അയ്യങ്കാളിയെ സ്മരിക്കുമ്പോള്‍

ഇന്ന് കേരളത്തിലെ ദളിതര്‍ പോരാട്ടത്തിന്റെ പാതയില്‍ തന്നെയാണ്. തങ്ങള്‍ക്കിനി വളര്‍ത്തച്ചന്മാര്‍ വേണ്ട എന്നു പറഞ്ഞു തന്നെ നിരവധി ദലിത് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഒപ്പം നിരവധി ബുദ്ധിജീവികളും എഴുത്തുകാരും പ്രഭാഷകരും. അംബേദ്കറും അയ്യങ്കാളിയുമാണ് അവരുടെ മാതൃക. അവര്‍ നടത്തുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാനാണ് അയ്യങ്കാള ദിനമാഘോഷിക്കുന്ന ഈ വേളയല്‍ ജനാധിപത്യകേരളം തയ്യാറാകേണ്ടത്.

അധസ്ഥിത വിഭാഗങ്ങളുടെ മഹാത്മാവായിരുന്ന അയ്യങ്കാളിയുടെ ജന്മദിനം ഒരിക്കല്‍ കൂടി ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തോടൊപ്പം കേരള രാഷ്ട്രീയവും വഴിത്തിരിവിലാണ്. വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ രണ്ടാം മോദി സര്‍ക്കാര്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യനീതിക്കും ഫെഡറലിസത്തിനമെതിരെ ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തിയിരിക്കുകയാണെന്ന വിമര്‍ശനം ശക്തമാണ്. അതേസമയം രാജ്യമെങ്ങും രാഷ്ട്രീയാധികാരത്തിന്റെയും വിഭവാധികാരത്തിന്റെയും കോട്ടക്കൊത്തളങ്ങളില്‍ നിന്ന് നൂറ്റാണ്ടുകളായി അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ദളിത് വിഭാഗങ്ങളുടെ പ്രക്ഷോഭങ്ങള്‍ ശക്തമാണ്. കേരളത്തില്‍ പക്ഷെ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. ഇവിടെ സീറ്റുകളൊന്നും നേടാന്‍ സംഘപരിവാറിനായില്ല. പക്ഷെ നമ്മുടെ പൊതുജീവിതത്തില്‍ വര്‍ഗ്ഗീയതയും സവര്‍ണ്ണതയും അതിശക്തമായി തിരിച്ചുവരുകയാണ്. നവോത്ഥാനമെന്നു വിളിക്കപ്പെടുന്ന മുന്നേറ്റങ്ങളിലൂടെ എന്തിനെയൊക്കെയാണ് നമ്മള്‍ നാടുകടത്തിയത് എന്നു കരുതുന്നുവോ, ്അവയെല്ലാം അതിശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് നാം കാണുന്നത്. അതിനാല്‍ തന്നെ അയ്യങ്കാളി ദിനത്തിന്റെ പ്രസക്തിയും വര്‍ദ്ധിക്കുന്നു. കാരണം ഈ യാഥാസ്ഥിതിക ശക്തികള്‍ക്കെതിരായ കീഴാളരുടെ ഏറ്റവും വലിയ ഊര്‍ജ്ജം അയ്യങ്കാളിയല്ലാതെ, മറ്റാരുമല്ല എന്നതു തന്നെ.
കേരളീയ നവോത്ഥാന ചരിത്രത്തില്‍ ഏറ്റവും ഉന്നതശീര്‍ഷന്‍ അയ്യങ്കാളി തന്നെയാണ്. ആത്മീയതയിലൂന്നിയായിരുന്നു ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെങ്കില്‍ അയ്യങ്കാളിയുടേത് ഭൗതികതയിലൂന്നിയുള്ള മുന്നേറ്റമായിരുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലായിരുന്ന, മനുഷ്യരായി പോലും പരിഗണിക്കപ്പെടാതിരുന്ന വിഭാഗങ്ങള്‍ക്കുവേണ്ടിയായിരുന്നു അയ്യങ്കാളി തെരുവിലിറങ്ങിയത്. ഞങ്ങടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങടെ പാടം കൊയ്യില്ല എന്നു പ്രഖ്യാപനവും വിലക്കപ്പെട്ട വീഥികളിലൂടെയുള്ള വില്ലുവണ്ടിയാത്രയും മാത്രം പോരേ അയ്യങ്കാളി അനശ്വരനാകാന്‍..? പിന്നെ 25 വര്‍ഷം പ്രജാസഭയിലിരുന്ന് ചെയ്ത പ്രവര്‍ത്തനങ്ങളും. എന്നാല്‍ എത്രയോ കാലം നമ്മുടെ ചരിത്രത്തില്‍ നിന്ന് അയ്യങ്കാളിയുടെ പ്രാധാന്യം മൂടിവെക്കപ്പെട്ടു. ഇന്ന് നവോത്ഥാനത്തിന്റെ അവകാശികളാകാന്‍ ശ്രമിക്കുന്ന ഇരുവിഭാഗവും അയ്യങ്കാളിയെ തമസ്‌കരിക്കുകയായിരുന്നു. സവര്‍ണ്ണ ഹൈന്ദവവാദികള്‍ക്ക് അംബേദ്കറെ പോലെ അയ്യങ്കാളിയും പേടിസ്വപ്‌നമായിരുന്നു. മറുവശത്ത് ഇ എം എസ് തന്റെ പ്രശസ്തമായ കേരളചരിത്രത്തില്‍ നിന്നുപോലും അയ്യങ്കാളിയെ തമസ്‌കരിച്ചു. ഇന്നും അതില്‍ കാര്യമായ അന്തരമില്ല എന്നതാണ് ശ്രദ്ധേയം. അടിസ്ഥാനപരമായി മനുസ്മൃതിയെ തള്ളിപ്പറയാത്ത, ഹിന്ദുരാഷ്ട്രത്തെ ലക്ഷ്യം വെക്കുന്നവരുടെ അജണ്ടയില്‍ ഒരിടത്തും ദളിത് വിഭാഗങ്ങള്‍ക്ക് സ്ഥാനമുണ്ടാകാനിടയില്ല. മറുവശത്ത് വര്‍ഗ്ഗരാഷ്ട്രീയ സമീപനത്തിലും ജാതീയമായി പീഡിപ്പിക്കപ്പെടുന്നവരുടെ പോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമില്ല. രോഹിത് വെമുല എസ് എഫ് ഐയില്‍ നിന്നു രാജിവെച്ച് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ ചേര്‍ന്നതിന്റേയും അടിസ്ഥാനകാരണം മറ്റൊന്നല്ലല്ലോ. എന്തൊക്കെ പറഞ്ഞാലും ദളിത് രാഷ്ട്രീയത്തെ സ്വത്വരാഷ്ട്രീയമായി ആക്ഷേപിച്ച് തള്ളിക്കളയുകയാണ് ഇടതുചിന്തകര്‍ ഇപ്പോഴും ചെയ്യുന്നത്.
കേരളത്തിന്റെ നവോത്ഥാനചരിത്രം പക്ഷെ ഇവര്‍ക്കുള്ള മറുപടിയാണ്. ഉത്തരേന്ത്യയില്‍ സവര്‍ണ്ണനായിരുന്ന രാജാറാം മോഹന്‍ റായിയുടെ നേതൃത്വത്തിലായിരുന്നു നവോത്ഥാനത്തിനു തിരികൊളുത്തിയതെങ്കില്‍ കേരളത്തില്‍ തിരിച്ചായിരുന്നു. താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്നായിരുന്നു ഗുരു പറഞ്ഞത്. തങ്ങളുടെ സമുദായത്തില്‍ നിന്ന് 10 ബിഎക്കാരുണ്ടാകുന്നകാലമാണ് അയ്യങ്കാളി സ്വപ്‌നം കണ്ടത്. ഈ സമയത്ത് നമ്പൂതിരിമാര്‍ താത്രിക്കൂട്ടിയെ സ്മാര്‍ത്തവിചാരം ചെയ്യുകയായിരുന്നു. 1929ലായിരുന്നു നായര്‍ സമുദായത്തില്‍ എന്തെങ്കിലും മാറ്റത്തിനു തുടക്കമിടുന്നത്. മുകളില്‍ നിന്നു പ്രസാദംപോലെ ഇട്ടുകൊടുത്തതല്ല കേരളീയ നവോത്ഥാനം. അത് അടിയില്‍ നിന്ന് പൊട്ടിമുളച്ചതാണ്. അതു വിസ്മരിച്ചാണ് മേല്‍സൂചിപ്പിച്ച വിഭാഗങ്ങള്‍ ഇന്ന് രക്ഷാകര്‍തൃത്വം ചമയാന്‍ ശ്രമിക്കുന്നത്. അസഹിഷ്ണുതയുടെ മതമാണ് തങ്ങളുടേതെന്ന് ഹൈന്ദവവാദികളും തങ്ങളാണ് കേരളത്തിന്റ നവോത്ഥാന സൃഷ്്ടാക്കളെന്നു കമ്യൂണിസ്റ്റുകാരും പറയുമ്പോള്‍ നിഷേധിക്കുന്നത് ഈ ചരിത്രയാഥാര്‍ത്ഥ്യമാണ്.
