
ഇറ്റ്‌ഫോക് 2023ന് തിരശീല വീഴുമ്പോള്‍
ഇറ്റ്‌ഫോക്ക് 2023 ന്റെ തിരശ്ശീല താഴ്ന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഒട്ടേറെ നാടകങ്ങള്‍ക്ക്, ദൃശ്യ ശ്രവ്യ പ്രോഗ്രാമുകള്‍ക്ക് നാം സാക്ഷികളായി. ആസ്വാദകരായി. പങ്കാളികളായി. അവയില്‍ ഓരോന്നിനെയും പ്രത്യേകമായി എടുത്തുള്ള ഒരു സൂക്ഷ്മ വിശകലനം ഈ അവലോകനക്കുറിപ്പിന്റെ ലക്ഷ്യമല്ല. തിയറ്ററിനെയും പൊതുവില്‍ കലയെയും ഗൗരവത്തോടെ സമീപിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ശരാശരി കാണിയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ സവിശേഷമായി അനുഭവപ്പെട്ട ചില നിരീക്ഷണങ്ങള്‍ ഷെയര്‍ ചെയ്യുക എന്ന പരിമിതമായ ആഗ്രഹം മാത്രമേയുള്ളു.
വളരെ ഗംഭീരമായിരിക്കുന്നു എന്ന് തോന്നിപ്പിച്ച കുറേ അവതരണങ്ങളും ഇത്തരം ഒരു ഫെസ്റ്റിവലില്‍ വരേണ്ടതില്ലായിരുന്നു എന്ന് നെറ്റി ചുളിപ്പിച്ചവയും നാടകോല്‍സവത്തിന്റെ ഭാഗമായി സംഭവിച്ചിട്ടുണ്ട്. കാഫ്ക, ബ്ലാക്ക് ഹോള്‍, ആന്റിഗണി, ആവേ മറിയ, ടെമ്പസ്റ്റ് പ്രോജക്ട്, ടോള്‍ഡ് ബൈ മദര്‍ തുടങ്ങിയ കുറെ നാടകങ്ങളെ ആദ്യ വിഭാഗത്തില്‍പ്പെടുത്താവുന്നതാണ്. അവ ഫെസ്റ്റിവലിനേയും കാണികളുടെ അഭിരുചികളെയും തൃപ്തിപ്പെടുത്തുകയും നാടകാനുഭവത്തിന്റെ പുതിയ ഉയരങ്ങളിലേക്ക്, സങ്കീര്‍ണതകളിലേക്ക് നമ്മെ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. കക്കുകളി, ഫ്‌ളൈയിങ് ചാരിയറ്റ് എന്നീ രണ്ട് നാടകങ്ങളില്‍ നിന്നാണ് അത്രയും അസഹനീയമായതുകൊണ്ട് ഇറങ്ങിപ്പോകാന്‍ ഞാന്‍ നിര്‍ബന്ധിതനായത്. ഇവ രണ്ടിനേയും തീര്‍ച്ചയായും രണ്ടാമത്തെ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. ഇറങ്ങിപ്പോകുക എളുപ്പമല്ലാത്തതു കൊണ്ടുമാത്രം കണ്ടു തീര്‍ത്ത നാടകങ്ങളാണ് ആര്‍ക്ടിക്കും പിതോഡയും. ലളിതവല്‍ക്കരണം കൊണ്ട് രണ്ട് അവതരണങ്ങളും എന്നെ മടുപ്പിക്കുകയായിരുന്നു
അരോചകം എന്നു വിശേഷിപ്പിക്കാവുന്ന അവതരണശൈലിയും പ്രത്യയശാസ്ത്രപരമായ മൗഢ്യവുമാണ് കക്കുകളി എന്ന വിചിത്ര സൃഷ്ടിയുടെ മുഖ്യ സ്വഭാവ വിശേഷങ്ങള്‍. പള്ളിയും പാര്‍ട്ടിയുമായി തരാതരം പോലെ പകര്‍ന്നാടുന്ന രണ്ട് പ്രാകൃത പ്രസ്ഥാനങ്ങളില്‍ ഒന്നിനെ വിശുദ്ധമാക്കി മറ്റേതിന് എതിരെ പ്രതിഷ്ഠിക്കുന്നതിലെ കാപട്യം നമ്മെ ആഴത്തില്‍ അലോസരപ്പെടുത്തേണ്ടതാണ്. ചുവപ്പു ജ്വര ബാധിതരായ വലിയൊരു വിശ്വാസിസമൂഹത്തെ സുഖിപ്പിക്കുന്നതുകൊണ്ട് നൂറുകണക്കിന് വേദികള്‍ ഈ നാടകത്തെ കാത്തിരിക്കുന്നുണ്ട്, തീര്‍ച്ച. കൊണ്ടാടപ്പെടും എന്ന് കട്ടായം. സ്റ്റേജ് ആര്‍ക്കിടെക്ചറിലെ ചില ഗിമ്മിക്കുകള്‍ കൊണ്ട് നാടകത്തെ പൊലിപ്പിച്ചെടുക്കാം എന്നാണ് ഫ്‌ളൈയിംഗ് ചാരിയറ്റുകാര്‍ കരുതിയത് എന്ന് തോന്നുന്നു. സ്ലൈഡിങ് ഡോറുകള്‍ വെച്ചുള്ള കുട്ടിക്കളി മടുപ്പിക്കുന്നതായിരുന്നു. നാടകത്തിന്റെ ഉള്‍കാമ്പില്‍ ഗൗരവമായിട്ടൊന്നുമില്ലെങ്കില്‍ സെറ്റിലെ കുട്ടിക്കളികള്‍ കൊണ്ട് അതിനെ രക്ഷിച്ചെടുക്കാനാകില്ല. എന്നെ സ്പര്‍ശിക്കാതെ പോയ ഒരു നാടകമായിരുന്നു അത്.
എന്തോ ഗൗരവമായ ചിലത് പറയാന്‍ പോകുന്നു എന്ന പ്രതീതി ഉത്പ്പാദിപ്പിച്ച് മുഖ്യ കഥാപാത്രത്തിന്റെ ഭൂഗുരുത്വം നഷ്ടപ്പെട്ടു എന്ന വായ്ത്താരിയുടെ ലൈംഗികചൊവയുള്ള റെന്‍ഡറിംഗിലൂടെ അവതരണത്തെ ‘ആസ്വാദ്യ’മാക്കി രക്ഷപ്പെടുകയായിരുന്നു ആര്‍ക്ടിക്.. ലളിതവത്കരണവും കോറിയോഗ്രാഫിയിലൂടെ അവര്‍ത്തന വിരസതെയും ആത്മാര്‍ത്ഥത കൊണ്ടു മാത്രം മറികടക്കാന്‍ കഴിയാത്തതുകൊണ്ട് പരാജയപ്പെട്ടുപോയ പീതൊഡൈ. ഡെല്‍ഹിയില്‍ നിന്നുള്ള ഫോര്‍ ദി റെക്കോര്‍ഡ് ഒരുപാട് അവാര്‍ഡുകളുടെയും മറ്റും പിന്‍ബലത്തില്‍ ഏറെ ഫാന്‍ ഫെയറോടുകൂടിയാണ് ഫെസ്റ്റിവലില്‍ എത്തിയത്. കാണികളെ കൂടെ കൂട്ടാനുള്ള ഇന്ററാക്ടീവ് രീതികളും സ്ലാപ്സ്റ്റിക് കോമഡിയും അവസാന രംഗത്തിലെ പ്രകടമായ രാഷ്ട്രീയ സന്ദേശവുമെല്ലാം ഉണ്ടായിട്ടും നമ്മുടെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രൊപ്പഗണ്ട അവതരണങ്ങളുടെ നിലവാരത്തില്‍ നിന്ന് ഒരിഞ്ചുപോലും ഉയര്‍ന്നില്ല. പക്ഷേ നാടകത്തിന്റെ ഭാഗമായി വിതരണം ചെയ്ത സമൂസ ഞാന്‍ കഴിച്ചിട്ടുള്ള ഏറ്റവും സ്വാദിഷ്ടമായ ഒന്നായിരുന്നു എന്ന സത്യം അപ്പോഴും ബാക്കി നില്‍പ്പുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മറ്റൊരു സന്ദര്‍ഭത്തില്‍ നസറുദ്ദീന്‍ ഷാ നിരീക്ഷിച്ചതുപോലെ വീഡിയോ സ്‌ക്രീനോടുള്ള സമകാലീന നാടകങ്ങളുടെ അഭിനിവേശം അവയുടെ ദൃശ്യ ശ്രാവ്യ അനുഭവങ്ങളുടെ ഏകാഗ്രതക്കും സമഗ്രതക്കും ദോഷം ചെയ്യുന്നതായി കാണുന്നുണ്ട്. പലപ്പോഴും അത് അരോചകമായ ഒരു ക്ലീഷേയായി അധപതിക്കുന്നുണ്ട്. ആ പ്രലോഭനത്തില്‍ നിന്ന് മാറി നടക്കുന്ന ടെമ്പസ്റ്റ് പ്രോജക്ട് ഒരു ക്ലാസിക്കല്‍ നാടകാനുഭവമായി മാറി. അവതരണത്തിലെ പുതുമകളിലേക്കോ ഗിമ്മിക്കുകളിലേക്കോ പോകാതെ തന്നെ സംതൃപ്തി പകരുന്ന ഒരു അവതരണമായി അതിനു മാറാന്‍ കഴിഞ്ഞു. കാലിബന്‍, ഏരിയല്‍, പ്രേസ്‌പെറോ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കള്‍, അവരുടെ അഭിനയ മികവ്, ആ നാടകത്തിന്റെ സ്വീകാര്യതയില്‍ പ്രധാനഘടകമായിരുന്നു.
ഡിജിറ്റല്‍ ടെക്‌നോളജി ഒരു നാടകത്തിന്റെ ഇതിവൃത്ത ശില്‍പ്പ ഘടനയുമായി ഇഴചേര്‍ന്ന് നില്‍ക്കുകയും അത് നല്‍കുന്ന സൗന്ദര്യാനുഭൂതിയെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയും ചെയ്തതിന്റെ അനുഭവമാണ് കാഫ്ക സമ്മാനിച്ചത്. സ്വന്തം രചനകളിലൂടെ കാഫ്ക വരഞ്ഞിട്ട ദയാരഹിതമായ ഒരു ലോകത്തേയും സാംസമാരുടെ ജീവിതത്തേയും ഇത്രയും ഹൃദയസ്പര്‍ശിയായ കാവ്യാനുഭവമാക്കിയതിന് ആ നാടകം സവിശേഷമായ കയ്യടി അര്‍ഹിക്കുന്നുണ്ട്. വീഡിയോ ഫോര്‍മാറ്റുകള്‍ മുഴച്ചു നില്‍ക്കാതെ, കൗതുക കാഴ്ചകള്‍ പകരുന്ന Addon ആകാതെ കൃതിയുടെ ആന്തരികതയിലേക്ക് തടസ്സമില്ലാതെ intermeshed ആവുകയാണ് ഈ നാടകത്തില്‍. ഇസ്രായേല്‍ / പാലസ്റ്റീന്‍ നാടകം Dont believe me…..യിലെ വീഡിയോ സ്‌ക്രീന്‍ ഒരു അനാവശ്യ അലങ്കാരവും കാഴ്ചയെ, സംഗീതത്തെ ശല്ല്യപ്പെടുത്തുകയുമായിരുന്നു. വൈകാരിക സാന്ദ്രതയും സൂക്ഷ്മതയും പുലര്‍ത്തിയുള്ള മുഖ്യ കഥാപാത്രത്തിന്റെ റെന്‍ഡറിംഗും സെന്‍സിറ്റീവ് ആയ സംഗീതവും മതിയായിരുന്നു ആ അവതരണത്തിന്. നാടകം എന്നതിനേക്കാള്‍ ഹൃദ്യമായ ഒരു ഓഡിയോ വിഷ്വല്‍ പ്രസന്റേഷന്‍ ആണ് ഡോണ്‍ ബിലീവ് മീ…. തേര്‍ഡ് റെയ്ക്കും ബിനാലെ പോലുള്ള ഒരു സന്ദര്‍ഭത്തില്‍, സ്വതന്ത്രവും വളരെ അയഞ്ഞതും നാടകത്തിന്റെ സമയക്ലിപ്തത ആവശ്യമില്ലാത്തതുമായ ഒരു ഓഡിയോ വീഡിയോ ഇന്‍സ്റ്റലേഷന്‍ ആണ്. അവിടേക്കായിരുന്നു അത് കൂടുതല്‍ അനുയോജ്യം. വളരെ് impactful and experimental ആയ ഈ അവതരണം കാണികള്‍ക്ക് നൂതനമായ ഒരു ദൃശ്യ കാവ്യ അനുഭവമായിരുന്നു എന്നതില്‍ തര്‍ക്കമില്ല
അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നാടകങ്ങളുടെ കൂട്ടത്തില്‍ ഒരു നൂറ്റാണ്ടിന്റെ ചരിത്രമുള്ള നാടക സംഘത്തെയും ആ കുടുംബത്തിന്റെ സംഭാവനയായ ‘മായാബസാറി’നേയും ഫെസ്റ്റിവലില്‍ ഉള്‍ക്കൊള്ളിച്ച സംഘാടകരെ അഭിനന്ദിച്ചേ മതിയാകൂ. വളരെയേറെ ആനന്ദിപ്പിച്ച ഒരു അനുഭവം. തേഡ് റെയ്ക്ക് വരെ എത്തിനില്‍ക്കുന്ന നൂതന ആവിഷ്‌കാര തന്ത്രങ്ങള്‍ക്കൊപ്പം മായാബസാര്‍ മറ്റൊരു അറ്റത്ത് നില്‍ക്കുന്നത്, അതിനെ കൂടി ചേര്‍ത്ത് നിര്‍ത്താന്‍ കാണിച്ച ശ്രദ്ധ പ്രശംസനീയമാണ്. അതില്‍ ഒരു കരുതല്‍ ഉണ്ട്. അത് ഹൃദ്യമായിരുന്നു.
ഇറ്റ്‌ഫോക്ക് 2023ല്‍ എന്നെ ഏറ്റവും തൃപ്തിപ്പെടുത്തിയ നാടകങ്ങളില്‍ ഒന്ന് ജ്യോതി ഡോഗ്രയുടെ ‘ബ്ലാക്ക് ഹോള്‍’ ആണ്. സ്വന്തമായി എഴുതി, അഭിനയിച്ച്, ഡിവൈസ് ചെയ്‌തെടുത്ത ആ നാടകം ആസ്വാദനത്തിന്റെ അതിസൂക്ഷ്മതകളിലേക്കും സങ്കീര്‍ണ്ണതകളിലേക്കും നമ്മെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഒരു വെള്ള ഷീറ്റ്, ബ്ലാക്ക് ഹോള്‍ എന്ന കണ്‍സെപ്റ്റ്, പ്രപഞ്ചശാസ്ത്രത്തില്‍ ഒബ്‌സെസ്ഡ് ആയ ഒരു സ്ത്രീ – ഇത് മൂന്നും കൊണ്ട് ഡോഗ്ര നെയ്‌തെടുക്കുന്ന വ്യക്തിയും പ്രപഞ്ച സാകല്യവും, സൂക്ഷ്മ വൈകാരികതയും സ്ഥൂല ഭൗതികതയും തമ്മിലുള്ള പരസ്പര്യം, അസാമാന്യമായ സൂക്ഷ്മതയും സംവേദനക്ഷമതയുമുള്ള, കൈയ്യടക്കമുള്ള ഒരു കലാകാരിക്ക് മാത്രം സാധിക്കുന്ന അവതരണം ആയിരുന്നു ‘ബ്ലാക്ക് ഹോള്‍’. വെള്ള ഷീറ്റ് എന്ന ഏക പ്രോപ്പര്‍ട്ടിയുടെ മാനിപുലേഷനിലൂടെ വിരിഞ്ഞുവരുന്ന പാറ്റേണുകള്‍, മൃദുവായ സംഭാഷണ വിവരണങ്ങളിലൂടെ ജീവിതത്തിനും പ്രപഞ്ചത്തിനും മരണത്തിനും ഇടയ്ക്കുള്ള സൂക്ഷ്മ വൈകാരിക സഞ്ചാരങ്ങളെ പിന്തുടരുന്ന ഒന്നരമണിക്കൂര്‍ നീണ്ട ഈ സോളോ പ്ലേ ഫെസ്റ്റിവലിലെ ഒന്നാം കിടയില്‍ പെടുന്ന അവതരണങ്ങളില്‍ ഒന്നാണ്. നിത്യതയും അനിത്യതയും വികാരവും വിചാരവുമടക്കം വിരുദ്ധങ്ങള്‍ ഒരു സര്‍വ്വ സംഹാരിയായ ഒരു ബ്ലാക്ക് ഹോളിന്റെ വക്കില്‍ സമന്വയിക്കപ്പെടുകയാണ്. തിയറ്ററിന് എങ്ങനെ സ്വയം ഒരു മെഡിറ്റേഷന്റെ തലത്തിലേക്ക് ഉയരാം എന്നതിന്റെ ഉത്തമ ഉദാഹരണം.
നിരന്തരം സ്വന്തം മൊബൈലില്‍ നാടകം പകര്‍ത്തി കൊണ്ടിരുന്ന ചെറുപ്പക്കാരനായ ഒരു കാണിയെ പെര്‍ഫോമന്‍സിനകത്ത് നിന്നുകൊണ്ടുതന്നെ ശകാരിക്കുകയും ചെയ്യരുതെന്ന് വിലക്കുകയും ചെയ്യാന്‍ ജ്യോതിഡോഗ്ര കാണിച്ച ആര്‍ജ്ജവം പ്രശംസനീയവും എല്ലാവര്‍ക്കും മാതൃകയാകേണ്ടതുമാണ്. സെന്‍സിറ്റിവിറ്റിയും കലയോടും കലാകാരികളോടും ബഹുമാനവും പുലര്‍ത്താന്‍ കഴിയുന്ന ഉത്തരവാദിത്വമുള്ള കാണികളായി നാം സ്വയം മാറ്റി പണിയേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. ആദ്യത്തെ വിലക്കിന് ശേഷവും ആ പണി തുടര്‍ന്ന ചെറുപ്പക്കാരനെ നാടകം തീര്‍ന്ന ഉടനെ കടുത്ത ഭാഷയില്‍ അവര്‍ വീണ്ടും ശകാരിക്കുന്നുണ്ടായിരുന്നു സ്വന്തം കലയിലുള്ള അചഞ്ചലവും ശങ്കയേതുമില്ലാത്ത കമ്മിറ്റ്‌മെന്റും സൂക്ഷ്മതയും പുലര്‍ത്തുന്ന ഒരു വ്യക്തിക്ക് ഇത്തരത്തില്‍ രോഷാകുലയാകാതെ തരമില്ല. മൊബൈല്‍ എന്ന ഉപകരണത്തിന്റെ അലസമായ ഉപയോഗം സൂക്ഷ്മമായ കലാസ്വാദനത്തെ, (പൊതുവില്‍ മുഴുവന്‍ ജീവിതാനുഭവങ്ങളെയും) എത്രമാത്രം വികലമാക്കുന്നു എന്ന് നാം തിരിച്ചറിയുന്നില്ല. എല്ലാ അവതരണങ്ങളുടെയും ഇടയില്‍ സദസ്സില്‍ നിന്നും നിരന്തരം മിന്നി കൊണ്ടിരിക്കുന്ന മൊബൈലുകള്‍ ഒന്നോ രണ്ടോ അല്ല എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പലപ്പോഴും വളരെ ലോലവും മൃദുവുമായ ദൃശ്യ ശ്രാവ്യ ഡിസൈനുകളും പ്രകാശ വിന്യാസങ്ങളുമുള്ള (കാഫ്കയെപ്പോലുള്ള) ഒരു അവതരണത്തില്‍ വെളിച്ചത്തിന്റെ ഒരു അധിക കീറിനു പോലും ആ നാടക ശരീരത്തെ മുറിവേല്‍പ്പിക്കാനാവുമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കാണികള്‍ വളരണം. അത്തരം അവതരണങ്ങളുടെ സമയത്ത് പുറകിലെ, വശങ്ങളിലെ മറ്റു കാണികള്‍ നടത്തുന്ന അടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ പോലും ആ നാടകത്തിന്റെ അനുഭവത്തെ നശിപ്പിക്കാന്‍ പോന്നതാണ്. അത്തരം ഒരു അവതരണത്തിനിടയില്‍ നിരന്തരം എന്റെ പുറകിലെ വരിയില്‍ നിന്ന് സംസാരിച്ചുകൊണ്ടിരുന്ന മാന്യദേഹത്തോട് അത് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ whisper ചെയ്യുന്നതേയുള്ളൂ എന്നായിരുന്നു മറുപടി. തൊട്ടുമുമ്പിലെ വരിയില്‍ ഇരിക്കുന്ന (അതും ശരീരങ്ങള്‍ക്കിടയില്‍ യാതൊരു അകലവും പാലിക്കാനാവാതെ തിങ്ങി കൂടിയ സദസ്സില്‍) ഒരുകാണിയുടെ ചെവിയില്‍ നിരന്തരം അലക്കുന്ന വിസ്പറിന്റെ മൂളക്കം എത്രത്തോളം അരോചകമായിരിക്കുമെന്ന് നാം അറിയണം. തന്നെപ്പോലെ തന്നെ സദസ്സിലെ മുഴുവന്‍ പേരും വിസ്പര്‍ ചെയ്താല്‍ ആ അവതരണത്തിന്റെ അവസ്ഥ എന്താവും? അഭിനേതാക്കളുടെ ഏകാന്തതക്ക് എത്ര ദോഷകരമായി അത് ഭവിക്കുമെന്ന് തിരിച്ചറിയാനുള്ള സെന്‍സിറ്റിവിറ്റി കാണികള്‍ക്ക് ഉണ്ടാവണം. ശരാശരി ഒരു മണിക്കൂര്‍ പോലും സ്വന്തം മൊബൈലിനെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തവര്‍, നേരിട്ട് കാണുന്ന നാടകാനുഭവത്തില്‍ ഏകാഗ്രമാകുന്നതിന് പകരം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന വികലമായ ബോധത്തിന് അടിമപ്പെട്ട കാണികള്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. ഇറ്റ്‌ഫോക് 2023 നല്‍കുന്ന ഏറ്റവും വലിയ പാഠങ്ങളില്‍ ഒന്നാവണം ഇത്. മൊബൈലുകളെ (ഇന്‍സ്റ്റന്റ് വിസ്പറുകാരേയും) നിലയ്ക്ക് നിര്‍ത്താന്‍ സംഘാടകര്‍ കൃത്യമായ നിഷ്‌കര്‍ഷ കാണിക്കേണ്ടതാണ്. ഒരു സദസ്സ് മുഴുവന്‍ സ്വന്തം മൊബൈല്‍ പ്രകാശങ്ങള്‍ പരത്തിയാല്‍ എന്തായിരിക്കും അവസ്ഥ ! എന്റെ മൊബൈലിന്റെ പ്രകാശം പുറകിലിരിക്കുന്ന കാഴ്ചക്കാരുടെ കാഴ്ചയെ ശല്യപ്പെടുത്തുന്നു എന്ന സത്യം നാം തിരിച്ചറിയണം. ഒരു മണിക്കൂറെങ്കിലും മൊബൈല്‍ ഇല്ലാതെ ജീവിക്കാനറിയാത്തവര്‍, അത്രയും ചെറിയ ത്യാഗമെങ്കിലും സഹിക്കാനാകാത്തവര്‍ കല അര്‍ഹിക്കുന്നില്ല.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഘാടകര്‍ ശ്രദ്ധിക്കേണ്ട വേറെയും ചില കാര്യങ്ങളുണ്ട്. ടിക്കറ്റ് ആയി ബന്ധപ്പെട്ടാണ് ഏറ്റവും കൈപ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകുന്നത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു കഴിഞ്ഞാലും അത് ശേഖരിക്കാന്‍ വരി നില്‍ക്കുകയും പലതവണകളായി ടിക്കറ്റ് ബുത്തുകളിലേക്ക് തീര്‍ത്ഥാടനം നടത്തുകയും വേണം. പലപ്പോഴും ടിക്കറ്റുകള്‍ sort out ചെയ്തിട്ടുണ്ടാവില്ല. മടങ്ങിപ്പോയി വീണ്ടും വരണം. ഈ തീര്‍ത്ഥാടന പരമ്പരകള്‍ക്ക് അറുതി വരുത്തുന്ന ഒരു system should be in place. മണിക്കൂറുകള്‍ ക്യൂ നിന്നിട്ട് വേണം ഹാളിലേക്ക് പ്രവേശനം കിട്ടുവാന്‍. അശാസ്ത്രീയവും പ്രാകൃതവും മനുഷ്യവിരുദ്ധവുമാണ് ഈ ഏര്‍പ്പാട്. ബീവറേജ് വരി കണ്ട് ഹൈക്കോടതിക്ക് മനസ്സലിഞ്ഞതുകൊണ്ട് ആ വരിനില്‍പ്പിന് ഏറെക്കുറെ ഒരു ശമനം ഉണ്ടായി. നിരന്തരമായ കോടതി ഇടപെടലിലൂടെ മദ്യം വാങ്ങുന്നവര്‍ക്ക് അല്പം മാനുഷികമായ അന്തസ്സും ബഹുമാനവും നിലനിര്‍ത്താന്‍ കഴിയുന്ന ഒരു സാഹചര്യം ആ മേഖലയില്‍ പോലും മനുഷ്യന്‍ അനുഭവിക്കുന്നുണ്ട്. കയ്യും കണക്കുമില്ലാതെ (ഏതാണ്ട് സമാനമായ അവസ്ഥയാണ് IFFKയും) ടിക്കറ്റുകള്‍ വിതരണം ചെയ്യുക. പോരാത്തതിന് സംഘാടകരുടേയും അഭ്യുദയകാംക്ഷികളുടെയും അവരെയെല്ലാം ചുറ്റിപ്പറ്റിയെത്തുന്ന അവസാന നിമിഷ ‘നുഴഞ്ഞുകയറ്റക്കാരും’ കൂടി ചേര്‍ന്നാണ് ഈ ദുരാനുഭവം സൃഷ്ടിക്കുന്നത്. മാധ്യമങ്ങളുമായി പുലബന്ധമില്ലാത്ത എത്രയോ പേര്‍ മാധ്യമ പാസ് മാലയിട്ട് ശരണം വിളിച്ചു നടക്കുന്നത് കാണാം. ലോകത്ത് കേരളത്തിലല്ലാതെ ഇത്രയും മണിക്കൂറുകള്‍ വരിനില്‍ക്കുന്ന, പീഡനം ഏറ്റുവാങ്ങുന്ന ആസ്വാദകസമൂഹത്തെ കാണില്ല. കണക്കില്ലാതെ ടിക്കറ്റ് കൊടുക്കുന്നതുകൊണ്ട് സംഭവിക്കുന്ന ദുരന്തമാണിത്. മനുഷ്യനിര്‍മ്മിത (സംഘാടകനിര്‍മ്മിതം എന്ന് വായിക്കുക) ദുരന്തം! സ്വന്തം ശരീരത്തെ പൂര്‍ണ്ണമായി സ്ഥാപിക്കാന്‍ സാധിക്കുന്ന അത്ര ഇടം പോലും ലഭിക്കാതെ തിങ്ങി ഞെരുങ്ങിയിരുന്ന് നാടകം കാണണം.
ജനകീയത / മാനവികത എന്ന പേരില്‍ ഒരു ഇഞ്ച് സ്ഥലം പോലും ബാക്കി വയ്ക്കാതെ ആളുകളെ ഇരുത്തിയും നിര്‍ത്തിയും കിടത്തിയും നാടകം / സിനിമ കാണിക്കുന്ന ഈ സമ്പ്രദായത്തിന് സര്‍ക്കാരിന്റെ നിയമങ്ങള്‍ പോലും ബാധകമല്ലേ? ഒരു പബ്ലിക് സ്‌പേസില്‍ ആളെ കൂട്ടുന്നതിന് സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലേ? ഒരു എമര്‍ജന്‍സി സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം എങ്ങനെ നടത്തും? Stampede കൊണ്ട് എത്രപേര്‍ക്ക് ജീവസാനി സംഭവിക്കാം. ഒരിക്കല്‍ ഒരു പ്രദര്‍ശനശാല അഗ്‌നിക്കിരയായ അനുഭവം നമുക്കുള്ളതല്ലേ? ബസില്‍ കയറുന്നതിന്, സിനിമ ഹാളില്‍ ആളെ കയറ്റുന്നതിന് നിയന്ത്രണങ്ങളില്ലേ? കേരളത്തിലെ മൂന്നര കോടി ആളുകളെ നാടകവും സിനിമയും കാണിക്കാമെന്ന് വ്രതമെടുത്തതു പോലെയുള്ള വിഡ്ഢിത്തം നിര്‍ത്തണം. ദുരന്തങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പാണ് ശ്രദ്ധ വേണ്ടത്. തോന്നിയപോലെ ആളെ കുത്തിനിറയ്ക്കുന്നത് നിയമവിരുദ്ധവും അപകടകരവുമാണ്. ഇരിപ്പിടത്തിനനുസരിച്ചേ ടിക്കറ്റ് നല്‍കാവൂ. അങ്ങനെ വരുമ്പോള്‍ മണിക്കൂറുകള്‍ക്കു മുമ്പ് ക്യൂ നില്‍ക്കേണ്ടി വരില്ല. പാര്‍ട്ടി റാലിക്ക് ആളു കൂടുമ്പോള്‍ ഉണ്ടാകുന്ന ലഹരിക്ക് itfok – iffk സംഘാടകര്‍ അടിമപ്പെടരുത്. ഹാളിനകത്ത് ഫലപ്രദമായ ശീതീകരണവും വായുസഞ്ചാരവും ഉറപ്പാക്കണം. ബ്ലാക് ബോക്‌സ് അടിയന്തിരമായി മനുഷ്യസൗഹൃദമാക്കണം. അന്താരാഷ്ട്ര നാടകങ്ങള്‍ പങ്കെടുക്കുന്ന ഒരു ഫെസ്റ്റിവലിന് ഇത്രയും പതിപ്പുകള്‍ പിന്നിട്ടിട്ടും അല്പം കൂടി നിലവാരമുള്ള പ്രദര്‍ശനശാലകള്‍ ഇല്ലാതിരിക്കുന്നത് ദുഃഖകരമാണ്. അങ്ങിനെ ചെറുതും വലുതുമായ അനവധി പ്രശ്‌നങ്ങള്‍ ബാക്കി വെച്ചിട്ടാണ്, വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ടാണ് ഒരു ഇറ്റ്‌ഫോക്കിനു കൂടി തിരശീല വീഴുന്നത്. വലിയ അളവില്‍ ഈ പരാധീനകള്‍ പരിഹരിച്ച് അടുത്ത പതിപ്പുകളില്‍ ഈ ഫെസ്റ്റിവല്‍ കൂടുതല്‍ വലിയ നിലവാരത്തിലേക്ക് ഉയരും എന്ന് പ്രത്യാശിക്കാം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in