പീഡനക്കേസുകളില്‍ ഇരകള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍…
സത്യത്തെ തന്നെ ആപേക്ഷികമാക്കിക്കൊണ്ടിരിക്കുന്ന, എല്ലാ മൂല്യ വ്യവസ്ഥകളേയും കുടഞ്ഞു കളയുന്ന സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ സ്ത്രീയുടെ സ്ഥാനവും പദവിയും അന്തസ്സും സുരക്ഷയും നിലനിര്‍ത്തണമെങ്കില്‍ ധനകാര്യ മുതലാളിത്തവും ഫാഷിസവും സൃഷ്ടിച്ച മൗലിക രാഷ്ട്രീയത്തിനും സദാചാരത്തിനും വിരുദ്ധമായ വ്യവസ്ഥിതിക്കെതിരെയുള്ള രാഷ്ട്രീയ സമരം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്…
കഴിഞ്ഞ ജൂണില്‍ കര്‍ണാടക ഹൈക്കോടതി ഒരു ബലാത്സംഗ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയുണ്ടായി.. ക്രിമിനല്‍ അപരാധത്തിന്റെ ഗൗരവത്തെ അടിസ്ഥാനപ്പെടുത്തി മാത്രം പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പാടില്ല എന്നാണ് പ്രതിക്ക് ജാമ്യം അനുവദിച്ചതിനെ കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കോടതി സൂചിപ്പിച്ചത്. വിശാല അര്‍ത്ഥത്തില്‍ ഇത് ശരിയായിരിക്കാം. എന്നാല്‍ സ്ത്രീപീഡകരായ പ്രതികള്‍ പുറത്തിറങ്ങിയാല്‍ പരാതിക്കാരി/ പീഡിത നേരിട്ടേക്കാവുന്ന ഭീഷണിയും വിചാരണവേളയില്‍ ഫലപ്രദമായി സാക്ഷിപറയാന്‍ കഴിയാതാവുന്ന സാഹചര്യവുമാണ് കോടതി മുഖ്യമായും പരിഗണിക്കേണ്ടിയിരുന്നത്. അതിനുപുറമേ പരാതിക്കാരിയുടെ സ്വഭാവത്തെക്കുറിച്ചുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കുന്ന കോടതിയുടെ ചില ന്യായവാദങ്ങള്‍ കാതലില്ലാത്തതും അപലപനീയവുമാണ്..
ബലാത്സംഗത്തിന്റേയും പീഡനത്തിന്റേയും ഗൗരവതരമായ നിയമാംശം റദ്ദാക്കുകയും പീഡനം കാല്പനികവും സര്‍വ്വസാധാരണവുമായ വിഷയമായി പരിഗണിക്കപ്പെടുകയും ചെയ്യുന്ന ഈ പ്രവണത പലപ്പോഴും കോടതികളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ബലാല്‍സംഗത്തേയും പീഡകരേയും പീഡിതരേയും അതിജീവിച്ചവരേയും ബന്ധപ്പെട്ട് നിലവിലുള്ള പീഡന പുരാവൃത്തങ്ങള്‍ ഹാനികരവും തെറ്റായതും പക്ഷപാതപരവുമായ പുരുഷാധിപത്യ ധാരണകളാണ് പ്രചരിക്കപ്പിക്കുന്നത്.
‘കളങ്കമറ്റ’ ഇരകളെ (genuine victims) അവരുടെ സ്വഭാവ സവിശേഷതകളില്‍ നിന്നും മനസ്സിലാക്കാം, അത്തരം ‘പരിശുദ്ധി’ യുള്ളവര്‍ അവരെ പീഡനത്തിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം എന്നിങ്ങനെ മൂല്യ യുക്തിഭംഗ ധാരണകളാണ് സമൂഹത്തില്‍ പൊതുവായി നിലനില്‍ക്കുന്നത്. സ്ത്രീകളെ സാമൂഹ്യമായി ഭ്രഷ്ട് കല്‍പ്പിക്കുന്ന ഏത് സാഹചര്യവും അതിലുള്‍പ്പെടാം. സൗഹൃദ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതാകാം, വസ്ത്രധാരണരീതിയാകാം, സിനിമാതിയേറ്ററില്‍ പോയതാകാം, നിര്‍ഭയകേസിലെ പോലെ രാത്രി പുറത്തിറങ്ങിയതാകാം. ഇത്തരം സാഹചര്യങ്ങളില്‍ പോകാന്‍ സന്നദ്ധമാകുന്നത് ലൈംഗിക ബന്ധങ്ങള്‍ അനുവദിക്കുന്നതിനും അനുകൂലിക്കുന്നതിനും പീഡനം ക്ഷണിച്ചു വരുത്തുന്നതിനും തുല്യമാണെന്നാണ് ഇതിന്റെ വിവക്ഷിതാര്‍ത്ഥം. മറ്റൊരു സ്ഥിരം പ്രചരണം കളങ്കമറ്റ ഇര അക്രമിയെ ശാരീരികമായി നേരിടും ഇല്ലെങ്കില്‍ ആത്മ രക്ഷയ്ക്കുവേണ്ടി നിലവിളിക്കും എന്നൊക്കെയാണ്.
മെഹമ്മൂദ് ഫറൂഖി vs NCT ഡല്‍ഹി (2017) കേസില്‍ ഡല്‍ഹി ഹൈക്കോടതി പറഞ്ഞത് പരാതിക്കാരി ദുര്‍ബലമായ ശബ്ദത്തില്‍ ‘അരുത് ‘ (feeble no) എന്ന് പറയുന്നതു പോലും സ്ത്രീയുടെ വിസമ്മതത്തിന്റ പര്യാപ്തമായ തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ്. പ്രതിയുമായി പരാതിക്കാരിക്ക് ഇതിനുമുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ചരിത്രമുണ്ട് എന്നതാണ് ഈ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ മറ്റൊരു യുക്തിശൂന്യ നിരീക്ഷണം. അതുകൊണ്ട് അവളുടെ സമ്മതം അനുമാനിക്കാവുന്നതും എന്നാല്‍ ‘വിസമ്മതവും’ ‘അതൃപ്തിയും’ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിക്കുന്നു. ചുരുക്കത്തില്‍ ഇവിടെ വിചാരണ നേരിടുന്നത് പ്രതിക്കു പകരം ഇരയാണ്. ഒപ്പം പ്രതി കുറ്റം ചെയ്തിട്ടുണ്ടോ എന്നതില്‍നിന്നും ഇര കര്‍ശനവും കൃത്യവുമായ പുരുഷാധിപത്യത്തിന്റെ പ്രമാണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്നതിലേക്ക് കേസിന്റെ ശ്രദ്ധാകേന്ദ്രം മാറുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
പ്രതിരോധത്തില്‍ പരാജയപ്പെടുന്നത് വഴങ്ങലിന്റേയോ സമ്മതത്തിന്റേയോ തെളിവായി പരിഗണിക്കാന്‍ പാടില്ല എന്ന് 2013 ലെ പ്രായപൂര്‍ത്തിയായവര്‍ക്ക് നേരെയുള്ള ബലാല്‍സംഗ നിയമ ഭേദഗതിയില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ‘അസന്നിഗ്ദ്ധവും ഇച്ഛാധീനവുമായ സമ്മതം’ (unequivocal voluntary agreement) എന്നാണ് അതുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയില്‍ പറയുന്നത്. സഹിച്ചു കൊണ്ടുള്ള ജഡമായ കീഴടങ്ങല്‍ (ഭയംമൂലമോ വ്യവസ്ഥാപിത സാമൂഹ്യ സാഹചര്യങ്ങള്‍ കാരണത്താലോ അങ്ങനെ സംഭവിക്കാം) അല്ലെങ്കില്‍ മദ്യപാനം മുതലായ ലൈംഗികേതര ഇടപെടലുകള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന അനിച്ഛാപൂര്‍വ്വമായ വഴങ്ങിക്കൊടുക്കല്‍ (Acquiescence) എന്നിവയൊന്നും സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായി പരിഗണിക്കാന്‍ കഴിയില്ല, മറിച്ച് ബലാത്സംഗമായി കണക്കാക്കണമെന്നാണ് 2013ലെ ഭേദഗതിയില്‍ പറയുന്നത്.. സമ്മതമെന്നത് നിശ്ചിതസമയത്ത് ശാരീരികബന്ധത്തിന് പങ്കാളിയാകുന്നതിനുള്ള സന്നദ്ധത മാത്രമാണെന്നും ഭേദഗതിയില്‍ അനുബന്ധമായി പറയുന്നു. ഒരു രഹസ്യ പ്രണയബന്ധ (liaison)ത്തിലുണ്ടായ സന്നദ്ധത ഒരിക്കലും ഭാവിയിലെ സമ്മതത്തിന്റേയോ അനുമതിയുടേയോ സൂചനയായി കാണാന്‍ പാടില്ലെന്നും ഭേദഗതി വ്യക്തമാക്കുന്നു.
ഓരോ വ്യക്തിയും, പീഡിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളും വിഭിന്നമാണെന്നിരിക്കെ പീഡിതയുടെ /അതിജീവിച്ചവളുടെ സ്വഭാവ നിര്‍ണയം സാമാന്യവും സര്‍വത്രികവുമായ പ്രമാണമായിത്തീരുന്നത് ക്രൂരമായ അനീതിയാണ്… എന്നാല്‍ ബലാല്‍സംഗവുമായി ബന്ധപ്പെട്ട മിത്തുകളേയും വാര്‍പ്പുമാതൃകകളേയും അവലംബിക്കുന്ന കോടതികളും നിയമവ്യവസ്ഥയുടെ പ്രയോഗങ്ങളുമാണ് ഇന്ത്യയിലിന്ന് നിലവിലുള്ളത്. പീഡന വാര്‍ത്തകള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം, വളരെ വിരളമായി മാത്രം പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന നാട് എന്നീ നിലകളില്‍ അവസാന ആശ്രയമായ ഇന്ത്യന്‍ ജുഡീഷ്യല്‍ സിസ്റ്റവും ഇത്രമേല്‍ വാര്‍പ്പുമാതൃകകളിലും മിത്തുകളിലും വിശ്വാസമര്‍പ്പിക്കുന്നത് ഉത്കണ്ഠയുടേയും ജാഗ്രതയുടേയും ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ഇരയ്ക്ക് സ്വയം എല്ലായ്‌പ്പോഴും തനിക്കു ചുറ്റും രൂപപ്പെടുന്ന കെട്ടുകഥകളെ ന്യായീകരിച്ചു മുന്നോട്ടു വരാന്‍ കഴിയില്ല. വര്‍ദ്ധിച്ചു വരുന്ന ഈ വിശ്വാസ കേന്ദ്രീകൃതവും ഇര കേന്ദ്രീകൃതവു (victim centric) മായ ചട്ടങ്ങളും കല്പനകളും പ്രയോഗങ്ങളും വീണ്ടും വീണ്ടും പീഡിതയെ/അതിജീവിച്ചവളെ വിചാരണ ചെയ്യാന്‍ മാത്രമേ ഉപകരിക്കൂ.
ബലാല്‍സംഗത്തെക്കുറിച്ചുള്ള ഈ മിത്തിക്കല്‍ സ്റ്റീരിയോടൈപ്പ് സമീപനം ക്രിമിനല്‍ ജുഡീഷ്യല്‍ സിസ്റ്റത്തില്‍ ആഴത്തിലാണ്ടുകിടക്കുന്ന പുരുഷാധിപത്യ പക്ഷപാതിത്വമാണ് വ്യക്തമാക്കുന്നത്. ഈ സമീപനം കോടതിയുടെ വിധിന്യായമായി മാറുമ്പോള്‍ സ്ഥായിയായ, നിയമദത്തമായ രേഖയായി നിലനില്‍ക്കുന്നു.
1974 ലെ തുക്കാറാം vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുണ്ടായി..പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി അവളുടെ സഹോദരന്‍ പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് അവള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. അവിടെവെച്ച് കൂടെ വന്നവരെ പുറത്തിരുത്തി 2 പോലീസുകാര്‍ അവളെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് പീഡനം പുറത്തറിഞ്ഞതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പെണ്‍കുട്ടിയുടെ ശരീരത്തിലോ ലൈംഗികാവയവങ്ങളിലോ പരിക്കുകളില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന് പ്രതികള്‍ വാദിച്ചു. ഈ വാദം ശരിവെച്ച കോടതി അപ്പീല്‍ തള്ളുകയും ചെയ്തു. പ്രമാദമായ ഈ കേസിനു ശേഷമാണ് സുപ്രീം കോടതി, ബലാത്സംഗം തെളിയിക്കുന്നതിന് ഇരയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരിക്കേണ്ടതില്ലെന്ന് വിധിച്ചത്..
ഭര്‍തൃപീഢനത്തിന്റ കാര്യത്തിലും ഭരണകൂടങ്ങളുടെ നിലപാടുകള്‍ വ്യത്യസ്തമല്ല. ഐപിസി എഴുതിയുണ്ടാക്കിയ 1860-ല്‍ സ്ത്രീയെ നിയമപരമായി അസ്തിത്വമുള്ള (legal entity) വിഭാഗമായി പരിഗണിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ ‘സ്വത്ത് ‘ എന്ന നിലയിലാണ് കണക്കാക്കിയിരുന്നത്. ഈ വിക്ടോറിയന്‍ പുരുഷാധിപത്യ സമീപനവും ബ്രിട്ടീഷ് കൊളോണിയല്‍ നിയമങ്ങളുടെ സ്വാധീനവും ഇന്ത്യന്‍ നിയമങ്ങളിലെ നീതിനിഷേധങ്ങളില്‍ കാണാന്‍ കഴിയും. ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിവിധ ഹര്‍ജികള്‍ പരിഗണിക്കവേ 2017 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം സുപ്രീം കോടതി ആരാഞ്ഞിരുന്നു. ഐപിസി 375ലെ ബലാത്സംഗമെന്ന നിര്‍വ്വചനത്തില്‍ നിന്ന് ഭര്‍ത്താക്കന്‍മാരെ ഒഴിവാക്കുന്ന വ്യവസ്ഥയ്‌ക്കൊപ്പം നില്‍ക്കുന്നു എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.
ഇന്ത്യയില്‍ 75 ശതമാനം സ്ത്രീകളും ഭര്‍തൃ ബലാല്‍സംഗത്തിന് വിധേയമാകുന്നുണ്ടെന്ന കണക്കുകളെ ആസ്പദമാക്കിയുള്ള കനിമൊഴിയുടെ ചോദ്യത്തിന് 2015 ഏപ്രിലില്‍ അന്നത്തെ ആഭ്യന്തര സഹമന്ത്രി പ്രതിഭാ ചൗധരി രാജ്യസഭയില്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. ഈ പുരുഷാധിപത്യ വ്യവഹാരങ്ങള്‍ ഭരണഘടനയുടെ 14ാം അനുഛേദം പൗരന്‍മാര്‍ക്ക് ഉറപ്പു നല്‍കുന്ന തുല്യനീതിയുടെ നിഷേധമാണ്. ഇത്തരം പ്രമാണ വിധികളുടെ കീഴ്വഴക്കങ്ങള്‍ ഇരകള്‍ക്ക്/ അതിജീവിച്ചവര്‍ക്ക് നീതി അപ്രാപ്യമാക്കി അവരെ ജീവിതകാലം മുഴുവന്‍ വിറങ്ങലിപ്പിച്ചു നിര്‍ത്തുകയാണ് ചെയ്യുന്നത്..
കോടതി പരിസരങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷയില്ല
കോടതി പരിസരങ്ങളില്‍ പോലും സ്ത്രീകള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്. ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പ്രശസ്ത നിയമജ്ഞ ഇന്ദിര ജയ്സിംഗ്, തന്നെ കോടതിവരാന്തയില്‍വെച്ച് ഒരു സീനിയര്‍ അഭിഭാഷകന്‍ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്ന് നിസ്സങ്കോചം തുറന്നടിച്ചു. അനുഭവവും പ്രായവുമുള്ള തന്നെ പോലൊരു സ്ത്രീക്ക് ഇതാണവസ്ഥയെങ്കില്‍ മറ്റു സ്ത്രീകളുടെ സ്ഥിതി എത്ര പരിതാപകരമായിരിക്കുമെന്നാണ് ഇന്ദിരാ ജയ്‌സിംഗ് ചോദിക്കുന്നത്. വനിതാ അഭിഭാഷകര്‍ മുതല്‍ വനിതാ ജഡ്ജിമാര്‍ വരെ പീഡനത്തിനിരകളാണ്. ഇന്ത്യയിലെ നിയമസംവിധാനങ്ങളിലെ പുരുഷമേധാവിത്വ പ്രവണതകള്‍ സ്ത്രീകളെ ഈ മേഖലയില്‍നിന്നും അകന്നു നില്ക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഗുരുതരമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അവര്‍ പറയുകയുണ്ടായി. ന്യായാധിപ നിയമനത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയാല്‍ മാത്രമേ ഈ മേഖലയിലെ പുരുഷാധിപത്യം അവസാനിപ്പിക്കാന്‍ കഴിയൂവെന്നും അവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
154 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബോംബെ േൈഹക്കാടതിയിലെ ആദ്യ സീനിയര്‍ വനിതാ അഭിഭാഷകയും ഏവരും ആദരവോടെയും ബഹുമാനത്തോടെയും സമീപിക്കുന്ന ഇന്ത്യയിലെ അദ്യ വനിത സൊളിസിറ്റര്‍ ജനറലുമായ ഇന്ദിര ജയ്സിംഗിനാണ് ഇത്രയും ഹീനമായ അനുഭവമുണ്ടായത്..
ബലാത്സംഗക്കേസുകളില്‍ വിചാരണകള്‍ അനന്തമായി നീളുന്നു
ഇന്ത്യയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും നിയമ സംരക്ഷണം ലഭിക്കാതെ ചകിതരായി കഴിയേണ്ടിവരുന്നവരില്‍ ഏറിയപങ്കും ദുര്‍ബലവിഭാഗങ്ങളായ ദളിതരും ന്യൂനപക്ഷങ്ങളുമാണ്. 2017 ല്‍ മാത്രം 32,500 ലധികം ബലാത്സംഗ കേസുകള്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ 18,300 കേസുകള്‍ മാത്രമാണ് ഇന്ത്യന്‍ കോടതികള്‍ തീര്‍പ്പാക്കിയത്. 2017 വരെ 1,28,000 പീഡന കേസുകളാണ് രാജ്യത്ത് വിചാരണ കാത്ത് വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നത്.. വര്‍ഷം ശരാശരി 15 ശതമാനം കേസുകളിലെ വിചാരണ മാത്രമാണ് പൂര്‍ത്തിയാക്കുന്നത്. കേരളത്തില്‍ ഇത് അഞ്ചുശതമാനത്തില്‍ താഴെമാത്രമാണ്.
ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസമെന്നാണ് എല്ലാ പീഡനക്കേസുകളിലും വിചാരണ വൈകുന്നതില്‍ ഭരണകൂടങ്ങളില്‍നിന്നുമുണ്ടാകുന്ന ന്യായീകരണങ്ങള്‍. കേരളത്തില്‍ 1400ലധികം കേസുകള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ലെന്ന കാരണത്താല്‍ തുടര്‍നടപടികളുണ്ടാകാതെ അനിശ്ചിതമായി നീളുന്നു. POCSO (Protection of Children from Sexual Offences- Act, 2012. ) പ്രകാരം റജിസ്റ്റര്‍ ചെയ്ത 1370 കേസുകളില്‍ ഒന്നില്‍പോലും ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്നാണ് വിവരം. ക്രൂരപീഡനങ്ങള്‍ക്ക് വിധേയമാകുന്ന കുഞ്ഞുങ്ങള്‍ക്ക് നീതിനിഷേധം കൂടി അനുഭവിക്കേണ്ടി വരുന്നു..
ഇന്ത്യയില്‍ സ്ത്രീ പീഡന കേസുകളിലെ നിയമ നടപടികള്‍ അനന്തമായി നീളുന്നത് പതിവാണെന്ന് രേഖകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബി ബി സി ചൂണ്ടിക്കാട്ടുന്നു. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാത്സംഗക്കേസുകളില്‍ വര്‍ധനവ് ഉണ്ടാവുമ്പോള്‍ തന്നെ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശരാശരി പതിനാറു ശതമാനം കേസുകളില്‍ മാത്രമാണ് പ്രതികള്‍ ഏതെങ്കിലും വിധത്തിലുള്ള ശിക്ഷക്ക് വിധേയമാകുന്നത്. പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തപ്പടുന്ന കേസുകളില്‍ പോലും ശിക്ഷ നടപ്പാക്കുന്നതില്‍ കുറ്റകരമായ കാലതാമസം ഉണ്ടാവുന്നുണ്ട്. പൊലീസ് അന്വേഷണത്തിലെ അട്ടിമറികള്‍, കോടതി നടപടികളിലുണ്ടാകുന്ന കാലവിളംബം, എല്ലാ പീഡന കേസുകളിലും പൊതുവായി കാണുന്ന സാക്ഷികളുടെ കൂറുമാറ്റം തുടങ്ങിയ കാരണങ്ങളാല്‍ കേസുകള്‍ കോടതികളില്‍ ദുര്‍ബലമാവുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്നു..
പാലക്കാട് ജില്ലയിലെ വാളയാറില്‍ ഒമ്പതും പതിമൂന്നും വയസ്സായ രണ്ട് ദളിത് സഹോദരിമാരെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ദുര്‍ബലമാണെന്ന് കോടതിതന്നെ നിരീക്ഷിച്ചിട്ടും എല്ലാ പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടു. കണ്ണൂര്‍ പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പീഡിപ്പിക്കപ്പെട്ട കൊച്ചുകുഞ്ഞ് പറയുന്നതു മുഴുവന്‍ വാസ്തവവിരുദ്ധമാണെന്നു വരെയുള്ള വിശദീകരണങ്ങളാണ് പോലീസില്‍ നിന്നുണ്ടായത്. കുട്ടി പരസ്പരവിരുദ്ധമായി സംസാരിക്കുന്നുവെന്നുപോലും പരസ്യമായി സോഷ്യല്‍ മീഡിയയിലൂടെ പറയാന്‍ ഐ.ജി റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായി എന്നതുതന്നെ പ്രതിയുടെ സ്വാധീനശക്തി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് കേസില്‍ ഉള്‍പ്പെടുന്നവര്‍ പലപ്പോഴും സമ്മര്‍ദ്ദങ്ങളും ഭീഷണികളും ഇരകള്‍ക്കും കുടുംബത്തിനും നേരെ ഉയര്‍ത്തുന്നത് പതിവാണ്. 2018ല്‍ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ കേസാണ് ഇതിന് ഉദാഹരണമായി ബി ബി സി ചൂണ്ടിക്കാട്ടുന്നത്. ആശാറാം ബാപ്പുവിനെതിരായ കേസിലെ ഒമ്പത് സാക്ഷികളെങ്കിലും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെട്ടിക്കിടക്കുന്ന സ്ത്രീ പീഡന കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി 1,000 ഫാസ്റ്റ് ട്രാക്ക് കോടതികള്‍ കൂടി രൂപീകരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായിട്ടില്ല.. ക്രൂരമായ ബലാത്സംഗവും അതില്‍ പരാതി കൊടുക്കുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മൂലം സ്ത്രീകള്‍ക്ക് അധിവസിക്കാന്‍ ലോകത്തെ ഏറ്റവും അയോഗ്യമായ സ്ഥലങ്ങളിലൊന്നായി ഇന്ത്യ വിലയിരുത്തപ്പെടുന്നു… കേരളത്തില്‍ മാത്രം ഓരോ ഒന്നര മണിക്കൂറിലും ഒരു കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019ല്‍ മാത്രം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1537 ലൈംഗീകാതിക്രമ കേസുകളാണ്.
സത്യത്തെ തന്നെ ആപേക്ഷികമാക്കിക്കൊണ്ടിരിക്കുന്ന, എല്ലാ മൂല്യ വ്യവസ്ഥകളേയും കുടഞ്ഞു കളയുന്ന സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ സ്ത്രീയുടെ സ്ഥാനവും പദവിയും അന്തസ്സും സുരക്ഷയും നിലനിര്‍ത്തണമെങ്കില്‍ ധനകാര്യ മുതലാളിത്തവും ഫാഷിസവും സൃഷ്ടിച്ച മൗലിക രാഷ്ട്രീയത്തിനും സദാചാരത്തിനും വിരുദ്ധമായ വ്യവസ്ഥിതിക്കെതിരെയുള്ള രാഷ്ട്രീയ സമരം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in