തീവ്രവാദിക്കു പര്യായം മുസ്ലിം ആകുമ്പോള്‍

നിങ്ങള്‍ ഒരേ പോലെ രണ്ടു കൂട്ടരെയും തീവ്രവാദി എന്ന് വിളിക്കുമ്പോഴും ആത്യന്തികമായി ഇവിടെ നിയമപരമായും സാമൂഹികപരമായും തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്നത് മുസ്ലിങ്ങളെ മാത്രമാണ്. കാരണം നിങ്ങള്‍ അടങ്ങുന്ന ഈ സമൂഹം നിലനില്‍ക്കുന്നത് ഹൈന്ദവ പൊതുബോധത്തിലാണ്.

”സംഘപരിവാറിനെ ഞങ്ങള്‍ ഹിന്ദു തീവ്രവാദികള്‍ എന്നു വിളിക്കാറുണ്ടല്ലോ, പക്ഷെ മുസ്ലിം തീവ്രവാദികള്‍ എന്ന് വിളിക്കുമ്പോള്‍ എന്താ എല്ലാ മുസ്ലിങ്ങളും കുരു പൊട്ടുന്നത്. അങ്ങിനെ കുരു പൊട്ടുന്നത് തലയില്‍ പൂട ഉണ്ടായത് കൊണ്ടാണ്”

ഒരു ശരാശരി ഹൈന്ദവ പ്രിവിലേജുള്ള സിപിഎമ്മുകാരന്റെ/യുക്തിവാദികളുടെ മനോഭാവമാണ് ഇത്. ഒരിക്കല്‍ പോലും തീവ്രവാദ ആരോപണങ്ങള്‍ നേരിടില്ല എന്ന് ഉറപ്പുള്ള ഹൈന്ദവ ബാഗ്രൗണ്ട് ഉള്ള ഏതൊരാള്‍ക്കും ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് ഒട്ടും പ്രിവിലെജഡ് അല്ലാത്ത, ജന്മം കൊണ്ട് തീവ്രവാദിയും, പേര് തന്നെ കുറ്റകൃത്യവുമായിട്ടുള്ള മുസ്ലിങ്ങളുടെ സ്വത്വ അനുഭവങ്ങള്‍.

നിങ്ങള്‍ ഒരേ പോലെ രണ്ടു കൂട്ടരെയും തീവ്രവാദി എന്ന് വിളിക്കുമ്പോഴും ആത്യന്തികമായി ഇവിടെ നിയമപരമായും സാമൂഹികപരമായും തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്നത് മുസ്ലിങ്ങളെ മാത്രമാണ്. കാരണം നിങ്ങള്‍ അടങ്ങുന്ന ഈ സമൂഹം നിലനില്‍ക്കുന്നത് ഹൈന്ദവ പൊതുബോധത്തിലാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമലയില്‍ നിയമനം ലഭിച്ച പതിനായിരത്തില്‍ അധികം പൊലീസുകാര്‍ ദീപം തെളിയിച്ചു ശരണം വിളിയോടെ അവരുടെ കര്‍ത്തരവ്യത്തില്‍ പ്രവേശിക്കുന്നു. എന്നാല്‍ അതേ സ്ഥാനത്ത് ഹജ്ജ് ഡ്യുട്ടിക്കായോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇസ്ലാമിക പരിപാടികള്‍ക്ക് ചുമതല എല്‍ക്കപ്പെടുന്ന പൊലീസുകാര്‍ ഫാതിഹ ഓതി ‘അല്ലാഹു അക്ബര്‍’ വിളികളോടെ ചുമതല ഏറ്റിരുന്നെങ്കില്‍ ഇവിടെ നടക്കുന്ന കോലാഹലങ്ങള്‍ എന്തൊക്കെ ആയിരിക്കും. അത്തരം പോലീസുകാര്‍ക്ക് ഔദ്യോഗിക പ്രവര്‍ത്തി സമയത്ത് മതപരമായ ചടങ്ങുകളില്‍ പങ്കെടുത്തിന്റെ പേരില്‍ വകുപ്പ് തല നടപടികള്‍ വരെ നേരിടേണ്ടി വരുമായിരുന്നു. ആ പോലീസുകാരുടെ തീവ്രവാദ ബന്ധം അന്ന്വേഷിക്കാന്‍ ഉത്തരവിറങ്ങുമായിരുന്നു. ഈ നാട് അങ്ങിനെയാണ്.

നിങ്ങള്‍ക്ക് ഫഹദ് എന്നൊരു ബാലനെ ഓര്‍മയുണ്ടോ ? ഓര്‍മയുണ്ടാവില്ല. കാരണം ജോസഫ് മാഷിന്റെ കൈവെട്ട് കേസിന്റെ അത്രയൊന്നും ചര്‍ച്ചയാവാതെപോയ കേസായിരുന്നു കാസര്‍കോട് നടന്ന ഫഹദ് വധം. സ്‌കൂളിലേക്ക് പോകുകയായിരുന്ന എന്‍ഡോസള്‍ഫാന്‍ ഇരകൂടിയായ ഫഹദിനെ ഒരു പ്രകോപനവും ഇല്ലാതെയാണ് ഒരു ആര്‍എസ്സുകാരന്‍ വാക്കത്തി കൊണ്ട് തലയില്‍ ഏഴ് വെട്ടുകള്‍ വെട്ടി കൊന്നത്. അതൊരു സാധാരണ കേസായി മാത്രമാണ് പരിണമിച്ചത്.

പിന്നീട് 2017 മാര്‍ച്ച് 20 ന് കാസര്‍കോട് തന്നെ പള്ളിയില്‍ കേറി മദ്രസാ അധ്യാപകന്‍ ആയിരുന്ന റിയാസ് മൗലവിയെ RSS-കാര്‍ കഴുത്തറുത്ത് കൊന്നപ്പോഴും അതും സാധാരണ ഒരു കൊലപാതക കേസായി ഒതുങ്ങി. നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ടെങ്കിലും പോലും അവര്‍ക്കെതിരെ ഒരു തീവ്രവാദ ചാപ്പകളും ചുമതിയിരുന്നില്ല. ആ കേസിന്റെയൊന്നും ഗൂഡാലോചനകള്‍ അന്വേഷിച്ചില്ല. പ്രതികള്‍ക്കെതിരെ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ചുമത്തണം എന്നാവശ്യപ്പെട്ട് ഫൈസല്‍ മൗലവിയുടെ ഭാര്യ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ എതിര്‍ക്കുകയാണ് ഉണ്ടായത്.

ഈ സംഘപരിവാര്‍ തീവ്രവാദികള്‍ക്ക് ഒന്നുമില്ലാത്ത തീവ്രവാദ ചാപ്പകളാണ് ഇവിടെ മുസ്ലിങ്ങള്‍ പ്രതിയാവുന്ന കേസുകളിലുള്ളത്. അല്ലെങ്കില്‍ മുസ്ലിങ്ങള്‍ പ്രതിയാക്കപ്പെടുന്ന കേസുകളിലുള്ളത്. ലോകത്ത് എവിടെയും ഒരു തീവ്രവാദ ആക്രമണം നടന്നാലും കേരളത്തിലുള്ള മുസ്ലിങ്ങള്‍ വരെ അതിനെ തള്ളി പറയേണ്ട അവസ്ഥയുണ്ട്. പക്ഷെ ഇന്ത്യയില്‍ ഒട്ടാകെ ആര്‍എസ്എസുകാര്‍ ചെയ്യുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെയുള്ള ഹൈന്ദവ സമൂഹം മറുപടി പറയാന്‍ ബാധ്യസ്ഥരല്ല.

നിയമപരമായും സാമൂഹികപരമായും സ്വത്വ അടിസ്ഥാനത്തില്‍ ഡിസ്‌ക്രിമിനേഷന്‍ നിലനില്‍ക്കുന്ന ഈ നാട്ടില്‍ നിങ്ങള്‍ കൊടുക്കുന്ന തീവ്രവാദ ചാപ്പകള്‍ മുസ്ലിങ്ങള്‍ക്ക് മാത്രം ബാധകമായ, മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണ്. സ്വാഭാവികമായും ഏകപക്ഷീയമായ അത്തരം തീവ്രവാദ മുദ്ര കുത്തപ്പെടലുകള്‍ ഓരോ ശരാശരി മുസ്ലിങ്ങളുടെ ആത്മാഭിമാനത്തെയും അത് ചോദ്യം ചെയ്യുന്നുണ്ട്.

ഇത്രയൊക്കെ പറയുമ്പോഴും ഇതൊക്കെ പ്രിവിലേജഡ് മനുഷ്യര്‍ക്ക് മനസ്സിലാവണം എന്നില്ല. അത് നിങ്ങളുടെ തെറ്റായും വ്യാഖ്യാനിക്കുന്നില്ല. കാരണം സ്വത്വം എന്നത് ഒരു മനുഷ്യന്റെ തിരഞ്ഞെടുപ്പല്ല. പക്ഷെ കുറഞ്ഞ പക്ഷം നിങ്ങള്‍ അനുഭവിക്കുന്ന പ്രിവിലെജുകളെ എങ്കിലും നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. പ്രിവിലെജഡ് അല്ലാത്ത ന്യൂനപക്ഷങ്ങളും ദളിതരും അനുഭവിക്കുന്ന സ്വത്വ പ്രശങ്ങളെ നിങ്ങളുടെ അനുഭവങ്ങള്‍ വെച്ച് വ്യാഖ്യാനിക്കുകയുമരുത് !

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply