മുസ്ലീം വിദ്വേഷത്തിന്റെ മണികള്‍ മുഴങ്ങുമ്പോള്‍
മുസ്ലിം വെറുപ്പിന് യാതൊരു വിധ തെളിവുകളും ആവശ്യമില്ലെന്ന് തെളിയിക്കുന്നവയാണ് ചരിത്രകാരിയായ റൊമിലാ ഥാപ്പറുടെ വാക്കുകള്‍. ഒരു മുസ്ലീം ഭരണാധികാരിയെ ചിത്രീകരിക്കേണ്ട എല്ലാ സന്ദര്‍ഭങ്ങളിലും വസ്തുതകളുടെ പിന്‍ബലമില്ലാതെ തന്നെ അവരെ ഹീനരായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചരിത്രത്തില്‍ നിരന്തരം അരങ്ങേറിയിട്ടുണ്ടെന്ന് The Past as present എന്ന ഗ്രന്ഥത്തില്‍ ഥാപ്പര്‍ എഴുതുന്നുണ്ട്.
മുസ്ലീം അപരവല്‍ക്കരണം ലക്ഷ്യമാക്കി ഹിന്ദുത്വ ശക്തികള്‍ ദേശീയതലത്തില്‍ നടത്തിവരുന്ന മാതൃകയില്‍ കേരളത്തിലും വിദ്വേഷത്തിന്റെ വിത്തുകള്‍ പാകി വിളവെടുക്കാന്‍ പരിശ്രമിക്കുകയാണ്. സാംസ്‌കാരികമായി വലിയ വേരോട്ടമുള്ള മുസ്ലീം വിദ്വേഷത്തെ എരിതീയില്‍ എണ്ണയൊഴിച്ച് വര്‍ദ്ധിപ്പിക്കാനാണ് ഹിന്ദുത്വര്‍ പരിശ്രമിക്കുന്നത്. ഹിന്ദുത്വത്തിന്റെ അതിഹീനമായ മറുവശം മുസ്ലീം അപരവല്‍ക്കരണത്തിലും വിദ്വേഷത്തിലും അടിസ്ഥാനമായുള്ളതാണ്. ശുദ്ധതയാര്‍ന്ന ഹിന്ദുസ്വത്വ കല്‍പ്പന അവതരിപ്പിച്ചു കൊണ്ട് അതിന്റെ എതിരാളിയായി ഏകാത്മകമായ മുസ്ലീം സ്വത്വത്തെ ഭാവന ചെയ്തു കൊണ്ടാണ് ഈ വിദ്വേഷം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ വികസിച്ചു വന്ന നവോത്ഥാന ആധുനികത എന്ന പ്രക്രിയയുടെ ഏറ്റവും വലിയ അമരക്കാരനായ നാരായണ ഗുരു പരമത വിദ്വേഷത്തിലധിഷ്ഠിതമായ ബ്രാഹ്മണ്യ വാദങ്ങളെ ആത്മോപദേശ ശതകത്തില്‍ തിരസ്‌കരിക്കുന്നുണ്ട്. ‘പലമത സാരവുമേകം’ എന്ന ഗുരുവിന്റെ സാരഗര്‍ഭമായ വാക്കുകള്‍ അപര ഹിംസയിലൂന്നിയ മതവിദ്വേഷ പ്രസ്താവനകളെ തന്നെയാണ് നിരസിക്കുന്നത്.
‘ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം ‘
എന്ന് ഗുരു പറയുമ്പോള്‍ ഹിംസയിലധിഷ്ഠിതമായ വിദ്വേഷവാദങ്ങളെ തന്നെയാണ് ഗുരു തടുക്കാന്‍ ശ്രമിക്കുന്നത്.
‘അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം’
എന്ന ഗുരുവിന്റെ വചനങ്ങള്‍ ആത്യന്തികമായി മത വിചാരങ്ങള്‍ അപര സുഖത്തിലധിഷ്ഠിതമായിരിക്കണം എന്ന ചിന്തയില്‍ നിലയുറപ്പിച്ചുയരുന്നവയാണ്. അപര സുഖത്തിന് വേണ്ടി യത്‌നിക്കാതെയും അപര ഹിംസക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ലക്ഷ്യമാക്കിയാണ് ഗുരു ‘കൃപണര്‍ ‘ എന്ന് വിളിച്ചത്. ക്ഷേത്രങ്ങള്‍ സ്ഥാപിച്ചതു പോലെ പള്ളികള്‍ സ്ഥാപിക്കാനും തനിക്ക് മടിയില്ലെന്ന് പ്രഖ്യാപിച്ച മഹിതമായ ഗുരു പാരമ്പര്യം നിലനില്‍ക്കുന്ന മണ്ണിലാണ് ഹിന്ദുത്വര്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍ ശ്രമിക്കുന്നത്. വ്യത്യസ്ത ജാതി വിഭാഗങ്ങളില്‍ പെട്ടവരെ തന്റെ സന്യാസ സംഘത്തിലുള്‍പ്പെടുത്തിയ വിശാല മതേതര ബോധ്യത്തിലുറച്ച ഗുരുവിന്റെ കാഴ്ചപ്പാടുകളെയാണ് ബ്രാഹ്മണ്യ വാദികള്‍ നിരാകരിക്കുന്നത്. ‘കരുണാവാന്‍ നബി മുത്തു രത്‌നമോ ‘ എന്ന് അനുകമ്പാദശകത്തില്‍ കുറിച്ച നാരായണ ഗുരു ആത്യന്തികമായി മനുഷ്യനന്മയിലധിഷ്ഠിതമായ കരുണയായി മതത്തെ ഭാവന ചെയ്തു. നബിയെ കാരുണ്യത്തിന്റെ സാരസര്‍വസ്വമായി വിവേചിച്ചറിഞ്ഞ ഗുരുവില്‍ തിളങ്ങിയ ഉന്നതമായ ഈ നീതി വാക്യങ്ങളെയാണ് ഹിന്ദുത്വര്‍ കേരള മണ്ണില്‍ നിന്നും നിഷ്‌കാസനം ചെയ്യാന്‍ ശ്രമിക്കുന്നത്. സാഹോദര്യത്തിന്റെ ആവശ്യകതയുടെ സന്ദര്‍ഭത്തിലാണ് നബിയുടെ പ്രവര്‍ത്തനങ്ങളും ഇസ്ലാമിന്റെ സാഹോദര്യ തത്വങ്ങള്‍ക്കും പ്രസക്തി ഉണ്ടായി വന്നതെന്ന ഗുരുവിന്റെ നിരീക്ഷണം മതതത്വങ്ങളുടെ കാതലായി കരുണ, നീതി, സാഹോദര്യം, സമത്വം എന്നിവയെ ദര്‍ശിക്കുന്നവയായിരുന്നു. പല കാരണങ്ങളാല്‍ ഗുരുവിന്റെ ഈ മഹത്തായ മൂല്യങ്ങളെ കൈയൊഴിയാനുള്ള ശ്രമങ്ങള്‍ സമൂഹത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തെയാവും അരിയിട്ട് വാഴിക്കുക. മുസ്ലിം വെറുപ്പില്‍ കേന്ദ്രീകരിച്ചുള്ള ഹിംസാ രാഷ്ട്രീയത്തെ ഗുരുവിനെ മുന്‍നിര്‍ത്തി തന്നെ പ്രതിരോധിക്കേണ്ട സമകാലിക രാഷ്ട്രീയ സന്ദര്‍ഭത്തെ ആഴത്തില്‍ തിരിച്ചറിയേണ്ടതുണ്ട്.
മുസ്ലിം വെറുപ്പിന് യാതൊരു വിധ തെളിവുകളും ആവശ്യമില്ലെന്ന് തെളിയിക്കുന്നവയാണ് ചരിത്രകാരിയായ റൊമിലാ ഥാപ്പറുടെ വാക്കുകള്‍. ഒരു മുസ്ലീം ഭരണാധികാരിയെ ചിത്രീകരിക്കേണ്ട എല്ലാ സന്ദര്‍ഭങ്ങളിലും വസ്തുതകളുടെ പിന്‍ബലമില്ലാതെ തന്നെ അവരെ ഹീനരായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചരിത്രത്തില്‍ നിരന്തരം അരങ്ങേറിയിട്ടുണ്ടെന്ന് The Past as present എന്ന ഗ്രന്ഥത്തില്‍ ഥാപ്പര്‍ എഴുതുന്നുണ്ട്. ഹരിദ്വാര്‍ മാതൃകയില്‍ രാജ്യം ആകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയ ഹിംസാ ക്കോയ്മകള്‍ വസ്തുതകളുടെ തെളിവു രൂപത്തെ പൂര്‍ണമായി തിരസ്‌കരിച്ചും വളച്ചൊടിച്ചും സൃഷ്ടിക്കുന്നതാണ്. സമൂഹത്തെ നെടുകെ പിളര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള ഈ മതവിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ജനാധിപത്യവാദികള്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട രാഷ്ട്രീയ സന്ദര്‍ഭം കൂടിയാണിത്. ‘സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം’ എന്ന നാരായണ ഗുരുവിന്റെ ചരിത്ര ലിഖിതം അത്രമേല്‍ ദീര്‍ഘദര്‍ശനം സംവഹിക്കുന്നവയാണ്. ഈ സാഹോദര്യ ഭാവനയാണ് ഗുരുവിനെ കൊണ്ട് ‘കരുണാവാന്‍ നബി മുത്തുരത്‌നം ‘ എന്നെഴുതാന്‍ പ്രേരിപ്പിച്ചത്. മുസ്ലിം വിദ്വേഷത്തിന്റെ ഹിംസാ ക്കോയ്മകള്‍ പ്രചരിക്കുന്ന സമകാല കേരളീയ സന്ദര്‍ഭം ഗുരുവചനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ പ്രസക്തി ചൂണ്ടി കാണിക്കുന്നുണ്ട്.
‘ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാതെ ചിന്തയും’
എന്ന ഗുരുവരുളുകള്‍ ഹിന്ദുത്വരുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ സമകാല സന്ദര്‍ഭത്തില്‍ ജാഗ്രതയാര്‍ന്ന ദിശാസൂചകമായിരിക്കട്ടെ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in