എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നു – വാളയാര്‍ അമ്മ വിശദീകരിക്കുന്നു

ആഭ്യന്തരമന്ത്രി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ആണല്ലോ ഈ തെരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തിലെ സ്ഥാനാര്‍ഥി. അദ്ദേഹമോ പ്രതിനിധികളോ വോട്ടു ചോദിക്കാനായി വരുമ്പോള്‍ വാളയാറില്‍ തലമുണ്ഡനം ചെയ്ത ഈ അമ്മക്ക് നീതി നല്‍കാന്‍ കഴിയുമോ എന്ന ചോദ്യം കൂടി ഉയര്‍ത്തണം എന്നാണു എനിക്ക് ഈ മണ്ഡലത്തിലെ സഹോദരിമാരോടും അമ്മമാരോടും സഹോദരന്മാരോടും വിനയത്തോടെ അഭ്യര്‍ത്ഥിക്കാനുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് നമുക്ക് ഭരണം എന്ന ലളിതമായ ചോദ്യമാണ് ഞാന്‍ ഉയര്‍ത്തുന്നത്.

വാളയാറില്‍ അതിദാരുണമായി പീഡിപ്പിക്കപ്പെട്ടു കൊലചെയ്യപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് ഞാന്‍. 2017 ജനുവരി 13നും മാര്‍ച്ച് നാലിനുമാണ് പതിമൂന്നും ഒമ്പതും വയസ്സ് തികയാത്ത രണ്ട് കുഞ്ഞുങ്ങളെ എനിക്കു നഷ്ടമായത്. ഈ കേസില്‍ കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെടുമെന്നു നിയമസഭയില്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ ഞാന്‍ വിശ്വസിച്ചു. എന്നാല്‍ 2019 ഒക്ടോബറില്‍ കേസിന്റെ വിധിയില്‍ എല്ലാ പ്രതികളും രക്ഷപ്പെട്ടു എന്നറിഞ്ഞപ്പോള്‍ എനിക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഒരു സമുദായനേതാവിനൊപ്പം വീണ്ടും ബഹു.മുഖ്യമന്ത്രിയെ കണ്ട് കാലുപിടിച്ചു സങ്കടം പറഞ്ഞു . ഈ കേസിലെ എല്ലാ പ്രതികളെയും കണ്ടെത്തി ശിക്ഷിക്കും, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും എന്നീ ഉറപ്പുകള്‍ നല്‍കി അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. എന്നാല്‍ പിന്നീട് ഞാന്‍ കേള്‍ക്കുന്നത് ഈ കേസിന്റെ മുഴുവന്‍ ചുമതലക്കാരന്‍ ആയിരുന്ന സോജന്‍ എന്ന ഡി വൈ എസ് പിയെ എസ പി ആക്കി എന്നും അയാള്‍ക്ക് ഐ പി എസ് നല്‍കാന്‍ സര്‍ക്കാര്‍ ശുപാര്ശചെയ്തിരിക്കുന്നു എന്നുമാണ്. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ തെരുവില്‍ സമരത്തിലാണ്.

എന്റെ മക്കളുടെ മരണം കേവലം ആത്മഹത്യയാക്കിയത് ഈ പോലീസുകാരാണ്. മൂത്തകുട്ടിയുടെ കൊലപാതകത്തിന് സാക്ഷിയായിരുന്ന രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ് മാര്‍ട്ടം ചെയ്ത സര്‍ജന്‍ പറഞ്ഞത് പോലും ഇവര്‍ അവഗണിച്ചു. തന്നെയുമല്ല എന്റെ മക്കള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ പീഡനങ്ങള്‍ക്കു വഴിപ്പെട്ടതെന്നു പരസ്യമായി മാധ്യമങ്ങളില്‍ കൂടി പറഞ്ഞ സോജന്‍ ഇപ്പോഴും ഉന്നതസ്ഥാനത്തു തുടരുന്നു. കേസിന്റെ അപ്പീലില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് തന്നെ സമ്മതിച്ച, ഹനീഫ കമ്മീഷന്‍ കണ്ടെത്തിയ കാര്യമാണ് ചാക്കോ എന്ന ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിച്ചു എന്നത്. എന്നിട്ടും അയാള്‍ സ്ഥാനക്കയറ്റത്തോടെ ഇന്നും സര്‍വീസില്‍ തുടരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേസിന്റെ അന്വേഷണവും നടത്തിപ്പുമെല്ലാം അങ്ങേയറ്റം മോശമായിരുന്നു എന്നുള്ള ഹൈക്കോടതിയുടെ നിരീക്ഷണവും തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കാനുള്ള വിധിയും ഉണ്ടായി. കേസ് സിബിഐ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം എന്ന ആവശ്യവുമായി ഞാന്‍ കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ കേസ് സിബിഐക്കു വിട്ടതായി ഇറക്കിയ വിജ്ഞാപനത്തില്‍ പോലും അട്ടിമറി നടന്നു. മൂത്ത കുട്ടിയുടെ മരണം മാത്രം അവര്‍ക്കു കൈമാറി. അത് വഴി യഥാര്‍ത്ഥ അട്ടിമറി നടന്ന രണ്ടാമത്തെ കേസിലെ കുറ്റവാളികളെയും ഉദ്യോഗസ്ഥരെയും രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്. എന്റെ ഹര്‍ജി അത് തടഞ്ഞു. സര്‍ക്കാരിന് വിജ്ഞാപനം തിരുത്തേണ്ടി വന്നു. ഇപ്പോഴും കേസ് പൂര്‍ണ്ണമായി സിബിഐക്കു കൈമാറാന്‍ സര്‍ക്കാരിന് സമ്മതമല്ല എന്നാണ് കോടതിയിലെ സമീപനത്തില്‍ നിന്നും ബോധ്യപ്പെടുന്നത്.

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഇപ്പോഴും സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന്റെ പിറ്റേന്ന് ഞാന്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ ശിരസ്സ് മുണ്ഡനം ചെയ്തത്. ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാരിനോട് സമരം ചെയ്തിരുന്ന എനിക്ക് ഇനി സംസാരിക്കാനുള്ളത് ജനങ്ങളോടാണ്. എന്റെ നാടായ വാളയാര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയില്‍ 41 പോക്‌സോ കേസുകള്‍ (കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍) രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ പന്ത്രണ്ടെണ്ണം വിചാരണ കഴിഞ്ഞു വിധി പറഞ്ഞു . എല്ലാ കേസുകളിലെയും പ്രതികളെ വെറുതെവിട്ടു. കേരളത്തില്‍ എവിടെയും ഇതാകും സ്ഥിതി. ഇത്തരം കേസുകളില്‍ പ്രതികളെ രക്ഷപ്പെടുത്തുന്നത് ഉദ്യോഗസ്ഥര്‍ നടത്തുന്ന അട്ടിമറികള്‍ വഴിയാണ്. ഇങ്ങനെ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥര്‍ നിയമപരമായി ശിക്ഷിക്കപ്പെടും എന്ന് ഉറപ്പായാല്‍ മാത്രമേ ഇനി ഇത് ആവര്‍ത്തിക്കാതിരിക്കൂ. അതുകൊണ്ടാണ് സോജനും ചാക്കോയുമടക്കമുള്ള ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണം ഞാന്‍ ആവശ്യപ്പെടുന്നത്. ഇനി മറ്റൊരമ്മക്കും എന്റെ ഗതി ഉണ്ടാകരുത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആഭ്യന്തരമന്ത്രി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ആണല്ലോ ഈ തെരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തിലെ സ്ഥാനാര്‍ഥി. അദ്ദേഹമോ പ്രതിനിധികളോ വോട്ടു ചോദിക്കാനായി വരുമ്പോള്‍ വാളയാറില്‍ തലമുണ്ഡനം ചെയ്ത ഈ അമ്മക്ക് നീതി നല്‍കാന്‍ കഴിയുമോ എന്ന ചോദ്യം കൂടി ഉയര്‍ത്തണം എന്നാണു എനിക്ക് ഈ മണ്ഡലത്തിലെ സഹോദരിമാരോടും അമ്മമാരോടും സഹോദരന്മാരോടും വിനയത്തോടെ അഭ്യര്‍ത്ഥിക്കാനുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് നമുക്ക് ഭരണം എന്ന ലളിതമായ ചോദ്യമാണ് ഞാന്‍ ഉയര്‍ത്തുന്നത്. നിങ്ങളെ ഓരോരുത്തരെയും നേരില്‍ വന്നു കണ്ട് ഇക്കാര്യങ്ങള്‍ പറയാന്‍ സമയപരിമിതി അനുവദിക്കാത്തതിനാല്‍ എന്റെ ഈ അഭ്യര്‍ത്ഥന കിട്ടുമ്പോള്‍ എന്നെ നേരില്‍ കണ്ടതായി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു. ഈ പോരാട്ടത്തില്‍ നിങ്ങളുടെ പിന്തുണ ഉണ്ടാകണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹത്തോടെ
നിങ്ങളുടെ സഹോദരി
വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ അമ്മ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നു – വാളയാര്‍ അമ്മ വിശദീകരിക്കുന്നു

  1. Anti-tribal-dalit stance of savarna and the left.

Leave a Reply