അതാവര്‍ത്തിച്ചു. മറുവശത്ത് പാര്‍ട്ടി രൂപീകരിക്കുന്നതിനു മുന്നെ നടന്ന നവോത്ഥാനപോരാട്ടങ്ങളുടെ പൗതൃകം പോലും അവകാശപ്പെടുന്നവരാണല്ലോ കമ്യൂണിസ്റ്റുകാര്‍. എന്നാല്‍ ഈ പോരാട്ടം മുന്നോട്ടുവെച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരു നൂറ്റാണ്ടുകാലം ഒന്നും ചെയ്യാതിരിക്കുകയും മറിച്ച് മാറി മാറി അധികാരത്തിലിരുന്നിട്ടും കേരളീയ സമൂഹത്തെ ഒരുപാട് പുറകോട്ട് നയിക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു ഇരുകൂട്ടര്‍ക്കും കൈകഴുകാനാവില്ല. അക്കാര്യത്തില്‍ ഒരു സ്വയംവിമര്‍ശനമെങ്കിലും നടത്തിവേണമായിരുന്നു ഇത്തരത്തിലുള്ള ആഘോഷപരിപാടികള്‍ക്ക് തുടക്കമിടാന്‍.
വഴിനടക്കാനും കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും മാറുമറക്കാനും മറ്റുമുള്ള അവകാശങ്ങള്‍ക്കായി അയ്യന്‍കാളിയുടേയും മറ്റും നേതൃത്വത്തില്‍ ഐതിഹാസിക പോരാട്ടങ്ങള്‍ നടക്കുകയും നാരായണഗുരുവടക്കമുള്ളവരുടെ സന്ദേശങ്ങള്‍ കേരളമാകെ പ്രതിദ്ധ്വനിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായിരുന്നു വൈക്കം സത്യാഗ്രഹം.. (അയ്യന്‍ കാളി വൈക്കം സത്യാഗ്രഹത്തെ എത്രത്തോളം പിന്തുണച്ചു എന്നതിനെ കുറിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ശതാബ്ദി ആഘോഷവേളയിലും കാര്യമായ ദളിത് സാന്നിധ്യം ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്). സത്യത്തില്‍ 1865-ല്‍ എല്ലാ പൊതു നിരത്തുകളും വര്‍ണ്ണനിരപേക്ഷമായി ആര്‍ക്കും ഉപയോഗിക്കാം എന്ന അറിയിപ്പ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. 1884 ജൂലൈ മാസത്തിലെ മറ്റൊരുത്തരവില്‍ മുന്‍ ഉത്തരവ് നടപ്പാക്കാതിരിക്കുന്നതിനെ അതീവ ഗൗരവത്തോടെ കാണുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കി . എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതിയുടെ മുമ്പാകെ പരിഗണനക്കു വന്നപ്പോള്‍, കോടതി, വഴികളെ രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടായി തിരിച്ചിട്ട്, സര്‍ക്കാരിന്റെ നേരത്തേയുള്ള ഉത്തരവ് രാജവീഥികളെ മാത്രം ബാധിക്കുന്നതാണെന്ന് വിധിക്കുകയായിരുന്നു. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴികള്‍ ഗ്രാമവീഥികളാണെന്നും കോടതി തീരുമാനിച്ചു. ഇപ്പോഴത്തെ കോടതികളെ പോലെതന്നെയാണ് അന്നത്തേയുമെന്നര്‍ത്ഥം. അതുകൊണ്ടാണ്, യാത്രാനുമതി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി 65 വര്‍ഷത്തിനു ശേഷവും ആ വഴികള്‍ അവര്‍ണ്ണര്‍ക്ക് അപ്രാപ്യമായി തുടര്‍ന്നത്. മാത്രമല്ല ആ വീഥികളില്‍ ഒരു കൂട്ടം പോലീസുകാരെ കാവലിന് ഏര്‍പ്പെടുത്തിയിട്ടുമുണ്ടായിരുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കോണ്‍ഗ്രസ്സ് ഔപചാരികമായി പ്രക്ഷോഭം ഏറ്റെടുക്കുന്നതിനു മുന്നെ പലരും വൈക്കത്തെ വിലക്കപ്പെട്ട വീഥിയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുകയും പോരാടുകയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ശ്രമിച്ച് കൊല്ലപ്പെട്ടവരുടെ ജഡങ്ങള്‍ ക്ഷേത്രത്തിന്റെ കിഴക്കേനടക്കു സമീപത്തുള്ള ഒരു കുളത്തില്‍ കുഴിച്ചിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ഗാന്ധിജിയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തില്‍ എത്തുന്നതോടെ രാഷ്ട്രീയസ്വാതന്ത്ര്യ സമരത്തോടൊപ്പം സാമൂഹ്യസ്വാതന്ത്ര്യസമരത്തിലും സജീവമാകാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നതും അക്കാലത്തായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചതില്‍ രാജ്യത്തെ വലിയൊരുവിഭാഗം ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനോട് വിയോജിപ്പുണ്ടായിരുന്നു. അതിനെ മറികടക്കാന്‍ കൂടിയായരുന്നു വിദേശ വസ്ത്രബഹിഷ്‌കരണം, ഖാദി പ്രചാരണം, മദ്യവിരുദ്ധ സമരം, അയിത്തത്തിനും അനാചാരങ്ങള്‍ക്കും എതിരായ പോരാട്ടം, ഹിന്ദിബോധനം തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രമേയമാകുന്നത് എന്നു വിലയിരുത്തുന്നവരുണ്ട്. ഇക്കാലത്താണ്. ആന്ധ്രയില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ ടി കെ മാധവന്‍ കോണ്‍ഗ്രസിന്റെ മുഖ്യ അജന്‍ഡ എന്നനിലയില്‍ അയിത്തോച്ചാടനപ്രമേയം അവതരിപ്പിച്ചത്. സമ്മേളനം അതംഗീകരിക്കുകയും ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ സംഘടിപ്പിക്കാന്‍ മാധവനും കെ പി കേശവമേനോനും കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും ഉള്‍പ്പെട്ട സമിതിയെ നിയോഗിക്കുകയും ചെയ്തു.
മാസങ്ങളോളമാണ് വൈക്കം സത്യാഗ്രഹം നീണ്ടുപോയത്. ഗാന്ധിയുടെ ഇടപെടലോടെ പോരാട്ടം അഖിലേന്ത്യാ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ അഹിന്ദുക്കളായവരും പുറമെനിന്നുള്ളവരും പങ്കെടുക്കേണ്ടതില്ല എന്ന ഗാന്ധിയുടെ നിലപാടും ഇണ്ടംതുരുത്തി ദേവന്‍ നീലകണ്ഠന്‍ നമ്പൂതിരിയുമായി അയാളുടെ വീടിന്റെ വരാന്തയിലിരുന്ന് ചര്‍ച്ച ചെയ്തതുമൊക്കെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ തെറ്റുകളായിതന്നെ വിലയിരുത്തപ്പെടും. താനൊരു സനാതനഹിന്ദുവാണെന്നു പരസ്യമായി പ്രഖ്യാപിച്ചിരുന്ന അദ്ദേഹം ഒരുപക്ഷെ അതിലൊന്നും തെറ്റുകണ്ടിരിക്കില്ല. എന്നാല്‍ PWD റോഡില്‍ എല്ലാവര്‍ക്കും സഞ്ചരിക്കാനുള്ള അവകാശമായിരുന്നു നമ്പൂതിരിയുടെ വരാന്തയിയിലിരുന്ന് ഗാന്ധി ആവശ്യപ്പെട്ടതെന്നു മറക്കരുത്. സത്യത്തില്‍ യുക്തിവാദിയായിരുന്ന പെരിയാറിന്റെ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ പോരാട്ടം അനന്തമായി നീണ്ടുപോകുമായിരുന്നു എന്നതാണ് വാസ്തവം. അതിനാല്‍ തന്നെ ശതാബ്ദി ആഘോഷങ്ങള്‍ തമിഴ് നാട്ടില്‍ ഒരു വര്‍ഷം ആഘോഷിക്കുമെന്ന സ്റ്റാലിന്റെ പ്രഖ്യാപനം ശ്രദ്ധേയമാണ്. പെരിയാറിന്റെ സന്ദേശവും രാഷ്ട്രീയവും ഇപ്പോഴും പിന്തുടരുന്ന ഡിഎംകെക്കും സ്റ്റാലിനുമാണ് വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷിക്കാന്‍ അവകാശമുള്ളത് എന്നതാണ് വാസ്തവം..
സത്യത്തില്‍ നാലില്‍ മൂന്നുവഴി മാത്രമാണ് പോരാട്ടത്തെ തുടര്‍ന്ന് തുറന്നു നല്‍കിയത്. പ്രധാന വഴി തുറന്നില്ല. അതിനേക്കാള്‍ പ്രധാനം വഴി നടക്കാനുള്ള അവകാശം ലഭിച്ചിട്ടും എത്രയോ കാലം കഴിഞ്ഞാണ് അവര്‍ണര്‍ അതിലൂടെ സഞ്ചരിക്കാന്‍ ആരംഭിച്ചത് എന്നാണ്. ജാതിവ്യവസ്ഥയും അയിത്തവുമെല്ലാം സ്വാഭാവികമാണെന്ന ബോധമായിരുന്നു സാമൂഹ്യ – വ്യക്തി ജീവിതത്തില്‍ അലിഞ്ഞുകിടന്നിരുന്നത്. സൂക്ഷ്മപരിശോധനയില്‍ ഇപ്പോഴും അതുതന്നെയാണ് അവസ്ഥ എന്നു കാണാം. അല്ലായിരുന്നെങ്കില്‍, കഴിഞ്ഞ ദിവസം വൈക്കം സത്യാഗ്രഹകാലത്ത് അങ്ങോട്ട് ഐക്യദാര്‍ഢ്യമായി സവര്‍ണ്ണജാഥ നയിച്ച മന്നത്ത് പത്മനാഭന്റെ പ്രതിമയില്‍ പുഷ്പഹാരമര്‍പ്പിക്കാനെത്തിയ ശിവഗിരി സന്യാസിമാര്‍ക്ക് അനുമതി നിഷേധിക്കുമായിരുന്നില്ലല്ലോ. മാത്രമല്ല, വൈക്കത്തും എന്‍എസ്എസിന്റെ സാന്നിധ്യം കണ്ടില്ല. ആ എന്‍ എസ് എസിന്റെ ആസ്ഥാനമന്ദിരത്തിലേക്കാണ് വോട്ടും പിന്തുണയും തേടി, ഈ ശതാബ്ദി ആഘോഷിക്കുന്നവര്‍ നിരന്തരമായി കയറിയിറങ്ങാറ് എന്നതും ഓര്‍ക്കുന്നത് നന്ന്.
എന്തുകൊണ്ട് ഇരുകൂട്ടര്‍ക്കും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷിക്കാനവകാശമില്ല എന്നതിലേക്ക് തിരിച്ചുവരാം. ഒരു സമൂഹത്തിന്റെ മുന്നോട്ടുപോക്കിന്റെ രണ്ടുകാലുകളാണ് രാഷ്ട്രീയ ജനാധിപത്യവും സാമൂഹ്യജനാധിപത്യവും. ഒരുകാലില്‍ നില്‍ക്കാന്‍ ആര്‍ക്കുമാവില്ലല്ലോ. മുകളില്‍ സൂചിപ്പിച്ച ചില പരിമിതികളൊക്കെ ഉണ്ടായിരുന്നു എങ്കിലും രണ്ടുകാലിന്റേയും പ്രാധാന്യം തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു വൈക്കം സത്യാഗ്രഹം. അവിടെ രാഷ്ട്രീയജനാധിപത്യത്തിനും സാമൂഹ്യജനാധിപത്യത്തിനുമായുള്ള പോരാട്ടങ്ങള്‍ കണ്ണിചേര്‍ന്നു. അതാണ് ഈ പോരാട്ടത്തെ മറ്റുപല നവോത്ഥാനപോരാട്ടങ്ങളില്‍ നിന്നു വ്യത്യസ്ഥമാക്കിയത്. എന്നാല്‍ ബ്രിട്ടീഷുകാരില്‍ നിന്നു ഔപചാരിക സ്വാതന്ത്ര്യം നേടിയതോടെ സാമൂഹ്യജനാധിപത്യത്തിനായുള്ള പോരാട്ടങ്ങള്‍ ഇപ്പോള്‍ ശതാബ്ദി ആഘോഷിക്കുന്ന രണ്ടുവിഭാഗങ്ങളും ഉപേക്ഷിച്ച ചരിത്രമാണ് നമുക്കുമുന്നിലുള്ളത്. അതാണ് അയിത്തോച്ചാടനത്തിന്റെ കടമകള്‍ ഇപ്പോഴും പൂര്‍ത്തിയാകാതിരിക്കാനുള്ള പ്രധാന കാരണം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അല്ലായിരുന്നെങ്കില്‍ ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍ എന്ന സര്‍ക്കാര്‍ വേതനം നല്‍കുന്ന ജോലിയില്‍ അവര്‍ണ്ണരേയും സ്ത്രീകളേയും കാണുമല്ലോ. അവര്‍ണ്ണര്‍ക്കും ശാന്തിക്കാരാകാം എന്നു തീരുമാനിച്ചിട്ടുണ്ടെന്നു പറയുമ്പോള്‍ എത്രത്തോളം പ്രായോഗികമായിട്ടുണ്ട്? ആ തീരുമാനത്തിനുശേഷമല്ലേ ശബരിമല, ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളിലേക്ക് മലയാളി പുരുഷ ബ്രാഹ്മണര്‍ അപേക്ഷിച്ചാല്‍ മതിയെന്ന പരസ്യം വന്നതും അങ്ങനെ നിയമനങ്ങള്‍ തുടരുന്നതും. അവര്‍ണ്ണരുടെ കലാരൂപങ്ങള്‍ക്കും ഇപ്പോഴും പല ക്ഷേത്രങ്ങളിലും അയിത്തമുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് അയിത്തം തുടരുന്നു. എല്ലാ ജാതി മത വിഭാഗങ്ങളുടെ മുന്നിലും എല്ലാ ആരാധനാലയങ്ങളും തുറന്നോ? വിവാഹങ്ങളിലും അയിത്തം സജീവം. അല്ലെങ്കില്‍ മിശ്രവിവാഹങ്ങള്‍ വ്യാപകമാകേണ്ടതായിരുന്നല്ലോ. അതിന്റെ പേരില്‍ ദുരഭിമാനകൊലകള്‍ പോലും കേരളത്തില്‍ നടക്കുന്നില്ലേ? സവര്‍ണ്ണ ജാതിവാലുകള്‍ കൊണ്ടുനടക്കുന്നവരുടെ എണ്ണം കുറഞ്ഞോ? സ്ത്രീകള്‍ക്കും അവര്‍ണ്ണ വിഭാഗങ്ങള്‍ക്കും അധികാരമേഖലയിലും അതിനെ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളിലും കാര്യമായ പങ്കാളിത്തം ലഭിച്ചോ? സ്ത്രീധനകൊലപാതകങ്ങള്‍ പോലും ആവര്‍ത്തിക്കുകയല്ലേ? കല്ലുമാല പൊട്ടിച്ചവര്‍ ഇന്നു സ്വര്‍ണ്ണമാലയില്‍ കുടുങ്ങികിടക്കുകയല്ലേ? വഴി നടക്കാനുള്ള അവകാശം എല്ലാവര്‍ക്കുമായി എന്നു പറയുമ്പോള്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും അതുണ്ടോ? മാറുമറക്കാനവകാശം നേടിയവര്‍ക്ക് സ്വന്തം താല്‍പ്പര്യമനുസരിച്ചുള്ള വസ്ത്രധാരണം സാധ്യമാണോ? സാമൂഹ്യജനാധിപത്യം എന്ന ആശയത്തെ കൊലക്കു കൊടുത്തല്ലേ സവര്‍ണ്ണ സംവരണം നടപ്പായത്? ലൈംഗികതയുമായി ബന്ധപ്പെട്ട കപട സദാചാരമൂല്യങ്ങളും സദാചാരപോലീസിംഗും വര്‍ദ്ധിക്കുകയല്ലേ? ഇന്നും ആണ്‍, പെണ്‍ പള്ളിക്കൂടങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമല്ലേ കേരളം? ഇതെല്ലാം അയിത്തത്തിന്റെ രൂപങ്ങളല്ലാതെ മറ്റെന്താണ്? ലൈംഗിക ലിംഗ ന്യൂനപക്ഷങ്ങളോടുള്ള അയിത്തത്തിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ടോ?
ഈ പട്ടികക്ക് അവസാനമുണ്ടാകില്ല. അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയാണ് എന്‍ എസ് എസ് കാര്യാലയത്തില്‍ സംഭവിച്ചത്. നമ്മള്‍ വൈക്കം സത്യാഗ്രഹം നടക്കുന്നതിനു പുറകിലെ കാലത്തേക്കുപോയിരിക്കുന്നു എന്നാണത് വ്യക്തമാക്കുന്നത്. ബിജെപിക്ക് സീറ്റൊന്നും കിട്ടുന്നില്ലെങ്കിലും ഹിന്ദുത്വമൂല്യങ്ങള്‍ എത്രയോ ശക്തമായിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയെ തെളിവാണ് ശബരിമല വിവാദകാലത്ത് കണ്ടത്. എന്തിനേറെ, വൈക്കത്തുതന്നെ ഉതസകാലത്ത് വിവിധ ജാതിവിഭാഗങ്ങളില്‍ പെട്ട സ്ത്രീകള്‍ താലമേന്തുന്നത് വ്യത്യസ്ഥ നിറങ്ങളുള്ള വസ്ത്രങ്ങളണിഞ്ഞാണത്രെ. മുകളില്‍ സൂചിപ്പിച്ചപോലെ സാമൂഹ്യജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളുടെ പാത ഉപേക്ഷിച്ചതാണ് ഈ തിരിച്ചുപോക്കിനെല്ലാം പ്രധാന കാരണം. എല്ലാ പ്രസ്ഥാനങ്ങള്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ടെങ്കിലും സിപിഎമ്മിനും കോണ്‍ഗ്രസ്സിനും സ്വാഭാവികമായും കൂടുതലുണ്ട്. ആ തെറ്റു തിരുത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും അതിനുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യാതെ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും അതിന്റെ പിതൃത്വമവകാശപ്പെടാനും ചെയ്യുന്ന ശ്രമങ്ങള്‍ തികഞ്ഞ ചരിത്ര – ജനവഞ്ചയാണെന്നു തന്നെ പറയേണ്ടിവരും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in