സിപിഎം സ്ത്രീപക്ഷകേരളത്തിനായി പ്രചാരണം നടത്തുമ്പോള്‍

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതുമാത്രമല്ല കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകം. പലപ്പോഴും കുറ്റവാളികള രക്ഷിക്കാന്‍ ഭരണാധികാരികളുടേയും രാഷ്ട്രീയനേതൃത്വങ്ങളുടേയും പോലീസിന്റേയും മറ്റും ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാകുന്നു എന്നതാണ്. സൂര്യനെല്ലിയിലും വിതുരയിലും കിളിരൂരിലും മറ്റും അതേറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. എന്നാല്‍ ഇപ്പോഴും അതാവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. വാളയാറിലും പാലത്തായിയിലുമെല്ലാം നാമത് കണ്ടു…

കേരളസമൂഹത്തില്‍ വളര്‍ന്നു വരുന്ന സ്ത്രീപക്ഷവിരുദ്ധതക്കെതിരെ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാടാകെ ഒരാഴ്ച നീണ്ടുനിന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നല്ലോ. സ്ത്രീധനകൊലപാതകങ്ങളുടെ വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു കാമ്പയിന്‍ ആരംഭിച്ചതെങ്കിലും അതിനിടയില്‍ തന്നെ സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും പെണ്‍കുട്ടികള്‍ക്കെതിരായ പല പീഡനസംഭവങ്ങളും പുറത്തുവന്നത് ഇത്തരമൊരു പരിപാടിയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയപ്രസ്ഥാനം ചെയ്യേണ്ടതുതന്നെയാണ് സിപിഎഎം ചെയ്തത്. എന്നാല്‍ പ്രചാരണത്തിലുപരിയായി സിപിഎം പോലുള്ള ഒരുപാര്‍ട്ടിക്ക് നേരിട്ടു ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. സിപിഎമ്മിനു മാത്രമല്ല, പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിനും. എന്നാല്‍ അക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാതെയാണ് ഉപരിതലത്തിലുള്ള ഈ പ്രചാരണ പരിപാടികള്‍ എന്നു പറയാതെ വയ്യ.

കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍, പ്രത്യേകിച്ച് കുട്ടികള്‍ക്കെതിരായ അതിക്രൂരമായ പീഡനങ്ങള്‍ ഭീമമായി വര്‍ദ്ധിക്കുകയാണ്. അത്തരം പീഡനങ്ങള്‍ മുമ്പും ഉണ്ടായിരുന്നു എങ്കിലും സൂര്യനെല്ലി സംഭവം മുതലാണ് അവ സമൂഹത്തില്‍ സജീവവിഷയമാകുന്നതും പീഡിപ്പിക്കപ്പെട്ടവരും കുടുംബങ്ങളും പരസ്യമായി രംഗത്തുവരാനും നിയമനടപടികള്‍ സ്വീകരിക്കാനും ആരംഭിച്ചത്. സൂര്യനെല്ലി, വിതുര, കിളിരൂര്‍, കതിരൂര്‍ എന്നിങ്ങനെ സ്ഥലങ്ങളുടെ പേരിലറിയപ്പെട്ടിരുന്ന ആ പരമ്പരയിതാ ഇപ്പോള്‍ വാളയാര്‍, പാലത്തായി, ചേവായൂര്‍, വണ്ടിപെരിയാര്‍, ചാലിശ്ശേരി, പോത്താനിക്കോട് എന്നിങ്ങനെ നീളുകയാണ്. ഇടക്കാലത്ത് സൗമ്യ, ജിഷ പോലുള്ളവരുടെ കൊലപാതകങ്ങള്‍ വേറെ. പോക്‌സോ കേസുകളാകട്ടെ അനുദിനം വര്‍ദ്ധിക്കുന്നു. പലതും സംഭവിക്കുന്നത് വീടുകള്‍ക്കകത്തും വിദ്യാലയങ്ങളിലും. പ്രതികള്‍ പിതാവു മുതല്‍ അധ്യാപകര്‍ വരെ ആരും. പുറത്തുവരുന്നതിലും എത്രയോ കൂടുതലാണ് പുറത്തുവരാത്ത സംഭവങ്ങള്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതുമാത്രമല്ല കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകം. പലപ്പോഴും കുറ്റവാളികള രക്ഷിക്കാന്‍ ഭരണാധികാരികളുടേയും രാഷ്ട്രീയനേതൃത്വങ്ങളുടേയും പോലീസിന്റേയും മറ്റും ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാകുന്നു എന്നതാണ്. സൂര്യനെല്ലിയിലും വിതുരയിലും കിളിരൂരിലും മറ്റും അതേറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. എന്നാല്‍ ഇപ്പോഴും അതാവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. അക്കാര്യത്തില്‍ ഇടപെട്ട് അവസാനമുണ്ടാക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കേണ്ടത്. എന്നാല്‍ അതുവേണ്ടത്ര സംഭവിക്കുന്നില്ല എന്നു പറയാതിരിക്കാനാവില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാലത് ഇപ്പോഴത്തെ തെറ്റുകള്‍ക്ക് ന്യായീകാരണമല്ലല്ലോ.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പോത്താനിക്കോട്, വണ്ടിപ്പെരിയാര്‍ സംഭവങ്ങള്‍ മാത്രം നോക്കുക. പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയാണെന്നാണ് വാര്‍ത്ത. അയാളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത് മുവാറ്റുപുഴ എം എല്‍ എ അഡ്വ. മാത്യു കുഴല്‍നാടനാണെന്നും വാര്‍ത്തയുണ്ട്. അതൊരു വക്കീലിന്റെ . തൊഴിലായിരിക്കാം. എന്നാല്‍ ജനപ്രതിനിധിയായിരിക്കുന്ന കാലത്തെങ്കിലും അതൊഴിവാക്കുകയാണ് ഉത്തരവാദപ്പെട്ട രാഷ്ട്രീയനേതാക്കള്‍ തയ്യാറാകേണ്ടത്. സ്വാഭാവികമായും ഡിവൈഎഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്. ഇരയ്ക്ക് ഒപ്പം നില്‍ക്കാതെ വേട്ടക്കാരന്റെ ഗോഡ്ഫാദര്‍ ആയി മാത്യു കുഴല്‍ നാടന്‍ മാറിയെന്നാണ് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറയുന്നത്. പ്രതികള രക്ഷിക്കാനായി യൂത്ത് കോണ്‍ഗ്രസ്സ് രംഗത്തിറങ്ങിയിട്ടുണ്ടെന്നും ഡി വൈ എഫ് ഐ ആരോപിക്കുന്നു. ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷനും പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു.

ഇതിനു നേരെവിപരീതമാണ് വണ്ടിപെരിയാറില്‍ നടന്നത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണത്. മൂന്നു വയസ്സുമുതല്‍ മൂന്നുവര്‍ഷമായി ആ കുഞ്ഞിനെ പീഡിപ്പിക്കുകയായിരുന്നു പ്രതിയായ അര്‍ജുന്‍ എന്നാണ് വാര്‍ത്ത. സംഭവദിവസം പീഡനത്തെ തുടര്‍ന്ന് കുട്ടിക്ക് ബോധക്ഷയമുണ്ടായപ്പോള്‍ മരിച്ചെന്നു കരുതി കെട്ടിത്തൂക്കുകയായിരുന്നു. ഇടക്ക് കുട്ടി കണ്ണുതുറന്നതായി പ്രതിതന്നെ സമ്മതിച്ചു. എന്നിട്ടും ആ ജീവന്‍ നിലനിര്‍ത്താന്‍ തോന്നാത്തവിധം ക്രൂരനായ അയാള്‍ക്ക് 22 വയസ്സേ ആയിട്ടുള്ളു. കുട്ടിയുടെ ശവശരീരം കണ്ട് അയാള്‍ പൊട്ടിക്കരയുകയും ചെയ്തത്രെ. അര്‍ജുന്‍ ഡി വൈ എഫ് ഐക്കാരനാണെന്നും അയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് മഹിളാകോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സുമൊക്കെ രംഗത്തുണ്ട്. പതിവുപോലെ അര്‍ജുനനെ സംഘടനയില്‍ പുറത്താക്കിയെന്നാണ് ഡിവൈഎഫ്‌ഐ നിലപാട്.

സംസ്ഥാനത്തെ ഇരുപക്ഷത്തുനില്‍ക്കുന്ന രണ്ടു യുവജനസംഘടനകളുടേയും രണ്ടു വനിതാസംഘടനകളുടേയും നിലപാടുകള്‍ സൂചിപ്പിക്കുന്നത് കേരളം ഒട്ടും തന്നെ സ്ത്രീപക്ഷമല്ല എന്നു തന്നെയാണ്. സ്ത്രീപക്ഷത്തേക്കാള്‍ നമ്മളിപ്പോഴും പ്രാധാന്യം കൊടുക്കുന്നത് കക്ഷിരാഷ്ട്രീയ പക്ഷത്തിനും മറ്റു പലതിനുമാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ വാളയാറില്‍ രണ്ടു പെണ്‍കുട്ടികളെ അതിനിഷ്ഠൂരമായി പീഡിപ്പിക്കുകയും കൊല ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍. കേസ് ഒതുക്കി തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ ഇപ്പോള്‍ അങ്ങാടിപാട്ടാണല്ലോ. രാഷ്ട്രീയനേതാക്കളും പോലീസും ശിശുക്ഷേമസമിതി ചെയര്‍മാന്‍ പോലും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വഴങ്ങിയതെന്നു പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന് സര്‍ക്കാര്‍ സമ്മാനിച്ചത് പ്രമോഷനായിരുന്നല്ലോ. കുട്ടികളുടെ മാതാവിന്റേയും ഏതാനും സാമൂഹ്യപ്രവര്‍ത്തകരടേയും വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകളും പ്രക്ഷോഭങ്ങളുമാണ് കാര്യങ്ങളെ ഇത്രയെങ്കിലും എത്തിച്ചത്. സ്വന്തം മക്കളെ പീഡിപ്പിച്ചുകൊന്നവരെയും കൊലയാളികളെ സഹായിച്ചവരേയും നിയമത്തിനു മുന്നിലെത്തിക്കുമെന്ന് ദൃഢപ്രതിജ്ഞചെയത് പോരാടിയ ആ മാതാവിനെ എങ്ങനെയെല്ലാമായിരുന്നു ‘പ്രബുദ്ധകേരളം’ അപമാനിച്ചത്. വിഷയം ശക്തമായി സമൂഹത്തിലുന്നയിക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ അവര്‍ നേരിട്ട അപമാനങ്ങളും പീഡനങ്ങളും സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നതല്ലല്ലോ. എന്നാല്‍ ഇപ്പോഴുമവര്‍ പോരാട്ടം തുടരുകയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാലത്തായിയിലേക്കുവന്നാല്‍ ബാലികാ പീഡനക്കേസിലെ പ്രതി ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്ാണ്. മാത്രമല്ല പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ അധ്യാപകന്‍ കൂടിയാണയാള്‍. ബിജെപിക്കാരാനായിട്ടും പ്രതിയെ രക്ഷിക്കാനുള്ള നീക്കം സംഘടിതമായി നടന്നു. അവിടേയും ഒരു കൂട്ടം മനുഷ്യാവകാശപ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടങ്ങളുടേയും നിയമയുദ്ധങ്ങളുടേയും ഫലമായാണ് വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതര പോക്സോ വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ ദിവസം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. മുമ്പ് ക്രൈംബ്രാഞ്ച് നടത്തിയ കണ്ടെത്തലുകളെ പൂര്‍ണമായി തള്ളിക്കളയുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രം. നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചെന്നാണ് കേസ്. 2020 മാര്‍ച്ചിലാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ മുമ്പാകെ മൊഴി നല്‍കിയത്. തുടക്കം മുതല്‍ നിസ്സംഗത പാലിച്ച പാനൂര്‍ പോലിസ് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പോക്സോ പ്രകാരം കേസെടുക്കാന്‍ തയ്യാറായത്. നാട്ടിലാകെ വിലസി നടന്ന പ്രതിയെ അറസ്റ്റുചെയ്യാതെ പോലിസ് ഒളിച്ചുകളി തുടര്‍ന്നു. വീണ്ടും ജനകീയപ്രതിഷേധമുയര്‍ന്നതോടെ പ്രതിയെ അറസ്റ്റുചെയ്യാന്‍ പോലിസ് നിര്‍ബന്ധിതരാകുകയായിരുന്നു. കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ക്രൈംബ്രാഞ്ച് മേധാവി ഐജി എസ് ശ്രീജിത്ത് പത്മരാജനെതിരേ തെളിവില്ലെന്നും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിക്ക് വിശ്വാസ്യതയില്ലെന്നും പറഞ്ഞത് ഏറെ വിവാദമായിരുന്നു. പ്രതിക്കെതിരേ പോക്സോ ചുമത്താനാവില്ലെന്ന റിപോര്‍ട്ടാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവും ആക്ഷന്‍ കമ്മിറ്റിയും ഹൈക്കോടതിയെ സമീപിച്ചു. ഐജി ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍നിന്ന് കോടതി നീക്കുകയും ഡിവൈഎസ്പി രത്നകുമാറിന്റെ നേതൃത്വത്തില്‍ എഡിജിപി ഇ ജെ ജയരാജന്റെ മേല്‍നോട്ടത്തിലുള്ള പുതിയ അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളിലെ ശുചിമുറിയിലെ ടൈല്‍സില്‍ രക്തക്കറ കണ്ടെത്തുകയും പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.

ഇത്തരമൊരു സാഹചര്യത്തിലാണ് സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ സ്ത്രീപക്ഷ കേരളം എന്ന പ്രചാരണ പരിപാടി സിപിഎം സംഘടിപ്പിച്ചത്. എന്നാല്‍ ഇതേസമയത്ത് പാര്‍ട്ടി അടിയന്തിരമായി ചെയ്യേണ്ട ഒന്നുണ്ട്. സംസ്ഥാനത്തുനടക്കുന്ന സ്ത്രീപീഡനകേസുകളിലെ അനധികൃതമായ ഇടപെടലുകള്‍ അവസാനിപ്പിക്കാനും കുറ്റവാളികളും അവരെ സംരക്ഷിക്കുന്നവരുമായ അധികാരികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുക എന്നതാണ് അതിലൊന്ന്. ഒപ്പം പാര്‍ട്ടിയോ പോഷകസംഘടനകളോ ഒരിക്കലും ഇത്തരം സംഭവങ്ങളില്‍ ഇടപെടില്ല എന്നു പ്രഖ്യാപിക്കുക. അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊന്നു കൂടി ചെയ്യേണ്ട സമയമാണിത്. അതു മറ്റൊന്നുമല്ല, പാര്‍ട്ടിയുടെ മുദ്രാവാക്യത്തില്‍ പറയുന്ന പോലെ സ്ത്രീപക്ഷത്തുനില്‍ക്കുന്ന ഒരാളെ വനിതാ കമ്മീഷന്‍ അധ്യക്ഷയായി കണ്ടെത്തുക എന്നതാണത്. നിര്‍ബന്ധമായും കക്ഷിരാഷ്ട്രീയത്തേക്കാള്‍ സ്ത്രീപക്ഷരാഷ്ട്രീയത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരാള്‍. പാര്‍ട്ടി കോടതിയല്ല, നിലവിലെ നീതിന്യായ സംവിധാനമാണ് പ്രധാനം എന്നു വിശ്വസിക്കുന്ന ഒരാള്‍. അത്തരമൊരു തീരുമാനമാണ് സ്ത്രീപക്ഷകേരളത്തിനായുള്ള ഈ പ്രചാരണവേളയില്‍ പാര്‍ട്ടിയും സര്‍ക്കാരും തയ്യാറാകേണ്ടത്. എങ്കിലത് മറ്റു പ്രസ്ഥാനങ്ങള്‍ക്കും മുഴുവന്‍ കേരളത്തിനും നല്‍കുന്ന മികച്ച സന്ദേശമായിരിക്കും. ഒപ്പം പാര്‍ട്ടിയുമായോ വര്‍ഗ്ഗ ബഹുജനസംഘടനകളുമായോ ബന്ധപ്പെട്ട ഒരാളും പ്രത്യയക്ഷമായോ പരോക്ഷമായോ ഒരു തരത്തിലുമുള്ള സ്ത്രീധനം വാങ്ങുകയില്ല എന്നും പ്രഖ്യാപിക്കണം. അല്ലാത്തപക്ഷം ഇതെല്ലാം കേവലം പ്രചാരണകോലാഹലങ്ങളിലൊതുങ്ങും. കേരളം സ്ത്രീവിരുദ്ധമായി തന്നെ തുടരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply