ഏറ്റെടുക്കണം 60000 ഏക്കര്‍ തോട്ടംഭൂമി

തോട്ടംകുത്തകകള്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഭൂമി ഏറ്റെടുക്കാന്‍ 2019 ല്‍ റവന്യൂ വകുപ്പ് ഉത്തരവിറക്കുകയും സര്‍ക്കാരിന്റെ ഉടമസ്ഥത ഉറപ്പിച്ച് ഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കേസ് നല്‍കുന്നതിന് ജില്ലാ കളക്ടറെ 2021 ല്‍ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജില്ലാ ഭരണകൂടവും സര്‍ക്കാരും നടത്തിയില്ല. കേസ് നല്‍കുന്നത് ഇപ്പോഴും അനന്തമായി നീളുകയാണ്.

കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമാണ് വയനാട് മുണ്ടക്കൈ, ചൂരല്‍ മല, പുഞ്ചിരിമട്ടം മേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍. ദുരന്തത്തിന്റെ സാമൂഹ്യ-സാമ്പത്തിക- പാരിസ്ഥിതിക ആഘാതം അതിഭീകരമാണ്.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിര്‍മ്മിച്ചു നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ആഗസ്റ്റ് 3 ന് പ്രഖ്യാപിക്കുകയുണ്ടായി. 352 വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായി 122 വീടുകള്‍ തകര്‍ന്നെന്നുമാണ് സര്‍ക്കാര്‍ കണക്ക്. 668 വീടുകള്‍ പൂണ്ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ടെന്ന് ജനപ്രതിനിധികള്‍ പറയുന്നു. ഉരുള്‍പൊട്ടല്‍ ബാധിച്ച മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ 1721 വീടുകളിലായി 4833 പേരാണ് താമസിച്ചിരുന്നത്.

ദുരന്തം നേരിട്ട് ബാധിച്ച കുടുംബങ്ങളെ ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് അടിയന്തിരമായി പുനരധിവസിപ്പിക്കുന്നതിനൊപ്പം പ്രകൃതി ദുരന്തം വളരെപ്പെട്ടെന്ന് ബാധിക്കാന്‍ സാധ്യതയുള്ള കുടുംബങ്ങളെയും സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. ഇതിനായി നൂറുകണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരും. സാമ്പത്തിക ഞെരുക്കവും കടബാധ്യതയും കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിന് പ്രളയവും പ്രകൃതി ദുരന്തങ്ങളും ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക ആഘാതം വളരെ വലുതാണ്. ദുരന്തബാധിതരുടെ പുനരധിവാസത്തിനും അതിജീവനത്തിനായും ക്രിയാത്മകമായി വിനിയോഗിക്കേണ്ടുന്ന പണം ഒരു കാരണവശാലും ഭൂമി ഏറ്റെടുക്കലിന് സര്‍ക്കാര്‍ ഉപയോഗിക്കരുത്. കാരണം, സ്വാതന്ത്യത്തിന് മുന്‍പ് വിദേശ തോട്ടംകുത്തകകളും സ്വകാര്യവ്യക്തികളും കൈവശപ്പെടുത്തിയതും ഇപ്പോള്‍ നിയമവിരുദ്ധമായും വ്യാജ ആധാരത്തിലൂടെയും വെച്ചിരിക്കുന്നതുമായ 60000 ത്തോളം ഏക്കര്‍ ഭൂമിയാണ് വയനാട്ടില്‍ ഏറ്റെടുക്കാനുള്ളത് എന്നാണ് സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മേപ്പാടി, പുത്തുമല, ചൂരല്‍മല ഡിവിഷനില്‍ മാത്രം ഹാരിസണ്‍ മലയാളം കൈയടക്കി വെച്ചിരിക്കുന്നത് 10000 ല്‍ അധികം ഏക്കര്‍ ഭൂമിയാണ്. വയനാട്ടില്‍ ഹാരിസണ്‍സിന് മാത്രം 30000 ത്തോളം ഏക്കര്‍ ഭൂമിയുണ്ട്. ഹാരിസണ്‍സ് മലയാളം തോട്ടംഭൂമി കൈയടക്കി വെച്ചിരിക്കുന്നത് വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധവുമായാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കാന്‍ 2015 ല്‍ സ്പെഷ്യല്‍ ഓഫീസര്‍ ആയിരുന്ന ഡോ. രാജമാണിക്യം ഐ.എ.എസ്. ഉത്തരവ് ഇറക്കി നടപടി തുടങ്ങിയെങ്കിലും 2016 ല്‍ അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ മുഴുവന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളും അട്ടിമറിക്കുകയായിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന് ഹാരിസണ്‍സ് കൈവശംവെക്കുന്ന തോട്ടംഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് 2017 മാര്‍ച്ച് 2 ന് നിയമസഭയില്‍ പറയേണ്ടി വന്നു. വയനാട് ഉള്‍പ്പെടെയുള്ള ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇ. ചന്ദ്രശേഖരന്‍ 2019 ല്‍ പ്രഖ്യാപിച്ചു. ഉടമസ്ഥാവകാശം ഉറപ്പാക്കാന്‍ സിവില്‍ കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അന്ന് റവന്യൂ മന്ത്രി വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതെല്ലം വെറും പ്രഖ്യാപനങ്ങളായി മാറി. എന്നുമാത്രമല്ല, ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സര്‍ക്കാര്‍ തോട്ടംകുത്തകള്‍ക്ക് വേണ്ടി ദുര്‍ബലപ്പെടുത്തിയത് കൊണ്ടാണ് ഭൂമിയുടെ ഉടമസ്ഥത ഉറപ്പിക്കുന്നത് സംബന്ധിച്ചുള്ള കേസ് സിവില്‍ കോടതിയിലേക്ക് നീങ്ങിയത്.

തോട്ടംകുത്തകള്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഭൂമി ഏറ്റെടുക്കാന്‍ 2019 ല്‍ റവന്യൂ വകുപ്പ് ഉത്തരവിറക്കുകയും സര്‍ക്കാരിന്റെ ഉടമസ്ഥത ഉറപ്പിച്ച് ഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കേസ് നല്‍കുന്നതിന് ജില്ലാ കളക്ടറെ 2021 ല്‍ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജില്ലാ ഭരണകൂടവും സര്‍ക്കാരും നടത്തിയില്ല. കേസ് നല്‍കുന്നത് ഇപ്പോഴും അനന്തമായി നീളുകയാണ്.

‘സംസ്ഥാന സ്‌പെഷ്യല്‍ ഓഫീസ് (ഗവ ലാന്‍ഡ് റിസപ്ഷന്‍ ) തയ്യാറാക്കിയ കണക്കു പ്രകാരം 48 സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൈവശമാണ് വിദേശ തോട്ടം ഭൂമി. കണക്ക് പ്രകാരം ഏറ്റവുമധികം ഭൂമി കൈവശം വെച്ചിരിക്കുന്നത് ഹാരിസണ്‍സ് കമ്പനിയാണ്. അച്ചൂരാനം വിലേജില്‍ അച്ചൂര്‍ എസ്റ്റേറ്റ് 30, 658 ഏക്കറുണ്ടെന്നാണ് കണക്ക്. വെള്ളരിമല വില്ലേജിലെ പാരിസ് ആന്‍ഡ് കോ ഹോപ് വില്ല ആന്‍ഡ് എല്‍ഫിസ്റ്റന്‍ എസ്റ്റേറ്റ് – 9363 ഏക്കര്‍, മേമുട്ടില്‍ എസ്റ്റേറ്റ് ഇംഗ്ലീഷ് ആന്‍ഡ് സ്‌കോട്ടിഷ് ഓപ്പറേറ്റീവ് ഹോള്‍സെയില്‍ സൊസൈറ്റി – 195 ഏക്കര്‍, മേപ്പാടി വയനാട് ഓപ്പറേറ്റിവ് – 948 ഏക്കര്‍, ചോയിമല എസ്റ്റേറ്റ് (ഈസ്റ്റ് ഇന്ത്യ ടി ആന്‍ഡ് പ്രൊഡ്യൂസ് കോപ്പറേറ്റീവ്) – 268 ഏക്കര്‍, ഈസ്റ്റ് ഇന്ത്യ ആന്‍ഡ് പ്രൊഡ്യൂസിംഗ് കോപ്പറേറ്റീവ് എസ്റ്റേറ്റ്- 332 ഏക്കര്‍, സെമാക്‌സ് പ്ലാന്റേഷന്‍ – 118 ഏക്കര്‍, വനറാണി പ്ലാന്റേഷന്‍-115 ഏക്കര്‍, സെമാക്‌സ് പ്ലാന്റേഷന്‍ (അബ്ദുല്‍ നിസാര്‍) -120 ഏക്കര്‍, വെള്ളരിമല ഡോ. ചുമ്മാ ചാണ്ടിയും രണ്ട് പേരും-99 ഏക്കര്‍ വിദേശ തോട്ടം ഭൂമിയുണ്ടെന്നാണ് കണക്ക്.

കല്‍പ്പറ്റ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 534 ഏക്കര്‍, പൊഴുതന വില്ലേജിലെ കുറിച്ച്യമല പ്ലാന്റേഷന്‍ – 266 ഏക്കര്‍, അമ്പലവയല്‍ കുപ്പമുടി എസ്റ്റേറ്റ് – 395 ഏക്കര്‍, ഇരുളം പാമ്പ്രാ കോഫി പ്ലാന്റേഷന്‍ – 826 ഏക്കര്‍, കോട്ടത്തറ മുട്ടില്‍ സൗത്ത് മാധവ വര്‍മ്മ ജെയിന്‍ -184 ഏക്കര്‍, മുട്ടില്‍ സൗത്ത് എം.പി ശാന്തി വര്‍മ്മ ജെയിന്‍ – 62 ഏക്കര്‍, കല്‍പ്പറ്റ എല്‍സ്റ്റോണ്‍ ടി എസ്റ്റേറ് – 631 ഏക്കര്‍, കോട്ടപ്പടി കാദൂര്‍ എസ്റ്റേറ്റ്- 411 ഏക്കര്‍, ചൂണ്ടില്‍ വെങ്കക്കോട്ട എസ്റ്റേറ്റ് – 329 ഏക്കര്‍, ജി റോമാലി കമ്പനി – 810 ഏക്കര്‍, കോട്ടപ്പടി ചുണ്ടേല്‍ പോദര്‍ പാന്റേഷന്‍ – 123 ഏക്കര്‍, ചുണ്ടേല്‍ ചേലോട്ട് എസ്റ്റേറ്റ് – 799 ഏക്കര്‍, എന്‍.എസ്.എസ് എസ്റ്റേറ്റ് – 1250 ഏക്കര്‍, തവിഞ്ഞാല്‍ ചിറക്കര എസ്റ്റേറ്റ് (പാരിസണ്‍) -1223 ഏക്കര്‍, തലപ്പുഴ ടി എസ്റ്റേറ്റ് (പാരിസണ്‍)- 1082 ഏക്കര്‍, എടവക തേറ്റമല എസ്റ്റേറ്റ് (പാരിസണ്‍)- 671 ഏക്കര്‍, മാനന്തവാടി ജെസി എസ്റ്റേറ്റ് (പാരിസണ്‍)-1049 ഏക്കര്‍, കോട്ടപ്പടി ചെമ്പ്ര എസ്റ്റേറ്റ്-1929 ഏക്കര്‍, ചുലീക്ക എസ്റ്റേറ്റ് -883 ഏക്കര്‍ എന്നിങ്ങനെയാണ് സ്‌പെഷ്യല്‍ ഓഫീസ് തയാറാക്കിയ കണക്ക്'[1]

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018 ലെയും 2019 ലെയും പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും അഭയാര്‍ത്ഥികള്‍ ആകേണ്ടി വന്നത് ആയിരക്കണക്കിന് മനുഷ്യര്‍ക്കാണ്. ലക്ഷക്കണക്കിന് മനുഷ്യരാണ് ഭൂരഹിതരും കാര്‍ഷിക ജീവിതത്തില്‍ നിന്ന് പുറംതള്ളപ്പെട്ടും അതിപിന്നോക്കമായ സാമൂഹിക സാമ്പത്തികാവസ്ഥയില്‍ കേരളത്തില്‍ ജീവിക്കുന്നത്. ആദിവാസി ദലിത് സമൂഹങ്ങളില്‍ 80 ശതമാനത്തോളം കോളനികളിലും പുറംമ്പോക്കിലും ലയങ്ങളിലും ചേരികളിലുമാണ് കഴിയുന്നത്. ഭൂരഹിതരില്‍ വലിയൊരു ശതമാനവും ഈ ജനസമൂഹങ്ങളാണ്. സാമൂഹിക യാഥാര്‍ഥ്യം ഇതായിരിക്കെയാണ് കേരളത്തിന്റെ അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും [2] തോട്ടംകുത്തകളും സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും കൈയടക്കി വെച്ചിരിക്കുന്നത്. ഈ ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കാന്‍ കഴിയുമെന്ന സമഗ്ര റിപ്പോര്‍ട്ട് ഡോ. രാജമാണിക്യം ഐ.എ.എസ്. സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ട, വീടും ഭൂമിയും കാര്‍ഷിക ഭൂമിയും ഉപജീവന മാര്‍ഗങ്ങളും കന്നുകാലികളും ഒരായുഷ്‌ക്കാലം കൊണ്ടുണ്ടാക്കിയ സമ്പത്തും സര്‍വ്വതും നഷ്ടപ്പെട്ട, മരണതുല്യമായി ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ പുനരധിവാസം ഏറ്റവും അടിയന്തിരമായി നടപ്പാക്കേണ്ടുന്ന കേരളത്തിന്റെ ആവശ്യമാണ്. അതിന് ആവശ്യമായ സുരക്ഷിതവും കാര്‍ഷിക യോഗ്യവും വാസയോഗ്യവുമായ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് മേപ്പാടിക്ക് സമീപങ്ങളില്‍ ഹാരിസണ്‍സ് മലയാളവും സ്ഥാപനങ്ങളും വ്യക്തികളും കൈയടക്കി വെച്ചിരിക്കുന്നത്. ഈ ഭൂമി ഏറ്റെടുത്ത് വയനാട് ദുരന്തബാധിതരുടെ അതിജീവനം സാധ്യമാകുന്ന പുനരധിവാസം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

1 . ഡോ. ആര്‍. സുനില്‍, മാധ്യമം റിപ്പോര്‍ട്ട്
2 . രാജമാണിക്യം റിപ്പോര്‍ട്ട്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply