
പേരറിവാളനോട് നമുക്കെന്ത് പറയാനുണ്ട്…?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയാകപ്പെട്ട പേരറിവാളന്‍ വധശിക്ഷക്ക് വിധിക്കപ്പെടാന്‍ കാരണം താന്‍ മൊഴി തിരുത്തിയതാണെന്ന് കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തയിട്ടും രാജ്യം നിശബ്ദമാണ്. സംഭവം നടക്കുമ്പോള്‍ 19 വയസ്സായിരുന്ന പേരറിവാളന് ഇന്ന് വയസ്സ് 41. 22 വര്‍ഷമായി ഇയാള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.
തന്റെ മകന്‍ നിരപരാധിയാണെന്ന് പേരറിവാളന്റെ അമ്മ കണ്ണീരൊഴുക്കി പറയാത്ത സ്ഥലങ്ങളില്ല. അവര്‍ നിവേദനം കൊടുക്കാത്തയിടങ്ങളുമില്ല. എന്നാല്‍ സുപ്രിംകോടതി ഒരിക്കല്‍ നിരീക്ഷിച്ച പോലെ രാജ്യത്തിന്റെ ‘പൊതുമനസ്സ്’ പേരറിവാളന് എതിരാണ്. എഴുത്തുകാരന്‍ ആനന്ദ് എഴുതിയപോലെ തൂക്കുകയറിനു പാകമായ തലയാണ് നാം അന്വേഷിക്കുന്നത്. ഇപ്പോഴിതാ വേട്ടക്കാരന്‍ തന്നെ സത്യം തുറന്നു പറഞ്ഞിരിക്കുന്നു.
പീപ്പിള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ഡത്ത് പെനാല്‍റ്റി (പി.എം.എ.ഡി.പി) എന്ന സംഘടന ശനിയാഴ്ച ചെന്നൈയില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററിയിലാണ് റിട്ട. എസ്.പി വി. ത്യാഗരാജന്റെ വെളിപ്പെടുത്തലുള്ളത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച ബാറ്ററികള്‍ കേസിലെ മുഖ്യ പ്രതി ശിവരശന് നല്‍കിയത് താനാണെന്നാണ് പേരറിവാളന്റെതായി കുറ്റപത്രത്തിലുള്ള മൊഴി. ശിവരശന്‍ ബാറ്ററികള്‍ ബോംബ് നിര്‍മാണത്തിന് ഉപയോഗിച്ചതായി അറിയാമെന്നും മൊഴിയിലുണ്ട്. കുറ്റപത്രത്തിലെ തിരുത്തിയ മൊഴി നിര്‍ണായക തെളിവായി കണക്കാക്കിയാണ് കോടതി പേരറിവാളന് ശിക്ഷ വിധിച്ചത്. എന്നാല്‍, ബാറ്ററി ശിവരശന് നല്‍കി എന്ന് മാത്രമാണ് പേരറിവളന്‍ പറഞ്ഞിരുന്നത്. അത് ബോംബ് നിര്‍മാണത്തിന് ഉപയോഗിച്ചു എന്ന് അറിയാം എന്ന് താന്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നെന്നാണ് എസ്.പി. ത്യാഗരാജന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്. കൊലപാതകം നടക്കുമെന്ന് പേരറിവാളന് അറിയാമായിരുന്നില്ല. കേസിന് ബലം നല്‍കാന്‍ വേണ്ടിയാണ് താനങ്ങനെ ചെയ്തതെന്നും ത്യാഗരാജന്‍ പറയുന്നു.
ചുരുക്കത്തില്‍ ഒരാള്‍ക്ക് ബാറ്ററി വാങ്ങികൊടുത്തതിനാണ് പേരറിവാളിന് വധസിക്ഷ വിധിച്ചത്. അതിനാണ് 22 വര്‍ഷം അയാള്‍ ജയിലില്‍ കിടന്നത്. ജീവിതത്തിന്റെ വസന്തകാലം നഷ്ടപ്പെട്ടത്. എന്തു പ്രായശ്ചിത്തമാണ് നമ്മുടെ നീതിന്യായ സംവിധാനത്തിന് ഇനി ചെയ്യാന്‍ കഴിയുക? ഏറ്റവും ചുരുങ്ങിയത് പേരറിവാളനെ വിട്ടയക്കുക എന്നതാണ്. അതോടൊപ്പം മൊഴി കള്ളമായി എഴുതി രാജ്യം കണ്ട റ്റേവും വലിയ ഒരു മനുഷ്യാവകാശലംഘനത്തിന് കാരണക്കാരനായ ത്യാഗരാജനേയും അതിനു കൂട്ടുനില്‍ക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ശിക്ഷിക്കുകയും വേണം. അതിനാണ് മനുഷ്യാവകാശ സംഘടനകളും ജനാധിപത്യ വിശ്വാസികളും ശബ്ദമുയര്‍ത്തേണ്ടത്.
വി. മോഹന്‍ ദാസ്
January 25, 2014 at 3:30 pm
സ്വയംകേസ് എടുക്കാവുന്നതാണ്