മണിപ്പൂര്‍ കത്തുമ്പോള്‍

മെയ്‌തേയികള്‍ എപ്പോഴും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയില്‍ കൂറു പുലര്‍ത്തുന്നവരാണ്. ഭരണത്തില്‍ വ്യക്തമായ ആധിപത്യം എന്നും ഇവര്‍ക്ക് ഉണ്ടായിരുന്നു. .കോണ്‍ഗ്രസിനെ തകര്‍ത്ത് മണിപ്പൂരില്‍ ബിജെപി അധികാരത്തില്‍ കയറിയതും മെയ്‌തേയികളുടെ വോട്ടുകള്‍ നേടികൊണ്ടാണ് . എന്നാല്‍ ബിജെപി അധികാരത്തില്‍ കയറിയതോടുകൂടി ഹിന്ദുത്വ സംഘടനകളിലെ വലിയ ഒരു വിഭാഗം മെയ്‌തേയി വിഭാഗങ്ങളിലേയ്ക്ക് നുഴഞ്ഞുകയറാനാരംഭിച്ചു.

ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ മണിപ്പൂര്‍ സംസ്ഥാനത്തെ രണ്ടായി തിരിക്കാം. മലമടക്കുകളും (പര്‍വതനിരകള്‍), സമതലങ്ങളും. മൊത്തം ഭൂവിസ്തൃതിയില്‍ 90% വരുന്ന പ്രദേശം പര്‍വതനിരകളും 10% പ്രദേശം സമതലവുമാണ്. ജനസംഖ്യയുടെ 60% ജനങ്ങളും ജീവിക്കുന്നത് ഭൂവിസ്തൃതിയില്‍ 10% മാത്രം വരുന്ന സമതല പ്രദേശങ്ങളില്‍ . മൊത്തം ഭൂവിസ്തൃതിയില്‍ 90% വരുന്ന മലമടക്ക് പ്രദേശങ്ങളില്‍ 40% ജനങ്ങളും ജീവിക്കുന്നു. ഇതില്‍ തന്നെ മണിപ്പുരി ഭാഷ സംസാരിക്കുന്ന മെയ്‌തേയി പിന്നോക്ക വിഭാഗം ജീവിക്കുന്നത് സമതല പ്രദേശങ്ങളിലാണ്. മലമടുക്കുകളില്‍ ജീവിക്കുന്ന പ്രധാനപ്പെട്ട പട്ടികവര്‍ഗ വിഭാഗമാണ് നാഗന്‍മ്മാരും, കുക്കികളും. സമതലങ്ങളില്‍ ജീവിക്കുന്ന പ്രധാന വിഭാഗമാണ് മെയ്‌തേയികള്‍ , മെയ്റ്റി പംഗലുകള്‍ (മൊത്തം അവിടെ ജീവിക്കുന്ന ജനങ്ങളെ വിളിക്കുക മെയ്റ്റീസ് ). സംസ്ഥാനത്തിന്റെ തലസഥാനം ഇംഫാല്‍ ആണ്. മൊത്തം 16 ജില്ലകളാണുള്ളത്. നിയമസഭ മണ്ഡലങ്ങള്‍ 66 എണ്ണം .സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തികമായി മുന്നോട്ട് നില്‍ക്കുന്ന ജനവിഭാവങ്ങള്‍ ജീവിക്കുന്നത് തലസ്ഥാനമായ ഇംഫാലില്‍ . അതിന് പ്രധാന കാരണം ഇംഫാല്‍ ഒരു സമതല പ്രദേശമാണ്. ആയതു കൊണ്ടുതന്നെ അടിസ്ഥാനസൗകര്യങ്ങള്‍ വളരെ മികച്ചതാണ്. അതിനാല്‍ വിദ്യാഭ്യാസത്തിലും പൊതുമേഖല സ്ഥാപനങ്ങളിലുള്ള ജോലിയിലും ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് ഈ പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന മെയ്റ്റീസ് വിഭാഗങ്ങള്‍ക്കാണ്. എന്നാല്‍ മലമടക്ക് പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ഇതെല്ലാം ഏറെകുറെ അപ്രാപ്യവുമാണ്. മലമടക്കുകളില്‍ ജീവിക്കുന്ന പട്ടികവര്‍ഗം ജനസംഖ്യയുടെ 43% വരുന്നു. പക്ഷേ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ 35% മാത്രം. ബാക്കിയുള്ള 65% വും ജനസംഖ്യയുടെ 55% വരുന്ന സമതല പ്രദേശങ്ങളില്‍ കൂടുതലായി ജീവിക്കുന്ന മെയ്റ്റീസുകളാണ്.പര്‍വത പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഗോത്രവര്‍ഗ്ഗങ്ങളില്‍ 90% വും ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരാണ്. അവരെല്ലാം ക്രിസ്ത്യന്‍ മതത്തിലേക്ക് പോയത് ബ്രിട്ടീഷ് ഭരണകാലത്താ യിരുന്നു. ഈ മതപരിവര്‍ത്തനം അവിടുത്തെ പല പ്രദേശങ്ങളില്‍, ഭാഷകളില്‍, സംസ്‌കാരങ്ങളില്‍ ജീവിച്ചിരുന്ന ഗോത്രങ്ങളെ അതോടുകുടി ഒന്നാക്കി. എന്നാല്‍ സമതലങ്ങളില്‍ ജീവിച്ചിരുന്ന മെയിതേയികളില്‍ 90% വും ഹിന്ദുമതത്തില്‍ വിശ്വസിച്ചിരുന്നവരും 10%ല്‍ താഴെ മാത്രം വരുന്ന മെയ്റ്റി പംഗലുകള്‍ മുസ്ലീങ്ങളുമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോത്രവര്‍ഗക്കാരുടെ സംരക്ഷണത്തിന് ചില സവിശേഷ നിയമങ്ങളുണ്ട്. ആസ്സാം, മിസോറം പോലുള്ള സംസ്ഥാനങ്ങളില്‍ ഗോത്ര സംരക്ഷണത്തിന്റെ ഭാഗമായി ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി നിയമ നിര്‍മാണം, നീതി നിര്‍വഹണ അധികാരങ്ങളുള്ള സ്വയം ഭരണ പ്രദേശങ്ങളായാണ് നിലനില്‍ക്കുന്നത്. എന്നാല്‍ മണിപ്പൂര്‍ ഗോത്രങ്ങളെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുക്കികളും നാഗ ഗോത്രങ്ങളും 1978 മുതല്‍ ആവിശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ് അവരുടെ പ്രദേശം ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി സ്വയം ഭരണ അവകാശം നല്‍കണം എന്നുള്ളത്. എന്നാല്‍ അതു നിഷേധിക്കപ്പെട്ടു. ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്ന നിയമം 1971 ല്‍ സംസ്ഥാന നിയമ നിര്‍മാണ സഭ പാസാക്കിയ മണിപ്പൂര്‍ ഹില്‍ ഏരിയ ഡിസ്ട്രിക്ട് കൗണ്‍സില്‍ ആക്ട് ആണ്.ഈ നിയമം അനുസരിച്ച് ഗോത്രങ്ങള്‍ക്ക് സ്വയം ഭരണ അവകാശമില്ല.എന്നാല്‍ ഈ ആക്ടില്‍ പ്രധാനപ്പെട്ട ഒന്നാണ് പുറത്തുനിന്നുള്ള മറ്റു ജനങ്ങള്‍ക്ക് ഗോത്രമേഖലയില്‍ ഭൂമി വാങ്ങിക്കാനും താമസിക്കാനും പറ്റില്ല എന്ന നിയമം. മലമടക്കുകളില്‍ കഴിയുന്ന നാഗന്‍മാരും കുക്കികളുമടങ്ങുന്ന ഗോത്രവിഭാഗങ്ങളെ പട്ടികവര്‍ഗത്തിലാണ് ഉള്‍പെടുത്തിയിരി ക്കുന്നത്. എന്നാല്‍ സമതലത്തില്‍ ജീവിക്കുന്ന മെയ്‌തേയികള്‍ പിന്നോക്ക വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിരിക്കുന്നത്.അതുകൊണ്ട് തന്നെ മെയ്‌തേയികള്‍ക്ക് മലയോരങ്ങളില്‍ ഭൂമിവാങ്ങിക്കാന്‍ സാധിക്കില്ല. എന്നാല്‍ സമതലങ്ങളില്‍ താമസിക്കുന്ന മെയ്‌തേയികളുടെ ഭൂമി ഇന്ത്യയില്‍ ആര്‍ക്കു വേണമെങ്കിലും വാങ്ങിക്കുകയും അവിടെ താമസിക്കുകയും ചെയ്യാം. അതിനാ മലയോരങ്ങളില്‍ താമസിക്കുന്ന കുക്കി ഗോത്രങ്ങള്‍ സമതലപ്രദേശങ്ങളിലേക്ക് ധാരാളമായി ഭൂമി വാങ്ങിച്ച് കൂടിയേറുന്നുടെന്നും. കാലക്രമേണ മെയ്‌തേയികളുടെ ഭൂപ്രദേശം മറ്റുള്ളവര്‍ കൈയിലാക്കുമെന്നും അതുകൊണ്ട് തന്നെ മെയ്‌തേയികളെ സംരക്ഷിക്കുന്നതിനുവേണ്ടി പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തണം എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ട് മെയ്‌തേയികള്‍ സമരം ആരംഭിക്കുന്നു.ഇതിന്റെ ഭാഗമായി മെയ്റ്റിസ് വംശജര്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കാന്‍ ഹൈകോടതി. സര്‍ക്കാരിനോട് കഴിഞ്ഞ മെയ് 27ന് ആവശ്യപ്പെടുന്നു.എന്നാല്‍ മലയോര ഗോത്രങ്ങള്‍ ഈ ഉത്തരവിനെ എതിര്‍ത്തതോടുകൂടിയാണ് ഇപ്പോള്‍ നടക്കുന്ന കലാപത്തിന്റെ തുടക്കം.

മെയ്‌തേയികള്‍ എപ്പോളും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയില്‍ കൂറു പുലര്‍ത്തുന്നവരാണ്. ഭരണത്തില്‍ വ്യക്തമായ ആധിപത്യം ഇവര്‍ക്ക് ഉണ്ടായിരുന്നു . അതിനു കാരണം 66 നിയമസഭാ സീറ്റില്‍ 40 സീറ്റിലും മെയ്‌തേയികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷ പ്രതിനിധ്യമുണ്ട് .കോണ്‍ഗ്രസിനെ തകര്‍ത്ത് മണിപ്പൂരില്‍ ബിജെപി അധികാരത്തില്‍ കയറിയതും മെയ്‌തേയികളുടെ വോട്ടുകള്‍ നേടികൊണ്ടാണ് . എന്നാല്‍ ബിജെപി അധികാരത്തില്‍ കയറിയതോടുകൂടി ഹിന്ദുത്വ സംഘടനകളിലെ വലിയ ഒരു വിഭാഗം മെയ്‌തേയി വിഭാഗങ്ങളിലേയ്ക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഈ നുഴഞ്ഞു കയറ്റത്തിന്റെ പ്രധാനപെട്ട കാരണം അവര്‍ പറയുന്നത് പരമ്പരാഗത ആചാരനുഷ്ഠാനങ്ങള്‍ കൈവിടാത്ത മെയ്‌തേയികള്‍ ഇപ്പോളും മണിപ്പൂരിലുണ്ട്.അവരെ കൂടി ഹിന്ദുമതത്തില്‍ ലയിപ്പിക്കുക എന്ന ഉദ്ദേശമാണ് ഹിന്ദു സംഘടനകള്‍ക്ക്. അധികാരം കിട്ടിയ ബിജെപി ഗവണ്‍മെന്റിന്റെ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംങ് മെയ്‌തേയി വിഭാഗക്കാരനാണ്. മണിപ്പൂരി ജനതയെ ഭിന്നിപ്പിക്കുന്ന ഭരണതിനാണ് അദ്ദേഹം നേതൃത്വം കൊടുത്തത് എന്നതാണ് ഇതുവരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ എടുത്തു നോക്കിയാല്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുഖ്യമന്ത്രിയും ബിജെപി നേതാക്കളും കുക്കി പട്ടിക വര്‍ഗക്കാര്‍ കൂടിയേറ്റക്കാരാണ്, വിദേശികളാണ് എന്ന പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടതും. അതിനുപുറമേ സംസ്ഥാനത്തെ ദുര്‍ഗ വനമേഖലകളില്‍ ചില ഇടങ്ങളില്‍ ഗോത്രവര്‍ഗക്കാര്‍ കറുപ്പ്കൃഷി നടത്തുന്നതായും അതിനുള്ള സഹായങ്ങള്‍ നല്ലകുന്നത് പഴയ കുക്കി തീവ്രവാദ സംഘടനകളാണെന്നും ആരോപിച്ചു കൊണ്ട് കറുപ്പ്കൃഷി അവസാനിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി പല മലയോര പ്രദേശങ്ങളില്‍ നിന്നും കുക്കികളെ കുടിയൊഴിപ്പിച്ചത്. എന്തിന് ഏറെ പറയുന്നു പര്‍വത ജില്ലകളിലെ ജനവാസമേഖലകള്‍ പോലും വനം, വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ഗവണ്‍മെന്റ്.ഈ പ്രവര്‍ത്തനങ്ങളെല്ലാം മലയോര ഗോത്ര വിഭാഗങ്ങള്‍ക്ക് അസ്വസ്ഥതവിതച്ചു. അതു കൊണ്ടു തന്നെ മെയ്‌തേയികള്‍ക്ക് പട്ടികവര്‍ഗ പദവി കിട്ടിയാല്‍ പര്‍വതനിരകളില്‍ നിന്നുപോലും തങ്ങള്‍ കൂടിയിറക്കപ്പെടുമെന്ന നാഗന്‍മാരുടെയും കുക്കികളുടെയും ആശങ്കയും . ഇതോടെ അവരുടെ പരമ്പരഗത അവകാശങ്ങള്‍ ഇല്ലാതാക്കുമെന്ന ഭയവുമാണ് അവരെ പ്രക്ഷോഭങ്ങളിലേയ്ക്ക് നയിച്ചത്. അതിന് ആദ്യമായി തുടക്കമിടുന്നത് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റസ് യൂണിയന്റെ നേതൃതത്തില്‍ ഗോത്ര ഐക്യറാലി സംഘടിപ്പിച്ചു കൊണ്ടാണ്.ഈ റാലിയ്ക്കിടെ നാഗന്‍ന്മാരും കുക്കികളും തങ്ങളെ ആക്രമിച്ചു എന്നു പറഞ്ഞു കൊണ്ടാണ്. മെയ്‌തേയികള്‍ കലാപം തുടങ്ങിയത്. നാഗന്മാര്‍ കൂടുതലും മലയോരവാസികളാണ്. എന്നാല്‍ കുക്കികളുടെ ഒരു ചെറിയ ഒരു വിഭാഗം മെയ്‌തേയികള്‍ താമസിക്കുന്ന സമതലങ്ങളില്‍ ഇടകലര്‍ന്ന് താമസിക്കുന്നുണ്ട്. അവരാണ് മെയ്‌തേയികളുടെ പ്രകോപനത്തിന് ആദ്യം ഇരയായത്. പിന്നീട് രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മാറി, രണ്ടു മതങ്ങള്‍ തമ്മിലുള്ളതായി വര്‍ഗിയ കലാപമായി മാറിയത് പെട്ടന്നാണ് മെയ്‌തേയി ഗോത്രങ്ങളിലെ ക്രിസ്ത്യന്‍ വിശ്വാസികളെയും ആക്രമണത്തിന് ഇരയായി. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. മണിപ്പൂരിന്റെ മണ്ണില്‍ ഇപ്പോളും വര്‍ഗീയ കലാപം ആളി കത്തുകയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ കലാപം നിര്‍ത്തലാക്കാനും സമാധാന അന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുകേണ്ട കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ നേതാവ് നമ്മുടെ പ്രധാനമന്ത്രി മൗനത്തിലാണ്. ക്രമ സമാധാന പലനത്തിന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ചതും. ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറുന്നത്തിന്റെ കാരണമെന്താണ്. 100 ലധികം ആളുടെ ജീവന്‍ നഷ്ടപ്പെടു, 300 ലധികം ആരാധനലയങ്ങളും 200 ലധികം ഗ്രാമങ്ങളും കത്തി നശിച്ചു,40000 ത്തോളം ആളുകള്‍ കലാപത്തിന്റെ ഫലമായി പാലയനം ചെയ്യപ്പെട്ടു, സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നു.

ഈ മൗനത്തിന്റെ കാരണം മുന്‍പ് സൂചിപ്പിച്ച മെയ്‌തേയികള്‍ക്കുള്ളിലേയ്ക്ക് കടന്നു കയറാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ സംഘടനകള്‍ക്ക് ഈ കലാപം വലിയ ഒരു രക്ത ചൊരിച്ചിലാക്കി തീര്‍ക്കണം. അതിലുടെ വീണ്ടും ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്ക് അടുത്ത മണിപ്പൂര്‍ ഇലക്ഷനില്‍ അധികാരം ഉറപ്പിക്കണം. In Manipur, the Hindutva organizations trying to penetrate into the Meitheis want to end this riot in a big bloodshed. Their aim is nothing but to secure power in the next election.

(Sreenij K S is a Field Investigator in an ICSSR Project at the Institute of Advanced Studies in Education College at Thrissur,)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply