ജാതിയുണ്ടാക്കിയവര്‍ തന്നെ സംവരണത്തെ ചോദ്യം ചെയ്യുമ്പോള്‍
സംവരണത്തെ പ്രമേയമാക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ – വിവര്‍ത്തനം : റമീസുദ്ധീന്‍ വി.എം. കടപ്പാട് : റൗണ്ട് ടേബിള്‍ ഇന്ത്യ
‘ഇനിയും എത്ര കൊല്ലം സംവരണം ഏര്‍പ്പെടുത്തണം’ എന്നാണ് അവര്‍ ചോദിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 72 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നമ്മുടെ ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം നമുക്ക് ലഭിച്ചിട്ടില്ല. കര്‍ണാടകയില്‍ പട്ടികജാതിക്കാര്‍ 17.15 ശതമാനവും പട്ടികവര്‍ഗക്കാര്‍ 7 ശതമാനവും വരും. അതായത് 24.15 ശതമാനം സംവരണം ലഭ്യമാകണം. ലഭിച്ചിട്ടുണ്ടോ അത്? ഐഎഎസിലും ഐപിഎസിലും ഐആര്‍എസിലും ഐഎഫ്എസിലും അത് ലഭിച്ചിട്ടുണ്ടോ? when caste makers themselves question reservation – speech by karnataka chief minister Siddaramaiah
അവരാണ് ജാതിവ്യവസ്ഥയുണ്ടാക്കി നമ്മെ ബന്ധനത്തിലാക്കിയത്; എന്നിട്ടവര്‍ തന്നെ ചോദിക്കുകയാണ് എന്തിനാണ് സംവരണമെന്നും എത്ര കാലം അത് തുടരുമെന്നും. അവര്‍ ഇത്തരം ചോദ്യങ്ങള്‍ നമ്മോട് ചോദിക്കുന്നത് നീതിയാണോ? ഞാനതിനെതിരെ ശബ്ദിച്ചാലോ, സിദ്ധരാമയ്യ പറഞ്ഞതിനോടായിരിക്കും രോഷം. ഞാനൊറ്റപ്പെടും. അവരാകട്ടെ പത്തിരുപത് പേരുകാണും. എന്നാല്‍ നമ്മുടെ ആളുകളാകട്ടെ മിണ്ടാതെ പതുങ്ങിയിരിക്കും. എന്തൊരു അവസ്ഥയാണെന്നു നോക്കൂ. ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുന്നവരും അതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരുന്നവരും എപ്പോഴും ഒരു ന്യൂനപക്ഷമായിരിക്കും. ഇപ്പോഴും നമ്മുടെ അടിമത്ത മനോഭാവത്തിന് ഒരു മാറ്റവുമില്ല. ഒരു ബ്രാഹ്മണ ഭണ്ഡാരി ഇതിലൂടെ കടന്നുപോയാല്‍ കുനിഞ്ഞ് നിന്ന് കൈ കൂപ്പിക്കൊണ്ട് ഭവ്യതയോടെ പറയും ‘നമസ്‌കാര്‍ ബുദ്ധീ’ എന്ന്. അതേസമയം ഒരു ദലിതന്‍, വലിയ വിദ്യാഭ്യാസമുള്ള ധനികനായൊരുത്തന്‍ കടന്നുപോയാല്‍ നമ്മള്‍ ചോദിക്കും ‘എടോ എന്തൊക്കയുണ്ട് വിശേഷം? സുഖം തന്നെ?’ എന്ന്. അതേ അടിമത്ത മനോഭാവം തന്നെ. ഇതൊക്കെ മാറണം. വേരോടെ പിഴുതെറിയണം. വേണ്ടേ? സ്വാഭിമാനം എന്നൊന്ന് വേണ്ടേ നമുക്ക്? വിദ്യാഭ്യാസമുണ്ടായതു കൊണ്ട് മാത്രം സ്വാഭിമാനമുണ്ടാകുമോ? സ്വാഭിമാനമില്ലാത്ത ഒരുത്തന്റെ കഴിവുകള്‍ ആരെങ്കിലും തിരിച്ചറിയുമോ? അവന്/അവള്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ പറ്റുമോ? അന്തസോടെ ജീവിക്കാനാവുമോ? നമ്മുടെ ഈ അടിമത്ത മനസിനെ പിഴുതെറിയാന്‍ ഭരണഘടന എന്താണെന്നറിയണം, സംവരണം എന്താണെന്നറിയണം. സംവരണം എന്തിനാണ് ഏര്‍പ്പെടുത്തിയതെന്നും. ഇത് ഭിക്ഷയല്ല അവകാശമാണെന്ന് അദ്ദേഹം പറഞ്ഞത് അതുകൊണ്ടാണ്.
ഒരിക്കല്‍ രാമകൃഷ്ണ ഹെഗ്ഡെയെ വലിയ പണ്ഡിതനും ബുദ്ധിജീവിയുമെന്ന പേരില്‍ രാച്ചിയഹവരു പുകഴ്ത്തി. അതുകേട്ട ജെ എച്ച് പട്ടേല്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു: രാച്ചിയാവര്‍ അവര്‍കളേ, 5000 വര്‍ഷങ്ങളായി ഗ്രന്ഥ-സാഹിത്യശേഖരങ്ങള്‍ കൈയിലുള്ള രാമകൃഷ്ണ ഹെഗ്ഡയെ പോലുള്ള ഒരാള്‍ക്ക് പണ്ഡിതനും ബുദ്ധിജീവിയും ഒക്കെയാകാം. എനിക്കത് ബസവണ്ണ വന്നതിനു ശേഷമാണ് കിട്ടിയത്, ഏതാണ്ട് 800 വര്‍ഷത്തെ ഗ്രന്ഥ-സാഹിത്യങ്ങള്‍ എനിക്ക് പ്രാപ്യമാണ്. നിനക്കോ.. ഭരണഘടന നിലവില്‍ വന്നതിനു ശേഷമുള്ള വിജ്ഞാനശേഖരങ്ങളാണ് പ്രാപ്യമായത്.’ എത്ര അര്‍ഥവത്തായ നിരീക്ഷണം! ജെ എച്ച് പട്ടേല്‍ ഒരു രസികനായിരുന്നു. അദ്ദേഹമിത് പറഞ്ഞ് അവിടെയിരുന്നു. പാവം രാച്ചിയക്കത് മനസിലായില്ലായിരുന്നു. പിന്നീട് അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. ഹെഗ്ഡെ ഒരു ബ്രാഹ്മണനായതു കൊണ്ടു തന്നെ ചരിത്രാതീത കാലം മുതലുള്ള വിജ്ഞാനശേഖരം അദ്ദേഹത്തിന് പ്രാപ്യമാണ്. ഒരു ലിംഗായത്ത് എന്ന നിലയില്‍ എനിക്കും കുറച്ചൊക്കെ ലഭിക്കും. നിങ്ങള്‍ക്കത് ലഭിച്ചത് ഭരണഘടന എഴുതപ്പെട്ടതിനു ശേഷമാണ്. അതുകൊണ്ട് ഹെഗ്ഡെ പണ്ഡിതനും ബുദ്ധജീവിയുമൊക്കെയായത് വലിയ കാര്യമൊന്നുമല്ല. അധികാരവും സ്വത്തുമൊക്ക ഉണ്ടാവുകയെന്നത് എടുത്തുപറയത്തക്ക ഒന്നുമില്ല, അതൊരു ജാതിയുടെയും കുത്തകയുമല്ല. അവസരം ലഭ്യമായാല്‍ ആര്‍ക്കും ബുദ്ധിജീവിയാകാം. ബാബാസാഹേബ് വിദ്യാഭ്യാസമില്ലാത്തയാളായിരുന്നെങ്കില്‍ നമുക്കീ ഭരണഘടന തന്നെ ഉണ്ടാകുമായിരുന്നോ? അടിച്ചമര്‍ത്തവര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്ന ബുദ്ധിജീവിയാണ് അംബേദ്കര്‍. അദ്ദേഹം മറ്റുള്ളവരെക്കാള്‍ താഴ്ന്ന ബുദ്ധിജീവിയായിരുന്നോ? രാജ്യത്തെ ചുരുക്കം ചില വിശിഷ്ട ധൈഷണികരില്‍ ഒരാളായിരുന്നു അംബേദ്കര്‍. അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് എങ്ങനെ ഇതുപൊലൊരു ഭരണഘടന കൊണ്ടുവരാന്‍ കഴിയും?
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അസംഖ്യം ജാതികളും മതങ്ങളും ഭാഷകളുമടങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ 4635 ജാതികളുണ്ടെന്നാണ് അദ്ദേഹം (സദസിലെ ഒരു എഴുത്തുകാരനെ ചൂണ്ടി) പറഞ്ഞത്. അദ്ദേഹം വെറുതെ പറഞ്ഞതല്ല, ആധാര്‍ ഡാറ്റയനുസരിച്ച് പറഞ്ഞതാണ്.
4635 ജാതികള്‍, ആരാണ് ഈ ജാതികള്‍ക്കെല്ലാം ജന്‍മം നല്‍കിയത്? ഈ ജാതികള്‍ക്ക് ജന്‍മം നല്‍കിയവര്‍ തന്നെ ഈ ചോദ്യം ചോദിക്കുന്നു. തമാശയല്ല, സത്യമതാണ്. ഞാനിത് പറഞ്ഞാല്‍ അവരെന്നെ ആക്രമിക്കും. നമ്മുടെ സമൂഹത്തിന്റെ പ്രശ്നമിതാണ്. സത്യം പറയാന്‍ കഴിയില്ല. നമ്മളിത് പറയുമ്പോള്‍ മധ്യേഷ്യയില്‍ നിന്നും വന്ന ആര്യന്‍മാര്‍ ചോദിക്കും ‘ഞങ്ങളെ ചോദ്യം ചെയ്യുകയാണോ സര്‍?’ എന്ന്. നമ്മള്‍ ദ്രാവിഡരാണ്, അവരാണ് നമ്മളെ ദാസ്യരാക്കിയത്, പക്ഷേ ആര്യന്മാര്‍ മാത്രമല്ല മറ്റു പലരും ഇവിടെ വന്നിട്ടുണ്ട്. അവരെല്ലാം നമ്മളോട് അതിക്രമം ചെയ്തു. നമ്മളീ സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ അവര്‍ക്ക് ദേഷ്യം വരും. ഞങ്ങളുടെ ഗ്രാമത്തില്‍ പറയാറുണ്ട് ‘ഉള്ളതു പറഞ്ഞാല്‍ അതിന്റെ പേരില്‍ ഉള്ളു വെള്ളമാക്കുമവര്‍’ (കന്നട പദ്യം) എന്ന്, അതാണവസ്ഥ!
പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള സംവരണം അംബേദ്കര്‍ ഭരണഘടനയില്‍ നല്‍കിയിട്ടുണ്ട്. മറ്റു പിന്നോക്കവിഭാഗക്കാര്‍ക്ക് സംവരണം ലഭിക്കാന്‍ 1956ല്‍ ഭരണഘടന നിലവില്‍ വന്നു കഴിഞ്ഞ് എണ്‍പതുകള്‍ വരെ കാത്തിരിക്കേണ്ടി വന്നു. വിപി സിങ്ങിന്റെ ഭരണകാലത്താണ് ഉദ്യോഗത്തില്‍ മാത്രം അവര്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.
ആരാണതിനെ എതിര്‍ത്തത്? ആരാണ് തുരങ്കം വെച്ചത്? മറ്റാരുമല്ല, പിന്നോക്കജാതികള്‍ക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവര്‍ തന്നെ. അവരല്ലേ എതിര്‍ത്തത്? ആരാണ് രഥയാത്ര നടത്തിയത്? രഥയാത്ര നടത്തിയവരെ അറസ്റ്റു ചെയ്തവര്‍ ആരായിരുന്നു?
ജാതീയത നടമാടുമ്പോഴും നമ്മള്‍ മൗനികളാണ്, നിര്‍ജീവരാണ്. ജാതി വ്യവസ്ഥയുണ്ടാക്കിയവര്‍ തന്നെ ചോദിക്കുന്നു എന്തിനാണ് സംവരണം? ഏത്ര കാലം തുടരും എന്നൊക്കെ? ‘നിങ്ങളിതൊന്നും അറിയുന്നില്ല, ദയവായി അറിവ് നേടൂ’ എന്നു പറഞ്ഞ് നാഗര്‍മോഹന്‍ ദാസ് ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.
1918ല്‍ കര്‍ണാടകയിലാദ്യമായി, മൈസൂര്‍ പ്രവിശ്യയില്‍ കൃഷ്ണരാജ വടയാര്‍ മില്ലര്‍ കമ്മിറ്റിയുണ്ടാക്കി. 1919 ല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1921 ല്‍ അത് നടപ്പില്‍ വരുത്തി. അന്നാരാണ് അതിനെ എതിര്‍ത്തിരുന്നത്? പറയൂ. അതിനെക്കുറിച്ച് സംസാരിക്കുന്നത് ആളുകള്‍ക്ക് ഈര്‍ഷ്യയാണ്. സിദ്ധരാമയ്യ അങ്ങനെ പറഞ്ഞുവെന്ന് പറയും (ശ്രോതാക്കള്‍ ചിരിക്കുന്നു).
ഇവിടെ അസമത്വമുണ്ട്? അതിനെ ഇല്ലാതാക്കേണ്ടേ? ബസവണ്ണ എന്താണ് പറഞ്ഞത്? ‘സമ സമജ നിര്‍മാണ അഗബേകു’ സമത്വപൂര്‍ണമായ സമൂഹം സ്ഥാപിക്കപ്പെടണം. 900 വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞതാണിത്? എന്നിട്ട് സ്ഥാപിക്കപ്പെട്ടോ? ബസവണ്ണയുടെ വാക്കുകള്‍ നമ്മള്‍ ഇന്നും ഉദ്ധരിച്ച് നടക്കുന്നു.
ആരാണയാള്‍? ആരാണയാള്‍? ആരാണയാള്‍?
അതിലങ്ങ് മുഴുകാതെ
നമ്മളാണയാള്‍, നമ്മളാണയാള്‍, നമ്മളാണയാള്‍
ഇതിലങ്ങ് മുഴുകെന്നേ
നിന്‍ വീട്ടുപയ്യനാണെന്ന് പറയെന്നേ
കുടല സംഗമ ദേവാ
ഇത് ചൊല്ലാനൊക്കെ നല്ല രസമായിരിക്കും, പക്ഷേ നടപ്പില്‍ വന്നോ? എല്ലാവരും നമ്മളായോ? അതോ ‘ആരാണയാള്‍?’ തന്നെയാണോ ഇപ്പോഴും?
കുറേപേര് ഈ വചനം എടുത്തുദ്ധരിക്കും, അടുത്ത ശ്വാസത്തില്‍ തന്നെ ‘നീയേത് ജാതിയാ?’എന്നു ചോദിക്കുകയും ചെയ്യും.
ഇപ്പോഴെന്തുണ്ടായി, ഈ നരേന്ദ്ര മോദി വന്നു മേല്‍ജാതിക്കാരിലെ ‘പാവപ്പെട്ടവര്‍’ക്ക് പത്തു ശതമാനം സംവരണം കൊടുത്തു. ഭരണഘടനയിലുണ്ടോ അത്? ആര്‍ട്ടിക്കിള്‍ 15ഉം 16ഉം എന്താ പറയുന്നത്? സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന.. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന.. എവിടെയാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എന്നു പറഞ്ഞിട്ടുള്ളത്? അവരതിന്റെ നടപടിക്രമമെല്ലാം തരിപ്പണമാക്കി ഒറ്റ ദിവസം കൊണ്ട് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കെതിരായ ആ നിയമം പാസാക്കിയെടുത്തു. നമ്മളെല്ലാം മിണ്ടാതെ നോക്കിയിരുന്നു.
10 ശതമാനം സംവരണം കിട്ടിയ സ്ഥിതിക്ക് ഇനിയെങ്കിലും അക്കൂട്ടര്‍ എന്തിനാണ് സംവരണം? നിര്‍ത്താറായില്ലേ? എന്ന ചോദ്യം നിര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജാതി വ്യവസ്ഥയുള്ളിടത്തോളം സംവരണവും നിലനില്‍ക്കുമെന്ന് അംബേദ്കര്‍ പറഞ്ഞത് അതുകൊണ്ടാണ്. സാമൂഹിക അസമത്വമുള്ളിടത്തോളം കാലം സംവരണം നിലനില്‍ക്കും. എങ്ങനെയൊക്കെ പറഞ്ഞു മനസിലാക്കിയാലും വീണ്ടും ചോദിക്കും ‘പത്തുവര്‍ഷമായില്ലേ കിട്ടുന്നു അതു പോരേ, നിര്‍ത്താറായില്ലേ?’ എന്ന്. അതെല്ലാം പോട്ടെ, എതിര്‍ക്കുന്നവരെ വിട്, അവര്‍ക്കറിയാം എന്തിനാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന്. സംവരണം കിട്ടുന്നവരുടെ അവസ്ഥയെന്താണ്, അവര്‍ക്കതിനെക്കുറിച്ചുള്ള സാമാന്യ വിവരം പോലുമില്ല. നമ്മളകപ്പെട്ടിരിക്കുന്ന വിഷമഗര്‍ത്തമിതാണ്.
മണ്ഡല്‍ സമരകാലത്ത് പിന്നോക്ക വര്‍ഗക്കാര്‍ ആഘോഷിക്കണമായിരുന്നു? അവര്‍ ആഘോഷിച്ചോ? 27 ശതമാനം സംവരണം കിട്ടിയിട്ടും അതിനെ എതിര്‍ക്കുന്നവരുടെ കൂട്ടത്തിലവര്‍ കൂടി. ഏറ്റവും വലിയ പ്രതിഷേധം സംഘടിപ്പിച്ചത് പട്ടികജാതി-പട്ടികവര്‍ഗക്കാരായിരുന്നുവെന്നാണ് തോന്നുന്നത്. തമാശ പറഞ്ഞതല്ല. ഈ മണ്ഡല്‍ പ്രക്ഷോഭകാലത്ത് ഞാന്‍ ജനതാപാര്‍ട്ടിയിലായിരുന്നേ, ഒരു പ്രക്ഷോഭറാലി കടന്നുപോയപ്പോള്‍ ആരൊക്കെയാണതിലെന്ന് വെറുതെ ഒന്ന് കണ്ണോടിച്ചു. നമ്മുടെ സ്വന്തം പയ്യന്‍മാരാണല്ലോ അത്! അവരെ മാറ്റിനിര്‍ത്തി ഞാന്‍ ചോദിച്ചു ‘എന്താ നിങ്ങളീ സമരത്തില്‍?’ ‘എന്താ സാര്‍, ഈ മണ്ഡല്‍ കമ്മീഷന്‍ കാരണം ഞങ്ങള്‍ക്കൊന്നും ജോലി കിട്ടില്ല എന്നാണ് തോന്നുന്നത്, അതാണ് ഞങ്ങളും സമരത്തില്‍ കൂടിയത്? അവര്‍ പറഞ്ഞു. അതുകൊണ്ട്, ഈ മേഖലയില്‍ നല്ല അധ്വാനം ആവശ്യമുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in