ഹിന്ദുത്വത്തെമാത്രം തള്ളി ഹിന്ദുമതത്തെ വെള്ളപൂശാനാകില്ല
‘ഞാന്‍ ഒരു മതത്തെ വിലയിരുത്തുന്നത് അത് മനുഷ്യസമൂഹത്തിന് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവ പ്രദാനം ചെയ്യുന്നുണ്ടോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതുകൊണ്ട് തന്നെ ഈ മൂല്യങ്ങള്‍ പകര്‍ന്നു നല്കാത്ത ഹിന്ദുമതം അടിസ്ഥാനപരമായി ജനാധിപത്യ വിരുദ്ധവും, മനുഷ്യവിരുദ്ധവുമാണ്. മനുഷ്യന്റെ എല്ലാ സ്വാഭാവിക വളര്‍ച്ചയെയും അത് തടസപ്പെടുത്തുന്നു. ഒരു ഹിന്ദുവായി ജനിച്ചത് എന്റെ നിയന്ത്രണത്തില്‍ പെട്ട കാര്യമായിരുന്നില്ല. പക്ഷെ ഞാന്‍ ഒരിക്കലും ഒരു ഹിന്ദുവായി മരിക്കില്ല. കാരണം അതെന്റെ പൂര്‍ണ നിയന്ത്രണത്തില്‍ പെട്ട കാര്യമാണ്.’ – ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍.
അടിസ്ഥാനപരമായി മനുഷ്യരെ പരസ്പരം വെറുക്കാനും, അകറ്റാനും പഠിപ്പിക്കുന്ന, വെറുപ്പിന്റെ സാമൂഹിക ഘടനയായ വര്‍ണ്ണ ജാതി വ്യവസ്ഥയാണ് ഹിന്ദുമതത്തിന്റെ മുഖമുദ്ര അല്ലെങ്കില്‍ അതിന്റെ കാതല്‍. അതുകൊണ്ട് തന്നെ വെറുപ്പിന്റെ തത്വശാസ്ത്രമായി അത് ഇന്ത്യന്‍ സമൂഹത്തിന്റെ സമസ്ത മേഖലകളെയും ദുഷിപ്പിച്ചു കൊണ്ടിരിക്കുന്നു. ആര്‍ഷ ഭാരത സംസ്‌കാരം എന്ന വര്‍ണക്കടലാസില്‍ പൊതിഞ്ഞ ചക്കരയാണ് ഹിന്ദുമതമെന്നും, അത് ‘വസുധൈവ കുടുംബകം ‘ ലോകാ സമസ്താ സുഖിനോ ഭവന്തു ‘, ‘അഹം ബ്രഹ്മാസ്മി’ തുടങ്ങിയ മനോമോഹന സുന്ദര കാല്പനികതകളുടെ വിളനിലം ആണെന്നും സ്ഥാപിച്ച് വെള്ളപൂശാന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നത് സ്ഥിരം കാഴ്ചയാണ്. സവര്‍ക്കറുടെ ഹിന്ദുത്വം മാത്രമാണ് ‘പൊട്ടാസ്യം സയനൈഡ് ‘ എന്നും പുരാതന ബ്രാഹ്മണ മതമായ ഹിന്ദുമതം ‘സദ്ഗുണ സമ്പന്നമായ അമൃതകുംഭമാണെന്നും’ സമൂഹത്തെ ധരിപ്പിക്കുന്നതില്‍ ഇക്കൂ ട്ടര്‍ ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്.ആര്‍ എസ് എസിനെയും, സവര്‍ക്കറുടെ ഹിന്ദുത്വത്തെയും എതിര്‍ക്കുന്ന ലിബറ ലുകള്‍ പോലും ഹിന്ദുമതത്തിന്റെ കാര്യം വരുമ്പോള്‍ വിശ്വസ്ത വിധേയരായ ഭക്തശിരോമണികള്‍ ആയി മാറുന്നു.
തൊണ്ണൂറുകളുടെ തുടക്കം വരെ വിദേശമണ്ണിലേയ്ക്ക് മരുപ്പച്ച തേടിപ്പോയ ഇന്ത്യന്‍ സവര്‍ണവര്‍ഗ്ഗം ഹിന്ദുമതത്തിന്റെ ഈ ദുഷിച്ച മുഖത്തെ തന്ത്രപരമായി വൈദേശിക വ്യവഹാര ബന്ധങ്ങള്‍ക്ക് മുന്‍പാകെ കൗശലപൂര്‍വ്വം മറച്ചു പിടിച്ചു. ജാതി വംശ,വര്‍ഗ്ഗ,വര്‍ണ വിവേചനങ്ങളുടെയും, ദൈവകൃതമായ ഉച്ചനീചത്വങ്ങളുടെയും ശുദ്ധി-അശുദ്ധികളുടെയും ബീഭത്സമുഖത്തെ ആധ്യാത്മികതയുടെയും, പരമാനന്ദ മോക്ഷത്തിന്റെയും വാചാടോപങ്ങളുടെ പൊയ്മുഖം കൊണ്ട് ഇക്കാലമത്രയും അതിവിദഗ്ധമായി പൊതിഞ്ഞു സൂക്ഷിക്കുവാന്‍ അവര്‍ക്കു സാധിച്ചു. ആത്മീയ ബിസിനസിനു വളക്കൂറുള്ള മണ്ണാണെന്ന് മനസിലാക്കി അവിടങ്ങളില്‍ ചേക്കേറിയ ‘ബാബമാരും, ഗുരുക്കന്മാരും, മഹര്‍ഷിമാരും, യോഗിമാരും’ ഈ പൊയ്മുഖ നിര്‍മാണത്തിന് പിന്‍ബലമേകി. എന്നാല്‍ ആഗോളവത്കരണം,ഇന്റര്‍നെറ്റ് എന്നീ സാധ്യതകള്‍ തുറന്നു തന്ന വാതായനങ്ങള്‍ വഴി ഇന്ത്യന്‍ മാര്‍ജിനലൈസ്ഡ് സമൂഹങ്ങള്‍ ആഗോളഗ്രാമങ്ങളില്‍ കടന്നു ചെന്നപ്പോള്‍ കഥ മാറാന്‍ തുടങ്ങി. വിദ്യാവാഗ്വിലാസിനിയായ സരസ്വതിയുടെ രാജ്യത്തിലെ ജനങ്ങള്‍ നിരക്ഷരകുക്ഷികള്‍ ആയതെങ്ങനെയെന്നും, സമ്പല്‍ സമൃദ്ധിയുടെ മൂര്‍ത്തിമദ്ഭാവമായ ലക്ഷ്മിദേവിയുടെ നാട്ടിലെ ജനങ്ങള്‍ പോഷകാഹാരക്കുറവാലും , ശിശുമരണങ്ങളാലും, ദാരിദ്ര്യത്താലും നട്ടം തിരിയുന്ന പട്ടിണി പേക്കോലങ്ങളായി മാറിയതെങ്ങനെയെന്നും ആഗോളസമൂഹം ക്രമേണ തിരിച്ചറിഞ്ഞു തുടങ്ങി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ശുദ്ധസസ്യഭുക്കുകളായ സാത്വികരുടെ നാട്ടില്‍ അനുസ്യൂതം വര്‍ഗ്ഗീയകലാപങ്ങളും, ജാതീയ അധിക്ഷേപങ്ങളും, ആള്‍ക്കൂട്ടക്കൊലപാതകങ്ങളും, വിധവകളെ ജീവനോടെ ചുട്ടുകൊല്ലുന്നതും ഒക്കെ നടന്നുകൊണ്ടേയിരുന്നതായി ലോകം അറിഞ്ഞു തുടങ്ങി. രക്തം പൂര്‍ണമായും വാര്‍ന്നു പോകും വരെ ശൂലാഗ്രത്തില്‍ ഇരുത്തി ചിത്രവധം ചെയ്യപ്പെട്ട ബുദ്ധഭിക്ഷക്കളുടെ അലറിക്കരച്ചിലുകളുടെ ചരിത്രങ്ങളും, ഇരുട്ടിന്റെ മറവില്‍ ബ്രാഹ്മണപൂജാരിമാരുടെ പീഡനത്തിന് ഇരയായിക്കൊണ്ടിരുന്ന ദേവദാസിമാരുടെ തേങ്ങി ക്കരച്ചിലുകളും ഇന്ത്യയുടെ അതിരുകള്‍ ഭേദിച്ചു പുറംലോകത്തെത്തിത്തുടങ്ങി. പൊതിഞ്ഞുപിടിച്ചു വച്ചിരുന്നതുപോലുള്ള ചക്കരയല്ല ഹിന്ദു മതം എന്ന് സാവധാനം ലോകത്തിന് പിടികിട്ടിതുടങ്ങി.
ലോകത്തിനു മുന്‍പില്‍ ഈ വാര്‍ത്തകള്‍ കേവലം ഒരൊറ്റ ദിവസം കൊണ്ടല്ല എത്തിച്ചേര്‍ന്നത്. പല കാരണങ്ങള്‍ അതിനു പിന്നില്‍ ഉണ്ടായിരുന്നു. യോഗേഷ് വര്‍ഹാഡെ, രാജു കാംബ്ലെ തുടങ്ങിയ അംബേദ്കറൈറ്റുകളായപ്രൊഫഷണലുകള്‍ വിദേശ രാജ്യങ്ങളില്‍ എത്തിയത് തൊണ്ണൂറുകളുടെ ആദ്യ കാലങ്ങളില്‍ ആയിരുന്നു. അടിത്തട്ട് ജനവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന ഇവര്‍ തങ്ങളുടെ തൊഴില്‍ മേഖലയ്‌ക്കൊപ്പം അംബേദ്കര്‍ ആശയങ്ങളും അവിടെ പ്രചരിപ്പിച്ചു. സ്‌ട്രൈറ്റ് ഫോര്‍വേഡ് ആയ വൈദേശിക സമൂഹങ്ങള്‍ അതുള്‍ക്കൊണ്ടു. അന്താരാഷ്ട്ര തലത്തില്‍ ഇത്തരത്തില്‍ ഉണര്‍വ് ഉണ്ടായ കാലയളവില്‍ തന്നെ ഇന്ത്യന്‍ ദേശീയ തലത്തില്‍ ബി അര്‍ അംബേദ്കറുടെ വോളിയങ്ങള്‍ അതാത് മാതൃഭാഷയില്‍ ഇറങ്ങിയത് വ്യാപകമായ മാറ്റങ്ങള്‍ വരുത്തിത്തുടങ്ങി . സംസ്ഥാന തലത്തിലും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്നു. പോസ്റ്റ് മോഡേണ്‍ പൊളിച്ചെഴുത്തുകളുടെ ഭാഗമായുണ്ടായ ഉണര്‍വുകള്‍ അടിത്തട്ടിലുള്ള മനുഷ്യരില്‍ നിന്നും നിരവധി എഴുത്തുകാരെ സൃഷ്ടിച്ചു. അതാതു സ്റ്റേറ്റുകളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടായി. മുഖ്യധാരയ്ക്ക് ഈ മുന്നേറ്റങ്ങളെ കണ്ടില്ലെന്നുനടിക്കാന്‍ പറ്റാതെയായി. ഈ മൂന്ന് ഇടങ്ങളും വ്യത്യസ്തമായ ജ്ഞാനശകലങ്ങള്‍ ലോകത്തിനു മുമ്പില്‍ കൊണ്ടുവന്നു.
ഇക്കാലയളവില്‍ അന്താരാഷ്ട്രതലത്തില്‍ സംഭവിക്കുന്ന വിവിധങ്ങളായ മനുഷ്യാവകാശ ധ്വംസനങ്ങളുടെ നിജസ്ഥിതി വിലയിരുത്താന്‍ പാശ്ചാത്യ സമൂഹവും സവിശേഷമായ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. ബി ബി സി, ദ് ഗ്ലോബ് ആന്‍ഡ് മെയില്‍, ന്യൂയോര്‍ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ദ് സ്റ്റാര്‍, തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളും അല്‍ ജസീറ പോലുള്ള മദ്ധ്യേഷ്യന്‍ മാധ്യമങ്ങളും ഇതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ട്വിറ്റര്‍, ഫേസ്ബുക്, വാട്‌സ്ആപ്പ് തുടങ്ങിയവയിലൂടെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ തത്സമയം പ്രചരിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ അതിരുകള്‍ക്കുള്ളില്‍ നടക്കുന്ന ഹീനമായ വര്‍ഗീയ കലാപങ്ങള്‍ പാശ്ചാത്യ ലോകത്തിന്റെ നിരീക്ഷണങ്ങള്‍ക്ക് വിധേയമായി. ദില്ലിയിലും, പഞ്ചാബിലും നടന്ന സിഖ് കൂട്ടക്കൊലകള്‍, ഖൈര്‍ലാഞ്ചിയില്‍ നടന്ന ദലിത് കൂട്ടക്കൊലകള്‍, കശ്മീരിലും, വടക്കു കിഴക്കന്‍ മേഖലകളിലും നടന്ന ഭരണകൂടസൈനിക ഭീകരത, ഗ്രഹാം സ്റ്റെയിന്‍സിനെപ്പോലുള്ള മിഷനറിമാരുടെ കൊലപാതകങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വന്നതോടെ, ഇന്ത്യയില്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ അത്ര വെടിപ്പായല്ല നടക്കുന്നതെന്ന് ലോകം മനസിലാക്കി തുടങ്ങി.
ഒരു പ്രത്യേക പാറ്റേണില്‍ നടന്ന ഈ സംഭവപരമ്പരകളില്‍ ഒക്കെയും പ്രതി സ്ഥാനത്ത് ഹിന്ദു മതത്തിന്റെയും, തീവ്ര ഹിന്ദു ദേശീയതയുടെയും വക്താക്കളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 1992ല്‍ നടന്ന ബാബറി മസ്ജിദ് തകര്‍ക്കലും, തുടര്‍ന്ന് നടന്ന ഗുജറാത്ത് വംശഹത്യയും ഒന്നുകൂടിഈ വസ്തുതകളെ ഊട്ടിയുറപ്പിച്ചു. തത്ഫലമായി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോഡിക്കു അമേരിക്കന്‍ ഗവണ്മെന്റ് വിസ നിഷേധിക്കുകയുംചെയ്തു.
ഗാന്ധിവധത്തിന്റെ അതേ പാറ്റേണില്‍, മനുഷ്യാ വകാശ പ്രവര്‍ത്തകര്‍ ആയിരുന്ന നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ്, എന്നിവര്‍ കൊല്ലപ്പെടുകയും ഹൈദരാബാദ് സര്‍വ്വകലാ ശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥി ആയിരുന്ന രോഹിത് വെമൂല ജാതിപീഡനങ്ങളാല്‍ ആത്മഹത്യ ചെയ്യുകയും ചെയ്തത് ഹിന്ദു മതത്തിന്റെ മനുഷ്യാ വകാശ വിരുദ്ധമായ ബീഭത്സമുഖത്തെ കൂടുതല്‍ അനാവൃതമാക്കി. ഹിന്ദുത്വ ആശയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്നത് ഹിന്ദുത്വ രാഷ്ട്രമല്ല മറിച്ചു മനുസ്മൃതിയിലൂന്നിയ, ബ്രാഹ്മണ മേധാവിത്തത്തിന് കീഴിലുള്ള, ജാതി നിയമങ്ങള്‍ക്ക് ആധികാരികതയുള്ള ‘ഹിന്ദുമത രാഷ്ട്രം ‘തന്നെയാണ്.
മനുസ്മൃതി എന്നത് വെറുമൊരു വിചാരധാരയോ, ആര്‍ എസ് എസ് ന്റെ ഏതെങ്കിലും ആചാര്യന്മാരുടെ ഭാവനയില്‍ വിരിഞ്ഞ ഒരു ഗ്രന്ഥമോ ഒന്നുമല്ല, മറിച്ച് ബ്രിട്ടീഷുകാര്‍ വരുന്നത് വരെ ഹിന്ദുമതം പിന്തുടര്‍ന്നുപോന്ന ഏറ്റവും ‘ആധികാരികമായ സാമൂഹിക ഭരണഘടനയാണ്’. അതുകൊണ്ടുതന്നെ ആര്‍ എസ് എസിന്റെ ഹിന്ദുത്വം എന്നത് ‘ സനാതനഹിന്ദു മതത്തിന്റെ’ തന്നെ ഒരു പ്രയോഗരീതി മാത്രമാണ്.
ഹിന്ദുമതമെന്ന ശരീരത്തിന്റെ നിഴല്‍ മാത്രമാണ് ഹിന്ദുത്വ. അതിനാല്‍ ഹിന്ദുത്വത്തെമാത്രം തള്ളിപ്പറഞ്ഞുകൊണ്ട് ഹിന്ദുമതത്തെ വെള്ളപൂശാനുള്ള ലിബറലുകളുടെ സര്‍ക്കസുകള്‍ എല്ലാം തികച്ചും പരിഹാസ്യമാണ് എന്ന് പറയാതെ വയ്യ. ജാതിവ്യവസ്ഥ ഇല്ലാത്ത ഹിന്ദുമതം അചിന്തനീയമാണ്. അതുകൊണ്ട് തന്നെ ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധവുമാണത്. Hindutva is only a shadow of the body of Hinduism. So Hinduism cannot be whitewashed by rejecting only Hindutva
‘ഹിന്ദുരാഷ്ട്രം ഒരു യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അത് ഇന്ത്യയുടെ ദുരന്തം ആയിരിക്കും. അതുകൊണ്ട് എല്ലാ ശക്തിയും സംഭരിച്ചുകൊണ്ട് അതിനെ തടയേണ്ടത് ഏതൊരു ഇന്ത്യന്‍ പൗരന്റെയും മൗലികമായ കടമയാണ്. ‘. – ബാബാസാഹേബ് ഡോ. ബി ആര്‍ അംബേദ്കര്‍ ഇക്കാരണം കൊണ്ടാണ് ബാബാസാഹേബ് അംബെദ്ക്കര്‍ മനുസ്മൃതി ചുട്ടെരിച്ചതും ഹിന്ദുമതം ഉപേക്ഷിച്ചതും. ഓര്‍ക്കുക ബാബാസാഹെബ് ഉപേക്ഷിച്ചത് ഹിന്ദുത്വത്തെയല്ല ‘ഹിന്ദു മതത്തെ’ തന്നെയാണ്.
ഒരു ഹിന്ദുമത വിശ്വാസിക്കു ജാതിയെ ഉപേക്ഷിച്ചുകൊണ്ട് ഹിന്ദുമതം ആചരിക്കുവാന്‍ സാധിക്കുകയില്ല. വിദേശത്തേയ്ക്ക് കുടിയേറുന്ന ജാതി എന്ന ഈ മാലിന്യത്തിന്റെ ദുര്‍ഗന്ധം ഹിന്ദുമതവിശ്വാസികള്‍ അവിടങ്ങളിലും പരത്തുന്നത് പാശ്ചാത്യ ലോകം ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു വൈറസ് ആയിട്ടാണ് ജാതിവ്യവസ്ഥയെ പാശ്ചാത്യലോകം വീക്ഷിക്കുന്നത്. കോവിഡ് വൈറസ് കുറച്ചു ജനത്തെ മാത്രം ഇല്ലാതാക്കുമ്പോള്‍ ജാതി എന്ന കൊടിയ വൈറസ് ഒരു സമൂഹത്തിന്റെ ജനാധിപത്യസ്വഭാവത്തെ ആകമാനം നശിപ്പിക്കുന്നു. ഇന്ത്യ എന്ന രാജ്യത്തിന്റെ രോഗകാരണവും മറ്റൊന്നല്ല. അതുകൊണ്ട് തന്നെ ഈ വൈറസിനെ ക്വാറന്റൈന്‍ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
സിലിക്കണ്‍ വാലിയിലെ ഭീമന്മാരായ സിസ്‌കോ, ഗൂഗിള്‍ തുടങ്ങിയ തൊഴിലിടങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ ജാതിവിവേചനം പാലിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ശനമായ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവന്നു. തന്മൂലം അമേരിക്കയിലെ വിവിധ സിറ്റികളും, സംസ്ഥാനങ്ങളും ജാതിയെ മനുഷ്യാവകാശധ്വംസന പട്ടികയില്‍ പെടുത്തി നിയമങ്ങള്‍ പരിഷ്‌കരിക്കുകയാണ് ഇപ്പോള്‍. അതേ മാതൃകയില്‍ കാനഡയും നിയമ ഭേദഗതികളുമായി മുന്നോട്ടു പോവുകയാണ്. കാനഡയിലെ ഏറ്റവും വലിയ സ്‌കൂള്‍ ബോര്‍ഡ് ആയ ടൊറന്റോ ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡ് (TDSB) ജാതിയെ നിരോധിത സാമൂഹിക വിപത്തുകളില്‍ പെടുത്തി ഒന്റാരിയോ ഹ്യൂമന്‍ റൈറ്‌സ് കമ്മീഷന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. കാനഡയിലെയും, അമേരിക്കയിലെയും മറ്റു നഗരങ്ങളും, സംസ്ഥാനങ്ങളും, പ്രവിശ്യ കളും ഇതേ മാര്‍ഗ്ഗം പിന്തുടര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആശ്ചര്യമെന്നു പറയട്ടെ ഈ പുരോഗമനപരമായ നടപടികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടു വരുന്നത് ഹിന്ദു മതസംഘടനകളായ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (HNA), ഹിന്ദു അമേരിക്കന്‍ ഫൌണ്ടേഷന്‍ (HAF ), ഹിന്ദു സ്വയം സേവക് സംഘ് (HSS ) തുടങ്ങിയവയാണ്. രസകരമെന്ന് പറയട്ടെ ഇവരുടെ വാദം ഈ നടപടികള്‍ എല്ലാം ‘ഹിന്ദു മതത്തിനെതിരെയുള്ള ആക്രമണങ്ങള്‍’ ആണെന്നാണ്. പക്ഷെ അതിലൂടെ ഒരു യാഥാര്‍ത്ഥ്യമാണ് വെളിവാകുന്നത് . എന്തെന്നാല്‍ ജാതി വ്യവസ്ഥയ്‌ക്കെതിരെയുള്ള നടപടികള്‍ സ്വാഭാവികമായും ഹിന്ദുമതത്തിനെതിരെയുള്ള നടപടികള്‍ തന്നെയായി ഭവിക്കും . കാരണം ജാതി വ്യവസ്ഥ തന്നെയാണ് ഹിന്ദുമതം. അഥവാ ഹിന്ദുമതം തന്നെയാണ് ജാതി വ്യവസ്ഥ!’
വാല്‍ക്കഷണം : ചിലരെ ചിലപ്പോഴൊക്കെ പറ്റിക്കാന്‍ പറ്റിയേക്കും, മറ്റു ചിലരെ എല്ലാക്കാലത്തും പറ്റിക്കാന്‍ പറ്റിയേക്കും, എന്നാല്‍ എല്ലാവരേയും എല്ലാക്കാലത്തും പറ്റിക്കാന്‍ പറ്റില്ല.
അജിത് വാസു. ചിന്തകന്‍, എഴുത്തുകാരന്‍, അംബേദ്കറൈറ്റ്, ബുദ്ധിസ്റ്റ്, എഞ്ചിനീയര്‍, മാനേജ്‌മെന്റ് പ്രൊഫഷണല്‍, ചിത്രകാരന്‍, ഗായകന്‍ എന്നീ തലങ്ങളില്‍ പ്രാഗല്‍ഭ്യം. അനിമേഷന്‍ ഇന്‍ഡസ്ട്രിയില്‍ ടെക്നിക്കല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്നു. ടൊറന്റോ അംബേദ്കര്‍ മിഷന്‍ എക്സിക്യൂട്ടീവ് അംഗം. ഒന്നര ദശകമായി കാനഡയില്‍ സ്ഥിരതാമസം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in