ഇനി ഇവരുടെ നിലപാടുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ വര്‍ത്തമാനകാല ദളിത് പ്രക്ഷോഭങ്ങളോടുള്ള നിലപാടില്‍ പ്രകടമാകണമല്ലോ. കേരളത്തിലെ ദളിതരും ആദിവാസികളും ഇന്നു നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം സ്വന്തമായി ഭുമിയില്ലായ്മ തന്നെയാണ്. അതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ അങ്ങോളമിങ്ങഓളം നടക്കുന്നു. അവയോട് പക്ഷെ നിഷേധാത്മക സമീപനമാണ് എല്ലാ പ്രസ്ഥാനങ്ങളും സ്വീകരിക്കുന്നത്. പകരം അവരെയെല്ലാം ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഫ്‌ളാറ്റുകളിലൊതുക്കാനുള്ള നീക്കമാണ്. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണത്തില്‍ വഞ്ചിക്കപ്പെട്ട് പതിനായിരകണക്കിനു കോളനികളിലേക്ക് ഒതുക്കപ്പെട്ട ദളിതര്‍ക്ക് അതുവഴി നിഷേധിച്ചത് ആധുനിക ജീവിതം തന്നെയായിരുന്നു. ഭൂമിയുടെ ക്രയവിക്രയവും ബാങ്കിടപാടുകളും വഴി സാധിക്കുമായിരുന്ന സംരംഭകത്വത്തില്‍ നിന്നും വ്യാപാരമേഖലകളില്‍ നിന്നും അവര്‍ അകറ്റി നിര്‍ത്തപ്പെട്ടു. മുടക്കാന്‍ പണമില്ലാതിരുന്നതിനാല്‍ തന്നെ കേരളത്തിന്റെ സാമ്പത്തികമേഖലയിലെ പ്രധാന പങ്കുവഹിക്കുന്ന ഗള്‍ഫും അവര്‍ക്കന്യമായി. ഭൂമിയില്ലാത്തതിനാല്‍ കാര്‍ഷികമേഖലയില്‍ നിന്നും പുറത്തായി. മറ്റൊരു പ്രധാന മേഖലയായ എയ്ഡഡ് മേഖലയില്‍ ദളിതരുടെ അവകാശമായ സംവരണം നടപ്പാക്കത്തതിനാല്‍ അവിടെ നിന്നും പുറത്തായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെടുകയും സ്വകാര്യ മേഖല വളരുകയ.ും ചെയ്യുമ്പോള്‍ സംവരണാവകാശവും ഇല്ലാതാകുന്നു. തന്റെ സമുദായത്തില്‍ 10 ബിഎക്കാരെ കാണാന്‍ അയ്യങ്കാളി ആഗ്രഹിച്ചു. ഇന്ന് വിദ്യാസമ്പന്നര്‍ ആയിരകണക്കിനുണ്ട്. കുറെ സര്‍്ക്കാര്‍ ജോലികളിലും അവരുണ്ട്. എന്നാല്‍ കാലം ആവശ്യപ്പെടുന്ന രീതിയിലുള്ള മുന്നേറ്റം അവര്‍ക്കുണ്ടായില്ല. അതിനുള്ള പ്രധാന കാരണം മുകളില്‍ സൂചിപ്പിച്ച പോലെ രാഷ്ട്രീയപ്രസ്ഥാനങ്ങളോ സര്‍ക്കാരുകളോ ദളിതരുടെ പ്രശ്‌നങ്ങളോ അവകാശങ്ങളോ കാണാന്‍ തയ്യാറായില്ല എന്നു തന്നെയാണ്. അതിനാല്‍ തന്നെയാണ് അംബേദ്കറെ പോലെ അയ്യങ്കാളിയും കൂടുതല്‍ കൂടുതല്‍ പ്രസക്തനായി വരുന്നത്. ഇന്ന് കേരളത്തിലെ ദളിതര്‍ പോരാട്ടത്തിന്റെ പാതയില്‍ തന്നെയാണ്. തങ്ങള്‍ക്കിനി വളര്‍ത്തച്ചന്മാര്‍ വേണ്ട എന്നു പറഞ്ഞു തന്നെ നിരവധി ദലിത് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഒപ്പം നിരവധി ബുദ്ധിജീവികളും എഴുത്തുകാരും പ്രഭാഷകരും. അംബേദ്കറും അയ്യങ്കാളിയുമാണ് അവരുടെ മാതൃക. അവര്‍ നടത്തുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാനാണ് അയ്യങ്കാള ദിനമാഘോഷിക്കുന്ന ഈ വേളയല്‍ ജനാധിപത്യകേരളം തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply