
വാളയാറില്‍ നടന്നതുതന്നെയാണ് ഹത്രാസിലും നടക്കുന്നത്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
വാളയാറില്‍ പിച്ചിചീന്തപ്പെട്ട് കൊല ചെയ്യപ്പെട്ട രണ്ടു ദളിത് കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ നീതിക്കായുള്ള പോരാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം അവര്‍ സെക്രട്ടറിയേറ്റിനു പടിക്കല്‍ സത്യാഗ്രഹം നടത്തി. ഏതാനും ദിവസം മുമ്പ് എറണാകുളത്ത് ഗാന്ധിപ്രതിമക്കുമുന്നിലായിരുന്നു അവര്‍ ഇരുന്നതെങ്കില്‍ കഴിഞ്ഞ ദിവസം അയ്യങ്കാളി പ്രതിമക്കുമുന്നില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചാണ് അവര്‍ സമരത്തിനെത്തിയത്. യുപിയില്‍ നടന്ന ഹീനമായ ബലാല്‍സംഗത്തിലും കൊലപാതകത്തിലും വീട്ടുകാരുടെ സമ്മതമില്ലാതെ അര്‍ദ്ധരാത്രി മൃതദേഹം കത്തിച്ചുകളഞ്ഞതിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളോടൊപ്പം കേരളത്തിലും പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് വാളയാര്‍ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ പോരാട്ടം തുടരുന്നത്. യുപിയിലെ കിരാത സംഭവങ്ങളോടും അതിനോടുള്ള സര്‍ക്കാരിന്റെ നിലപാടിനോടും പ്രതിഷേധമുവള്ളവര്‍ അതു പ്രകടിപ്പിക്കേണ്ടത് സമാനമായ ഈ സംഭവത്തോടും നീതിക്കായുള്ള പോരാട്ടത്തോടും ഐക്യപ്പെട്ടാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ സ്വന്തം മുറ്റത്തു നടന്ന സംഭവത്തില്‍ അത്തരമൊരു പ്രതിഷേധം കേരളത്തില്‍ നടക്കുന്നില്ല.
ജിഷ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം പൂര്‍ണ്ണമായും മുക്തമാകുന്നതിനു മുമ്പായിരുന്നു പാലക്കാട് ജില്ലയില്‍ സഹോദരിമാരായ 2 ദളിത് പെണ്‍കുട്ടികളെ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 2018 ജനുവരി 13നായിരുന്നു മൂത്ത കുട്ടി മരിച്ചത്. രണ്ടാമത്തെ കുട്ടി മാര്‍ച്ച് 4നും. 11, 9 വയസ്സുള്ള കുട്ടികളാണ് മരിച്ചത്. പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ പോസക്‌സോ ചുമത്തിയില്ല. സംഭവത്തില്‍ പ്രതികളായ ബന്ധു ഉള്‍പ്പടെയുളള 4 പേര്‍ പോലീസ് പിടിയിലായിരുന്നു. എന്നാല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തതല്ലെന്നും കൊന്നു കെട്ടിതൂക്കിയതാണെന്നുമാരോപിച്ച് വിവിധ ദളിത് സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങി. എട്ടടി ഉയരത്തിലാണ് വീടിന്റെ ഉത്തരം സ്ഥിതി ചെയ്യുന്നത്. കട്ടിലില്‍ കയറി നിന്നാല്‍ പോലും കയ്യെത്താത്ത ഉയരത്തിലാണ് ഇത്. ആദ്യപെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്നും രണ്ടാമത്തേതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു പോലീസ് നിലപാട്. എന്നാല്‍ കൊലപാതകം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.
എന്തായാലും ഈ സംഭവത്തിനുശേഷം നിരവധി ദളിത് സംഘടനകളുടെ പ്രവര്‍ത്തകര്‍ വാളയാറിലെത്തി പല രീതിയിലുള്ള പ്രക്ഷോഭങ്ങളും നടത്തി. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച സംഭവങ്ങളാണ് പിന്നീടുണ്ടായത്. കേസ് തെളിയിക്കാനായില്ലെന്നു ചൂണ്ടികാട്ടി പ്രതികളെ വെറുതെ വിടുകയാണ് കോടതി ചെയ്തത്. സത്യത്തില്‍ പ്രതികള്‍ക്ക് വേണ്ടി കേസ് അട്ടിമറിക്കുന്നതില്‍ പോലീസും, പ്രോസിക്യൂഷനും, ഒരുപരിധി വരെ കോടതിയും പങ്കുവഹിക്കുകയായിരുന്നു. കുറ്റവാളികള്‍ കണ്‍മുന്നില്‍ തന്നെയുണ്ടായിട്ടും കൊലക്കുറ്റം ചുമത്തിയില്ല. കേവലം ഒരു മീറ്ററിലധികം മാത്രം പൊക്കമുള്ള 9 വയസ്സുകാരി ബാലിക അതിന്റെ എത്രയോ കൂടുതല്‍ ഉയരത്തിലുള്ള ഉത്തരത്തില്‍ തൂങ്ങി മരിക്കാന്‍ പ്രേരിപ്പിച്ചു എന്നതാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം. കൊലക്കുറ്റത്തിന് പകരം (302ാം വകുപ്പ്) ആത്മഹത്യപ്രേരണ (305) ചുമത്തി അന്വേഷണം വഴിതിരിച്ചുവിട്ടാണ് കുറ്റ പത്രമുണ്ടാക്കിയത്. മതിയായ തെളിവുകള്‍ ഹാജരാക്കാതെ ബലാല്‍സംഗവും (376ാം വകുപ്പ്) കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമവുമായി ബന്ധപ്പെട്ട ചില വകുപ്പുകളും ഉള്‍പ്പെടുത്തി. കൊലപാതകത്തിനുള്ള വകുപ്പ് ഒഴിവാക്കിയതുപോലെ, മറ്റ് വകുപ്പുകളിലൊന്നും മതിയായ തെളിവുകള്‍ ഹാജരാക്കിയില്ല. കുട്ടികളുടെ സമ്മതത്തോടെയാവും ബലാല്‍ക്കാരം എന്നു പോലും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. CWC ചെയര്‍മാന്‍ തന്നെ പ്രതിക്കായി ഹാജരായി. തികച്ചും യുക്തിരഹിതമായി പ്രോസിക്യൂഷനും, പ്രതിഭാഗവും, കോടതിയും പരസ്പരം കണ്ണിറുക്കി മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ത്തു. അക്കാര്യം കോടതിക്കുപോലും മനസ്സിലായി. ഇതൊക്കെ തന്നെയാണല്ലോ ഇപ്പോള്‍ യുപിയിലും നടക്കുന്നത്. അവിടെ നടന്നപോലെ രണ്ടു കുട്ടികളുടെയും ശവശരീരങ്ങള്‍ പൊതുശ്മശാനത്തില്‍ കത്തിച്ചു കളയാന്‍ പോലീസ് അമിതാവേശം കാട്ടിയെന്നും് മാതാപിതാക്കള്‍ പറയുന്നു.
വാസ്തവത്തില്‍ വാളയാറിലെ ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടപ്പോള്‍ ഉണരാതിരുന്ന കേരള മനസാക്ഷി അല്‍പ്പമെങ്കിലും പ്രതികരിക്കാന്‍ ശ്രമിച്ചത് കോടതിവിധി പുറത്തുവന്ന ശേഷമായിരുന്നു. തുടര്‍ന്ന് വാളയാറിലേക്ക് സമരപ്രവാഹങ്ങളായിരുന്നു. പാലക്കാട് എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടന്നു. യുഡിഎഫ് ജില്ലാ ഹര്‍ത്താലും നടത്തി. സംസ്ഥാനമുടനീളം പ്രകടനങ്ങള്‍ നടന്നു. എന്നാല്‍ കോടതിയുടെ വാദം ആവര്‍ത്തിക്കുകയായിരുന്നു ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആദ്യം ചെയ്തത്. സമരങ്ങളും സമ്മര്‍ദ്ദങ്ങളും ശക്തമായപ്പോള്‍ വ്യാജമായി കെട്ടിച്ചമച്ച കുറ്റപത്രം തള്ളി, കൊലക്കുറ്റം ചുമത്തുന്ന പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം തള്ളി, ജുഡീഷ്യല്‍ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന നിലപാടിലാണ് കുട്ടികളുടെ കുടുംബവും വിവിധ ദളിത് – സ്ത്രീസംഘടനകളും. അതിന്റെ ഭാഗമായി വിവിധ ദളിത് – സ്ത്രീ സംഘടനകളുനടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടര്‍ന്നു. കൊവിഡ് രൂക്ഷമായപ്പോഴാണ് സെക്ട്രറിയേറ്റിനു മുന്നിലെ സമരപന്തല്‍ പൊളിച്ചത്. കേസ് അട്ടിമറിച്ച ഡി.വൈ.എസ്.പി. സോജനെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യുക എന്ന ആവശ്യത്തിനു നേരെ മുഖം തിരിച്ച് അയാള്‍ക്ക് പ്രമോഷന്‍ നല്‍കുകയാണ് കൊവിഡ് കാലത്ത് സര്‍ക്കാര്‍ ചെയ്തത്. കൂടാതെ ഐഎഎസ് നല്‍കാനും ശുപാര്‍ശ നല്‍കി.
വാസ്തവത്തില്‍ ഇതൊക്കെ തന്നെയല്ലേ ഹത്രാസിലും നടന്നത്? താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് ആ പെണ്‍കുട്ടിയുടെ അന്ത്യമൊഴി പോലും പരിഗണിക്കാതെ പോലീസ് പ്രതികള്‍ക്കൊപ്പം നിന്ന് ആ കുടുംബത്തെ അധിക്ഷേപിക്കുകയാണ്. സ്ഥലത്താകെ ഭീകരാവസ്ഥയും സൃഷ്ടിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പോലും യുഎപിഎ പ്രയോഗിച്ചു. എന്തുവിലകൊടുക്കും ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്നുകളഞ്ഞവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് യുപി സര്‍ക്കാരും പോലീസും. അതില്‍ പ്രതിഷേധിക്കണം. അതേസമയം അതുതന്നെയാണ് മൂന്നുവര്‍ഷമായി കേരളത്തിലും നടക്കുന്നതെന്നും ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ നീതിക്കായി ഇപ്പോഴും പോരാടുകയാണെന്നും മറക്കരുത്. ആ പോരാട്ടത്തോട് ഐക്യപ്പെടാതെ ഹത്രാസിനെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല എന്നും തിരിച്ചറിയണം.
KM Venugopalan
October 11, 2020 at 4:05 am
വാളയാറും ഹാത് രസും തമ്മിൽ,അല്ലെങ്കിൽ നവോത്ഥാനകേരളവും സംഘ പരിവാറിന്റെ മനുവാദപുനരുജ്ജീവന പരീക്ഷണശാലകളിൽ ഒന്നായ ഉത്തർപ്രദേശും തമ്മിൽ ഇങ്ങനെ ഒരു താരതമ്യമോ..ഇടത് ഭരണവും രാഷ്ട്രീയവും ബാക്കി നിൽക്കുന്ന അവസാനത്തെ തുരുത്തിൽ സംഘിപൊതു ബോധം വളർത്തിയെടുത്ത് അതിനെയും കടലെടുത്തു പോകാൻ വിടുന്ന ധിക്കാരമല്ലേ ഇത് എന്ന് പെട്ടെന്ന് എടുത്തു ചാടുന്നവർ വസ്തുതകൾ മനസ്സിലാക്കാൻ തയ്യാറായാൽ നല്ലത്. പാലത്തായി ബാലപീഡന വുമായി ബന്ധപ്പെട്ട് എടുത്ത പോക്സോ കേസിലെ പ്രതിയും ആർ എസ്സ് എസ്സ് കാരനും ആയ മാഷെ രക്ഷിക്കാൻ വേണ്ടി 60 ദിവസം അന്വേഷണം നടത്തിയ ശേഷം പോക്സോ നിയമത്തിലെ വകുപ്പുകൾ ഒന്നുമില്ലാതെ ജൂവനൈൽ ജസ്റ്റീസ് ആക്ട് ലെ ഗൗരവം കുറഞ്ഞ കുറ്റങ്ങൾസംബന്ധിച്ച വകുപ്പുകൾ ചേർത്ത് “ഇടക്കാല കുറ്റപത്രം” കോടതിയിൽ സമർപ്പിച്ച് മാഷെ വെളിയിലിറങ്ങാൻ ഒത്താശ ചെയ്ത പോലീസ് നടപടിയെ ക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചതിന് “നാട്ടിൽ വ്യത്യസ്തമായ അഭിപ്രായം ഉണ്ട്, എല്ലാം പരിശോധിക്കും”എന്ന് പ്രതികരിച്ച മുഖ്യമന്ത്രി ഏത് കടം കഥയ്ക്കാണ് ഉത്തരം നൽകാൻ ശ്രമിച്ചത്?