നാമിനി പൗരന്മാരല്ല, രോഗികള്‍ മാത്രം

ഭരണാധികാരികള്‍ പറയുന്നതനുസരിച്ചും എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചും നമ്മള്‍ നമ്മുടെ ജീവിതം മാറ്റിയെടുത്തു. എന്നാല്‍ ഭരണാധികാരികള്‍ മാറുന്നുണ്ടോ? ഇന്ത്യയില്‍ നടക്കുന്നത് എന്താണ്? കൊറോണയെ അതിജീവിക്കുക എന്ന ലക്ഷ്യത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ എന്തെങ്കിലും ഒരു നയമാറ്റം കാണാനുണ്ടോ? സാധാരണക്കാര്‍ക്ക് നക്കാപ്പിച്ച മാത്രം നല്‍കുകയും പ്രതിരോധ, വ്യോമയാന, ഖനന മേഖലകള്‍ പോലും സ്വകാര്യവല്‍ക്കരിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയുമാണ് ഭരണകൂടം ചെയ്തത്. കേരളത്തിലേക്കു വന്നാലും സ്ഥിതി വ്യത്യസ്ഥമല്ല. കൃഷി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ വായിച്ചാല്‍ അതുബോധ്യമാകും.

കൊറോണകാലം മനുഷ്യചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതിചേര്‍ത്തിരിക്കുകയാണല്ലോ. രൂക്ഷമായ പകര്‍ച്ചവ്യാധികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പ്ലേഗും കോളറയും ഫ്‌ളൂവുമൊക്കെ ഉദാഹരണങ്ങള്‍. ദശലക്ഷകണക്കിനുപേരെ ഈ മഹാമാരികള്‍ കൊന്നൊടുക്കിയിട്ടുണ്ട്. എന്നാല്‍ ലോകമാകെ അതിവേഗതയിലുണ്ടായ വ്യാപനമാണ് കൊവിഡിനെ വ്യത്യസ്ഥമാക്കുന്നത്. അതിനുകാരണം വൈറസിന്റെ ശക്തി ശക്തി മാത്രമല്ല, ഇപ്പോഴത്തെ ലോകക്രമം കൂടിയാണ്. ലോകത്തിന്റെ ഏതുമൂലയിലും ഇന്നു മനുഷ്യരെത്തുന്നു. ഗ്ലോബേൈലസേഷന്‍ എന്ന പ്രക്രിയ ലോകത്തെ ചെറുതാക്കിയതാണ് രോഗവ്യാപനത്തെ ഏറ്റവും രൂക്ഷമാക്കിയത്.

സ്വാഭാവികമായും എല്ലാ ലോകരാഷ്ട്രങ്ങളും ഭീതിയിലാണ്. കൊവിഡിനെ നേരിടാന്‍ രാഷ്ട്രങ്ങളെല്ലാം പ്രയോഗിക്കുന്നത് ലോക് ഡൗണ്‍ അഥവാ രാജ്യമടക്കലാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ന് ലോകം അനുഭവിക്കുകയാണ്. സഹസ്രാബ്ദങ്ങളിലൂടെ വളര്‍ന്നുവന്ന മനുഷ്യന്റെ സാമൂഹികതയെ അത് ഇല്ലാതാക്കുന്നു എന്നതുതന്നെയാണ് ഏറ്റവും പ്രധാനം. നമ്മുടെയെല്ലാം പൗരജീവിതം അഥവാ പൗരത്വം റദ്ദുചെയ്യപ്പെടുന്നു. നാമെല്ലാം പൗരന്മാരോ പൗരാവകാശമുള്ള വ്യക്തികളോ അല്ലാതാകുന്നു. പകരം രോഗികളോ രോഗവാഹകരോ രോഗം വരാനിടയുള്ളവരോ ആയിമാറുന്നു. അഥവാ ഭരണകൂടം നമ്മെ അങ്ങനെയാണ് വീക്ഷിക്കുന്നത്. സ്വന്തം അവകാശങ്ങളെ കുറിച്ച് സംസാരിക്കാനുള്ള ഇടമാണ് നഷ്ടമാകുന്നത്. അങ്ങനെ സംസാരിക്കുന്നത് അപകടകരവും അനാവശ്യവുമാകുന്നു മഹാമാരി വന്നാല്‍ ജനാധിപത്യസംവിധാനത്തിലെ എല്ലാ അവകാശങ്ങളും റദ്ദുചെയ്യപ്പെടുമെന്ന ധാരണ വിമര്‍ശനവിധേയമാക്കേണ്ടതാണ്. ഇതെല്ലാം നമ്മുടെ ജീവന്‍ രക്ഷിക്കാനാണെന്ന പ്രചാരണമാണ് പകരം ശക്തമാകുന്നത്. രണ്ടാമത്തെ പ്രശ്‌നം നമ്മുടെ സാമ്പത്തിക ക്രമത്തെ നിശ്ചലമാക്കിയാണ് ലോക് ഔട്ട് കാലം കടന്നുപോകുന്നത് എന്നതാണ്. അതെകുറിച്ച് ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കുന്നു.

ഒരു വശത്ത് നമ്മുടെ പൗരജീവിതവും സാമ്പത്തിക ജീവിതവും നിശ്ചലമാകുമ്പോള്‍ മറുവശത്ത് സംഭവിക്കുന്നത് എന്താണ്? അധികാരകേന്ദ്രീകരണം. തങ്ങള്‍ പറയുന്നതല്ലാതെ മറ്റൊന്നും സംഭവിക്കില്ല എന്ന് ഭരണാധികാരികള്‍ ഉറപ്പു വരുത്തുന്ന സംവിധാനം രൂപപ്പെട്ടിരിക്കുന്നു. ഭരണാധികാരികളല്ലാതെ മറ്റാരും ദൃശ്യരല്ല. പ്രതിപക്ഷം വെറും കേട്ടുകേള്‍വി മാത്രമായി മാറുന്നു. പ്രതിപക്ഷം എന്തെങ്കിലും സംസാരിച്ചാല്‍ തന്നെ അത് അനാവശ്യവും ഭരണകൂടത്തെ തടസ്സപ്പെടുത്താനുമാണെന്ന ബോധം ശക്തമായിരിക്കുന്നു. പ്രതിപക്ഷം പറയുന്നത് ശരിയാകാം, തെറ്റാകാം. എന്നാല്‍ ആരോഗ്യകരമായ ജനാധിപത്യസംവിധാനത്തിന് പ്രതിപക്ഷവും വിമതസ്വരവും അനിവാര്യമാണ്. എന്നാല്‍ കൊറോണകാലം അതിനേയും റദ്ദാക്കിയിരിക്കുന്നു. ലോകമെങ്ങും അധികാരികള്‍ രക്ഷകവേഷമിട്ട അവതാരങ്ങളായി മാറിയിരിക്കുന്നു. അമേരിക്കയിലായാലും ഇന്ത്യയിലായാലും കേരളത്തിലായാലും ഇക്കാര്യത്തില്‍ അന്തരമില്ല.

ഭരണാധികാരികള്‍ പറയുന്നതനുസരിച്ചും എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചും നമ്മള്‍ നമ്മുടെ ജീവിതം മാറ്റിയെടുത്തു. എന്നാല്‍ ഭരണാധികാരികള്‍ മാറുന്നുണ്ടോ? ലോകത്തെവിടെയെങ്കിലും മാറിയിട്ടുണ്ടോ എന്നറിയില്ല. എന്നാല്‍ ഇന്ത്യയില്‍ നടക്കുന്നത് എന്താണ്? കൊറോണയെ അതിജീവിക്കുക എന്ന ലക്ഷ്യത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ എന്തെങ്കിലും ഒരു നയമാറ്റം കാണാനുണ്ടോ? സാധാരണക്കാര്‍ക്ക് നക്കാപ്പിച്ച മാത്രം നല്‍കുകയും 1980ല്‍ ആരംഭിച്ച് 90കളില്‍ ശക്തമായ സ്വകാര്യവല്‍ക്കരണത്തെ കൊവിഡിന്റെ പേരില്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. പ്രതിരോധ, വ്യോമയാന, ഖനന മേഖലകള്‍ പോലും സ്വകാര്യവല്‍ക്കരിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ് ഭരണകൂടം ചെയ്തത് എന്നത് ചെറിയ കാര്യമല്ല.

കേരളത്തിലേക്കു വന്നാലും സ്ഥിതി വ്യത്യസ്ഥമല്ല. രോഗവ്യാപനത്തെ നേരിടുന്നതില്‍ കേരളം മാതൃകാപരമായി പ്രവര്‍ത്തിച്ചു എന്നതില്‍ സംശയമില്ല. അതിനു കേരളീയ സമൂഹത്തെ പ്രാപ്തമാക്കിയ വലിയൊരു ചരിത്രം നമുക്കുണ്ട്. നവോത്ഥാനകാലത്തിനുമുന്നെ തിരുവിതാംകൂര്‍ രാജ്യഭരണകാലത്തുതന്നെ അതാരംഭിച്ചിട്ടുണ്ട് എന്നത് ശരിതന്നെയാണ്. പിന്നീട് നവോത്ഥാനനായകരെല്ലാം വൃത്തിയുടേയും ശുചിത്വത്തിന്റേയും മാന്യമായ വസ്ത്രധാരണത്തിന്റേയും ആരോഗ്യപരിപാലനത്തിന്റേയും പ്രാധാന്യം ഊന്നിപറഞ്ഞിരുന്നു. പിന്നീട് മിഷണറിമാരും ഇക്കാര്യങ്ങളില്‍ വലിയ പങ്കുവഹിച്ചു. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും. അതിന് സര്‍ക്കാര്‍ മാതൃകാപരമായി തന്നെ നേതൃത്വം നല്‍കുകയും ചെയ്തു.

അതേസമയം കൊറോണാനന്തരകാലത്തെ അതിജീവിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ ചില പ്രഖ്യാപനങ്ങളോട് വിയോജിക്കാതെ വയ്യ. ഇനിയുള്ള കാലവും വിദേശത്തുനിന്നുള്ള മൂലധനത്തില്‍ തന്നെയാണ് അദ്ദേഹം പ്രതീക്ഷയര്‍പ്പിക്കുന്നത്. മുമ്പേ പരാജയമായിരുന്ന ആ നയം ഭാവിയിലും വിജയിക്കില്ലെന്നുറപ്പ്. മറ്റൊരു പ്രഖ്യാപനം കൃഷി തിരിച്ചുപിടിക്കുന്നതിനെ കുറിച്ചാണ്. കേരളം എല്ലാറ്റിനും മറ്റു പ്രദേശങ്ങളെ ആശ്രയിക്കുന്ന ഉപഭോഗസംസ്ഥാനമാണെന്നും ആ അവസ്ഥ മാറണമെന്നും പറയുന്നത് ശരിതന്നെ. അതിനായി കൃഷി തിരിച്ചുപിടിക്കുക തന്നെവേണം. എന്നാലതിനായി അദ്ദേഹം പറയുന്നത് എല്ലാവരും സ്വന്തം സ്ഥലത്ത് കൃഷി ചെയ്യണമെന്നും തരിശായി കിടക്കുന്ന ഭൂമി ഉടമകളുടെ സമ്മതത്തോടെ കൃഷി ചെയ്യണമെന്നുമാണ്. കൃഷിയോഗ്യമായ ലക്ഷകണക്കിനു ഏക്കര്‍ ഭൂമിയാണ് വന്‍കിടകുത്തകകള്‍ അനധികൃതമായി കൈവസം വെച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ തന്നെ നിയമിച്ച പല കമ്മീഷനുകളും റിപ്പോര്‍ട്ട് നല്‍കിയ കാര്യം അദ്ദേഹം പരാമര്‍ശിക്കുന്നതേയില്ല. ഈ ഭൂമി കാര്‍ഷികവൃത്തിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വിതരണം ചെയ്യുകയോ ചുരുങ്ങിയ പക്ഷം പാട്ടത്തിനു കൊടുക്കുകയോ ചെയ്യാം. അതിനായി ഒരു വിപ്ലവവും ആവശ്യമില്ല, നിയമപരമായി തന്നെയത് സാധ്യമാണ്. കൃഷിയെ തിരിച്ചുപിടിക്കണമെന്നു പറയുന്ന മുഖ്യമന്ത്രി, പക്ഷെ ഇത്തരമൊരു നയപരമായ തീരുമാനം എടുക്കുന്നില്ല. കൊവിഡ് കാലത്ത് ജനങ്ങളോട് മാറാന്‍ പറയുന്ന കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും സ്വയമൊരു മാറ്റത്തിനു തയ്യാറാകുന്നില്ല. നമ്മുടെ പൗരാവകാശങ്ങള്‍ അടിയറ വെക്കാനാവശ്യപ്പെടുന്ന ഭരണകൂടങ്ങള്‍, തങ്ങള്‍ പിന്തുടരുന്ന, സമൂഹത്തിന് ഏറ്റവും വിനാശകരമായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍ തിരുത്തുന്നതേയില്ല എന്നര്‍ത്ഥം. ഇതാണ് കൊവിഡ് കാലം മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ ഭീഷണി എന്നു പറയേണ്ടിവരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply