ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് സംഭവിച്ചതെന്ത്? സഹതടവുകാരന്‍ ഇക്ലാഖ് റഹീം ഷെയ്ഖ് പറയുന്നതിങ്ങനെ

ഷെയ്ഖിന്റെ പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കൂടി അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തി കൊണ്ട് തന്നെയാണ് കത്തയിച്ചിരിക്കുന്നത്.’ഫാദര്‍ സ്റ്റാന്‍സ് സ്വാമിക്കും അത് പോലെ മറ്റു പലര്‍ക്കും ജയിലിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന് അറിയാന്‍’വേണ്ടി തന്റെ ഈ വെളിപ്പെടുത്തല്‍ അനിവാര്യമാണ് എന്നാണ് ഷെയ്ഖ് പറയുന്നത്.

മുംബൈയുടെ പ്രാന്തപ്രദേശമായ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലെ തടവ്മുറിയില്‍ ഒരു വര്‍ഷത്തോളം, ജാര്‍ഖണ്ഡ് ആസ്ഥാനമായി ഗോത്രവര്‍ഗ്ഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ 84 കാരന്‍ ഫാദര്‍ സ്റ്റാന്‍സ് സ്വാമിയ്ക്കൊപ്പം കഴിഞ്ഞ വിചാരണ തടവുകാരനായ ഇക്ലാഖ് റഹീം ഷെയ്ഖിന്റെ വെളിപ്പെടുത്തല്‍. ജെസ്യൂട്ട് പുരോഹിതനായ ഫാദര്‍ സ്റ്റാന്‍സ് സ്വാമി ഒടുവില്‍ മരിക്കുന്നതിന് മുമ്പ് വളരെക്കാലം വളരെയധികം പ്രയാസങ്ങള്‍ നേരിട്ടുവെന്നും, അനാരോഗ്യം മൂലം നിരന്തരമായി കാല്‍ വഴുതി വീഴുമായിരുന്ന അദ്ദേഹത്തിന് അപ്പോഴെല്ലാം ചികിത്സ നിഷേധിച്ചുവെന്നും സ്വാമിയുടെ വഷളായി കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതിയെ ജയില്‍ ഭരണകൂടം അവഗണിച്ചുവെന്നും ആരോപിച്ച് 2019 മാര്‍ച്ചില്‍ അറസ്റ്റിലായ വിചാരണ തടവുകാരന്‍ ഇക്ലാഖ് റഹീം ഷെയ്ഖ് 14 പേജുള്ള രൂക്ഷമായ കത്ത് എഴുതി മറ്റൊരു സഹതടവുകാരന്‍ മുഖാന്തിരം ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ദി വയറിന് എത്തിച്ചു. തലോജ ജയിലില്‍ തടവുകാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ വ്യക്തമായ വിവരണമാണ് കത്തിലൂടെ പുറം ലോകത്തേയ്ക്ക് ഷെയ്ഖ് എത്തിച്ചിരിക്കുന്നത്.

ഷെയ്ഖിന്റെ പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കൂടി അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തി കൊണ്ട് തന്നെയാണ് കത്തയിച്ചിരിക്കുന്നത്.’ഫാദര്‍ സ്റ്റാന്‍സ് സ്വാമിക്കും അത് പോലെ മറ്റു പലര്‍ക്കും ജയിലിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന് അറിയാന്‍’വേണ്ടി തന്റെ ഈ വെളിപ്പെടുത്തല്‍ അനിവാര്യമാണ് എന്നാണ് ഷെയ്ഖ് പറയുന്നത്.

2019 ഒക്ടോബറില്‍ സ്വാമിയെ ആദ്യമായി ജയിലിലേക്ക് കൊണ്ടുവരുമ്പോള്‍, പ്രായമായെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമായിരുന്നു എന്നാണ് ഷെയ്ഖ് എഴുതുന്നത്.താമസിയാതെ അദ്ദേഹത്തിന് ഹൃദയ സംബന്ധമായും നട്ടെല്ലുമായും ബന്ധപ്പെട്ട് ചില അസ്വസ്ഥതകള്‍ വന്നു തുടങ്ങി. വളരെ അടിയന്തിരമായി വൈദ്യശാസ്ത്ര പരിചരണം അദ്ദേഹത്തിന് ആവശ്യമായിരുന്നു.പക്ഷെ, അതിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന ജയില്‍ സൂപ്രണ്ട് കൗസ്തുഭ് കുറുളേക്കറും ജയില്‍ ഡോക്ടര്‍ സുനില്‍ കാലേയും ചേര്‍ന്ന് നിഷ്‌ക്കരുണം തള്ളുകയായിരുന്നു എന്നാണ് ഷെയ്ഖ് കത്തിലൂടെ ആരോപിക്കുന്നത്. കത്തിന്റെ ഒരു കോപ്പി മഹാരാഷ്ട്ര ജയില്‍ ഡിജിപി അതുല്‍ കുളിക്കര്‍ണിക്ക് കഴിഞ്ഞ നവംമ്പര്‍ 11 ന് തന്നെ വയര്‍ അയച്ചു കൊടുത്തു. കൂടാതെ വയറിന്റെ പ്രതിനിധികള്‍ കുല്‍ക്കര്‍ണിയെ നേരിട്ട് സന്ദര്‍ശിക്കുകയും കത്തിന്റെ ഒരു കോപ്പി കൊടുക്കുകയും ചെയ്തു. ഔദ്യോഗികമായി തനിക്ക് ഇത് വരെ കത്തിന്റെ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ ഷെയ് ഖ് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുവാന്‍ സാധിക്കുകയില്ലെന്നാണ് കുല്‍ക്കര്‍ണി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ അറുപത് മാസക്കാലമായി തലോജ ജയിലില്‍ തടവ് ശിക്ഷയനുഭവിക്കുന്ന ഷെയ്ഖ്, തന്നെ ‘അണ്ഡ സെല്‍’എന്നറിയപ്പെടുന്ന മുട്ടയുടെ ആകൃതിയിലുള്ള സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും. വായുസഞ്ചാരത്തിനുള്ള ജന്നലുകള്‍ ഒന്നുമില്ലാത്ത ഈ സെല്ലില്‍ സാധാരണയായി കൊടും കുറ്റവാളികളെയും ജയില്‍ ചാടുമെന്ന് പ്രതീക്ഷിക്കുന്നവരെയുമാണ് പാര്‍ പ്പിക്കുക.ജയില്‍ അധീകൃതരുടെ ഉത്തരവുകള്‍ ലംഘിക്കുന്ന നിഷേധികളായ തടവുകാരേയും ജയിലിനുള്ളിലെ ‘ശിക്ഷ’എന്ന നിലയില്‍ ഇവിടെ കൊണ്ട് തള്ളാറുണ്ട് എന്നാണ് അനുഭവ സാക്ഷ്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

2020 ഒക്ടോബര്‍ 8 നാണ് ദേശീയ കുറ്റാന്വേഷണ എജന്‍സി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള മറ്റ് 15 മനുഷ്യാവകാശ പ്രവര്‍ത്തകരോടൊപ്പം കേസന്വേഷണത്തിന്റെ ഭാഗമായി ഫാദര്‍ സ്റ്റാന്‍സ് സ്വാമിയേയും അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ സ്വാമിയെ എന്‍ ഐ എ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട സ്വാമിക്കെതിരായി പിറ്റേ ദിവസമായ ഒക്ടോബര്‍ 9 ന് തന്നെ എന്‍ ഐ എ, സ്റ്റാന്‍സ് സ്വാമിയും മറ്റുള്ളവരും നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്)ന്റെ സജീവ പ്രവര്‍ത്തകരാണെന്നും, അവര്‍ ‘അര്‍ബന്‍ നക്‌സലുകളാ’ണെന്നും ആരോപി ച്ചു കൊണ്ട് വളരെ ഭീമാകാരമായ ഒരു കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്നു.

ജയിലിലെത്തിയ സ്വാമി, ഒരു പാര്‍ക്കിന്‍സണ്‍ രോഗിയായതിനാല്‍ ശരീരത്തിന് വിറയല്‍ അനുഭവപ്പെടുന്നതിനാല്‍ വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും അതിന് വേണ്ടി തനിക്ക് ഒരു സിപ്പര്‍ അനുവദിച്ചു നല്‍കണമെന്നും ജയില്‍ അധീകൃതരോട് അഭ്യര്‍ത്ഥിച്ചെങ്കിലും മറുപടി കിട്ടിയ്ല്ല. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം നവംമ്പര്‍ 26 ന് മുംബൈ ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ആ നിസ്സാര കാര്യം പോലും നേടിയെടുക്കാനായത്.

ജനാധിപത്യത്തിന്റെ അടിത്തറ ഇളകും വിധത്തിലുള്ള ഒരു ജീവിത സാഹചര്യത്തിലാണ് സ്റ്റാന്‍സ് സ്വാമിയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നത് എന്നാണ് ഷെയ്ഖ് കത്തിലൂടെ വെളിപ്പെടുത്തുന്നത്. സമ്പത്തും സ്വാധീനവുമുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കാവുന്നതില്‍ വെച്ചേറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും അനുഭവിച്ചു ജയിലില്‍ സുഖിച്ചു കഴിയുമ്പോള്‍ സ്റ്റാന്‍സ് സ്വാമി ജയിലില്‍ നരകയാതന അനുഭവിക്കുകയായിരുന്നു എന്നാണ് ഷെയ്ഖ് എഴുതുന്നത്.

നിരന്തരമായി അഭ്യര്‍ത്ഥിച്ചിട്ടും അദ്ദേഹത്തിന് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് കൊടുക്കാന്‍ പോലും ജയില്‍ അധീകൃതര്‍ തയ്യാറായില്ല. ഒടുവില്‍, കോവിഡ് ബാധിതനായ അദ്ദേഹം ബാന്ദ്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. കോടതിയില്‍ അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായി, എന്‍ ഐഎയും ജയില്‍ അധികൃതരും സ്റ്റാന്‍സ് സ്വാമിയുടെ കാര്യത്തില്‍ സ്വീകരിച്ച ‘അനാസ്ഥ, അശ്രദ്ധ, മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവം’ എന്നിവ ആരോപിച്ചു. എന്‍ഐഎയുടെ കുറ്റപത്രത്തില്‍ നിന്ന് സ്വാമിയുടെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാന്‍സ് സ്വാമിയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സെന്റ് സേവ്യേഴ്സ് കോളജ് മുന്‍ പ്രിന്‍സിപ്പലും സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇപ്പോഴത്തെ ഇടവക വികാരിയുമായ ഫാദര്‍ ഫ്രേസര്‍ മസ്‌കരേനസും നല്‍കിയ ഹര്‍ജി ഇപ്പോഴും ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. സ്വാമിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുമുള്ള ആരോപണങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റേയും (എന്‍എച്ച്ആര്‍സി) പരിശോധനയിലിരിക്കുന്നുണ്ട്. സംസ്ഥാനത്തെ ജയില്‍ സംവിധാനത്തിന്റെ ഉള്‍ത്തളങ്ങളില്‍ നടക്കുന്ന ‘ആഴത്തിലുള്ള ചീഞ്ഞു നാറലുകള്‍ ‘ സ്ഥാപിക്കാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര എജന്‍സിയുടെ അന്വേഷണം വേണമെന്ന് ശൈഖ് ആവശ്യപ്പെടുന്നു.

തന്റെ, കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നീണ്ട ജയില്‍ വാസത്തിനിടയില്‍, കോടികളുടെ ബാങ്കിംഗ് കുംഭകോണങ്ങള്‍ നടത്തിയവര്‍, ബില്‍ഡര്‍മാര്‍, മയക്കുമരുന്ന് രാജാക്കന്മാര്‍, കൊടും കുറ്റവാളികള്‍ എന്നിങ്ങനെയുള്ളര്‍ ഉള്‍പ്പെടുന്ന, ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന നിരവധി ‘വിഐപി തടവുകാരെ’ താന്‍ അവിടെ കണ്ടിട്ടുള്ളതായി ഷെയ്ഖ് പറയുന്നു. യാതൊരു അസുഖമോ കോടതി ഉത്തരുവാകളോ ഇല്ലാതെ അവരെല്ലാം, പുറംലോകവും കുടുംബവുമായുമുള്ള നിരന്തര സമ്പര്‍ക്കം ഉറപ്പാക്കി ആശുപത്രിയില്‍ കഴിയുമ്പോള്‍ യഥാര്‍ത്ഥ രോഗികളായ മറ്റ് തടവുകാര്‍ക്ക് അത്യാവശ്യം വേണ്ട ചികിത്സാ സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു.

2020 മാര്‍ച്ചില്‍, മറ്റ് സംസ്ഥാനങ്ങളോടൊപ്പം മഹാരാഷ്ട്രയിലും കോവിഡ് മഹാമാരി പൊട്ടി പുറപ്പെട്ടപ്പോള്‍, തടവുകാരുടെ കുടുംബാംഗങ്ങള്‍ക്ക് അവരെ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. ഈ കാലത്ത് തടവുകാര്‍ക്ക് അവരുടെ ബന്ധുക്കളുമായി ഫോണില്‍ കൂടി മാത്രം ബന്ധപ്പെടാനുള്ള അനുമതിയെ ഉണ്ടായിരുന്നുള്ളു. പലപ്പോഴും അതുപോലും ജയിലധികൃതരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായാണ് തടവുകാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്നത്. ജയില്‍ അധികൃതരുമായി അത്ര സുഖകരമല്ലാത്ത ബന്ധമുണ്ടായിരുന്ന തടവുകാര്‍ക്ക് ഈ സൗകര്യവും നിഷേധിക്കപ്പെട്ടു. ജയിലില്‍ നിന്നുള്ള വിനിമയ സൗകര്യത്തിന്റെ അപര്യാപ്തതയും അപാകതയും ചൂണ്ടിക്കാണിച്ചു കൊണ്ട് കീഴ്‌ക്കോടതികളിലും ബോംബെ ഹൈക്കോടതിയിലും നിരവധി പരാതികളുടെ പ്രവാഹം തന്നെ ഈ കാലത്തുണ്ടായി. തടവുകാര്‍ക്ക് ഏറ്റവും പ്രാഥമിക സൗകര്യങ്ങള്‍ ലഭ്യമാക്കി കൊടുക്കുന്നതിന് പോലും അവരുടെ ബന്ധുക്കളില്‍ നിന്നും ഭീമമായ സംഖ്യകളാണ് ജയില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി ഈടാക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന ‘ജീവിക്കുവാനുള്ള അവകാശം’ജയിലിനുള്ളിലും ബാധകമാക്കണമെന്നാണ് ഷെയ്ഖ് ആവശ്യപ്പെടുന്നത്. എന്നാല്‍ ജയിലുകള്‍ക്കുള്ളില്‍ ഇതൊന്നും നടപ്പിലാകുന്നില്ല. ഏറ്റവും പ്രാഥമിക സൗകര്യങ്ങള്‍ പോലും തടവുകാര്‍ക്ക് നിഷേധിക്കപ്പെടുന്നു ഷെയ്ഖ് ആരോപിക്കുന്നു.

എസ്‌ക്കോര്‍ട്ട് പോകാനുള്ള പോലീസുകാരുടെ കുറവ് ചൂണ്ടിക്കാണിച്ചു സാധാരണ തടവുകാര്‍ക്ക് കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള അവസരം പോലും നിഷേധിക്കപ്പെടുമ്പോള്‍ സമ്പന്നര്‍ക്ക് അതൊന്നും ഒരു പ്രശ്‌നമേ ആകുന്നില്ല. ഇതേ കാര്യം തന്നെയാണ് അസുഖബാധിതരായ സാധാരണ തടവുകാരെ ആശുപത്രിയിലേക്ക് എത്തിക്കുന്ന കാര്യം വരുമ്പോഴും ജയില്‍ അധികൃതരുടെ ഭാഗത്തു നിന്നും പറയുന്ന ഒഴിവ്കഴിവെന്ന് ഷെയ്ഖ് ആരോപിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് ജയില്‍ ഡോക്ടറോടും മറ്റ് അധികാരികളോടും പരാതി പറയുമ്പോള്‍, പുറത്തുള്ള സര്‍ക്കാര്‍ ആശുപത്രികളെല്ലാം കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നും അവിടെ ചെന്നാല്‍ മരണം സുനിശ്ചിതമാണെന്നുമുള്ള ന്യായമാണ്. ഇത്തരത്തിലുള്ള ഭീഷണികളും പ്രയാസങ്ങളും തടവുകാര്‍ നിശബ്ദമായി സഹിക്കുകയാണ്, ഷെയ്ഖ് എഴുതുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി)എല്ലാവര്‍ഷവും പുറത്തു വിടുന്ന കണക്കുകള്‍ പ്രകാരം ഏകദേശം 1800 തടവുകാര്‍ പ്രതിവര്‍ഷം ഇന്ത്യന്‍ ജയിലുകളില്‍ മരണപ്പെടുന്നു എന്നാണ് വെളിപ്പെടുന്നത്. അവരില്‍ കൂടുതലും വിചാരണ തടവുകാരാണ്. 2020 ല്‍ മാത്രം 1887 പേരാണ് മരണപ്പെട്ടത്. ഇതില്‍ 102 മരണങ്ങള്‍ മഹാരാഷ്ട്രയിലെ ജയിലുകള്‍ക്കുള്ളിലാണ് സംഭവിച്ചത്. ശരിയായ വിവരങ്ങളുടെയും കണക്കുകളുടെയും അഭാവത്തില്‍ ഇവയെല്ലാംതന്നെ സ്വാഭാവിക മരണങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഷെയ്ഖിന്റെ കത്ത് ഇത്തരത്തില്‍ സ്വാഭാവിക മരണങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തികച്ചും ‘അസ്വാഭാവീകമായ മരണങ്ങള്‍’ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. കൃത്യസമയത്ത് ആവശ്യമായ വൈദ്യശാസ്ത്ര സഹായം നല്‍കാത്ത മരണങ്ങളെ എങ്ങനെ സ്വാഭാവിക മരണങ്ങളായി കണക്ക് കൂട്ടാന്‍ പറ്റുമെന്നാണ് കത്തിലൂടെ ഷെയ്ഖ് ചോദിക്കുന്നത്. എന്‍സിആര്‍ബി യുടെ ഡാറ്റ പ്രകാരം ‘സ്വാഭാവിക മരണങ്ങളുടെ കാരണങ്ങളായി നല്‍കുന്നത് വയറിളക്കം, സ്‌കീസോഫ്രീനിയ, അപസ്മാരം, കരള്‍ സംബന്ധമായ അസുഖങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ അവ്യക്തമായ കാരണങ്ങളാണ്. 2020 ജനുവരിയില്‍, മതിയായ വൈദ്യശാസ്ത്ര സഹായത്തിന്റെയും ചികിത്സയുടെയും ആഭാവത്തില്‍ എങ്ങനെ മരണം സംഭവിക്കുന്നു എന്നത് സംബന്ധിച്ചു വിശദമായ ഒരു റിപ്പോര്‍ട്ട് ‘ദി വയര്‍’ പ്രസിദ്ധീകരിച്ചിരുന്നു. അസ്വാഭാവീക മരണങ്ങളുടെ പട്ടികയില്‍ സാധാരണയായി സംഭവിക്കുന്നത് ആത്മഹത്യയാണ്. ജയില്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പെരുമാറ്റത്തിലൂടെ തടവുകാരെ മരണത്തിലേക്ക് തള്ളിവിടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. വര്‍ഷങ്ങളായി ഏകാന്ത തടവ് ശിക്ഷ അനുഭവിക്കുന്ന നിരവധി പേരുടെ പേരുകള്‍ ഷെയ്ഖ് തന്റെ കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2019 ല്‍ ഇത്തരത്തില്‍ സ്വയം മരണം വരിക്കാന്‍ ശ്രമിച്ച പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാളും ഉള്‍പ്പെടുന്നുണ്ടെന്ന് ഷെയ്ഖ് അവകാശപ്പെടുന്നു.

ജയിലുകള്‍ക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന, പുറംലോകത്തെ ഞെട്ടിക്കുന്ന ഒന്നാണ് ജയിലുകളിലെ ലൈംഗിക ചൂഷണവും പീഡനവുമെന്ന് ഷെയ്ഖ് ആരോപിക്കുന്നു. തടവുകാരെ നിരന്തരം ക്രൂരമായി ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ജയില്‍ ജീവനക്കാരെ കുറിച്ചും ഷെയ്ഖ് ആരോപണം ഉന്നയിക്കുന്നുണ്ട്. ‘ഞാനും അവരുടെ ലൈംഗീക കേളികളുടെ ഇരയാണ് ‘ ഷെയ്ഖ് എഴുതുന്നു. തടവുകാരുടെ രക്ഷപ്പെടാനുള്ള ശ്രമത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നതിന്റെ മറവിലാണ് പോലീസിന്റെ മര്‍ദ്ദനങ്ങള്‍ നടക്കുന്നത് അതുകൊണ്ട് തന്നെ സാധാരണ നിലയില്‍ പരാതിപ്പെടാനുള്ള സാഹചര്യവും ഇല്ലയെന്നും ഷെയ്ഖ് തന്റെ ആരോപണത്തില്‍ പറയുന്നു. തടവുകാരെ ഒരു ജയിലില്‍ നിന്നും മറ്റൊരു ജയിലിലേക്ക് മാറ്റുന്ന അവസരങ്ങളിലും ശാരീരിക പീഡനങ്ങളും അപമര്യാദയോടെയുള്ള പെരുമാറ്റങ്ങളും ഉള്‍പ്പെടെയുള്ള ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് അവര്‍ വിധേയരാകാറുണ്ട്. കല്യാണിലെ ആധാര്‍വാഡി ജില്ല ജയിലില്‍ നിന്നും തലോജ ജയിലിലേക്ക് കൊണ്ട് വന്ന ഒരു തടവുകാരനെ പൊതിരെ തല്ലുകയും പരസ്യമായി നഗ്‌നനാക്കി നടത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചു തടവുകാര്‍ 8-10 ദിവസത്തേയ്ക്ക് നിരാഹാര സമരം നടത്തിയെങ്കിലും ആ തടവുകാരന് വീണ്ടും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നുവെന്നാണ് ഷെയ്ഖ് കത്തിലൂടെ ആരോപിക്കുന്നത്.

(കടപ്പാട് ദി വയര്‍, ജനത വീക്കിലി)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply