ക്വാറി ദൂരപരിധി കേസ് എന്തായി ?

ഒരുവശത്ത് ക്വാറി മുതലാളിമാരും, അദാനിയും, കേരള സര്‍ക്കാരും, വമ്പന്‍ വക്കീലുമാരും. മറുവശത്ത് ദുരിതബാധിതരും ഹരിത മാനസരും മാത്രം നില്‍ക്കുമ്പോള്‍ എന്താകാന്‍……?

ക്വാറി മൂലം ദുരിതമനുഭവിച്ച വടക്കുഞ്ചേരിയിലെ നാട്ടുകാര്‍ ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്കും, ഗ്രീന്‍ ട്രൈബ്യൂണലിനും നിവേദനം അയച്ചു. NGT – അത് റിട്ടായി പരിഗണിച്ച് സ്വമേധയാ കേസെടുത്തു.ജനവാസ മേഖലയില്‍ നിന്ന് ക്വാറി യുടെ ദൂരപരിധി 200 മീറ്റര്‍ ആയി വിധിച്ചു. കേരള ഹൈക്കോടതിയിലെ ക്വാറിക്കാരുടെ കേസിനും ഇടക്കാല ഉത്തരവു വന്നു. ലൈസന്‍സ് പുതുക്കുമ്പോഴും, പുതിയ ക്വാറിക്കും 200 മീറ്റര്‍ എന്നുള്ളത് അവരും ശരിവെച്ചു .

ക്വാറിക്കാരെ കേള്‍ക്കാതെയുള്ള വിധിയാണ് എന്ന് പറഞ്ഞ് ക്വാറിക്കാര്‍ സുപ്രീം കോടതിയില്‍ പോയി.സുപ്രീംകോടതി ഗ്രീന്‍ ട്രൈബ്യൂണല്‍ തന്നെ വാദം കേട്ട് തീര്‍പ്പാക്കട്ടെ എന്ന് പറഞ്ഞ് അങ്ങോട്ട്തന്നെ വിട്ടു . വാദം കേട്ടശേഷം ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട 7 സ്ഥാപനങ്ങളില്‍പ്പെട്ട ഒരു പാനലിനെ കേരളത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരാതി കേള്‍ക്കാനും ആയി നിശ്ചയിച്ചു. പാനല്‍ കേരളത്തില്‍ വന്നു. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും ഹിയറിങ് വെച്ചു. ദുരിതബാധിതരും ഹരിത മാനസരും വക്കീലന്മാരും ക്വാറിക്കാരും എല്ലാവരും അവരവര്‍ക്ക് പറയാനുള്ളത് വാക്കാലും രേഖാമൂലവും അവിടെ സമര്‍പ്പിച്ചു.

സ്‌ഫോടനം നടക്കുമ്പോള്‍ ഉണ്ടാവുന്ന തരംഗങ്ങളെപ്പറ്റി, വായു മലിനീകരണത്തെപ്പറ്റി, ശബ്ദ മലിനീകരണത്തെ പറ്റി, പരിസരവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി, റോഡ് ഗതാഗതം തകരുന്നതിനെപ്പറ്റി, ജന്തു – സസ്യ ജീവജാലങ്ങള്‍ക്ക് വരുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠനങ്ങളും പരീക്ഷണങ്ങളും നടത്തിയ സംഘം മടങ്ങി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കുറെ കഴിഞ്ഞ് ഇവരുടെ റിപ്പോര്‍ട്ട് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന് കൊടുത്തു. ഇതിനിടയില്‍ ജഡ്ജി റിട്ടയേഡ് ആയി. പുതിയ ജഡ്ജി ചാര്‍ജ് എടുക്കുന്നതുവരെ കാലതാമസവും വന്നു. അദ്ദേഹത്തിന് കേസ് പഠിക്കാന്‍ വേണ്ടി പിന്നെ കാലങ്ങള്‍ കുറെ നീങ്ങിപ്പോയി. പുതിയ ജഡ്ജി ചെയ്തത് കേസുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടി ഒരു അമിക്കസ് ക്യുറിയെ നിയമിക്കുകയാണ് ഉണ്ടായത്.

ഇനി അമിക്കസ് ക്യുറി കേസ് പഠിച്ച് പാസായി റിപ്പോര്‍ട്ട് എന്‍.ജി.ടി.മുമ്പാകെ വയ്ക്കണം. അതിനുശേഷം വിധി വരണം.വിധി വന്നാലും ക്വാറിക്കാര്‍ അവര്‍ക്ക് അനുകൂലം അല്ലെങ്കില്‍ സുപ്രീം കോടതിയില്‍ പോകും. അദാനിയും കേരള സര്‍ക്കാരും ഇതില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.വീണ്ടും സുപ്രീംകോടതി ഈ കാര്യത്തില്‍ എന്തു വിധിക്കും എന്ന് കണ്ടറിയേണ്ടതുണ്ട്.

ഈ കാര്യങ്ങള്‍ക്കിടയില്‍ ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് ഒരു പ്രത്യേക ക്വാറി കേസിന്റെ ഭാഗമായിട്ട് ദൂരപരിധി 50 മീറ്റര്‍ എന്ന് വിധിച്ചു. എന്നാല്‍ ഡിവിഷന്‍ ബെഞ്ചിന്റെ 200 മീറ്റര്‍ എന്ന് പറയുന്ന വിധി നിലനില്‍ക്കുന്നുണ്ട്. 50 മീറ്റര്‍ വിധിയെ ആരും ചോദ്യം ചെയ്തിട്ടില്ല.

പാരിസ്ഥിതിക ദുരന്തങ്ങളില്‍ ക്വാറി ഒരു പ്രധാന വില്ലനായി വരുന്നതുകൊണ്ട് അക്കാര്യം കൂടി പറയാം: നിയമസഭാ പരിസ്ഥിതി കമ്മിറ്റി മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായിട്ടുള്ളത് കേരളത്തിലെ ക്വാറികളെ പറ്റി പഠനം നടത്തിയ റിപ്പോര്‍ട്ടുണ്ട്. അതില്‍ ലൈസന്‍സ് ഉള്ള ക്വാറികള്‍ 723 എണ്ണം മാത്രമേ ഉള്ളൂ എന്നാണ് പറഞ്ഞിരിക്കുന്നത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് അടച്ചുപൂട്ടണമെന്നും പറയുന്നുണ്ട്. 6000-ത്തോളം ക്വാറികളാണ് ലൈസന്‍സ് ഇല്ലാതെ പശ്ചിമഘട്ടത്തെ തകര്‍ത്തു കൊണ്ടിരിക്കുന്നത് .

സഹ്യപര്‍വ്വതം മുഴുവന്‍ സ്‌ഫോടനങ്ങള്‍ കൊണ്ട് ശബ്ദ മുഖരിതമാണ്. ഉരുള്‍പൊട്ടലുകളെ ഏത് സമയവും കേരളത്തിന്റെ മലകളില്‍ പ്രതീക്ഷിക്കാം എന്നാണ് അറിവുള്ളവര്‍ പറയുന്നത്.

അമ്പലങ്ങളിലെ വെടിയൊച്ച കേട്ടിട്ടല്ല ഇപ്പോള്‍ കേരളത്തില്‍ ഗ്രാമീണര്‍ ഉണരുന്നത്. ക്വാറികളുടെ സ്‌ഫോടനം കേട്ടിട്ടാണ്. അത്രയ്ക്കും ശബ്ദ മുഖരിതമാണ്. താമസസ്ഥലത്തുനിന്ന് 50 മീറ്റര്‍ എന്നു പറഞ്ഞാല്‍ ഒരു ഇലക്ട്രിക് പോസ്റ്റിന്റെ ദൂരം. വിഷുവിന് മുറ്റത്ത് പടക്കം പൊട്ടിക്കുന്ന പോലെ. എവിടെ വേണമെങ്കിലും നമ്മുടെ പരിസരത്ത് ക്വാറിവരാം. അങ്ങനെ വികസനം വന്ന് നമുക്ക് ആഹ്ലാദിക്കാം.

ലൈസന്‍സ് ഉള്ള ക്വാറികളില്‍ തന്നെ പൊളിച്ചടക്കുന്ന പാറ മതി കേരളത്തിന്റെ ആവശ്യത്തിന്.പിന്നെ എന്തിനാണാവോ പശ്ചിമഘട്ടത്തിനു എതിരായി എല്‍.ഡി.എഫി.ന്റെ ഈ യുദ്ധം? വിദേശ ഗൂഢാലോചന വല്ലതും ഉണ്ടോ എന്ന് സംശയിക്കണം.

ലൈസന്‍സ് ഉള്ള ക്വാറികള്‍ തന്നെ അതിന് അനുവദിച്ച ഏരിയയിലോ അളവിലോ അല്ല ഖനനം ചെയ്യുന്നത് അതിന്റെ ഫീസായി/പിഴയായി ഖജനാവിലേക്ക് കിട്ടേണ്ട അനേക കോടികള്‍ സര്‍ക്കാരിന് കിട്ടേണ്ടതാണ്. സര്‍ക്കാര്‍ അത് വാങ്ങിക്കുന്നില്ല. ഖജനാവിന് നഷ്ടം വരുത്തിയ നികുതിപ്പണം. കേരളത്തിന്റെ ഒട്ടേറെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന, അതും കടം വാങ്ങാതെ ഉപയോഗിക്കാവുന്ന വരുമാന സ്രോതസ്സ് ആണത്.

വിദ്യാഭ്യാസം ഉണ്ടായിക്കഴിഞ്ഞാല്‍ മനുഷ്യരില്‍ മാറ്റമുണ്ടാകും. സാമൂഹ്യമായും മാറ്റമുണ്ടാകും എന്ന് നമ്മള്‍ ധരിച്ചിരുന്നു. റവന്യൂ വകുപ്പിലും, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലും, ജിയോളജി വകുപ്പിലും, വനം വകുപ്പിലുo,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള വരും പരിസ്ഥിതി വകുപ്പ് കമ്മിറ്റിക്കാരും എല്ലാ വിദ്യാസമ്പന്നരും കൂടിച്ചേര്‍ന്നുകൊണ്ട് കേരളീയ ജനതയെ മൂഞ്ചിക്കയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതില്‍ പങ്കുകാരാണ്.

എല്‍.ഡി.എഫി.ന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ 2016 ലും, 2021 ലും ‘ഖനിജങ്ങള്‍ പൊതുമേഖലയിലാക്കി സാമൂഹിക നിയന്ത്രണം കൊണ്ടുവരുമെന്ന് ‘ വാഗ്ദാനം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ സിപിഎംന് – കിട്ടുന്ന സംഭാവനകളില്‍ മൂന്നിലൊന്ന് ഭാഗം കേരളത്തിലെ ക്വാറിക്കാരില്‍ നിന്നാണെന്ന് അവര്‍ തന്നെ പറയുന്നതാണ്. മന്ത്രി രാജീവ്, ബാലഗോപാല്‍ ഉടായിപ്പ് ടീം ആണ്. ഈ വയനാട് ദുരന്തകാലത്ത് രാജീവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടായിരുന്നു. ക്വാറിക്കാരെ വെളുപ്പിക്കാന്‍! അണികള്‍ക്കുള്ള കാപ്‌സ്യൂളായി അത് ഇപ്പോഴും ഫേസ്ബുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയാണ് … ചക്കരക്കുടം ടീമാണ് സിപിഎമ്മിന്റെ / എല്‍.ഡി.എഫിന്റെ – നേതൃനിരയില്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊതു ജനത്തില്‍ ആരെങ്കിലും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചു പിടിച്ചാല്‍ പോലീസ് സ്റ്റേഷന്‍ കോടതി പിഴ എന്തെല്ലാം തരത്തിലാണ് വേട്ടയാടല്‍! ലൈസന്‍സ് ഇല്ലാതെ സ്‌ഫോടനം നടത്തി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുകയും, സര്‍ക്കാരിന് കിട്ടേണ്ട നികുതി കൃത്യമായി അടക്കാതിരിക്കുകയും, പ്രകൃതിയെ നശിപ്പിക്കുകയും, ചെയ്യുന്നവരൊക്കെ പൗരപ്രമുഖന്മാര്‍! എന്താല്ലേ വെള്ളരിക്ക പട്ടണം.

ഏഴുമാസം മുമ്പാണ് പരിസ്ഥിതി വകുപ്പ് സെക്രട്ടറിയെ കൊണ്ട് ദൂരപരിധി 50 മീറ്റര്‍ ആക്കണം എന്ന് പറഞ്ഞിട്ട് NGT- ക്ക് റിപ്പോര്‍ട്ട് അയപ്പിച്ചത്! സര്‍ക്കാര്‍ നയം എന്താണെന്ന് വ്യക്തമായല്ലോ!

എന്നെങ്കിലും ഒരിക്കല്‍ ഈ ദുഷ്ടതയ്ക്ക് താഴു വീഴും.അതുവരേക്കും നമ്മളോ കേരളമെന്ന ഈ ഭൂപ്രദേശമോ നാടോ ഈ വിധം എങ്കിലും ഇവിടെ ഉണ്ടാകുമോ എന്ന് കണ്ടറിയാം.

NGT – യില്‍ കണ്ണുംനട്ട് കാത്തിരിക്കാനാണ് പലരുടെയും തലവിധി .ഒരു ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അഭാവം കേരളത്തില്‍ ദൃശ്യമാണ്. ഇതെല്ലാം മലയാളികള്‍ എങ്ങനെ നോക്കി കാണുന്നു എന്ന് അനുസരിച്ചാണ് നമ്മുടെ എല്ലാവരുടെയും ഭാവി!

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply