ട്രംപ് വീണ്ടും സ്ഥാനമേല്‍ക്കുമ്പോള്‍
അമേരിക്ക ഇപ്പോള്‍ വളരെ ആഴത്തില്‍ രണ്ടായി പിളര്‍ന്ന രാജ്യമാണ്. ഒരു വശത്ത് പ്രതികാരത്തിന്റെ അട്ടഹാസം, ഫോക്‌സ് ന്യൂസ് മുതലായ മാധ്യമങ്ങളില്‍ ഇതാണ് നടക്കുന്നത്. കമല ഹാരിസിനെയും ജോ ബൈഡനെയും നിര്‍ത്താതെ അപഹസിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വാലാട്ടികള്‍. മറു വശത്ത് ഒരു തരത്തിലും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു തിരഞ്ഞെടുപ്പ് ഫലത്തിന്റെ പൊരുള്‍ തേടുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയും ഹാരിസിനെ പിന്തുണച്ചവരും.
നവംബര്‍ 5ന് നടന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ 312 ഇലക്റ്ററല്‍ കോളേജ് വോട്ടുകള്‍ നേടിക്കൊണ്ട് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനിയുമായ ഡൊണാള്‍ഡ് ട്രംപ് തന്റെ രണ്ടാമത്തെ ഊഴത്തിന് തുടക്കം കുറിച്ചു. അസോസിയേറ്റഡ് പ്രസ്സ് (Associated Press) തിരഞ്ഞെടുപ്പ് വിജയം ട്രംപിന് അനുകൂലമായി നവംബര്‍ 6-ാം തീയതി വെളുപ്പിന് പ്രഖ്യാപിച്ചപ്പോള്‍, ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനി കമല ഹാരിസ് 224 ഇലക്റ്ററല്‍ കോളേജ് (electoral college) വോട്ടുകളും ട്രംപ് 277 ഇലക്റ്ററല്‍ കോളേജ് വോട്ടുകളും ആയിരുന്നു നേടിയിരുന്നത്.
അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ പോപ്പുലര്‍ വോട്ട് വെച്ചല്ല നിശ്ചയിക്കുന്നത്; മറിച്ച് ഇലക്റ്ററല്‍ കോളേജ് വോട്ടുകള്‍ വെച്ചാണ്. അമേരിക്കന്‍ പ്രസിഡന്റിനായി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍, അവര്‍ ആ വ്യക്തിക്ക് മാത്രമല്ല വോട്ട് ചെയ്യുന്നത്. ഇലക്റ്ററല്‍ കോളേജ് എന്നറിയപ്പെടുന്ന ‘പ്രസിഡന്‍ഷ്യല്‍ ഇലക്ടര്‍മാര്‍ക്ക്’കൂടിയാണ് അവര്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇലക്ടര്‍ പിന്നീട് ആ സംസ്ഥാനത്തിലെ ഭൂരിപക്ഷം വോട്ടുകള്‍ നേടിയ അതേ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചെയ്യുന്നു. ഒരു നിര്‍ദ്ദിഷ്ട സംസ്ഥാനത്തെ എല്ലാ വ്യക്തികളുടെയും വീക്ഷണങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍, സെനറ്റിലെയും ജനപ്രതിനിധിസഭയിലെയും ആകെ അംഗങ്ങളുടെ എണ്ണത്തിന് തുല്യമായ നിരവധി ഇലക്ടര്‍മാരെ ഭരണഘടന ഓരോ സംസ്ഥാനത്തിനും നിയോഗിച്ചിട്ടുണ്ട്. ആകെ 538 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന്, സ്ഥാനാര്‍ത്ഥിക്ക് 270 ഇലക്ടറല്‍ വോട്ടുകള്‍ (അല്ലെങ്കില്‍ ഭൂരിപക്ഷം) ലഭിക്കണം.
അഞ്ചാം തീയതി രാത്രി ഏകദേശം ഒന്‍പതു മണിയോടെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയപ്പോള്‍ ഏകദേശം 3,200 കൗണ്ടികളില്‍ 2,800ലധികം കൗണ്ടികളും അവരുടെ 90% വോട്ടുകളും എണ്ണിക്കഴിഞ്ഞിരുന്നു. 2020ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടിയും പിടിച്ചടക്കിയ പല ചാഞ്ചാട്ട സംസ്ഥാനങ്ങളും (swing states) ട്രംപിന് വേണ്ടിയാണ് ഇത്തവണ വോട്ടു ചെയ്തത്. സാധാരണയായി അമേരിക്കന്‍ സംസ്ഥാനങ്ങള്‍ സ്ഥിരമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടിയോ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് വേണ്ടിയോ ആണ് വോട്ടു ചെയ്യുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാനങ്ങളെ ‘റെഡ് സ്‌റ്റേറ്റ്‌സ്’എന്നും, ഡെമോക്രാറ്റിക് സംസ്ഥാനങ്ങളെ ‘ബ്ലൂ സ്‌റ്റേറ്റ്‌സ്’എന്നുമാണ് ഇവിടെ വിശേഷിപ്പിക്കുക. എന്നാല്‍ പ്രവചനാതീതമായ രീതിയില്‍ വോട്ട് ചെയ്യുന്ന എട്ട് “swing’ സംസ്ഥാനങ്ങളാണ് വാസ്തവത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ആരായിരിക്കും എന്ന് സ്ഥിരീകരിക്കുന്നത്. ഈ എട്ടു swing states- അരിസോണ, ജോര്‍ജിയ, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍, മിഷിഗന്‍ , ന്യൂ ഹാംപ്‌ഷെയര്‍, നെവാഡ, നോര്‍ത്ത് കരോലൈന – ഈ സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ വോട്ടുകള്‍ ആണ് ആരായിരിക്കും അടുത്ത അമേരിക്കന്‍ പ്രസിഡണ്ട് എന്ന് നിശ്ചയിക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇത്തവണ ട്രംപ് ജോര്‍ജിയ, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍ എന്നിവ ബഹുഭൂരിപക്ഷത്തോടെ പിടിച്ചടക്കി. അമേരിക്ക എന്ന രാഷ്ട്രം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ശക്തമായി തിരികെ വന്നിരിക്കുന്നു ഈ തിരഞ്ഞെടുപ്പില്‍ എന്ന് ഫലങ്ങള്‍ കാണിക്കുന്നു. ഒരിക്കലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്യാത്ത കൗണ്ടികള്‍, കടും നീല ഡെമോക്രാറ്റിക് കൗണ്ടികള്‍, ഇത്തവണ ട്രംപിന് വോട്ടു രേഖപ്പെടുത്തി. രാജ്യത്തെ 90% കൗണ്ടികളും 2024ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയിരിക്കുന്നു എന്ന് തന്നെ പറയാവുന്നതാണ്. ഒരു ചുവപ്പ് തരംഗം അമേരിക്കയെ പുതച്ചു മൂടിയിരിക്കുന്നതായി കാണാം. എല്ലാ വാര്‍ത്താമാധ്യമങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചുവപ്പില്‍ പൊതിഞ്ഞ അമേരിക്കയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. വൈറ്റ് ഹൌസ് മാത്രമല്ല റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിടിച്ചടക്കിയത്. സെനറ്റും, ഹൌസ് ഓഫ് റെപ്രെസെന്ററ്റീവ്‌സ് ഉം, നിയമസഭയുടെ രണ്ടു ചേമ്പറുകളും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളാണ് കയ്യടക്കിയത്. ഒരു ട്രൈഫെക്റ്റാ എന്ന് പറയാം.
ട്രംപ് എങ്ങനെ ഇത്തരത്തിലൊരു സമ്പൂര്‍ണ്ണവിജയം സാധിച്ചെടുത്തു എന്നാണ് ഇപ്പോള്‍ മാധ്യമങ്ങളും രാഷ്ട്രീയപണ്ഡിറ്റുകളും ചര്‍ച്ച ചെയ്യുന്നത്. പ്രസിഡണ്ട് ആയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടയാളാണ് ട്രംപ്. ജോ ബൈഡനോട് തോല്‍വി സമ്മതിക്കാതെ നാല് വര്‍ഷം മുന്‍പ് 2021 ജനുവരി 6ന് അമേരിക്കയുടെ ക്യാപിറ്റലില്‍ തന്റെ അനുയായികളെ അക്രമത്തിനായി ആഹ്വാനം ചെയ്ത് ഒരു അട്ടിമറി കലാപത്തിന് പ്രേരിപ്പിച്ച വ്യക്തിയാണ് ട്രംപ്. പിന്നീട് നിയമസഭ ശാുലമരവ ചെയ്ത (അതിജീവിച്ച) പ്രസിഡണ്ട്. 34 ക്രിമിനല്‍ കേസുകളിലെ പ്രതി. ഒരു പോണ്‍ സ്റ്റാറുമായുള്ള തന്റെ അനാശ്യാസ ബന്ധം ഒതുക്കി തീര്‍ത്ത കേസില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച അഴിമതി കേസിലെ പ്രതി. മറ്റ് ഒന്നിലധികം ക്രിമിനല്‍ കേസുകള്‍ നേരിടുന്ന വ്യക്തിയും, ഒരു ബലാത്സംഗം ഉള്‍പ്പെടെയുള്ള ഒന്നിലധികം സിവില്‍ വ്യവഹാരങ്ങളില്‍ ദശലക്ഷക്കണക്കിന് പണം നല്‍കാന്‍ കോടതി ഉത്തരവിട്ട വ്യക്തിയും ആണ് ട്രംപ്. ട്രംപിന്റെ തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്നവരും ഉന്നതരായ പലരും ഫാഷിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി. അമേരിക്കയ്ക്ക് സംഭവിച്ച ഏറ്റവും വലിയ വിപത്ത് എന്ന് മാധ്യമങ്ങള്‍ നാമകരണം ചെയ്തയാള്‍. ഇയാളാണ് ഇപ്പോള്‍ അമേരിക്കയെ മുഴുവനും കടും ചുവപ്പാക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പൂര്‍ണ്ണ അധികാരം പിടിച്ചു കൊടുത്തിരിക്കുന്നത്.
അമേരിക്ക ഇപ്പോള്‍ വളരെ ആഴത്തില്‍ രണ്ടായി പിളര്‍ന്ന രാജ്യമാണ്. ഒരു വശത്ത് പ്രതികാരത്തിന്റെ അട്ടഹാസം, ഫോക്‌സ് ന്യൂസ് മുതലായ മാധ്യമങ്ങളില്‍ ഇതാണ് നടക്കുന്നത്. കമല ഹാരിസിനെയും ജോ ബൈഡനെയും നിര്‍ത്താതെ അപഹസിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വാലാട്ടികള്‍. മറു വശത്ത് ഒരു തരത്തിലും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു തിരഞ്ഞെടുപ്പ് ഫലത്തിന്റെ പൊരുള്‍ തേടുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയും ഹാരിസിനെ പിന്തുണച്ചവരും. യൂണിവേഴ്‌സിറ്റി ക്ലാസ്‌റൂമുകളില്‍ കൂട്ടുകാരോടൊത്ത് കരയുന്ന LGBTQ കുട്ടികള്‍, ട്രാന്‍സ് കുട്ടികള്‍. ആവശ്യം വേണ്ടി വന്നാല്‍ ആശുപത്രികളില്‍ ഇനി അബോര്‍ഷന്‍ ചെയ്യാന്‍ പറ്റുമോ എന്ന് പേടിക്കുന്ന സ്ത്രീകള്‍. പക്ഷെ ആരാണ് ട്രംപിന് വേണ്ടി വോട്ടു ചെയ്ത ഈ 53 % അമേരിക്കക്കാര്‍? ആരാണീ അയല്‍ക്കാര്‍? ട്രംപിന്റെ തുറന്നടിച്ച വംശീയതയും, അശ്ലീലച്ചുവയുള്ള വര്‍ത്തമാനവും, സ്ത്രീകളോടും, അംഗവൈകല്യം സംഭവിച്ചവരോടും, കറുത്ത വംശജരോടും, ലത്തീന്‍ അമേരിക്കക്കാരോടും ഉള്ള പുച്ഛവും പരിഹാസവും ആസ്വദിക്കുന്ന ഇവര്‍ ആരാണ്? ഹാരിസിനെ തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് ട്രംപ് ‘ബിച്ച്’ എന്ന് വിളിച്ചപ്പോള്‍ ആര്‍ത്തു ചിരിച്ച ഇവര്‍ ആരാണ്? ഇവര്‍ ആര് തന്നെയായാലും ഇവരാണ് ഇപ്പോള്‍ അമേരിക്കയുടെ അഡ്രസ്സ് സൂക്ഷിക്കുന്നത്. ഇവരാണ് കറുത്ത വംശജയായ ഒരു സ്ത്രീക്ക് പകരം ഒരു വെളുത്ത വംശജനായ ആഭാസന് വോട്ട് ചെയ്തത്. വെറും രണ്ടാഴ്ച മുന്‍പാണ് 78 വയസ്സായ ട്രംപ് തന്റെ മില്‍വോക്കി വിസ്‌കോണ്‍സിന്‍ ക്യാംപെയ്ന്‍ റാലിയില്‍ വെച്ച് ഒരു മൈക്ക് ഉപയോഗിച്ച് എങ്ങനെ ഓറല്‍ സെക്‌സ് ചെയ്യാം എന്ന് സ്‌റ്റേജില്‍ വെച്ച് ആംഗ്യങ്ങള്‍ കാട്ടി പ്രദര്‍ശിപ്പിച്ച് കാണികളായ ഇവരെ ചിരിപ്പിച്ചത്.
ഹാരിസ് തിരഞ്ഞെടുപ്പില്‍ തോറ്റതിന് നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായിട്ട് ഇവര്‍ സ്ത്രീയായി പോയി. പിന്നെ, ബൈഡന്റെ നാമനിര്‍ദ്ദേശ പ്രകാരം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെങ്കിലും ഹാരിസ് ഒരു പ്രാഥമിക തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ല. സാധാരണ ജനങ്ങള്‍ അവര്‍ക്ക് വേണ്ടി ഡെമോക്രാറ്റിക് പ്രൈമറിയില്‍ വോട്ടു ചെയ്യാതെയാണവര്‍ സ്ഥാനാര്‍ത്ഥിയായത്. ഇത് ഒരു പക്ഷെ അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചിരിക്കാം. അത് പോലെ തന്നെ ഹാരിസിന്റെ ക്യാംപെയ്‌നിന്റെ കേന്ദ്രഭാഗമായിരുന്ന സ്ത്രീകളുടെ പ്രത്യുത്പാദന അവകാശം അമേരിക്കയിലെ വിവിധ ലിംഗാധിഷ്ഠിതമായ സമൂഹങ്ങളെ വെച്ച് തന്നെ നോക്കിയാലും വിശാലമായ ഒരു അപ്പീല്‍ ആ വിഷയത്തിന് ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോഴത്തെ നിഗമനം. അതായത് സ്ത്രീകളെ മാത്രം ബാധിക്കുന്ന വളരെ സങ്കുചിതമായ ഒരു പ്രശ്‌നമായിട്ടാണ് അതിപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത്. അത് പോലെ തന്നെ ഹാരിസ് പ്രാധാന്യം നല്‍കിയിരുന്ന മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍, LGBTQ അവകാശപ്രസ്ഥാനം എന്നിവ പല യാഥാസ്ഥിതിക സമൂഹങ്ങളെയും അകറ്റിയതായിട്ടാണ് ഇപ്പോഴത്തെ അറിവ്.
ഉദാഹരണത്തിന്, പരമ്പരാഗതമായി ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി മാത്രം വോട്ടു ചെയ്തിരുന്ന ഹിസ്പാനിക് സമൂഹം ഇത്തവണ ഏകദേശം നൂറു ശതമാനവും ട്രംപിന് വേണ്ടിയാണ് വോട്ടു ചെയ്തത്. വളരെ യാഥാസ്ഥിതികരായിട്ടുള്ള, മതപരവും, പുരുഷാധിപത്യാധിഷ്ഠിതവുമായ ഒരു സമൂഹമാണ് അമേരിക്കയിലെ മെക്‌സിക്കന്‍, തെക്കേ അമേരിക്കയിലെ അല്ലെങ്കില്‍ ലത്തീന്‍ അമേരിക്കയില്‍ നിന്നും വന്നു പാര്‍ക്കുന്ന കുടിയേറ്റക്കാരായ ഹിസ്പാനിക് സമൂഹങ്ങള്‍. അബോര്‍ഷന്‍, LGBTQ അവകാശപ്രസ്ഥാനം, മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ എന്നിവ അവര്‍ക്ക് സംവേദിക്കാവുന്ന വിഷയങ്ങള്‍ അല്ലായിരുന്നുവെന്നാണ് ഇപ്പോഴത്തെ അനുമാനം. അവരുടെ വോട്ടുകള്‍ മുഴുവനും ട്രംപാണ് നേടിയത്. ട്രംപ് മെക്‌സിക്കോയില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും വരുന്നവര്‍ മുഴുവനും കൊലയാളികളും, മനോരോഗികളും, അക്രമികളും കള്ളന്മാരും, ഡ്രഗ് അഡിക്റ്റുകളും റേപ്പിസ്റ്റുകളും ആണെന്നാണ് പറഞ്ഞിരുന്നത്. ഹിസ്പാനിക് പ്രതിനിധികള്‍ പറയുന്നത് ട്രംപിന്റെ ഇത്തരം അസത്യങ്ങള്‍ അവരെ പ്രകോപിക്കുന്നില്ല എന്നാണ്. ട്രംപിന്റെ അമേരിക്കയില്‍ അവര്‍ക്ക് തീര്‍ച്ചയായും ജോലി കിട്ടുമെന്നും ജീവിതത്തില്‍ അവര്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കുമെന്നാണ് അവരുടെ വിശ്വാസം. ട്രംപ് പ്രസിഡണ്ട് ആയി സ്ഥാനമേല്‍ക്കുന്ന ആദ്യത്തെ ദിവസം മെക്‌സിക്കോവില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നുമുള്ള വിസയില്ലാതെ വന്ന 1.1 മില്യണ്‍ കുടിയേറ്റക്കാരെയാണ് കൂട്ടമായി നാടുകടത്താനുദ്ദേശിക്കുന്നത്. അതില്‍ തെറ്റില്ല എന്നാണ് ഇവിടുത്തെ മിഡില്‍ ക്‌ളാസ്സ് ഹിസ്പാനിക് സമൂഹത്തിന്റെ തീര്‍പ്പ്. ‘ഞാന്‍ കേറിക്കഴിഞ്ഞു; ഇനി ഏണി എടുത്തു മാറ്റിക്കോ’ എന്നാണ് ഇവരുടെ പക്ഷം. സമ്പന്നരായ വൈറ്റ് കോളര്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവും ഇതേ വീക്ഷണമാണ് ഉള്‍ക്കൊള്ളുന്നത്. അവരുടെ വോട്ടുകളും ട്രംപിന് വേണ്ടിയായിരുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിലൊക്കെയുപരി ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഹാരിസിനും തെറ്റ് പറ്റിയത് ഗാസയിലെ യുദ്ധത്തിന്റെ വിഷയത്തിലാണ്. 60 മുതല്‍ 68 ശതമാനത്തിലേറെ അമേരിക്കക്കാര്‍, പ്രത്യേകിച്ചും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാര്‍ അമേരിക്ക ഇസ്രേലിന് ആയുധങ്ങള്‍ വില്‍ക്കുന്നതിന് എതിരാണ്. എന്നാല്‍ ഹാരിസ് ബൈഡനെ പോലെ തന്നെ ഗാസയിലെ പലസ്തീന്‍ വംശഹത്യക്കെതിരെ കണ്ണടച്ച് കൊണ്ടാണ് തന്റെ വിദേശ നയത്തെപ്പറ്റി സംസാരിച്ചിരുന്നത്. മിഷിഗണിലെ 100,000 അറബ് അമേരിക്കന്‍ വോട്ടുകള്‍ ഹാരിസിന് കിട്ടാതെ പോയതിന് കാരണം അവരുടെ ഗാസ പോളിസിയാണ്. അങ്ങനെ നോക്കുമ്പോള്‍ താരതമ്യേന പുതിയ കുടിയേറ്റക്കാരുടെ സമൂഹങ്ങള്‍ ഈ തിരഞ്ഞെടുപ്പിന്റെ സുപ്രധാന ഫലങ്ങള്‍ തീരുമാനിച്ചതായി കാണാം.
ഇനിയുള്ള അടുത്ത നാല് വര്‍ഷം എങ്ങനെയിരിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കും ചിന്തിക്കാന്‍ തന്നെ കഴിയാത്ത സ്ഥിതിയിലാണ്. പക്ഷെ ഒരു കാര്യം തീര്‍ച്ചയാണ്. അമേരിക്ക മുന്‍പോട്ടല്ല, പുറകോട്ടാണ് ട്രംപിന്റെ നേതൃത്വത്തില്‍ പോകാന്‍ പോകുന്നത്. ട്രംപിന്റെ രണ്ടാമത്തെ ഭരണം തന്റെ ആദ്യത്തെ അല്ലെങ്കില്‍ പഴയ ഭരണത്തില്‍ ചെയ്തു തീര്‍ക്കാത്ത കാര്യങ്ങള്‍ ചെയ്യാനാണെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. മെക്‌സിക്കോയുടെ അതിര്‍ത്തിയില്‍ പകുതി കെട്ടി നിര്‍ത്തിയ മതില്‍ പൂര്‍ത്തിയാക്കുന്നത് മുതല്‍ നിര്‍ത്തിയിരുന്ന പ്രോജക്റ്റുകള്‍ വീണ്ടും തുടങ്ങണം. ഇതെന്തു കൊണ്ടാണെന്ന് വെച്ചാല്‍ ഒരു പ്രസിഡണ്ട് എന്നതിലുപരി ഒരു cult leader നെ പോലെയാണ് ട്രംപിന്റെ വ്യക്തിത്വം. ഒരു ജീര്‍ണ്ണിച്ച സമൂഹത്തിനോട്, തന്നെ വിശ്വസിച്ച് തന്റെ കൂടെ കൂടിയാല്‍ നശിച്ചു പോയ പഴയ പ്രതാപം തിരിച്ചു കൊടുക്കാം എന്ന് വാഗ്ദാനം ചെയ്യുന്ന ഒരു conman ആണ് ട്രംപ്. ഇവിടെ ഭാവിക്കല്ല പ്രാധാന്യം. ഭൂതകാലത്തിനാണ്. പറ്റിക്കുന്ന സമൂഹത്തിന്റെ ഓര്‍മ്മകള്‍ ഉപയോഗിച്ച് കൊണ്ട് മാത്രമേ ഇത്തരമൊരു പൊള്ളയായ അനുഭവം അവര്‍ക്ക് വില്‍ക്കാന്‍ പറ്റുകയുള്ളൂ. അമേരിക്ക സൃഷ്ടിച്ച ഒരു മാരിയാണ് ട്രംപ്. ട്രംപില്‍ കൂടി യാത്ര ചെയ്ത് അപ്പുറത്ത് വന്നാല്‍ മാത്രമേ അമേരിക്കയ്ക്ക് ട്രംപില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റുകയുള്ളൂ.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in